ഹാജറയുടെ വിയര്‍പ്പല്ലയോ മക്കയുടെ തണുപ്പ്

നിദ ലുലു കെ.ജി No image

''അവളുടെ ഭര്‍ത്താവ് അതിരാവിലെ അവളെ വിളിച്ചുണര്‍ത്തി. കുറച്ച് അപ്പവും കുറേ ഈത്തപ്പഴവും ഒരു തോല്‍ക്കുടം നിറയെ വെള്ളവും എടുത്ത് അവളുടെ കൈയില്‍ കൊടുത്തു. 'എന്റെ പിന്നാലെ വരൂ.. നിന്റെ മകനെയും എടുത്തോളൂ...' അയാള്‍ തന്റെ ഒട്ടകത്തിന്റെ പുറത്തു കയറി. മൊട്ടക്കുന്നുകളും മുള്‍ച്ചെടികളും പൊടിക്കാറ്റും മാത്രമുള്ള മരുഭൂമിയിലൂടെ ഏറെ ദൂരം അവര്‍ സഞ്ചരിച്ചു. ഘോരമായ മരുഭൂമിയുടെ നടുക്കെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, ഇവിടെ നില്‍ക്കുക. എന്നിട്ടയാള്‍ അതിവേഗം ഒട്ടകത്തെയും ഓടിച്ചു തിരിച്ചു പോയി.
അവള്‍ വിളിച്ചു ചോദിച്ചു ഞങ്ങളെ ഉപേക്ഷിക്കുകയാണോ? അയാള്‍ തിരിഞ്ഞു നോക്കിയില്ല. അതിഭയാനകമായ ഈ വിജനതയില്‍ എന്നെയും നമ്മുടെ കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് എന്തുകൊണ്ട് തിരിച്ചുപോകുന്നു? അയാള്‍ തിരിഞ്ഞു നോക്കിയില്ല. 'ഞാനെന്തു ചെയ്തു? എന്റെ തെറ്റെന്താണ്? അതെങ്കിലും പറയൂ.. അതറിയാനുള്ള അവകാശം പോലും എനിക്കില്ലേ?' ഹാഗര്‍ ഉറക്കെ നിലവിളിച്ചു. അയാളില്‍നിന്ന് ഒരുത്തരവും കിട്ടിയില്ല. മരുക്കാറ്റില്‍  അയാളുടെ ചുവപ്പു മേലാട പൊങ്ങിപ്പറക്കുന്നത് കണ്ടു നിരാശയോടെ അവള്‍ നിലത്തിരുന്നു.
 എന്റെ കൈയില്‍ ഒന്നുമില്ല. ഉണ്ടായിരുന്നതത്രയും ഇതുവരെയുള്ള യാത്രയില്‍ തന്നെ തിന്നു തീര്‍ത്തു. ഇനിയുള്ളത് കുറച്ച് ഈത്തപ്പഴം മാത്രം. തോല്‍ക്കുടത്തില്‍ കാല്‍ ഭാഗം വെള്ളവും. സൂര്യനോ എന്റെയും കുഞ്ഞിന്റെയും മേല്‍ തീ കോരിയിടുന്നു. എന്റെ അകവും പുറവും വെന്തുകഴിഞ്ഞു. ചുട്ടുപഴുത്ത മണല്‍പരപ്പു വറചട്ടിയിലെന്നോണം എന്നെ പൊരിക്കുന്നു. പോയ്മറയുന്നവനേ... നിന്റെ കടിഞ്ഞൂല്‍ പുത്രനെ ഞാനെങ്ങനെ കാക്കും? മണല്‍കുന്നിനപ്പുറത്ത് അയാളുടെ അവസാന കാഴ്ചയും മാഞ്ഞുപോവുകയാണ്. ഹാഗാര്‍ ശബ്ദം മുഴുവനുമെടുത്ത് ഉറക്കെ വിളിച്ചു ചോദിച്ചു, ദൈവമാണോ ഇത് കല്‍പിച്ചത്? കുന്നിനു മുകളില്‍ അയാള്‍ തന്റെ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി. എന്നിട്ട് തിരിഞ്ഞുനോക്കി. 'അതേ, ഇത് ദൈവത്തിന്റെ നിശ്ചയമാണ്.''
