വിഷക്കാറ്റുകളെ ചെറുക്കാന്‍

ടി.കെ ജമീല മലപ്പുറം No image

''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുവിന്‍. യാതൊന്നിനെയും അവന്റെ പങ്കുകാരനായി കല്‍പിക്കാതിരിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസി ദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍. അഹന്തയാല്‍ വഞ്ചിതരും താന്‍പോരിമയാല്‍ ഞെളിയുന്നവരുമായ ആരേയും ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.'' വി.ഖുര്‍ആന്‍. 4-36

സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബന്ധവും ബാധ്യതകളുമാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. മനുഷ്യരില്‍ ഒമ്പത് വിഭാഗം ആളുകളെയാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. മലയാളത്തില്‍ പരമേശ്വരന്‍, അദൃശ്യനും അരൂപിയും സത്യവാനുമായ ദൈവം, പ്രപഞ്ചനാഥന്‍, പരാശ്രയരഹിതന്‍, ഏവരും ആശ്രയിക്കുന്ന ഏകദൈവം എന്നര്‍ഥമുള്ള അറബിപദമാണ് അല്ലാഹു എന്നത്. വിശ്വാസകാര്യങ്ങളും ജീവിതത്തിന്റെ മുഴുവന്‍ മേഖലയും ഏകനായ ദൈവം എന്ന കേന്ദ്രബിന്ദുവിന് ചുറ്റും കറങ്ങുന്നതായിരിക്കണം; ഈ കറക്കത്തില്‍ മാലാഖമാര്‍, മനുഷ്യര്‍, മറ്റെന്തെങ്കിലും വസ്തുക്കള്‍ എന്നിവയെ ദൈവമായോ ദൈവത്തിന്റെ സഹായികളായോ സങ്കല്‍പിക്കാതിരിക്കുക. അത് ബഹുദൈവത്വമാകുന്നു. ഇതാണ് ഒന്നാമതായി ഈ സൂക്തം വ്യക്തമാക്കുന്നത്.

ദൈവം കഴിഞ്ഞാല്‍ ഏറ്റവും കടപ്പാടുള്ളത് ജന്മം നല്‍കിയ മാതാപിതാക്കളോടാണ്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ ഏറ്റവും അടുത്ത രക്തബന്ധുക്കളോട്. മാതാപിതാക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കടമകളെ ഉപകാരങ്ങള്‍ എന്ന് പറയരുതെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്. ഉപ്പയോടും ഉമ്മയോടും 'എത്ര ഉപകാരം ചെയ്താലും ഒരു നന്ദിയില്ലാത്ത വര്‍ഗം' എന്ന വാക്ക് ഒരു സത്യവിശ്വാസിയില്‍ നിന്ന് വരാന്‍ പാടുള്ളതല്ല. ഒരു നബിവചനം: മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ് ഒരാള്‍ക്ക് പ്രഭാതമാവുന്നതെങ്കില്‍ സ്വര്‍ഗത്തിലേക്ക് രണ്ട് കവാടങ്ങള്‍ അല്ലാഹു തുറന്ന് വെക്കും. അവരില്‍ ഒരാളെയാണ് പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്ന് വെക്കും. മാതാപിതാക്കളുടെ അനിഷ്ടം സമ്പാദിച്ച് കൊണ്ടാണ് ഒരാള്‍ നേരം പുലരുന്നതെങ്കില്‍ അയാള്‍ക്ക് വേണ്ടി നരകത്തിലേക്ക് രണ്ട് കവാടങ്ങള്‍ അല്ലാഹു തുറന്ന് വെക്കും. അവരില്‍ ഒരാളെയാണ് പ്രകോപിക്കുന്നതെങ്കില്‍ ഒരു കവാടവും തുറന്ന് വെക്കും. ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അവര്‍ (മാതാപിതാക്കള്‍) അവനെ ദ്രോഹിക്കുന്നവരാണെങ്കിലോ? നബി (സ) പറഞ്ഞു: അവര്‍ അവനെ ഉപദ്രവിക്കുകയാണെങ്കിലും ശരി.'' (ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു). 

