നബി തിരുമേനിയുടെയും ബീവി ഖദീജയുടെയും അനുഗൃഹീത ദാമ്പത്യത്തിന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴായിരുന്നു സൈനബിന്റെ ജനനം. പത്തു വയസ്സ് പൂര്‍ത്തിയാവുന്നതിനു മുമ്പെ സൈനബ് വിവാഹിതയായി. ഖദീജയുടെ സഹോദരീപുത്രന്‍ അബുല്‍ആസ്വ് ആയിരുന്നു വരന്‍.
അബുല്‍ ആസ്വിന്റെ വീട്ടില്‍ വെച്ച് വളരെ സന്തോഷകരമായി നടന്ന ചടങ്ങുകള്‍ക്ക് ശേഷം, ഖദീജ വിവാഹത്തിന് തൊട്ടുമുമ്പ് താമസിച്ചിരുന്ന വീട് അവര്‍ക്ക് നല്‍കുകയും, നവദമ്പതികള്‍ പരിചാരക വൃന്ദത്തോടൊപ്പം അങ്ങോട്ടു താമസം മാറ്റുകയും ചെയ്തു. പ്രസ്തുത ഭവനം മക്കയിലെ വിശുദ്ധ ഹറമിന്റെ ദൃശ്യ പരിധിയില്‍ പെടുന്ന 'അജ്‌യാദി'ല്‍ തന്നെ ആയിരുന്നതിനാല്‍ തിരുമേനിക്കും ഖദീജക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും അവരുമായുള്ള നിത്യ സമ്പര്‍ക്കത്തിന് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.
വളരെ സുന്ദരമായിരുന്നു അവരുടെ ദാമ്പത്യജീവിതം. വിവാഹാനന്തര ഊഷ്മള പ്രണയത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രത്തില്‍ ആ ജീവിതം ശാശ്വതമായി ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
അങ്ങനെ അധികകാലം കഴിയുന്നതിനു മുമ്പ് നബി തിരുമേനിക്ക് പ്രവാചകത്വ നിയോഗമുണ്ടായി. മറ്റെല്ലാ നിലകളിലും അതി ബുദ്ധിമാനും സല്‍ഗുണ സമ്പന്നനുമെന്ന് കീര്‍ത്തി പെറ്റ അബുല്‍ ആസ്വ് പക്ഷേ ഇസ്‌ലാമിക വൃത്തത്തിലേക്ക് കടന്നുവരാന്‍ ബുദ്ധി കാണിച്ചില്ല. ഇസ്‌ലാം സ്വീകരിച്ചാല്‍ അത് ഭാര്യയുടെ മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായതാണെന്നു വ്യാഖ്യാനിക്കപ്പെടുമോ എന്ന ദുരഭിമാന ശങ്കയായിരുന്നു അദ്ദേഹത്തിനുണ്ടായതെന്ന് മനസ്സിലാക്കാനാവുന്നുണ്ട്. ഈവിധം ചില സൂചനകള്‍ അബുല്‍ ആസ്വില്‍നിന്ന് ലഭിച്ചിട്ടുമുണ്ട്.
അതേസമയം നബിതിരുമേനിയുടെ ഇസ്‌ലാമിക പ്രബോധനത്തോടുള്ള വിരോധം മൂലം, ഖുറൈശികള്‍ സൈനബിനെ പരിത്യജിക്കാന്‍ അബുല്‍ ആസ്വിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹമതിനെ രൂക്ഷമായി എതിര്‍ത്തു. മാത്രമല്ല, മക്കയിലെ ഒരു തരുണിയും എന്റെ പ്രിയതമക്ക് പകരമാവില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണെങ്കില്‍ പോലും ഇഷ്ട പത്‌നി സൈനബിന്റെ മതവിശ്വാസ-ആരാധനാദി കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുകയുണ്ടായില്ല. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ മാന്യമായ ഒരു മതേതര നിലപാട്. ഈ നിലയില്‍ സൈനബിനു പ്രത്യക്ഷത്തില്‍ മറ്റു പ്രയാസങ്ങളൊന്നും അനുഭവപ്പെടാത്തതിനാലും, ഇസ്‌ലാമിക ദാമ്പത്യ നിയമങ്ങള്‍ പൂര്‍ണമായി അവതീര്‍ണമാകാത്തതിനാലും ആ ബന്ധം ബദ്ര്‍ യുദ്ധം വരെ അതേപടി തുടര്‍ന്നു.
ചരിത്രബോധത്തോടെ ചിന്തിക്കുമ്പോഴാണ് പ്രവാചക നിയോഗം മുതല്‍ ബദ്ര്‍ വരെയുള്ള കാലയളവിനു പതിനഞ്ചു വര്‍ഷം ദൈര്‍ഘ്യം ഉണ്ടായിരുന്നു എന്ന് മനസ്സിലാവുക. അതിനിടയില്‍ സൈനബിന്റെ യഥാര്‍ഥ ജീവിതം എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കണമെങ്കില്‍, ഈ ഒന്നരപ്പതിറ്റാണ്ടില്‍ തിരുകുടുംബം ഏതെല്ലാം വൈതരണികള്‍ തരണം ചെയ്തു എന്നുകൂടി അറിയണം.
ഇക്കാലയളവില്‍ മാതാപിതാക്കളായ റസൂലും ഖദീജയും ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തില്‍ സഹിച്ച വേദനകള്‍ക്ക് കണക്കില്ല.
സഹോദരി റുഖിയ്യ മക്കയില്‍ മുസ്‌ലിമത്തായി ജീവിക്കാനാവാതെ ഭര്‍ത്താവിനോടൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്തു.
ഖുറൈശികള്‍ ബനൂ ഹാശിമിനെതിരെ മൂന്നു വര്‍ഷം ദീര്‍ഘിച്ച കര്‍ക്കശമായ ഉപരോധം ഏര്‍പ്പെടുത്തി.
സൈനബിന്റെ ഏറെ പ്രിയപ്പെട്ട മാതാപിതാക്കളും, സഹോദരിമാരായ ഉമ്മുകുല്‍സൂമും കൊച്ചു ഫാത്വിമയും പട്ടിണിയുടെയും പരിവട്ടത്തിന്റെയും തീക്കടല്‍ നീന്തി ഉപരോധം മറികടക്കാന്‍ ഏറെ കിതച്ചു. അതിന്റെ ആഘാതമെന്നോണം, തൊട്ടുടനെ മാതാവ് ഖദീജ പരലോകപ്രാപ്തയായി.