ഹാജറ-ഇസ്മാഈല്‍ ത്യാഗോജ്ജ്വല ചരിത്രത്തിന്റെ ബൈബിള്‍ സാരാംശത്തെ കഥാവിഷ്‌കരിക്കുകയാണ് പ്രസിദ്ധ സാഹിത്യകാരി സാറാ ജോസഫ്, തന്റെ 'ആതി' എന്ന നോവലില്‍. ഗ്രാമത്തിലെ കഥാകാരന്‍ നൂര്‍ മുഹമ്മദിന്റെ നാവിലൂടെയാണ് ഹാജറയിലൂടെയും ഇസ്മാഈലിലൂടെയും അന്നോളം ആള്‍താമസമില്ലാത്ത മക്കയില്‍ ഒരു നാഗരികതയുണ്ടായ ചരിത്രം കഥാകാരി വിവരിക്കുന്നത്. ഖുര്‍ആന്‍ അവതരിപ്പിച്ച ഇബ്‌റാഹീം ചരിത്രവുമായി ചില വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ചരിത്രാവിഷ്‌കാരങ്ങള്‍ക്ക് എപ്പോഴും ഭാവനയുടെ മേമ്പൊടി ഉണ്ടാകാറുണ്ടല്ലോ...
കുന്നിറങ്ങി അയാള്‍ മറയും വരെ അവള്‍ കുഞ്ഞിനെയും മാറത്തടുക്കി നോക്കി നിന്നു. അപ്പോള്‍ കനത്ത പൊടിക്കാറ്റ് വീശുകയും കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചുകൊണ്ട് അവള്‍ ഭൂമിയിലേക്ക് കുനിയുകയും ചെയ്തു. കാറ്റ് ശമിച്ചപ്പോള്‍ മുഖത്തും മുടിയിലും ശിരോവസ്ത്രങ്ങളിലും പൊടി മൂടിയ അവളെക്കണ്ടു കുഞ്ഞ് ഭയന്ന് നിലവിളിച്ചു. ഓരോ കാറ്റിലും മരുഭൂമിയുടെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുന്നു. ഓരോ കാറ്റിനു ശേഷവും പുതിയ പുതിയ മരുഭൂമികള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അവള്‍ക്ക് കണ്ണുനീര്‍ വറ്റിപ്പോയിരുന്നു. മുലപ്പാലും വറ്റിയിരുന്നു. രക്തവും വറ്റിത്തീരുകയായിരുന്നു. ദൈവത്തിന്റെ അനന്തമായ കാരുണ്യം പോലെ അവളില്‍ സാദാ ഒഴുകിക്കൊണ്ടിരുന്ന എല്ലാ നീരൊഴുക്കുകളും വറ്റുകയായിരുന്നു. ഇസ്മാഈല്‍ വിശന്നു കരഞ്ഞു. മകനേ, ഈ കൊടും ചൂടില്‍ എന്റെ മുലപ്പാല്‍ വറ്റിത്തീരും മുമ്പ് കിട്ടാവുന്നത്രയും വലിച്ചൂറ്റി എടുത്തുകൊള്ളുക. അവള്‍ കുഞ്ഞിനെ മാറിടത്തിനുള്ളിലൊളിപ്പിച്ചു. ഇസ്മാഈലിന്റെ വിശപ്പ് ശമിച്ചില്ല. അമ്പരപ്പോടെ അവന്‍ അമ്മയെ നോക്കി. വിശന്നും ദാഹിച്ചും കരഞ്ഞു. രാത്രിയില്‍ അതിശൈത്യമുള്ള കാറ്റു വീശിക്കൊണ്ടിരുന്നു. പകല്‍ മുഴുവന്‍ കനല്‍പോലെ ജ്വലിച്ച മണല്‍ രാത്രി മഞ്ഞുകട്ടിപോലെ തണുത്തുറഞ്ഞു.
ശീതക്കാറ്റേ.. മരുപ്പരപ്പേ.. വിജനതയേ... ഇവനെ വിഴുങ്ങാന്‍ വായ് പിളര്‍ക്കരുതേ... അവള്‍ക്ക് കലശലായി ദാഹിച്ചുവെങ്കിലും പിറ്റേന്നത്തെ പകലിന്റെ കൊല്ലുന്ന ചൂടിലേക്കായി അവള്‍ വെള്ളം കാത്തുവെച്ചു. വിശന്നുവെങ്കിലും അവശേഷിച്ച ഒരേ ഒരു കാരക്ക മകനു വേണ്ടി കരുതിവെച്ചു...
