അത്രക്ക് സുഖദമായ ഒരന്തരീക്ഷമല്ല അതെന്ന് എനിക്ക് പലവട്ടം തോന്നിയതാണ്. എങ്കിലും ഉള്ളില്‍ കലമ്പല്‍ കൂട്ടിക്കൊണ്ടിരുന്ന ആ പുണ്യപ്രദേശം ഒരു ചിരപുരാതന നഗരത്തിന്റെ മധ്യത്തില്‍ ചിലച്ചുകൊണ്ടു നില്‍ക്കുന്നത് ഞാനറിഞ്ഞു. അത്തരത്തില്‍ ഒരലമ്പിടത്തേക്കാണ് ഞാന്‍ എന്നെ പറിച്ചുവെച്ചത്.
നേടാനാഗ്രഹിച്ച ഒന്ന്, അത് ഏതെന്ന്, എന്തെന്ന് ഒരു നിശ്ചയവുമില്ല. എങ്കിലും ആ എന്തോ ഒന്ന് തന്നെ കുത്തികുത്തി പരിക്കേല്‍പിക്കുന്നുണ്ട് എന്ന് ഇടക്കൊക്കെ എനിക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. നിറഞ്ഞ വിശപ്പിന്റെ കണികകളെ തുന്നിക്കെട്ടി എത്രയോ നാളായി ഊടുവഴികളിലൂടെ ഞാന്‍ തിരയുകയാണ്. എന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍, ആ എന്തോ ഒന്ന് വ്യക്തമായി തിരിച്ചറിയാന്‍, ഇനിയും ഏതാണ്ട് കാത്തിരിക്കേണ്ടിവരുമെന്ന് എനിക്കറിയില്ല.
ആര്‍ക്കും പൂരിപ്പിക്കാന്‍ കഴിയാതെ പോയ ഒന്നിനെ തനിക്കെന്ന് പൂരിപ്പിക്കാനാകും എന്ന ചിന്ത പലപ്പോഴും ഉള്‍ക്കോണില്‍ തട്ടിയും മുട്ടിയും ശല്യമുണ്ടാക്കിക്കൊണ്ടിരുന്നു.
കാലം അല്‍പം വൈകിയാണ് തന്നില്‍ കഥാരൂപത്തില്‍ മുളച്ചുപൊന്തിയത്. അതില്‍ ആദ്യമായി കടന്നുവന്ന ശശികല, തന്റെ നീണ്ട പതിനാലുവര്‍ഷത്തെ എന്റെ മുന്നില്‍ ഛര്‍ദിച്ചിടുമ്പോള്‍, അതുമുഴുവന്‍ കോരി വൃത്തിയാക്കിയത് ഈ ഞാന്‍ തന്നെയാണ്. അതും കഴിഞ്ഞ് ഇപ്പോള്‍ പത്താണ്ട് മുന്നോട്ടു കുതിച്ചിരിക്കുന്നു. ഒന്നും ഉരിയാടാനാവാതെ ഞാന്‍ എന്റെ കഥാപാത്രപ്രണയിനിയെയും, അവളുടെ ഒന്നിലും തുലനം ചെയ്യാനാവാത്ത ജീവിതത്തെയും പൊടിപൊടിച്ച അകത്തളങ്ങളില്‍നിന്നും വീണ്ടും പുറത്തേക്കെടുത്തു വെച്ചു.
ആദ്യമായി അവളെ കണ്ടത് എന്റെ ഒരു നിശ്ശബ്ദ ഉച്ചയിലാണ്. ചെറു ഉറക്കംതൂങ്ങലുകള്‍ക്കായി, മുഷിഞ്ഞ വസ്ത്രത്തോടെ അവള്‍ കടന്നുവന്ന് തൂണും ചാരിനിന്നത് ഇന്നും ഓര്‍ക്കുന്നുണ്ട്. പറയാന്‍ വെമ്പുന്ന എന്തോ ഒന്ന് അപ്പോഴൊക്കെയും അവളുടെ നെഞ്ചിന്‍മുകളില്‍ ആയാസപ്പെട്ട് പൊങ്ങിയും താണും നിലയുറപ്പിച്ചിരുന്നു. കുഞ്ഞുമയക്കത്തില്‍ ആ ഉയര്‍ച്ചതാഴ്ചകളെ തിരയുമ്പോള്‍ അവളില്‍നിന്നും ഒരു പുരാതന ഗോപുരം തകര്‍ന്നടിഞ്ഞ് എന്റെ മുന്നില്‍ പതിച്ചു. അതിനിടയില്‍നിന്ന് കാലത്തെയും ദേശത്തെയും വ്യക്തികളെയും ഞാന്‍ പഴിപറയുമ്പോള്‍ അവള്‍ക്ക് ലേശം ആശ്വാസത്തുടിപ്പ് നല്‍കാനും കഴിഞ്ഞു. തന്റെ കിതപ്പിടങ്ങളെ ശാന്തമാക്കി അവള്‍ കൊച്ചുതിണ്ണയില്‍ ചടഞ്ഞിരുന്ന് പതിനാലാണ്ടിനെ വിശാലമായി ഇളക്കിയിടുമ്പോള്‍, എന്റെ നെഞ്ചിന്‍കൂട് തുളയുന്ന വേദനയായിരുന്നു.
