മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് അമൃത്
അബ്ബാസ് മണ്ണാര്‍ക്കാട്
ജൂലൈ 2019
അമ്മപ്പാല്‍, പ്രകൃതി ജീവികള്‍ക്ക് നല്‍കിയ വരം. സ്ത്രീ പ്രായപൂര്‍ത്തിയാവും മുമ്പ് തന്നെ മുലപ്പാല്‍
അമ്മപ്പാല്‍, പ്രകൃതി ജീവികള്‍ക്ക് നല്‍കിയ വരം. സ്ത്രീ പ്രായപൂര്‍ത്തിയാവും മുമ്പ് തന്നെ മുലപ്പാല്‍ ചുരത്തുന്നതിനുള്ള അടയാളങ്ങള്‍ മാറില്‍ വളരാന്‍ തുടങ്ങുന്നു. ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ സാധാരണ അളവിനേക്കാള്‍ മാറിടങ്ങള്‍ ഇരു മടങ്ങ് വളര്‍ച്ച പ്രാപിക്കുന്നു. പ്രസവിക്കുന്നതിന്റെ അല്‍പം മുമ്പ് മുലപ്പാല്‍ ചുരത്തുന്നതിനായി അമ്മയുടെ ശരീരം ഒരുങ്ങും.
സിസേറിയന്‍ മൂലം കുഞ്ഞ് ജനിക്കുമ്പോഴോ അമ്മയുടെ ശാരീരികനിലയില്‍ വല്ല പ്രശ്‌നങ്ങള്‍ നേരിടുമ്പോഴോ മുലപ്പാലിനു പകരം കുപ്പിപ്പാല്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകും. കുപ്പിയുടെ നിപ്പിള്‍ തുള വലുതായതിനാല്‍ പാല്‍ പ്രയാസമില്ലാതെ കുഞ്ഞിന്റെ വായിലെത്തും. ഒരു പ്രാവശ്യം കുപ്പിപ്പാല്‍ കുടിച്ച കുഞ്ഞ് അടുത്ത പ്രാവശ്യം അമ്മയുടെ മാറിടത്തില്‍നിന്ന് സ്വപ്രയത്‌നത്താല്‍ പാല്‍ കുടിക്കാന്‍ പ്രയാസപ്പെടും. ഇതിനെ 'നിപ്പിള്‍ കണ്‍ഫ്യൂഷന്‍' എന്ന് പറയും. മുലപ്പാലും കുപ്പിപ്പാലും തമ്മില്‍ രുചിയിലും മാറ്റമുണ്ടാകും. ഇതാണ് 'ടെയ്സ്റ്റ് കണ്‍ഫ്യൂഷന്‍'.
പാല്‍ ഉറിഞ്ചുന്നതില്‍ ആവശ്യമായ തോതില്‍ സമ്മര്‍ദം ഇല്ലെങ്കില്‍ അമ്മയുടെ മാറിടത്തിലുള്ള ഞരമ്പുകള്‍ വഴി വിവരം തലച്ചോറിലെത്തുന്നതില്‍ തടസ്സം നേരിടുന്നു. അതിനാല്‍ ചുരത്തുന്ന പാലിന്റെ അളവ് കുറയുന്നു. പാല്‍ തികയുന്നില്ല എന്ന് കരുതി കുപ്പിപ്പാല്‍ കൊടുക്കേണ്ടിവരുന്നു. അതോടെ പാല്‍ ചുരത്തല്‍ മുഴുവനായും നിലക്കും. ഇതിനെ 'ലാക്‌റ്റേഷന്‍ ഫെയ്‌ലിയര്‍' എന്ന് പറയുന്നു.
മുലപ്പാല്‍ ഇല്ലാത്ത അവസ്ഥ രോഗമോ കുറവോ അല്ല. ഒരു പ്രസവത്തില്‍ നാലു കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ആവശ്യമായ അളവില്‍ മുലപ്പാല്‍ ചുരത്താനുള്ള പ്രകൃതി അമ്മക്ക് നല്‍കിയിട്ടുണ്ട്. മാറിടത്തിന്റെ വലുപ്പച്ചെറുപ്പം പാല്‍ചുരത്തലിനെ ബാധിക്കുകയില്ല.
കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ ശരിയായ രീതി പിന്തുടരാതിരുന്നാല്‍ വേദന, വിണ്ടുപൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇതാണ് 'സോര്‍ നിപ്പിള്‍.'
അമ്മ, കസേരയിലോ ചുമരിലോ മുതുക് നന്നായി ഒട്ടിയനിലയില്‍ സൗകര്യമായി ചാഞ്ഞ്, കാലുകള്‍ നീട്ടി അമര്‍ന്നിരിക്കണം. കുഞ്ഞിന്റെ തല താങ്ങിയിട്ടുള്ള കൈക്ക് താഴെ ഒരു തലയിണ വെക്കാം. കുഞ്ഞിന്റെ മുഖം അമ്മയുടെ മാറിടത്തിന്റെ അരികില്‍ ആയിരിക്കണം. മാറിടത്തിന്റെ പ്രധാനഭാഗം കുഞ്ഞിന്റെ വായില്‍ നന്നായി 'പൊരുത്ത'പ്പെട്ടിരിക്കണം. കുഞ്ഞ് പാല്‍ ഉറിഞ്ചി കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വയറിന്മേല്‍ കൈവെച്ചു നോക്കിയാല്‍ പാത്രത്തില്‍ പാല്‍ വീഴുന്നതുപോലെ അനുഭവപ്പെടും. ഇങ്ങനെ 15 മുതല്‍ 20 മിനിറ്റ് നേരം ഒരു ഭാഗത്ത് ചുരത്തുന്ന പാല്‍ മുഴുവനായും കുഞ്ഞിന് കുടിക്കാന്‍ കഴിയും. മറുഭാഗത്തും ഇതേപോലെ മുഴുവനായും കൊടുത്ത് അവസാനിപ്പിക്കണം. ഇതാണ് ശരിയായ പാലൂട്ടുന്ന രീതി. ഇതിന് എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ കുഞ്ഞ് മുലകുടിക്കാന്‍ വിസമ്മതിക്കും.
