മുരുകന്റെ കാവല്‍

സീനത്ത് ചെറുകോട് No image

(ആച്ചുട്ടിത്താളം- 14)

പുസ്തകങ്ങളും വസ്ത്രങ്ങളും വെച്ചപ്പോള്‍ ബാഗില്‍ സ്ഥലമില്ലാതായി. സുലുവിന്റെ  ബാഗുകൂടി കടമെടുത്തു. പരിചയമില്ലാത്ത സ്ഥലം. കേട്ടിട്ടുണ്ട്. യതീംഖാനയില്‍ നിന്ന് രണ്ടു മണിക്കൂറെങ്കിലും യാത്ര വേണം. 

''ഒന്നും പേടിക്കണ്ട. നേരെ സ്‌കൂളില്‍ പൊയ്‌ക്കോ, ഞാനൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്.'' വെളുത്ത താടി തടവി മാനേജര്‍ ധൈര്യം തന്നു. ഏഴുമണിക്ക് ബസ്‌സ്റ്റോപ്പിലെത്തി. സബുട്ടി ബാഗ് പിടിച്ച് കൂടെ വന്നു. 

''ഇത്താത്ത എന്നാ ഇനി വരാ.....?''

''നോക്കട്ടെ സബുട്ടി, യ്യ് പ്രാര്‍ഥിക്കണം ട്ടോ''

അതെന്നും ഉണ്ടല്ലോ എന്ന് അവന്റെ കണ്ണുകളിലെ ഉത്തരം.

സ്‌കൂളിലെത്തുമ്പോള്‍ ഓഫീസിലെന്തോ യോഗം നടക്കുകയാണ്. ബാഗിന്റെ ഭാരം പുറത്തെ ബെഞ്ചില്‍ ഇറക്കി.

''വന്നോളൂ.''

അകത്ത് നിന്ന് ക്ഷണം. ഉള്ളിലേക്ക് കയറുമ്പോള്‍ കുറേ ആളുകളുള്ളതു കൊണ്ടാവാം മനസ്സില്‍ പേടി തോന്നി.

''പെട്ടെന്ന് ഒരു ഒഴിവു വന്നതാ. പരീക്ഷ അടുത്തതോണ്ട് കുട്ട്യാളെ നന്നായി ശ്രദ്ധിക്കണം.'' ശ്രദ്ധയോടെ കേട്ടു. ഉവ്വെന്നു തലയാട്ടി.

''സ്‌കൂളുവിട്ടാ ന്റെ വീട്ടില്‍ക്ക് വരാം. വണ്ടി വരും, അവട്യാവാം താമസം.''

വീണ്ടും അതേ ശബ്ദം. സ്‌കൂളിന്റെ മാനേജരാണെന്നു തോന്നുന്നു. 

നഴ്‌സറി മുതല്‍ ഡിഗ്രി വരെയുള്ള വലിയ സ്ഥാപനം. ഇഷ്ടംപോലെ കുട്ടികള്‍. യു.കെ.ജി. ബി ക്ലാസില്‍ കുറേ പൂമ്പാറ്റക്കുഞ്ഞുങ്ങള്‍. സങ്കടങ്ങള്‍ മറന്നു. വിഷമങ്ങള്‍ക്ക് കുറച്ചു നേരത്തേക്ക് വിട. പാട്ടുപാടിയും കഥപറഞ്ഞും സമയം പോയതറിഞ്ഞില്ല. പാഠഭാഗങ്ങള്‍ തീര്‍ന്നിരിക്കുന്നു. ഇനി റിവിഷന്‍ മതി.

അടിച്ചു വാരാന്‍ വരുന്ന സൈനത്താത്ത കുശലം പറയാന്‍ വന്നു. പല്ലുപൊങ്ങി എല്ലുമാത്രമായ അവരെ കണ്ടപ്പോള്‍ ആച്ചുട്ടി മനസ്സിലേക്ക് വന്നു. ജീവിച്ചിരുന്നെങ്കില്‍ ആച്ചുട്ടിയായിരിക്കും ഇപ്പോള്‍ ഏറ്റവും സന്തോഷിക്കുക. മാസം മുന്നൂറ് രൂപയേ കിട്ടുന്നുള്ളൂവെങ്കിലും അവര്‍ക്ക് പ്രശ്‌നമാകില്ല. ടീച്ചറാണല്ലോ.

