ദൈവസ്‌നേഹ നിറവില്‍

ഫസ്‌ന മിയാന്‍ No image

തേടിയതൊക്കെയും, തീവ്രമായി, വിശ്രമമില്ലാത്ത പ്രയത്‌നങ്ങളത്രയും എന്തിനായിരുന്നു. കാലുകള്‍ക്ക് തളര്‍ച്ചയില്ലാതെ ദാഹമറിയാതെ നടന്നടുത്തതൊക്കെയും എന്തിലേക്കായിരുന്നു. കൂട്ടിയും കിഴിച്ചും കണക്കു നോക്കാതെ നമ്മെ നാം സമര്‍പ്പിച്ചത് ഇഷ്ടങ്ങള്‍ക്ക് മാത്രമായിരുന്നല്ലോ.
അവിടെ വരുംവരായ്കകള്‍ക്കും ലാഭനഷ്ടങ്ങള്‍ക്കും സ്ഥാനമില്ലായിരുന്നു. 'സ്‌നേഹം' എന്ന ഒരൊറ്റ പദം മാത്രം. പറയാനാവാത്തത്രയും വികാരങ്ങള്‍ ഉള്‍ച്ചേര്‍ന്ന പദം.
സ്‌നേഹസമര്‍പ്പണങ്ങളുടെ എത്ര കഥകളാണ് കണ്ടതും കേട്ടതും. എന്തിനോടുള്ള തീവ്ര പ്രണയമാണോ അതായി മാറുന്നവരാണ് മനുഷ്യര്‍. അതിനെ കുറിച്ചുള്ള ഓര്‍മകളാണ് ജീവിക്കാനുള്ള ഊര്‍ജം നല്‍കുന്നത്. ചരിത്രത്തെ ആവേശം കൊള്ളിച്ച വിപ്ലവകാരികളെയും കലാകാരന്മാരെയും എല്ലാം എത്ര തീവ്രമായാണ് നമ്മള്‍ നെഞ്ചോട് ചേര്‍ത്തത്!
'എന്നെയോര്‍ത്താല്‍ ഞാന്‍ നിന്നെയോര്‍ക്കാം' എന്ന വാഗ്ദാനം തെറ്റിക്കാത്തവന്‍ നല്‍കിയ ഉറപ്പാണ് കരുത്ത്. തസ്ബീഹുകളര്‍പ്പിക്കാന്‍ മത്സരിക്കുന്ന മലാഇകത്തുകള്‍ ആശങ്കപ്പെട്ടപ്പോള്‍, നാമങ്ങള്‍ പഠിപ്പിച്ച് ആദി പിതാവിന് ജന്മം നല്‍കിയവന്‍, കൂട്ടായി അവനില്‍നിന്ന് അവളെയും പടച്ചവന്‍, ചുറ്റിലുമുള്ള അനുഗ്രഹങ്ങള്‍ ആസ്വദിക്കാന്‍ കല്‍പിച്ചവന്‍ ഒരൊറ്റ ഫലം മാത്രമേ സ്‌നേഹത്തോടെ അരുതെന്ന് പറഞ്ഞുള്ളൂ. ആ സ്‌നേഹമൊന്നോര്‍ത്തുനോക്കൂ, അവനിലേക്കൊന്നടുത്തുനോക്കൂ, അത്ഭുതങ്ങളുടെ കലവറയായ സ്‌നേഹപ്പെയ്ത്തു കാണാം. അവനെ മാത്രം ഉള്ളിലെടുത്ത് ബലിയര്‍പ്പിക്കുമ്പോള്‍ ആശങ്കയൊട്ടുമില്ലായിരുന്നു ഹാബീലിന്. സ്വന്തം നേര്‍ക്കുയര്‍ന്ന ആയുധത്തെ ഒരു പുഞ്ചിരികൊണ്ട് ഏറ്റുവാങ്ങാന്‍ കരുത്തായത് ആ സ്‌നേഹമായിരുന്നു. ഒരു പൂ വിരിയുംപോല്‍ അത്ഭുതപ്പെടുത്തി വളരുന്ന മക്കളോട് നമുക്കെത്ര കരുതലാണ്. അതിലേറെ പ്രിയത്തോടെ, കൗതുകത്തോടെ നോക്കിയിരിപ്പുണ്ട് റബ്ബെന്ന് പ്രവാചകന്‍ സ്വഹാബത്തിന് ഉറപ്പ് നല്‍കുന്നുണ്ട്. 
ജീവിതാനുഭവങ്ങള്‍ നമ്മെ ഉറപ്പുള്ളതാക്കുന്നു. എല്ലാത്തിനും ഹംദര്‍പ്പിക്കുന്ന വിശ്വാസിയെ അത്ഭുതമെന്ന് പറയുന്നുണ്ട് ഹബീബുല്ലാഹ്. അടക്കത്തിലും അനക്കത്തിലും അവനിലേക്ക് മാത്രം നടക്കുന്നവന്‍. നന്മകള്‍ മാത്രമേ അവന്‍ നല്‍കൂ എന്ന ഉറപ്പ് മനസ്സ് നിറച്ചുള്ളപ്പോള്‍ പരിഭവമേതുമില്ലാതെ അവനിലേക്ക് ചായുന്നവനുമാണ്. അത്ഭുതങ്ങള്‍ക്കപ്പുറമുള്ള ലോകമെന്നാണ് അല്ലാഹുവോടുള്ള ഇഷ്ടത്തിന്റെ ചരിത്രം നമ്മോട് പറയുന്നത്.
