മാനസികാരോഗ്യത്തെ വിശ്വാസത്തിന്റെ അളവുകോലായി മാറ്റരുത്
വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തനിക്ക് ചിത്തരോഗം വന്ന കാലത്തെക്കുറിച്ച് രസകരമായ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. 'ബഷീറിന് ഭ്രാന്ത് വന്നു!
വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തനിക്ക് ചിത്തരോഗം വന്ന കാലത്തെക്കുറിച്ച് രസകരമായ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. 'ബഷീറിന് ഭ്രാന്ത് വന്നു! ഞങ്ങള്‍ക്കെന്താണ് വരാത്തത്?' എന്ന് വിലപിക്കുന്ന മറ്റു സാഹിത്യകാരന്മാരോട് യോഗ്യന്മാര്‍ക്ക് ചിലതൊക്കെ വരും എന്നായിരുന്നു ബഷീറിന്റെ പ്രതികരണം. സ്വന്തം ദുരനുഭവങ്ങളോട് തന്നെ ചിരിക്കാനുള്ള തന്റെ ശേഷിയെ ഒന്നുകൂടി ലോകത്തിനു മുന്നില്‍ വെളിവാക്കുകയായിരുന്നു അന്ന് ഈ എഴുത്തുകാരന്‍.
മാനസികരോഗങ്ങളോട് രോഗിക്കുണ്ടാകുന്ന പ്രതികരണം പോലെ തന്നെ രോഗിയുടെ ചുറ്റുമുള്ളവരുടെ പ്രതികരണവും ഏറെ പ്രധാനപ്പെട്ടതാണ്. സാധാരണ ജീവിതത്തില്‍തന്നെ പലരും നേരിടേണ്ടിവരുന്ന മാനസികരോഗങ്ങള്‍ നമ്മളില്‍ പലരും കാര്യമായി എടുക്കാറില്ല എന്നതാണ് സത്യം. വിഷാദരോഗം, അമിത ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഒ.സി.ഡി, ഉറക്കമില്ലായ്മ തുടങ്ങിയ പല രോഗങ്ങളെയും ഒരു 'വിശ്വാസപ്രതിസന്ധി'യുടെ പ്രശ്‌നമായി കണ്ട് നിസ്സാരവത്കരിക്കുന്ന ആളുകള്‍ കുറവല്ല.
ബൈപോളാര്‍ ഡിസോര്‍ഡര്‍ 2, മാരകമായ വിഷാദം തുടങ്ങിയ രോഗങ്ങളെ ജീവിതത്തില്‍ നേരിടേണ്ടിവന്ന അമേരിക്കന്‍ എഴുത്തുകാരനായ ഹാറൂന്‍ മുഗള്‍ മാനസികരോഗങ്ങളുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചില മിഥ്യാധാരണകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അമുസ്‌ലിം തീവ്രവാദികള്‍ക്ക് നല്‍കുന്ന 'മാനസിക വിഭ്രാന്തി' എന്ന ഇളവ് മുസ്‌ലിം തീവ്രവാദികള്‍ക്ക് മുഖ്യധാരാ ആഖ്യാനങ്ങള്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ മുസ്‌ലിംകള്‍ സ്വയം ഈ വിഷയത്തെക്കുറിച്ച് ഒരിക്കലും ചര്‍ച്ച ചെയ്യാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. മാനസികരോഗം എന്നത് ഒരു നാണക്കേടായോ ദുര്‍ബലമായ ഈമാനിന്റെ പ്രതിഫലനമായോ മാത്രം കാണാനാണ് പലരും ആഗ്രഹിക്കുന്നത്. ഇത്തരം രോഗങ്ങളെ തിരിച്ചറിയുന്നതിലും ചികിത്സയുടെ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലും മുസ്‌ലിം പണ്ഡിതന്മാരും മതനേതാക്കളും പരിശീലനം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
തന്റെ തന്നെ എന്തോ പിഴവു കാരണമാണ് മനോരോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് രോഗികള്‍ വിശ്വസിച്ചു തുടങ്ങുന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. കുടുംബപാരമ്പര്യം, സാഹചര്യങ്ങള്‍, ജീനുകള്‍, ഭക്ഷണം- അങ്ങനെ പലതും മനോരോഗങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ശരീരത്തെ ബാധിക്കുന്ന മറ്റേതു രോഗവും പോലെ തന്നെയാണ് മാനസികരോഗങ്ങളും. മറ്റെല്ലാറ്റിനും ചികിത്സ തേടുന്നതു പോലെ ഇവക്കും ചികിത്സ തേടിയേ മതിയാവൂ.
