പിതാവിനെക്കുറിച്ച് പുത്രന്റെ ഓര്‍മകള്‍

വി.കെ അബ്ദു No image

വി.കെ ഇസ്സുദ്ദീന്‍ മൗലവിയെക്കുറിച്ച് പലരും പലപ്പോഴായി ധാരാളം എഴുതിയിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചായിരുന്നു. എന്നാല്‍ ഈ മഹാനുഭാവന്‍ ജനിച്ച നാടും വീടും കുടുംബവുമൊക്കെ പശ്ചാത്തലമാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കുടുംബ ജീവിതവും അതോടൊപ്പം വിശാലമായ പ്രവര്‍ത്തന മണ്ഡലവും കുറച്ചുകൂടി അടുത്തു നിന്ന് പരിചയപ്പെടുത്തുന്ന വി.കെ ജലീല്‍ രചിച്ച 'ഇസ്സുദ്ദീന്‍ മൗലവിയുടെ നാടും വീടും എന്റെ ഓര്‍മകളും' എന്ന കൊച്ചു കൃതി ഏതാണ്ട് ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാനായി.
പിതാവിനെക്കുറിച്ച് ഒരു പുത്രന്റെ ഓര്‍മകളെന്ന നിലക്ക് ഇതര എഴുത്തുകളിലില്ലാത്ത വൈകാരികതയും, ഇനിയും അറിയപ്പെടാതെ പോയ ഒട്ടേറെ വിവരങ്ങളും ഇതുള്‍ക്കൊള്ളുന്നു. പോയ നൂറ്റാണ്ടിലെ കേരള ഇസ്ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ ആദ്യം കടന്നുവരുന്ന പേരുകളിലൊന്ന് ഇസ്സുദ്ദീന്‍ മൗലവിയുടേതായിരിക്കുമല്ലോ. അദ്ദേഹത്തിന്റെ പാണ്ഡിത്യം, വാക്ചാതുരി, സംഘാടന പാടവം, പ്രവര്‍ത്തന ശൈലി എന്നിവയെല്ലാം ആദരവോടെ മാത്രമേ നോക്കിക്കാണാനാവൂ. ആ സ്മരണകളിലേക്ക് നമ്മെ കൈപിടിച്ച് നയിക്കുമ്പോള്‍, പുത്രന്മാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ഈ പാരമ്പര്യവും പ്രവര്‍ത്തന ശൈലിയും ഏറക്കുറെ ദൈവദത്തമായി ലഭിച്ച ജലീലിന്റെ ആത്മകഥയുടെ ഒരംശം കൂടി ഇതിന്റെ വരികളിലൂടെ വായിച്ചെടുക്കാനാവുമെന്നത് സ്വാഭാവികം മാത്രം.
സുഹൃത്ത് എന്ന നിലക്ക് ജലീലുമായുള്ള ബന്ധവും അടുപ്പവും നന്നേ ചെറുപ്പം മുതല്‍ ആരംഭിച്ചതാണ്. പിന്നീട് പ്രവാസ ജീവിതത്തില്‍ ജിദ്ദയില്‍ ഒരേ മുറിയില്‍ വര്‍ഷങ്ങളോളം ഒന്നിച്ചുള്ള താമസത്തിലൂടെ വേര്‍പിരിയാനാവാത്ത വിധത്തില്‍ അത് വളര്‍ന്നു. അതിനാല്‍തന്നെ ഈ പുസ്തകത്തില്‍ ഈ ലേഖകന്‍ പലപ്പോഴായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്സുദ്ദീന്‍ മൗലവിയുടെ സ്മരണകള്‍ക്കു പുറമെ, ജലീലിന്റെ ജീവിതവുമായി ബന്ധപ്പെട്ട നൂറുകണക്കിന് മുഖങ്ങളും ഇതില്‍ പ്രത്യക്ഷപ്പെടുന്നു. പുസ്തകത്തില്‍ സൂചിപ്പിച്ചതുപോലെ അതിലൊന്ന് നമ്മുടെ പരിചിതരുടേതാവാം, അല്ലെങ്കില്‍ നമ്മുടെതന്നെയാവാം. ജനിച്ചുവളര്‍ന്ന വാളക്കുണ്ടില്‍ കുടുംബത്തിന്റെയും പടിഞ്ഞാറ്റുമുറി പ്രദേശത്തിന്റെയും ചരിത്ര പശ്ചാത്തലം പഠനവിഷയമാക്കുന്നതോടൊപ്പം ഗ്രന്ഥകാരന്‍ നടന്നു മുന്നേറിയ വഴികളിലേക്ക് ഈ കൃതി വെളിച്ചം പകരുന്നു. അതില്‍ ശാന്തപുരം ഇസ്ലാമിയ കോളേജ് (അല്‍ജാമിഅ), കാസര്‍കോട് ആലിയ കോളേജ്, പ്രബോധനം വാരിക, പ്രവാസ ജീവിതം... എല്ലാം ഉള്‍പ്പെടുന്നു.
എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും കാലഘട്ടത്തില്‍ ജിദ്ദാ മലയാളികള്‍ക്കിടയിലെ പ്രസ്ഥാന പ്രവര്‍ത്തനത്തിന് മാത്രല്ല, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന ഗ്രന്ഥകാരന്‍ ആ മേഖലയിലുള്ള തന്റെ അനുഭവങ്ങളും ഇതില്‍ കോറിയിട്ടിരിക്കുന്നു. ഏറെക്കാലം കെ.ഐ.ജിയുടെ സാരഥിയായിരുന്ന ജലീല്‍ ജിദ്ദയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൊതുവേദി എന്ന നിലക്ക് രൂപം നല്‍കിയ 'എയ്ജസി'ന്റെ പ്രവര്‍ത്തകരായ എം. അബ്ദുര്‍റഹീം, ഡോ. ഖാസിം എന്നിവരുടെ കുറിപ്പുകള്‍ നല്‍കിയത് പ്രവാസ സ്മരണകള്‍ക്ക് മാറ്റുകൂട്ടുന്നു.
ഇസ്സുദ്ദീന്‍ മൗലവി, അദ്ദേഹത്തിന്റെ നാട്, വീട്, എന്റെ ഓര്‍മകള്‍ എന്നൊക്കെയാണ് പുസ്തകത്തിന് കൊടുത്തിരിക്കുന്ന പേര്. ഇതെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് പ്രദേശത്തിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനത്തിന്റെയും അര നൂറ്റാണ്ടിനപ്പുറം മുതല്‍ക്കുള്ള ചരിത്രവും പ്രധാന സംഭവങ്ങളും അതീവ ഹൃദ്യമായി അവതരിപ്പിക്കാന്‍ ജലീലിന്റെ അനുഗൃഹീത തൂലികക്ക് സാധ്യമായിരിക്കുന്നു. എന്നാല്‍ ഒരു ജീവചരിത്രമെന്നോ ആത്മകഥയെന്നോ ഓര്‍മക്കുറിപ്പുകളെന്നോ ഇതിനെ വിശേഷിപ്പിക്കാനുമാവില്ല. ഇതൊക്കെ ഉള്‍ക്കൊള്ളുന്ന അതീവ ലളിതമായ ശൈലിയില്‍ രചിക്കപ്പെട്ട, ഒരേയിരിപ്പില്‍ വായിച്ചു തീര്‍ക്കാനാവുന്ന സവിശേഷമായൊരു രചന. ഇസ്സുദ്ദീന്‍ മൗലവിയെ സ്നേഹിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഇത് തങ്ങള്‍ക്കുള്ള പുസ്തകമാണെന്ന് അവകാശപ്പെടാം. വാളക്കുണ്ടില്‍ കുടുംബത്തിനും പടിഞ്ഞാറ്റുമുറി പ്രദേശത്തുകാര്‍ക്കും ഇത് തങ്ങളുടെ പുസ്തകമാണെന്ന പ്രതീതിയുണ്ടാക്കുന്നു. നാട്ടിലും പ്രവാസത്തിലും ഗ്രന്ഥകാരനൊന്നിച്ചുണ്ടായിരുന്നവര്‍ക്ക് ഇത് അവരുടെ പുസ്തകമാണെന്ന് തോന്നിപ്പിക്കുന്നു. എല്ലാവര്‍ക്കും തങ്ങളുടേതാണെന്ന് അവകാശപ്പെടാവുന്ന സവിശേഷമായൊരു രചനാ ശൈലി.
പടിഞ്ഞാറ്റുമുറി ഇസ്സുദ്ദീന്‍ മൗലവി കുടുംബവേദി പ്രസിദ്ധീകരിച്ച പുസ്തകം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.പി.എച്ചാണ് വിതരണം ചെയ്യുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top