പുഴക്കരയില്‍......

സീനത്ത് ചെറുകോട് No image

ആച്ചുട്ടിത്താളം (23)

വൈകുന്നേരം യതീംഖാനയിലേക്ക് നടന്നു. വിശാലമായ മുറ്റത്ത് കുട്ടികള്‍ പന്തുകളിക്കുന്നുണ്ട്. വരാന്തയിലേക്കു കയറുമ്പോള്‍ മുന്നില്‍ മുജീബ്. 
'എപ്പോ ലാന്റ് ചെയ്തു?'  
'രാവിലെ'  
'സുഖല്ലേ?'
 'ഓ സുഖം'
ഒന്നിച്ചു പഠിച്ചതാണ്. പ്രീഡിഗ്രി കടക്കാന്‍ അവനു പറ്റിയില്ല. പിന്നെ യതീംഖാനയിലെ പ്രസ്സിലായി ജീവിതം. വരാന്തയിലൂടെ നടന്ന് കോയാക്കയുടെ മുറിയുടെ മുന്നിലെത്തിയപ്പോള്‍ അറിയാതെ കാലുകള്‍ നിശ്ചലമായി. ചീഫ് വാര്‍ഡന്‍ എന്നെഴുതിയ കുഞ്ഞു ബോര്‍ഡ് ഏറക്കുറെ പൊടിപിടിച്ച് മാഞ്ഞിരിക്കുന്നു. ഈ വരാന്തയിലൂടെ വിറച്ചിട്ടല്ലാതെ ഒരാള്‍ക്കും പോകാന്‍ കഴിയില്ല. ഇപ്പോഴും കാലുകള്‍ വിറക്കുന്നുണ്ടെന്നു തോന്നി. എത്ര കാലമായിരിക്കും ഈ മുറി തുറന്നിട്ട്. കഞ്ഞിയടുപ്പിലെ കനലില്‍ വെച്ച് ചായ തിളപ്പിക്കുന്ന കറുത്ത തൂക്കുപാത്രം ഒരു വടിയില്‍ തൂക്കി നടന്നു പോകുന്ന കോയാക്കയുടെ രൂപം മനസ്സില്‍ നടന്നു. ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് സുന്ദരമായ ആ ചിരിയും ചിരിച്ച് കോയാക്ക ഇരിക്കുന്നുണ്ടാവും. ഒരു ജീവിതം മുഴുവന്‍ യതീം മക്കള്‍ക്കിടയില്‍ ജീവിച്ചു തീര്‍ത്ത മനുഷ്യന്‍. സ്വന്തം ചിരികളെപ്പോലും ഗൗരവത്തിന്റെ കട്ടിക്കണ്ണടക്കുള്ളില്‍ ഒളിപ്പിച്ച് ഒരിക്കലും തന്നെ പ്രകാശിപ്പിക്കാനാവാതെ കടന്നുപോയ ഒരാള്‍. നിന്റെ ലോകങ്ങള്‍ അജ്ഞാതമാണല്ലോ തമ്പുരാനേ....അതെവിടെയായാലും സ്വസ്ഥമായൊരു പൊറുതി അതാണല്ലോ ജീവിത ലക്ഷ്യം. ആ പൊറുതിക്കു വേണ്ടിയാവും ഇവിടെ പഠിച്ച് ഈ കെട്ടിടങ്ങള്‍ക്ക് കല്ലും മണ്ണും ചുമന്ന് ഇവിടെത്തന്നെ ജീവിച്ചുപോയ അദ്ദേഹവും  നടന്നു നീങ്ങിയത്. സ്വന്തം ഭാര്യയെയും മക്കളെയും എന്നായിരിക്കും അദ്ദേഹം കണ്ണു നിറച്ചു കണ്ടിട്ടുണ്ടാവുക? ഇപ്പുറത്ത്, 'അന്യര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് ഇപ്പോഴും ആരൊക്കെയോ അന്യരാണെന്ന് ഓര്‍മിപ്പിച്ചു.
കോളേജ് വിട്ടു വരുമ്പോള്‍ ഈ ബോര്‍ഡ് കമന്റുകളുടെ ഘോഷയാത്രയുണ്ടാക്കും. ആരാണിവിടെ അന്യര്‍ എന്ന് ഒരു കൂട്ടര്‍, ആരും അന്യരല്ല എന്ന മറുസിദ്ധാന്തം. അന്യരേ കടന്നുവരൂ നമുക്ക് അന്യരല്ലാതാവാം എന്ന മുദ്രാവാക്യം. ഇങ്ങനെ റൂമിലെത്തുമ്പോഴേക്കും സ്വയം അന്യരായി അവനവന്റെ പെട്ടിക്കു മുമ്പിലേക്ക് കൂനിക്കൂടിയിരുന്ന് ആത്മ ചിന്തകളില്‍ പലരും നഷ്ടപ്പെട്ടിട്ടുണ്ടാവും.