ശാരീരിക വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സമുദായത്തില്‍നിന്ന് കിട്ടുന്ന പിന്തുണയും സഹായങ്ങളും മനോരോഗികള്‍ക്ക് കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. മറിച്ച് അവരെ കഴിയുന്നതും ഒഴിവാക്കിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കാറ്. ആദ്യമേ അതീവ വിഷമത്തില്‍ കഴിയുന്ന രോഗികളില്‍ ഇത് കൂടുതല്‍ വിഷാദം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സുഹൃത്തുക്കളെ ലഭിക്കാത്തത് അവരുടെ ഉള്ളിലെ സംഘര്‍ഷം രൂക്ഷമാക്കുന്നുണ്ട്.
രോഗത്തെ അവഗണിക്കുന്ന ഒരു കൂട്ടമുണ്ടെങ്കില്‍ 'ഉപദേശിച്ച് നന്നാക്കിയെടുക്കാം' എന്ന് വിചാരിക്കുന്ന മറ്റൊരു കൂട്ടവുമുണ്ട്. 'ക്ഷമ കൈക്കൊള്ളൂ', 'നിങ്ങളേക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നവരുടെ കാര്യം ഓര്‍ത്തുനോക്കൂ' തുടങ്ങിയ ഉപദേശങ്ങള്‍ അവര്‍ക്ക് ഉപകാരം ചെയ്യുന്നില്ലെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കേണ്ടതുണ്ട്. കാന്‍സര്‍ വന്ന ഒരാളോട് നമ്മള്‍ ചികിത്സ തേടുന്നതിനു പകരം ചിന്ത മാറ്റാന്‍ പറയാറില്ല. മനോരോഗികളോടും ഇത്തരത്തിലുള്ള സംസാരം ഒഴിവാക്കേണ്ടതാണ്. തങ്ങളുടെ തന്നെ എന്തോ പ്രശ്‌നം കൊണ്ടാണ് രോഗം വന്നതെന്ന ചിന്ത അവരില്‍ ഊട്ടിയുറപ്പിക്കാന്‍ മാത്രമാണ് ഇത് സഹായിക്കുന്നത്. കനിവോടെയും സ്‌നേഹത്തോടെയുമുള്ള സംസാരമാണ് ഏറ്റവും നല്ല വഴി. അവരുടെ കാര്യത്തില്‍ നിങ്ങളുടെ ഉത്കണ്ഠ അറിയിക്കുകയും സഹായങ്ങള്‍ ആവശ്യമെങ്കില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുക.
പ്രസവശേഷം നല്ലൊരു ശതമാനം സ്ത്രീകളും അനുഭവിക്കുന്ന ഒരു തരം വിഷാദരോഗമായ 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ'ക്കുറിച്ചു പോലും നമ്മുടെ നാട്ടില്‍ വലിയ തിരിച്ചറിവ് ഇല്ല. ഇതിന് ചികിത്സ തേടുന്നത് പല വികസിത രാജ്യങ്ങളിലും പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമാണ്. എന്നാല്‍ പൊതുവെ അമ്മയുടെ മാനസികാരോഗ്യത്തിന് യാതൊരു ഊന്നലും കൊടുക്കാത്ത പ്രസവാനന്തര സമീപനമാണ് നമ്മുടെ നാടുകളില്‍ കണ്ടുവരുന്നത്. രോഗം മൂര്‍ഛിച്ചാലും വൈദ്യസഹായം തേടുന്നവര്‍ വിരളമാണ്.
പ്രാര്‍ഥന കൊണ്ടു മാത്രം രോഗം മാറില്ല എന്ന തത്ത്വം മനോരോഗങ്ങളുടെ കാര്യത്തിലും സത്യമാണ്. രോഗം സൃഷ്ടിച്ച അല്ലാഹു അതിനുള്ള പരിഹാരവും കൂടെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് മനോരോഗങ്ങള്‍ക്ക് വൈദ്യസഹായം തേടുന്നതില്‍നിന്ന് നമ്മള്‍ മാറിനില്‍ക്കാറുണ്ട്. രോഗിയായി മുദ്ര കുത്തപ്പെടുന്നതിന്റെ ഭയമാണ് ഇതിലൊന്ന്.
