നല്ല കുടുംബം നല്ല സമൂഹം

അബൂയാസിര്‍, No image

ഓര്‍മത്താളില്‍ നിന്ന്

 (ആരാമം വനിതാ മാസിക, 1993 ഏപ്രില്‍ ലക്കം 12 പുസ്തകം 9)

നല്ല കുടുംബം നല്ല സമൂഹം എന്നു പറയുന്നത് നല്ല വിത്ത്, നല്ല വിള എന്നുപറയുന്നതുപോലെയാണ്. വിത്തുഗുണം പത്തുഗുണം എന്നുണ്ടല്ലോ. കുടുംബ സമൂഹ ബന്ധവും അങ്ങനെ തന്നെ. രൂപയുടെ അടിസ്ഥാന യൂണിറ്റാണല്ലോ പൈസ. പൈസയുടെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു രൂപയുടെ മൂല്യം. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഇടിയുന്നത് പൈസയുടെ മൂല്യമാണ്. രൂപക്ക് മൂല്യം ഇടിയുകയും പൈസയുടെ മൂല്യം ഉയരുകയും ചെയ്യുക എന്ന അവസ്ഥ ഉണ്ടാവില്ല. അതുപോലെ സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. കുടുംബം നന്മ നിറഞ്ഞതാണെങ്കില്‍ സമൂഹവും നന്മ നിറഞ്ഞതായിരിക്കും. കുടുംബം ശിഥിലമാകുമ്പോള്‍ സമൂഹം ശിഥിലമാകുന്നു. സമൂഹം ഭദ്രവും കുടുംബം ശിഥിലവും എന്ന ഒരവസ്ഥ ഉണ്ടാകുന്നില്ല. 

മാനുഷികമായ കൂട്ടായ്മയുടെ പ്രാഥമിക രൂപമാണ് കുടുംബം. വ്യക്തി ആദ്യമായി അറിയുന്നതും ബന്ധപ്പെടുന്നതും സ്വന്തം മാതാപിതാക്കളെയും പിന്നെ സഹോദരന്മാരെയും പിന്നെ മാതൃ-പിതൃ സഹോദര സന്തതികളെയുമാണ്. ഈ ബന്ധുക്കളെയൊന്നും അവന്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്നതല്ല. പ്രകൃതിതന്നെ അവരുമായി അവനെ പരിചയപ്പെടുത്തുകയും ബന്ധപ്പെടുത്തുകയുമാണ്. ഇണയുടെ, ഭാര്യയുടെ കാര്യം ഇതില്‍നിന്ന് അല്‍പം വ്യത്യസ്തമാകുന്നു. ഇണയെ പലപ്പോഴും അവന്‍ അന്വേഷിച്ചു കണ്ടെത്തുകയാണ്. എന്നാല്‍ ഈ അന്വേഷിച്ചു കണ്ടെത്തലും മനുഷ്യന്റെ മാതാപിതാക്കളോടും സന്തതികളോടും ബന്ധപ്പെടുന്നതുപോലെ ചില ജന്മ-വാസനകളുടെയും ആവശ്യങ്ങളുടെയും താല്‍പര്യമാണ്. സന്തതികള്‍ കുടുംബത്തിന്റെ സ്വഭാവിക വികസനമാണെങ്കില്‍ ഇണയെ കണ്ടെത്തല്‍ പുതിയൊരു കുടുംബത്തിന്റെ പിറവിക്കുവേണ്ടിയുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാകുന്നു. അതാണ് മാനസിക ദാമ്പത്യം. ഈ ബോധം ഇല്ലാതെയും ഇണചേരാം; പ്രജനനവുമുണ്ടാവാം. അതുപക്ഷെ മാനസികമല്ല; അന്ധമാകുന്ന ജന്തുചേഷ്ഠയാണ്.

