കുറ്റകൃത്യത്തിന്റെ മനഃശ്ശാസ്ത്രം

ഫൈസല്‍ മേലങ്ങാടി No image

സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കൂടത്തായി  കൊലപാതക പരമ്പരയെ മുന്‍നിര്‍ത്തി കുറ്റകൃത്യ പഠനപരമായ ഒരവലോകനം

-------------------------------------------------
കുറ്റകൃത്യപഠനമേഖല (Criminology)  എന്നത് കുറ്റകൃത്യങ്ങള്‍, അവയുടെ രീതിശാസ്ത്രം, പ്രേരണകള്‍, പ്രവണതകള്‍, ഘടകങ്ങള്‍, പ്രതിരോധം, കുറ്റവാളികള്‍, കുറ്റകൃത്യവാസനകള്‍, നീതിന്യായവ്യവസ്ഥ, ശിക്ഷാരീതികള്‍ മുതലായവയെക്കുറിച്ചുള്ള സാമൂഹിക-നിയമശാസ്ത്രപരമായ പഠനശാഖയാണെന്നു സാമാന്യമായി പറയാം. ക്രിമിനോളജിയില്‍ തന്നെ വരുന്ന മറ്റൊരു പഠനമേഖലയാണ് കുറ്റകൃത്യങ്ങളുടെ ഇരകളെക്കുറിച്ചുള്ള പഠനം(Victimology). കുറ്റകൃത്യങ്ങളുടെ ഇരകള്‍ നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് പ്രധാനമായും ഈ മേഖല കൈകാര്യം ചെയ്യുന്നത്. കുറ്റകൃത്യങ്ങളുടെ നിയമപരമായ വശമെന്നത് നിയമം കുറ്റകൃത്യമെന്നു നിര്‍വചിച്ചിട്ടുള്ള പ്രവൃത്തികള്‍ മാത്രമാണ് കുറ്റകൃത്യമാവുക (There is no crime without a law) എന്നതാണ്. പ്രധാനമായും രണ്ടു ഘടകങ്ങളാണ് അവക്കുണ്ടാവുക: 1. പ്രവൃത്തി (Actus reus - Act), 2. കുറ്റകൃത്യപരമായ ഉദ്ദേശ്യം (Mens rea - Criminal Intention). ഇവയിലേതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ പ്രസ്തുത പ്രവൃത്തിയെ കുറ്റകൃത്യമായി കണക്കാക്കാന്‍ നിയമം തയാറല്ല.

സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യങ്ങള്‍ (Female Criminality)
സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അഥവാ സ്ത്രീകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ക്രിമിനോളജിയിലെ പുതുവികാസമാണ്. അടുത്തകാലം വരെയും കുറ്റകൃത്യങ്ങള്‍ പുരുഷകേന്ദ്രീകൃതമായ സങ്കല്‍പമായിരുന്നു. എന്നിരുന്നാലും സ്ത്രീകള്‍ നടത്തിയിരുന്ന ഹിംസാത്മകമായ കുറ്റകൃത്യങ്ങളെ (Violent Crimes)  കുറിച്ചുള്ള പഠനങ്ങളും നടന്നിരുന്നു. അത്തരം പഠനങ്ങളാണ് സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യങ്ങള്‍ (Female Criminality) എന്ന പഠനമേഖലയുടെ ഉത്ഭവത്തിനു കാരണമായത്. ക്രിമിനോളജിയുടെ ആദ്യകാലങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സ്ത്രീകള്‍ അവരുടെ ധാര്‍മികാധഃപതനത്തിന്റെ കാരണത്താലാണ് കുറ്റകൃത്യം ചെയ്യുന്നത് എന്ന് കരുതപ്പെട്ടിരുന്നു. കാരണം അക്കാലത്ത് സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യമായി പരിഗണിച്ചിരുന്നത് വേശ്യാവൃത്തിയായിരുന്നു (Prostitution). സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യങ്ങളായാലും പുരുഷകേന്ദ്രീകൃത കുറ്റകൃത്യങ്ങളായാലും ഒരു പരിധി വരെ ധാര്‍മികാധഃപതനം തന്നെയാണ് കാരണമെന്നു പറയാനാവും. മൂല്യങ്ങളുടെ അപചയം മനുഷ്യനെ പൈശാചികവല്‍ക്കരിക്കുന്നതിനെക്കുറിച്ചും ഹീനമായ കൃത്യങ്ങളിലേക്ക് നയിക്കുന്നതിനെ കുറിച്ചും ധാരാളം പഠനങ്ങള്‍ നിലവിലുണ്ട്.
സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ധാരണ പൊതുവെ സ്ത്രീകള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടാറില്ല എന്നതാണ്. അതുകൊണ്ടാണ് സ്ത്രീ കുറ്റവാളി ആയി വരുന്ന കേസുകള്‍ - അവയിലെ ഹിംസാത്മകത വര്‍ധിക്കുന്നതിനനുസരിച്ച് -എളുപ്പത്തില്‍ ജനശ്രദ്ധ നേടുന്നതും മാധ്യമങ്ങള്‍ അത്തരം കേസുകളുടെ സൂക്ഷ്മവശങ്ങളെപ്പോലും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നതും അവ ലെിമെശേീിമഹ ആവുന്നതും. ഇതിന്റെ ഉത്തമോദാഹരണമാണ് കൂടത്തായി കേസ്.
അടുത്തകാലത്തായി സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. World Female Imprisonment List,  2018 പ്രകാരം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ലോകത്താകമാനം ജയിലിലടക്കപ്പെട്ട പുരുഷന്മാരുടെ നിരക്കില്‍ 20 ശതമാനം വര്‍ധനവാണുണ്ടായതെങ്കില്‍ സ്ത്രീകളുടെ കാര്യത്തില്‍ അത് 53 ശതമാനമാണ്. സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യപഠനമേഖലയിലെ പ്രധാനിയായ ക്രിമിനോളജിസ്റ്റ് Freda Adler അവരുടെ Sister in Crime: The Rise of a New Female Criminal  (1975) എന്ന പുസ്തകത്തില്‍ പറയുന്നത് സ്ത്രീകളുടെ ജൈവികഘടനയിലോ (Biological Features) മറ്റോ ഉണ്ടാകുന്ന മാറ്റം കൊണ്ടല്ല, മറിച്ച് കുറ്റകൃത്യങ്ങളിലേര്‍പ്പെടാനുള്ള അനുകൂല സാഹചര്യങ്ങളും അവസരങ്ങളും കൂടുതലായതുകൊണ്ടാണ് സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്നാണ്. ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും തൊഴില്‍ മേഖലയിലെയും പൊതു ഇടങ്ങളിലെയും വര്‍ധിത സ്ത്രീസാന്നിധ്യവും കുറ്റകൃത്യമേഖലയിലെ സ്ത്രീസാന്നിധ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും Freda Adler പറയുന്നു.
സമീപകാലത്തായി സാധാരണ കുറ്റകൃത്യങ്ങളേക്കാള്‍ കൂടുതലായി ഹിംസാത്മകമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ തോത് വര്‍ധിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. National Crime Records Bureau (NCRB)-- യുടെ 2016-ലെ വാര്‍ഷിക റിപ്പോര്‍ട്ട് (Crime in India Report) പ്രകാരം (അവസാനം പ്രസിദ്ധീകൃതമായത് 2016-ലാണ്) ഇന്ത്യന്‍ ജയിലുകളില്‍ 17,580-ഓളം സ്ത്രീതടവുകാരുണ്ട്. അതില്‍ 5627 പേര്‍ ശിക്ഷാവിധിപ്രകാരം തടവനുഷ്ഠിക്കുന്നവരും 11,817 പേര്‍ വിചാരണത്തടവുകാരുമാണ്; ബാക്കി 136 പേര്‍ കരുതല്‍ തടങ്കലിലും. NCRB-ആയുടെ 2016 റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യങ്ങളുടെ തോത് പരിശോധിക്കുമ്പോള്‍ മനുഷ്യശരീരത്തിനു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ (Offences affecting human body)  അറസ്റ്റിലായ സ്ത്രീകളുടെ എണ്ണം 30,886 ആണ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ (Offences against property)  അറസ്റ്റിലായ സ്ത്രീകളുടെ എണ്ണം 12,924-ഉം ആണ്. ഹിംസാത്മക കുറ്റകൃത്യങ്ങളിലെ പ്രധാന ഇനമായ കൊലപാതകത്തിന്റെ കണക്ക് നോക്കിയാല്‍ 3985 സ്ത്രീകള്‍ 2016-ല്‍ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊലപാതക പരമ്പര