തന്റെ കഥയില്ലായ്മയില്‍ ആരോ പറഞ്ഞുവിട്ട ഒരു കഥക്കിളിയാണിവള്‍. ഇനി ഇവളെ വെച്ച് എന്റെ കഥാലോകത്തെ ഞാന്‍ പുഷ്ടിപ്പെടുത്തിയേ മതിയാവൂ.
ശക്തമായ ഒഴുക്കോടെ ഒഴുകിയെത്തുന്ന അവളിലെ കഥാബീജത്തെ എന്റെ പേനയിലെ അണ്ഡത്തില്‍ ഘടിപ്പിച്ച് ഏറെനേരം ഞാന്‍ കാത്തിരുന്നു. അങ്ങനെ ചരിത്രത്തില്‍നിന്നും ജീവിതപുസ്തകത്തിലേക്ക് എനിക്ക് ഒരിടം കിട്ടി എന്ന് ആശ്വസിച്ചിരിക്കെ, അകലെ ആരുടെയോ ഇഴയനക്കങ്ങള്‍ പെരുമ്പാമ്പിനെപ്പോലെ പുളയുന്നത് അവളറിഞ്ഞു. പിന്നീടു വരാമെന്നു പറഞ്ഞ് അവള്‍ ഓടിമറയുമ്പോള്‍ എന്റെ മുന്നില്‍, അവളുടെ പതിനാലാണ്ട് ചിതറിത്തെറിച്ച് വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഡയറിത്താളുകളില്‍ അവയൊക്കെയും പെറുക്കിയൊതുക്കി അടുക്കിവെക്കുമ്പോള്‍ സമയം ഏറെയായിരുന്നു. അവള്‍ തന്റെ ജീവിതഭാരത്തിന്റെ കോണിപ്പടികള്‍ ഓടിക്കയറിപ്പോവുകയും ചെയ്തു.
പൂര്‍ത്തീകരിക്കാതെ പോയ ആ ഒന്നിന്റെ അന്ത്യത്തെ കുറിച്ചുവെക്കാന്‍ ഞാന്‍ പല ആവൃത്തി ശ്രമിച്ചു. എങ്കിലും അത് പൂരണം കാത്തുകിടന്ന ഒരു സമസ്യയായി എന്റെ മുന്നില്‍ അങ്ങനെ തന്നെ മലര്‍ന്നുകിടന്നു. ആ കിടപ്പില്‍ എന്റെ ഗ്രന്ഥപ്പുരയുടെ വിശപ്പ് കൂടിക്കൂടി വന്നു. തൊഴുത്തുപുര എന്ന് മറ്റുള്ളവര്‍ കളിയാക്കുന്ന എന്റെ ഗ്രന്ഥപ്പുരയും ഈയുള്ളവന്റെ നടപ്പുജീവിതത്തിലെ എഴുത്താസക്തിയെ കുഴിച്ചുമൂടും എന്നും പലരും പറഞ്ഞു. അവയൊക്കെ അറിഞ്ഞും അറിയാതെയും എന്റെ മുറിയിലെ പേപ്പറുകള്‍, കലപില കളിചിരിയുമായി കറങ്ങുന്ന പങ്കയുടെ കാറ്റിന്റെ അലര്‍ച്ചയില്‍ തട്ടി ഒച്ചവെക്കുമ്പോള്‍, എന്റെ ഏകാന്തചിന്തയുടെ പിഞ്ഞാണപ്പാത്രങ്ങള്‍ പലപ്പോഴും ഉടഞ്ഞുവീഴും. അങ്ങനെയാണ് എന്റെ മുന്നിലൂടെ നടന്നുപോയ ആ പത്താണ്ടിനെ വീണ്ടും ഞാന്‍ തിരയാന്‍ തീരുമാനിച്ചതും.
ആ പുരാതന നഗരത്തിന്റെ വശ്യമാര്‍ന്ന ഇടനാഴികള്‍ കയറി ഞാന്‍ വീണ്ടും ആ പുണ്യപ്രദേശത്തെത്തി. ശശികലയുടെ ഒരു ദിനത്തിന്റെ കലമ്പല്‍ അപ്പോഴും എന്റെയുള്ളില്‍ വെറളികൂട്ടുന്നുണ്ടായിരുന്നു. എന്റെ എഴുത്തു പുസ്തകത്തിന്റെ ഒഴിഞ്ഞ താളുകളില്‍ ശശികലയുടെ പൊടിപിടിച്ച ജീവിതം വീണ്ടും തുടച്ചുമിനുക്കിവെച്ച് ഞാന്‍ കാത്തിരുന്നു. അവള്‍ തന്റെ പൂര്‍ത്തീകരിക്കാത്ത വരികളിലേക്ക് കടന്നുവരുന്ന ദിനത്തെ കാത്തിരിക്കുമ്പോള്‍ ഞാന്‍ എന്റെ ചുറ്റുവട്ടത്തിലേക്ക് അറിയാതെയൊന്ന് എത്തിനോക്കി. ആക്രിക്കടയുടെ അര്‍ഥം പകരുന്ന ആ ഇടത്തില്‍ ഞാനെന്റെ സ്വര്‍ഗത്തെ കണ്ടു. പലരും ശശികലയെ പൂര്‍ത്തീകരിച്ച് ഏല്‍പിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും തനിക്ക് അതിനു സാധ്യമായില്ല.