ബുറൈദ എന്ന അനുചരനില്‍ നിന്ന് ത്വബറാനി ഉദ്ധരിക്കുന്നു: ഒരിക്കല്‍ പ്രവാചകന്റെ അടുക്കല്‍ ഒരാള്‍ വന്ന് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! മാംസം വീണാല്‍ വെന്ത് പോകുന്ന തരത്തില്‍ കഠിന ചൂടുള്ള മരുഭൂമിയിലൂടെ എന്റെ മാതാവിനെയും ചുമലിലേറ്റി ദീര്‍ഘദൂരം ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അവരോടുള്ള ബാധ്യത ആ കര്‍മ്മങ്ങളിലൂടെ ഞാന്‍ നിര്‍വ്വഹിച്ചുവോ? നബി (സ) പറഞ്ഞു: പ്രസവ സമയത്ത് അവര്‍ നിനക്ക് വേണ്ടി സഹിച്ച വേദനകളിലൊന്നിന് ഒരുപക്ഷെ അത് പരിഹാരമായേക്കാം. 

അത്രമാത്രം.'

 മാതാപിതാക്കളെ ദ്രോഹിക്കുകയും നിന്ദിക്കുകയും അവരെ വൃദ്ധസദനങ്ങളില്‍ തള്ളുകയും ചെയ്യുന്ന ഈ കാലത്ത് ഈ നബിവചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അനാഥകളോടും അഗതികളോടും മോശമായി പെരുമാറുകയും അവരുടെ സംരക്ഷണം പ്രശ്‌നമാക്കാതിരിക്കുകയും ചെയ്യുന്നവരുടെ ദൈവവിശ്വാസവും പരലോകവിശ്വാസവുമൊക്കെ വി.ഖുര്‍ആന്‍ 107-ാം അധ്യായത്തില്‍ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ കൂടുതല്‍ പീഢനമനുഭവിക്കുന്ന സ്ത്രീകള്‍, കുട്ടികള്‍, വിധവകള്‍ അനാഥര്‍ തുടങ്ങിയവരുടെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്ന ഖുര്‍ആനിലെ നാലാം അധ്യായത്തിന് അന്നിസാഅ് - സ്ത്രീകള്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

