അതിരുകളുള്ള ആനന്ദമാണ് ഇസ്്ലാം
ആശയപരമായി എതിര്‍ക്കുകയും വിയോജിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സ്വാധീനം നേടുന്ന പ്രവണതകള്‍ പരിതാപകരമാണ്.
'ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ റബ്ബിന്റെ കരുണ ലഭിച്ചവരൊഴികെ. തീര്‍ച്ചയായും എന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.'
ശക്തമായ ആദര്‍ശത്തിന്റെയും വ്യക്തമായ ആശയങ്ങളുടെയും വക്താക്കളായിരിക്കുമ്പോള്‍ തന്നെ അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുന്നതില്‍ നമുക്ക് വീഴ്ച സംഭവിക്കാറുണ്ട്. വിശ്വാസ ദൗര്‍ബല്യങ്ങള്‍ കൊണ്ടോ തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണതെന്ന് അറിയാത്തതുകൊണ്ടോ കയ്പേറിയ ജീവിത അനുഭവങ്ങളാല്‍ അങ്ങനെ ആയിത്തീരുന്നതുമാകാം.
ആശയപരമായി എതിര്‍ക്കുകയും വിയോജിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സ്വാധീനം നേടുന്ന പ്രവണതകള്‍ പരിതാപകരമാണ്. ലിബറല്‍ ആശയങ്ങളും ചിന്തകളും വ്യാപകമാവുകയും അതാണ് 'പുരോഗമനപര'മെന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം ജീവിതരീതികളെ എതിര്‍ക്കുന്നതും പ്രാക്ടീസ് ചെയ്യാതിരിക്കുന്നതും ഒറ്റപ്പെടുത്തപ്പെടാന്‍ കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ധാര്‍മികസദാചാര അതിര്‍വരമ്പുകള്‍ക്കുള്ളില്‍ മുന്നോട്ട് പോവുക എന്നത് വെല്ലുവിളി തന്നെയാണ്.
ഓണ്‍ലൈന്‍ ഇടങ്ങള്‍, കാമ്പസുകള്‍, സംഘടനാ ബന്ധങ്ങള്‍ തുടങ്ങി സൗഹൃദ ഇടങ്ങള്‍ വിശാലമായ കാലത്ത് വിശ്വാസിയുടെ അതിരുകള്‍ പാലിക്കപ്പെടാത്ത ബന്ധങ്ങളും സംസാരങ്ങളും ഇടപഴക്കങ്ങളും സംഭവിക്കുന്നത് ലിബറല്‍ ആശയങ്ങളുടെ സ്വാധീനമോ മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ കഴിയാത്തത് കൊണ്ടോ ആവാം.
മനുഷ്യപ്രകൃതത്തെക്കുറിച്ച് അവനെ സൃഷ്ടിച്ച റബ്ബ് പറഞ്ഞുവെക്കുന്ന ചില കാര്യങ്ങളുണ്ട്. അവിഹിതമായ ബന്ധത്തിന് സാഹചര്യമുണ്ടായിട്ടും അത് തെറ്റാണെന്ന ബോധ്യത്തില്‍ അതില്‍നിന്ന് കുതറി മാറുകയും അതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട് പിന്നീട് നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ യൂസുഫ് നബി (അ) പറയുന്നുണ്ട് 'ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്നൊഴിവാക്കുന്നില്ല, തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ....' (12:53).
