ആ കുഞ്ഞ് നന്നായി ജീവിക്കട്ടെ
ഷറഫുദ്ദീന്‍ കടമ്പോട്ട്
March 2022
യഥാര്‍ഥത്തില്‍ ദീപുവിനെ പ്രശ്‌നം എന്തായിരുന്നു?
റിട്ടയേര്‍ഡ് പ്രധാന അധ്യാപിക ദേവിക ടീച്ചറും അനിയത്തി സുനിതയും ചേര്‍ന്നാണ് 26 വയസ്സായ ദീപുവുമായി വന്നത.് റവന്യൂ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. ദീപുവിന് ഏതാണ്ട് രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരണപ്പെട്ടു.
സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെട്ട ജീവിത ചുറ്റുപാടാണ് ദീപുവിന്റെത്. വളരെ സന്തോഷമുള്ള ബാല്യകാലമായിരുന്നു അവന്റെത്.
വെളുത്ത് മെലിഞ്ഞ് സുമുഖനായ ദീപു ഏതാണ്ട് രണ്ടു വര്‍ഷമായി ആരോടും സമ്പര്‍ക്കമൊന്നുമില്ലാതെ വീട്ടിനകത്ത് ഒറ്റപ്പെട്ട് കഴിഞ്ഞ് കൂടുകയാണ്. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം ഗ്രാഫിക് ഡിസൈനിംഗ്, മൂവി എഡിറ്റിംഗ് എന്നിവ പഠിച്ചതിനു ശേഷം ഏറെ നാളായി വീട്ടില്‍ തന്നെയാണ്. സൗഹൃദങ്ങളില്‍നിന്നും ബന്ധങ്ങളില്‍നിന്നും അകന്ന് വീടിന്റ മുകളിലത്തെ മുറിയില്‍ വാതിലടച്ച് ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും മാത്രം കളിച്ചാണ് സമയം ചിലവഴിക്കുന്നത്. താഴെയിറങ്ങുന്നത് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം. ഡൈനിങ് ഹാളില്‍ വന്ന് ടേബിളില്‍ മൂടി വെച്ചിരിക്കുന്നത് കഴിച്ച് തിരിച്ച് കയറും. കൂടുതല്‍ ആരോടും സമ്പര്‍ക്കമില്ലാതെ അവന്റെ മാത്രം ലോകത്ത് കഴിഞ്ഞുകൂടുന്നു. ഒരുപാട് വലിയ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും ചെയ്യാനാവുന്നില്ല.
സമയം തെറ്റിയുള്ള ഉറക്കവും രാത്രികാലങ്ങളില്‍ ദീര്‍ഘനേരം ഉറക്കമൊഴിച്ച് ചിന്തയില്‍ മുഴുകുന്നതും പതിവായി. അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍. ചിലപ്പോള്‍ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് ഒറ്റക്ക് മുറിയിലിരുന്നു സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും. അവനോട് ആരെന്തു ചോദിച്ചാലും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാറില്ല. ദുരൂഹവും നിഗൂഢവുമായ വഴിയിലൂടെയാണ് ദീപുവിന്റെ യാത്ര. അവന് പോലും അറിയുന്നില്ല അവന്റെ മനസിക വ്യാപാരങ്ങള്‍.
യഥാര്‍ഥത്തില്‍ ദീപുവിനെ പ്രശ്‌നം എന്തായിരുന്നു? ആര്‍ക്കും പിടി കൊടുക്കാതെ ദീപു എന്തുകൊണ്ടായിരുന്നു അവന്റെ മാത്രം ലോകത്തേക്ക് ഒതുങ്ങിയത്? ക്ലിനിക്കില്‍ കയറിയ ഉടനെ അമ്മയേയും കുഞ്ഞമ്മയേയും പുറത്തിരുത്തി ദീപുവിനോട് സംസാരിച്ചു. ദീപുവിന്റെ ദിനചര്യകളെ കുറിച്ചും അവന്റെ ചെറുപ്പകാലത്തെ കുറിച്ചും പതിയെ ചോദിച്ചുതുടങ്ങി.
അല്‍പം മടിയോടും ആശങ്കയോടും കൂടിയുമാണ് സംസാരം തുടങ്ങിയതെങ്കിലും അവന്റെ ചെറുപ്പകാലങ്ങളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. സംസാരത്തില്‍നിന്നും ഒരു കാര്യം മനസ്സിലാക്കാനായി, ചെറുപ്പകാലത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന അവന്‍ ഈയടുത്ത കാലത്തുണ്ടായ സംഭവികാസങ്ങളെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഏതാണ്ട് മൂന്ന് വയസ്സുമുതല്‍ ഓര്‍മയിലെ മധുരമുള്ള ഓരോ അനുഭവങ്ങളും പറഞ്ഞ് തുടങ്ങി. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലെയും വിസ്മയകരമായ അനുഭവങ്ങളെ ആവേശത്തോടെ പെറുക്കിയെടുത്തു. പക്ഷേ അവന്റെ കഴിഞ്ഞ നാലുവര്‍ഷം മുമ്പ് മുതലുള്ള കഥകളിലേക്ക് എത്തിയപ്പോഴേക്കും വേഗതയും ആവേശവും കുറഞ്ഞു കുറഞ്ഞു വന്നു. സന്തോഷത്തോടു കൂടി അമ്മയോടും കുടുംബത്തോടുമൊപ്പം ആനന്ദത്തോടെ ജീവിച്ച ദീപു എവിടെയോ വെച്ച് സ്തംഭിച്ചിരിക്കുന്നു.