ഞാന്‍ വീടിനു വടക്കുവശത്തേക്കിറങ്ങി കാടുംപടലും ചുറ്റിനടക്കുന്ന ഇടങ്ങളില്‍ തൂമ്പയുമെടുത്ത് കിന്നരിച്ച്, കൊച്ചുറുമ്പിന്‍കൂട്ടില്‍ തീയിട്ട്, പുല്‍പ്പറമ്പുകളെ മരുഭൂമിയാക്കി നിവരുമ്പോള്‍ വിയര്‍പ്പുതുള്ളികള്‍ മുഖമാകെ മാറാല കെട്ടിയിരുന്നു. കരിയിലനിറഞ്ഞ കിണറ്റില്‍നിന്നും, തുരുമ്പിന്‍കൂടണിഞ്ഞ തൊട്ടിയില്‍ വെള്ളം കോരി അംഗശുദ്ധി വരുത്തി അകത്തേക്കു കയറുമ്പോള്‍, പത്താണ്ട് എന്നില്‍നിന്നും വളരെ അകലെയായിരുന്നു. ഉള്ളില്‍ നിറയുന്ന ഇരുട്ടിനെ എഴുത്താണികൊണ്ട് മിനുക്കിയെടുത്ത് വാരികയുടെ എഡിറ്റര്‍ക്ക് നല്‍കുമ്പോള്‍, ശശികല പൂര്‍ണയായിരുന്നില്ല. അവളിലെ അതിര്‍വരമ്പുകളെ പൂര്‍ണമായും കാട്ടിത്തരാന്‍ അവള്‍ കൂസാക്കിയില്ല എന്ന് സങ്കോചത്തോടെ ഞാന്‍ എഡിറ്ററോട് പറയുമ്പോള്‍ ഒരാശ്വാസത്തിന് ഇടംകിട്ടി. ''ഓ, കുഴപ്പമില്ല, ഇത് പ്രസിദ്ധീകരിച്ചു തുടങ്ങിയാലുടന്‍ അവള്‍ നിന്നെ തേടിയെത്തും.'' ആ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ മരവിച്ചുനില്‍ക്കെ എഡിറ്റര്‍ ഒരിക്കല്‍കൂടി ആ പദവരികള്‍ എന്റെ മുന്നില്‍ ആവര്‍ത്തിച്ചു.
അകലെ ഇരുട്ടിലേക്ക് കണ്ണുംനട്ടിരിക്കെ അരികില്‍ എന്റെ അടുക്കിവെച്ചിരുന്ന അക്ഷരമാല ഇടിഞ്ഞുവീണു. എന്റെ വെപ്രാളത്തിന്റെ വേലിയേറ്റത്തെ അറിയിക്കാതെ ഞാന്‍ പെട്ടെന്ന് എഡിറ്ററോട് പറഞ്ഞു: ''അല്ലെങ്കിലും ഞാനിതൊക്കെയൊന്ന് അടുക്കിപ്പെറുക്കാനിരുന്നതാണ്. അത് എന്റെ അക്ഷരക്കൂട്ടുകള്‍ക്ക് മനസ്സിലായീന്ന് തോന്നുന്നു.'' എഡിറ്റര്‍ കൂടുതല്‍ അലോസരപ്പെടുത്താതെ, ആ പുരാതനശേഖരത്തിന്റെ പൊടിപടലത്തില്‍നിന്നും പുറത്തേക്കിറങ്ങി, എന്നെ ഒന്നുതിരിഞ്ഞുനോക്കി. ഞങ്ങള്‍ തമ്മിലുള്ള ഇണക്കം കൂടിയതായി അപ്പോള്‍ ഞാനറിഞ്ഞു. ''അവള്‍ വരും, വരാതിരിക്കില്ല, ഈ പത്താണ്ടൊന്നും ഒന്നുമല്ലെന്നേ....'' എഡിറ്ററുടെ ആ വാക്കുകള്‍ ഒരു പിടച്ചിലായി എന്റെ നെഞ്ചിലേക്കു ഇരച്ചുകയറി. പത്താണ്ട് എന്തോ എന്നെ വല്ലാതെ അമ്പരപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, ശശികലയുമായുള്ള ഒരു ദിവസത്തെ ആ കാര്യം പറച്ചിലിന് ഇത്രത്തോളം മാധുര്യമേറുമെന്ന് എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല. മറ്റൊന്നും പറയാതെ എഡിറ്റര്‍ വന്നവഴിയേ മടങ്ങിപ്പോയി.