ഖദീജയുടെ ത്യാഗധന്യമായ ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തങ്ങളില്‍, അവരെ മരണശയ്യയില്‍ സന്ദര്‍ശിക്കുമ്പോള്‍ പോലും സൈനബിന്റെ കൂടെ വന്ന അബുല്‍ ആസ്വ് വിശ്വാസി ആയിരുന്നില്ല. പിന്നെ, റസൂലും സത്യവിശ്വാസികളും, എല്ലാ സമ്പാദ്യങ്ങളും, സര്‍വോപരി നൂറ്റാണ്ടുകളുടെ കുടുംബ പാരമ്പര്യങ്ങളും പരിത്യജിച്ച് മദീനയിലേക്ക് പലായനം ചെയ്തു.
തീക്ഷ്ണമായ ഈ ചരിത്രഘട്ടങ്ങളിലെല്ലാം ഒരു കേള്‍വിക്കാരിയോ കാഴ്ചക്കാരിയോ ആയി കരളുരുക്കത്തോടെ കഴിയാനായിരുന്നു സൈനബിന്റെ വിധി. അതായത് നബിതിരുമേനിയുടെ ആ കടിഞ്ഞൂല്‍ പുത്രിയുടെ ഇടനെഞ്ചില്‍ ഇക്കാലമത്രയും, സദാ ആരും കാണാത്ത ഒരു നെരിപ്പോട് എരിയുകയിരുന്നു. ചരിത്രകര്‍ത്താക്കളും വേണ്ടും വിധം ഈ ദുഃഖപുത്രിയുടെ മനസ്സ് വായിച്ചില്ല.
മുസ്‌ലിംകളുടെ മദീനാ പലായനത്തിന്റെ ദ്വിതീയ വര്‍ഷം ആകസ്മികമെന്നോണം ബദ്ര്‍ യുദ്ധ സാഹചര്യങ്ങള്‍ ഒത്തുകൂടി. മുഹമ്മദിന്റെയും മദീനയിലെ നവജാത ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും നിഷ്‌കാസനത്തിന് ഒത്തു വന്ന അസുലഭാവസരം എന്ന നിലയില്‍ ഖുറൈശികള്‍ തികഞ്ഞ ആത്മ ഹര്‍ഷങ്ങളോടെ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു. മുഹമ്മദിന്റെ കഥ കഴിക്കുക എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം.
ത്യാഗിനിയായ സൈനബാവട്ടെ നബി തിരുമേനിയുടെയും, മൂന്ന് അനുജത്തിമാരുടെയും മദീനാ പലായനത്തോടെ, ഒരര്‍ഥത്തില്‍ അനേക ദുഃഖങ്ങളുമായി മക്കയില്‍ ഒറ്റപ്പെട്ടുകഴിയുന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. അന്തരീക്ഷത്തിലുയരുന്ന യുദ്ധവെറിയുടെ തെറിവാക്യങ്ങള്‍ അവര്‍ക്ക് നന്നായി കേള്‍ക്കാം. ആ ഉന്മാദികള്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് നന്നായറിയാം. ബദ്‌റില്‍ എത്തിയ മുഹമ്മദിന്റെയും, മുന്നൂറില്‍പരം അനുയായികളുടെയും തലയറുത്തു, മൂന്നു ദിവസം തിന്നു കുടിച്ചു മത്തടിച്ചു കഴിയും എന്ന പ്രഖ്യാപനത്തോടെ അബൂജഹ്‌ലും സംഘവും അതാ സംഗീതധ്വനികളുടെയും അഹന്തയുടെയും ആരവങ്ങളോടെ പുറപ്പെട്ടുപോകുന്നു. ഏറ്റവും പുറകില്‍, സാഹചര്യ സമ്മര്‍ദങ്ങളാല്‍ നിര്‍ബന്ധിതനായി തന്റെ ഭര്‍ത്താവ് അബുല്‍ ആസ്വും ആ സംഘത്തോടൊപ്പം ചേര്‍ന്നു പോകുന്നത് നിറകണ്ണുകളോടെ നോക്കിനില്‍ക്കേണ്ടിവന്നു സൈനബിന്. ഈ നിമിഷങ്ങളില്‍ സൈനബിന്റെ മനോനില എത്രമാത്രം ചൂടാര്‍ന്നതായിരുന്നു എന്ന് ആരും വിവരിച്ചിട്ടുമില്ല.
ആ മാല
ബദ്‌റിലേക്ക് കാതോര്‍ത്തു കഴിയുകയായിരുന്നു സൈനബ്. യുദ്ധം തീര്‍ന്നിരിക്കുന്നു. ഹൈസുമാന്‍ അബ്ദുല്ലയാണ് ബദ്‌റിന്റെ വിവരങ്ങള്‍ മക്കക്ക് ആദ്യമായി കൈമാറിയത്. അബൂജഹ്‌ലും ഉത്ബയും ശൈബയും അടക്കം പ്രമുഖരെല്ലാം കൊല്ലപ്പെട്ടു. തോറ്റോടിയവര്‍ ബന്ദികളാക്കപ്പെട്ടു. അഥവാ മക്ക അക്ഷരാര്‍ഥത്തില്‍ ചത്തു പോയിരിക്കുന്നു! കൂടുതല്‍ ശക്തനായ ഒരു മുഹമ്മദ് മദീനയില്‍ പിറന്നിരിക്കുന്നു!
പിതാവും അലിയും ഹംസയും അടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന വിവരം സൈനബിന് നല്ല ആശ്വാസം നല്‍കുന്നുണ്ട്. പക്ഷേ അബുല്‍ ആസ്വ്? അദ്ദേഹത്തിന്റെ വിവരങ്ങള്‍ എന്താണ്? ഉഴറുന്ന മനസ്സുമായി വിവരങ്ങള്‍ തേടി അവര്‍ മക്കയുടെ അതിരിലോളം പോയി. അപ്പോഴാണ് അബുല്‍ ആസ്വ് മുസ്‌ലിംകളാല്‍ തടവിലാക്കപ്പെട്ട വിവരം ലഭിക്കുന്നത്.