ഇബ്‌റാഹീം നബി മകന്‍ ഇസ്മാഈലിനെ മാതാവിനൊപ്പം പുല്ലും വെള്ളവും ഇല്ലാത്ത താഴ്‌വരയില്‍ താമസിപ്പിച്ച സംഭവം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ''ഇബ്‌റാഹീം ഹാജറയെയും മുലകുടി പ്രായത്തിലുള്ള ഇസ്മഈലിനെയും കൂട്ടി പുറപ്പെട്ടു. സംസം ഉറവെടുത്ത ഒരു മരത്തിനടുത്ത് അവരെ ഉപേക്ഷിച്ചു. അന്ന് മക്കയിലെ ഈ ഒറ്റപ്പെട്ട താഴ്‌വര തീര്‍ത്തും ജലശൂന്യവും നിര്‍ജനവുമായിരുന്നു. ഒരു തോല്‍ സഞ്ചിയില്‍ കാരക്കയും വെള്ളത്തിന്റെ ഒരു തോല്‍പ്പാത്രവും ഹാജറക്ക് നല്‍കി. ഇബ്‌റാഹീം തിരിഞ്ഞു നടന്നു. അപ്പോള്‍ ഹാജറ അദ്ദേഹത്തെ പിന്തുടര്‍ന്നു കൊണ്ട് ചോദിച്ചു; 'ഇബ്‌റാഹീം... പുല്ലും വെള്ളവും ഇല്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെ ഉപേക്ഷിച്ച് താങ്കള്‍ എങ്ങോട്ട് പോവുന്നു?' അവര്‍ ഇത് പല പ്രാവശ്യം ചോദിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കിയില്ല. അപ്പോള്‍ അവര്‍ ചോദിച്ചു: 'അല്ലാഹുവാണോ തങ്കളോടിത് കല്‍പിച്ചത്?' ഇബ്‌റാഹീം അതേ എന്നു മാത്രം പറഞ്ഞു. അവര്‍ പറഞ്ഞു: 'എങ്കിലവന്‍  ഞങ്ങളെ കൈവെടിയുകയില്ല.' അനന്തരം അവര്‍ മടങ്ങിയെത്തി കുഞ്ഞിനരികെ ഇരുന്നു. കുഞ്ഞും മാതാവും ദൃഷ്ടിയില്‍പെടാത്ത മലയുടെ മറവില്‍ എത്തിയപ്പോള്‍ ഇബ്‌റാഹീം പില്‍ക്കാലത്ത് ദേവാലയം പണിയാനിരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് ഇങ്ങനെ പ്രാര്‍ഥിച്ചു: 'ഞങ്ങളുടെ രക്ഷിതാവേ...എന്റെ കുഞ്ഞിനെ കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിനരികില്‍ ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ.. അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതിനാല്‍ മനുഷ്യ ഹൃദയങ്ങളെ അവരിലേക്ക് ആകൃഷ്ടമാക്കുകയും അവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ.. അവര്‍ നന്ദികാണിച്ചേക്കാം'' (ഇബ്‌റാഹീം 37).
നക്ഷത്രങ്ങളുടെ വെളിച്ചം മരുഭൂമിയുടെ വിജനതയെ ഇരട്ടിപ്പിച്ചു. ദീര്‍ഘ നിശ്വാസങ്ങള്‍ പോലെ ഇടക്കിടെ  പൊടിക്കാറ്റ് വീശിക്കൊണ്ടിരുന്നു. നീളം കുറഞ്ഞ രാത്രി ഒരു വിധം അവസാനിച്ചു. നീളം കൂടിയ പകല്‍ കടന്നുവന്നു. ജ്വലിക്കാവുന്ന അത്ര ജ്വലിച്ചിട്ട് സൂര്യന്‍ മണല്‍കുന്നുകള്‍ക്കു പിന്നില്‍ മറഞ്ഞുനിന്നു. അപ്പോഴും മണല്‍ ചുട്ടുപഴുത്തു കിടന്നു. പിന്നെയും കൊടും ശൈത്യവുമായി രാത്രി വന്നു. ഹാഗറിന്റെ കൈയിലെ വെള്ളം തീര്‍ന്നു. അവളുടെ മകന്‍ ദാഹിച്ചു നിലവിളിച്ചു. സാന്ത്വന വാക്കുകള്‍ കൊണ്ട് അവന്റെ ദാഹം മാറ്റാനാവില്ല. കരഞ്ഞു  കരഞ്ഞ് അവന്റെ ശബ്ദം ദുര്‍ബലമായിക്കൊണ്ടിരുന്നു. ഒടുവില്‍ അത് കഴുത്തു ഞെരിക്കപ്പെട്ട ഒരു കിളിയുടെ തൊണ്ടയില്‍നിന്നെന്നോണം കീ കീ യെന്ന ഞെരക്കം മാത്രമായി. തോല്‍ക്കുടം പിഴിഞ്ഞ് ഒന്നു രണ്ട് തുള്ളി വെള്ളം അവള്‍ കുഞ്ഞിന്റെ ഉണങ്ങിയ ചുണ്ടില്‍ പുരട്ടി. അവനു