സുലുവിന്റെ ചിരി ചിന്തകളെ മാറ്റിനിര്‍ത്തി.
'ജ് എപ്പളാ വന്നത്?'
'രാവിലെ'
'കെട്ട്യോനുണ്ടോ?'
'ഉണ്ട്'
'അവരവിടെ നിക്കട്ടെ. നമുക്കിവിടെ കൂടാം'
'കൂടാം'
റൂമിലേക്ക് കയറുന്നതിനു മുമ്പേ അവളുടെ കൈയും പിടിച്ച് നടന്നു. 
'എങ്ങോട്ടാ?'
'പുഴവരെ'
'ഇപ്പളോ?'
'അതെന്താ ഇപ്പൊക്ക് ഒരു കുഴപ്പം'
'ന്നാലും'
'ഒരിന്നാലും ഇല്ല. നമ്മള് പണ്ട് കുളിക്കാന്‍ പോയ സ്ഥലത്തേക്ക് തന്നെ പോണം.'
'പ്‌രാന്ത്‌ണ്ടോ അനക്ക്'
'ഉണ്ട്'
പിന്നെ അവളൊന്നും മിണ്ടിയില്ല.
സുലുവിനിപ്പോള്‍ എത്ര വയസ്സായിക്കാണും? ബന്ധങ്ങളുടെ ചരടുകള്‍ എന്നോ പൊട്ടിപ്പോയതാണവള്‍ക്ക്.  കറുത്ത സുന്ദരി. പക്ഷേ കറുപ്പിന് സൗന്ദര്യമില്ലല്ലോ.  യതീംഖാനയില്‍ പെണ്ണന്വേഷിച്ചുവരുന്നവരൊക്കെ വെളുപ്പിന്റെ പിറകെ കൂടിയപ്പോള്‍ അവള്‍, പാവാടയില്‍ നിന്നു സാരിയിലേക്ക് ഒരു നെടുവീര്‍പ്പോടെ നടന്നുകയറി. ടൈലറിംഗ് റൂമിന്റെ  ഇത്തിരിവട്ടത്തില്‍ കുട്ടികള്‍ക്കുള്ള പാവാടയും കുപ്പായവും മക്കനയും തുന്നി അവളുടെ ദിവസങ്ങള്‍ ആ നിറങ്ങളോട് പൊരുത്തപ്പെട്ടു.  
സ്‌കൂളിന്റെ പിറകിലൂടെ നോക്കിയാല്‍ കാണാത്തത്ര അകലത്താഴ്ചകളിലേക്ക് പടര്‍ന്നു കിടക്കുന്ന ഒതുക്കുകള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാനവളുടെ കണ്ണുകളിലേക്ക് പാളിനോക്കി. ശൂന്യത... സ്വപ്‌നങ്ങളില്ലാതാവുമ്പോഴാണ് കണ്ണുകളില്‍ ശൂന്യത കട്ടപിടിക്കുക.  ഇതിന് എന്നാണൊരറുതി? ചിന്തകള്‍ നെടുവീര്‍പ്പുകളിലേക്ക് ചിതറി.  
രണ്ടു വശത്തെയും താഴ്ചകളിലെ വള്ളിപ്പടര്‍പ്പുകളില്‍ വിവിധ നിറത്തിലുള്ള പൂക്കള്‍. എണ്ണിയിറങ്ങിയ ഒതുക്കുകളുടെ എണ്ണച്ചരട് സംസാരത്തിനിടയില്‍ പൊട്ടിപ്പോയി. പക്ഷേ അതെന്നും അങ്ങനെയായിരുന്നു. എണ്ണിയെണ്ണി നെടുനിശ്വാസത്തിനിടയില്‍ അറിയാതെ പറഞ്ഞു പോകുന്ന ഒരു വാക്കില്‍ തെറ്റി നില്‍ക്കും എല്ലാം. കയറുമ്പോള്‍ എണ്ണിത്തീര്‍ക്കാം എന്ന് ഇറങ്ങുമ്പോള്‍ ആശ്വസിക്കും. അപ്പോഴും അങ്ങനെത്തന്നെ. എണ്ണം തെറ്റിപ്പോകുന്ന കയറ്റിറക്കങ്ങളുടെ തുടര്‍ച്ചയാണ് ജീവിതം എന്നു തോന്നി.