എന്റെ രാത്രിജോലിയുടെ ആക്കംകൂടിയത് മുന്നില്‍ ചിതറിവീണ അക്ഷരമാലയുടെ അടുത്തേക്കു പ്രവേശിച്ചപ്പോഴാണ്. ഓരോന്നിലൂടെയും കയറിപ്പോകവെ എന്റെ കഴിഞ്ഞയാണ്ടുകള്‍ തിന്നുതീര്‍ത്ത പുസ്തകശേഖരത്തിന് ഇത്രയും വലുപ്പമുണ്ടായിരുന്നോ എന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചുപോയി.
രാത്രി അകലേക്ക് ഓടിപ്പോകുന്നതൊന്നും തിരയാന്‍ എനിക്കാകുമായിരുന്നില്ല. ഒക്കെയും അതിന്റെ ഇരിപ്പിടങ്ങളിലേക്കേറ്റിവെച്ച് നടുനിവര്‍ത്തുമ്പോള്‍ ഞാനാകെ വിയര്‍ത്തിരുന്നു. അപ്പുറത്തെ കുളപ്പടവിലിറങ്ങി കുളിച്ചുകേറാം എന്നു വിചാരിച്ച് തോര്‍ത്തുമെടുത്ത് അങ്ങോട്ടെത്തി. നേരം രാത്രി പന്ത്രണ്ടായി എന്ന് അകലെ അണ്ടിയാഫീസിലെ മണിയൊച്ചകള്‍ ഓര്‍മിപ്പിച്ചു. കുളികഴിഞ്ഞ് പടവുകള്‍ കയറവെ കുറ്റിക്കാട്ടില്‍ എന്തോ ഒരു ചെറു അനക്കംകേട്ട് അങ്ങോട്ടേക്കെത്തിനോക്കി. അരനിലാവെട്ടത്തില്‍ കണ്ട ആ സ്ത്രീരൂപം ശശികലയുടേതല്ലേ....
അവള്‍ ഈ രാത്രിയില്‍ ഇവിടെ എത്തില്ല. ഇനി ഒരുപക്ഷേ, യക്ഷിയോ മറ്റോ ആണോ? അല്‍പം ധൈര്യം ശേഖരിച്ച് ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു:
''എന്താ ശശികലേ, നീ ഈ രാത്രിയില്‍..... അതും കുളപ്പടവില്‍''
അവള്‍ ആദ്യം ഒന്നമ്പരന്നു, പിന്നെ ആരെന്നറിയാന്‍ തുണ്ടുവെളിച്ചത്തിലൂടെ എന്നെ ഒന്നെത്തിനോക്കി. എന്നിട്ടവള്‍ ചോദിച്ചു:
''ഒച്ചകേട്ടിട്ട് പത്താണ്ട് പൊറകോട്ട് പോണംന്ന് തോന്ന്ന്നുണ്ട്.'' ഇതുകേട്ടതും ഞാന്‍ പറഞ്ഞു; 'അതേ ശരിയാണ് ഞാന്‍ മടങ്ങിയെത്തി. അവിടുത്തെ ജോലിയൊക്കെത്തീര്‍ത്ത് ഒന്നു കുളിക്കാനെത്തിയതാ.'
''ന്നട്ട് കുളിച്ചോ?''
''ങാ കഴിഞ്ഞു''
''ന്നാ പൊക്കോ, ഞാനേ, നാളെ വരാം.''
ഞാനൊന്നും മിണ്ടിയില്ല, നടന്നു പുരാതനത്തിന്നരികിലേക്ക്. ഉള്ളില്‍ കയറി കതകടച്ചു. ജോലിഭാരത്താല്‍ ഒന്നും ഓര്‍മയിലുണ്ടായില്ല. ഉണര്‍ന്നത് വൈകിയാണ്. പതിവുദിനാസക്തികളിലൂടെ തെന്നിനീങ്ങവെ മൂകമായ ഒരുച്ചനേരം വീണ്ടും കടന്നുവന്നു. ഉറക്കത്തെ കൂട്ടിനു വിളിക്കാതെ ഞാന്‍ കാത്തിരിക്കെ കാടിളക്കി വീണ്ടും അവള്‍ എന്റെയരികിലേക്കെത്തി. ഇപ്പോള്‍ അവള്‍ക്ക് തടി അല്‍പം കൂടിയിട്ടുണ്ട്. പത്താണ്ട് കൊഴിഞ്ഞടര്‍ന്നത് അവളിലുണ്ടാക്കിയ മാറ്റം, മുഖത്തെ പ്രസരിപ്പാകെ കൊഴിഞ്ഞുപോയിരിക്കുന്നു. അവളെ കണ്ടതും രാത്രിക്കാഴ്ചയെക്കുറിച്ചു തന്നെ ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു:
''ശശികലേ, നീ എന്തിനാ രാത്രീല് ഒറ്റയ്ക്ക് കുളത്തിലൊക്കെ വരുന്നത്. കുളിക്കാനാണേല്‍ പകലു വന്നൂടെ. അവിടെ ഒരുപാട് സ്ത്രീകളുണ്ടാവുമല്ലോ...'' അവള്‍ ഒന്നും മിണ്ടിയില്ല, പെട്ടെന്ന് ആ വാക്കുകളെ മറികടക്കാനായി ചോദ്യങ്ങളെടുത്തു:
''എത്രാണ്ടായി... എവ്ടാര്ന്ന് ഇത്രേം നാള്. ഞാനെന്നും നോക്കും ഇവിടെ വാത്‌ല് തൊറക്ക്‌ണോന്ന്. ഒര് ദെവ്‌സം തൊറക്കൂന്നറിയാം. അതോണ്ട് കാത്തിരിക്കാര്ന്ന്.''