ബോധപൂര്‍വ്വമായ സ്ത്രീപുരുഷസംഗമത്തിലൂടെ രൂപംകൊള്ളുന്ന പ്രാഥമിക സമാജമാണ് കുടുംബം എന്നുവരുമ്പോള്‍ സ്ത്രീപുരുഷ ബന്ധമാണ് സാമൂഹ്യബന്ധങ്ങളുടെ ഉറവിടം എന്നുവരുന്നു. കുടുംബം എന്ന സ്ഥാപനത്തിന്റെ സ്വഭാവത്തെയും നേട്ടകോട്ടങ്ങളെയും നന്മ-തിന്മകളെയും വിലയിരുത്തുമ്പോള്‍ ഇപ്പറഞ്ഞ സ്ത്രീപുരുഷ ബന്ധത്തിന്റെ പ്രേരകം എന്താണ് എന്നത് വളരെ പ്രസക്തമാകുന്നു. ഇതേക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

കുടുംബം പ്രാകൃത മനുഷ്യരില്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കൃത്രിമമായി ഉണ്ടാക്കപ്പെട്ട സ്ഥാപനമാണെന്നതുമാണ് ഒരു വീക്ഷണം. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക ചോദനയില്‍ നിന്ന് ഉളവായതാണ് കുടുംബ വ്യവസ്ഥ എന്നാണ് ചിലര്‍ വാദിക്കുന്നത്. പുരുഷന്റെ ആധിപത്യ വാഞ്ഛയാണ് കുടുംബവ്യവസ്ഥക്ക് ആധാരമെന്ന മറ്റൊരു വീക്ഷണവും പ്രചരിച്ചിട്ടുണ്ട്. ഈ വീക്ഷണങ്ങളൊന്നും കുടുംബം എന്ന സ്ഥാപനത്തിന് എന്തെങ്കിലും മഹത്വമോ നന്മയോ ഉള്ളതായി കരുതുന്നില്ല. ലൈംഗിക വികാരം മാത്രമാണ് കുടുംബത്തിന്റെ ആധാരപാശം എന്നു വാദിച്ച ഫ്രോയിഡും കൂട്ടരും, മാതാവ് തന്റെ ചോരപ്പൈതലിനെ മുലയൂട്ടുന്നതു പോലും ഒരു ലൈംഗിക ചേഷ്ടയായിട്ടാണ് കാണുന്നത്. മുലയൂട്ടുന്ന മാതാവ് തന്റെ സ്വന്തം ചോരയൂട്ടി ഭാവി മനുഷ്യനെ പരിപാലിക്കുകയല്ല; രതിക്രീഡയിലേര്‍പ്പെടുകയാണ്. ഈ ചിന്താഗതിയുടെ പ്രചാരം പരിഷ്‌കൃത നാടുകളില്‍ രൂക്ഷമായ സദാചാരച്യുതിക്കും ലൈംഗിക അരാജകത്വത്തിനും കളമൊരുക്കുകയുണ്ടായി. അതിന്റെ അനിവാര്യതയായി കുടുംബത്തകര്‍ച്ചയും പെരുകിവന്നു. 

കുടുംബം ആദിയില്‍ ഉണ്ടായിരുന്നില്ലെന്നും സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു ചൂഷണോപാധിയായി ഉയര്‍ന്നുവന്നതാണെന്നതും സിദ്ധാന്തിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. ചില നരവംശ ശാസ്ത്രജ്ഞന്മാര്‍ ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുകയുണ്ടായി. ഈ സിദ്ധാന്തത്തില്‍ ഭ്രമിച്ചുപോയ കമ്യൂണിസ്റ്റുകള്‍ കുടുംബമല്ലാതെയുള്ള പ്രാഥമിക കൂട്ടായ്മകള്‍ ആവിഷ്‌കരിക്കാവുന്നതേയുള്ളൂ എന്നും ധരിച്ചുവശായി. അങ്ങനെ അവര്‍ കമ്യൂണുകള്‍ കുടുംബങ്ങള്‍ക്ക് പകരം വെച്ചു. എല്ലാവരും പൊതുഹോസ്റ്റലുകളില്‍ വസിക്കുക, മെസ്സില്‍ നിന്ന് ഒരുമിച്ചു ഭക്ഷണം കഴിക്കുക, ഇഷ്ടമുള്ളവര്‍ ഇണചേരുക, കുട്ടികളെ സ്‌റ്റേറ്റിന്റെ കുട്ടികളായി വളര്‍ത്തുക. ഇതാണ് ഉല്‍കൃഷ്ടമായ രീതിയെന്ന് അവര്‍ പ്രചരിപ്പിച്ചു. പക്ഷെ, ഏതാനും കമ്യൂണുകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ തന്നെ സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്തബോധവും വ്യക്തിത്വവുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ഈ സംവിധാനം വന്‍ പരാജയമാണെന്നു തെളിഞ്ഞു. തുടര്‍ന്ന് പരമ്പരാഗത കുടുംബസംവിധാനം തന്നെ പുനസ്ഥാപിക്കുകയാണുണ്ടായത്.

