പുതിന രുചിക്കും മരുന്നിനും
പി.എം കുട്ടി പറമ്പില്‍
ജൂലൈ 2019
വിഭവമേതായാലും സുഗന്ധവും രുചിയും വേണമെങ്കില്‍ അല്പം പുതിനയില ചേര്‍ക്കണം. രുചി കൂട്ടാന്‍ മാത്രമല്ല മരുന്നായും ഉപയോഗിക്കുന്നു.
അനായാസം നിലത്തും പൂച്ചട്ടികളിലും പുതിന വളര്‍ത്താം. എട്ടോ പത്തോ ഇലകളോടുകൂടിയ ഇത്തരം
വിഭവമേതായാലും സുഗന്ധവും രുചിയും വേണമെങ്കില്‍ അല്പം പുതിനയില ചേര്‍ക്കണം. രുചി കൂട്ടാന്‍ മാത്രമല്ല മരുന്നായും ഉപയോഗിക്കുന്നു.
അനായാസം നിലത്തും പൂച്ചട്ടികളിലും പുതിന വളര്‍ത്താം. എട്ടോ പത്തോ ഇലകളോടുകൂടിയ ഇത്തരം മൂപ്പെത്തിയ ഒരു ചാണ് നീളമുള്ള തലയ്ക്കങ്ങളാണ് പുതിനയുടെ നടീല്‍ വസ്തു. മാതൃ ചെടിയില്‍ നിന്നു വേര്‍പ്പെടുത്തുന്ന തലയ്ക്കങ്ങളിലെ ഇലകള്‍ക്കു വാട്ടം തട്ടുംമുമ്പ് നടണം. നടീല്‍ കഴിഞ്ഞാല്‍ മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഒപ്പം വേരിന്റെ ഭാഗം ഉണങ്ങാതെ ശ്രദ്ധിക്കണം. അടിസ്ഥാന വളമായി ഉണങ്ങിപ്പൊടിഞ്ഞ കാലിവളം ചേര്‍ക്കണം. പുതിനയുടെ വളര്‍ച്ചക്ക് ആഴ്ചയില്‍ ഒരിക്കലെങ്കിലും ചട്ടികള്‍ സൂര്യപ്രകാശമുള്ള സ്ഥലത്തേക്ക് മാറ്റിവെക്കണം. നേര്‍മയുള്ള മേല്‍മണ്ണും തരിമണലും ഉണങ്ങിപ്പൊടിച്ച കാലിവളവും സമം ചേര്‍ത്ത മിശ്രിതത്തില്‍ പുതിന തഴച്ചുവളരും. വളര്‍ച്ചയുടെ തോത് നിരീക്ഷിച്ച് വീട്ടാവശ്യത്തിന് തലഭാഗങ്ങള്‍ ഒരു വിരല്‍ നുള്ളിയെടുക്കാം. വെള്ളം അധികമായാല്‍ പുതിനയുടെ കടചീയലിനു കാരണമാകാം. മൂന്ന് മാസത്തിലൊരിക്കല്‍ വളര്‍ച്ചയുടെ തോതു നിരീക്ഷിച്ച് കൂടുതല്‍ ചട്ടികളിലേക്കു തലയ്ക്കങ്ങള്‍ മാറ്റിനടാവുന്നതാണ്.
ബാലാരിഷ്ടതയുള്ള ശിശുക്കള്‍ക്കും വാര്‍ധക്യം കൊണ്ട് വിശപ്പു കുറയുന്നവര്‍ക്കും പുതിന നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. പുതിനയിലയും ഇളം തണ്ടും ചതച്ചിട്ട് തണുപ്പിച്ചും തിളപ്പിച്ചും ദാഹജലം ആസ്വദിക്കാം. ഇലച്ചാറിന് അണുനാശക ശേഷിയുണ്ട്. മോണരോഗത്തിന് ഉത്തമമാണ്. മൂക്കടപ്പ് മാറ്റാന്‍ പുതിനയില ചതച്ചിട്ട് ആവികൊള്ളുന്നത് ഉടനടി ആശ്വാസം ലഭിക്കുന്ന പരിചരണമത്രെ.
പുതിന ഇല ചതച്ചുപിഴിഞ്ഞ് ചാറ് ചൂടുവെള്ളത്തില്‍ ഒഴിച്ച് സേവിച്ചാല്‍ ഗായകര്‍ക്കു സ്വരശുദ്ധി ലഭിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരുപിടി പുതിനയില വായിലിട്ട് ചവച്ചരച്ച് ഒരു കവിള് ചൂടുവെള്ളം കുടിച്ചാല്‍ ദഹനക്കുറവുമൂലമുള്ള വയറുവേദന മാറും. ഉണക്കിപ്പൊടിച്ച പുതിനയില ഉപയോഗിച്ച് കട്ടന്‍ ചായക്ക് പകരമായി സ്വാദിഷ്ടമായ പാനീയമുണ്ടാക്കാം. മോണരോഗം കൊണ്ടുള്ള വായ്നാറ്റത്തിന് ഈ പാനീയം ഫലപ്രദമാണ്. പുതിന നല്ലൊരു ആപ്പിറ്റൈസറും ദഹന സഹായിയുമാണ്. പാര്‍ശ്വഫലങ്ങള്‍ ലവലേശമില്ല.