'താങ്കള്‍ അയച്ച ഒരു കത്ത് ഞാനിപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.'
ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ഇതു പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിസ്മയം തോന്നി. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കെ.ഇ.എന്‍, പി. സുരേന്ദ്രന് എന്നിവരോടൊന്നിച്ച് ഖത്തറിലെ സാംസ്കാരിക സമ്മേളനത്തിനുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. കത്തിനെക്കുറിച്ച വിശദാംശങ്ങള്‍ ചോദിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം അത് പറഞ്ഞു: 'കഥ എഴുതി തുടങ്ങുന്ന കാലത്ത് ഞാന്‍ താങ്കള്‍ക്ക് ഒരു കത്തെഴുതിയിരുന്നു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഭാവനയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും നടന്ന കാര്യങ്ങളെന്നപോലെ കഥകളായി എഴുതുന്നതില്‍ ഇസ്ലാമികമായി തെറ്റുണ്ടോ എന്നതായിരുന്നു എന്റെ അന്വേഷണം. അന്ന് താങ്കള്‍ അനുകൂലമായ മറുപടി നല്കിയില്ലായിരുന്നുവെങ്കില് ഒരുപക്ഷേ ഞാന്‍ കഥയെഴുത്ത് നിര്‍ത്തുമായിരുന്നു.'
വിദ്യാര്‍ഥിയായിരിക്കെയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും എഴുതാന്‍ തുടങ്ങിയത്. അതുമുതല്‍ തന്നെ സ്വാഭാവികമായും വായനക്കാരില്‍നിന്നും അല്ലാതെയും കത്തുകള്‍ കിട്ടാന്‍ തുടങ്ങി. മറുപടി അര്‍ഹിക്കുന്ന ഒരൊറ്റ കത്തിനു പോലും ഇന്നോളം അത് എഴുതാതെ വിട്ടിട്ടില്ലെന്നാണ് ഓര്മ.
മറ്റുള്ളവരില്‍നിന്ന് കിട്ടിയ കത്തുകള്‍ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. കുറവുകള്‍ കണ്ടെത്താനും പോരായ്മകള്‍ തിരുത്താനും സഹായകമായിട്ടുണ്ട്. പല കാര്യങ്ങളും ചെയ്യാന്‍ പ്രചോദനമായിത്തീര്ന്നിട്ടുമുണ്ട്. മനസ്സിന് സന്തോഷവും സംതൃപ്തിയും നല്കാന് നിരവധി എഴുത്തുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കത്തുകള്‍ക്ക് മറുപടി എഴുതലും ആവശ്യമാണെന്ന് തോന്നുമ്പോഴെല്ലാം കത്തയക്കലും ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാക്കി.
വിവരസാങ്കേതിക വിദ്യ വളര്‍ന്നു വികസിക്കുകയും മൊബൈല്‍ ഫോണ്‍ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുകയും ചെയ്തതോടെ കത്തുകളുടെ വരവ് ഏതാണ്ട് പൂര്‍ണമായിത്തന്നെ നിലച്ചു. അതോടെ കത്തെഴുത്തും ഇല്ലാതായി.
തിരുത്തല്‍ ശക്തി
കൊല്ലങ്ങള്‍ക്കപ്പുറം കോഴിക്കോട് മൊയ്തീന് പള്ളി റോഡിലെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസില്‍നിന്ന് പള്ളിയിലേക്ക് പോവുകയായിരുന്നു. ഒരു ചെറുപ്പക്കാരന് വഴിയില്‍ തടഞ്ഞുനിര്‍ത്തി. അയാള്‍ തന്റെ പ്രയാസവും ദുഃഖവും അറിയിക്കുകയായിരുന്നു. അവിടത്തെ ഒരു കടയിലെ ജോലിക്കാരനാണ്. പലപ്പോഴും നിഷിദ്ധ വസ്തുക്കള്‍ വില്‍ക്കേണ്ടിവരുന്നു. മറ്റൊരു ജോലിയും ഇല്ലാത്തതിനാല്‍ അവിടെത്തന്നെ നില്ക്കാന് നിര്‍ബന്ധിതനുമാണ്. എന്തുചെയ്യണമെന്ന് അന്വേഷിക്കാനാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തിയത്. അദ്ദേഹത്തോട് കടയുടമയുടെ പേരും വിലാസവും ചോദിച്ചു വാങ്ങി. ഓഫീസില്‍ ചെന്ന ഉടനെ നിഷിദ്ധ വസ്തുക്കള്‍ വില്‍ക്കുന്നതിന്റെ ഗൗരവം വിശദീകരിച്ച് കത്തെഴുതി.