പുരുഷാധിപത്യ വാഞ്ഛയുടെ സൃഷ്ടിയാണ് കുടുംബം എന്ന ചിന്താഗതി കുടുംബത്തിന്റെ പ്രസന്നതയിലും സന്നദ്ധതയിലും ഒരു വിഷക്കാറ്റെന്നവണ്ണം കാളിമ പരത്തി. കുടുംബത്തിന്റെ വെളിച്ചവും പ്രസരിപ്പുമാകേണ്ട സ്ത്രീയുടെ മുമ്പില്‍ ആ സ്ഥാപനം അവളെ അടിമപ്പെടുത്താനും പീഢിപ്പിക്കാനുമുള്ള ഉപകരണമായി വിലയിരുത്തപ്പെട്ടു. അത് പുതിയ തരം സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി. സ്ത്രീയുടെ എല്ലാ അവശതകള്‍ക്കും യാതനകള്‍ക്കും പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ടു. ഇതുമൂലം സ്ത്രീയുടെ യഥാര്‍ത്ഥ യാതനകളെയും അതിന്റെ ശരിയായ കാരണങ്ങളെയും അവള്‍ മറന്നു. സ്ത്രീ വിമോചനമെന്നാല്‍ കുടുംബബാധ്യതകളില്‍ നിന്നും ഭര്‍ത്താവിന്റെ ഭരണത്തില്‍ നിന്നുമുള്ള മോചനമാണെന്നായി. സ്ത്രീ വിമോചന പ്രസ്ഥാനം വേഗത്തില്‍ കുടുംബശിഥിലീകരണ പ്രസ്ഥാനമായിത്തീരുകയായിരുന്നു ഇതിന്റെ ഫലം.

കമ്മ്യൂണിസ്റ്റുകള്‍ കമ്യൂണ്‍ പദ്ധതി ഉപേക്ഷിച്ചതുപോലെ തോന്നുമ്പോള്‍ വര്‍ജിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാവുന്ന വിധത്തിലല്ല ഫ്രോയിഡിന്റെ ആശയങ്ങളും പുരുഷാധിപത്യ സിദ്ധാന്തവും സമൂഹത്തില്‍ സ്വാധീനമുറപ്പിച്ചത്. കമ്യൂണുകള്‍ ആധികാരികമായും വ്യവസ്ഥാപിതമായും നടപ്പിലാക്കിയ ഒരു പദ്ധതിയായിരുന്നു. അധികാരികള്‍ വേണ്ടെന്നുവെച്ചതോടെ അത് നിഷ്‌കാസിതമായി. അനാശാസ്യമായ ആശയങ്ങള്‍ സൃഷ്ടിക്കുന്ന അനധികൃതവും ആപല്‍ക്കരവുമായ പ്രതികരണങ്ങള്‍ സമൂഹത്തില്‍ വളരെക്കാലം നിലനില്‍ക്കും. ഫ്രോയിഡിന്റെ ആശയങ്ങള്‍ക്കും വിമന്‍സ് ലിബ്ബിനും ഏറെപ്രചാരം ലഭിച്ച പരിഷ്‌കൃത സമൂഹങ്ങളില്‍ അതിന്റെ പ്രതികരണം എയിഡ്‌സോളം വളര്‍ന്ന് ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ വാ പിളര്‍ന്നു നില്‍ക്കുകയാണ്.