ഹിംസാത്മക കുറ്റകൃത്യങ്ങളില്‍ ഏറ്റം ഗൗരവതരമായതാണ് കൊലപാതക പരമ്പര (Serial killing) ഒരു വ്യക്തി മൂന്നോ അതിലധികമോ ആളുകളെ കൊല ചെയ്യുകയും, ഓരോ കൊലപാതകത്തിലും ഒരേ രീതി തന്നെ പ്രയോഗിക്കുകയും, ഓരോ കൊലകള്‍ക്കിടയിലും ഒരു മാസമോ അതിലധികമോ സമയദൈര്‍ഘ്യം ഉണ്ടാവുകയും ചെയ്യുന്നതിനെയാണ് കൊലപാതക പരമ്പര എന്ന് വിശേഷിപ്പിക്കുന്നത്. ആ വ്യക്തിയെ പരമ്പരക്കൊലയാളി (Serial killer)  എന്നും വിളിക്കുന്നു. ചില രാജ്യങ്ങളിലെ നീതിന്യായവ്യവസ്ഥ പ്രകാരം കൊലകള്‍ രണ്ടോ അതിലധികമോ ആയാല്‍പോലും അതിനെ കൊലപാതക പരമ്പരയുടെ ഗണത്തിലാണ് വരവു വെക്കുന്നത്. മിക്കവാറും കൊലപാതക പരമ്പരകളില്‍ കൊലയാളി തനിച്ചായിരിക്കും കൊല ചെയ്തിട്ടുണ്ടാവുക, ബാഹ്യസഹായങ്ങള്‍ തേടിയിരുന്നാല്‍ പോലും. അഥവാ കൂട്ടുപ്രതികളുണ്ടെങ്കിലും കൃത്യം നടത്തുന്നത് മിക്കവാറും മുഖ്യപ്രതി തനിച്ചായിരിക്കും. അത്തരം കൊലകളുടെ ചേതോവികാരം (mens rea) മുഖ്യമായും സാമ്പത്തികനേട്ടങ്ങളായിരിക്കും; അല്ലെങ്കില്‍ പ്രതികാരമോ മറ്റെന്തെങ്കിലുമോ ആവാം. എല്ലാ കൊലകളുടെയും രീതി (modus operandi - Mode of Operation) മിക്കവാറും ഒരേ പോലെയായിരിക്കും. ഇക്കാര്യങ്ങളെല്ലാം അടുത്തിടെ നടന്ന കൂടത്തായി കേസില്‍ കാണാന്‍ കഴിയും.
ജോളി എന്ന സ്ത്രീ വ്യത്യസ്ത സമയങ്ങളിലായി ഭര്‍തൃകുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ സംഭവമാണ് വലിയ ജനശ്രദ്ധ നേടിയിരിക്കുന്നത്. മിക്ക കൊലകളുടെയും പ്രചോദനം സാമ്പത്തികനേട്ടമാണെങ്കിലും ചിലതിലെല്ലാം തനിക്ക് മുന്നിലുള്ള ഭീഷണികളെയും തടസ്സങ്ങളെയും നീക്കുക എന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ മുഖ്യപ്രതിക്കും കൂട്ടുപ്രതിക്കുമുള്ളതായിട്ടാണ് വാര്‍ത്തകളിലുള്ളത്. മുഖ്യപ്രതിയുടെ ഭര്‍ത്താവിനുള്ള കുടുംബസ്വത്തിന്റെ ഓഹരി ഭര്‍തൃപിതാവ് മുഖ്യപ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും വീടും പുരയിടവും അതിനോടു ചേര്‍ന്നുള്ള സ്ഥലവുമെല്ലാം സ്വന്തമാക്കാനായി ഭര്‍തൃപിതാവിനെ കൊല്ലുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഒസ്യത്ത് ഉണ്ടാക്കുകയും ചെയ്തു; അതിനും കുറേ മുമ്പ് ഭര്‍തൃമാതാവിനെ കൊന്നത് വീടിന്റെ ഭരണം പിടിക്കാന്‍ വേണ്ടിയാണെന്നാണ് മൊഴികളിലുള്ളത്. 
ആദ്യഭര്‍ത്താവ് റോയിയുടെ കൊലക്ക് പിന്നിലെ ചോദന അദ്ദേഹത്തിന്റെ മദ്യപാനവും കെടുകാര്യസ്ഥതയും അന്ധവിശ്വാസവുമായിരുന്നു എന്ന് മുഖ്യപ്രതി പറയുമ്പോള്‍; ജോളിയുടെ വഴിവിട്ട ബന്ധങ്ങളെ ഭര്‍ത്താവ് നിരന്തരം എതിര്‍ത്തിരുന്നതായും പറയപ്പെടുന്നു. ഒരുമിച്ച് ജീവിച്ച് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ വിവാഹമോചനമാണ് നടപ്പുരീതിയെങ്കിലും ഭര്‍ത്താവിനെ കൊന്നുകളഞ്ഞു ഭര്‍തൃകുടുംബത്തില്‍ തന്നെ തുടര്‍ന്നതിനുള്ള കാരണം കുടുംബസ്വത്ത് (Financial gain)  ആവാന്‍ സാധ്യതയുണ്ട്. മുഖ്യപ്രതിയും അവരാല്‍ കൊല്ലപ്പെട്ട ഭര്‍തൃമാതുലനും മിക്കപ്പോഴും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു അതിനാല്‍ ഭര്‍ത്താവിന്റെ കൊലക്ക് പിന്നിലെ പ്രേരകം അദ്ദേഹത്തിന്റെ മദ്യപാനശീലമല്ലെന്നു വരുന്നു. 