ഉച്ചക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു തന്നെ ഭക്ഷണം കൊണ്ടുവന്നു. ഡ്രൈവര്‍ പുതിയ ടീച്ചറെ അന്വേഷിച്ചു വന്നു. സ്‌കൂള്‍ വിടുമ്പോള്‍ വണ്ടി പുറത്തുണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ചു.

രണ്ടു ബാഗിന്റെ ഭാരവുമായി വലിയ വീടിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഹൃദയം പടാപടാന്ന് പിടച്ചു. എഴുപത് വയസ്സു കഴിഞ്ഞ മെലിഞ്ഞ ചിരി ഉമ്മറത്തുതന്നെയുണ്ട്. 

''അകത്തേക്ക് കേറിക്കോളൂ.....''

പുറത്ത് മറ്റാരെയും കണ്ടില്ല. എങ്ങനെ പരിചയമില്ലാത്ത വീട്ടിലേക്ക് കയറിച്ചെല്ലും.?

''ചേച്ചീ ബാഗ് താ.....'' 

കറുത്ത മുഖത്തെ വെളുത്ത ചിരി ബാഗ് പിടിച്ചു വാങ്ങി. ഷര്‍ട്ടില്ല. നീളംകൂടിയ ട്രൗസര്‍ നിറം മങ്ങിയിരുന്നു. അവന്റെ പിറകെ നടന്നു. എത്ര മുറികളാണ് പിന്നിട്ടത്? അടുക്കളയോട് ചേര്‍ന്ന വലിയ തളത്തില്‍ അവന്‍ ബാഗ് വെച്ചു. 

അടുക്കളയിലെ ക്ഷീണിച്ച സാരിക്കാരി സൗഹൃദമില്ലാതെ ചിരിച്ചു.

''പുതിയ ടീച്ചറാ....?''

അതെയെന്ന് തലയാട്ടി.

''ആ മുറീല് വച്ചള ബാഗ് ''

തളത്തിനടുത്ത ചെറിയ മുറി അവര്‍ ചൂണ്ടിക്കാണിച്ചു.

''ന്റെ മോന്‍ ആറിലാ. ഓന് അന്തിക്ക് എന്തെങ്കിലും പറഞ്ഞുകൊടുക്കണം.''

വെറുതെ നില്‍ക്കാന്‍ പറ്റില്ല എന്ന ധ്വനി.

എത്ര ആളുകളാണീവീട്ടില്‍ എന്ന് അല്‍ഭുതം നിറഞ്ഞു. മക്കളും മരുമക്കളും ഡ്രൈവറും രാത്രി ആകെ ബഹളം. എല്ലാം അടങ്ങിയപ്പോള്‍ സാരിക്കാരിയുടെ കൂടെ പാത്രം കഴുകി വെക്കാന്‍ കൂടി. എല്ലാവരുടെയും കുഞ്ഞാത്ത. ഭര്‍ത്താവുപേക്ഷിച്ച്, ഒരു മകനുമായി ഈ വീട്ടിലെ പണികളും ചെയ്ത്....കരുവാളിച്ചു പോയ ഒരു ജീവിതം. അടുക്കളയടച്ച് കിടക്കാന്‍ പോകുമ്പോള്‍ 

''പോയി കെടന്നോ''

അവര്‍ ബാഗ് വെച്ച മുറി ചൂണ്ടി.

ബാഗിലെ വിരി പുറത്തെടുത്തു.

അരിയും സാധനങ്ങളും വെച്ച മുറിയില്‍ ഒരു ഭാഗത്ത് കട്ടിലും കിടക്കയും. വാതില്‍പ്പടിയില്‍ തളര്‍ന്നു നിന്നു. ഒറ്റക്ക് ഒരു മുറിയില്‍ ഇതുവരെ കിടന്നിട്ടില്ല. ഇവിടെ ഏതൊക്കെ മുറിയില്‍, എത്ര പേര്‍? അറിയില്ല. ഒന്ന് മൂത്രമൊഴിക്കണമെങ്കില്‍ വാതില്‍ തുറന്ന് തളത്തിലെത്തണം. അവിടെ ബാത്ത്‌റൂം ഉണ്ട്. പേടി മനസ്സിനെ മൂടുകയാണ്. ഉറങ്ങാതെ നേരം വെളുപ്പിക്കേണ്ടി വരുമോ?

''പേടിണ്ടൊ ചേച്ചീ...?''