മതിയായില്ല. വികൃതമായ ശബ്ദത്തില്‍ അവന്‍ നില്‍ക്കാതെ ഞെരങ്ങി. ഒന്നുകില്‍ കുഞ്ഞ്. അല്ലെങ്കില്‍ താന്‍. ആരാവും ആദ്യം മരിക്കുക? കുഞ്ഞാണ് ആദ്യം മരിക്കുന്നതെങ്കില്‍ ഈ മണല്‍ കാട്ടില്‍ ചെറിയൊരു കുഴിയുണ്ടാക്കി തന്റെ കൈകൊണ്ട് തന്നെ അവനെ മറവു ചെയ്യുന്നതോര്‍ത്ത് അവള്‍ നടുങ്ങി. എന്നിട്ട് അവനെ ഉപേക്ഷിച്ചു താന്‍ ഈ മരുഭൂമിയില്‍ അലഞ്ഞു തിരിയും. താനാണ് ആദ്യം മരിക്കുന്നതെങ്കിലോ? മുമ്പത്തേതിനേക്കാള്‍ വലിയ നടുക്കമാണ് അപ്പോള്‍ അവര്‍ക്കുണ്ടായത്. മരുപ്പക്ഷികള്‍ കൊത്തിക്കീറുന്ന തന്റെ ജഡത്തിനരികില്‍ അവന്‍ കരഞ്ഞുകൊണ്ടിരിക്കുന്നതോ, മരുഭൂമിയില്‍ അമ്മയെ അന്വേഷിച്ച് ഇഴഞ്ഞു നടക്കുന്നതോ ഓര്‍ത്ത് ഹാഗര്‍ ഭയവിഹ്വലയായി. ഇതോ ദൈവ നിശ്ചയം! ഇല്ല. ഇതാവില്ല. ഇതിലും വലുതെന്തോ ആയിരിക്കണം. ഹാഗര്‍ എഴുന്നേറ്റു.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ''ഇസ്മാഈലിന്റെ മാതാവ് ഇസ്മാഈലിനെ മുലയൂട്ടുകയും അവരുടെ അടുക്കലുണ്ടായിരുന്ന  വെള്ളം കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ തോല്‍പ്പാത്രത്തില്‍  വെള്ളം തീര്‍ന്നതോടെ അവര്‍ക്കും മകനും ദാഹിച്ചു. കുഞ്ഞ് ദാഹിച്ചു പിടയുന്നത് അവര്‍ക്ക് കണ്ടിരിക്കാനായില്ല. വല്ല മനുഷ്യരെയും കാണുമോന്നറിയാന്‍  അവര്‍ താഴ്‌വരയിലേക്ക് പോയി. ആരെയും കണ്ടില്ല. പിന്നെ സ്വഫാ കുന്നില്‍നിന്ന് ഇറങ്ങി. താഴ്‌വരയുടെ പിന്നിലെത്തി, കൈ ഉയര്‍ത്തി. പരിഭ്രാന്തയായി ഓടി. അനന്തരം മര്‍വ കുന്നില്‍ കയറി. ആരെയെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി. പക്ഷേ, ആരെയും കണ്ടില്ല. ഇത് ഏഴു പ്രാവശ്യം ആവര്‍ത്തിച്ചു.'' ഇബ്‌നു അബ്ബാസ് തുടര്‍ന്നു: ''നബി (സ) പറഞ്ഞു: സ്വഫാ മര്‍വക്കിടയിലെ ജനങ്ങളുടെ ഓട്ടത്തിനു കാരണമിതാണ്. ഒടുവില്‍ മര്‍വക്കു മുകളില്‍ കയറിയപ്പോള്‍ അവര്‍ ഒരു ശബ്ദം കേട്ടു. അപ്പോള്‍ അവര്‍ തന്നോട് തന്നെ പറഞ്ഞു: 'മിണ്ടാതിരിക്കൂ'. അന്നേരം വീണ്ടും  ശബ്ദം കേട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു; നിങ്ങളുടെ ശബ്ദം എന്നെ കേള്‍പ്പിച്ചില്ലോ. എന്താ നിങ്ങളുടെ പക്കല്‍ എന്നെ സഹായിക്കാന്‍ വല്ലതും ഉണ്ടോ?' അപ്പോഴതാ സംസമിന്റെ സ്ഥാനത്തൊരു മലക്ക്. മലക്ക്, തന്റെ ചിറകു കൊണ്ട് വെള്ളം ഉറവെടുക്കുംവരെ ഭൂമിയില്‍  കുഴിച്ചു. ഹാജറ കൈ നിറയെ വെള്ളം കോരിയെടുത്തു തോല്‍പ്പാത്രത്തില്‍  ഒഴിക്കാന്‍ തുടങ്ങി. അവര്‍ വെള്ളം കോരിയൊഴിക്കുന്നതിനനുസരിച്ച് പൊട്ടിയൊഴുകിക്കൊണ്ടിരുന്നു. നബി(സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് പറയുന്നു: ''ഇസ്മാഈലിന്റെ മാതാവിനോട് അല്ലാഹു കരുണ ചെയ്യട്ടെ.'' അവര്‍ സംസമിനെ അതേപടി വിട്ടിരുന്നുവെങ്കില്‍, നാലു ഭാഗത്തുനിന്ന്  മണ്ണെടുത്ത്  തടം വെച്ചിരുന്നില്ലെങ്കില്‍ സംസം ഒഴുകുന്ന ഒരു ഉറവയാകുമായിരുന്നു.'