ഖുറൈശികളാകട്ടെ, കൊല്ലപ്പെട്ടവരുടെ പേരില്‍ അനുശോചന ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടെന്നും, ബന്ധനസ്ഥരായവരുടെ മോചനത്തിന് മുഹമ്മദിനെ പെട്ടെന്ന് സമീപിക്കേണ്ടതില്ലെന്നും രഹസ്യമായി തീരുമാനിച്ചിരുന്നു. കാരണം അത് മുസ്ലിംകളെ വല്ലാതെ സന്തോഷിപ്പിക്കുമെന്നും മോചനദ്രവ്യത്തിന്റെ കാര്യത്തില്‍ അവരുടെ വിലപേശല്‍ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുമെന്നും അവര്‍ ആശങ്കപ്പെട്ടു. അതിനാല്‍ ദിവസങ്ങളോളം ഖുറൈശികള്‍ മൗനം പാലിച്ചു.
തടവുകാരുടെ കൂട്ടത്തില്‍ നബിതിരുമേനിയെ തന്റെ രചനകളിലൂടെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്ന ഒരു കവി ഉണ്ടായിരുന്നു. അബൂ ഉസ്സ അംറുബ്‌നു ഉമൈര്‍. അയാള്‍ തിരു മുമ്പില്‍ വന്ന് ഇങ്ങനെ കരുണ യാചിച്ചു: 'എനിക്ക് അഞ്ചു പെണ്‍മക്കളാണ് തിരുമേനീ. അവരുടെ സംരക്ഷണത്തിന് ഞാനേ ഉള്ളൂ. ഇനിമേലില്‍ താങ്കളെ ഉപദ്രവിക്കുകയില്ലെന്നു ഇതാ സത്യം ചെയ്യുന്നു.' തിരുമേനി എന്തോ ഓര്‍ത്തിട്ടെന്നപോലെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അയാളെ വിട്ടയച്ചു.
പക്ഷേ ആ മനുഷ്യന്‍ വാക്കുപാലിച്ചില്ല. വീണ്ടും തിരുമേനിയെ തെറി വിളിച്ചു നടന്നു. ഇയാള്‍ പിന്നെ ഉഹുദ് യുദ്ധത്തില്‍ വധിക്കപ്പെടുകയാണുണ്ടായത്.
തിരുമേനിയും സഖാക്കളും നിരന്തരമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ദികളെ മോചനദ്രവ്യം സ്വീകരിച്ചു വിട്ടയക്കാം എന്ന് തീരുമാനമായി. ആയിരം മുതല്‍ നാലായിരം വരെ ദിര്‍ഹം മോചനദ്രവ്യം നല്‍കിയാണ് തടവുകാരുടെ ബന്ധുക്കള്‍ അവരെ മോചിപ്പിച്ചു കൊണ്ടു പോകുന്നത്. വിവരം സൈനബിനും ലഭിച്ചു. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ആവശ്യമായ മുഴുവന്‍ പണവും അവരുടെ കൈയില്‍ ഉണ്ടായിരുന്നില്ല. അല്‍പം പണവും പിന്നെ വിലപിടിപ്പുള്ളതായി തന്റെ കഴുത്തില്‍ കിടക്കുന്ന മാലയും മാത്രമേ അപ്പോള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. നബിതിരുമേനിയുടെ പുതു മണവാട്ടിയായി നിന്ന ആദ്യദിവസം മുതല്‍ പതിനഞ്ചു വര്‍ഷം തന്റെ മാതാവ് കഴുത്തിലണിഞ്ഞിരുന്ന മാല. തന്റെ വിവാഹ നാളില്‍ വിരഹവേദനയാല്‍ വിതുമ്പിയ തനിക്ക് സാന്ത്വനമായി അവര്‍ സ്വകരങ്ങള്‍കൊണ്ട് തന്റെ കഴുത്തിലണിയിച്ച മാല. സൈനബ് ആ മിന്നുന്ന കണ്ഠാഭരണം പതുക്കെ വിറക്കുന്ന വിരലുകളാല്‍ അഴിച്ചെടുത്തു. അപ്പോള്‍ അവരുടെ കണ്ണുകള്‍ ഒരു നൂറു ശോകചിന്തകളാല്‍ തുളുമ്പുന്നുണ്ടായിരുന്നു. അത് ഭംഗിയായി പൊതിഞ്ഞു. അതേപടി മദീനയില്‍ എത്തിക്കാന്‍ ഭര്‍തൃസഹോദരനെ ഭരമേല്‍പ്പിച്ചു.
തടവുകാരെ വാക്കു കൊണ്ടു പോലും പീഡിപ്പിക്കരുതെന്ന് നബിതിരുമേനി സഖാക്കളെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ ആരും അങ്ങനെ അരുതായ്ക ചെയ്തിട്ടല്ല. പക്ഷേ, ഇസ്‌ലാം പ്രായോഗിക ജീവിതത്തില്‍ തെറ്റാതെ പുലരേണ്ടതിന് നേതൃത്വത്തിന്റെ നിതാന്ത ജാഗ്രത വേണമെന്ന് പഠിപ്പിക്കുകയായിരുന്നു തിരുമേനി.
മോചനദ്രവ്യം കിട്ടുന്ന മുറക്ക് ബന്ധപ്പെട്ടവരെ മാന്യമായി മോചിപ്പിച്ചു യാത്രയയക്കുകയായിരുന്നു രീതി. അതിനിടയിലാണ് അബുല്‍ ആസ്വിനു വേണ്ടിയുള്ള മോചനദ്രവ്യം എത്തുന്നത്; നാണയങ്ങള്‍ അടങ്ങിയ ഒരു സഞ്ചിയും ഭംഗിയായി പൊതിഞ്ഞ ഒരു ചെറിയ പൊതിയും. സഖാക്കള്‍ അവ നേരെ തിരുകരങ്ങളില്‍ ഏല്‍പ്പിച്ചു, അബുല്‍ ആസ്വിനു വേണ്ടി തന്റെ പുത്രി സൈനബാണ് മോചനദ്രവ്യം അയക്കുന്നതെന്ന് തിരുമേനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ, ആ പൊതിയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ നിനവില്‍ ഒട്ടും ഉണ്ടായിരുന്നേയില്ല. നബിതിരുമേനി ആ പൊതിയുടെ കെട്ടഴിച്ചു. തിരുമുഖം പൊടുന്നനെ കദനം കൊണ്ടു കെട്ടു. നേത്രങ്ങള്‍ നീരണിഞ്ഞു. അവിടുന്ന് പൊതിയില്‍ കണ്ടത് ആ മാലയണിഞ്ഞ ഖദീജയുടെ കണ്ഠമാണ്. സ്‌നേഹം തുളുമ്പുന്ന അവരുടെ മിഴികളാണ്. ആ ശരീര സാകല്യ സാന്നിധ്യമാണ്. ആദ്യനാള്‍ തൊട്ട് പ്രിയതമയുടെ മഹച്ചരമം വരെയുള്ള സഹ ജീവിതം മുഴുക്കെയാണ്.