നൂറ്റാണ്ടുകള്‍ ദൈവത്തെക്കുറിച്ച് ലോകരോട് പറയാന്‍ മടിയേതും നൂഹി(അ)ന് ഇല്ലാതെ പോയത് അളക്കാനാവാത്ത സ്‌നേഹം അവനോട് മാത്രം ഉള്ളതിനാലായിരുന്നു. ചെവിയിലോതിക്കൊടുത്ത പ്രളയത്തെ കുറിച്ചുള്ള മുന്നറിയിപ്പില്‍ കപ്പലുണ്ടാക്കിയപ്പോള്‍, കണക്കിനു കിട്ടിയ കളിയാക്കലുകളെ നൂഹ് (അ) ചിരിച്ചു തള്ളിയതും അതുകൊണ്ടായിരുന്നു. അതിനുള്ള ഉത്തരമായിരുന്നു, അടുപ്പില്‍നിന്ന് ഉറവ പൊട്ടിയ ലോകത്ത് ആ കൂട്ടത്തെ മാത്രം ജൂദിപര്‍വതത്തിന് മുകളിലേക്ക് വഴി നടത്തിയത്.
അതിരുകളും വിലക്കുകളുമില്ലാത്ത ലോകത്തും പിതാവാരെന്നറിയാത്ത ജന്മം വലിയ ചോദ്യചിഹ്നമാണ്. പവിത്രമായ പള്ളി മിഹ്‌റാബില്‍നിന്നും മര്‍യം ബീവി ചുറ്റിലുമുള്ള ചോദ്യങ്ങളിലേക്ക് ഈസാ പ്രവാചകനെ മാറോട് ചേര്‍ത്ത് ഇറങ്ങി വന്നത് നാഥന്റെ സ്‌നേഹപൂര്‍വമുള്ള പറച്ചിലിനെ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.
തിളക്കുന്ന എണ്ണകള്‍ക്ക്, കാതങ്ങള്‍ക്ക് മുകളില്‍ പറക്കുന്ന പക്ഷികള്‍ ചിറകറ്റു വീഴുന്ന തീണ്ഡാരങ്ങള്‍ക്ക്, ദൈവമെന്ന് ധാര്‍ഷ്ട്യമുള്ളവന്റെ ക്രൂരതക്ക്, വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപരോധ പ്രഖ്യാപനങ്ങള്‍ക്ക്, ഭാവനയില്‍ കടന്നുവരാത്തത്രയും വലിയ ക്രൂരതകള്‍ക്ക് മുന്നില്‍ തളരാതെ അവനിലേക്ക് നടന്നടുത്ത വിശ്വാസികളുടെ ഹൃദയങ്ങള്‍ക്ക് ഒരേ മണമായിരുന്നു. അവനോടുള്ള പ്രണയത്തിന്റെ മണം.
'ഒരു ചാണടുക്കുന്നവനിലേക്കൊരു മുഴം, നടന്നടുക്കുന്നവനിലേക്കോടിയടുക്കും.' എത്ര സ്‌നേഹാര്‍ദ്രമാണ് അല്‍വദൂദെന്ന് പേരുള്ളവന്റെ ഓര്‍മപ്പെടുത്തലുകള്‍. മുഴക്കാവുന്നത്ര ഉച്ചത്തില്‍ 'അഹദെ'ന്ന് യാസിര്‍ കുടുംബത്തിന് മുഴക്കാന്‍ കരുത്തായത് അതു മാത്രമായിരുന്നു. അവനായി എരിയാന്‍ ഇനിയും ശരീരങ്ങളുണ്ടായെങ്കിലെന്ന് കുരിശില്‍ തൂങ്ങി പാട്ടു പാടാന്‍ കെല്‍പ്പായതും അതുതന്നെ. അവനെ ഓര്‍ത്ത് ഉറച്ച് നിന്ന യൗവനത്തെ കാലമെത്രയാണാ ഗുഹക്കുള്ളില്‍ അവന്‍ കാവലിരുന്നുറക്കിയത്. ഇസ്‌ലാംഭീതിയുടെ ലോകത്ത് പതര്‍ച്ചയേതുമില്ലാതെ ഉറച്ചു നില്‍ക്കാന്‍ നമുക്ക് ഉറപ്പാവേണ്ടത് ആ കരുതലാണ്.