ഒതുക്കുകള്‍ അവസാനിക്കുന്നത് വീതികുറഞ്ഞ ടാറിട്ട റോഡിലാണ്. പുഴയില്‍ അവസാനിക്കുന്ന റോഡ് ഇന്ന് അക്കരെ കടക്കുന്ന പാലത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നു.
'പാലം കാണണോ?'
'വേണ്ട'
ഇടവഴി കടന്ന് കുളിക്കടവിലെത്തി. പമ്പ് ഹൗസിന്റെ ഇപ്പുറം ഒതുക്കുകള്‍ കെട്ടിയ സ്ഥലം കാടു പിടിച്ചു കിടക്കുന്നു. ആരും കുളിക്കാന്‍ ഇറങ്ങാറില്ലെന്ന് വ്യക്തം. പണ്ടും യതീംഖാനയിലെ കുട്ടികളല്ലാതെ ആരും ഇവിടെ ഇറങ്ങാറുണ്ടായിരുന്നില്ല. ഇപ്പോള്‍ യതീംഖാനയില്‍ ഇഷ്ടംപേലെ വെള്ളമുണ്ട്. പുഴയില്‍ വരേണ്ട കാര്യമില്ല.
കരിയിലകള്‍ മൂടിയ ഒതുക്കില്‍ പുഴയിലേക്കു നോക്കി വെറുതെ ഇരുന്നു. വയലറ്റ് പൂക്കള്‍ ഉതിര്‍ന്നു വീണ് ഒഴുകിപ്പരക്കുന്ന വെള്ളത്തില്‍ പോക്കു വെയിലിന്റെ സ്വര്‍ണ നിറം പടര്‍ന്നിരിക്കുന്നു. പുഴ, നോക്കുംതോറും എന്നും അത്ഭുതമായി നില്‍ക്കുന്ന ആഴം. ഏതോ മലകള്‍ക്കിടയിലെ ആര്‍ദ്രതയില്‍നിന്ന് എത്ര അകലങ്ങള്‍ താണ്ടിയാണീ വരവ്. ഇനിയും എത്ര ദൂരം. എത്രയെത്ര കാഴ്ചകള്‍, അനുഭവങ്ങള്‍. കളിയും ചിരിയും, ഇല്ലായ്മയും സമൃദ്ധിയും, ചെളിയും ചേറുമായി നിങ്ങളെപ്പോലെത്തന്നെ ഞാനുമെന്ന് നിശ്ശബ്ദമായി ഒഴുകുന്ന പുഴയെ കെട്ടിപ്പിടിക്കണമെന്നു തോന്നി. ജീവിതമാണല്ലോ പുഴ. ആരുമില്ലാത്ത യതീം മക്കളെയും കൊണ്ട് ചാലിയാറിന്റെ തീരത്തൂടെ നിഷ്‌കളങ്കനായ ഒരു മനുഷ്യന്റെ പിന്നാലെയുള്ള യാത്രയുടെ ഓര്‍മകള്‍ കുന്തിരിക്കത്തിന്റെ പുകയായി മനസ്സില്‍ നിറഞ്ഞു.
'മജീദ് സാറിന്റെ മയ്യിത്ത് നിസ്‌കാരണ്ടായിരുന്നു പള്ളീല്.' 
പുഴയുടെ ആഴത്തില്‍നിന്നാണോ സുലുവിന്റെ ശബ്ദം? പടച്ചോനേ.. ചിന്തകള്‍ എങ്ങനെയാണ് ഇങ്ങനെ ഒന്നാകുന്നത്? സബൂട്ടിയും ഞാനും അശ്‌റഫും മജീദ് സാറും ഫാത്തിമ ടീച്ചറും പാട്ടുപാടി......  താളംകൊട്ടി അങ്ങനെ.... 
'തീപ്പൊരി പ്രസംഗം നടത്തണം ട്ടോ'....
പ്രസംഗം കഴിഞ്ഞു ഞാന്‍ സ്റ്റേജില്‍നിന്നിറങ്ങുമ്പോള്‍ കണ്ണു തുടച്ച് പതിയെ നീങ്ങുന്ന രൂപം...... 
'തീപ്പൊരിക്ക് തന്നെ ഫസ്റ്റ്.' 