തിരുമേനി സമീപത്തുണ്ടായിരുന്ന സഖാക്കളോട് ചോദിച്ചു: 'ഈ ധനമുതലുകള്‍ സൈനബിനു തിരിച്ചുകൊടുത്തശേഷം, അവരുടെ തടവുകാരനെ മോചിപ്പിക്കുന്നതില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും അശേഷം വിയോജിപ്പുണ്ടോ?' നബിതിരുമേനിയുടെ ഭാവം പകര്‍ന്ന മുഖവും നനഞ്ഞ കണ്‍ പീലികളും കണ്ടതോടെ ഹൃദയതാളം തെറ്റിയ അവര്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു. അവര്‍ പറഞ്ഞു: 'ഒട്ടുമില്ല റസൂലേ, അല്ലാഹുവിന്റെയും അങ്ങയുടെയും അഭീഷ്ടം തന്നെയല്ലേ ഞങ്ങളുടെയും ഇഷ്ടം.'
റസൂല്‍ തിരുമേനി അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് സദസ്സില്‍നിന്ന് എഴുന്നേറ്റു. അഭിവാദ്യങ്ങളുമായി നേരെ അബുല്‍ ആസ്വിന്റെ അരികിലെത്തി. എന്നിട്ട് പറഞ്ഞു: താങ്കള്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. താങ്കള്‍ക്ക് മക്കയിലേക്ക് പോകാം. ഇവ സൈനബിന് തന്നെ കൊടുത്തേക്കൂ. എന്നാല്‍ ഒരു ഉപകാരം ചെയ്യണം. അതായത് താമസംവിനാ സൈനബിനെയും കുട്ടികളായ അലിയെയും ഉമാമയെയും എന്റെ അടുത്തേക്ക് പറഞ്ഞയക്കണം. അവര്‍ ഇനി ഇവിടെ എന്റെ കൂടെ കഴിയട്ടെ.'
അബുല്‍ ആസ്വിനു കാര്യങ്ങള്‍ എല്ലാം മനസ്സിലായി. അപ്പോള്‍ ഇനി മേലാല്‍ പ്രേയസിയെയും മക്കളെയും പിരിഞ്ഞു കഴിയണം. അയാള്‍ സഹോദരനോടൊപ്പം മക്കയിലേക്കു തിരിച്ചു.
ഒരു ദുഃഖം കൂടി
നിരവധി ആകുലതകളുടെയും മനഃസംഘര്‍ഷങ്ങളുടെയുമിടക്ക് വന്നെത്തിയ സഹോദരി റുഖിയ്യയുടെ ചരമവാര്‍ത്ത സൈനബിനെ ഒട്ടൊന്നുമല്ല പ്രയാസപ്പെടുത്തിയത്. കാരണം, സൈനബിനേക്കാള്‍ ഒന്നര വയസ്സു പോലും പ്രായഭേദമില്ലാതെയാണ് ഖദീജ റുഖിയ്യക്ക് ജന്മം നല്‍കിയിരുന്നത്. അതിനാല്‍ സൈനബിന്റെ വിവാഹം കഴിയുന്നതുവരെ ആ നല്ല നാളുകളില്‍, സഹോദരികള്‍ എന്നതോടൊപ്പം അടുത്ത കളിക്കൂട്ടുകാരികള്‍ കൂടിയായി വളര്‍ന്നവരാണവര്‍. കളിച്ചും ചിരിച്ചും പാട്ടുപാടിയും ശണ്ഠ കൂടിയും.
നിയന്ത്രിക്കാനാവാത്ത കണ്ണീരിനിടക്ക് സൈനബ് ആ വിവരങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പിതാവ് ബദ്‌റിലേക്ക് പോകുമ്പോള്‍ റുഖിയ്യ ജ്വരബാധിതയായിരുന്നുവത്രേ. ശുശ്രൂഷക്കായി ഭര്‍ത്താവ് ഉസ്മാനുബ്‌നു അഫ്ഫാനെ തിരുമേനി ബദ്‌റിന്റെ ചുമതലകളില്‍നിന്ന് ഒഴിവാക്കി നിര്‍ത്തിയിരുന്നുവത്രെ. തിരുമേനി തിരിച്ചെത്തുമ്പോഴേക്കും അവള്‍ എന്നന്നേക്കുമായി പോയിക്കഴിഞ്ഞിരുന്നു എന്നാണ് കിട്ടിയ വിവരം. മരണവേളയില്‍ എങ്കിലും ആ മുഖം ഒന്ന് കാണാന്‍ ആയില്ലല്ലോ. ശരിയാംവണ്ണം മുഖത്തോടുമുഖം കണ്ടിട്ടു രണ്ടു വര്‍ഷം ആയിട്ടുണ്ടാവും. അവളുടെ മകന്‍ അബ്ദുല്ലക്കും തന്റെ രണ്ടു കുട്ടികള്‍ക്കും ഒപ്പം ഒന്ന് ഇണങ്ങിക്കഴിയാന്‍ പോലും ഇതുവരെ സമയം വേണ്ടവിധം ലഭിച്ചിട്ടില്ല. ആ ഇളം പൈതല്‍ ഇനി......
സൈനബ് അബുല്‍ ആസ്വിന്റെ അടുത്തേക്ക് ചെന്നു. ആദ്യമായി തിരുമേനി തിരിച്ചുകൊടുത്ത സാധനങ്ങള്‍ അദ്ദേഹം സൈനബിനു നല്‍കി. ശേഷം എല്ലാ കാര്യങ്ങളും വിസ്തരിച്ചു പറഞ്ഞ് മനസ്സിലാക്കി. ശേഷം ഇങ്ങനെ പറഞ്ഞു: 'എന്നാല്‍ ഒരുങ്ങിക്കോളൂ. ചെറുപ്പം തൊട്ടേ നിന്റെ വീട്ടില്‍ വളര്‍ന്ന സൈദുബ്‌നു ഹാരിസയെയും മറ്റൊരാളെയും പിതാവ് മദീനയില്‍നിന്ന് അയച്ചിട്ടുണ്ട്. അവര്‍ കാത്തുനില്‍ക്കുന്ന സ്ഥലത്തേക്ക് എന്റെ അനുജന്‍ കിനാന നിന്നെയും കുട്ടികളെയും കൊണ്ടു ചെന്നാക്കും.'