സ്‌നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും ദിവ്യഗ്രന്ഥം നമ്മോട് സംസാരിച്ചത്. പ്രവാചകരെത്ര പറഞ്ഞു, അവന്റെ സ്‌നേഹത്തെ കുറിച്ച്, അവനോടുള്ള സ്‌നേഹത്തെ കുറിച്ച്. അവന്റെ സ്‌നേഹം, അവനെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹം, അവന്റെ സ്‌നേഹം നിറക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കണേ എന്നുള്ള പ്രാര്‍ഥനകള്‍ ഇതൊക്കെയാണ് മുഅ്മിനിന്റെ തേട്ടങ്ങള്‍. അവനെ കാണാന്‍, അവനോട് മിണ്ടാന്‍, അവനിലേക്കടുക്കാന്‍, ആയുസ്സിലെ നിമിഷങ്ങളെ പെറുക്കിവെക്കുന്നവനാണ് വിശ്വാസി.
അവനെ മാത്രം ഓര്‍ത്തു ജീവിക്കുന്നവര്‍ക്ക്, ആരാധനകള്‍, ജീവിതമൂല്യങ്ങള്‍ എല്ലാം അവനോടുള്ള പ്രണയത്തിന്റെ അടയാളങ്ങള്‍ മാത്രമാണ്.
അവനെ മാത്രം പ്രാര്‍ഥിക്കാനാദ്യമുണ്ടാക്കിയ ഗേഹത്തിലേക്ക് പ്രതീക്ഷയോടെ നടക്കാന്‍ എല്ലാം മുഅ്മിനിനുണര്‍വായത് അനന്തമായ ആ കാരുണ്യം മാത്രമാണ്. ചുറ്റിലുമുള്ള തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റാന്‍ സ്‌നേഹത്തിനേ കഴിയൂ. ഗുരു ശിഷ്യന് പറഞ്ഞു കൊടുക്കുന്നുണ്ട്, പേമാരിയെയും മിന്നലിനെയും വിഷജന്തുക്കളെയും കുത്തിയൊഴുകുന്ന പ്രളയത്തെയും കാതടപ്പിക്കുന്ന ഇടിയെയും വകവെക്കാതെ, പ്രണയിനിയെ അന്വേഷിച്ച് പോയവന്റെ കഥ. തടസ്സങ്ങളൊക്കെയും അവസരങ്ങളാക്കിയവന്‍ അതുപോലെ ജീവിതത്തെ നാഥനിലേക്ക് പ്രണയപൂര്‍വം ചേര്‍ത്തുവെക്കാന്‍, പ്രലോഭനങ്ങളെ, പ്രതിസന്ധികളെ പ്രതീക്ഷയാക്കി മുന്നേറാന്‍. സ്‌നേഹത്തിന്റെ ആദ്യവാക്കും അവസാന വാക്കും ആയവരുടെ ലോകമൊന്ന് നോക്കൂ, എത്ര മനോഹരമാണത്. ഒരു മനുഷ്യായുസ്സിലെ പരീക്ഷണങ്ങളൊക്കെയും ക്ഷമയോടെ ഏറ്റുവാങ്ങിയ ഹബീബിനവന്‍ താങ്ങായത്. 
സ്‌നേഹിക്കുന്നവരെ കുറിച്ചുളള ഓര്‍മ മതി കണ്ണു നിറയാന്‍. ഗുരു അബൂബക്കര്‍ ശിബ്‌ലി, അടുപ്പില്‍ വെച്ച വിറകിന്റെ ഒരു തല കത്തുന്നതും, മറ്റേ തലയിലൂടെ പുക പുറത്ത് വരുന്നതും കണ്ട് ശിഷ്യന്മാരോട് പറഞ്ഞു: 'നിങ്ങളുടെ കണ്ണുകളിലൂടെ കണ്ണുനീര്‍ പുറത്ത് വരുന്നത് കാണാതിരിക്കെ നിങ്ങളുടെ ഹൃദയങ്ങള്‍ ദൈവപ്രേമത്താല്‍ കത്തുന്നുണ്ടെന്ന് ഞാനെങ്ങനെ വിശ്വസിക്കും.' അവനെയോര്‍ത്ത് പ്രകമ്പനം കൊള്ളുന്ന ഹൃദയത്തിനുടമകള്‍ എത്ര ധന്യര്‍. കമലാ സുറയ്യ എഴുതിയിട്ടുണ്ട്; 
'നീയാെണന്റെ കുടുംബം
നീയാണെന്റെ ബന്ധു
ഇന്നെന്റെ നാലുകെട്ടില്‍ ഒഴിഞ്ഞ നെല്ലറകളില്ല.
നീ പ്രവേശിക്കാത്ത കവാടങ്ങളില്ല
നീ ശയിക്കാത്ത സപ്രമഞ്ചങ്ങളില്ല.
നീ വിഹരിക്കാത്ത ഉദ്യാനങ്ങളില്ല.
നീ നീന്താത്ത ജലാശയങ്ങളില്ല.
ഒടുവിലത്തെ തറവാട് നിന്റേതാണ് തമ്പുരാനെ
നീര്‍മാതളപ്പൂവിന്റെ സുഗന്ധമെന്ന പോലെ 
എന്നെ നീ തഴുകുന്നു.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top