മാപ്പിള മലയാള ഭാഷയിലൊരു പുസ്തകം

ജെമി No image

കേരളത്തിലെ മുസ്‌ലിംകളുടെ സംസാരഭാഷ മലയാളമായിരുന്നുവെങ്കിലും അവരുടെ എഴുത്തുഭാഷ ഒരു കാലം മുമ്പുവരെ അറബി മലയാളമായിരുന്നു. മലയാള  ഭാഷ എഴുതാനും വായിക്കാനും അറിയുന്നവര്‍ കേരളത്തിലെ മാപ്പിളമാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. അതുകൊണ്ടുതന്നെ  തങ്ങളുടെ ആശയവിനിമയത്തിനു വേണ്ടി അവര്‍ പ്രത്യേകതരം ലിപികളിലൂടെ അറബിമലയാളമെന്ന ഭാഷയെ വളര്‍ത്തിയെടുത്തു. മുസ്‌ലിം സമുദായത്തിനിടയില്‍നിന്ന് പുറത്തുവന്ന ആദ്യകാല കൃതികളും കാവ്യങ്ങളുമെല്ലാം ഈ ഭാഷയിലായിരുന്നു താനും. കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍വെച്ച് അറബിമലയാളത്തില്‍ എഴുതിയിട്ടുള്ള ഏറ്റവും പഴക്കമുള്ള കൃതി മുഹ്‌യിദ്ദീന്‍ മാലയാണ്. 1606-ലാണ് അത് പുറത്തിറങ്ങിയിട്ടുള്ളത്. മലയാളത്തില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍നിന്ന് പുറത്തിറങ്ങിയെന്ന് വിശ്വസിക്കുന്ന ആദ്യ പുസ്തകം കഠോരകഠാരമാണ്. 1884-ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. മക്തി തങ്ങള്‍ എന്ന ചുരുക്കപ്പേരിലറിയപ്പെട്ട സയ്യിദ് സനാഉല്ല മക്തി തങ്ങളാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഇക്കാര്യം മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.  
ഇപ്പോഴിതാ അതിനു മുമ്പ് ഇറങ്ങിയ മറ്റൊരു പുസ്തകം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ ചരിത്ര അധ്യാപകനും കൊല്ലം കുരീപ്പള്ളി സ്വദേശിയുമായ സകരിയ്യ തങ്ങള്‍. സകരിയ്യയുടെ നിഗമനം ശരിയാണെങ്കില്‍ യവാക്കിത്തുല്‍ ഫറായില്‍ എന്ന ഈ പുസ്തകമാണ്, ഒരു കേരള മുസ്‌ലിം, മലയാള ലിപിയിലെഴുതിയ  ആദ്യ ഗ്രന്ഥം. തന്റെ ഗവേഷണത്തിന് വേണ്ടിയുള്ള യാത്രക്കിടെയാണ് നിയമസഭാ ലൈബ്രറിയില്‍നിന്ന് താന്‍ ഈ പുസ്തകം കണ്ടെത്തിയതെന്ന് സകരിയ്യ പറയുന്നു.  
2015-ലാണ് സകരിയ്യ ഗവേഷണമാരംഭിക്കുന്നത്. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ മുസ്‌ലിംകളുടെ സാമൂഹിക പുരോഗതിയും വിദ്യാഭ്യാസവും എന്നതാണ് സകരിയ്യയുടെ ഗവേഷണ വിഷയം. അതിന്റെ ഭാഗമായി പുരാരേഖാ വകുപ്പിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും ലൈബ്രറികളും മറ്റ് അനേകം പഴയ ലൈബ്രറികളും സന്ദര്‍ശിച്ച് പുസ്തകങ്ങളും ആനുകാലികങ്ങളും ശേഖരിച്ചിരുന്നു. അതിവിപുലമായ ഗ്രന്ഥശേഖരമുള്ള ഒരു ലൈബ്രറിയാണ് കേരളത്തിലെ നിയമസഭാ ലൈബ്രറി. ഗവേഷണത്തിന്റെ ഭാഗമായി പല തവണയായി അവിടെയും പോയിരുന്നു. 'അങ്ങനെയിരിക്കെ  വളരെ യാദൃഛികമായിട്ടാണ് യവാക്കിത്തുല്‍ ഫറായില്‍ എന്ന പുസ്തകത്തിന്റെ കോപ്പി കണ്ടെത്തുന്നത്.  വളരെ ചെറിയ ഒരു പുസ്തകമായിരുന്നു അത്. അതിന്റെ മുഴുവന്‍ പേജുകളും അനുമതി വാങ്ങി ഫോട്ടോകോപ്പി എടുക്കുകയായിരുന്നു,' താന്‍ ഈ പുസ്തകത്തിലേക്ക് എത്തിയ വഴി പറയുന്നു സകരിയ്യ...