സൈനബിന് ഇപ്പോള്‍ കാര്യങ്ങളെല്ലാം ബോധ്യമായിരിക്കുന്നു. അതായത്, തന്റെ ദാമ്പത്യം ഇനിയും ഈ രൂപത്തില്‍ തുടരാനനുവാദമില്ലെന്നു തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഒരു പിതാവെന്ന നിലയില്‍ റസൂല്‍ കൈക്കൊണ്ട തീരുമാനമല്ല അത്. മറിച്ച്, ഇസ്‌ലാമിക രാഷ്ട്ര ഭരണാധികാരി, ദൈവാഭിലാഷ പ്രകാരം തന്റെ നാട്ടില്‍ വരുത്തുന്ന സാമൂഹിക ബന്ധ ക്രമീകരണ നടപടികളുടെ ഒരു ഭാഗമാണത്. അതിനാല്‍, ഇക്കാര്യത്തില്‍ പുനരാലോചനക്ക് ആര്‍ക്കും സ്വാതന്ത്ര്യമില്ല. അബുല്‍ ആസ്വിനു മദീനയില്‍ വെച്ചേ ഇക്കാര്യം ബോധ്യമായിരുന്നു. അയാളെ അവിടെവച്ച് ഒരു നിമിഷം, വിശ്വാസ പരിവര്‍ത്തനത്തിന് തിരുമേനി നിര്‍ബന്ധിച്ചിരുന്നുവെങ്കില്‍ ആ നിമിഷം പരിഹരിക്കപ്പെടാമായിരുന്നതാണ് പ്രശ്‌നം. പക്ഷേ, ആദര്‍ശ സ്വീകരണത്തിന് സമ്മര്‍ദം ചെലുത്താന്‍ ഏതവസ്ഥയിലും ഇസ്‌ലാം അനുവദിക്കുന്നില്ലല്ലോ.
ദുരന്ത യാത്ര
യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാഹനവുമായി കിനാന എത്തി. ഒരുപക്ഷേ ഈ വീടിനോടും നാടിനോടുമുള്ള ഒടുവിലത്തെ വേര്‍പാടായിരിക്കുമിതെന്ന് സൈനബ് ഖിന്നതയോടെ ഓര്‍ത്തിട്ടുണ്ടാവാം. അബുല്‍ ആസ്വിന്റെ സാന്നിധ്യം അവിടെയെങ്ങുമുണ്ടായിരുന്നില്ല. ബോധപൂര്‍വം രംഗം വിട്ടതായിരിക്കണം. കുട്ടികള്‍ മദീനയിലേക്ക് പോകാനുള്ള ഉത്സാഹത്തിലാണ്. ആരോടും യാത്രാമൊഴി ചൊല്ലാനില്ലാതെ സൈനബ് വീട്ടില്‍നിന്നും ഇറങ്ങി. ഒട്ടകം മുന്നോട്ടുനീങ്ങാന്‍ മടികാണിക്കുന്ന പോലെ. സമീപസ്ഥമായ ദാരുണ സംഭവങ്ങള്‍ ആ മൃഗം മുന്‍കൂട്ടി അറിഞ്ഞപോലെ.
ഇരുപത്തിയഞ്ചുകാരിയായ സൈനബും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം തെല്ലങ്ങോട്ട് നീങ്ങിയതേയുള്ളു. ഇസ്‌ലാം ശത്രുക്കളായ ഖുറൈശികളില്‍ ചിലര്‍ വിവരമറിഞ്ഞു പാഞ്ഞെത്തി. അവര്‍ വാഹനം തടഞ്ഞു.
വാഹനം തടയാന്‍ എത്തിയവരില്‍ മുമ്പന്‍ ഹബ്ബാറുബ്‌നു അസ്‌വദായിരുന്നു. അയാളെ പിന്തുടര്‍ന്നു നാഫിഉബ്‌നു ഖൈസും എത്തി. യാത്രക്കാരി നബിതിരുമേനിയുടെ പുത്രിയാണ് എന്നറിഞ്ഞതോടെ, എന്നും തിരുമേനിയുടെയും വിശിഷ്യാ ഇസ്‌ലാമിന്റെയും ബദ്ധശത്രുവായിരുന്ന ഹബ്ബാര്‍ വല്ലാതെ ക്രുദ്ധനായി. കുട്ടികളെ കൊല്ലുമെന്നും സൈനബിനെ കുത്തുമെന്നും കുന്തമുന കാട്ടി കണ്ണുരുട്ടി ഭാവിച്ച് അയാള്‍ ഭയപ്പെടുത്തി. ഇതോടെ സൈനബിനു രക്തസ്രാവമുണ്ടായി. കുട്ടികള്‍ അലറിക്കരഞ്ഞു. ഒട്ടകം എല്ലാം സഹിച്ച് നില്‍പ്പായിരുന്നു. ഹബ്ബാര്‍ ആ സാധു മൃഗത്തിന്റെ കണ്ണില്‍ കുന്തം കൊണ്ട് കുത്തി. ഒട്ടകത്തിന്റെ വേദന കൊണ്ടുള്ള പിടച്ചിലില്‍ സൈനബ് ഒരലര്‍ച്ചയോടെ താഴെവീണു. ഒരു പാറയില്‍ ആണ് പതിച്ചത്. അവിടെ രക്തം തളംകെട്ടി. എല്ലാം ഏതാനും നിമിഷങ്ങള്‍ക്കകത്തെ സംഭവം. അപ്പോഴേക്കും നല്ലൊരു വില്ലാളിയായിരുന്ന കിനാന വില്ലു കുലച്ചു നിന്നു. ഇങ്ങോട്ട് അടുത്താല്‍ ആരായാലും കൊല്ലും എന്നട്ടഹസിച്ചു. നിലത്തു പതിച്ച സൈനബിന് മറയായി നിലകൊണ്ടു. കിനാനക്കപ്പോള്‍, എല്ലാവരെയും കൊല്ലണമെന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതയാള്‍ നിലതെറ്റിയവനെപ്പോലെ വിളിച്ചുപറഞ്ഞു കൊണ്ടുമിരുന്നു. മാന്യമായി സംസാരിക്കുന്നവര്‍ക്കു പോലും അയാള്‍ ചെവികൊടുത്തില്ല.