കറുത്ത മുഖത്തെ ചിരി മുന്നില്‍. ചെറിയ കുട്ടികള്‍ സംസാരം പഠിക്കുന്നതുപോലെയാണ് വര്‍ത്തമാനം. ഒന്നും മിണ്ടാതെ നിന്നു. പത്തു പന്ത്രണ്ടു വയസ്സുണ്ടാവും. സബുട്ടിയാണ് മുന്നിലെന്നു തോന്നി.

''എന്താ പേര്?''

''മുരുകന്‍''

''വീടെവിട്യാ...?''

''സേലം''

''ഇവടെ എത്രായി?''

''ഒരുമാസം''

''വാതിലടച്ച് കെടന്നോ. പേടിണ്ടങ്കി ന്നെ വിളിച്ചാ മതി. ഞാന്‌വടെണ്ട്....''

അവന്‍ തളത്തിലേക്കു ചൂണ്ടി. മൂത്ത ആങ്ങളെയെപ്പോലെ ഒരു പന്ത്രണ്ടുകാരന്‍. വാതിലടച്ചു. പുറത്ത് മുരുകനുണ്ട്. കണ്ണുകള്‍ നിറഞ്ഞു. ചുമരിന്റെ വിടവിലൂടെ നിലാവ് അരിച്ചിറങ്ങുന്നുണ്ട്.

''കാരുണ്യമേ.... നിന്റെ കരുണ തന്നെ എല്ലാം...'' ആകാശത്തേക്ക് കണ്ണുകള്‍ പായിച്ചു.  ചുമരിന്റെ വിടവിലൂടെ നിലാവ് മറുമൊഴിയോതി. മുരുകനെന്ന പന്ത്രണ്ടുകാരന്റെ കാവലില്‍ തളര്‍ന്നുറങ്ങി.

അറിവുകള്‍ പലപ്പോഴും വേദനകളാണോ? കുറേ ദിവസമായി മനസ്സ് അങ്ങനെയൊരു ചിന്തയിലാണ്. എത്തിപ്പെട്ടത് ഒരു വീട്ടിലേക്ക് തന്നെയാണോ? അതോ ഒരുപാട് വിചിത്ര ജീവികളുടെ കൂട്ടിലേക്കോ? ഒരു പിടുത്തവുമില്ല.

പണമാണ് എല്ലാറ്റിന്റെയും പരിഹാരമെന്ന് ചിലപ്പോഴെങ്കിലും തോന്നിയിരുന്നു, ജീവിതത്തിന്റെ നിസ്സഹായതയില്‍ നിന്ന് കരകയറാനൊരു വഴിയും കാണാതിരുന്ന ചില നേരങ്ങളില്‍. പക്ഷേ അതിലെന്തോ പിഴവുണ്ടെന്നു തോന്നുന്നു. പണമുണ്ടിവിടെ. ഇഷ്ടം പോലെ. എല്ലാമുണ്ട്. എന്താണില്ലാത്തത്? ഓര്‍ത്തപ്പോള്‍ ഏതോ ലോകത്ത് എത്തിപ്പെട്ട പോലെ. പുറമേക്കുള്ള കളിചിരികള്‍ക്കുള്ളില്‍ വലിയ പുകച്ചുരുളുകള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍. വയസ്സേറെ ചെന്ന ആ മനുഷ്യനോട് എന്തോ വല്ലാത്ത പാവം തോന്നി. രണ്ടാണ്‍ മക്കളുടെ മരണം. ഖബ്‌റിന്റെ ആഴങ്ങളിലേക്ക് മക്കളുടെ മൂന്നുപിടി മണ്ണ് കൊതിക്കാത്തവര്‍ ആരാണ്. വിറക്കുന്ന കൈകളോടെ അവരുടെ ഖബ്‌റിടത്തിലേക്ക് മണ്ണ് വാരിയിടുമ്പോള്‍ ആ മൃദു ഹൃദയം തേങ്ങിയിരിക്കണം. താങ്ങായിരുന്ന ജീവിതപ്പാതി കൂടി മറഞ്ഞുപോകെ പുഞ്ചിരി മാഞ്ഞുപോയ മനുഷ്യന്‍.

നല്ലൊരു തറവാട്ടിലേക്ക് കല്യാണം കഴിച്ച മകള്‍, മകനേയും കൂട്ടി മടങ്ങി വരുമ്പോഴും കാത്തിരിപ്പിന്റെ നീളത്തിനൊടുവില്‍ താരാട്ടിന്റെ ഈണം വറ്റിപ്പോയ ഇളയ മകളുടെ കണ്ണീരുമൊക്കെ അയാളുടെ നെഞ്ച് പൊള്ളിച്ചു.