പടച്ചോനേ, ആ വാക്കുകളിലായിരുന്നു വളര്‍ച്ച. ആ കണ്ണിലൂടെയാണ് ലോകം കണ്ടത്. അദ്ദേഹം എത്തിച്ചുതന്ന അക്ഷരവെളിച്ചമായിരുന്നു കൂട്ട്. ആരുമില്ലാതെ നാലു മതിലിനകത്ത് എരിഞ്ഞൊടുങ്ങേണ്ട ഒരു ജീവിതത്തിന്റെ വെള്ളവും വളവും ആ മനുഷ്യനായിരുന്നു. രണ്ടു മക്കളെ തനിച്ചാക്കി മരുഭൂമിയുടെ ചുട്ടുപൊള്ളലില്‍, സ്‌നേഹിച്ച യതീം മക്കളുടെ പ്രാര്‍ഥനക്കു വേണ്ടി ആ ശരീരം കിടന്നിട്ടുണ്ടാകും.
ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഹിമത്തിന്റെ കുളിരായ് ആ കഫന്‍പുടവകളില്‍ പടരാനുള്ള ശേഷി തരണേ....മണ്ണോടു ചേര്‍ന്ന ശരീരത്തിനപ്പുറത്തേക്ക്, ഒരു  കുടുംബത്തിന്റെ കണ്ണീരിലേക്ക് ചേക്കേറിയ ഓര്‍മകളിലേക്ക് സാന്ത്വനത്തിന്റെ താങ്ങായി നീ നിറയണേ. കണ്ണുകള്‍ ആകാശത്തിന്റെ ചരിവില്‍ അവനെ തിരഞ്ഞു. അസ്തമയസൂര്യന്റെ ചുവപ്പില്‍ അവന്റെ വാത്സല്യം നിറഞ്ഞു തുളുമ്പി.
'പോകാം'
സുലു നടന്നു തുടങ്ങിയിരിക്കുന്നു. പതുക്കെ, വളരെ പതുക്കെ മൗനത്തിന്റെ മണലുകള്‍ക്കിടയിലൂടെ ഊളിയിട്ട് നടന്നു.
'ഇത്താത്താ മജീദ് സാര്‍....' എന്ന് മാത്രമെഴുതിയ സബൂട്ടിയുടെ കത്ത് ഹൃദയത്തിന്റെ പൊള്ളലായി നീറ്റിക്കിടന്നു. അവനെന്നും ഒരു നീറ്റലായിരുന്നല്ലോ.
തിരിച്ചുവരവിന്റെ സൂചനകളും ആഗ്രഹങ്ങളുമടങ്ങുന്ന അവന്റെ കത്തുകള്‍ ഈയിടെയായി കൂടുന്നു. പൊള്ളിയടര്‍ന്ന് സ്വയം നഷ്ടപ്പെട്ട കാലത്തില്‍നിന്നും കാണാതെ കാണാനും കേള്‍ക്കാതെ കേള്‍ക്കാനും പഠിക്കാന്‍ എത്ര ദൂരം യാത്ര ചെയ്യേണ്ടി വന്നു! എത്ര വര്‍ഷമായി അവനെ കണ്ടിട്ട്? പക്ഷേ എന്നും കാണുന്നു, കേള്‍ക്കുന്നു, അറിയുന്നു. ദേഷ്യമോ വെറുപ്പോ ഇല്ല, സ്‌നേഹം മാത്രം. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഗുരുവാണല്ലോ അവന്‍. അവന്റെ ആദ്യത്തെ കത്തുകള്‍ ഇന്നും തുറന്നിട്ടില്ല. തുറക്കേണ്ടെന്നുതന്നെ വെച്ചു. ഒരുപക്ഷേ അതിലുണ്ടാവാം അവനെന്തിനു പോയെന്ന്. ഇപ്പോള്‍  അതിന്റെ കാരണം അറിയണമെന്നില്ല. പോവുകയല്ലാതെ വെറെ വഴിയില്ലെന്നാവുമ്പോള്‍ എല്ലാവരും പോവും. കുറ്റപ്പെടുത്തലുകള്‍ എന്തിന്? ഒരു പുറപ്പെട്ടുപോക്ക് എല്ലാവരും ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ടല്ലോ...
ഒതുക്കുകള്‍ കയറി മുകളിലെത്തിയപ്പോള്‍ കിതച്ചു. പ്രായം കൂടുകയാണ്. ബക്കറ്റില്‍ നിറയെ നനച്ച തുണികളുമായി കയറിയ കൗമാരം ഇനിയില്ല. കയറിത്തളര്‍ന്ന് കിതച്ചുപോകുന്ന കാലത്ത് തമ്പുരാനേ നിന്റെ കൈകളാണ് ഊന്ന്.


(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top