ശരീരത്തിലെ സുപ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒരു അവയവമാണ് കണ്ണ്. ഈ കുഞ്ഞ് ഗോളങ്ങളിലൂടെയാണ് നാം വര്ണപ്പകിട്ടാര്ന്ന ഭൂമിയെ ആസ്വദിക്കുന്നത്. പക്ഷേ, ആ കണ്ണുകളുടെ ആരോഗ്യം 'കണ്ണിലെ കൃഷ്മണിപോലെ' തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷേ, ഇന്ന് കുഞ്ഞുങ്ങളുടേതടക്കം കണ്ണിന്റെ ആരോഗ്യം ഒരു വിഷയമായി മാറുന്നു. മാറുന്ന ജീവിത ശൈലികളും ടെക്നോളജിയുടെ നിരന്തര ഉപയോഗവും കണ്ണിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.
'കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ' എന്ന് പഴമക്കാര്‍ പറയുന്നത് എത്ര ശരിയാണെന്ന് നോക്കണം. നല്ല ആരോഗ്യമുള്ള കണ്ണുണ്ടെങ്കില്‍ മാത്രമേ നമുക്ക് പ്രായമാകുംതോറും ആത്മവിശ്വാസത്തോടെ പരസഹായമില്ലാതെ ജീവിക്കാന്‍ ഒക്കൂ. നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങളിലൂടെയും നല്ല ശീലങ്ങളിലൂടെയും നമുക്ക് നമ്മുടെ നേത്രങ്ങളെ സംരക്ഷിക്കാവുന്നതാണ്. കുട്ടികള്‍ക്ക് നല്ല പോഷകാഹാരങ്ങള്‍ കൊടുത്തും മൊബൈല്‍ ഫോണില്‍നിന്നും ടി.വിയില്‍നിന്നും ഒരു പരിധിവരെ അകലം പാലിച്ചുനിര്ത്തിയും അവരില്‍ കാഴ്ചക്കുറവ് ബാധിക്കുന്നതിനെ പരിഹരിക്കാവുന്നതാണ്. മൊബൈല്‍ ഫോണിന്റെ ഉപയോഗം കണ്ണിന് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാന്‍ കാരണമാകുന്നതായി ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു. അതുപോലെ തന്നെ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന രോഗങ്ങളാണ് ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി മുതലായവ. ഈ രോഗങ്ങള്‍ നയിക്കുന്നത് ഇരുട്ടിലേക്കാണ്.
കണ്ണില്‍ പ്രഷര്‍ കൂടുമ്പോള്‍ ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുന്നതാണ് ഗ്ലോക്കോമ. ഇത് കൂടുതലായും പ്രായമുള്ളവരിലാണ് കണ്ടുവരുന്നത്. ആദ്യഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഒന്നും അനുഭവപ്പെടുകയില്ല. എന്നാല്‍ നേരത്തേ തന്നെ രോഗത്തെക്കുറിച്ച് മനസ്സിലാക്കുകയും വേണ്ടവണ്ണം ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ ഇത് പൂര്‍ണമായും നയിക്കുന്നത് അന്ധതയിലേക്കാണ്. ഇടക്കിടെയുള്ള കണ്ണ് പരിശോധനയിലൂടെ മാത്രമേ ഈ രോഗത്തെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്ന് ലോകമെമ്പാടും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളിയോടെ കാണുന്ന രോഗമാണ് പ്രമേഹം. മുതിര്‍ന്നവരില്‍ മാത്രമല്ല കൊച്ചു കുട്ടികളില്‍പോലും കണ്ടുവരുന്നു. കാലം പിന്നിടുമ്പോള്‍ പ്രമേഹം നമ്മുടെ നേത്രങ്ങളിലെ ഞരമ്പുകളില്‍ ക്ഷതമേല്പിച്ചുകൊണ്ട് അന്ധതയിലേക്ക് നയിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഡയബറ്റിക് റെറ്റിനോപ്പതി ഇടയ്ക്കിടെയുള്ള കണ്ണ് പരിശോധനയിലൂടെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ലോകമാസകലമുള്ള ജനങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു നേത്ര രോഗമാണ് തിമിരം. ഇത് മുഖ്യമായും പ്രായമാകുന്നതിനനുസരിച്ച് കാലക്രമേണ നടക്കുന്ന പ്രക്രിയയാണ്. വല്ല മുറിവുംകൊണ്ട് നേത്രങ്ങളിലെ ലെന്സുകളില് വ്രണമുണ്ടായാല്‍ തിമിരം വരാനുള്ള സാധ്യത ഏറെയാണ്. തിമിരത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഉത്തരം ഇല്ല. മനുഷ്യന്റെ മറ്റെല്ലാ അവയവങ്ങള്‍ക്കും പ്രായത്തിന്റെ തളര്‍ച്ച ബാധിക്കുന്നതുപോലെ തന്നെ കണ്ണിനെയും ബാധിക്കുന്ന ഒന്നാണ് തിമിരം. പ്രായം അധികരിച്ച് വരുമ്പോള്‍ നേത്രങ്ങളിലെ ലെന്‍സ് പ്രോട്ടീനും അവയുടെ ഋഹമേെശരശ്യേയും നഷ്ടപ്പെട്ടുപോകുമ്പോഴാണ് തിമിരം തുടക്കം കുറിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ കാഴ്ചയില്‍ നേരിയ മങ്ങല്‍ അനുഭവപ്പെടുകയും പിന്നീട് കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ അന്ധതയിലേക്ക് നയിക്കുകയും ചെയ്യും.
ജീവിതശൈലികളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നേത്രങ്ങളെയും ഏറക്കുറെ ബാധിക്കുന്നുണ്ട്. അവയില്‍ ഒന്നാണ് കണ്ണ് വരള്‍ച്ച. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷമാണ് കൂടുതലും കണ്ടുവരുന്നത്. പുരുഷന്മാരില് പുകവലിയും മറ്റു ദുശ്ശീലങ്ങളുമുള്ളവരിലുമാണ് പ്രധാനമായും കണ്ടുവരുന്നത്. അപൂര്‍വമായി കുട്ടികളിലും കാണാറുണ്ട്. രോഗങ്ങള്‍ വരാന്‍ സാധ്യതകള്‍ ഏറെയാണ്. ഇനിവരുന്ന തലമുറകള്‍ ഇരുട്ടിലാവാതിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ നാം ശ്രദ്ധപുലര്‍ത്തേണ്ടിയിരിക്കുന്നു. എങ്കില്‍ ഇനിയുള്ള തലമുറയെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കാം.