അങ്ങനെ ഹാജറ വെള്ളം കുടിക്കുകയും കുട്ടിയെ മുലയൂട്ടുകയും ചെയ്തു. അപ്പോള്‍ മലക്ക്  അവരോട്  പറഞ്ഞു:  'ഇത്  നഷ്ടപ്പെടുമെന്ന് പേടിക്കേണ്ട. കാരണം ഇവിടെയാണ്  അല്ലാഹുവിന്റെ  ഭവനം. ഈ കുട്ടിയും അവന്റെ പിതാവും അത് പണിതുയര്‍ത്തും. അതിന്റെ  ആളുകള്‍ക്ക്  അല്ലാഹു നഷ്ടം വരുത്തുകയില്ല.'
ബൈബിളില്‍ ഈ സംഭവം ഇങ്ങനെ പരാമര്‍ശിക്കുന്നു: 'അബ്രഹാം അതിരാവിലെ എഴുന്നേറ്റ്  അപ്പവും ഒരു തുരുത്തിയില്‍ വെള്ളവും എടുത്ത് ഹാഗറിന്റെ തോളില്‍ വെച്ചു. കുട്ടിയെയും കൊടുത്തു അവളെ അയച്ചു. അവള്‍ പുറപ്പെട്ടു പോയി. ബേര്‍-ശേബ മരുഭൂമിയിലുഴന്ന് നടന്നു. തുരുത്തിയില്‍ വെള്ളം ചെലവായ ശേഷം അവള്‍ കുട്ടിയെ ഒരു കുരുങ്കാട്ടില്‍ തണലില്‍ ഇട്ടു. അവള്‍ പോയി അതിനെതിരെ ഒരു അമ്പിന്‍ പാട് ദൂരത്തിരുന്നു. കുട്ടിയുടെ മരണം തനിക്ക് കാണേണ്ടാന്ന് പറഞ്ഞു. എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു. ദൈവത്തിന്റെ ദൂതന്‍ ആകാശത്തു നിന്ന് ഹാഗറിനെ വിളിച്ചു. ഹാഗറേ.. നിനക്കെന്തു? നീ ഭയപ്പെടേണ്ട. ബാലന്‍ ഇരിക്കുന്നിടത്തു നിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു ദൈവം അവളുടെ കണ്ണു തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.'
സാറാ ജോസഫ് തന്റെ ആഖ്യാനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. അവിടെ നീരോട്ടമുണ്ടെന്നറിഞ്ഞ് നാടോടികളും ഗോത്രവര്‍ഗക്കാരും തേടിവന്നു. അവര്‍ ജലാശയം കണ്ടു. അതിന്റെ കരയില്‍ ഒരു കുഞ്ഞിനെയും മടിയില്‍ വെച്ചിരിക്കുന്ന ഏകാകിയായ സ്ത്രീയെ കണ്ടു.
'ഞങ്ങള്‍ ഇതില്‍നിന്ന് കുടിച്ചോട്ടെ?' നാടോടികള്‍ ചോദിച്ചു. ഹാഗര്‍ അനുവദിച്ചു. 'ഞങ്ങള്‍ ഇതിന്റെ കരയില്‍ താമസിച്ചോട്ടെ?' ഗോത്രവര്‍ഗക്കാര്‍ ചോദിച്ചു. ജനതകളുടെ ദാഹം ഹാഗറിന് മനസ്സിലാവും. അതുപോലെ വെള്ളത്തിന്റെ വില അതുല്യമാണെന്നും അവള്‍ക്കറിയാം. ജീവന്റെ രഹസ്യം അതില്‍ എഴുതപ്പെട്ടിരിക്കുന്നു.
അവള്‍ പറഞ്ഞു: എനിക്ക് വിരോധമില്ല, പക്ഷേ വെള്ളത്തിന്റെ ഉടമസ്ഥ ഞാനായിരിക്കും. അതിന്റെ അമ്മയും പരിപാലകയും ഞാനായിരിക്കും. അധികാരത്തിന്റെ പേരിലല്ല, ജീവന്റെ പേരിലാണ് ഞാന്‍ ഇത് നിങ്ങളോട് പറയുന്നത്. ആദ്യത്തെ തുള്ളി വെള്ളത്തിന്റെ വില എന്റെ കുഞ്ഞിന്റെ ജീവന്റെ വിലയാണെന്നറിഞ്ഞവളാണ് ഞാന്‍. കണ്‍മുന്നിലൊരു തടാകം കണ്ട് മതിമറന്നു നില്‍ക്കുന്നവരാണ് നിങ്ങള്‍. ആദ്യത്തെ തുള്ളി വെള്ളത്തെക്കുറിച്ച് അറിവില്ലാത്തവരുമാണ്. നിങ്ങള്‍ക്ക് അത് മറക്കാം. ഞാന്‍ മറക്കില്ല. ധൂര്‍ത്ത് ഞാന്‍ അനുവദിക്കില്ല.