''ടീച്ചറേ....ഇന്ന് ഇന്റെ കൂടെ കെടക്ക്വോ...?''

വിരുന്നു വന്ന ഇളയ മകളുടെ വാക്കുകളാണ് ഉണര്‍ത്തിയത്. വിരിപ്പുമെടുത്ത് മുകളിലേക്ക് കയറി. പായ വിരിച്ച് താഴെ കിടക്കുമ്പോള്‍ അവരുടെ തേങ്ങലുകള്‍ക്ക് മറുവാക്കുകളൊന്നും കിട്ടിയില്ല.

''ഉമ്മല്ലാത്ത വീട് തന്നെ നരകാല്ലെ ടീച്ചറേ....?''

മക്കളില്ലാതെ......അവിടെ ഒരു വേലക്കാരത്തിയെപോലെ.... ഇനി മൂപ്പര് കൂടി ഒഴിവാക്ക്യാ...ഇവടെ വല്ലിത്താത്താനെപ്പോലെ....തേങ്ങല്‍ മുറുകുകയാണ്. എന്താണ് പറയേണ്ടത്. ഒരു പിടുത്തവുമില്ല. പെയ്‌തൊഴിയട്ടെ എന്നു കരുതി. മൂടിക്കെട്ടലുകള്‍ മാറട്ടെ.

എന്നെക്കാള്‍ എത്ര വയസ്സിനു മൂത്തതായിരിക്കും ഇവര്? പത്തോ പതിനഞ്ചോ? രണ്ട് ദിവസം മുമ്പ് സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ സഹിക്കാന്‍ പറ്റാത്ത തലവേദന. കിടക്കയില്‍ ചെന്നു വീണു. തലപൊളിഞ്ഞു പോവുന്ന പോലെ. കണ്ണടക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല. പുറത്താരോ ചോദിക്കുന്നു.

''ടീച്ചെറെവിട്യാ....?''

കല്ലുവാണോ? അവള്‍ പോയില്ലേ? അതോ പുറംപണിക്കു വരുന്ന നാണിയമ്മയാണോ?

''മുറീലുണ്ടാവും....ഒരു പണീംല്ലല്ലോ....തിന്നാന്‍ വര്വായിരിക്കും.....''

തലപൊളിയുക തന്നെയാണ്. കണ്ണുകള്‍ ഇറുക്കിയടച്ചു.

അവരാണ് മുന്നിലിരുന്ന് കരയുന്നത്.

''തല്ലല്ലുമ്മാ....പടച്ചോനെ ന്ന തല്ലല്ലേ.....'' പുളയുന്ന ആറാം ക്ലാസുകാരന്‍. അവന്റെ തല ശക്തിയായി ചുമരിലിടിക്കുന്ന ഉമ്മ. ഒരു പ്രാവശ്യമല്ല. ഉമ്മ തളരുന്നത് വരെ. അവസാനം അവരുടെ ഞരക്കത്തോടെയുള്ള വീഴ്ച. എത്ര പ്രാവശ്യമായി ഞാന്‍ കാണുന്നു. വല്ലിത്താത്ത എന്താണാ കുട്ടിയോട് തീര്‍ക്കുന്നത്? പകയാണോ? വെറുപ്പോ? ദേഷ്യമോ?പിറ്റേന്ന് മകനെ ചേര്‍ത്തു പിടിച്ച് തല തടവി ഉമ്മകൊണ്ട് മൂടുന്ന തേങ്ങലുകള്‍. ആരും ഒന്നും മനപൂര്‍വ്വം ചെയ്യുന്നില്ല. ആയിപ്പോവുകയാണ്.

തേങ്ങലുകള്‍ നേര്‍ക്കുന്നതറിഞ്ഞ് ഒന്നും മിണ്ടിയില്ലെങ്കിലും ഞാനെല്ലാം കേള്‍ക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം. പെയ്‌തൊഴിഞ്ഞാലേ ആകാശം തെളിയൂ. തെളിയട്ടെ. എപ്പോഴോ അവരുറക്കത്തിന്റെ ശാന്തതയിലേക്ക് ചാഞ്ഞതിന്റെ ശ്വാസതാളം.