മിക്കവാറും കൊലപാതക പരമ്പരകളില്‍ ആദ്യത്തെ കൊലപാതകം ക്ഷിപ്രസാധ്യമായിക്കൊള്ളണമെന്നില്ല. അനുഭവപരിചയത്തിന്റെ അഭാവത്താല്‍ രണ്ടോ മൂന്നോ ശ്രമങ്ങള്‍ക്ക് ശേഷമാണ്  കൊല നടക്കുന്നത്. കൂടത്തായി കേസിലെ ആദ്യ ഇരയായ (Victim) അന്നമ്മക്ക് മുമ്പും ഭക്ഷണത്തില്‍ കീടനാശിനി നല്‍കിയതായും അളവ് കുറഞ്ഞതിനാല്‍ വൈദ്യസഹായത്തിലൂടെ അവരതിനെ അതിജീവിച്ചതായും മൊഴികളിലുണ്ട്. വീഴ്ച മനസ്സിലാക്കിയ മുഖ്യപ്രതി അടുത്ത ശ്രമത്തില്‍ ശരിയായ ആസൂത്രണത്തോടെ കൃത്യം നടത്തുകയും വിജയിക്കുകയും ചെയ്യുന്നു. ഇതേപോലെ തന്നെയാണ് ഷാജുവിന്റെ (രണ്ടാം ഭര്‍ത്താവ്) ആദ്യഭാര്യ സിലി മരിച്ച കേസിലും കാണാനാവുന്നത്. എല്ലാ പരമ്പരക്കൊലയാളികള്‍ക്കും ആദ്യ കൊലപാതകത്തിനു ശേഷം പിടിക്കപ്പെടാത്തതിനാല്‍ തന്നിലുള്ള വിശ്വാസം വര്‍ധിക്കുകയും കുറച്ചുകൂടെ കാര്യക്ഷമമായി കൊലകള്‍ നടത്താന്‍ അവര്‍ തയാറെടുക്കുകയും ചെയ്യുന്നു. ഈ സമയത്തെ Cooling off period  എന്നാണ് ക്രിമിനോളജിയില്‍ വിശേഷിപ്പിക്കുന്നത്. ജോളി തന്നെപറയുന്നത് ആദ്യ കൊലപാതകത്തില്‍ ആര്‍ക്കും സംശയം തോന്നാതിരുന്ന സാഹചര്യത്തിലാണ് മറ്റു കൊലകള്‍ നടത്താന്‍ തനിക്ക് പ്രയാസം തോന്നാതിരുന്നത് എന്നാണ്. 
പതിനാറു വര്‍ഷക്കാലയളവിനിടയില്‍ ആറു കൊലപാതകങ്ങളും മറ്റു കൊലപാതകശ്രമങ്ങളും നടത്തിയ ഒരു സ്ത്രീ പിടിക്കപ്പെടാതെ സമൂഹത്തില്‍ അന്തസ്സോടെ ജീവിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം അവരുടെ വ്യക്തിഗത കഴിവ് മാത്രമാകില്ല. മറ്റു പലരുടെയും പലവിധ സഹകരണങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ടാവണം. സാധാരണ ഗതിയില്‍ Serial killing-ല്‍ കൊലപാതകിക്ക് മാത്രമേ കൊലകളെക്കുറിച്ച് വിവരമുണ്ടാവുകയുള്ളു. മാത്രമല്ല മിക്ക കേസിലും പ്രചോദനം എന്തുമാവട്ടെ അപരിചിതരാണ് കൊലകള്‍ക്കിരകളാക്കപ്പെടാറുള്ളത്. ഇവിടെ ഒരു കുടുംബത്തിലെ ആറു പേരെ കൊന്ന ശേഷവും നാട്ടുകാര്‍ക്കോ കുടുംബക്കാര്‍ക്കോ കാര്യമായ സംശയവും പരാതിയും (കുടുംബത്തിലെ ചിലര്‍ക്കൊഴികെ) ഇല്ലാതിരുന്നു എന്നതില്‍ വ്യക്തതക്കുറവുണ്ട്. ഉന്നത കലാലയത്തിലെ അധ്യാപിക എന്ന നിലയിലും (അത് വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു) മികച്ച സ്വഭാവം കാഴ്ചവെച്ചതിനാലും നാട്ടുകാര്‍ക്ക്  സംശയം വരാത്തതില്‍ അത്ഭുതമില്ല. എന്നാല്‍ ഭയത്തിന്റെ നിഴലില്ലെങ്കില്‍ തീര്‍ച്ചയായും ഒരുപാട് കാലം മുമ്പേ വെളിപ്പെടേണ്ട ഒന്നായിരുന്നു കൂടത്തായി കേസ്.