നീ ഞാന്‍ ചോദിച്ചതിന്റെ മറുപടിയല്ല പറഞ്ഞത്. എന്തായാലും പറഞ്ഞോ, അത് കേള്‍ക്കാനാ ഞാന്‍ കാത്തത്. നിന്നെ അറിയാനാ ഞാന്‍ വീണ്ടും വന്നത്. അവള്‍ വീണ്ടും മടിച്ചുമടിച്ചുനിന്നു. എന്നിട്ട് അല്‍പം വിഷമത്തോടെ പറഞ്ഞു:
''ഞാന്‍ തുണി കഴ്‌വാന്‍ വന്ന്താ...''
''നിനക്ക് തുണി പകല് കഴുകിക്കൂടേ... ഈ രാത്രിയില് ഒറ്റയ്ക്ക് എന്തിനാ തുണികഴുകാന്‍ പോന്നത്.'' അവള്‍ തലകുനിച്ചുകൊണ്ട് പറഞ്ഞു: ''അതേ ഞാന്‍ എല്ലാ മാസോം രാത്രീലാ പോന്നത്.'' അത്രയും പറഞ്ഞു തീരുംമുമ്പേ അവളില്‍നിന്നും അടുത്ത ചോദ്യവുമെത്തി:
''കഥാകാരന്‍ എന്നും ഇവ്‌ടെ ഉണ്ടാവ്വോ... അതോ പോവ്വോ.'' ''ഇനിയെന്നും ഞാനിവിടെ ഉണ്ടാകും. എല്ലാദിവസവും നീ വരുമോ?''
''ഞാന്‍ വരാം കഥാകാരാ...'' അവള്‍ തലകുലുക്കിക്കൊണ്ടു പറഞ്ഞു. എന്നിട്ടും ഉത്തരംമുട്ടിയ ഒരു ചോദ്യം എന്നില്‍ വല്ലാതെ വിയര്‍ത്തുനിന്നു.
''ശശികലേ ഞാന്‍ നിന്നോടു ചോദിച്ചതിന് കൃത്യമായ ഉത്തരം നീ തന്നില്ല. നീ എന്നില്‍നിന്നും എന്തോ ഒന്ന് മറച്ചു വെക്കുന്നു. നമ്മള് തമ്മില് ഇനി ഒരൊളിവും വേണ്ട പറഞ്ഞോളൂ.'' ഇതുകേട്ടതും അവള്‍ അയാളെ ഒന്നുനോക്കി. എന്നിട്ട് ലജ്ജയോടെ പറഞ്ഞു:
''അതേ തീണ്ടാരിത്തുണിയാ... വേറെ ഇല്ലാത്തോണ്ട് കഴ്കി ഒണ്ക്കാനാ ഞാനെത്തീത്. പക്‌ലെ അവിടെ ഒത്തിരി ആളൊണ്ടാവും. അതോണ്ടാ രാത്രീല് പോണത്...''
എനിക്ക് ഒന്നും മിണ്ടാനായില്ല. അല്‍പനേരം അതുതന്നെ ഓര്‍ത്തിരുന്നു. ഇവള്‍ക്കു മുന്നേ എത്രയോ സ്ത്രീകള്‍ ഈ ദുരിതവും പേറി ഈ ഭൂമിയിലൂടെ നീങ്ങിയിട്ടുണ്ട്. സ്ത്രീകളൊക്കെയും ഇത്തരം ദുരവസ്ഥകളെ നേരിട്ടു കടന്നുപോയതിന്റെ ഫലമാണ് ഇന്നു ജീവിച്ചിരിക്കുന്ന ഓരോ പുരുഷനും. ശരിക്കും പറഞ്ഞാല്‍ ഈ സ്ത്രീസമൂഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്‌തേ മതിയാവൂ... മുന്നിലിരിക്കുന്ന ശശികലയുടെ തുണിയില്ലാത്ത അവസ്ഥയെ മറന്നു, ചിന്തകളുടെ അനന്തവഴികളിലൂടെ സ്ത്രീകളുടെ അസ്വസ്ഥതകളുടെയും വേദനയുടെയും ഇടങ്ങളിലൂടെ ചുറ്റിസഞ്ചരിക്കെ, ശശികല എന്നോടു ചോദിച്ചു: ''കഥാകാരന്‍ ഒന്നും മിണ്ട്ണില്ല, ന്തോ ചിന്തിക്കണ്ണ്ട്ന്ന് എന്ക്കു മനസ്സിലായി.''