ബലമില്ലാതെ പാല്‍ കുടിക്കുകയാണെങ്കില്‍ മാറിടത്തിന്റെ ചില ഭാഗങ്ങളില്‍ പാല്‍ കെട്ടിനില്‍ക്കും. ഇത് സ്തനം വിണ്ട് പൊട്ടി തോല്‍ ഉണങ്ങി പോകുന്നതിനും എളുപ്പത്തില്‍ അണുബാധ ബാധിച്ച് വേദന, പനി, വിറയല്‍ തുടങ്ങിയവ ഉണ്ടാകുന്നതിനും കാരണമാകാം. ചില സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷന്‍ കൂടിവേണ്ടിവന്നേക്കാം. കിടന്നുകൊണ്ട് പാലൂട്ടുന്നത് ഒഴിവാക്കണം.
'സോര്‍ നിപ്പിള്‍' പ്രശ്‌നത്തെ തടുക്കാനും പരിഹരിക്കാനും എളുപ്പവഴിയുണ്ട്. പാല്‍ കൊടുത്ത് കഴിഞ്ഞ് കുഞ്ഞ് വായ എടുത്ത ഉടന്‍ സ്തനം പിഴിഞ്ഞാല്‍ ചെറിയ തോതില്‍ പാല്‍വരും. അത് സ്തനങ്ങളില്‍ പുരട്ടുന്നത് മുലക്കണ്ണ് പൊട്ടലിന് നല്ല മരുന്നാണ്. സ്തനങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകരുത്. വെറും പച്ചവെള്ളം കൊണ്ട് കഴുകിയാല്‍ മതി. അമ്മ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
കുഞ്ഞ് ജനിച്ച ആദ്യ രണ്ടു ദിവസങ്ങളില്‍ പോഷകസമ്പുഷ്ടമായ പ്രതിരോധശക്തി ഉള്‍ക്കൊണ്ട ശ്രേഷ്ഠമായ സീമ പ്പാല്‍ (Colostrum) ചുരത്തും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പല പ്രതിരോധ കുത്തിവെപ്പുകളുടെയും ഫലം ഈ പാലില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഈ പാല്‍ വളരെ കുറച്ച് മാസം ചുരത്തുന്നതിനാല്‍ അമ്മ, പ്രസവിച്ച വേദനകളെല്ലാം സഹിച്ചുകൊണ്ട് ക്ഷമയോടെ അധികനേരവും മുലയൂട്ടേണ്ടത് അത്യാവശ്യമാണ്.
പാലൂട്ടുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയുന്നു. കുപ്പിപ്പാല്‍ കൊടുക്കുന്നതു കൊണ്ടുണ്ടാകുന്ന വയറിളക്കം, 'പനി' തുടങ്ങിയ പ്രശ്‌നങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനാല്‍ കുഞ്ഞിനെ വളര്‍ത്തുന്നതും പ്രയാസരഹിതമാകുന്നു.
ഒരു കുഞ്ഞിന് ഒന്നര മുതല്‍ രണ്ടു വയസ്സുവരെ മുലപ്പാല്‍ നിര്‍ബന്ധമായും കൊടുക്കണം. അതുവരെ അമ്മയുടെ ശരീരത്തിനാവശ്യമായ ഇരുമ്പു സത്ത്, കാത്സ്യം, മറ്റു ധാതുക്കള്‍ എന്നിവ അധികമായി ആവശ്യം വരും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആദ്യ മൂന്ന് മാസങ്ങളില്‍ പോഷകമുള്ള ഭക്ഷണം കഴിക്കുന്നതിലുള്ള താല്‍പര്യം പതുക്കെ പതുക്കെയായി കുറഞ്ഞുപോകുന്നു. വിറ്റാമിന്‍ ഗുളികകള്‍ ശരിയായി കഴിക്കാത്തതിനാല്‍ വിളര്‍ച്ച, എല്ലുതേയ്മാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നു. ചെറിയ മുറിയായാല്‍ പോലും എല്ലു മുറിയുന്ന സംഭവം മുലയൂട്ടുന്ന അമ്മമാരിലും കാണപ്പെടുന്നു.
സന്തുഷ്ടകരമായ കുടുംബ ചുറ്റുപാട്, ആരോഗ്യകരമായ ഭക്ഷണരീതി, കുട്ടികളെ പറ്റി മധുരതരമായ ചിന്തകള്‍, മുതിര്‍ന്നവരുടെയും ഡോക്ടര്‍മാരുടെയുമെല്ലാം കൂടിയാലോചനകള്‍... ഇതൊക്കെ ഉണ്ടെങ്കില്‍ മുലപ്പാല്‍ എന്ന അമൃത് തടസ്സമില്ലാതെ കുടിച്ച് വളരാന്‍ കുഞ്ഞുങ്ങള്‍ക്കാവും.