ആരാമം കാമ്പയിന്‍
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)
ഏപ്രില്‍ 2019
കുഞ്ഞിനെയൊളിപ്പിച്ച പെട്ടകത്തിന്റെ സഞ്ചാരപഥങ്ങളില്‍നിന്ന് കണ്ണെടുക്കാതെ, ആത്മവിശ്വാസവും സ്ഥൈര്യവും കൈവിടാതെ,
കുഞ്ഞിനെയൊളിപ്പിച്ച പെട്ടകത്തിന്റെ സഞ്ചാരപഥങ്ങളില്‍നിന്ന് കണ്ണെടുക്കാതെ, ആത്മവിശ്വാസവും സ്ഥൈര്യവും കൈവിടാതെ, നൈല്‍നദീ തീരത്തെ പാറക്കെട്ടുകളും ചെളിക്കുണ്ടുകളും വനപാതകളും താണ്ടി അതിസാഹസിക യാത്രക്കൊടുവില്‍ കൊട്ടാരത്തിലെത്തിയ പെണ്‍കുട്ടിയെ പരാമര്‍ശിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആനില്‍. അന്വേഷണങ്ങള്‍ക്ക് കിതക്കാതെ മറുപടി പറഞ്ഞ് പൈതലിനെ മാതൃമാറിടത്തിന്റെ സുരക്ഷിതത്വത്തിലേക്കെത്തിച്ച അവളെ ഇക്കഴിഞ്ഞ വനിതാദിനത്തില്‍ ആരും ഓര്‍ത്തുകാണില്ല. കൊട്ടാരത്തിന്റെ ഇടനാഴികളില്‍ അനീതിയോട് പോരടിച്ചു നിന്ന പ്രഭുപത്‌നിയും വിസ്മൃതിയിലായി! അവരെല്ലാം ചേര്‍ന്നാണ് പെണ്ണിനെ അപഹസിക്കുന്ന വ്യവസ്ഥയെ കീഴ്‌മേല്‍ മറിച്ച വിപ്ലവനായകനെ പോരാട്ടവഴിയിലേക്ക് പിച്ചവെപ്പിച്ചത്.
സ്ത്രീവിമോചനത്തെ കുറിച്ച് ആചാരം കണക്കെ നാം വാചാലമാകും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ന്യൂയോര്‍ക്കിലും കോപ്പന്‍ഹെഗനിലും നടന്ന പെണ്‍സമരങ്ങള്‍ മുതല്‍ എണ്ണിത്തുടങ്ങും. എന്നിട്ടെന്തായി? വിവേചനത്തിനെതിരെ മതില്‍ തീര്‍ത്തവര്‍ തെരഞ്ഞെടുപ്പില്‍ അവള്‍ക്കെത്ര നല്‍കി? സ്ത്രീസംവരണത്തെ കുറിച്ച് സംസാരിക്കുന്നവര്‍ക്കുമായില്ല, സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്താന്‍. സ്വാതന്ത്ര്യത്തിന്റെ വിശാലാകാശങ്ങളില്‍ 'ഉദാര'മായി പാറിനടക്കുന്നവരും ഹാദിയയുടെ ചിറകരിയാനാണ് ശ്രമിച്ചത്.
ആരാമം നീതിയുടെ താളുകളാണ്. ആകാശത്തിന്റെ, ഭൂമിയുടെ, പുരുഷന്റെ, സ്ത്രീയുടെ പാരസ്പര്യത്തിലാണ് അനശ്വരമായ വിജയവും വിമോചനവുമെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് ആരാമം നിര്‍വഹിക്കുന്ന ദൗത്യം. ഈ ദൗത്യമാവട്ടെ സ്രഷ്ടാവ് ഉത്തരവാദപ്പെടുത്തിയതാണെന്ന് ആരാമം ഉറച്ചുവിശ്വസിക്കുന്നു. പ്രവാചകന്മാരായിരുന്നു മനുഷ്യസമൂഹത്തെ ആ മാര്‍ഗം പഠിപ്പിച്ചത്. ആണും പെണ്ണുമടങ്ങുന്ന മനുഷ്യസമൂഹത്തിനു തന്നെ പിന്നീട് ആ ഉത്തരവാദിത്തം നല്‍കപ്പെട്ടു.
സ്ത്രീയുടെ കൂട്ടുകാരി എന്നത് ആരാമം സ്വയം എടുത്തണിഞ്ഞ വിശേഷണമാണ്. കഴിഞ്ഞകാലങ്ങളില്‍ അതിനോട് നീതിപുലര്‍ത്താന്‍ ആരാമത്തിനായിട്ടുണ്ട്. കണ്ണീരിലും പുഞ്ചിരിയിലും ആശങ്കയിലും ആകാംക്ഷയിലും അവള്‍ക്കൊപ്പം നിന്നു. നിഷ്‌കളങ്കമായി അവളെ സ്‌നേഹിച്ചു. ശരിയുടെ, നീതിയുടെ, സത്യത്തിന്റെ വഴികളെ കുറിച്ച് അവര്‍ പരസ്പരം സല്ലപിച്ചുകൊണ്ടേയിരുന്നു. ബാല്യത്തിലും കൗമാരത്തിലും യുവത്വത്തിലും വാര്‍ധക്യത്തിലും ആരാമത്തില്‍ അവള്‍ക്കുള്ള വിഭവങ്ങളുണ്ടായിരുന്നു. മകളായും പത്‌നിയായും മാതാവായും മുത്തശ്ശിയായും ആരാമത്തില്‍ അവളുല്ലസിച്ചു. ഇനിയും മലയാളികളുടെ വീടകങ്ങളില്‍, മനസ്സുകളില്‍ ആരാമമുണ്ടാകണം.
പക്ഷേ, ആരാമത്തെ പരിചയപ്പെട്ടിട്ടില്ലാത്ത കുടുംബങ്ങള്‍ ഇനിയുമുണ്ട്. എല്ലായിടത്തും ആരാമത്തിനെത്തണം. അവരോട് സംവദിക്കണം. അവരോട് കൂട്ടുചേരണം. ഒരു കുടുംബത്തില്‍ ഒരു ആരാമമെത്തുമ്പോള്‍ നേരിന്റെ വെളിച്ചമായാണത് അവര്‍ക്കനുഭവപ്പെടുക. ആരാമത്തിന്റെ പ്രചാരകരാവുക എന്നാല്‍ സല്‍ക്കര്‍മത്തില്‍ പങ്കാളിയാവുക എന്നാണര്‍ഥം. ഏപ്രില്‍ 25 മുതല്‍ മെയ് അഞ്ച് വരെയുള്ള പ്രചാരണ കാമ്പയിനില്‍ പരമാവധി കൈകളില്‍ ആരാമമെത്തിക്കുക. സഹോദരികള്‍ സജീവമായി തന്നെ കര്‍മരംഗത്തിറങ്ങുക. നമുക്ക് പരിചയമുള്ള വീടുകളില്‍, വായനശാലകളില്‍, ഓഫീസുകളില്‍, സ്റ്റാഫ് റൂമുകളില്‍ ആരാമമുണ്ടാകണം. നിങ്ങളുടെ കൂട്ടുകാര്‍ക്കുള്ള നല്ലൊരു ഉപഹാരമായും ആരാമത്തെ സ്വീകരിക്കാവുന്നതാണ്. നാഥന്‍ തുണക്കട്ടെ.