മുകളില്‍ സൂചിപ്പിച്ച വീക്ഷണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടായിരുന്നുവെങ്കില്‍, അവ സാക്ഷാല്‍ക്കരിക്കപ്പെടുന്നതിലൂടെ കുടുംബം തകര്‍ച്ചയെ നേരിടുകയില്ലായിരുന്നു. അഥവാ തകരുകയാണെങ്കില്‍ തന്നെ കുടുംബത്തെക്കാള്‍ വിശിഷ്ടവും മനോഹരവും പ്രയോജനകരവുമായ മറ്റൊരു സംവിധാനം വളര്‍ന്നുവരുമായിരുന്നു. ഇതൊന്നും സംഭവിച്ചില്ല. നേരെ മറിച്ച് സംഭവിക്കുകയും ചെയ്തു. കുടുംബത്തിന്റെയും ആത്മാവും സ്വഭാവവും നന്മയും ഇനിയും ഭൗതികസിദ്ധാന്തങ്ങളില്‍ അന്വേഷിച്ചിട്ട് കാര്യമില്ല. പദാര്‍ഥാതീതമായ ഒരു ആത്മീയമാനമാണ് കുടുംബബന്ധങ്ങള്‍ക്കുള്ളത്. ആത്മീയ മാനങ്ങളുള്ള പ്രതിഭാസങ്ങളെ ആത്മീയ ദര്‍പ്പണങ്ങളിലൂടെ വേണം നോക്കിക്കാണാന്‍.

മതങ്ങള്‍ പൊതുവെ കുടുംബ സ്ഥാപനത്തെ മഹത്വപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അന്തിമവേദമായ വിശുദ്ധഖുര്‍ആന്‍ കുടുംബത്തെക്കുറിച്ചു പറയുന്നു. നിങ്ങളോടൊപ്പം നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നത് ഏകദൈവത്തിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ, അവരിലൂടെ നിങ്ങള്‍ ശാന്തി നേടുന്നതിന് വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹവും കരുണയും സൃഷ്ടിച്ചിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തങ്ങളുമുണ്ട്. (30:21)

കുടുംബത്തിന്റെ ആത്മീയ മാനം, ലക്ഷ്യം, മാര്‍ഗം, മഹത്വം എന്നിവയിലേക്കൊക്കെ സൂക്ഷ്മവും ശക്തവുമായ സൂചനകളുള്‍കൊള്ളുന്നതാണ് ഈ ദിവ്യസൂക്തം. 

1. കുടുംബത്തിന്റെ ആത്മീയമാനം: കുടുംബത്തിന്റെ അസ്തിവാരമായ സ്ത്രീപുരുഷ ദാമ്പത്യം ഒരു ദൈവിക ദൃഷ്ടാന്തമാകുന്നു. ദൈവത്തിന്റെ ആസ്തിക്യത്തെയും ഏകത്വത്തെയും സൂചിപ്പിക്കുന്ന ദൃഷ്ടാന്തം. കുടുംബബന്ധത്തെക്കുറിച്ച് ശരിയാംവണ്ണം ആഴത്തില്‍ ആലോചിച്ചു നോക്കിയാല്‍, മനുഷ്യനു സ്ഥാപിക്കുവാനോ വ്യാഖ്യാനിക്കാന്‍ പോലുമോ സാധ്യമല്ലാത്തവിധം മഹത്തരവും പവിത്രവുമായ ബന്ധമാണിതെന്നും ഏകനും സര്‍വ്വശക്തനുമായ ഒരു സ്രഷ്ടാവിന്റെ നിസ്തുലമായ സൃഷ്ടി വൈഭവത്തിലൂടെ മാത്രമേ അതുളവാക്കുകയുള്ളൂവെന്നും സ്വയം ബോധ്യപ്പെടും. മനുഷ്യന്‍ തന്റെ പരിമിതമായ അന്വേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഉദ്ദേശിക്കുന്നതുപോലെ സ്ത്രീപുരുഷ ദാമ്പത്യം കേവലം യാദൃഛികത്തിന്റെ പ്രകടനമോ അല്ല. മനുഷ്യന്‍ പരസ്പരം സഹകരിക്കാനും അങ്ങനെ ഭൂമിയെ സംസ്‌കരിക്കാനും ദൈവം ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണിത്.

