[ചരിത്രം അവന്റെ മാത്രം കഥയല്ല-4]
സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്ന ഒരു നമ്പൂതിരി യുവതിക്ക് സമുദായം 'ഭ്രഷ്ട്' കല്‍പിക്കുക പതിവായിരുന്നു. ആരോപണവിധേയനായ അന്തര്‍ജനത്തിന്റെ ദാസിയെ ഗ്രാമത്തിലെ നമ്പൂതിരിമാര്‍ വിചാരണ ചെയ്യുന്നതോടെയാണ് സ്മാര്‍ത്ത വിചാരത്തിന്റെ തുടക്കം. ദാസി തന്റെ യജമാനത്തി കുറ്റക്കാരിയാണെന്ന് പറഞ്ഞാല്‍ ഉടന്‍തന്നെ കുറ്റവാളിയായ അന്തര്‍ജനത്തിന് കാവല്‍ ഏര്‍പ്പെടുത്തുന്നു. സംശയിക്കപ്പെടുന്ന അന്തര്‍ജനം പിന്നീടറിയപ്പെടുന്നത് 'സാധന'മെന്ന പേരിലാണ്. സ്മാര്‍ത്ത വിചാരത്തെക്കുറിച്ച് ലോഗന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ചിട്ടപ്രകാരമുള്ള അരങ്ങ് ഒരുങ്ങിക്കഴിഞ്ഞാല്‍ നാടുവാഴിയുടെ വാറണ്ട് ആദ്യം വായിച്ചുകേള്‍പ്പിക്കുകയും പ്രതി എവിടെയാണെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്യും. മേല്‍നോട്ടത്തിന് നാടുവാഴി ശട്ടംകെട്ടിയ ഉദ്യോഗസ്ഥനുമൊത്ത് അകക്കോയ്മയുടെ അകമ്പടിയോടെ സ്മാര്‍ത്തന്‍, പ്രതിയുടെ വീട്ടിലേക്ക് ചെല്ലുന്നു. ഉദ്യോഗസ്ഥന്‍ പുറത്തു നില്‍ക്കുകയും മറ്റ് രണ്ടുപേരും അകത്ത് പ്രവേശിക്കുകയും ചെയ്യുന്നു. വാതില്‍ക്കല്‍ ദാസി ഉണ്ടായിരിക്കും. പുരുഷന്മാര്‍ അകത്തുകടക്കുന്നതിനെ സൂചനാപരമായി ദാസി വിലക്കുന്നു. അപ്പോള്‍ ദാസി പറയും, അകത്ത് ഒരാള്‍ ഉള്ളതുകൊണ്ടാണെന്ന്. ആള്‍ ആരാണെന്ന് പറയണമെന്ന് സ്മാര്‍ത്തന്‍ ആവശ്യപ്പെടുമ്പോള്‍ ഇന്ന മനയിലെ ഇന്ന നമ്പൂതിരിയുടെ മകള്‍ അല്ലെങ്കില്‍ സഹോദരി, അല്ലായെങ്കില്‍ ഭാര്യയോ ഇന്ന സ്ത്രീയാണ് എന്ന് പേരെടുത്ത് പറഞ്ഞ് ദാസി വിശദീകരിക്കും. ഇങ്ങനെയുള്ള ഒരു സ്ത്രീ ഈ വീട്ടില്‍ ഒറ്റക്ക് എങ്ങനെ വന്നെത്തി എന്ന് സ്മാര്‍ത്തന്‍ ആശ്ചര്യം നടിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്യുന്നു. ഇവിടെ തൊട്ടാണ് സ്മാര്‍ത്തവിചാരം ഔപചാരികമായി തുടങ്ങുക. പ്രതി വാതിലിന്റെ കതകില്‍ മറഞ്ഞുനിന്ന് കണ്ണും മുഖവും മുണ്ടിട്ടുമൂടി സ്മാര്‍ത്തന്റെ ചോദ്യത്തിന് ദാസി വഴി ഉത്തരം പറയണം. തനിക്കെതിരെ ആക്ഷേപമുണ്ടെന്ന് പ്രതി സ്വയം സമ്മതിക്കുന്നില്ലെങ്കില്‍ തുടര്‍ നടപടികള്‍ സാധ്യമാവുകയില്ല.