മറ്റ് പലയിടങ്ങളിലും ക്ഷണികമായ ആനന്ദങ്ങളോട് മനുഷ്യന് തോന്നുന്ന താല്‍പര്യങ്ങളെയും ചായ്‌വുകളെയും കുറിച്ച് പറയുന്നത് കാണാം. അതെല്ലാം ദൗര്‍ബല്യങ്ങളാണെന്ന് സൂചിപ്പിച്ച് മനസ്സ് പ്രലോഭിപ്പിക്കുന്നിടത്തെല്ലാം എത്തരുതെന്നും ആകര്‍ഷിക്കുന്നതെല്ലാം ആസ്വദിക്കാന്‍ പാടില്ലെന്നും അതിനെയെല്ലാം നിയന്ത്രിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്നവര്‍ക്കാണ് പരീക്ഷണമെന്നും പഠിപ്പിക്കുന്നു. രണ്ട് വഴികളുണ്ടിവിടെ, ഒന്നാമത്തേത് കാഴ്ചയില്‍ മനോഹരമാണ്. ചുറ്റിലും വര്‍ണങ്ങളുണ്ട്, കൊതിപ്പിക്കുന്ന കാര്യങ്ങളേറെയുണ്ട്. അതിലലിഞ്ഞ് ചേരുന്നവര്‍ക്ക് ആനന്ദലബ്ധിയുമുണ്ട്. പക്ഷേ, അത് ക്ഷണികമാണ്. തീര്‍ന്ന് പോകുമെന്ന് മാത്രമല്ല ആസ്വാദനങ്ങള്‍ക്കൊടുവില്‍ ചെന്ന് പതിക്കുന്ന വലിയ കുഴികളുണ്ടവിടെ. രണ്ടാമതൊരു വഴിയുണ്ട്; കാഴ്ചയില്‍ അതത്ര സുന്ദരമല്ല, മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ മനസ്സുറപ്പ് വേണ്ടിവരും. എന്നാല്‍ പ്രലോഭനങ്ങള്‍ മറികടന്ന് പോകുമ്പോള്‍ അവിടെ ഉള്ളനുഭവിക്കുന്നൊരു അനുഭൂതിയുണ്ടാകും. ആ അനുഭൂതിക്കൊടുക്കം പ്രതിഫലങ്ങളുടെ പെരുന്നാളാണ്.
ഭൗതിക ലോകത്തെ ആസ്വാദനങ്ങളും സന്തോഷങ്ങളും പാടെ വെടിഞ്ഞുള്ള ആത്മാവിന്റെ വിമലീകരണത്തെ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നിരാകരണമല്ല അതിരുകളില്‍നിന്നുകൊണ്ടുള്ള ആസ്വാദനങ്ങളാണവിടെ പഠിപ്പിക്കുന്നത്. ഭക്ഷണം, ലൈംഗികത, സംഗീതം തുടങ്ങി ലഹരി ഒഴികെയുള്ള ആസ്വാദനങ്ങളൊക്കെയും ചില പരിധികള്‍ വെച്ച് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതാണ്. വിലക്കുകളുടെ ഒരു കൂട്ടമല്ല അതിന്റെ അധ്യാപനങ്ങള്‍.
അവിഹിതമായ ശാരീരിക ബന്ധങ്ങള്‍ തെറ്റാണെന്ന് കരുതുന്നവര്‍ പോലും സദാചാര കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരെ വിമര്‍ശിച്ച് പറയാറുള്ളത് 'നിങ്ങളെന്തിനാണ് എല്ലാത്തിനെയും ആ കണ്ണ് കൊണ്ട് കാണുന്നത്. ഒരാണും പെണ്ണും ഒന്നിച്ചിരുന്നാല്‍, യാത്ര ചെയ്താല്‍ ഒറ്റക്കായാല്‍ എന്താണ് പ്രശ്നം? ഇത് കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നാം ശരിയാണല്ലോ ഇതിലൊക്കെ എന്താ ഇത്ര പ്രശ്നമെന്ന്. അതിനാല്‍ തന്നെ ആണും പെണ്ണും ഒന്നിച്ചിടപഴകുമ്പോഴും ചേര്‍ന്നിരുന്നാലും കൈ പിടിച്ചാലും പ്രത്യേകിച്ചൊരു പ്രശ്നവും കാണാതിരിക്കുന്ന പ്രവണതകള്‍ രൂപപ്പെട്ടുവരുന്നു.