2. സ്ത്രീയെയും പുരുഷനെയും ഇണകളാക്കിയിട്ടുള്ളത് അവന്‍ ശാന്തിനേടുന്നതിന് പിരിമുറുക്കങ്ങളും അസ്വസ്ഥതകളുമില്ലാതെ പരസ്പരം അറിഞ്ഞും അനുഭവിച്ചും സഹകരിച്ചും വാഴുന്നതിനു വേണ്ടിയാണ്.

3. കുടുംബത്തെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനുള്ള കരുക്കളെന്ന നിലയില്‍ ദൈവം കുടുംബവൃക്ഷത്തില്‍ സവിശേഷമായ സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചിരിക്കുന്നു. 

മുഷ്ടി ചുരുട്ടി കരയാന്‍ മാത്രമുള്ള കഴിവുമായാണ് മനുഷ്യന്‍ പിറന്നു വീഴുന്നത്. അവനെക്കൊണ്ട് അമ്മക്കോ അച്ഛനോ മറ്റുബന്ധുക്കള്‍ക്കോ യാതൊരു ഉപയോഗവുമില്ല. ഉപദ്രവങ്ങളേറെയുണ്ടുതാനും. ഭാവിയിലേക്ക് അവന്‍ ജീവിച്ചിരിക്കുമെന്നോ, ജീവിച്ചിരുന്നാല്‍ തന്നെ തങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നോ യാതൊരു ഉറപ്പുമില്ല. അതെക്കുറിച്ചൊന്നും ഒരു ശിശുവിന്റെ മാതാപിതാക്കളോ ബന്ധുക്കളോ ആലോചിക്കാറില്ല. അവരവനെ ഒരമൂല്യ സമ്പത്തായി ജാഗ്രതയോടെ പരിപാലിക്കുന്നു. അവന്റെ വിഷമങ്ങള്‍ അവരുടെ വിഷമങ്ങളാകുന്നു. അവന്റെ സന്തോഷവും അങ്ങനെതന്നെ. അവനാലുണ്ടാകുന്ന ഉപദ്രവങ്ങളൊക്കെ അവര്‍ക്ക് ആനന്ദപ്രദമാകുന്നു. തൊണ്ണൂറു കഴിഞ്ഞ മാതാപിതാക്കളെ മക്കള്‍ ഉറക്കമിളച്ചിരുന്ന് ശുശ്രൂഷിക്കുന്നു. അവരുടെ ഇംഗിതങ്ങള്‍ എത്ര പ്രയാസപ്പെട്ടതായാലും അറിഞ്ഞു നിവര്‍ത്തിക്കുന്നു. ഈ വൃദ്ധജനങ്ങള്‍ ഇനിയും എന്തിന് ജീവിക്കണം. അവര്‍ ജീവിച്ചിട്ട് ആര്‍ക്ക് എന്തുഗുണം?  ഇതൊന്നും ആരും കണക്കുകൂട്ടുന്നില്ല. മക്കള്‍ അവരെ സ്‌നേഹത്തോടെ, അലിവോടെ, ആദരവോടെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നു. ശൈശവത്തില്‍ അവര്‍ മക്കളെ ശുശ്രൂഷിച്ചപോലെ ഈ സ്‌നേഹവും കാരുണ്യവും ദൈവിക ദൃഷ്ടാന്തമല്ലാതെ മറ്റെന്താണ്?! ഈ ദിശയിലൂടെ നോക്കുമ്പോള്‍ കുടുംബം ദൈവദത്തമായ സ്ഥാപനമാണ്. ഇതുപോലെ മറ്റൊന്നാവിഷ്‌കരിക്കുക മനുഷ്യസാധ്യമല്ല. കമ്യൂണ്‍ കൊണ്ടോ മറ്റേതെങ്കിലും കൃത്രിമ സംവിധാനം കൊണ്ടോ അതിനുപകരം വെക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. കുടുംബമെന്ന ദൈവിക ദൃഷ്ടാന്തത്തെ അതിന്റെ ആത്മീയ മാനങ്ങള്‍ അവഗണിച്ചുകൊണ്ട് മനുഷ്യന്‍ അല്‍പദൃഷ്ടി കൊണ്ട് മാത്രം വീക്ഷിച്ച് സമീപിക്കുന്നതു ആപത്താകുന്നു. ഈ ആപത്താണ് ഇന്ന് പരിഷ്‌കൃതര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സമൂഹങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യന്‍ സംഘര്‍ഷവും സന്താപവുമില്ലാതെ പരസ്പരം അറിഞ്ഞും സഹകരിച്ചും സഹായിച്ചും ശാന്തരായി വസിക്കുന്നതിനുവേണ്ടി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാശം കൊണ്ട് ദൈവം കൂട്ടിക്കെട്ടിയ കൊച്ചുകൂട്ടായ്മയാണ് കുടുംബം. കുടുംബമെന്ന അടിത്തറയിളക്കുമ്പോള്‍ അതിനുമുകളില്‍ സ്ഥിതിചെയ്യുന്ന സമൂഹ സൗധവും ഇളകുന്നു. അതുകൊണ്ടാണ് കുടുംബശൈഥില്യം നടമാടുന്ന സമൂഹങ്ങളില്‍ വ്യക്തികള്‍ കടുത്ത ഒറ്റപ്പെടലിനും മാനസിക സംഘര്‍ഷത്തിനും വിധേയരായിക്കൊണ്ടിരിക്കുന്നത്.