കുറ്റസമ്മതം നടത്തിക്കുന്നത് പലപ്പോഴും ശ്രമകരമായ ഒരു ജോലിയായിരിക്കും. സാഹചര്യങ്ങളുടെ അസാധാരണത്വം കൊണ്ട് 'പ്രതി' കുറ്റം സമ്മതിച്ചുപോകും - വല്ലപ്പോഴും കിട്ടുന്ന ഭക്ഷണം, സുദീര്‍ഘവും ക്ഷമ കെടുത്തുന്നതുമായ ചോദ്യം ചെയ്യല്‍, സ്മാര്‍ത്ത വിചാരം കൊണ്ട് മാനസികമായും സാമ്പത്തികമായും തകരുന്ന ബന്ധുജനങ്ങളുടെ പരിദേവനങ്ങള്‍, സ്മാര്‍ത്തന്റെ തന്നെ അഭ്യര്‍ഥനകളും വാഗ്ദാനങ്ങളും, കുറ്റസമ്മതം നടത്തി പശ്ചാത്തപിക്കുന്നതാണ് നല്ലതെന്ന സ്മാര്‍ത്തന്റെ നിരന്തരമായ ഓര്‍പ്പെടുത്തല്‍- എല്ലാം പ്രതിയെ ദുഃഖിപ്പിക്കുന്നതാണ്. നാടുവാഴിയെക്കൊണ്ട് ഏതെങ്കിലും ഒരു പുണ്യതീര്‍ഥത്തിന്റെ കരയില്‍ താമസസൗകര്യം ചെയ്യിക്കാനും ആയുഷ്‌കാലം മുഴുവന്‍ പ്രാര്‍ഥനയിലും പശ്ചാത്താപത്തിലും കഴിയാനും സാധിക്കുമെന്ന വാഗ്ദാനങ്ങളും തുടര്‍ന്ന് കേള്‍ക്കേണ്ടി വരും. വിചാരണയുടെ ചടങ്ങുകളും അന്തരീക്ഷവും പ്രതിയെ മാനസികമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. അന്തിമമായി, കുടുംബനാഥന്‍ തന്നെ മുന്നോട്ടുവന്ന് സ്വയം കുറ്റസമ്മതം നടത്തി വിചാരം എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതി, കുടുംബസ്വത്തില്‍ നല്ലൊരു പങ്ക് നല്‍കാമെന്ന് കേണു പറയുന്നു.
അങ്ങനെ ചതുരോപായങ്ങളാല്‍ നടത്തുന്ന പ്രേരണകള്‍ക്ക് വിധേയമാവുന്ന പ്രതി, സ്വന്തം ദൗര്‍ബല്യത്തെ സംബന്ധിച്ച് കുറ്റസമ്മതം നടത്തിക്കഴിഞ്ഞാല്‍ പിന്നീടുള്ളതെല്ലാം എളുപ്പമാണ്. മറക്കുട മാറ്റിവെച്ച് സ്മാര്‍ത്തന്റെയും ട്രൈബ്യൂണലിന്റെയും മുമ്പാകെ വന്ന് ഇരിക്കാന്‍ ക്ഷണിക്കപ്പെടുന്നു. അവരുടെ സാന്നിധ്യത്തില്‍ വെറ്റില-അടക്ക (താംബൂലം) തിന്നാനും പ്രതിക്ക് വിരോധമില്ല.