യവാക്കിത്തുല്‍ ഫറായില്‍ എന്ന് കണ്ടപ്പോള്‍ ഒന്നും മനസ്സിലായില്ലെന്നും അതിന്റെ താഴെ മുസല്‍മാന്‍ദായശേറാ സംഗ്രഹം എന്നും ദ മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ് എന്നും താഴെ വലിയ അക്കത്തില്‍ പ്രസിദ്ധീകരണ വര്‍ഷം രേഖപ്പെടുത്തിയത് 1883 എന്നും ആയിരുന്നുവെന്നതുമാണ് സകരിയ്യയെ ഈ നിഗമനത്തിലെത്തിച്ചത്. പണ്ട് കാലത്ത് മുസ്‌ലിംകളെ മുഹമ്മദന്‍ എന്നാണ് പല രേഖകളിലും വിശേഷിപ്പിച്ചിരിക്കുന്നത്.
''ഇതിനകത്തുള്ള ബാക്കിയെല്ലാ അക്കങ്ങളും മലയാള അക്കങ്ങളാണ്. പ്രസിദ്ധീകരണ വര്‍ഷം മാത്രമാണ് 1883 എന്ന് രേഖപ്പെടുത്തിയിരുന്നത്. കുന്നംകുളങ്ങരയിലെ വിദ്യാരത്‌നപ്രഭാ പ്രസിലാണ് പുസ്തകം അച്ചടിച്ചിട്ടുള്ളത്. കുന്നംകുളങ്ങര എന്ന സ്ഥലം ഇന്ന് അറിയപ്പെടുന്നത് കുന്നംകുളം എന്ന പേരിലാണ്. അച്ചടിയുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് കുന്നംകുളം. ഇട്ടൂപ്പ് എന്ന ഒരാളാണ് ഈ പ്രസിന്റെ ഉടമസ്ഥന്‍. അദ്ദേഹം കൊച്ചിയില്‍ സെന്റ് തോമസ് എന്ന പേരില്‍ മറ്റൊരു പ്രസും നടത്തിയിരുന്നു. 1879-ലാണ് ഈ പ്രസ് സ്ഥാപിക്കുന്നതെന്നതിന് ചരിത്രരേഖകളുണ്ട്...'' - സകരിയ്യ പറയുന്നു.