ചിന്തകളുടെ മാറാല പിടിച്ച് മനസ്സാകെ ഇരുണ്ടിരിക്കുന്നു. ഉറക്കം വളരെ അകലെയാണെന്നു തോന്നി. മുരുകന്‍ ഉറങ്ങിക്കാണുമോ? വലിയ തളത്തില്‍ അവനൊറ്റക്ക്. ഇന്ന് അടുത്ത മുറിയിലൊന്നും ആരുമില്ല. പേടി എന്തെന്ന് അവനറിയില്ലായിരിക്കും. പുതപ്പോ വിരിപ്പോ ഇല്ലാതെ നിലത്ത് വിരിച്ച വെറും പായയില്‍ ഒരു ഷര്‍ട്ടു പോലുമില്ലാതെ ചുരുണ്ടു കിടക്കുന്ന അവനിപ്പോള്‍ എന്തുചെയ്യുകയാവും. തൊലിപൊട്ടി ചുവന്നു തുടുത്ത ഉള്ളം കൈയില്‍ ഊതിയൂതി അവന്‍ ഉറക്കത്തെ വിളിച്ചു വരുത്തുകയായിരിക്കുമോ?

സ്‌കൂള്‍ വിട്ട് വന്ന് അലക്കാന്‍ നില്‍ക്കുമ്പോഴാണ് വെള്ളംകോരി പാത്രങ്ങള്‍ നിറക്കുന്ന മുരുകനെ കണ്ടത്. ടാപ്പില്‍ വെള്ളമുണ്ട്. പിന്നെന്തിനാണവന്‍ വെള്ളം കോരുന്നതെന്ന് അന്തംവിട്ടു. കറണ്ടു പോയിരിക്കുന്നു. വെള്ളം തീര്‍ന്നാലോ എന്ന പേടികൊണ്ടുള്ള ഉത്തരവാണ്. വലിയ ബക്കറ്റ് ആഞ്ഞുവലിക്കുന്ന അവനെ നോക്കി. കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. പതുക്കെ കുളിമുറിയിലേക്ക് കയറി. അവന്റെ കൈയില്‍ നിന്ന് ബലമായി കയര്‍ പിടിച്ചു വാങ്ങുമ്പോള്‍ അറിയാതെ കൈവെള്ളയില്‍ കണ്ണുകളുടക്കി. പിറകിലേക്ക് മറക്കാന്‍ ശ്രമിച്ച കൈപിടിച്ച് അവന്റെ കണ്ണിലേക്ക് തറപ്പിച്ച് നോക്കിയപ്പോള്‍ മുഖം കുനിഞ്ഞു. കവിളുകളില്‍ രണ്ട് നീര്‍ച്ചാലുകള്‍. 

വെള്ളംകോരി പാത്രങ്ങള്‍ മുഴുവന്‍ നിറച്ചു. കുളിമുറിയുടെ മൂലയില്‍ മുഖം കുനിച്ച് അവന്‍ നിന്നു. ഉറക്കെ തേങ്ങാന്‍ അവനു പേടിയായിരുന്നു. നീര്‍ച്ചാലുകള്‍ വറ്റിയില്ല.

രാവിലെയും വൈകുന്നേരവും ആരും കാണാതെ പാത്രങ്ങളില്‍ വെള്ളം കോരി നിറച്ചു വെച്ചു. 

''ഈ കൈകൊണ്ട് വെള്ളം കോര്യാ ശരിയാക്കും നിന്നെ''

അവനോട് കണ്ണുരുട്ടി. പുതിയ കയര്‍ ഇളംതൊലി അടര്‍ത്തിയെടുത്തതായിരുന്നു.

എല്ലാവരും കിടന്നതിനു ശേഷം പുസ്തകത്തില്‍ നിന്ന് അക്ഷരക്കൂട്ടുകള്‍ പെറുക്കിക്കൂട്ടുന്ന എനിക്കു കൂട്ടായി ഉറങ്ങാതെ മുരുകന്‍. അവന്റെ ചുണ്ടില്‍ കണ്ണീരിന്റെ നനവുള്ള, തമിഴ്പാട്ടിന്റെ വരികള്‍. അമ്മയുടെ മുഖം ഓര്‍മ്മകളിലെവിടെയോ മങ്ങിക്കിടക്കുന്നു.

അച്ഛന്‍ കുടിയനാ ചേച്ചീ.....