സ്മാര്‍ത്തവിചാരത്തിന് തിരശ്ശീല വീഴുന്നത് എന്തുകൊണ്ടോ രാത്രികാലത്താവണമെന്നാണ് ചട്ടം. വിചാരണക്ക് ഉത്തരവ് പുറപ്പെടുവിച്ച നാടുവാഴി, വിധി പ്രസ്താവന വേളയില്‍ സന്നിഹിതനായിരിക്കും. വിചാരണയുടെ ആദ്യന്തം നടന്ന സംഭവങ്ങളും നടപടിക്രമങ്ങളും വളരെ വിശദമായി സ്മാര്‍ത്തന്‍ സത്യസന്ധമായി അവതരിപ്പിക്കുന്നു. ഉപസംഹാരമായി 'ജാരബന്ധം പുലര്‍ത്തിയ പുരുഷന്റെ' പേര് കൂടി അറിയിക്കുമെന്ന് സ്മാര്‍ത്തന്‍ പ്രസ്താവിക്കുന്നു.
അടുത്ത ചടങ്ങ് കുറ്റവാളിയായ സ്ത്രീയുടെ എല്ലാ സമുദായ സ്വാതന്ത്ര്യങ്ങളും എടുത്തുകളയുകയാണ്. പ്രതിയായ സ്ത്രീയുടെ മറക്കുട എടുത്തുനീക്കുന്നതോടെ അവര്‍ സമുദായഭ്രഷ്ടയായി. കുട എടുത്തുനീക്കുന്നത് ദേശത്തിലെ അയിത്തോച്ചാടകനായ നായര്‍ (നാദിയന്‍) ആയിരിക്കണം. സ്മാര്‍ത്തവിചാര സദസ്സില്‍ സംബന്ധിച്ചവരുടെ കൈകൊട്ടലുകള്‍ക്കിടയില്‍ പ്രതി തല്‍ക്കാല വാസസ്ഥലത്തുനിന്നും സ്വസമുദായത്തില്‍നിന്നും ബഹിഷ്‌കരിക്കപ്പെടുന്നു. സ്ത്രീയുടെ ബന്ധുക്കള്‍ ചില ചടങ്ങുകള്‍ നിര്‍വഹിക്കുകയും പിഴച്ച സ്ത്രീയുമായുള്ള സമസ്ത കുടുംബബന്ധങ്ങളും വിഛേദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഭ്രഷ്ടയാക്കപ്പെടുന്ന സ്ത്രീ അവര്‍ക്കിഷ്ടമുള്ളിടത്തേക്ക് പോകുന്നു. ചിലര്‍ സമുദായഭ്രഷ്ടിനിരയാവുന്നവര്‍ക്കായി നിര്‍മിക്കപ്പെട്ട സ്ഥാപനങ്ങളില്‍ അഭയം തേടുന്നു. ചിറക്കല്‍ താലൂക്കില്‍ 'മൂത്തേടത്ത് അരമനയ്ക്കല്‍' എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടായിരുന്നതായി ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിയ്യസമുദായത്തിലോ അതിലും ഉയര്‍ന്ന സമുദായത്തിലോ ഉള്‍പ്പെടുന്ന പുരുഷനുമായി ജാരസമ്പര്‍ക്കം പുലര്‍ത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് സമുദായത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന കുറ്റവാളികളാണ് ഈ സ്ഥാപനത്തിലെ അന്തേവാസിയായിത്തീരുക. പ്രസ്തുത സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ തിയ്യസമുദായത്തില്‍പെട്ടവരായിരുന്നു.