ആളുകള്‍ തടിച്ചുകൂടി. അബലയായ ഒരു സ്ത്രീയോടു കാണിച്ച ഈ കൊടും ക്രൂരതക്ക് എല്ലാവരും ഹബ്ബാറിനെ കുറ്റപ്പെടുത്തിയപ്പോള്‍ അയാള്‍ എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു. അപ്പോഴേക്കും അബൂസുഫ്‌യാന്‍ എത്തി. അദ്ദേഹം കിനാനയോട് വില്ല് താഴെയിടാന്‍ ആവശ്യപ്പെട്ടു. പിന്നെ അനുനയത്തില്‍ അടുത്ത് ചെന്ന് കിനാനയുടെ ചെവിയില്‍ ആരും കേള്‍ക്കാതെ ഇങ്ങനെ പറഞ്ഞു: 'മുഹമ്മദിനോട് രോഷം കത്തി നില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ പട്ടാപ്പകല്‍ ചെയ്യേണ്ട ഒരു കാര്യമായിരുന്നോ ഇത്? തല്‍ക്കാലം ക്ഷീണിതയായ സൈനബിനെ വേഗം വീട്ടിലെത്തിച്ച് ശുശ്രൂഷിക്കുക, ശേഷം ഉചിതമായ മറ്റൊരു സന്ദര്‍ഭത്തില്‍ ആരുടെയും ദൃഷ്ടിയില്‍ പെടാതെ പുറപ്പെടുക.' ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടു. മദീനയിലെത്തിയ മകളെ പുണര്‍ന്നു തിരുമേനി ചോദിച്ച വളരെ ഹ്രസ്വമായ എല്ലാം അടങ്ങുന്ന ഒരു ചോദ്യം, ചരിത്രബോധമുള്ള ഓരോ വിശ്വാസിയുടെയും ഓര്‍മയുടെ അറയിലെ കരിങ്കല്‍പാളിയില്‍ കാലം മായാതെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്: 'എന്റെ മോള്‍ ഒരുപാട് സഹിച്ചു അല്ലേ.'
മദീനയില്‍
'ഹിജ്‌റ'ക്കിടയില്‍ ഉണ്ടായ വീഴ്ച സൈനബിനെ നിത്യരോഗിണിയാക്കി. മാതാവിന്റെയും സഹോദരി റുഖിയ്യയുടെയും തപ്ത സ്മരണകള്‍ അവരുടെ കണ്‍പീലികളെ നനയിച്ചുകൊണ്ടിരുന്നു. അബുല്‍ ആസ്വിനെകുറിച്ച തന്റെ കൊച്ചു കുരുന്നുകളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ആ മാതാവ് പലപ്പോഴും വല്ലാതെ പരുങ്ങി. കുട്ടികളേക്കാള്‍ ഉപരി സൈനബും അദ്ദേഹം ഇന്നോ നാളെയോ ഇസ്‌ലാം സ്വീകരിച്ചു വരും എന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലും മുഴുകി, വഴിക്കണ്ണുമായി കഴിഞ്ഞു.
റസൂലിനെ സംബന്ധിച്ചേടത്തോളം ഒരു പിതാവെന്ന നിലയില്‍, സൈനബിന്റെയും പേരക്കിടാങ്ങളുടെയും ആഗമനം വളരെ സന്തോഷദായകമായിരുന്നു. കാരണം, തന്റെ ജീവിച്ചിരിപ്പുള്ള എല്ലാ സന്താനങ്ങളും തന്റെ ചാരത്തണയുന്നത് കുറേക്കാലത്തിനു ശേഷം ഇതാദ്യമായിരുന്നു. മാത്രമല്ല, അക്കാലത്ത് തിരുമേനിക്ക് സൈനബിലും റുഖിയ്യയിലുമായി ആകെ മൂന്ന് പേരക്കിടാങ്ങളാണ് ഉണ്ടായിരുന്നത്. റുഖിയ്യ വിവാഹം തൊട്ടേ ഉസ്മാനുബ്‌നു അഫ്ഫാന്റെ കൂടെയായിരുന്നു താമസം. സൈനബും കുട്ടികളും അബുല്‍ ആസ്വിന്റെ കൂടെയും. പേരക്കിടാങ്ങളെ വേണ്ടുവോളം ലാളിക്കാന്‍ റസൂലിന് അവസരം ലഭിക്കുന്നത് ഇപ്പോള്‍ സൈനബിന്റെ വരവോടെയാണ്. അതുകൊണ്ടുതന്നെ പേരക്കിടാങ്ങളായ അലിയെയും ഉമാമയെയും ആ പിതാമഹന്‍ അതിരറ്റ് സ്‌നേഹിച്ചു.
ഉമാമ പലപ്പോഴും രാത്രി ഉറങ്ങുന്നതു പോലും തിരുമേനിയുടെ കൂടെയാണോ എന്ന് തോന്നിപ്പോവും.
കാരണം, തിരുമേനി സ്വുബ്ഹ് നമസ്‌കാരത്തിന് വരുമ്പോള്‍ അധിക ദിവസവും ആ സുന്ദരിയെയും ചുമലില്‍ വഹിച്ചുകൊണ്ടാവും വരുന്നത്. നമസ്‌കാര വേളയില്‍ പോലും അവള്‍ ചുമലില്‍നിന്നിറങ്ങാന്‍ കൂട്ടാക്കില്ല. അതിനാല്‍ തിരുമേനി അവളെയും വഹിച്ചുകൊണ്ട് നമസ്‌കാരം നിര്‍വഹിക്കും. സുജൂദിലേക്ക് പോകുമ്പോള്‍ താഴെ വെക്കും; ഉയരുമ്പോള്‍ എടുത്ത് വീണ്ടും ചുമലില്‍ വെക്കും.