ഇസ്‌ലാമിക ധാര്‍മിക നിയമങ്ങളുടെ സുപ്രധാനമായൊരു അടിത്തറയാണ് സദ്ദുദ്ദറാഇഅ് (തെറ്റിലേക്കുള്ള വഴികള്‍ അടക്കുക). തെറ്റുകളെ മാത്രമല്ല ഇസ്്ലാം വിരോധിക്കുന്നത് അതിലേക്കെത്തുന്ന വഴികളെ കൂടിയാണ്. വ്യഭിചാരമാണ് തിന്മ. എന്നിരിക്കെ വ്യഭിചരിക്കരുത് എന്നല്ല വ്യഭിചാരത്തോടടുക്കരുത് എന്ന് പറഞ്ഞതിന്റെ പൊരുളതാണ്. മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങളെ മനസ്സിലാക്കാതെ പോകുമ്പോള്‍ വീണുപോകാന്‍ സാധ്യതകള്‍ കൂടുതലാണ്.
മീ റ്റൂ കാമ്പയിനുകളുടെ പൊതുസ്വഭാവം പരിശോധിച്ചാല്‍ സൗഹൃദങ്ങളില്‍നിന്ന് തുടങ്ങി ഒന്നിച്ചുള്ള കൂടിക്കാഴ്ചകളും ഒരുമിച്ചുള്ള യാത്രകളും ഒടുവില്‍ ഒരേ കട്ടിലില്‍ കിടക്കുന്നത് വരെയുള്ളതെല്ലാം വളരെ സ്വാഭാവികമായി അവര്‍ കണ്ടിരുന്നതായി കാണാം. മറ്റൊരാളുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കരുതെന്ന ആശയത്തിന്റെ കരുത്തില്‍ മാത്രം പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ മീ ടൂ ആരോപണങ്ങള്‍ സ്വാഭാവികമായി സംഭവിക്കും.
ഒരാണും പെണ്ണും ഇടപഴകുന്നിടത്ത് പാലിക്കേണ്ട മര്യാദകള്‍ ഇസ്്ലാം പഠിപ്പിക്കുന്നത് ഇതുകൊണ്ടാണ്. ശാരീരികമായ ആകര്‍ഷണം കൂടുതലുള്ളവര്‍ സ്ത്രീകളായതുകൊണ്ട് തന്നെ അഴര്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. പുരുഷന്മാര്‍ അവരുടെ നോട്ടങ്ങളെയും സ്ത്രീകള്‍ അവരുടെ കണ്ണുകളെയും നിയന്ത്രിക്കണമെന്നുണര്‍ത്തി. സംസാരിക്കുമ്പോള്‍ മൃദുല വികാരങ്ങളെ ഉണര്‍ത്തുന്ന രീതിയിലാകരുതെന്ന് നിര്‍ദേശിച്ചു. അതിനര്‍ഥം ആണും പെണ്ണും കാണരുതെന്നോ സംസാരിക്കരുതെന്നോ പരസ്പരം ഇടപഴകരുതെന്നോ അല്ല. വിലക്കുകളെയും നിയന്ത്രണങ്ങളെയും അതിരുകളെയും കുറിച്ച് പറഞ്ഞ ഖുര്‍ആന്‍ ആണും പെണ്ണും പരസ്പര സഹകാരികളാണെന്നും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതിനെ കുറിച്ചെല്ലാം കൃത്യമായി പഠിപ്പിക്കുന്നുമുണ്ട്. 'വിശ്വാസികളും വിശ്വാസിനികളും അന്യോന്യം മിത്രങ്ങളാണ്. അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും നസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്' (9:17).
ഇത് പ്രായോഗികവത്കരിച്ച മനോഹര മാതൃക പ്രവാചക കാലഘട്ടത്തില്‍ നമുക്ക് കാണാം. പരസ്പര ബന്ധങ്ങളില്‍ അതിരുകള്‍ ലംഘിച്ച പരാതികളൊന്നും പ്രവാചക സന്നിധിയിലില്ല എന്നതില്‍നിന്ന് ആരോഗ്യകരമായ സൗഹൃദങ്ങള്‍ക്ക് മികച്ച മാതൃകയുണ്ട്.