അന്യരും അടുത്തവരുമായ അയല്‍ക്കാരുടെ കാര്യത്തിലുള്ള ഇസ്‌ലാമികാധ്യാപനങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. മുഹമ്മദ് നബി(സ) പറഞ്ഞതായി അബൂഹുറൈറ (റ) എന്ന അനുചരന്‍ നിവേദനം ചെയ്യുന്നു: ''അല്ലാഹുവാണ,് അയാള്‍ വിശ്വസിക്കുന്നില്ല. ഇത് കേട്ട് അനുയായികളില്‍ ചിലര്‍ ചോദിച്ചു: അതാരാണ് പ്രവാചകരേ? തിരുമേനി പറഞ്ഞു. ഏതൊരുവന്റെ അയല്‍ക്കാരന്‍ അയാളുടെ ദ്രോഹത്തെക്കുറിച്ച് നിര്‍ഭയനാകുന്നില്ലയോ അവന്‍'' (ബുഖാരി -മുസ്‌ലിം). മറ്റൊരിക്കല്‍ പറഞ്ഞു: ''ആരുടെ ഉപദ്രവത്തില്‍ നിന്ന് തന്റെ അയല്‍ക്കാരന്‍ നിര്‍ഭയനല്ലയോ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. വീണ്ടും പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍ക്കാരനെ ആദരിക്കട്ടെ.'' അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്‌നേഹവും സൗഹാര്‍ദ്ദവും സാമൂഹിക ജീവിതത്തില്‍ വളരെ പ്രധാനമാണ്. നബി പത്‌നി ആയിശ (റ)യില്‍ നിന്ന് ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന നബിവചനത്തില്‍ ഇപ്രകാരം കാണാം: ''മലക്ക് ജിബ്‌രീല്‍ എന്നോട് അയല്‍വാസിയെക്കുറിച്ച് തുടര്‍ച്ചയായി ഊന്നി ഉപദേശിച്ചുകൊണ്ടിരിക്കുന്നു. അയല്‍ക്കാരനെ അനന്തരാവകാശിയായി നിശ്ചയിക്കുമോ എന്നെനിക്ക് തോന്നിപ്പോയി.'' ത്വബറാനി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ അയല്‍ക്കാരനോടുള്ള കടമകള്‍ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു: ''രോഗിയായാല്‍ സന്ദര്‍ശിക്കുക; ആവശ്യമായ പരിചരണം നല്‍കുക. മരിച്ചാല്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുക. കടം ആവശ്യമായാല്‍ കഴിവുണ്ടെങ്കില്‍ നല്‍കുക. അവരുടെ തെറ്റുകളില്‍ വിട്ടുവീഴ്ച കൈകൊള്ളുക. അവര്‍ക്ക് നല്ലത് വരുമ്പോള്‍ സന്തോഷത്തില്‍ പങ്ക്‌ചേരുക, തന്റെ കെട്ടിടം അവന്റെ വീട്ടിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഉയര്‍ത്താതിരിക്കുക. തന്റെ വീട്ടിലെ ഭക്ഷണവിഭവങ്ങളുടെ സുഗന്ധം കൊണ്ട് അവനെ ബുദ്ധിമുട്ടിക്കാതിരിക്കുക. അല്ലെങ്കില്‍ ആ വിഭവം അവന്റെ വീട്ടില്‍ എത്തിക്കുക. അയല്‍ക്കാരന്റെ കിണറിനോട് ചേര്‍ന്ന് കക്കൂസ് ടാങ്ക് കുഴിക്കുന്നതും മതിലിനരികില്‍ മാലിന്യം തള്ളുന്നതുമൊക്കെ വെറുപ്പിനും അസൂയക്കും കാരണമാകുന്നു. ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നു. നബി (സ) പറഞ്ഞിരിക്കുന്നു: ''നിങ്ങള്‍ പഴങ്ങള്‍ വാങ്ങിയാല്‍ അതില്‍നിന്നൊരു പങ്ക് അയല്‍ക്കാരന് സമ്മാനിക്കുക. അതിന് പറ്റില്ലെങ്കില്‍ അതിന്റെ തൊലി അയല്‍ക്കാരന്റെ കുട്ടികള്‍ കാണാനിടയാകാതെ മറച്ച് വെക്കണം. നിങ്ങളുടെ കുട്ടികള്‍ ആ പഴവുമായി പുറത്ത് പോകാതെ സൂക്ഷിക്കുകയും വേണം. കാരണം അത് അയല്‍ക്കാരന്റെ മനസ്സ് വേദനിക്കാനിടയാകും.'' നിങ്ങള്‍ നല്ല കറിവെച്ചാല്‍ അല്‍പം വെള്ളം ചേര്‍ത്തിട്ടെങ്കിലും അയല്‍വാസിയെ പരിഗണിക്കണം. നല്ല അയല്‍വാസിക്കൂട്ടങ്ങളാണല്ലോ നല്ല സമൂഹമായി രൂപാന്തരപ്പെടുന്നത്. നല്ല സമൂഹം നല്ല രാഷ്ട്രമായും. അയല്‍ക്കാരന്‍ കുടുംബക്കാരനും കൂടിയാകുമ്പോള്‍ ബാധ്യതയും കൂടുതലാണ്.

സത്യവിശ്വാസത്തിന്റെയും ഭക്തിയുടെയും മറ്റൊരു താല്‍പര്യമാണ് അയല്‍ക്കാരനെ ആദരിക്കുക എന്നത്. സൗഹാര്‍ദത്തിന്റെയും സഹകരണത്തിന്റെയും ഉപരിയായി നില്‍ക്കുന്നതാണ് ആദരവ്. ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരനെ തന്നെക്കാള്‍ ഉയര്‍ന്നവനായി പരിഗണിക്കലാണത്. അയല്‍ക്കാരില്‍ ധനികരും ദരിദ്രരുമുണ്ടാവാം. പാമരനും പണ്ഡിതനും പലതരക്കാരുമുണ്ടാവാം. അയല്‍വാസികള്‍ എന്ന നിലക്ക് എല്ലാവരും ആദരവും പരിഗണനയും അര്‍ഹിക്കുന്നു. ഇവിടെയൊന്നും മുസ്‌ലിം അമുസ്‌ലിം വേര്‍തിരിവുകള്‍ കാണുന്നില്ല. ''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല.'' എന്ന് മുഹമ്മദ് നബി(സ) പറയുമ്പോള്‍ ഇസ്‌ലാമിക സൊസൈറ്റിയില്‍ അയല്‍വാസിയെ പരിഗണിക്കാത്തവര്‍ക്ക് അംഗത്വം പോലുമില്ല. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിചെയ്യുന്നവര്‍ ഒരു ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ എല്ലാം അയല്‍ക്കാരാണ്. സഹവാസികളോടും നന്നായി വര്‍ത്തിക്കുക എന്ന് പറഞ്ഞിട്ടുണ്ടല്ലോ. സഹചാരിയായ സുഹൃത്തും ഏതെങ്കിലും സന്ദര്‍ഭത്തില്‍ താല്‍കാലികമായി ഒത്തൂടുന്ന കൂട്ടാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ബസ്സിലും മറ്റ് പൊതുവാഹനങ്ങളിലുമുള്ള സഹയാത്രികര്‍, അങ്ങാടിയിലെ കൊള്ളക്കൊടുക്കു കളിലെ പങ്കാളികള്‍, ഉപഭോക്താക്കള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്നവര്‍, നിരത്തില്‍ വാഹനം ഓടിക്കുന്നവര്‍ തുടങ്ങി താല്‍ക്കാലികമായി സഹവസിക്കുന്നവരെല്ലാം ഇതില്‍ ഉള്‍പ്പെടും. അബൂഹുറൈറ (റ)യില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്ന നബിവചനത്തില്‍ പറയുന്നു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ'.

 സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അന്തിയുറങ്ങാനും അത്താഴം കഴിക്കാനും ഏകാവലംബം നാട്ടുകാരുടെ ആതിഥ്യമര്യാദയായിരുന്നു. നാടും വീടും വിട്ട് മറുനാട്ടിലെത്തുന്നവര്‍, വര്‍ഗീയകലാപങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രാഷ്ട്രീയസംഘട്ടനങ്ങള്‍ എന്നിവമൂലം അഭയാര്‍ത്ഥികളാകുന്നവര്‍ ഇവരെയൊക്കെ സഹായിക്കല്‍ അന്നാട്ടുകാരുടെ മതപരമായ സാമൂഹ്യബാധ്യതയാണെന്ന് ഉല്‍ബോധിപ്പിക്കുകയാണ്. ഒരുദിവസം മുഹമ്മദ് നബി(സ) തന്റെ ഭാര്യമാരുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരെയും കൊണ്ട് അന്‍ജശ എന്ന് പേരുള്ള ഒരാള്‍ വാഹനം (ഒട്ടകം) തെളിച്ച് പോകുന്നത് കണ്ടു. നബി(സ) പറഞ്ഞു. ''ഓ അന്‍ജശ, ഈ മുത്ത് മണികളെയും കൊണ്ടുള്ള ഈ പോക്കില്‍ അവധാനതയും സാവകാശവും കാണിക്കൂ (അനസ് നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചത്). ഇവിടെ ഹദീസില്‍ ഉപയോഗിച്ച പദം ഖവാരീര്‍- മുത്തുമണികള്‍ എന്നാണ്. ഇത് സ്ത്രീകളെ കൊച്ചാക്കിയതല്ല. അവരുടെ അവസ്ഥയും പ്രകൃതവും പരിഗണിച്ചതാണ്. അടിമസമ്പ്രദായം ക്രമാനുകതമായി നിര്‍ത്തല്‍ ചെയ്തതാണെങ്കിലും ചിലയിടങ്ങളില്‍ തൊഴിലാളികള്‍ അടിമസമാനമായ ജീവിതമാണ് നയിക്കുന്നത്. അടിമകളേ എന്ന് വിൡരുത്. നിങ്ങള്‍ ഉണ്ണുന്നത് അവരെയും ഊട്ടുക, നിങ്ങള്‍ ഉടുക്കുന്നത് അവരെയും ഉടുപ്പിക്കുക. അവര്‍ നിങ്ങളുടെ സഹോദരന്മാരാണ് എന്ന ഇസ്‌ലാമിന്റെ സമഭാവന കോര്‍പ്പറേറ്റ് മുതലാളി വര്‍ഗത്തിന്ന് സഹിക്കുമോ? അഹന്തയാല്‍ വഞ്ചിതരും താന്‍ പോരിമയാല്‍ ഞെളിയുന്നവരുമായ ആരേയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞ് കൊണ്ടാണല്ലോ സൂക്തം അവസാനിക്കുന്നത്. ആത്മീയത തേടി മലയും കാടും കയറലല്ല. നാട്ടിലും വീട്ടിലും സഹജീവികളെ സ്‌നേഹിച്ചും അവരുമായി സഹകരിച്ചും മാന്യമായി ജീവിക്കലാണ് പുണ്യം നേടാനുള്ള വഴി എന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top