ഉമാമയോട് തിരുമേനി പുലര്‍ത്തിയ അതുല്യ സ്‌നേഹത്തിന്റെ ഒരുദാഹരണം കൂടി ഇതാ:
ഒരു ദിവസം തിരുമേനി തന്റെ ഭാര്യമാരെയും മക്കളെയും തനിക്കു ചുറ്റും വിളിച്ചുചേര്‍ത്തു. അവര്‍ക്കെല്ലാം കണ്ടാസ്വദിക്കാന്‍ അതിമനോഹരവും വിലപ്പെട്ടതുമായ ഒരു ആഭരണം കൈയില്‍ കൊടുത്തു. അവര്‍ കണ്ടു കഴിഞ്ഞശേഷം തിരുമേനി ചോദിച്ചു: 'എങ്ങനെയുണ്ട് എന്ന് പറയൂ.' അവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു: 'തിരുദൂതരേ ഇത്രയും മനോഹരമായ ഒന്ന് ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല.' വാസ്തവത്തില്‍ അത് നജ്ജാശി രാജാവ് തിരുമേനിക്ക് സ്‌നേഹോപഹാരമായി അയച്ചുകൊടുത്തതായിരുന്നു. അത് കൈയിലെടുത്തുകൊണ്ട് തിരുമേനി പറഞ്ഞു: 'നോക്കിക്കോളൂ, ഇത് എന്റെ കുടുംബത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരാള്‍ക്ക് ഞാന്‍ ഇപ്പോള്‍ സമ്മാനിക്കും.' അവിടെ കൂടിയവരെല്ലാം തമ്മില്‍ തമ്മില്‍ സ്വകാര്യം പറഞ്ഞു; 'അത് ആഇശ കൊണ്ടുപോയത് തന്നെ.' ഈ രംഗം ആഇശയും വിശദീകരിക്കുന്നുണ്ട്. 'ഞാനും അങ്ങനെ തന്നെ പ്രതീക്ഷിച്ചു. പക്ഷേ, ആഭരണവുമായി തിരുമേനി എന്നെയും കടന്നു പോയപ്പോള്‍ ഞാനാകെ വല്ലാത്ത ഒരു അവസ്ഥയിലായി. റസൂല്‍ അത് സാവധാനത്തില്‍, അപ്പോള്‍ അവിടെ ഒരരികില്‍ കളിച്ചുകൊണ്ടിരുന്ന ഉമാമയുടെ കഴുത്തില്‍ കെട്ടി കൊടുത്തപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.'
അബുല്‍ ആസ്വും വരുന്നു
കാലം അതിന്റെ ഗതിവീഥികളിലൂടെ പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു. പൂര്‍ണമായ അഞ്ച് ആണ്ടുകള്‍ കടന്നുപോയി. സൈനബിന്റെ വ്യക്തിജീവിതത്തില്‍ പ്രസ്താവ്യമായ വിശേഷങ്ങള്‍ ഒന്നും സംഭവിച്ചില്ല. അബുല്‍ ആസ്വ് മക്കയില്‍ ഒറ്റത്തടിയായി ജീവിതം നയിച്ചുപോരുകയും ചെയ്തു. എന്നാല്‍ ബദ്ര്‍ യുദ്ധാനന്തര കാലത്തിന്റെ പ്രാരംഭത്തില്‍ തന്നെ സഹോദരി ഫാത്വിമയുടെ വിവാഹം നടന്നു. അതുകഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോള്‍ ഉമ്മുകുല്‍സൂമിന്റെ വിവാഹവും ഉണ്ടായി. ഫാത്വിമയെ അലിയ്യുബ്‌നു അബീത്വാലിബും ഉമ്മുകുല്‍സൂമിനെ ഉസ്മാനുബ്‌നു അഫ്ഫാനുമാണ് വിവാഹം ചെയ്തത്. സൈനബിനു വളരെ ആത്മഹര്‍ഷം പ്രദാനം ചെയ്ത സംഭവങ്ങളായിരുന്നു ഇവ.
ഈ കാലയളവില്‍ ഇസ്‌ലാമിക മദീന, നബി തിരുമേനിയുടെ നായകത്വത്തില്‍ ഉഹുദും അഹ്‌സാബും ബനൂഖുറൈദയുമൊക്കെയായി നിരവധി തീവ്ര പരീക്ഷണങ്ങളെ അതിജീവിച്ചു ലോകത്തിന് മുന്നില്‍ അത്ഭുതം കാഴ്ചവെച്ചുകൊണ്ടിരിക്കുകയായിരുന്നു. ഖൈബറിലെ വിജയത്തോടെ നവജാത ഇസ്‌ലാമികരാഷ്ട്രം വിശപ്പില്‍നിന്ന് കരകയറി. ഇസ്‌ലാമിക വിപ്ലവ ശില്‍പികളില്‍ ഒരാളെന്ന നിലയില്‍ സൈനബും ഇതൊക്കെ ആസ്വദിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവരുടെ സ്വകാര്യജീവിതത്തില്‍ ഒരു മാറ്റം പിറക്കാന്‍ അബുല്‍ ആസ്വ് ഒരു വലിയ വ്യാപാര സംഘവുമായി ശാമിലേക്ക് പുറപ്പെടേണ്ടിവന്നു.
ആ കഥ കൗതുകകരമാണ്. ശാമില്‍നിന്നുള്ള മടക്കത്തില്‍, ഈ സംഘം, ഖുറൈശികളുടെ വ്യാപാര സംഘങ്ങളുടെ നീക്കം നിരീക്ഷിക്കുന്ന മുസ്‌ലിം ഭടന്മാരുടെ പിടിയിലായി. അവര്‍, പിടികൂടിയ ആളുകളും സമ്പാദ്യങ്ങളുമായി മദീനയിലെത്തി.