വാക്കുകളില്‍ സങ്കടത്തിന്റെ ഇടര്‍ച്ച. അവന്റെ ചേച്ചിയാണ് അവന്റെ ലോകം. ചേച്ചിയെ പഠിപ്പിക്കാന്‍ നാലാം ക്ലാസില്‍ പഠനം നിര്‍ത്തി. പണിയെടുക്കാന്‍ വന്നതാണവന്‍. ഏതൊക്കെയോ വീടുകളില്‍ നിന്ന് അവസാനം എത്തിപ്പെട്ടത് ഇവിടെ. സേലത്തെ കരിമ്പു പാടങ്ങളിലെ കാറ്റിന്റെ മധുരഗാനം മനസ്സില്‍ മുഴങ്ങുന്നുണ്ടെന്നു തോന്നി.

മനസ്സില്‍ അനിയന്റെ മുഖം തെളിഞ്ഞു. ഏറ്റിയാല്‍ പൊങ്ങാത്ത ഭാരങ്ങള്‍ കൊണ്ട് ഒടിഞ്ഞുപോകുന്ന മുതുകുകള്‍. അവനെ യതീംഖാനയിലേക്ക് വിളിച്ചപ്പോള്‍ ഉമ്മ തീര്‍ത്തു പറഞ്ഞു ''ങ്ങളൊക്കെ പോയി, ഓനെ വിടൂല''

എന്നിട്ടിപ്പൊ എന്തായി. അവനും ഇറങ്ങിയിരിക്കുന്നു പ്രാരാബ്ധങ്ങളുടെ നടുവിലേക്ക്. വൈകുന്നേരം വരെ ഏതെങ്കിലും വണ്ടികളില്‍ സഹായിയായി. അതുകൊണ്ട് നിവര്‍ന്ന് നില്‍ക്കാനാവുമോ?

അമ്മയുടെ ചൂടുപോലും കിട്ടാത്ത മുരുകന്‍ എന്ന കുട്ടിക്ക് വളരാനാകുമോ? അമ്മ വിളമ്പി ഊട്ടേണ്ട പ്രായത്തില്‍ അവന്‍ വിളമ്പി ഊട്ടുകയാണ്. ചേച്ചിയായിരിക്കും അവന്റെ അമ്മ. അവളായിരിക്കും അവനെ താരാട്ടു പാടിയുറക്കിയത്. മനസ്സില്‍ അവ്യക്ത മുഖമുള്ള മുടി നിറയെ പൂചൂടിയ ഒരു പാവാടക്കാരിയുടെ തേങ്ങല്‍. ഏതെങ്കിലും രാത്രി അവള്‍ സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവുമോ? കാവലാകേണ്ട പിതൃത്വത്തിന്റെ കൈകളും മനസ്സും അബോധത്തിന്റെ ദുര്‍ബലതകളിലേക്ക് ചെരിയുമ്പോള്‍ ഭീതിയുടെ ദു:സ്വപ്നങ്ങള്‍ അവളെ വരിഞ്ഞു മുറുക്കുന്നുണ്ടാവും. ഉണ്ടായിട്ടും നുറുങ്ങിപ്പോകുന്ന താങ്ങുകള്‍. അനിയന്‍ വെച്ചു നീട്ടുന്ന ചില്ലറ നോട്ടുകള്‍ അവളുടെ നെഞ്ച് എന്നോ വേവിച്ചിട്ടുണ്ടാവും.

പുസ്തകത്തില്‍ കണ്ണേയുള്ളൂ മനസ്സില്ലെന്നറിഞ്ഞപ്പോള്‍ എഴുന്നേറ്റു. മുരുകന്‍ അറിയാതെ ഉറങ്ങിപ്പോയിരിക്കുന്നു. പായയുടെ അതിരു കടന്ന് മലര്‍ത്തി വെച്ച അവന്റെ വലതുകൈ വെള്ളയിലെ മുറിവില്‍ പതുക്കെ ഊതിക്കൊടുത്തു. പതിയെ ഒരു തലോടല്‍.

കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ ചൂട് തലയില്‍ പതിഞ്ഞു. ഉമ്മയുടെ വിരലുകള്‍ തലയില്‍ അരിച്ചു നടക്കുന്നു. കരിഞ്ഞ മൂട്ടയുടെ മണം. തലമാന്തിപ്പറിച്ച് ഉമ്മയുടെ തൊടല്‍ ദൂരെ ഈ മുറിയിലേക്ക് വിളിച്ചു വരുത്തണമെന്നു തോന്നി. വളര്‍ന്നു കേടില്ലാതാകാന്‍ അങ്ങനെയൊന്നു വേണമല്ലോ. അങ്ങനെയൊരു കേടില്ലാതാവാന്‍ ഇവനാരാണുള്ളത്.......?

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top