നീതിയുടെ താങ്ങ്
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളിലും ജൂഡീഷ്യറിയിലുമുള്ള വിശ്വാസത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതും ബലവത്താക്കുന്നതുമായ വിധിയാണ് ഇക്കഴിഞ്ഞ ദിവസം ഉണ്ടായത്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളിലും ജൂഡീഷ്യറിയിലുമുള്ള വിശ്വാസത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതും ബലവത്താക്കുന്നതുമായ വിധിയാണ് ഇക്കഴിഞ്ഞ ദിവസം ഉണ്ടായത്. നീതിന്യായ വ്യവസ്ഥിതിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കുള്ള നീതിയുടെ വെളിച്ചമായിരുന്നു ജൂണ്‍ 10-ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും പുറപ്പെടുവിച്ച ആ വിധി. കുറ്റകൃത്യത്തിനും പൈശാചികതക്കും നേരെ ജാതിയുടെയും മതത്തിന്റെയും വംശീയതയുടെയും മുന തിരിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള മനഃസ്ഥിതി സമൂഹം ആര്ജിക്കുന്നതിനിടയില് വ്യവസ്ഥാപിതമായ ഭരണഘടനയും ഉറച്ച നീതിബോധവും നീതിബോധത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥിതിയും സ്വന്തമുള്ള രാജ്യമാണ് നമ്മുടേതെന്ന് എല്ലാ പൗരന്മാരെയും ഓര്‍മിപ്പിക്കുകയാണ് ഈ വിധി.
കഴിഞ്ഞ വര്‍ഷം ജനുവരി 10-ന് ജമ്മുവിലെ കഠ്വ ജില്ലയിലെ ബക്കര്‍വാല്‍ സമുദായത്തില്‍ പെട്ട നാടോടിപ്പെണ്‍കുട്ടിയെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ തടഞ്ഞുവെച്ച് കൂട്ട ബലാത്സംഘത്തിനിരയാക്കി മൃഗീയമായി കൊലപ്പെടുത്തി മനസ്സാക്ഷിയെ ഞെട്ടിച്ചവര്‍ക്കുള്ള ശിക്ഷാവിധിയാണിത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും സംഭവം മൂടിവെക്കാന്‍ സഹായിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നീതിയുടെ വാള് തൂങ്ങിയത്. പ്രതികള്‍ക്കെതിരെ ജീവപര്യന്തമടക്കമുള്ള ശിക്ഷകളാണ് കോടതി പുറപ്പെടുവിച്ചത്. നിഷ്കളങ്കയായ ഒരു കുട്ടിയുടെ കൊലപാതകത്തിലൂടെ ചില സന്ദേശങ്ങള്‍ നല്‍കാനായിരുന്നു പ്രതികള്‍ ശ്രമിച്ചത് എന്ന് ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പ്രദേശത്തെ ന്യൂനപക്ഷ മുസ്ലിംകളായ ബക്കര്‍വാല്‍ ഗുജ്ജാര്‍ സമുദായക്കാരെ പേടിപ്പിച്ച് ആട്ടിയോടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇത്. അതുകൊണ്ടുതന്നെ തുടക്കം മുതലേ കുറ്റവാളികളെയും ഇരകളെയും മതജാതി തിരിച്ച് വംശീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ തുടക്കം മുതലേ കൊണ്ടുപിടിച്ച ശ്രമങ്ങളും ഉണ്ടായിരുന്നു.
ദേശീയതയുടെ പേരില്‍ കൂട്ട ക്കൊലപാതകങ്ങളും അതിക്രമങ്ങളും നടത്തി നീതിയും നിയമവും കൈയിലെടുത്ത് ദേശീയതയുടെ പേരില്‍ ചില സമുദായങ്ങളെ അരികുവല്‍ക്കരിക്കുന്ന തരത്തിലുള്ള മനോഗതി നാട്ടില്‍ കൊണ്ടുപിടിച്ച് നടത്താനും ചിലരുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാവുന്ന പശ്ചാത്തലത്തിലാണ് ഇത്തരം വിധിതീര്‍പ്പുകള്‍ വരുന്നത്. നമ്മുടെ ഭരണഘടനയും നീതി സംവിധാനങ്ങളും ഉയര്‍ന്നു നില്‍ക്കുന്നത് ഇവിടെയാണ്. മതജാതി ഭേദമില്ലാതെ കുറ്റവാളികളെ സമൂഹത്തിനു മേല്‍ തുറന്നുകാട്ടുകയും അര്‍ഹിക്കുന്ന ശിക്ഷ വിധിക്കുകയും ചെയ്യുന്ന വിധികള്‍ സമൂഹ മനസ്സാക്ഷിയെ വികൃതമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ്. നീതിബോധമുള്ളൊരു ജനതയായി നമുക്ക് നിലനില്ക്കാന് ഇത്തരം വിധിന്യായങ്ങള്‍ കാരണമാകട്ടെ.