സ്ത്രീയുടെ സ്ഥാനവും അവരുമായി ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങളെയും മുന്‍നിര്‍ത്തി ഇസ്‌ലാം സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമാണെന്ന നിരന്തര വിമര്‍ശനങ്ങള്‍ ചുറ്റിലും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇതിന്റെ കുറ്റക്കാര്‍ ഒരു പരിധിവരെ വീട്ടുകാരും കുടുംബക്കാരും സമുദായവുമൊക്കെ തന്നെയാണ്. ഇസ്്ലാം മുന്നോട്ട് വെക്കുന്ന സ്ത്രീയുടെ സ്ഥാനവും അവകാശങ്ങളും സ്വാതന്ത്ര്യവും പരിഗണിക്കുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്? ദീനിന്റെ പേരിലും നാട്ടുനടപ്പിന്റെ പേരിലും അല്ലാഹുവും റസൂലും കല്‍പിച്ച അവകാശങ്ങള്‍ ഹനിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? ഇസ്‌ലാമിലെ സ്ത്രീയുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും പ്രത്യേകത സമത്വമല്ല നീതിയാണ്. എന്നാല്‍ അത് നീതിയാണെന്ന് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയുന്നത് ഇസ്്ലാം വിഭാവന ചെയ്യുന്ന സാമൂഹിക ക്രമത്തെ പ്രാക്ടീസ് ചെയ്യുമ്പോള്‍ മാത്രമാണ്. സ്ത്രീ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ബാധ്യതകള്‍ക്കൊപ്പം അവകാശങ്ങള്‍ പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇസ്‌ലാമിലെ നിയമങ്ങള്‍ വിവേചനപരമാണെന്ന് അനുഭവപ്പെടില്ല. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്ക് ന്യായീകരണം കൊണ്ടുവരാനായി പ്രമാണങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന പ്രവണതകള്‍ തീര്‍ച്ചയായും പ്രതിലോമകരമായ പ്രവണതകളുണ്ടാക്കും. സ്ത്രീകള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ ഫെമിനിസ്റ്റെന്നും ലിബറലിസ്റ്റെന്നും മുദ്ര കുത്തിയിട്ട് കാര്യമില്ല. ഇസ്‌ലാം വിഭാവന ചെയ്യുന്ന കുടുംബ ഘടനയും സാമൂഹികാവസ്ഥയും പ്രാക്ടീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.
ലിബറല്‍ കാഴ്ചപ്പാടനുസരിച്ച് മറ്റൊരാളുടെ അവകാശം ഹനിക്കപ്പെടുകയോ ബാധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ മാത്രമാണ് വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കപ്പെടാവുന്നത്. അതിനാല്‍ തന്നെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങള്‍ അത് -സ്വവര്‍ഗമായാലും അല്ലെങ്കിലും- തെറ്റായ പ്രവര്‍ത്തനമാകുന്നില്ല. എന്നാല്‍ മറ്റൊരു വ്യക്തിയുടെ അവകാശത്തെ ഹനിക്കാത്തിടത്തോളം വ്യക്തി സ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കേണ്ടതില്ലെന്ന കാഴ്ചപ്പാട് ഇസ്ലാമിനില്ല. അല്ലാഹുവിന്റെ അവകാശങ്ങള്‍ ഹനിക്കാതിരിക്കുക എന്നത് അതില്‍ പ്രധാനമാണ്. അവന്‍ നിശ്ചയിച്ച പരിധികളില്‍ നില്‍ക്കുക എന്നതാണ് അവന് നല്‍കേണ്ടുന്ന അവകാശം.