മൂന്നാം നാള് തന്നെ മറുപടി കിട്ടി. തന്റെ കടയിലുള്ള നിഷിദ്ധ വസ്തുക്കളെല്ലാം എടുത്തുമാറ്റി എന്നും ഇനിമേല്‍ അത്തരം നിഷിദ്ധങ്ങള്‍ വില്‍ക്കുകയില്ലെന്നും തറപ്പിച്ചു പറയുന്നതായിരുന്നു മറുപടി. തന്നോട് ആരും അതേക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് നിഷിദ്ധസാധനങ്ങള് വില്ക്കാന് ഇടയായതെന്നും സാത്വികനായ ആ കച്ചവടക്കാരന് എഴുതിയിരുന്നു.
കത്തുകള്‍ ഇവ്വിധം തിരുത്തല്‍ ശക്തിയായ അനുഭവമില്ലാത്തവര് ബോധപൂര്‍വം അതെഴുതുന്നവരില് അപൂര്‍വമായേ ഉണ്ടാവുകയുള്ളൂ.
കുടുംബ കലഹങ്ങള്‍ക്ക് അറുതി വരുത്തുക, ദമ്പതികള്‍ക്കിടയിലെ അകല്‍ച്ചയകറ്റി ബന്ധം ഭദ്രമാക്കുക, കുടുംബക്കാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, സാമ്പത്തിക ഇടപാടുകാര്‍ക്കിടയിലെ തര്‍ക്കം തീര്‍ക്കുക പോലുള്ളവയില്‍ കത്തെഴുത്ത് പ്രയോജനപ്പെട്ട അനുഭവങ്ങള്‍ ഇല്ലാത്ത പൊതുപ്രവര്‍ത്തകര്‍ വളരെ വിരളമായിരിക്കും.
ആദര്ശമാറ്റങ്ങളിലൂടെ മനുഷ്യരെ നന്മയിലേക്ക് നയിക്കാനും മദ്യപാനം ഉള്‍പ്പെടെയുള്ള തിന്മകളില്നിന്ന് തടയാനും കത്തുകള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. പലരെയും ഇസ്ലാമിനോടും ഇസ്ലാമിക പ്രസ്ഥാനത്തോടും ആഭിമുഖ്യമുള്ളവരാക്കാനും കത്തുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തികളെ വിഷാദത്തില്‍നിന്ന് മുക്തരാക്കാന്‍ മാത്രമല്ല, വിനാശകരമായ ആലോചനകളില്‍നിന്ന് പിന്തിരിപ്പിക്കാന് പോലും കത്തുകള്‍ ഉപകരിച്ച കാലമുണ്ടായിരുന്നു.
പ്രകോപിതരായവര്‍
നേരിട്ടുള്ള സംസാരവും പ്രസംഗവും എഴുത്തും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന പോലെ കത്തുകളും വെറുപ്പും വിദ്വേഷവും ക്ഷണിച്ചുവരുത്താറുണ്ട്. ഓര്‍മയില്‍ തങ്ങിനില്ക്കുന്ന അത്തരമൊരു അനുഭവം ഇവിടെ കുറിക്കുന്നു.
കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അതിമഹത്തായ പങ്കുവഹിച്ച മഹല്‍ സ്ഥാപനമാണ് ഫാറൂഖ് കോളേജും അനുബന്ധ വിദ്യാലയങ്ങളും. ദക്ഷിണേന്ത്യ കണ്ട പ്രഗത്ഭ പണ്ഡിതനും പരിഷ്കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബുസ്സ്വബാഹ് അഹ്മദലി മൗലവിയും ത്യാഗസന്നദ്ധരായ ഒരു പറ്റം സാത്വികരായ സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആ മഹല്‍ സ്ഥാപനം പടുത്തുയര്‍ത്തിയത്.
അവരുടെയൊന്നും ജീവിതകാലത്ത് അവിടെ വിദ്യാര്ഥിപ്രവേശനത്തിനോ അധ്യാപക നിയമനത്തിനോ കോഴ വാങ്ങിയിരുന്നില്ല. പില്ക്കാലത്ത് അതേക്കുറിച്ച ചര്‍ച്ച വന്നപ്പോള്‍ അബുസ്സ്വബാഹ് മൗലവി പറഞ്ഞത് എന്റെ വീടും പറമ്പും വില്‍ക്കേണ്ടിവന്നാലും കോഴ വാങ്ങാന്‍ അനുവദിക്കുകയില്ല എന്നായിരുന്നു. എന്നാല്‍ പിന്നീട് സ്ഥാപന നടത്തിപ്പുകാരായി വന്നവര്‍ അധ്യാപക നിയമനത്തിന് മാത്രമല്ല, വിദ്യാര്‍ഥി പ്രവേശനത്തിനും വലിയ സംഖ്യ കോഴ വാങ്ങാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍ ആരും അതിലിടപെട്ട് അതവസാനിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്തില്ല.