സ്ഥാപനത്തിലെ കാരണവസ്ഥാനത്തിരിക്കുന്നയാള്‍ സ്ത്രീയാണെങ്കില്‍ അവര്‍ മക്കച്ചിയാര്‍ എന്ന പേരിലാണറിയപ്പെടുക. മക്കച്ചിയാര്‍മാരുടെ ആണ്‍മക്കളാണ് മന്നനാര്‍മാര്‍. അന്തര്‍ജനമെന്ന പേരിലറിയപ്പെടുന്ന നമ്പൂതിരി സ്ത്രീക്ക്, ഭര്‍ത്താവൊഴികെ മറ്റൊരു പുരുഷന്റെയും മുഖത്ത് നോക്കാന്‍ അധികാരമുണ്ടായിരുന്നില്ല. യാത്രചെയ്യുമ്പോള്‍ എതിരെ വരുന്ന പുരുഷന്റെ കണ്‍മുന്നില്‍ പെടാതിരിക്കാനായി, തന്റെ മുമ്പിലായി അകമ്പടിക്കാരായ ഒരു നായര്‍ സ്ത്രീയെ (വൃഷളി എന്നാണ് ഈ അകമ്പടിക്കാരിയുടെ പേര്) നടത്തും. മുന്നില്‍ നടത്തുന്ന അകമ്പടിക്കാരി എതിരെ വരുന്ന പുരുഷന്മാര്‍ മാറിനില്‍ക്കണമെന്ന് അറിയിച്ചുകൊണ്ട് 'ഓ ഹോ യി' എന്ന ശബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദം കേള്‍ക്കുന്ന പുരുഷന്മാര്‍, അകന്നുമാറുക പതിവായിരുന്നു. നമ്പൂതിരിസ്ത്രീയുടെ വേഷവും ശ്രദ്ധേയമാണ്. 'കോത്തുകെട്ടി' ഉടുക്കുന്ന മുണ്ടിനു പുറമെ കസവുകരയുള്ള മേല്‍മുണ്ട് മുലക്കച്ചയായി ധരിക്കുന്നു. ഈ മേല്‍മുണ്ട് കാല്‍മുട്ട് വരെ മറഞ്ഞിരിക്കും. ചില ബ്രാഹ്മണ വിധവകള്‍ ശിരോമുണ്ഡനം ചെയ്ത്, ആഭരണങ്ങളുപേക്ഷിച്ച് വെള്ള വസ്ത്രം മാത്രം ധരിച്ചുപോന്നു. യാഗശാലയിലും മറ്റ് വൈദികകര്‍മങ്ങളിലും നമ്പൂതിരിസ്ത്രീ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. യാഗത്തില്‍ സഹധര്‍മിണി പങ്കെടുക്കണമെന്നാണ് നിയമം എന്നത് ആചാരമായിരുന്നുവെങ്കില്‍ അനാചാരങ്ങള്‍ ഇല്ലാതാകുന്നത് യോഗക്ഷേമസഭയുടെ പ്രവര്‍ത്തന ഫലമായാണ്.
നമ്പൂതിരിയുടെ തൊട്ടുതാഴെ നില്‍ക്കുന്നവരാണ് 'അമ്പലവാസികള്‍.' അമ്പലവാസി സ്ത്രീകളാണ് ക്ഷേത്രത്തില്‍ പൂജക്കുള്ള മാല കൊരുക്കുന്നത്. അമ്പലവാസി സ്ത്രീകള്‍ ഉയര്‍ന്ന നമ്പൂതിരിമാരുമായി സംബന്ധത്തില്‍ ഏര്‍പ്പെടുക പതിവില്ല.
ക്ഷേത്രകലകളുമായി ബന്ധപ്പെട്ട് ആടുകയും പാടുകയും ചെയ്യുന്നവരാണ് ചാക്യാന്മാര്‍. ക്ഷേത്രകലയായ കൂത്ത്(പാഠകവും) ചാക്യാര്‍മാരാണ് അവതരിപ്പിക്കുക. ഇവരുടെ സ്ത്രീകള്‍ 'നങ്ങ്യാര്‍' എന്ന പേരിലറിയപ്പെടാറുണ്ട്. കൂത്ത് അവതരിപ്പിക്കുന്ന ഭര്‍ത്താവിന്റെ അടുത്തിരുന്ന് കുഴിത്താളം കൊട്ടി പ്രോത്സാഹിപ്പിക്കുന്നത് ഇല്ലോടമ്മയാണ്. (ചാക്യാര്‍ സ്ത്രീകള്‍ 'നങ്ങ്യാര്‍' എന്ന പേരിലും ഭാര്യമാര്‍ ഇല്ലോടമ്മമാര്‍ എന്ന പേരിലുമാണറിയപ്പെടുക).
സ്ത്രീകളും പുരുഷന്മാരുമായി 52 പേര്‍ മാത്രമേ ക്ഷത്രിയരായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരളത്തിലുണ്ടായിരുന്നുള്ളൂ. തിരുവിതാംകൂര്‍ മഹാറാണിമാരുടെ തോഴിമാരാകാനുള്ള അവകാശം ക്ഷത്രിയവംശജരായ പരപ്പനാട് നാടുവാഴി കുടുംബത്തിലെ ക്ഷത്രിയസ്ത്രീകളിലായിരുന്നു നിക്ഷിപ്തമായിരുന്നത്.
എ.ഡി 1294-ല്‍ കൊങ്കണ(ഗോവ)ത്തുനിന്നു കേരളത്തിലെത്തിയവരാണ് കൊങ്കണികള്‍ അഥവാ ഗൗഡസാരസ്വത ബ്രാഹ്മണര്‍. നെറ്റിയില്‍ വൃത്താകൃതിയില്‍ കുങ്കുമം ധരിക്കുന്ന കൊങ്കണി സ്ത്രീയുടെ വേഷം സാരിയും ചോളിയുമാണ്. വിവാഹവേളയില്‍ തീയില്‍ മലര്‍ എറിയുന്ന ചടങ്ങ് ഇവരുടെ പ്രത്യേകതയാണ്. കന്യാദാനത്തിന് മുമ്പായി വധൂവരന്മാര്‍ക്കിടയില്‍ ഒരു തിരശ്ശീലയുണ്ടായിരിക്കും. ശ്രാവണമാസത്തിലെ ഞായറാഴ്ചകളില്‍ ദര്‍ഭയും പൂവും ചേര്‍ത്തുകൊണ്ടുള്ള 'പന്‍സുപാരി' യുവതികളായ സുമംഗലികള്‍ പ്രായംചെന്നവരില്‍ അര്‍പ്പിക്കുന്നു. മുതിര്‍ന്നവരുടെ ഭാര്യപദവിയോടുള്ള ബഹുമാനത്തിന്റെ സൂചനയാണിത്. ദീപാവലിയോടനുബന്ധിച്ച് വിവാഹിതരായ സഹോദരിമാര്‍, സഹോദരനെ ക്ഷണിച്ച്, ആരതിയോടെ സ്വീകരിച്ച്, മധുരം നല്‍കുകയും പതിവാണ്. പ്രസവത്തിനുശേഷം പത്തുദിവസത്തെ പുല ആചരിക്കുന്നവരുമാണ് കൊങ്കണി സ്ത്രീകള്‍. കൊങ്കണിമാരോടൊപ്പം ഗോവയില്‍നിന്നെത്തിയ ശൂദ്രരാണ് കുഡുംബികള്‍. ശൈശവ വിവാഹം അനുഷ്ഠിച്ചിരുന്ന കുഡുംബികള്‍ വിധവാവിവാഹത്തെ എതിര്‍ത്തവരായിരുന്നു.
തമിഴ്‌നാട്ടില്‍നിന്നുമെത്തിയ പരദേശ ബ്രാഹ്മണരാണ് 'പട്ടന്മാര്‍' എന്ന പേരില്‍ കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. കുട്ടികളില്ലാത്ത ബ്രാഹ്മണ സ്ത്രീകള്‍ ശിവക്ഷേത്രത്തിലേക്ക് ഒരു കാളക്കുട്ടിയെ നേര്‍ച്ചയായി കൊടുക്കാറുണ്ട്. ഇതുമൂലം സന്താനഭാഗ്യം ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
പൊതുവെ മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നവരായിരുന്നു നായന്മാരെങ്കിലും പാലക്കാട് ജില്ലയിലെ 'മന്നാടിമാര്‍' എന്ന അവാന്തരവിഭാഗം പിന്തുടര്‍ന്നത് മക്കത്തായമാണ്.