കുടുംബം ദൈവദത്തമായ സ്ഥാപനമാണെങ്കില്‍, നല്ല കുടുംബം എന്നാല്‍ എന്താണ്?  ദൈവനിര്‍ദിഷ്ടമായ കുടുംബ ലക്ഷ്യത്തെ അതിനനുശാസിക്കപ്പെട്ട സ്‌നേഹകാരുണ്യോപാധികളിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന കുടുംബം തന്നെ. ഇത്തരം കുടുംബങ്ങളിലൂടെ കെട്ടിപ്പടുക്കപ്പെടുന്ന സമൂഹം നല്ല സമൂഹവും. മറ്റുവിധത്തില്‍ പറഞ്ഞാല്‍ നല്ല കുടുംബത്തിന് പ്രഥമവും പ്രധാനവും സന്തുഷ്ടിയായിരിക്കും. അതിനവലംബിക്കപ്പെടുന്ന മാര്‍ഗം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെതുമായിരിക്കും. 

സമൃദ്ധിയും സമ്പത്തും ലക്ഷ്യമാക്കാം. സമ്പത്തിന്റെ ലക്ഷ്യം സമാധാനവും സന്തുഷ്ടിയുമായിരിക്കണമെന്നുമാത്രം. സമ്പത്ത് സ്വയം ലക്ഷ്യമാകുമ്പോള്‍ അത് സമാധാനത്തിന് വിഘാതമാകുന്നു. സമ്പത്തിനുവേണ്ടിയുള്ള കടിപിടി കുടുംബത്തിന്റെ സമാധാനം കെടുത്തുന്നു. അതുപോലെ പദവിയും പ്രശസ്തിയും ലക്ഷ്യമാക്കാം. അതിന്റെ ലക്ഷ്യം കുടുംബാംഗങ്ങളുടെ സമാധാനമായിരിക്കണമെന്നേയുള്ളൂ. ഇല്ലെങ്കില്‍ കുടുംബം പല ചരികളായി വിഭജിക്കപ്പെടാനിടയാകും. ഇതിന്റെ ഏറ്റവും ബീഭല്‍സമായ രൂപമാണ് ജാതിവ്യവസ്ഥ.