ഞാന്‍ പെട്ടെന്ന് അകത്തേക്കു കടന്നു, പഴയ കുറച്ച് തുണികള്‍ അവള്‍ക്കെടുത്തു കൊടുത്തു. അത് വളരെ സന്തോഷത്തോടെ അവള്‍ വാങ്ങി ചുരുട്ടിവെച്ചു.
ഇനി പത്താണ്ടത്തെ വിശേഷങ്ങളൊക്കെ നീ എന്നോടുപറ ശശികലേ... ഞാന്‍ ഒന്നു കേള്‍ക്കട്ടെ. അവള്‍ ചരിഞ്ഞ് നാലുപാടും ഒന്നുനോക്കി. എന്നിട്ടു പറഞ്ഞു:
''ഞാനിപ്പളേ ഇങ്ങോട്ട് നടന്ന് വര്മ്പ്‌ളൊണ്ടല്ലോ, മൊതല രാഘോന്‍ അവന്റെ വീട്ട് വാത്‌ല്‌ല് ഒറങ്ങാന്‍ കെട്ക്കാര്ന്ന്. അയാള് എന്നെ തലപൊക്കി ഒന്ന് നോക്കി. ഞാന്‍ പേടിച്ചുപോയി. അയാളെ കണ്ടാല് ചങ്ക് പൊള്ള്ണ നൊമ്പരാ...''
''അവനെ നിനക്ക് പേടിയാ അല്ലേ? നിന്നെ ശല്യപ്പെടുത്താറുണ്ടോ അവന്‍?''
''ഒണ്ടോന്നോ, എന്നെ കണ്ടാപ്പിന്നെ അവന്‍ വിജാതീന്ന് ഒറക്കെ വിളിക്കും. എനക്ക് പേടിയൊണ്ട് കഥാകാരാ...''
''എടീ എനിക്കൊന്നും മനസ്സിലായില്ല, ഈ വിജാതീന്ന് നിന്നെ വിളിക്കുന്നതെന്തിനാ? അതിന്റെ പിന്നില് എന്തോ ഒരു കഥയുണ്ടല്ലോ!''
''അതേലേ എന്റെ അഛന്‍ സുബ്രുവുണ്ടല്ലോ ബ്രാഹ്മണനാര്ന്ന്, അമ്മ വേദം കൂടിയ ക്രിസ്ത്യാനീം. അത്‌വ്‌നറിയാന്നൊണ്ടാ അങ്ങ്‌നെ വിളിക്കണെ.''
''എന്നിട്ട് നിന്റഛനുമമ്മയും ഇപ്പഴ് എവിടെയാ?''
''ഞാന്‍ ഒണ്ടായതി പിന്നെ അവര് രണ്ടായി. അതോണ്ടാ ഞാനിങ്ങ്‌നായെ. അല്ലേലേ ഞാന് ബല്യആളായേനെ.....''
''നിന്റെ അമ്മയിപ്പഴ് എവിടാണെന്ന് നിനക്കറിയാമോ?''
''അതേ ആ പള്ളിപ്പറമ്പിലെ ഔട്ടോസില്‍ താമസിക്ക്ന്ന വികാരിച്ചന്റെ പാര്യാ ഇപ്പന്റെമ്മ. പയങ്കര സ്വത്ത് ഒക്കെ ഒണ്ട് ആ അച്ചന്. അമ്മ ഇപ്പം ബല്യ കോടീശരിയാ....''
''ഇപ്പം അമ്മ പറേന്നത് ഞാന്‍ ജാരസന്തതിയാന്നാ.... ഞാന്‍ കോനാപ്പീടെ വീട്ടേല് വന്നതീപ്പിന്നാ അമ്മേ കാണ്‌ന്നെ. അമ്മയ്‌ക്കെന്നെ ഇഷ്ടല്ല, ന്നാലും ഞാന്‍ മുണ്ടാനൊക്കെ പോവും. ഒര് ദെവസം ഞാന്‍ അമ്മേന്ന് വിളിച്ചപ്പം എന്നെ ആട്ടുപുരേടെ നെരപ്പലകേ ചേര്‍ത്തു നിര്‍ത്തി കഴുത്തിനു പിടിച്ചു ഞെക്കി ശരിക്കും പൊലയാട്ട് നടത്തി. അതേ പിന്നെ എനിക്കു പേടിയാ കഥാകാരാ. ന്നാലും ഞാനമ്മെ കാണും. പള്ളീലച്ചന്‍ ചാരായപ്പൊരേ കേറിയാപ്പിന്നെ അമ്മ ദേഹത്ത് എണ്ണേം കിഴിം ഇടാനായട്ട് വരും. ഞാനാ ഇട്ട് കൊട്ക്കന്നെ. കൊടവന്‍ പാത്രത്തേല് വെള്ളമൊക്കെ ചൂടാക്കി ആവിപിടിപ്പിക്കണ ഞാനാ. ഇഞ്ചകൊണ്ട് മേല്‌തേക്കണ നേരം ഒന്നും മുണ്ടാണ്ടിരിക്കും. എടക്ക് ചട്ടേം മുണ്ടും മേക്കമ്മലും ഒക്കെ ഇട്ട് കേറിവരമ്പം എന്ത് ചുന്ദരിയാന്നറിയ്വോ. അമ്മ വന്നാപ്പിന്നെ ഞാന്‍ ചെയ്താമതീന്ന് കോനാപ്പി പറയും. ഏഴുകൂട്ടം കൂട്ടീട്ടാ വെള്ളം തെളപ്പീര്. പിന്നെ ദേഹം മൊഴവനും എണ്ണേം തൈലോം പിടിപ്പിക്കും. എന്നിട്ട് ഈഞ്ച തേച്ചൊരു കുളി. അതും കഴ്ഞ്ഞ് കോനാപ്പീടെ പൗഡറിടീലൊണ്ട്. അപ്പളേ അമ്മേനെ അങ്ങാടിമര്ന്നിന്റെ ഒര്മണംണ്ട്. അതൊരു വല്ലാത്ത മണംതന്നാന്നേ..... പോവമ്പം ഞാനങ്ങ് നോക്കിനിക്കും. ചെലപ്പോ പത്ത്‌റുപ്യ എനക്ക്തരും. അതും എന്റെ കയ്യീന്ന് കോനാപ്പി വേടിച്ചെട്ക്കും. എന്നിട്ട് പറയും; നെനക്കേ ആഹാരം തര്ന്ന്ത് ഞാനാ...''