ഇത് മുസ്‌ലിംകളുടെ പിന്തുടര്‍ച്ചാവകാശത്തെ കുറിച്ച് പറയുന്ന ഗ്രന്ഥമാണ്. 'യവാക്കിത്തുല്‍ ഫറായില്‍' എന്നു പറഞ്ഞാല്‍ മുസ്‌ലിംകളുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ മുത്തുകള്‍ അഥവാ രത്‌നങ്ങള്‍ എന്നാണ് അര്‍ഥം. ദ മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ് എന്നും അതില്‍ പ്രത്യേകം പറയുന്നുണ്ട്. പൂളന്തറക്കല്‍ അമ്മത് മുസ്‌ലിയാരാണ് പുസ്തകം തയാറാക്കിയതെന്നും, മണലില്‍ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തങ്ങള്‍ പുസ്തകം പരിശോധിച്ചിട്ടുണ്ടെന്നും പുസ്തകത്തിന്റെ ആദ്യപേജില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മതു മുസ്‌ലിയാരുടെ ചെലവിന്മേലാണ് അത് അച്ചടിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട്, അമ്മത് മുസ്‌ലിയാരാണോ ഗ്രന്ഥകര്‍ത്താവ്, അതോ അദ്ദേഹം കാശുകൊടുത്ത് ആരെക്കൊണ്ടെങ്കിലും എഴുതിച്ചതാണോ എന്നുമുള്ള കാര്യത്തിലും സംശയമുണ്ട്. 'ഹുസൂര്‍ കച്ചേരി 24 ഫെബ്രുവരി 1884 എറണാകുളം' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിലയൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതില്‍നിന്നു തന്നെ മുസ്‌ലിംകളുടെ പിന്തുടര്‍ച്ചാ നിയമങ്ങളുമായി ബന്ധപ്പെട്ട് കോടതി കയറുന്ന കേസുകളെ ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ച് അത്തരം വ്യക്തികള്‍ക്കും കച്ചേരികള്‍ക്കും  നല്‍കാനായി തയാറാക്കിയ പുസ്തകമാണിത് എന്നാണ് മനസ്സിലാകുന്നത്. അത്തരം കേസുകള്‍ ഏറ്റെടുക്കുന്നവര്‍ ഈ പുസ്തകം പഠിച്ചിട്ട് വേണം മുസ്‌ലിംകള്‍ക്കിടയിലെ ദായക്രമം സംബന്ധിച്ച് വിധി പുറപ്പെടുവിക്കാന്‍ എന്നായിരിക്കും ഒരുപക്ഷേ ഇത്തരമൊരു പുസ്തകം പുറത്തിറക്കിയതിനു പിന്നിലുള്ള ലക്ഷ്യം.  
ഇത്തരത്തില്‍ മുസ്‌ലിംകളുടെ ഇടയില്‍ ഒരു ഗ്രന്ഥമില്ലാതിരുന്ന കാലത്താണ് ഇത്തരമൊരു പുസ്തകം പുറത്തുവരുന്നത്. മാത്രമല്ല, അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്ന മുസ്‌ലിംകള്‍ വളരെ കുറവായിരുന്നു. അതുകൊണ്ട് ഇതര മതസ്ഥരായ ആളുകളുടെ ഇടയിലേക്ക് വിതരണം ചെയ്യാനാണ് പുസ്തകം ഇറക്കിയത് എന്ന് വ്യക്തമാണ്. അതുപോലെ തന്നെ അറബിമലയാളം ഭാഷയൊഴിച്ച് എന്ത് ഭാഷയില്‍ എഴുതിയാലും അതിനെ കളിയാക്കുന്ന ആളുകള്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിരുന്നു. ആ പ്രവണതയെയും പുസ്തകത്തിന്റെ ആമുഖത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
അറബി പോലും മലയാള ഭാഷയിലേക്ക് മാറ്റിയാണ് പുസ്തകത്തിലുള്ളത്. ആ അറബി പദങ്ങളുടെ മലയാള വാക്കര്‍ഥങ്ങളും നല്‍കിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കിടയിലെ പിന്തുടര്‍ച്ചാവകാശം പിന്‍പറ്റി സ്വത്ത് ഭാഗം വെക്കേണ്ടത് എങ്ങനെയെന്ന് 14 അധ്യായങ്ങളിലായാണ് പുസ്തകത്തില്‍ പറഞ്ഞുവെക്കുന്നത്. 122 പേജാണ് ഉള്ളത്. നാല് ഇമാമുകള്‍ പറഞ്ഞ കര്‍മ ശാസ്ത്രങ്ങള്‍ അനുസരിച്ചാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. ഇത്തരമൊരു പുസ്തകം തയാറാക്കാന്‍ സഹായിച്ച ഗ്രന്ഥസൂചിയും അവലംബമായി ചേര്‍ത്തിട്ടുണ്ട്.
തന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൂളന്തറക്കല്‍ അമ്മത് മുസ്‌ലിയാരെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് സകരിയ്യ പറയുന്നു. തിരു-കൊച്ചി സംയോജനത്തോടെ എറണാകുളം ഹുസൂര്‍ കച്ചേരിയില്‍നിന്ന് പുസ്തകം നിയമസഭാ ലൈബ്രറിയിലെത്തിയതാവാം എന്നാണ് സകരിയ്യയുടെ നിഗമനം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top