എന്റെ ശരീരം എന്റെതല്ല, എന്റെയും എനിക്കുള്ളതിന്റെയും ഉടമാവകാശം (മില്‍കിയത്ത്) അല്ലാഹുവിനാണ്. അതിനാല്‍ ശരീരം മറക്കുന്നതും കാണിക്കുന്നതുമെല്ലാം അവന്റെ കല്‍പന പ്രകാരമാണെന്നതാണ് വിശ്വാസിയുടെ നിലപാട്. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകവും ജീവിതവുമുണ്ടെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഈ ലോകത്തെ ആസ്വാദനത്തെയും സ്വാതന്ത്രത്തെയും കുറിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് നിര്‍ണയിക്കപ്പെടുന്നതും.
ഇസ്്ലാമിക ശരീഅത്താണ് വിശ്വാസിയുടെ ജീവിത കാഴ്ചപ്പാടുകളുടെ മാനദണ്ഡം. ഖുര്‍ആനും സുന്നത്തുമാണെന്നതിന്റെ അടിസ്ഥാനം. വിശ്വാസി വായിക്കുന്നത് അല്ലാഹുവിന്റെ കലാമാണ്. അല്ലാഹു പൂര്‍ണ നീതിമാനാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ, അവന്‍ സൃഷ്ടിച്ച ആരോടും അവന്‍ അനീതിയോ വിവേചനമോ കാണക്കുകയില്ല. നമ്മുടെ ജീവിതത്തിന്റെ നന്മയും സുരക്ഷിതത്വവും എളുപ്പവുമാണ് അവന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇത്തരം അടിയുറച്ച ബോധ്യത്തോടെയും വിശ്വാസത്തോടെയുമാണ് അതിലെ നിയമനിര്‍ദേശങ്ങളെ കാണേണ്ടത്. ചില കാര്യങ്ങള്‍ എന്താണങ്ങനെ, അത് നീതിയല്ലല്ലോ അങ്ങനെ പറയുമ്പോള്‍ ഇന്നയിന്ന പ്രശ്നങ്ങളുണ്ടല്ലോ എന്നൊക്കെ തോന്നാം. അത് നമ്മുടെ യുക്തിക്ക് ബോധ്യപ്പെടില്ല, അല്ലെങ്കില്‍ മറ്റുള്ളവരെ യുക്തിപരമായി ബോധ്യപ്പെടുത്താനാകില്ല. ഇതൊന്നും ഖുര്‍ആനെ സ്വീകരിക്കാതിരിക്കാനുള്ള ന്യായങ്ങളാകാന്‍ പാടില്ല. അല്ലാഹുവിനാണ് എല്ലാത്തിനെയും കുറിച്ച് നന്നായി അറിയുന്നവന്‍. അവന്റെ യുക്തികളാണ് ഏറ്റവും വലുത്. ചില കാര്യങ്ങളുടെ യുക്തികള്‍ ഈ ലോകത്ത് വെച്ച് നമുക്ക് പൂര്‍ണമായും മനസ്സിലാവണമെന്നുമില്ല. അതൊക്കെ മനസ്സിലാകുന്ന ഒരു ലോകം വരാനിരിക്കുന്നുണ്ടെന്നും വിശ്വാസത്തിന്റെ ഭാഗമാണ്. അവന്‍ ഒരിക്കലും അനീതി കാണിക്കില്ലെന്ന ഉറപ്പോടെ ഖുര്‍ആനിക നിര്‍ദേശങ്ങളെയും സ്ഥിരപ്പെട്ട സുന്നത്തിന്റെ അധ്യാപനങ്ങളെയും ജീവിതത്തിലേക്ക് ചേര്‍ത്ത് വെക്കുക എന്നതാണ് വിശ്വാസത്തിന്റെ പൊരുള്‍.
റസൂല്‍ (സ) പറഞ്ഞു: ഒരാള്‍ അല്ലാഹുവിനെ റബ്ബായും മുഹമ്മദ് നബിയെ റസൂലായും ഇസ്്ലാമിനെ ജീവിത പദ്ധതിയായും തൃപ്തിപ്പെടുന്നുവോ അവര്‍ക്കുള്ളതാണ് സ്വര്‍ഗം.'