നാടോടികള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സമ്മതമായിരുന്നു. അവര്‍ ദാഹപരവശരായിരുന്നു.
'വെള്ളം നീ തന്നെ പരിപാലിക്കുക. ഞങ്ങള്‍ ഭക്ഷണം തേടിക്കൊണ്ടുവരാം. നീ ഞങ്ങള്‍ക്ക് വെള്ളം തന്നാല്‍ മതി. മരുഭൂമിയില്‍ ഒരു ജല ഉടമ്പടിയുണ്ടായി. സഞ്ചാരികള്‍ അവള്‍ക്കും കുഞ്ഞിനും തിന്നാന്‍ കൊടുത്തു. അവര്‍ ദാഹം തീരുവോളം കുടിക്കുകയും കുളിക്കുകയും ചെയ്തു. വെള്ളമുള്ളതുകൊണ്ടുതന്നെ തടാകക്കരയില്‍  കായ്കനികള്‍ നടാമെന്ന് അവര്‍ കണക്കുകൂട്ടി. ഒന്നിച്ചധ്വാനിച്ചാല്‍ ഒരു വിളവെടുപ്പ് നടത്താം. വിളവെടുപ്പുകളെ ഉത്സവങ്ങളാക്കി മാറ്റാം.
        
*  *   *  *
അങ്ങനെ ഒരു ജനത രൂപം കൊണ്ടു. ഇബ്‌റാഹീം-ഹാജര്‍ ദമ്പതികളുടെ കഥ സങ്കല്‍പങ്ങള്‍ക്ക് അതീതമാണെങ്കിലും ചരിത്രം അവരെ വാഴ്ത്തിപ്പാടിക്കൊണ്ടേ ഇരുന്നു. ഓരോ വര്‍ഷവും ഹജ്ജ് വേളയില്‍ വിശ്വാസിസമൂഹം ആ ഓര്‍മ പുതുക്കിക്കൊണ്ടിരിക്കുന്നു. മക്കയില്‍ പരിശുദ്ധ ഹറമില്‍ ഘനചതുരാകൃതിയിലുള്ള കഅ്ബയെ പരിക്രമണം ചെയ്യുന്ന പുണ്യ യാത്രികന്‍, അതിന്റെ വടക്കുഭാഗത്തുള്ള അര്‍ധവൃത്താകൃതിയിലുള്ള ഒരു കൊച്ചു മതിലിനെക്കൂടി അകത്തുപെടുത്തികൊണ്ടാണ് തന്റെ ചുറ്റല്‍ പൂര്‍ത്തിയാക്കുന്നത്. ഈ മതിലിന് ഹിജ്‌റ് ഇസ്മാഈല്‍ അഥവാ ഇസ്മാഈലിന്റെ മടിത്തട്ട് എന്നാണ് പേര്. അബ്രഹാമിന്റെ പത്‌നി ഹാഗറും മകന്‍ യിശ്‌മേലും താമസിച്ചിരുന്ന കുടില്‍ ഇവിടെയായിരുന്നെന്ന് പറയപ്പെടുന്നു. 