ഇവിടെ സ്‌നേഹവും കാരുണ്യവും പിന്നെയും പ്രസക്തമാകുന്നു. കുടുംബാംഗങ്ങളുടെ എല്ലാ നടപടികളുടെയും ലക്ഷ്യം കുടുംബത്തിന്റെ പൊതുവായ സമാധാനവും സന്തുഷ്ടിയുമായിരിക്കണമെങ്കില്‍ അതിന്റെ പ്രചോദനം സ്‌നേഹവും കാരുണ്യവും ആയിരിക്കേണ്ടതുണ്ട്.  മാതാക്കള്‍ ശിശുക്കളെ പോറ്റുന്നതും മക്കള്‍ അവശരായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതും ചന്തയുടെ തത്വമനുസരിച്ച് നഷ്ടക്കച്ചവടമാകുന്നു.

നല്ല കുടുംബത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് നല്ല സമൂഹത്തിന്റെയും ലക്ഷണങ്ങള്‍. സമാധാനം, സംഘര്‍ഷ രാഹിത്യം, സ്‌നേഹം, കാരുണ്യം, സഹകരണം, ശാന്തവും സ്‌നേഹമസൃണവുമായ കുടുംബാന്തരീക്ഷമനുഭവിക്കാത്ത വ്യക്തികളുടെ സമൂഹത്തില്‍ ശാന്തിയും സമാധാനവും അന്വേഷിച്ചിട്ടു കാര്യമില്ല. കുടുംബത്തിന്റെ ഐശ്വര്യവും സമാധാനവുമാണ് സമൂഹത്തിന്റെ ഐശ്വര്യവും സമാധാനവും. വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവുമുള്ള അംഗങ്ങളുള്ളത് കൊണ്ട് ഒരു കുടുംബം സന്തുഷ്ടമായിക്കൊള്ളമെന്നില്ല. അതുവഴി സമ്പത്തും സമൃദ്ധിയും ഉണ്ടായേക്കാം. പരസ്പരം ഉറ്റവരും ഉടയവരുമെന്ന വിചാരമില്ലെങ്കില്‍ സമ്പത്തിന്റെയും വിദ്യയുടെയും ഉപഭോഗവസ്തുക്കളുടെയും മധ്യത്തിലും വ്യക്തികള്‍ ഒറ്റപ്പെട്ടവരും ഉല്‍കണ്ഠാകുലരുമായിരിക്കും. കുടുംബത്തിന്റെ ഭദ്രതയും സന്തുഷ്ടിയും സമൂഹത്തിന്റെ ഭദ്രതയും സന്തുഷ്ടിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് ഇതു വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെയാണ് കുടുംബ ബന്ധങ്ങളെ ജാഗ്രതയോടെ സംരക്ഷിക്കണമെന്ന് ഇസ്‌ലാം  ആവര്‍ത്തിച്ചുണര്‍ത്തിയിട്ടുള്ളത്. കുടുംബങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതിനെ (സ്വിലത്തുര്‍റഹം) ഇസ്‌ലാം മഹത്തായ പുണ്യകര്‍മ്മമായി അംഗീകരിച്ചിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യബന്ധങ്ങള്‍ വിഛേദിക്കുന്നതിനെ ഖുര്‍ആന്‍ ഗുരുതരമായ മാര്‍ഗഭ്രംശവും നാശഹേതുകവുമായിട്ടാണ് എണ്ണിയിട്ടുള്ളത്. ഉല്‍ബുദ്ധരായ വിശ്വാസികളുടെ സ്വഭാവമായി വിശുദ്ധഖുര്‍ആന്‍ പറയുന്നു. അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍ നിന്ന് മോശമായ വിചാരണയെ നേരിടേണ്ടി വരുമെന്ന് ആശങ്കിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാകുന്നു അവര്‍ (13:21). അല്ലാഹുവുമായി പ്രതിജ്ഞയുറപ്പിച്ച ശേഷം ലംഘിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കാനാജ്ഞാപിച്ചതിനെ (കുടുംബത്തെ) വേര്‍പ്പെടുത്തുകയും ഭൂമിയില്‍ നാശമുണ്ടാക്കുകയും ചെയ്യുന്ന ധിക്കാരികളെയാകുന്നു അവര്‍ മാര്‍ഗദര്‍ശികളാക്കുക. അവരാകുന്നു യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിച്ചവര്‍ (2:27). സമൂഹം എന്നു പറഞ്ഞാല്‍ വ്യക്തികളുടെ ചുറ്റുമുള്ള ആളുകള്‍ മാത്രമല്ല; വ്യക്തി ബന്ധപ്പെടുന്ന എല്ലാ മനുഷ്യരുമാണ്. മനുഷ്യര്‍ എന്ന നിലക്ക് ഓരോ വ്യക്തിയും ഒരേ മാതാപിതാക്കളുടെ മക്കളാണല്ലോ? ആധുനിക കാലത്താവട്ടെ, വ്യക്തിയും വര്‍ഗസാകല്യവും തമ്മിലുള്ള ബന്ധം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും ആശയങ്ങള്‍, ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിനിമയങ്ങളിലൂടെയും എല്ലാവര്‍ക്കും നേരിട്ടനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളിലൊതുങ്ങുന്ന സമൂഹം യഥാര്‍ത്ഥ സമൂഹമല്ല. അത് മനുഷ്യസമൂഹത്തിന്റെ ഒരു രാഷ്ട്രീയ യൂണിറ്റ് മാത്രമാകുന്നു. കുടുംബം, ദേശം, ഭാഷ എന്നിവയൊക്കെ അതുപോലെയുള്ള ഓരോ തട്ടുകളാണ്. മനുഷ്യവര്‍ഗമാണ് യഥാര്‍ത്ഥ സമൂഹം.

