''നിങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുക. അതില്‍ നിങ്ങള്‍ക്ക് അനുഗ്രഹം ഉണ്ട്.'' ഊണ്‍മേശ ഉര്‍വരമായ വീട്ടിടമാണ്. നിലനില്‍പിന്റെയും അതിജീവനത്തിന്റെയും ആരോഗ്യകരമായ പങ്കുവെയ്ക്കലുകളുടെയും ഇടം. അവിടെയാണ് വീട്ടിലെ അംഗങ്ങളുടെ അധ്വാനം സ്‌നേഹപൂര്‍വം പങ്കുവെക്കപ്പെടുന്നത്. അനുഗ്രഹിക്കപ്പെട്ട ഒരു വീട്ടിടമായി ഊണ്‍മേശകളെ പരിവര്‍ത്തിപ്പിക്കേണ്ടത് കുടുംബാംഗങ്ങളുടെ കടമയാണ്.
എങ്ങനെയാണ് ഊണ്‍മേശ ഇത്ര പ്രസക്തമാകുന്നത്?
രുചികളുടെ വൈവിധ്യങ്ങളും പൊങ്ങച്ചങ്ങളും കഴ്ചകളാകുന്ന ഉണ്‍മേശകളല്ല. പകരം വൈകാരികവും ശാരീരികവുമായ നിറവ് സമ്മാനിപ്പിക്കുന്ന, സകല തിരക്കുകളില്‍നിന്നും കുടുംബാംഗങ്ങളെ പരസ്പരം എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പൊതു ഇടമെന്ന നിലയിലാണ് അത് പ്രസക്തമാകേണ്ടത്.
അവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് രുചികള്‍ മാത്രമല്ല, വികാരങ്ങള്‍ കൂടിയാവണം. അത് വയറ് മാത്രം നിറയുന്ന ഇടമാകാതെ ഹൃദയം കൂടി നിറയുന്നിടത്താണ് ആരോഗ്യകരവും അനുഗ്രഹിക്കപ്പെട്ടതുമായ കുടുംബം ഉണ്ടാകുന്നതും.
ഊണ്‍മേശകളില്‍ ബാക്കിയാക്കുന്നത് എച്ചിലുകള്‍ മാത്രമാകരുത്. പൊട്ടിച്ചെറിഞ്ഞും തുരുമ്പിച്ചും പോവാത്ത ബന്ധത്തിന്റെ കെല്‍പുറ്റ ചങ്ങല കൂടിയാകണം.
പ്രശസ്തനായ ഹ്യൂമനിസ്റ്റ് സൈക്കോളജിസ്റ്റ് എബ്രഹാം മാസ്‌ലോയുടെ തിയറി ഓഫ് മോട്ടിവേഷന്‍ മനുഷ്യന്റെ ആവശ്യങ്ങളെ മുന്‍ഗണനാക്രമമനുസരിച്ച് തിരിക്കുകയും അതനുസരിച്ച് കര്‍മങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ നേടിയ മനുഷ്യന്‍ തന്റെ സ്‌നേഹത്തിനും സ്‌നേഹിക്കപ്പെടാനുമുള്ള ആവശ്യത്തിനും വേണ്ടി കര്‍മനിരതനാകുകയും അതിലൂടെ ആത്മാഭിമാനത്തിനും ആത്മസാക്ഷാത്കാരത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്യുമെന്നാണ് മാസ്‌ലോ പറയുന്നത്.
ഇങ്ങനെയാണെങ്കില്‍ മനുഷ്യന്റെ ഒരുപാട് ആവശ്യങ്ങളെ ഒരുമിച്ച് നിറവേറ്റാന്‍ കെല്‍പുറ്റ ഇടമാണ് നമ്മുടെ ഊണ്‍ മേശകള്‍. ഒരുമിക്കുകയാണെങ്കില്‍ മാത്രം ലഭ്യമാകുന്ന ആ അനുഗ്രഹത്തിനായി നാം ബോധപൂര്‍വം അതിനെ (ഊണ്‍മേശ) ഉപയോഗിക്കുകയും കുടുംബത്തെ തിരിച്ചുപിടിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം എത്രയൊക്കെയും എങ്ങനെയൊക്കെയും നവീകരിക്കപ്പെട്ടാലും കുടുംബം മനുഷ്യന്റെ ജൈവികമായ ആവശ്യവും സംസ്‌കരണശാലയുമാണ്. നിസ്സാരനും നിസ്സഹായനുമായ മനുഷ്യ പ്രകൃതിയുടെ തേട്ടം. ആദം ഹവ്വയില്‍നിന്നുള്ള ദൈവികമായ തുടര്‍ച്ചയും കാരുണ്യവും. അത് സാധ്യമാകുന്നത് വീടുകളില്‍നിന്നാണ്. മേശയുടെ ചുറ്റുമിരുന്ന് രുചി വര്‍ണങ്ങള്‍ നുകരുന്നതിനിടയില്‍ സ്‌നേമൂറുന്ന കുടുംബന്ധത്തെ ദൃഢതയോടെ വിളക്കിയെടുക്കാം.
കുടുംബത്തിലെ അംഗങ്ങളെ സകല തിരക്കുകളില്‍നിന്നും തുരുത്തുകളില്‍നിന്നും വീട്ടിലെ ഊണ്‍മേശയില്‍ ഒരുമിപ്പിക്കാം. ഉണ്ണുക, ഒരുമിക്കുക, പങ്കുവെക്കുക, നന്ദി കാണിക്കുക എന്നീ മനുഷ്യ പ്രകൃതങ്ങളെ തിരിച്ചുപിടിക്കണം. ഊണ്‍ മേശയിലെ ഒന്നിച്ചുള്ള ഇരിപ്പിലൂടെ അത് സാധ്യമാക്കാവുന്നതാണ്. ഒരു നേരമെങ്കിലും ഒരുമിക്കാത്ത ഊണ്‍മേശകള്‍ കേവലം അലങ്കാരമാണെന്നത് തിരിച്ചറിയണം. ലോഡ്ജ് മുറികളുടെ പരിമിതിയില്‍നിന്ന് വീടുകളെ മോചിപ്പിക്കാം. ബന്ധങ്ങളുടെ ഊഷ്മളതയും ബലവും പേറുന്ന ഊണ്‍മേശകള്‍ നമുക്ക് തിരിച്ചുപിടിക്കാം.
കുതറി ചിതറിയോടാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെ ഒരുമിച്ചൂട്ടി വാരിക്കൂട്ടാം. കൂട്ടുകൂടലിന്റെയും പങ്കുവെക്കലിന്റെയും തെളിമയാര്‍ന്ന ബന്ധങ്ങളെ കുഞ്ഞുമക്കള്‍ക്ക് നമുക്ക് കാണിച്ചുകൊടുക്കാം. അതിലൂടെ ലഭ്യമാവുന്ന അനുഗ്രഹങ്ങള്‍ കാണിച്ചുകൊടുക്കാം. ഒരു നേരമെങ്കിലും ഒരുമിക്കുന്ന ഊണ്‍മേശയിലൂടെ നമുക്കത് സാധിക്കാവുന്നതേയുള്ളൂ.