ഹാജറയെയും ഇസ്മാഈലിനെയും വീട്ടില്‍നിന്ന് പുറത്താക്കി അകറ്റി താമസിപ്പിക്കാന്‍ സാറ ഇബ്‌റാഹീമിനെ നിര്‍ബന്ധിച്ചു എന്ന് ബൈബിള്‍ പഴയ നിയമം പറയുന്നു. എന്നാല്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സാറയുടെയും ഹാഗറിന്റെയും അഹംബോധങ്ങള്‍ തമ്മില്‍ ഇത്രയും ഗുരുതരമായ സംഘര്‍ഷം രൂപപ്പെട്ടിരിക്കാനും അതിന്റെ മൂര്‍ഛയില്‍ ഒരു പൈതലുമായി ഒരമ്മ വീടുവിട്ടലയേണ്ടിവരാനും ഇടയുണ്ട് എന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത വിധത്തിലാണ് രണ്ടു പേരുടെയും വ്യക്തിത്വങ്ങളെ ഖുര്‍ആനില്‍ നാം കണ്ടെത്തുന്നത്. 'നിന്റെ ദാസി നിന്റെ കൈയിലാണ്, ഇഷ്ടം പോലെ അവളോടു ചെയ്തുകൊള്ളൂ' എന്നു പറയാന്‍ ദൈവത്തിന്റെ ഏകത്വത്തെയും മനുഷ്യസാഹോദര്യത്തെയും സ്വാതന്ത്ര്യത്തെയും പ്രബോധനം ചെയ്യുന്ന ഏതു പ്രവാചകനും പറ്റില്ല. സാറയെയും ഹാജറയെയും രണ്ട് വലിയ ജനതകളുടെ മാതാക്കളാക്കും എന്ന അല്ലാഹുവിന്റെ വാഗ്ദത്തം നിറവേറ്റുന്നതിന്റെ ഭാഗമായി അവന്റെ തന്നെ കല്‍പനപ്രകാരമാണ് ഇബ്‌റാഹീം ഹാജറയെയും കുഞ്ഞിനെയും മരുഭൂമിയില്‍ വസിപ്പിക്കുന്നത്. ജനതകളുടെ പിതാവ് എന്ന സ്ഥാനം നല്‍കി ഇബ്‌റാഹീമിനെ അല്ലാഹു ആദരിച്ചതായി ഖുര്‍ആനും ബൈബിളും പറയുന്നുണ്ടല്ലോ. 'അബ്രഹാം' എന്ന പേരിന്റെ തന്നെ അര്‍ഥം ജനതകളുടെ പിതാവ് എന്നാണ്. അബ്രാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് എന്നും ഉടമ്പടിയെത്തുടര്‍ന്ന് യഹോവ അബ്രഹാം എന്ന പേരു വിളിക്കുകയായിരുന്നുവെന്നും ബൈബിള്‍ പറയുന്നു. 'എനിക്കു നിന്നോടുള്ള ഉടമ്പടിയിതാ, നീ ബഹുജാതികള്‍ക്കു പിതാവാകും. ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്, ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിയതിനാല്‍ നിന്റെ പേര് അബ്രഹാം എന്നായിരിക്കണം' (ഉല്‍പത്തി 17:5). ഹാജറയെയും ഇസ്മാഈലിനെയും മക്കയില്‍ താമസിപ്പിച്ച ശേഷം ഇബ്‌റാഹീം നിര്‍വഹിക്കുന്ന പ്രാര്‍ഥന പ്രസക്തമാണ്. ഭിന്നമായ വര്‍ണങ്ങളെയും സമൂഹങ്ങളെയും ഇബ്‌റാഹീം എന്ന മാനവികതയില്‍ ലയിപ്പിക്കുന്ന രീതിയിലാണ് ഖുര്‍ആന്‍ ഈ ചരിത്രം പ്രതിപാദിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ അവരുടെ വംശപരമായ ഔദ്ധത്യ ബോധത്തില്‍നിന്നുകൊണ്ട് ചരിത്രം എഴുതിയതോടെ ഹാഗറും സന്തതികളും പരിത്യക്തരായി മാറി. 
ഇതിന്റെ മറുഭാഗത്ത് പരിത്യക്തയും നിന്ദിതയുമായി ചിത്രീകരിക്കപ്പെട്ട ഹാഗറിനെക്കുറിച്ചുള്ള വിവരങ്ങളില്‍നിന്ന് രൂപപ്പെട്ടതും എന്നാല്‍ അവര്‍ക്ക് വീരപരിവേഷം നല്‍കുന്നതുമായ ഒരു സങ്കല്‍പം ആഫ്രോ-അമേരിക്കന്‍ ജനതക്കിടയില്‍ വളര്‍ന്നു വന്നിട്ടുണ്ട്. പ്രത്യേകിച്ചും ഒട്ടേറെ ബ്ലാക്ക്-ഫെമിനിസ്റ്റുകള്‍, അമേരിക്കയിലെ അടിമകളുടെ ചരിത്രത്തെയും ഹാഗറിന്റെ കഥയെയും താരതമ്യം ചെയ്‌തെഴുതിയതു കാണാം. ഒരു അനാബാപ്റ്റിസ്റ്റ് ഫെമിനിസ്റ്റിന്റ യഥാര്‍ഥ മാതൃക എന്ന് ഹാഗറിനെ വിശേഷിപ്പിക്കുന്ന wilma bailey കരുത്തിന്റെയും ശേഷിയുടെയും ദാര്‍ഢ്യത്തിന്റെയും ആന്തരിക ബലത്തിന്റെയും പ്രേതീകമായി അവരെ കാണുന്നു. സാമൂഹികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ വഴി ശക്തിപ്പെട്ട വംശീയ മുന്‍വിധികളുടെ (ethnic prejudice)അടയാളമായാണ് ചില ആഫ്രോ -അമേരിക്കന്‍ ദൈവ ശാസ്ത്രജ്ഞര്‍ ഹാഗറിനെ വിലയിരുത്തുന്നത്. മാത്രവുമല്ല, അടിമയാക്കപ്പെട്ട ഒരു സ്ത്രീയില്‍ ദൈവാനുഗ്രഹം നിറഞ്ഞതിന്റെ സാക്ഷ്യമായും ഹാഗറിന്റെ ചരിത്രത്തെ അവര്‍ കാണുന്നു. എന്തായിരുന്നാലും ബൈബിളിലെ ഒരു വത്സല കഥാപാത്രമാണ് കറുത്ത അമേരിക്കന്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് ഹാഗര്‍.