നല്ല സമൂഹം എന്നാല്‍ സമ്പന്ന സമൂഹമോ സാങ്കേതിക പുരോഗതിയുള്ള രാഷ്ട്രമോ ആയുധങ്ങളും ആധിപത്യവും ഏറെയുള്ള രാഷ്ട്രമോ അല്ല. പരസ്പരം ശാന്തിയും സന്തുഷ്ടിയും പകരുന്ന അംഗങ്ങളുടെ സമൂഹമാകുന്നു. ചുറ്റുമുള്ള മനുഷ്യസമാജങ്ങളുടെ വേദനകളും യാതനകളും പ്രശ്‌നമാക്കാതെ ഒരു സമൂഹം ശാന്തരും സന്തുഷ്ടരുമായി കഴിയുന്നുവെങ്കില്‍ ആ ശാന്തിയും സന്തുഷ്ടിയും കൃത്രിമവും ക്ഷണികവുമാണ്. അത് സ്‌നേഹത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നും ഉയര്‍ന്നുവന്നതല്ല. അതുകൊണ്ടുതന്നെ ഏത് നിമിഷത്തിലും അത് തകര്‍ന്നു വീഴാം. ഇത് കുടുംബങ്ങള്‍ മുതല്‍ സഖ്യരാഷ്ട്രസമൂഹങ്ങള്‍ വരെയുള്ള ചെറുതും വലുതുമായ എല്ലാ മാനുഷിക കൂട്ടായ്മകളെ സംബന്ധിച്ചിടത്തോളവും സത്യമാകുന്നു.

സമ്പാ: മജീദ് കുട്ടമ്പൂര്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top