''പള്ളീലച്ചന്റെ കൂടെ അമ്മ പോവ്ന്ന കാണാനെന്ത് രസാ. കാറേലൊക്കെ കേറി മുമ്പീലാ ഇര്ക്കന്നെ. ഞാന്‍ വഴീലൊക്കെ കാണാറൊണ്ട്. ഞാന്‍ നോക്കിയങ്ങ് നിക്കും. തൊക്കെ ആണേലും ആ പള്ളീലച്ചന്‍ പെഴയാ. ഒരൂസം ഒണ്ടല്ലോ, അയാളെ മരുന്നു കുളിക്ക് കോനാപ്പീടടുത്ത് വന്നു. ഞാനയാളെ തേച്ചൊരച്ച് കുളിപ്പിക്കണംന്ന് പറഞ്ഞു. എന്ക്ക് വയ്യാന്ന് പറഞ്ഞപ്പം കോനാപ്പി എന്റെ കവിളിലടിച്ചു. പാഴ്പ്പറമ്പീകെടന്ന ശവമേ അനസരിക്കത്തില്ലേടീ എന്നു പറഞ്ഞ് കോനാപ്പി എന്നെ അയാടെ മുറീലിട്ടുപൂട്ടി. പിന്നെ എന്തോരം ജോലിയാര്ന്ന്, അയാക്കേ സൊഖിപ്പീര് കുളിവേണംന്നാ പറേന്നെ. എനക്കത് വല്ലതും അറിയ്വോ. അന്നാ ഞാനതൊക്കെ പഠിച്ചത്. ഞാനേ ഒരൂസം അമ്മേടോട് എല്ലാം പറഞ്ഞു. അതീപിന്നെ അയാള് വന്ന്ട്ടില്ല. പിന്നെ രണ്ട് മാസം കഴിഞ്ഞ് എന്ക്ക് സര്‍ദ്ദിവന്നപ്പോള്‍ അമ്മ ആസൂത്രി കൊണ്ടുപോയി. എന്റെ ഉള്ളീന്ന് എന്തോ എട്ത്ത് കളഞ്ഞു. അങ്ങ്‌നാ എന്ക്ക് സൊഖായേ.''
''ഇപ്പഴ് നിന്റെഛനെവിടാടീ?''
''നേരമ്പലത്തീ പൂജാരിയാ. പാര്യം മക്കളും ഒണ്ട്.''
''ഞാന്‍ കണ്ട്‌ട്ടൊണ്ട് മുണ്ടീട്ടില്ല. ഇപ്പ എന്നെ കണ്ടാ അറിയത്തില്ലാന്ന് തോന്ന്ന്ന്. ഞാന്‍ കൊറേക്കാലം എന്റഛന്റട്ത്താര്ന്ന്. അഛന്റെ കല്യാണായപ്പഴാ എന്നെ കോനാപ്പീടട്ത്ത് കൊണ്ടാക്കിയെ. അന്നെനിക്ക് ആറുവയസ്സേ ഒള്ളാര്ന്നു. ഞാന്‍ പഠിച്ചിട്ടൊന്നുമില്ല. സ്‌കൂളേല് പോണംന്ന് തോന്നീട്ടൊണ്ട്.'' ശശികല കഥ തുടര്‍ന്നുകൊണ്ടേയിരുന്നു.