26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണ്‍ മാസത്തിലെ കോരിച്ചൊരിയുന്ന മഴ പെയ്യുന്ന സന്ധ്യ. സ്ഥലം കോഴിക്കോട് മെഡിക്കല്‍ കോളേജ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ വരാന്തയില്‍ ഒരു പത്തൊമ്പത് വയസ്സുകാരി അവളുടെ അമ്മയോടൊപ്പം വെളുത്ത കോട്ടന്‍ തുണിയില്‍ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞുമായി നില്‍ക്കുന്നു. ആശുപത്രി ജീവനക്കാരന്‍ തന്റെ അയല്‍വാസിയും സുഹൃത്തുമായ റവന്യൂ ഓഫീസറെയും അദ്ദേഹത്തിന്റെ ഭാര്യയെയുമായി ആ വരാന്തയില്‍ എത്തി പരസ്പരം പരിചയപ്പെടുത്തി. ഒരുപാടൊന്നും സംസാരിക്കാനാവാതെ ഇരു കൂട്ടരും വികാര നിര്‍ഭരരായി കണ്ണുകളിലേക്ക് നോക്കി.
അവിടെ തളം കെട്ടിയ മൗനം വാചാലമായി. ആ പത്തൊമ്പതുകാരി കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച തുണിക്കെട്ട് ടീച്ചറുടെ കൈകളിലേക്ക് കൊടുത്ത് വാതിലിന്റെ മറവിലേക്ക് ഓടി, തേങ്ങി തേങ്ങി കരഞ്ഞു. ടീച്ചറോട് കുഞ്ഞുമായി എത്രയും വേഗം അവിടന്ന് പോവാന്‍ ആശുപത്രി ജീവനക്കാരന്‍ പറഞ്ഞു. തിരിഞ്ഞു നോക്കാതെ ടീച്ചര്‍ ഇരുട്ടു നിറഞ്ഞ ആ നീളന്‍ വരാന്തയിലൂടെ വേഗത്തില്‍ നടന്നു, പിന്നാലെ അവരുടെ ഭര്‍ത്താവും. പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും എട്ടു വര്‍ഷം പിന്നിട്ടിട്ടും ഒരു കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. ടീച്ചറുടെ ഭര്‍ത്താവിന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം കാന്‍സര്‍ കണ്ടെത്തിയിരുന്നു, ഏഴ് വര്‍ഷം പിന്നിട്ട ശേഷമാണ് അവര്‍ ഒരു കുഞ്ഞിനെ ദത്ത് എടുക്കുന്ന കാര്യം ആലോചിക്കുന്നത്. ഈ ആഗ്രഹം ആശുപത്രി ജീവനക്കാരനായ സുഹൃത്തിനോട് സൂചിപ്പിച്ചിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു കുഞ്ഞിനെ കുറിച്ച് പറയുന്നത്. ഒന്നും ആലോചിച്ചില്ല, ഉടനെതന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
കണ്ണടച്ച് അലറിക്കരയുന്ന വെളുത്തു ചുവന്നുതുടുത്ത പൈതലിനെ തുണിയില്‍ പൊതിഞ്ഞത് കണ്ടപ്പോള്‍ ടീച്ചര്‍ ആ കുഞ്ഞിനെ തുണിയോടു കൂടി കൈയില്‍ വാങ്ങി മാറോടണച്ചു. അമ്മയുടെ ചൂടും സ്‌നേഹവും പകര്‍ന്നുകിട്ടിയ ഉടന്‍ അതുവരെ അലറിക്കരഞ്ഞ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി ആ മാറില്‍ അമര്‍ന്നു. ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കി. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദൈവം തന്ന വരദാനവുമായി ആ ദമ്പതികള്‍ സന്തോഷത്തോടെ ആ പെരുമഴയത്ത് അവര്‍ വന്ന വെളുത്ത അമ്പാസഡര്‍ കാറില്‍ വീട്ടിലേക്ക് തിരിച്ചു. ആവശ്യമായ നിയമ നടപടികള്‍ പിന്നീട് പൂര്‍ത്തിയാക്കി.