മനഃശാസ്ത്രം എന്നാല്‍ ഇസ്‌ലാമുമായി ഒത്തുപോകാത്ത ഒരു വൈദ്യശാസ്ത്ര വിഭാഗമാണെന്ന തോന്നലാണ് രണ്ടാമത്തെ കാരണം. ഇത് മനസ്സിലാക്കി ബ്രിട്ടനും അമേരിക്കയുമടങ്ങുന്ന പല പാശ്ചാത്യ രാജ്യങ്ങളിലും ഇന്ന് ഇസ്‌ലാമിക വിശ്വാസങ്ങളെയും സമീപനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള മനഃശാസ്ത്ര രീതികള്‍ വികസിച്ചു വരുന്നുണ്ട്.
ബ്രിട്ടനിലെ സര്‍ക്കാര്‍ വൈദ്യസംവിധാനമായ നാഷ്‌നല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ആണ് ഇതിനൊരുദാഹരണം. ലീഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിലെ പ്രഫസര്‍ ഗസാല മിറിന്റെ ഗവേഷണ നേതൃത്വത്തില്‍ മുസ്‌ലിം രോഗികള്‍ക്കു വേണ്ടി ഇസ്‌ലാമിക തത്ത്വങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചികിത്സാ രീതി എന്‍.എച്ച്.എസിനു വേണ്ടി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസകാര്യങ്ങള്‍ക്ക് മുസ്‌ലിംകളുടെ ജീവിതത്തില്‍ ഉള്ള പ്രാധാന്യവും മുസ്‌ലിംകള്‍ക്കിടയില്‍ മനോരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ വളരെ കുറവാണെന്ന യാഥാര്‍ഥ്യവും കണക്കിലെടുത്തു കൊണ്ടാണ് ഇത്തരമൊരു രീതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗം കാരണം ഇസ്‌ലാമില്‍നിന്നകന്ന പലരും ഇസ്‌ലാമിലേക്ക് തിരിച്ചുവരാനും ഈ ചികിത്സാരീതി കാരണമായിട്ടുണ്ട്.
അമേരിക്കയില്‍ പലയിടങ്ങളിലും ഇപ്പോള്‍ പള്ളികളിലും മറ്റു കേന്ദ്രങ്ങളിലും മനഃശാസ്ത്രവിദഗ്ധരെ കൊണ്ടുവരികയും ഇമാമുകളും മറ്റംഗങ്ങളും മാനസികരോഗങ്ങളെ നേരിടുന്നതില്‍ പരിശീലനം നേടിയവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. മാനസികാരോഗ്യം തുറന്നു സംസാരിക്കേണ്ട വിഷയമാണെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുന്നതില്‍നിന്ന് ആരും മടിച്ചുനില്‍ക്കേണ്ടതില്ലെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ സമുദായാംഗങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നത്.
ഉസ്താദുമാരുടെ നേതൃത്വത്തില്‍ നമ്മുടെ നാടുകളില്‍ അരങ്ങേറുന്ന 'മുസ്‌ലിം ചികിത്സാരീതികളെ' അല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. മന്ത്രവാദവും അന്ധവിശ്വാസങ്ങളും കൂട്ടിയിണക്കുന്ന ഈ വിഭാഗക്കാര്‍ സാക്ഷര കേരളത്തിലും ഇന്നും ഒട്ടേറെയുണ്ടെന്ന് പലപ്പോഴും കൊണ്ടെത്തിക്കുന്നത് അപകടങ്ങളിലും മരണങ്ങളിലുമാണ്. മനുഷ്യത്വത്തിന് നിരക്കാത്തതും യഥാര്‍ഥ ഇസ്‌ലാമുമായി ഒരു തരത്തിലും യോജിച്ചു പോകാത്തതുമായ ഒരു സമ്പ്രദായമാണ് ഇത്.
ഇതിനു പകരം മനസ്സിന്റെ ശക്തിയെയും അല്ലാഹുവിന്റെ പരീക്ഷണങ്ങളെയും കുറിച്ചുള്ള ഖുര്‍ആനിലെ സൂക്തങ്ങളില്‍നിന്നും പ്രാര്‍ഥനകളില്‍നിന്നും ഊര്‍ജവും സമാധാനവും ഉള്‍ക്കൊള്ളുകയാണ് രോഗശാന്തി നേടിത്തരുന്നതില്‍ മതത്തിന് വഹിക്കാനുള്ള പങ്ക്.