രാജ്യത്തിനകത്തും പുറത്തും പരമ്പരാഗത കൈത്തറി കരകൗശല ഉത്പന്നങ്ങള്‍ക്ക് വലിയ സംരംഭക സാധ്യതകളുണ്ട്.
കൈത്തറി മേഖല
രാജ്യത്തിനകത്തും പുറത്തും പരമ്പരാഗത കൈത്തറി കരകൗശല ഉത്പന്നങ്ങള്‍ക്ക് വലിയ സംരംഭക സാധ്യതകളുണ്ട്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഗ്രാമീണ മേഖലയില്‍ ഇന്നും കൈത്തറിക്ക് തന്നെയാണ് പ്രാമുഖ്യം. കൈത്തറി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. നിര്‍മാണത്തിലും വിപണനത്തിലും നവീന ആശയങ്ങളും രീതികളും നടപ്പിലാക്കാത്തതുകൊണ്ട് തൊഴില്‍ സംരംഭകത്വ മേഖലകളില്‍ ഇപ്പോഴും കൈത്തറി മേഖല ആകര്‍ഷകമല്ല. നൂതന ആശയങ്ങളും ശാസ്ത്രീയ പരിശീലനങ്ങളും നല്‍കി കൈത്തറി മേഖലയില്‍ ജോലിക്കും സംരംഭകത്വത്തിനും വലിയ മുന്നേറ്റമുണ്ടാക്കാന്‍ വേണ്ടിയുള്ള പ്രമുഖ സ്ഥാപങ്ങളിലൊന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹന്‍ഡ്ലൂം ടെക്‌നോളജി (ഐ.ഐ.എച്.ടി). കണ്ണൂരിലാണിത്. കേരളത്തിനു പുറത്ത് ദേശീയ നിലവാരത്തിലുള്ള അഞ്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. കൈത്തറി വീവിങ്, ഡയിങ്, ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ വിവിധ രീതിയിലുള്ള ട്രെയിനിംഗ് കോഴ്‌സുകള്‍ നൂറു ശതമാനം ജോലി സാധ്യതയുള്ളതാണ്. ഫാബ്രിക് ഫോമിങ് ടെക്‌നോളജി, ക്ലോതിംഗ്് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്‌സുകളാണ് കേരളത്തിലുള്ളത്. എ.ഐ.സി.ടി.സിയുടെ അംഗീകാരം ലഭിച്ച കോഴ്‌സുകളാണ് ഇവയൊക്കെ. ഹൈ ടെക് ക്ലാസ്സുകള്‍, ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യം, കളിക്കളം എന്നിവയൊക്കെ ഇവിടെയുണ്ട്. ഇവരുടെ കീഴിലായി തിരുവനന്തപുരത്ത് ഒരു കൈത്തറി ബിസിനസ്സ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ കൂടി പ്രവര്‍ത്തിച്ചു വരുന്നു. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുകയാണ് പതിവ്.
പ്രധാന കോഴ്‌സുകള്‍
ഡിപ്ലോമ ഇന്‍ ഹന്‍ഡ്ലൂം ആന്‍ഡ് ടെകസ്റ്റയില്‍സ് ടെക്‌നോളജി
മൂന്നു വര്‍ഷ എ.ഐ.സി.ടി.ഇ അംഗീകൃത കോഴ്സാണിത്. നാല്‍പത് സീറ്റാണ് ആകെ. ഇതില്‍ മുപ്പത് സീറ്റ് കേരളത്തിലെ കുട്ടികള്‍ക്കും ബാക്കി തമിഴ്‌നാട് കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനത്തുള്ളവര്‍ക്കുമാണ്.
ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി
്‌സംരംഭകത്വത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായ ഏക വര്‍ഷ കോഴ്സാണിത്. സൂപ്പര്‍വൈസറി കാറ്റഗറിയിലുള്ള ജോലി സാധ്യതയാണ് പഠനത്തിലൂടെ സാധ്യമാകുന്നത്.
കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ടെക്‌നോളജി
മൂന്നു മാസം ദൈഘ്യമുള്ള കോഴ്സാണിത്. നൂതനവും അകര്‍ഷകവുമായ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്ന കോഴ്സാണ് കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ടെക്‌നോളജി. ഇതോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ധാരാളം ഗവേഷണ പരിശീലന പരിപാടികളും നടന്നുവരുന്നു.
ഫാഷന്‍ ടെക്‌നോളജി
ഓരോ കാലത്തിനും ഓരോ ഫാഷനുണ്ട്. ഇത്തരം ട്രെന്‍ഡുകള്‍ അറിയുകയും അതിനനുസൃതമായി വ്യത്യസ്ത മേഖലകളില്‍ ജോലിയോ സ്വയം സംരംഭങ്ങളോ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ അനന്തമായ സാധ്യതകളാണ് മുന്നിലുണ്ടാവുക. ലോകത്തെവിടെയും ഡിമാന്‍ഡുണ്ട് എന്നതാണ് ഫാഷന്‍ രംഗത്തെ തൊഴിലിന്റെ പ്രത്യേകത. ഇതില്‍ പ്രമുഖമായ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി.
നിഫ്റ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ ഒട്ടേറെ ആകര്‍ഷകമായ കോഴ്‌സുകള്‍ ഉണ്ട്. സ്വദേശത്തും വിദേശത്തും ഒട്ടേറെ ജോലിസാധ്യതകളും മികച്ച സംരംഭകത്വ സാധ്യതകളുമാണ് ഇവിടെയുള്ളത്. ദേശീയ തലത്തില്‍ നടക്കുന്ന രണ്ടു ഘട്ട പരീക്ഷ പാസ്സായാല്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. സാധാരണയായി ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് അപേക്ഷ സ്വീകരിക്കുന്നത്. മാര്‍ച്ച് മാസത്തിലായിരിക്കും പരീക്ഷകള്‍. ഒന്നാം ഘട്ടം തിയറി എഴുത്തു പരീക്ഷയും രണ്ടാം ഘട്ടം ക്രിയേറ്റിവ് പരീക്ഷയും. രണ്ടിന്റെയും മാര്‍ക്ക് നോക്കിയാണ് പ്രവേശനം. എന്‍ജിനീയറിഗ് തലത്തിലുള്ള ബി.എഫ്.ടെക്, ക്രീയേറ്റീവ് തലത്തില്‍ ബി ഡിസൈന്‍ എന്നിങ്ങനെയുള്ള കോഴ്‌സുകളാണുള്ളത്. ബി ഡിസൈന്‍ തലത്തില്‍ ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, ജുവല്ലറി ഡിസൈന്‍, കമ്പിളി ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ഓര്‍ണമെന്റല്‍ ഡിസൈന്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവും ആകര്‍ഷകവുമായ ഒട്ടേറെ കോഴ്‌സുകള്‍ ഉണ്ട്. സരര്‍ഗാത്മകതയുള്ള കുട്ടികള്‍ക്ക് ഒട്ടേറെ അവസരങ്ങളാണ് ഇവിടെയുള്ളത്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഈയിടെ ധാരാളം സംരംഭങ്ങള്‍ ഇത്തരത്തില്‍ പെണ്കുട്ടികള്‍ തുടങ്ങുന്നുണ്ട്. പുതിയ ഫാഷന്‍ അനുസ്യുതമായി തുടരുന്നതുകൊണ്ട് ലോകത്തിലെവിടെയും ഈ മേഖല അവസരങ്ങളുടെ വലിയ സാധ്യതകളാണ് ഉണ്ടാക്കുന്നത്.