അവധിക്കാലം ഉത്സവകാലം
ഹുസ്‌ന തറയില്‍
ഏപ്രില്‍ 2019
അവധിക്കാലങ്ങള്‍ ബാല്യത്തിന്റെ ആഘോഷമാണ്. ഓരോ അവധിക്കാലവും വരവേല്‍ക്കപ്പെടുന്നത്
അവധിക്കാലങ്ങള്‍ ബാല്യത്തിന്റെ ആഘോഷമാണ്. ഓരോ അവധിക്കാലവും വരവേല്‍ക്കപ്പെടുന്നത് ആര്‍പ്പുവിളിയും ആരവവും മുഴങ്ങികൊണ്ടാവും. മനസ്സു നിറഞ്ഞു പറന്നു നടക്കുന്ന സുന്ദരകാലം. പഠനത്തിന്റെയും ശാസനകളുടെയും വീര്‍പ്പുമുട്ടലുകളില്‍നിന്നും ഓടിയൊളിക്കുന്ന കാലം -ആവേശം വാനോളമിരച്ച് കയറുന്ന നിമിഷങ്ങള്‍.
ഓരോ അവധിക്കാലവും കാലങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമാണ്. നമുക്കറിയാം നമ്മുടെയെല്ലാം അവധിക്കാലം ഒരു ഉത്സവകാലമായിരുന്നു. പാടത്തും പറമ്പിലും ആര്‍ത്തുല്ലസിച്ചു നടന്ന ഓര്‍മകള്‍. മാവില്‍ കല്ലെറിഞ്ഞും മലകയറിയും കുസൃതികാട്ടിയും കുറുമ്പു പറഞ്ഞും ഒരുപാട് കളികള്‍ കൂട്ടുകൂടി കളിച്ചുമുള്ള കാലം.... വര്‍ണനകള്‍ക്കപ്പുറമാണ് ആ കാലം.
അന്നത്തെ കാലത്തു വല്ലപ്പോഴും മാത്രമേ കുട്ടികള്‍ ടെലിവിഷനെ ആശ്രയിച്ചിരുന്നുള്ളൂ. ബാക്കി എല്ലാ സമയവും കായികമോ മാനസികമോ ആയ കളികള്‍ മാത്രം. ഇതിനിടയില്‍ മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമായിരുന്നു.
പക്ഷേ, അതില്‍നിന്നെല്ലാം മാറിനിന്നുകൊണ്ട് ഇന്നത്തെ തലമുറയുടെ അവധിക്കാലം ഇലക്‌ട്രോണിക് യുഗത്തില്‍ ഒതുങ്ങിക്കൂടുകയാണ്. അവര്‍ക്ക് മറ്റ് ലോകങ്ങളൊന്നുമില്ല. അവര്‍ അതില്‍ മാത്രം മുഴുകി ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നു. അവര്‍ക്കു മഴയില്ല, വെയിലില്ല, പാടത്തും തൊടിയിലുമുള്ള ആഘോഷങ്ങളൊന്നുമില്ല.... മുതിര്‍ന്നവരും ഇപ്പോള്‍ അങ്ങനെ ഒരു യുഗത്തില്‍ ആണ്. അപ്പോള്‍ പിന്നെ കുട്ടികളെ മാത്രം പഴിചാരിയിട്ടു കാര്യമില്ല.
അങ്ങനെയുള്ള ഒരു തലമുറയുടെ ഇടയില്‍ ഇന്നത്തെ കാലത്തു നടത്തുന്ന അവധിക്കാല ക്യാമ്പുകള്‍ ഒരുപാട് ഗുണം ചെയ്യും. അവധിക്കാലം മുഴുവനായും അവരെ അതില്‍ തളച്ചിടണമെന്നല്ല. കുറച്ചു ദിവസങ്ങളെങ്കിലും ക്യാമ്പുകളില്‍ അവരെ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്കതു ഒരുപാട് ഗുണം ചെയ്യും.
ചെറിയ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന സര്‍ഗാത്മക ക്യാമ്പുകള്‍ അവരിലെ കലയെ പരിപോഷിപ്പിക്കുന്നു. അവര്‍ക്കുള്ളിലെ ചിത്രകാരനെയോ എഴുത്തുകാരനെയോ പുറത്തെടുക്കാന്‍ ഇത്തരം ക്യാമ്പുകള്‍ മുഖേന സാധിക്കുന്നു. കൂടാതെ അവര്‍ക്ക് അത് ഒരു പുത്തനുണര്‍വ് നല്‍കും.