ഇത്തരമൊരു പശ്ചാത്തലത്തില്‍ കോഴ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് വ്യക്തിപരമായി നേരില്‍ കത്തയച്ചു. ഒന്നിലേറെ പേര് നിര്‍ദേശത്തെ സ്വാഗതം ചെയ്തും തങ്ങളുടെ നിസ്സഹായത വ്യക്തമാക്കിയും മറുപടി അയച്ചു. എന്നാല്‍ നേതൃസ്ഥാനത്തുള്ള ചിലര്‍ പ്രകോപിതരാവുകയും തികഞ്ഞ അസഹിഷ്ണുത പ്രകടിപ്പിക്കുകയുമാണുണ്ടായത്. പിന്നീട് കോഴിക്കോട് നഗരത്തില്‍ നടന്ന ഒന്നിലേറെ പൊതുപരിപാടികളില്‍ അതിനെ പരോക്ഷമായി എതിര്‍ക്കുകയും വ്യംഗ്യമായി വിമര്‍ശിക്കുകയും ചെയ്തു.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ പിന്നീട് വന്ന സ്ഥാപന ഭാരവാഹികളില്‍ ചിലര്‍ കത്തിനോട് അനുകൂലമായി പ്രതികരിച്ചവരാണ്. അവര്‍ വളരെ പെട്ടെന്നു തന്നെ വിദ്യാര്‍ഥികളില്‍നിന്ന് കോഴ വാങ്ങുന്നത് നിര്‍ത്തലാക്കി. നേരത്തേ വാങ്ങിയത് തിരിച്ചുനല്‍കേണ്ടി വരുന്ന സംഖ്യയിലപ്പുറം അധ്യാപകരില്‍നിന്നും കോഴ വാങ്ങേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നുവെന്നാണറിവ്.
മാന്യമായ പ്രതികരണം
മൊബൈല്‍ ഫോണ്‍ സാര്‍വത്രികമാകുന്നതിനു മുമ്പ് വ്യത്യസ്ത സംഘടനാ നേതാക്കളോടുള്ള വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും അറിയിച്ചിരുന്നത് കത്തുകളിലൂടെയാണ്. ചിലര്‍ മറുപടി അയക്കുകയില്ല. അപൂര്‍വം ചിലര്‍ മോശമായി പ്രതികരിക്കും. എന്നാല്‍ ഏറെപേരും വളരെ മാന്യമായാണ് മറുപടി അയച്ചിരുന്നത്. രണ്ടു മൂന്ന് അനുഭവങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
എം.കെ മുനീര്‍ സാഹിബിനെതിരെ, അദ്ദേഹത്തിന്റെ സഹോദരീപുത്രന്റെ മെഡിക്കല്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ചില ആരോപണങ്ങള്‍ വന്നപ്പോള്‍ സംഭവത്തിലെ സത്യാവസ്ഥ അന്വേഷിച്ച് വിമര്‍ശന ഭാഷയില്‍ കത്തയച്ചു. അതിന് അദ്ദേഹം എഴുതിയ ആറു പേജുള്ള സുദീര്‍ഘമായ മറുപടി ആദ്യാവസാനം വികാരനിര്‍ഭരവും തന്റെ നിരപരാധിത്വം വ്യക്തമാക്കുന്നതും തന്റെയും കുടുംബത്തിന്റെയും സാമ്പത്തികാവസ്ഥ വിശദീകരിക്കുന്നതുമായിരുന്നു. അതിലൊരിടത്ത് അദ്ദേഹം എഴുതി: '25 വര്‍ഷം ഭരണത്തിലിരുന്ന പിതാവ് ഞങ്ങള്‍ക്ക് നല്കിയ സമ്പാദ്യം 25 സെന്റ് ഭൂമിയാണ്. അതില്‍ 10 സെന്റ് ബാഫഖി തങ്ങള്‍ ഉദാരമതികളുടെ സഹായത്തോടെ വാങ്ങിത്തന്നതാണ്. 15 സെന്റ് മാത്രം ഒരായുഷ്കാലം കൊണ്ട് സമ്പാദിച്ച ഞങ്ങളുടെ പിതാവ് ബാങ്ക് ബാലന്‍സായി തന്നത് ആത്മാഭിമാനം മാത്രമാണ്. അതാണ് ഞങ്ങളുടെ കൈമുതല്‍.'
ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം ലീഗുമായി കഴിഞ്ഞ കാലങ്ങളില്‍ ഇണങ്ങേണ്ടിയും പിണങ്ങേണ്ടിയും വന്നിട്ടുണ്ട്. ആദ്യകാലത്ത് രണ്ട് സന്ദര്‍ഭങ്ങളിലും വിയോജിപ്പുകള്‍ കത്തുകളിലൂടെ അറിയിക്കുകയായിരുന്നു പതിവ്. അതിനു മറുപടിയായി ഒരിക്കല്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എഴുതി: 'താങ്കളുടെ കത്തും ഉള്ളടക്കം ചെയ്തിരുന്ന ഫോട്ടോകോപ്പികളും കിട്ടി. ഇങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നു. ഇപ്രകാരം സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.'
ഈ സ്വഭാവത്തില്‍ എഴുതാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ അദ്ദേഹം മറുപടി അയക്കാറുണ്ടായിരുന്നില്ല. അപ്പോഴും ഇപ്പോഴെന്നപോലെ നല്ല സൗഹൃദം നിലനിര്‍ത്തിയിരുന്നു.
കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി മുഹമ്മദ് മൗലവി സാഹിബിന്റെ ചില നിലപാടുകളില്‍ ഉള്ള വിയോജിപ്പ് രേഖപ്പെടുത്തുന്ന കത്തയച്ചു. കൂട്ടത്തില്‍ അദ്ദേഹത്തിന് പറയാനുള്ളത് പ്രബോധനത്തില്‍ എഴുതാനും ആവശ്യപ്പെട്ടു. അതിന് അദ്ദേഹം നല്കിയ മറുപടി വളരെ മാന്യമായിരുന്നു. അതിന്റെ അവസാനത്തില്‍ അദ്ദേഹം കുറിച്ചതിങ്ങനെ: 'എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പ്രബോധനത്തിന്റെ പേജുകള്‍ ഉപയോഗിക്കണമെന്ന് തോന്നുന്നില്ല. എനിക്കിപ്പോള്‍ വേണ്ടത്ര സുഖമില്ല. അത് താങ്കള്‍ക്ക് തന്നെ അറിയാമല്ലോ. ഏറ്റെടുത്ത ജോലികള്‍ തന്നെ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയാത്ത പരുവത്തിലാണ് ഈയുള്ളവന് ഇപ്പോള്‍. എനിക്കു ആരോഗ്യം തിരിച്ചുകിട്ടാന്‍ പ്രാര്‍ഥിക്കുമല്ലോ.'
ഭദ്രമായി സൂക്ഷിക്കുന്ന കത്തുകള്‍
ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അനുകൂലമായും പ്രതികൂലമായും ധാരാളം കത്തുകള്‍ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അവയോരോന്നിനും തത്സമയം പ്രതികരണം അറിയിച്ചുകൊണ്ടിരുന്ന ആത്മമിത്രമാണ് പരേതനായ കരുവാരകുണ്ടിലെ സി.കെ മുഹമ്മദ് സാഹിബ്. തലക്കെട്ടും കെട്ടും മട്ടും ഉള്ളടക്കവും അച്ചടിപ്പിശകുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായം രേഖപ്പെടുത്തുമായിരുന്നു. അദ്ദേഹം സ്വദേശത്തായിരുന്നപ്പോഴും വിദേശത്തായിരുന്നപ്പോഴും ഈ പതിവ് തെറ്റിച്ചിരുന്നില്ല. വായനക്കാരില്‍നിന്ന് ലഭിച്ച ഇത്തരം അഭിപ്രായങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.
യൂസുഫലി കേച്ചേരി മുതല്‍ ഗുരു നിത്യചൈതന്യയതി വരെയും ടി.എന്‍ ജയചന്ദ്രന് മുതല്‍ എം.എ യൂസുഫലി വരെയും ഇവ്വിധം അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിച്ചവരിലുണ്ട്.
എന്നാല്‍ ഇപ്പോള്‍ എല്ലാം ഫോണ്‍ വിളികളിലേക്കും വാട്സ് ആപ്പുകളിലേക്കും മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ കത്തുകള്‍ ഭദ്രമായി സൂക്ഷിച്ചിരുന്നപോലെ അവ എടുത്തുവെക്കാന്‍ സാധ്യമല്ല. മറ്റൊരു സന്ദേശം വരുന്നതോടെ ആദ്യത്തേതൊക്കെ വിസ്മൃതിയില്‍ വിലയം പ്രാപിക്കുന്നു. സ്വന്തം കൈപ്പടയില്‍ എഴുതുന്ന കത്തുകളുടെ ഹൃദ്യത യന്ത്രങ്ങള്‍ രേഖപ്പെടുത്തുന്ന സന്ദേശങ്ങള്‍ക്ക് ഉണ്ടാവുകയില്ലല്ലോ. രണ്ടും ആശയപ്രകാശനത്തില്‍ ഒരേ ദൗത്യമാണ് നിര്‍വഹിക്കുന്നതെങ്കിലും.
50 വര്‍ഷം മുമ്പ് 1969 ഫെബ്രുവരി ഒമ്പതാം തീയതി എന്റെ വന്ദ്യഗുരു തന്ന കത്ത് ഇന്നും വളരെ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്. ടെലഫോണ്‍ സന്ദേശമോ വാട്സ്ആപ്പ് കുറിപ്പോ ഇങ്ങനെ സംരക്ഷിക്കപ്പെടുകയില്ലെന്നുറപ്പ്.
ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ അവിടെ നടത്തപ്പെട്ട മലയാളം, അറബി പ്രസംഗ, പ്രബന്ധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ആദരണീയനായ അധ്യാപകന് പി. മുഹമ്മദ് കുട്ടശ്ശേരി സമ്മാനപ്പൊതിക്കൊപ്പം തന്ന കത്ത് ഒരു വിദ്യാര്‍ഥിക്ക് അധ്യാപകനില്‍നിന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രശംസയാണ്.
അറബിയിലുള്ള ആ കത്തില്‍ വന്ദ്യ ഗുരു പ്രകടിപ്പിച്ച പ്രതീക്ഷകള്‍ എത്ര അളവില്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവെന്ന് തീരുമാനിക്കേണ്ടത് എന്നെ അനുഭവിച്ചവരാണ്. നേരിയ തോതിലെങ്കിലും പ്രായോഗികമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ സൗഭാഗ്യവാനാണ്.
അതേക്കുറിച്ച യഥാര്‍ഥ അറിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. അന്ന് അതില്‍ അദ്ദേഹം എഴുതി: ''എന്റെ കൊച്ചനുജാ, താങ്കളുടെ ഇസ്ലാമിക പ്രതിബദ്ധതയോടും പ്രസംഗ ചാതുരിയോടുമുള്ള ആദരമെന്ന നിലയിലാണ് തെളിഞ്ഞ മനസ്സോടെ ഞാന്‍ ഈ സമ്മാനം താങ്കള്‍ക്ക് സമര്‍പ്പിക്കുന്നത്. ശാരീരികമായി താങ്കള്‍ ചെറുതാണെങ്കിലും പ്രശംസാര്‍ഹമായ സവിശേഷതകളാല്‍ തിളങ്ങി നില്ക്കുന്ന ഒരു വലിയ മനുഷ്യനെ ഞാന്‍ താങ്കളില്‍ കാണുന്നു. ഭാവിയില്‍ കേള്‍വിക്കാരുടെ കാതുകളെ ധന്യമാക്കുന്ന പ്രഭാഷണങ്ങളിലൂടെയും ഉറങ്ങിക്കിടക്കുന്ന ഈ സമുദായത്തെ തൊട്ടുണര്‍ത്തുന്ന കരുത്തുറ്റ ലേഖനങ്ങളിലൂടെയും പ്രശോഭിതനായി വിളങ്ങി നില്ക്കുന്ന താങ്കളുടെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഭാവിയില്‍ ജനം താല്പര്യത്തോടെ കോരിയെടുക്കുന്ന വിജ്ഞാനത്തിന്റെ തെളിഞ്ഞ ജലാശയമായി താങ്കളെ ഞാന്‍ കാണുന്നു. ഒപ്പം സമൂഹത്തിന്റെ പുരോഗതിക്കായി വ്യത്യസ്ത വഴികളിലൂടെ മുന്നേറുന്നവനായും. എന്റെ ഈ നല്ല പ്രതീക്ഷകള്‍ അന്വര്ഥമാക്കാന് അല്ലാഹു അനുഗ്രഹിക്കട്ടെ. താങ്കള്‍ക്ക് എല്ലാവിധ നന്മയും അനുഗ്രഹവും ആശംസിക്കുന്നു.''
പി. മുഹമ്മദ് കുട്ടശ്ശേരി.