ജീവിതശൈലികളില്‍ സംഭവിച്ച ധാര്‍മിക-മൂല്യച്യുതിയിലേക്കും തന്മൂലമുള്ള കുറ്റകൃത്യങ്ങളിലേക്കും ഈ കേസ് വലിയ തോതില്‍ വെളിച്ചം വീശുന്നുണ്ട്. പവിത്രമായ സ്ഥാനത്തുള്ളവരായി സമൂഹം പരിഗണിക്കുന്നവരുമൊത്ത് മദ്യപിക്കുന്നതും, ഏത് പൈശാചികമാര്‍ഗത്തിലൂടെയും സമ്പത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നതും, സ്വന്തം ഭര്‍ത്താവിന്റെ കൊലക്ക് രണ്ടുനാള്‍ കഴിഞ്ഞ് വേറൊരാളുമൊത്ത് മറ്റൊരിടത്ത് കഴിച്ചുകൂട്ടുന്നതും, മറ്റുള്ളവരുമായി വഴിവിട്ട ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നതും, ആര്‍ഭാടജീവിതം നയിക്കുന്നതും മറ്റും കാണിക്കുന്നത് ധാര്‍മികമായി അമ്പേ പരാജയപ്പെട്ട ഒരു ഹൃദയത്തിന്റെ സാന്നിധ്യമാണ്. 
ക്രിമിനോളജിയില്‍ സര്‍വാംഗീകൃതമായ ഒരു ചൊല്ലുണ്ട്: 'ഓരോ കുറ്റകൃത്യത്തിലും ദൈവം ഒരൊപ്പു ചാര്‍ത്തുന്നു; ആ ഒപ്പാണ് ആ കുറ്റകൃത്യത്തെ വെളിപ്പെടുത്തുന്നത്.'
സമൂഹത്തില്‍ കുറ്റകൃത്യവാസനയുള്ളവര്‍ ധാരാളമുണ്ടെങ്കിലും തന്നിലെ ധാര്‍മികതയും നിലവിലെ ശിക്ഷാനടപടികളോടുള്ള ഭയവുമാണ് കുറ്റകൃത്യങ്ങളില്‍നിന്ന് വ്യക്തികളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍; മറ്റൊന്ന് ശക്തമായ ദൈവികചിന്തയും. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതില്‍നിന്ന് വ്യക്തിയെ പിന്തിരിപ്പിക്കുന്ന ആ മതിലുകളെ ആസക്തികളുടെ മഴവെള്ളപ്പാച്ചില്‍ തകര്‍ക്കുമ്പോഴാണ് 'കൂടത്തായികള്‍' ഉണ്ടാവുന്നത്. നിലവിലെ നീതിന്യായവ്യവസ്ഥക്ക് കുറ്റകൃത്യങ്ങളുടെ വ്യാപനം തടയുന്നതില്‍ ഒരുപരിധിവരെ വിജയിക്കാനേ കഴിയൂ. ബാക്കിഭാഗത്തെ വിജയിപ്പിക്കുന്നത് വ്യക്തിയില്‍ അന്തര്‍ലീനമായ ധാര്‍മിക-മൂല്യചോദനകളാണ്. അത്തരം ധാര്‍മിക-മൂല്യചോദനകളെ പരിപോഷിപ്പിക്കുന്നവയാവണം സാമൂഹികാന്തരീക്ഷം. ഓരോ കൂടത്തായിയും യഥാര്‍ഥത്തില്‍ വെളിപ്പെടുത്തുന്നത് അല്ലെങ്കില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തെ തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം. ട

(ലേഖകന്‍ മദ്രാസ് സര്‍വകലാശാലയില്‍ ക്രിമിനോളജി വിഭാഗത്തില്‍ ഗവേഷകനാണ്).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top