ഹെഡ്മിസ്ട്രസിന്റെ വീട്ടില്‍ കൈക്കുഞ്ഞായി വന്ന ആ പിഞ്ചുകുഞ്ഞ് ദീപുവായി വളര്‍ന്നു വലുതായി. സ്‌കൂളില്‍ എച്ച്.എമ്മിന്റെ മകനായും അമ്മയുടെയും അച്ഛന്റെയും വീടുകളില്‍ വിരുന്നുപോയും കുട്ടികളുമായി കൂട്ടുകൂടിയും ബാല്യകാലം ആനന്ദത്തോടെ കഴിഞ്ഞു. ഒരിക്കല്‍പോലും ആരും അവനെ ദത്തെടുത്തതാണെന്ന് അറിയിച്ചിരുന്നില്ല. പഠിക്കുന്ന സ്ഥാപനങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും വളരെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഏക മകനായി അവന്‍ ജീവിച്ചു. ആവശ്യപ്പെടുന്നതെല്ലാം അവര്‍ വാങ്ങിച്ചു കൊടുത്തു, സ്വന്തം മകനായി അവരവനെ വളര്‍ത്തി. എന്നെങ്കിലും സത്യം അവനോട് തുറന്ന് പറയണമെന്ന്് അവരുടെ മനസ്സിലുണ്ടായിരുന്നു. ബന്ധുക്കളും കൂടെ ജോലി ചെയ്യുന്നവരും ഇത് നിരന്തരം പറയാറുണ്ടായിരുന്നെങ്കിലും അവന്റെ മുഖത്ത് നോക്കി ഒരിക്കലും ആ 'അമ്മ'ക്ക് അത്് പറയാനായില്ല. അവന് ഏതാണ്ട് 22 വയസ്സുള്ളപ്പോള്‍ ഒരു ദിവസം രാത്രി ദീപുവിന് ഏറെ പ്രിയപ്പെട്ട അമ്മയുടെ അനുജത്തി ചോദിച്ചു, മോനേ 'ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരു കുഞ്ഞിനെ അവര്‍ക്ക് വളര്‍ത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ മറ്റൊരു കുടുംബത്തില്‍ വളര്‍ത്താന്‍ കൊടുക്കുന്നതില്‍ വിരോധമുണ്ടോ. മോന്റെ വ്യക്തിപരമായ അഭിപ്രായം എന്താണ്' എന്ന്.
ദീപു മറുപടി പറഞ്ഞു 'തീര്‍ച്ചയായും അവര്‍ക്ക് ഭക്ഷണം കൊടുക്കാനും സംരക്ഷിക്കാനും സാധിക്കുന്നില്ലെങ്കില്‍ കൊടുക്കുന്നതില്‍ എന്താ തെറ്റ്? ആ കുഞ്ഞ് നന്നായി ജീവിക്കട്ടെ' അവന്റെ മറുപടി അതായിരുന്നു. ആരൊക്കെയോ ഇതിനുമുമ്പ് സമാന്തരമായ ചോദ്യങ്ങള്‍ ഉന്നയിച്ചതായി ദീപു കൂട്ടിയിണക്കി ചിന്തിക്കാന്‍ തുടങ്ങി. കുഞ്ഞമ്മ ചോദിച്ചത് എന്നെക്കുറിച്ചാകുമോ എന്ന സംശയം അവനെ വേട്ടയാടാന്‍ തുടങ്ങി. ഈ ദുഃഖം ആരോടും പങ്കുവെച്ചില്ല. അമ്മയോടോ കുഞ്ഞമ്മയോടോ സംശയം തീര്‍ക്കാന്‍ മുതിര്‍ന്നുമില്ല. ആരുമറിയാതെ ഇന്റര്‍നെറ്റില്‍ ഇത്തരത്തിലുള്ള ജീവിതങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി.
തന്റെ അനുഭവം പ്രമേയമായ നോവലുകളും സിനിമകളും കണ്ടു. കഥകള്‍ വായിച്ചു. നിയമവശങ്ങളും മറ്റു വിശദാംശങ്ങളും അറിയാന്‍ ശ്രമിച്ചു. ദീപു അവനിലേക്ക് മാത്രം ഒതുങ്ങി. അവന്‍ വിഷാദത്തിന്റെ പിടിയിലമര്‍ന്നു. ആരെയും വിശ്വാസമില്ലാതായി. ഈ ഘട്ടത്തിലാണ് അവന്‍ ചികിത്സ തേടി ക്ലിനിക്കിലെത്തിയത്.
ചികിത്സയുടെ ഭാഗമായി ചെറിയ തോതില്‍ ആന്റിഡിപ്രസന്റ് മരുന്നും സൈക്കോ തെറാപ്പികളും സൈക്കോ എഡ്യുക്കേഷനും ആരംഭിച്ചു. പതുക്കെ അവന്‍ വസ്തുതകളെ ഉള്‍ക്കൊള്ളാനുള്ള കരുത്തും പ്രാപ്തിയും കൈവരിച്ചു. അതോടെ മരുന്ന് നിര്‍ത്തി.
ഇപ്പോഴവന്‍ പഴയ ദീപുവേ അല്ല. അവന്‍ ആഗ്രഹിച്ച പോലെ ഓട്ടോമോട്ടീവ് മേഖലയിലെ ട്രെയിനിംഗ് സെന്ററില്‍ പരിശീലനം ആരംഭിച്ചു. അമ്മയും കുടുംബാംഗങ്ങളുമായി ഏറെ സന്തോഷത്തോടെ കഴിയുന്നു.