അഛനും അമ്മയും ഇഷ്ടപ്പെട്ട് ജനിപ്പിച്ച ഒരു പെണ്ണാണിവളും, അവര്‍ സന്തോഷത്തോടെ ഇവള്‍ക്ക് ജന്മം നല്‍കി. എന്നിട്ടവര്‍ രണ്ടാളും അവരുടെ സുഖം തേടിപ്പോയി. ഇവള്‍ സമൂഹത്തിനു മുന്നില്‍ ആരോരുമില്ലാതെ ഒരു ചോദ്യചിഹ്നമായി... പെണ്ണ് ഒരു പാഴ്‌വസ്തു ആകുന്നതെപ്പഴാ.... ജീവിക്കാന്‍ വേണ്ടി പൊരുതുമ്പോള്‍, സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍, ബന്ധങ്ങളില്ലാതെ അനാഥയാകുമ്പോള്‍. എവിടെയും പുരുഷനാല്‍ വേട്ടയാടപ്പെടുന്നവള്‍ പെണ്ണ്. ഒക്കെ ചിന്തിച്ചിരിക്കെ അകലെ കോനാപ്പിയുടെ 'ഗോപുരം മസ്സാജ് സെന്റര്‍' എന്ന ബോര്‍ഡ് ഒരു ചോദ്യചിഹ്നമായി എന്നിലേക്കു പതിച്ചു. ഞാന്‍ പതിയെപ്പറഞ്ഞു; ആ ബോര്‍ഡ് മാറ്റി 'ഗോപുരം സ്ത്രീപീഡന കേന്ദ്രം' എന്നാക്കണം. മാസങ്ങള്‍ കൊഴിഞ്ഞടര്‍ന്നു. ദിനംതോറും ശശികല കഥ തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒരു ദിനം ഉച്ചമയക്കത്തില്‍ ശശികലയുടെ ഓക്കാനഒച്ച കേട്ട് ഞാന്‍ പുറത്തേക്കിറങ്ങി. കൂജയില്‍നിന്നും കുറച്ച് വെള്ളമെടുത്തവള്‍ക്കു കൊടുത്തു. ''നീ വാകഴുകി അകത്തേക്കു വാ...'' അവള്‍ അതനുസരിച്ചു. അകത്തേക്കു കയറിയ അവള്‍ പറഞ്ഞു: ''എനക്ക് രണ്ടൂസായിട്ടാ എപ്പയും സര്‍ദ്ദിയാ. ആഹാരം വയറ്റീ പുടിക്കാഞ്ഞാന്ന് കോനാപ്പി പറഞ്ഞു.''
''ഓ അപ്പോള്‍ അയാള്‍ ഇതറിഞ്ഞു അല്ലേ. നമുക്ക് നാളെ ഡോക്ടറുടെ അടുത്തുപോകാം, നീ വരണം.'' അവള്‍ തലകുലുക്കി. പിറ്റേന്ന് ഡോക്ടര്‍ ജയിന്‍മയിയുടെ അരികിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. അവരുടെ നിര്‍ദേശപ്രകാരം നേരെ പോലീസ് സ്‌റ്റേഷനിലേക്കും. അകത്തേക്കു കയറുമ്പോള്‍ ശശികല അറച്ചുനിന്നു. 'ശശികലേ കേറിവാ' എന്ന് പലവട്ടം ഞാന്‍ വിളിച്ചിട്ടും അവള്‍ അകത്തേക്കു വരാന്‍ കൂട്ടാക്കിയില്ല. ഞാന്‍ അവളുടെയരികിലെത്തി ചോദിച്ചു; 'എന്താ ശശികലേ ഞാന്‍ വിളിച്ചിട്ടും നീ അകത്തേക്കു വരാത്തത്?'
''അതേയ്, ആ ശാറേനെ ഞാനിന്നലെ കൊയമ്പിട്ടു കുളിപ്പിച്ചീതാണ്'' - സബ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ നീണ്ട അവളുടെ വിരലുകള്‍ അയാളെ സ്തബ്ധനാക്കി. അയാള്‍ ആലോചിച്ചു; പെണ്ണിന് എവിടെയും ഒരു നീതിയും കിട്ടില്ല... ഇത് സ്വതന്ത്ര ഭാരതമല്ലേ? സ്ത്രീകള്‍ക്ക് ഇന്നുവരെയും സ്വാതന്ത്ര്യം ലഭിക്കാത്തൊരിടം. സ്ത്രീസുരക്ഷക്കായി അനേകം നിയമങ്ങള്‍ നടപ്പാക്കിയിട്ടുള്ള ഇടം. അവള്‍ ഇന്നും ഇവിടെ പുരുഷന്റെ അടിമയാണ്. ആ അടിമക്ക് പുരുഷനടങ്ങുന്ന ഭരണകൂടവും നിയമപാലകരും നല്‍കിയ വില 'പത്തു ലക്ഷം', അവള്‍ക്കു നല്‍കിയ പേര്, 'ഇര.' സ്വതന്ത്ര ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യവും സുരക്ഷയും ഇത് രണ്ടുമാണ്. തന്റെ എഴുത്തുതാളുകള്‍ മറിഞ്ഞുപോകുമ്പോള്‍, ശശികലയുടെ ഓക്കാനഒച്ച അങ്ങകലെ പിന്നെയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അതിനരികിലൂടെ ഞാന്‍ എന്റെ യാത്ര തുടര്‍ന്നുകൊണ്ടും.....