ഗൃഹനിലയെ അടിസ്ഥാനമാക്കി ഭാവി പ്രവചിക്കുന്ന കുലത്തൊഴില്‍ സ്വീകരിച്ചവരാണ് ജ്യോത്സ്യന്‍ അഥവാ കണിശന്‍. ജനനം, ഉപനയനം, വിവാഹം, വിദ്യാരംഭം തുടങ്ങി എന്തിനും ശുഭമുഹൂര്‍ത്തം നിശ്ചയിക്കുന്നത് ജ്യോത്സ്യനായിരിക്കും. ശ്രദ്ധേയമായ ഒരു വസ്തുത ഇവരുടെ സ്ത്രീകള്‍ നാലോ അഞ്ചോ പുരുഷന്മാരെ ഒരേസമയം ഭര്‍ത്താവായി സ്വീകരിക്കാറുണ്ടായിരുന്നു എന്നതാണ്. സഹോദരന്മാര്‍ക്കെല്ലാം കൂടി ഒരു ഭാര്യ എന്ന രീതിയില്‍ അഭിമാനം കൊണ്ടവരായിരുന്നു കണിശന്മാര്‍. ഇവരുടെ വിവാഹകര്‍മവും ശ്രദ്ധേയമാണ്. വിവാഹച്ചടങ്ങുകളില്‍ വധുവിന്റെ ബന്ധുവായ 'ഇണങ്ങത്തി' ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. വധുവിന്റെ കണ്ണുകള്‍ രണ്ട് വെറ്റില കൊണ്ട് മൂടിയാണ്, ഇണങ്ങത്തി വധുവിനെ വിവാഹവേദിയിലേക്ക് ആനയിക്കുക. പിന്നീട് അരി വിതറിയ നിലത്ത് വധുവിനെ ഇരുത്തുന്നു. വധുവിന്റെ കഴുത്തില്‍ താലിവെച്ചു കൊടുക്കുന്നതും ഇണങ്ങത്തിയായിരിക്കും.
വിവാഹത്തിനു മുമ്പായി 'വിവാഹ നിശ്ചയം' നടത്തുന്ന ചടങ്ങ് തിയ്യരുടെ പ്രത്യേകതയാണ്. വിവാഹനിശ്ചയത്തിനായി വരന്റെ രണ്ട് പ്രായം ചെന്ന ബന്ധുക്കളും തണ്ടാനും (സമുദായ പുരോഹിതന്‍ അഥവാ മൂപ്പന്‍) വധൂഗൃഹത്തിലെത്തുന്നു. വധൂഗൃഹത്തിലെ വിഭവസമൃദ്ധമായ സദ്യക്കു ശേഷം നാല് പണം വധുവിന്റെ കാരണവരുടെ മുമ്പില്‍ വെക്കും. ഈ നാല് പണം, തങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ വിലയായി കണക്കാക്കണമെന്നാണ് സൂചന. തുടര്‍ന്ന് വിവാഹനിശ്ചയം അംഗീകരിക്കുന്നതിന്റെ തെളിവായി അഞ്ചര രൂപയും ഒരു ജോടി പുതുവസ്ത്രവും നല്‍കുന്നു. 'അടയാളം കൊടുക്കുക' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഈഴവര്‍ക്കിടയില്‍ നിലനിന്നിരുന്ന മറ്റൊരു ആചാരമായിരുന്നു 'വണ്ണാത്തിമാറ്റ്.' ഋതുമതികളായ പെണ്‍കുട്ടികള്‍ ഋതുസ്‌നാനം കഴിഞ്ഞാല്‍ ദേഹശുദ്ധി വരുത്തുന്നതിന് വണ്ണാത്തിയുടെ(അലക്കുകാരി) കൈയില്‍നിന്നും ഒരു കഷ്ണം അലക്കിയ തുണി- വണ്ണാത്തിമാറ്റ്- സ്വീകരിക്കമണമത്രെ; ജാതിഭേദമന്യേ നമ്പൂതിരിമാരും നായരും തിയ്യരുമെല്ലാം ഈ ആചാരത്തില്‍ വിശ്വസിച്ചവരായിരുന്നു. മലബാര്‍ ഗസറ്റിയറില്‍ (വാള്യം 2) വണ്ണാത്തിമാറ്റിനെക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധേയമാണ്. ഇതിനുപുറമെ, മരണം നടന്നാലും പ്രസവിച്ചാലും വണ്ണാത്തിമാറ്റ് ഒരാചാരമായി പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്നു.