അബുല്‍ ആസ്വ് പിടികൊടുത്തിരുന്നില്ല. അദ്ദേഹം രാത്രിയുടെ മറവില്‍ ഏകനായി മദീനയിലെത്തി. പുലര്‍ച്ചെ സൈനബിനെ സമീപിച്ചു അഭയം തേടി. മദീനാ പള്ളിയില്‍ പ്രഭാത പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുന്ന വേളയായിരുന്നു അത്. സൈനബ് അഭയം കൊടുക്കുകയും സാമ്പ്രദായിക രീതി അനുസരിച്ച് 'അറിയുക, ഞാന്‍ അബുല്‍ ആസ്വിന് അഭയം നല്‍കിയിരിക്കുന്നു' എന്ന് വിളിച്ചു പറയുകയും ചെയ്തു. നമസ്‌കാരം കഴിഞ്ഞ് തിരുമേനി ചോദിച്ചു: 'നിങ്ങളൊക്കെ വല്ലതും കേട്ടോ?' അവരെല്ലാം സൈനബിന്റെ വാക്കുകള്‍ നന്നായി കേട്ടിരുന്നു. 'ഈ സംഭവത്തെക്കുറിച്ച്, നിങ്ങള്‍ക്കുള്ള അറിവേ എനിക്കും ഇപ്പോഴുള്ളൂ' - തിരുമേനി പറഞ്ഞു. തുടര്‍ന്ന് അബുല്‍ ആസ്വിനെ നന്നായി സ്വീകരിക്കുകയും അദ്ദേഹത്തോട് ആദരവോടെ പെരുമാറുകയും വേണമെന്ന് പുത്രിയെ നബി ഉദ്‌ബോധിപ്പിച്ചു. അതോടൊപ്പം നിങ്ങള്‍ ഇപ്പോള്‍ നിയമാനുസൃത ദമ്പതികള്‍ അല്ലെന്നും തിരുമേനി ഓര്‍മിപ്പിച്ചു.
തിരുമേനിയും സഖാക്കളും അബുല്‍ ആസ്വിന്റെ വിഷയത്തില്‍ വിശദമായി ചര്‍ച്ച നടത്തി. നിരവധി ഖുറൈശി കുടുംബങ്ങളില്‍നിന്നും മൂലധനം സ്വരൂപിച്ചാണ് താന്‍ വ്യാപാരാര്‍ഥം പുറപ്പെട്ടിട്ടുള്ളത് എന്നും അവ അവര്‍ക്ക് തിരിച്ചു കൊടുക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം കേണ പേക്ഷിച്ചു. റസൂല്‍ അത് അംഗീകരിച്ചു. വ്യാപാര സംഘത്തെയും അബുല്‍ ആസ്വിനെയും അപ്പടി തിരിച്ചുപോകാന്‍ അനുവദിക്കുകയും ചെയ്തു.
മക്കയിലെത്തിയ അബുല്‍ ആസ്വ് ഓരോരുത്തരെയും കണ്ടു ഇടപാടുകള്‍ വൃത്തിയായി തീര്‍ത്തു. പിന്നെ, എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹം ഉറക്കെ ചോദിച്ചു: 'ഇനി ഞാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബാധ്യതകള്‍ ബാക്കി വെച്ചിട്ടുണ്ടോ?' അവരെല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു: 'ഇല്ല താങ്കള്‍ താങ്കളുടെ ഉന്നതമായ വിശ്വസ്തത ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.' അപ്പോള്‍ അബുല്‍ ആസ്വ് സത്യസാക്ഷ്യ വചനങ്ങള്‍ പരസ്യമായി ഉറക്കെ ഉരുവിട്ട് ഞാനും സത്യദീനില്‍ അംഗമായിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഉടനെ തന്നെ 'മുഹാജിറാ'യി മദീനയിലേക്ക് പുറപ്പെടുകയും ചെയ്തു. ഹിജ്‌റ ഏഴാം വര്‍ഷം ആദ്യ മാസത്തിലാണ് ഈ സംഭവം നടക്കുന്നതെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയതായി കാണാം.
സൈനബിന്റെ വേര്‍പാട്
വിശ്വാസ പരിവര്‍ത്തനം നേടിവന്ന അബുല്‍ ആസ്വിനെ ഇസ്‌ലാമിക മദീന ഹാര്‍ദമായി സ്വീകരിച്ചു. സൈനബും അബുല്‍ ആസ്വും വീണ്ടും ഒന്നായി. പക്ഷേ അടുത്ത വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ആ മഹതി ഇഹലോകവാസം വെടിഞ്ഞു. അങ്ങനെ തീക്ഷ്ണ സഹനങ്ങളുടെ കനല്‍പഥങ്ങള്‍ താണ്ടിയ സൈനബ് ആത്മത്യാഗത്തിന്റെ നിറഞ്ഞ നിര്‍വൃതിയില്‍ ഈ ലോകത്തോട് വിടപറഞ്ഞു.
അവരുടെ ഹിജ്‌റ വേളയില്‍ ഉണ്ടായ നാരകീയാനുഭവങ്ങള്‍ തന്നെയാണ് അവരുടെ മരണത്തിനിടയാക്കിയതെന്നു ചരിത്രം അസന്ദിഗ്ധമായി രേഖപ്പെടുത്തുകയും അവരെ രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആ വിയോഗവേളയിലും തുടര്‍ന്നും നബിതിരുമേനിയോടും അബുല്‍ ആസ്വിനോടുമൊപ്പം, നബിതിരുമേനിയെ പോറ്റിവളര്‍ത്തിയ ഉമ്മുഐമന്‍, തിരു പത്‌നിമാരായ സൗദ ബിന്‍ത് സംഅ, ഉമ്മു സലമ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇവര്‍ തന്നെയാണ് മൃതദേഹം കുളിപ്പിച്ചതും.
ഓരോ ഘട്ടത്തിലും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന തിരുമേനി, മൃതദേഹം കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍, താന്‍ ഉപയോഗിക്കുന്ന ഒരു വസ്ത്രം അവര്‍ക്ക് നല്‍കി. ആ വസ്ത്രം മൃതശരീരത്തോട് മറയില്ലാതെ ചേരും വിധം മരണപ്പുടവയായി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. തിരുമേനി ഹൃദയവേദനയോടെ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. തിരുമേനി തന്നെ കുഴിമാടത്തില്‍ ഇറങ്ങി മൃതശരീരം മണ്ണോടു ചേര്‍ത്തു വെച്ചു. അനുപമ ത്യാഗത്തിന്റെ അരങ്ങില്‍നിന്ന് ആ ചരിത്ര നായിക വിടവാങ്ങുമ്പോള്‍, അവരുടെ പ്രായം ഇരുപത്തി ഒമ്പത് തികയുന്നേ ഉണ്ടായിരുന്നുള്ളൂ.
സൈനബിന്റെ ദാരുണ നിര്യാണത്തിനുശേഷം സ്‌നേഹജനസമ്മര്‍ദം മൂലം അബുല്‍ ആസ്വ് വീണ്ടും വിവാഹിതനായി. സഈദുബ്‌നു ആസ്വിന്റെ പുത്രിയായിരുന്നു ഭാര്യ.
മൂന്നാം ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് അബുല്‍ ആസ്വും നിര്യാതനായി.