അപാരമായ ശേഷി-ശേമുഷികളുടെ അടയാളം തന്നെയാണ് ഇസ്‌ലാമിക വിശ്വാസപ്രകാരവും ഹാജറ. എന്നാല്‍ നിന്ദിതയും പീഡിതയുമായ ഹാഗര്‍ എന്ന സങ്കല്‍പ്പത്തെ അതംഗീകരിക്കുന്നില്ല. അവരുടെ ചരിത്രത്തെപ്പറ്റി ഭിന്നങ്ങളായ കഥകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സ്വാലിഹ് നബിയുടെ വംശപരമ്പരയില്‍ മഗ്‌രിബ്(മൊറോക്കൊ) രാജ്യത്തെ ഒരു ഭരണാധികാരിയുടെ മകളായാണ് ഹാജറ ജനിച്ചത് എന്നതാണ്. മഗ്‌രിബ് ആക്രമിച്ചു കീഴടക്കിയ ഫറോവ പിതാവിനെ വധിച്ച് അവരെ അടിമയാക്കുകയും തന്റെ രാജ്ഞിയുടെ തോഴിയാക്കുകയും ചെയ്തു. അയാളാണ് പിന്നീടവരെ സാറക്ക് സമ്മാനിച്ചത്. ഈ കഥക്ക് അടിസ്ഥാനമൊന്നുമില്ല. എങ്കിലും ഇബ്‌റാഹീമിന് സാറയും ഹാജറയും തുല്യസ്ഥാനമുള്ള പത്‌നിമാരായിരുന്നു. ഇരുവരും ഉണ്ടായിരുന്ന പോരുകളും സാറ ഹാജറയുടെ നേരെ വെച്ചുപുലര്‍ത്തിയതായി ആരോപിക്കപ്പെടുന്ന വംശീയ മുന്‍വിധികളുമൊന്നും ഖുര്‍ആനോ നബിവചനങ്ങളോ അംഗീകരിക്കുന്നില്ല. ഹാഗര്‍ എന്ന പദത്തിന് 'uncertain'  എന്ന് അര്‍ഥം പറയാറുണ്ട്. എന്നാല്‍ ഹാജറ എന്ന നാമവുമായി ബന്ധപ്പെട്ട് ചിലര്‍ പറയുന്ന അര്‍ഥം 'ഹാ അജ്‌റുക്ക' എന്നാണ്. ഇത് നിനക്ക് പാരിതോഷികമാണെന്നര്‍ഥം. 
      പുണ്യയാത്രികന്‍ ഹജ്ജ് വേളയില്‍ ത്യാഗിയായ ആ ആദിമാതാവിന്റെ സ്മരണയില്‍ സ്വഫാ -മര്‍വ കുന്നുകള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടുമായി ഏഴു പ്രാവശ്യം നടക്കുന്നു. 'സഅ്‌യ്' എന്നാണ് ഇതിന്റെ സാങ്കേതിക നാമം. അതികഠിനമായ പരിശ്രമത്തെയാണ് അറബിയില്‍ 'സആ ' എന്ന പദം സൂചിപ്പിക്കുന്നത്. ഇതില്‍നിന്നാണ് 'സഅ്‌യ്' എന്ന വാക്കുണ്ടാകുന്നത്. സമൂഹങ്ങളുടെ സംസ്ഥാപനത്തിനും വികാസത്തിനും വേണ്ടിയുള്ള അധ്വാനമാണതിന്റെ പാഠം. ആ ഓര്‍മ പുതുക്കലാണ് വിശ്വാസിയുടെ ഊര്‍ജം. ഒരു ജനത ജന്മമെടുത്ത ചരിത്രമാണ് ഹാജറയുടേത്. അവരില്‍ ഉരുകിയൊലിച്ച വിയര്‍പ്പിലുതിര്‍ന്നതാണ് സംസം. ലോകാവസാനം വരെയുള്ള വിശ്വാസിസമൂഹം ആ കാല്‍പ്പാടുകള്‍ പിന്തുടരുകതന്നെ ചെയ്യും. ആ ത്യാഗം സ്മരിക്കപ്പെടേണ്ടതു തന്നെ...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top