പുരാതന കാലത്ത്, സ്വന്തം സമുദായത്തില്‍ മാന്യപദവി അലങ്കരിച്ചവരായിരുന്നു ധീവരസമുദായത്തിലെ സ്ത്രീകള്‍. സ്വത്തവകാശത്തിലും വ്യാപാര-വ്യവസായ കാര്യങ്ങളിലും സ്വാതന്ത്ര്യം ലഭിച്ചിരുന്ന ധീവര സ്ത്രീകള്‍ (മുക്കുവ സ്ത്രീകള്‍) പാതിവ്രത്യത്തിന് വില കല്‍പിച്ചിരുന്നു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മുക്കുവന്റെ ഭാര്യ പതിവ്രതയല്ലെങ്കില്‍, അയാള്‍ക്ക് അപകടമരണം സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്ന മുക്കുവ സ്ത്രീകളുടെ സ്വഭാവശുദ്ധി പ്രസിദ്ധമാണ്. മുക്കുവ പെണ്‍കുട്ടികള്‍ ഋതുമതിയാവുന്ന പെണ്‍കുട്ടിയെ തനിച്ച് ഒരു മുറിയിലിരുത്തുന്നു- നാലാം ദിവസമാണ് പെണ്‍കുട്ടിയെ കുളിപ്പിച്ച് പുതുവസ്ത്രം ധരിപ്പിക്കുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ തലയില്‍ വെറ്റില വെക്കുന്നു. കരി, അരി, സ്വര്‍ണം തുടങ്ങിയവ വിവിധ പൊതികളില്‍ കെട്ടിവെച്ചിരിക്കും. ഇവയില്‍നിന്ന് ഏതെങ്കിലും ഒന്ന് എടുക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടും. ഇതേ തുടര്‍ന്ന് അവിടെ കൂടിയിട്ടുള്ളവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യ നല്‍കുന്നു.
തട്ടാന്‍, പെരുംകൊല്ലന്‍, മൂശാരി, ആശാരി, ചെമ്പോട്ടി തുടങ്ങിയ ജാതികളില്‍പെട്ടവരെല്ലാം കമ്മാളന്മാര്‍ എന്ന പൊതു നാമത്താല്‍ അറിയപ്പെടുന്നു. മുക്കൂത്തിയും ചാന്തും ഇവരുടെ സ്ത്രീകളുടെ പ്രത്യേകതകളാണ്. താലികെട്ടു കല്യാണം കമ്മാളന്മാര്‍ക്കിടയിലും നിലനിന്നിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു.
പുലയര്‍, കണക്കര്‍, വേട്ടുവര്‍, ചെറുമര്‍, പറയര്‍ തുടങ്ങിയ പട്ടികജാതിക്കാര്‍ ഉള്‍പ്പെടുന്ന ഹരിജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ കഥ പറയുന്നവയാണ്. പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ തിരണ്ടു കല്യാണം ആഘോഷപൂര്‍വം നടത്താന്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നു. ഉത്തര കേരളത്തില്‍ ഈ കര്‍മത്തെ 'തിരണ്ടുമങ്ങലം' എന്നാണ് പറയുക. ഋതുമതിയായ പെണ്‍കുട്ടിയെ ആറ് ദിവസം ഒരു മുറിയിലിരുത്തിയ ശേഷം ഏഴാം ദിവസമാണ് കുളിപ്പിക്കുക. ഇതിനായി വീടിനു മുന്നില്‍ വാകമരത്തിന്റെ ഒരു കൊമ്പ് കുഴിച്ചിട്ട് കര്‍മങ്ങള്‍ നടത്തുന്നു. വാകയുടെ അരികിലായി നിലവിളക്ക്, നിറപറ, ഉരല്, ഉലക്ക എന്നിവയുണ്ടായിരിക്കും. ഋതുമതിയായ പെണ്‍കുട്ടിയെ അകമ്പടി സേവിക്കുമാറ് കന്യകമാരില്‍ ഓരോരുത്തരായി വന്ന്, നാക്കിലയില്‍നിന്ന് അരിയെടുത്ത് വാകയെ പ്രദക്ഷിണം വെച്ചശേഷം, കത്തിയെടുത്ത് വാകയുടെ തൊലി കൊത്തിയെടുക്കുന്നു ('വാകപ്പൊലി'). കന്യകമാരെത്തുടര്‍ന്ന് ഋതുമതിയായ പെണ്‍കുട്ടിയും ഇത് ആവര്‍ത്തിക്കും. കൊത്തിയെടുത്ത വാകത്തോല് ഈ ഏഴ് കന്യകമാരും ചേര്‍ന്ന് ഉലക്ക കൊണ്ടിടിച്ച് പൊടിക്കണമെന്നാണ് നിയമം. ഇത് പൗരോഹിത്യം വഹിക്കാന്‍ ഒരു വേലനുമുണ്ടായിരിക്കുമത്രെ. ഉലക്ക കൊണ്ട് പൊടിച്ചെടുത്ത വാകപ്പൊടിയുമായാണ് കന്യകമാര്‍ കുളത്തിലേക്ക് പോകുക. കുളത്തില്‍ സ്‌നാനം ആരംഭിക്കുന്നതിനു മുമ്പ് രസകരമായ ഒരു ചടങ്ങുണ്ട്. ഋതുമതിയായ പെണ്‍കുട്ടി ധരിച്ചിരുന്ന മേല്‍മുണ്ടുടുത്ത് കുളത്തിലേക്ക് വീശിയെറിഞ്ഞ് അതില്‍ മത്സ്യം പിടിച്ചെടുക്കുമത്രെ: മേല്‍മുണ്ടില്‍ എത്ര മത്സ്യത്തെ ലഭിച്ചുവോ അത്രയും തവണ പെണ്‍കുട്ടി പ്രസവിക്കുമെന്നാണ് വിശ്വാസം.
പതിനേഴാം നൂറ്റാണ്ട് വരെയും മിക്കവാറും ഹൈന്ദവരുടെ അചാരങ്ങള്‍ പിന്തുടര്‍ന്നവരായിരുന്നു ക്രിസ്തുമത വിശ്വാസികള്‍. എന്നാല്‍ 1599-ല്‍ മെനേസീസ് എന്ന പോര്‍ച്ചുഗീസ് ബിഷപ്പ്, ഉദയംപേരൂരില്‍വെച്ച് ഒരു സുനഹദോസ് (പൊതുയോഗം) വിളിച്ചുകൂട്ടുകയും ഹൈന്ദവാചാരങ്ങള്‍ ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിന് ഊന്നല്‍ നല്‍കണമെന്ന് ഉദ്‌ഘോഷിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ പതിനെട്ടാം നൂറ്റാണ്ടോടെ ക്രിസ്ത്യാനികള്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍നിന്ന് ഏറക്കുറെ മുക്തമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ അന്ധവിശ്വാസം ആഴത്തില്‍ വേരൂന്നിയിരിക്കുന്നത് കണ്ടെത്താനാവും. പ്രാചീനമായ വൃക്ഷാരാധനയും പുരാതന കാളീസങ്കല്‍പത്തിന്റെ അമ്മ ദൈവാരാധനയുടെ പ്രതീകമായ തെയ്യാട്ടവും ഇന്ന് ഉത്തരമലബാറിലെ സവിശേഷതയാണ് ('തെയ്യാട്ടം' എന്നാല്‍ ദൈവത്തിന്റെ ആട്ടം എന്നാണര്‍ഥം. തെയ്യക്കോലം കെട്ടിക്കഴിഞ്ഞാല്‍ വ്യക്തിക്ക് ദൈവത്തിന്റെ സ്ഥാനമാണുള്ളത് എന്നതുകൊണ്ടുതന്നെ വ്രതനിഷ്ഠകളോടുകൂടി കോലം കെട്ടണമെന്നാണ് വിശ്വാസം).