ഒരുവിധം എല്ലാ ക്യാമ്പുകളും കുട്ടികളുടെ സാമൂഹിക അഭിവൃദ്ധിയാണ് ലക്ഷ്യം വെക്കുന്നത്. അവരെ പ്രകൃതിയോടിണക്കി സമൂഹത്തില്‍ അവര്‍ക്കുള്ള കടമകള്‍ വ്യക്തമാക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഇന്ന് ക്യാമ്പുകളില്‍ നടക്കുന്നത്. പഠനത്തില്‍നിന്നും മാറി കളിയും ചിരിയുമായി അനുഭവങ്ങള്‍ പകരുന്ന ഇടങ്ങളാണ് ഓരോ ക്യാമ്പും.
ക്യാമ്പുകളില്‍ കാണുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് എന്തും പറയാവുന്ന സുഹൃത്തായിരിക്കും. കാരണം പഠനത്തിന്റെ ശ്വാസം മുട്ടിക്കുന്ന ചോദ്യങ്ങളൊന്നും അവിടെ ആരെയും അലോസരപ്പെടുത്തുന്നില്ല. ഓരോ ക്യാമ്പുകളിലും വ്യത്യസ്തമായ വീക്ഷണങ്ങളാകും. പഴമയുടെ അറിവുകള്‍ നല്‍കുന്ന, അല്ലെങ്കില്‍ അതിലൂടെ കൂട്ടികളെ കൊണ്ടുപോകുന്ന പല പരിപാടികളും കാണാറുണ്ട്. അന്നത്തെ സാധനങ്ങള്‍ പ്രദര്‍ശനം നടത്തിയും ചില സാധനങ്ങള്‍ ഉണ്ടാക്കി അവ ഉപയോഗപ്പെടുത്തി അന്നത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് വിശദീകരണം നല്‍കിയുമെല്ലാം കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നു. ഇവയെല്ലാം ഇത്തരം ക്യാമ്പുകളെ വേറിട്ടു നിര്‍ത്തുന്നു.
മറ്റ് ചില ക്യാമ്പുകള്‍ കുട്ടികളെ ഉള്‍പ്പെടുത്തി സമൂഹത്തിനു സഹായകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അതിനു ഓരോ സ്ഥലം കണ്ടുപിടിച്ചു അവിടെ നാട്ടുകാര്‍ക്ക് ആവശ്യമായ എന്തെങ്കിലും നിര്‍മിച്ചു നല്‍കുകയാണ്. റോഡ് നിര്‍മാണം, കളിക്കളം നിര്‍മാണം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നടന്നു കാണുന്നു.
ഇത്തരം അവധിക്കാല ക്യാമ്പുകള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം നല്‍കിവരുന്നുണ്ട്. ഒരിക്കല്‍ ഒരു യാത്രയില്‍ വെച്ച് അങ്ങനെ ഒരു ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ പ്രായമായവരെ തിരക്കുപിടിച്ച റോഡു മുറിച്ചു കടക്കാന്‍ സഹായിക്കുന്നതു കാണാന്‍ ഇടവന്നിട്ടുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ ക്യാമ്പുകള്‍ ആകും കൂടുതലും. ഇത്തരം കൂട്ടായ്മകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ സുരക്ഷക്ക് മുന്നിട്ടിറങ്ങാറുണ്ടെന്നാണ് അനുഭവം.
ഇത്തരം ക്യാമ്പില്‍ പങ്കെടുത്ത ആണ്‍കുട്ടികളാരും ഒരിക്കലും ഒരു കാലത്തും ഒരു പെണ്‍കുട്ടിയോടും അപമര്യാദയായി പെരുമാറില്ല എന്നാണ് ക്യാമ്പില്‍ പങ്കെടുത്തവര്‍ പറയുന്നത്. കാരണം പെണ്ണിനെ ബഹുമാനിക്കാന്‍, സംരക്ഷണം നല്‍കാന്‍ അവര്‍ എല്ലാവരും ഒറ്റക്കെട്ട് ആയിരുന്നു. ആ ഓര്‍മകള്‍ നെഞ്ചില്‍ ഉള്ളിടത്തോളം കാലം അവര്‍ ഓരോ പെണ്ണിനും സംരക്ഷണ വലയം തീര്‍ക്കുമെന്നുറപ്പ്.
എന്നാല്‍ പൂര്‍ണമായും ക്യാമ്പുകളില്‍ അവധിക്കാലം തളച്ചിടേണ്ടതുമില്ല. അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി വീടുകളില്‍ വിടുകയും ആകാം. പക്ഷേ, പൂര്‍ണമായും ഇലക്‌ട്രോണിക് ലോകത്തിലേക്ക് ചുരുങ്ങാതെയിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം.