ഒരു കാലത്ത് മട്ടാഞ്ചേരിയിലെ സുഗന്ധ വ്യഞ്ജന കയറ്റുമതി അടക്കിവാണിരുന്ന, തറവാട്ടു കാരണവര്‍,
ഒരു കാലത്ത് മട്ടാഞ്ചേരിയിലെ സുഗന്ധ വ്യഞ്ജന കയറ്റുമതി അടക്കിവാണിരുന്ന, തറവാട്ടു കാരണവര്‍, ഇപ്പോള്‍ കൂടുതല്‍ സമയവും വരാന്തയിലെ ചാരുകസേരയില്‍ ചാരിക്കിടന്ന്, കൈവിശറി കൊണ്ട് വീശി, തന്റെ തപിക്കുന്ന മനസ്സിനെ തണുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഇപ്പോള്‍ പാണ്ടികശാലയില്‍ പോകുന്നില്ല. പോയിട്ട് കാര്യവുമില്ല. ഗുദാമുകള്‍ ഒക്കെ കാലിയാണ്. എങ്കിലും നഷ്ട പ്രതാപത്തിന്റെ ഓര്‍മകള്‍ അയവിറക്കിക്കൊണ്ട്, ആ ഗുദാമുകളില്‍ ഇപ്പോഴും ഏലക്കയുടെയും ഗ്രാമ്പുവിന്റെയും മറ്റും സുഗന്ധം ദുര്‍ബലമായിട്ടാണെങ്കിലും, തങ്ങിനില്‍പ്പുണ്ട്. കൊച്ചങ്ങാടിയിലെ സജീവമായിരുന്ന ഗുദാമുകള്‍ നിശ്ചമായതെങ്ങനെ? വളര്‍ന്നു പന്തലിച്ചിരുന്ന ഒരു വന്‍ വ്യവസായം തകര്‍ന്നടിഞ്ഞതെങ്ങനെ? ആര്‍ക്കും അറിയില്ല. ഇത്രയും വലിയ സംരംഭം നടത്തിക്കൊണ്ട് പോകാനുള്ള ഉത്തരവാദിത്വം കാരണവരുടെ വൃദ്ധ ചുമലുകളില്‍ മാത്ര മായിരുന്നു. സുഖലോലുപന്മാരായ, തറവാട്ടി ലെ മറ്റു പുരുഷന്മാര്‍, ബിസിനസ്സില്‍ വേണ്ട വിധം ശ്രദ്ധിച്ചില്ല. വരുമാനം കുറഞ്ഞു വന്നെങ്കിലും തീറ്റിപ്പോറ്റേണ്ട അംഗങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. തറവാട്ടില്‍ വര്‍ ഷം തോറും രണ്ടും മൂന്നും പ്രസവങ്ങള്‍ സാധാരണമായിരുന്നു. തറവാട് ക്ഷയിക്കാന്‍ തുടങ്ങിയതോടെ പല അണു പേടകങ്ങളും മാതൃ പേടകത്തില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്ര അണുകുടുംബങ്ങള്‍ സ്ഥാപിച്ചു തുടങ്ങി.
അങ്ങനെ എന്റെ മാതാപിതാക്കളും വേറെ വീടെടുത്ത് താമസം തുടങ്ങി. തൊഴില്‍ കൊണ്ട് അഭിഭാഷകന്‍ ആയിരുന്ന എന്റെ പിതാവ്, തറവാട്ടു വ്യവസായത്തില്‍ പങ്കാളി ആയിരുന്നില്ല. വേറെ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ്, കുടുംബം പുലരാന്‍ കറുത്ത കോട്ടും വക്കീലാപ്പീസും മാത്രം പോര, കേസും വേണമെന്ന് ബോധ്യമായത്. മാവേലി നാട് വാണീടുന്ന കാലം അല്ലായിരുന്നെങ്കിലും, കുറ്റകൃത്യങ്ങള്‍ വളരെ കുറവായിരുന്നു. വക്കീലന്മാര്‍ക്ക് പണി ഇല്ലായിരുന്നോ എന്ന് ചോദിച്ചാല്‍...., അങ്ങിനെയൊന്നുമില്ലാ... എന്റെ ബാപ്പാക്ക് കേസില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ. പിന്നെ അഭിഭാഷക വൃത്തിയിലേക്ക് വൈകിവന്ന ഒരാളാണ് എന്റെ പിതാവ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പ് പട്ടാളത്തില്‍ ഓഫീസര്‍ ആയിരുന്നു. വിഭജന കാലത്ത് ഇന്ത്യന്‍ കരസേനയുടെ ലാഹോര്‍ യൂണിറ്റില്‍ ആയിരുന്ന അദ്ദേഹം, ജോലി രാജി വെച്ച് ജന്മനാട്ടിലേക്ക് മടങ്ങി. പിന്നീടായിരുന്നു നിയമപഠനവും വിവാഹവുമൊക്കെ. ചുരുക്കിപ്പറഞ്ഞാല്‍ വക്കീലിനു കാര്യമായ കേസൊന്നുമില്ല. കാര്യങ്ങള്‍ അല്‍പം പരുങ്ങലിലാണ്. മട്ടാഞ്ചേരിയിലെ ഹാജി ഈസ്സാ സ്‌കൂളിലാണ് ഞാനും അനിയനും പഠിക്കുന്നത്. ബസ്സിനു പൈസ ഇല്ലാത്തത് കൊണ്ട് കൊച്ചങ്ങാടിയിലുള്ള വീട്ടിലേക്കു നടന്നാണ് പോകുന്നത്.
ഒരു ദിവസം ഞാനും അനിയനും സ്‌കൂള്‍ വിട്ട് വീട്ടിലേക്കു നടന്നു വരികയായിരുന്നു. പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന ഞങ്ങള്‍ക്ക്, രണ്ട് മൂന്നു കിലോമീറ്റര്‍ സാമാന്യം നല്ല ദൂരം തന്നെ ആയിരുന്നു. ഉച്ചക്കും ഒരു പൊതി കപ്പലണ്ടി മാത്രമായിരുന്നു ഭക്ഷണം. വിശപ്പും ദാഹവും, ദീര്‍ഘമായ നടത്തവും കാരണം ഞങ്ങള്‍ നന്നേ അവശരായിരുന്നു.
അപ്പോഴാണ് റോഡരികില്‍ ഒരു ആള്‍ക്കൂട്ടം കണ്ടത്. റോഡിന്റെ മറുവശത്ത് രണ്ട് വെള്ളക്കാര്‍ (വിദേശികള്‍)! അവര്‍ക്ക് ചുറ്റുമാണ് ആളുകള്‍ കൂടി നില്‍ക്കുന്നത്. സ്‌കൂള്‍ വിട്ടാല്‍ വേഗം വീട്ടില്‍ എത്തണമെന്ന് ഉമ്മയുടെ കര്‍ക്കശ നിര്‍ദേശം ഉള്ളതുകൊണ്ട്, ഞങ്ങള്‍ ആള്‍ക്കൂട്ടത്തിന്റെ കാരണം നോക്കാനൊന്നും പോയില്ല. റോഡിന്റെ ഓരം ചേര്‍ന്നുനടന്നു. തിരക്കൊന്നുമില്ലായിരുന്ന റോഡ് ആയതു കൊണ്ട്, ദൂരെ നിന്ന് നടന്നുവരുന്ന ഞങ്ങള്‍ വിദേശികളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഞങ്ങളെ മാടിവിളിച്ചു. ഇതുകണ്ട് ചുറ്റും കൂടിനിന്ന സ്വദേശികളും ഞങ്ങളെ നോക്കി. എന്റെ ഉള്ളില്‍ ഭയം നിറഞ്ഞു. കുട്ടികളെ പിടിച്ചുകൊണ്ട് പോകുന്നവര്‍ ആയിരിക്കും. ഞാന്‍ അനിയന്റെ കൈ പിടിച്ചുവലിച്ചു.. 'വേഗം നടക്കു'.. സായിപ്പന്‍മാര്‍ ഞങ്ങളെ കൈ കാട്ടി വിളിച്ചുകൊണ്ടേയിരുന്നു. 'കം...കമോണ്‍..' എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. അവരോടൊപ്പം ചുറ്റും നിന്ന ആള്‍ക്കൂട്ടവും ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നു.
'വാ മക്കളെ., പേടിക്കണ്ട. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ'
അനിയന്‍ അവന്റെ കൈത്തണ്ടയിലുള്ള എന്റെ പിടി വിടുവിച്ചു കൊണ്ട് നടത്തം നിര്‍ത്തി, അവിടെ നിന്നു. ഞാനും അനിയനും പരസ്പരം മുഖത്തോട് മുഖം നോക്കി. അനിയന്റെ ഭാവം കണ്ടപ്പോള്‍ എനിക്ക് മനസിലായി, അവനു പോയാല്‍ കൊള്ളാമെന്നുണ്ട്.! സായിപ്പന്മാര്‍ വീണ്ടും ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു 'അവര് പിടിച്ചു തിന്നുകയൊന്നുമില്ല. ഇങ്ങോട്ട് വാ'
അനിയന്‍ റോഡ് മുറിച്ച് കടന്ന് മറുവശത്തേക്ക് നടന്നു. ഗത്യന്തരമില്ലാതെ ഞാനും പിന്നാലെ കൂടി. ആള്‍ക്കൂട്ടം വശങ്ങളിലേക്ക് ഒതുങ്ങി, ഞങ്ങള്‍ക്ക് വേണ്ടി വഴിയൊരുക്കി. വിദേശികള്‍ ഞങ്ങളെ നോക്കിച്ചിരിച്ചു. അനിയന്‍ അവരെ നോക്കി ഹൃദ്യമായി മറുചിരി ചിരിച്ചു. ഒരു വിദേശി അവന്റെ തലമുടിയിലും കവിളത്തും തലോടി. ഞാന്‍ അനിയനെ നോക്കി കണ്ണുരുട്ടി. എന്നാല്‍ അവന്‍ എന്നെ ഗൗനിച്ചില്ല. വിദേശികളില്‍ ഒരാള്‍ തന്റെ പോക്കറ്റില്‍ കൈയിട്ട്, കുറെ നാണയങ്ങള്‍ എടുത്തു അനിയന്റെ കൈകളില്‍ വച്ചുകൊടുത്തു. അനിയന്‍ നന്ദി സൂചകമായി അയാളെ നോക്കി പുഞ്ചിരിച്ചു. അപ്പോള്‍ മറ്റേയാള്‍ അതേപോലെ ഒരു പിടി നാണയങ്ങള്‍ എടുത്തു എന്റെ കൈകളിലും വച്ചുതന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നാണയ തുട്ടുകളിലേക്ക് നോക്കി മിഴിച്ചു നിന്നു. എന്തിനാണ് വിദേശികള്‍ ഞങ്ങള്‍ക്ക് പണം തന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. കൂട്ടത്തില്‍ നിന്ന് ഒരു സ്വദേശി പറഞ്ഞു: 'അവര് കള്ള് കുടിച്ച് ലക്കില്ലാതെ നിക്കുവാ. അതാ പൈസ വാരിവലിച്ചു കൊടുക്കുന്നത്. കിട്ടിയതും കൊണ്ട് വേഗം വീട്ടില്‍ പൊയ്‌ക്കോ'.
കള്ള് കുടിച്ച് ലക്കില്ലാത്തവര്‍ എന്ന് കേട്ടപ്പോ എനിക്ക് പേടിയായി. അവര്‍ ഞങ്ങളെ ഉപദ്രവിക്കുമോ എന്നായി എന്റെ ഭയം. പണം വേണ്ട എന്ന് പറഞ്ഞു തിരിച്ചു കൊടുക്കാം എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അവര്‍ക്ക് കോപം വന്നാലോ എന്ന് ഞാന്‍ ഭയന്നു. ഞങ്ങള്‍ വേഗം നടന്നു. രണ്ട് പേരും നാണയങ്ങള്‍ പോക്കറ്റില്‍ ഇട്ടു. അവിടന്ന് രക്ഷപ്പെട്ടെങ്കിലും, അടുത്ത ഭയം അതും കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലുന്നതിനെ കുറിച്ചായിരുന്നു. ഉമ്മയുടെ പ്രതികരണം എന്തായിരിക്കും? അപരിചിതരില്‍ നിന്നും പണം വാങ്ങി എന്നത് വലിയ അപരാധം തന്നെയാണ്, അതും വിദേശികളില്‍ നിന്ന്. അടി കിട്ടും എന്നുറപ്പായിരുന്നു. ഇനി ഇത് തിരിച്ചുകൊണ്ട് പോയി കൊടുക്കാന്‍ പറയുമോ? അതിനെ കുറിച്ച് ആലോചിക്കാനേ വയ്യ. അങ്ങനെ തിരിച്ചുകൊടുക്കാന്‍ പോയാല്‍ വിദേശി കള്ള് കുടിയന്മാരില്‍ നിന്നും അടി കിട്ടും, തീര്‍ച്ച! ആകെ ധര്‍മസങ്കടത്തിലായി. എന്തുചെയ്യും എന്ന് അനിയനുമായി ആലോചിച്ചു. പക്ഷെ അവന്‍ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു. അവനു അഞ്ചു അണ കിട്ടി. എന്റെ പോക്കറ്റിലുള്ളത് ഞാനും എണ്ണി നോക്കി. എനിക്ക് ആറണ ഉണ്ടായിരുന്നു. സായ്പ്പന്മാര്‍ നാണയങ്ങള്‍ എണ്ണി നോക്കാതെയാണ് തന്നത്. എന്നിട്ടും അവര്‍ നാണയ വിതരണത്തില്‍ നീതി പുലര്‍ത്തിയതില്‍ ഞാന്‍ രഹസ്യമായി സന്തോഷിച്ചു. എന്റെ സീനിയോരിറ്റി അവര്‍ അംഗീകരിച്ചല്ലോ! എനിക്ക് കുറവാണ് കിട്ടിയിരുന്നതെങ്കില്‍ വല്ലാത്ത നാണക്കേടായേനെ! പക്ഷെ പെട്ടെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു ചിന്ത എന്റെ മനസ്സില്‍ ഉദിച്ചത്. നാണയത്തിന്റെ അനുപാതം അനുസരിച്ചാണ് അടിയെങ്കില്‍, എനിക്ക് ആറടിയും അനിയന് അഞ്ചടിയും കിട്ടും!
പോക്കറ്റില്‍ നിറയെ കാശുണ്ടായിട്ടും, വളരെ അസ്വസ്ഥമായ മനസ്സുമായാണ് ഞങ്ങള്‍ വീട്ടിലേക്കു കയറിച്ചെന്നത്. ഞങ്ങള്‍ എന്ന് പറയാന്‍ പറ്റില്ല, ഞാന്‍. കാരണം അനിയന് വലിയ ടെന്‍ഷന്‍ ഒന്നും ഉള്ളതായി തോന്നിയില്ല.
ഏതായാലും വീട്ടിലെത്തി, വളരെ ആശങ്കയോടെ ഞാന്‍ ഉമ്മയോട് സംഭവം മുഴുവന്‍ വിവരിച്ചു. വിദേശികള്‍ നിര്‍ബന്ധിച്ചു ഞങ്ങളുടെ കൈയ്യില്‍ പണം വെച്ച് തരികയായിരുന്നു എന്നും, ഞങ്ങള്‍ നിരസിച്ചിരുന്നെങ്കില്‍ ആ കള്ള് കുടിയന്മാര്‍ ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു എന്നും ഞാന്‍ പറഞ്ഞൊപ്പിച്ചു. ഉമ്മ ചൂരല്‍ എടുക്കുന്നതും പ്രതീക്ഷിച്ചു ഞാന്‍ ശ്വാസം പിടിച്ചുനിന്നു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉമ്മ പറഞ്ഞു: 'ശരി, വേഗം പലചരക്ക് കടയില്‍ പോയി അരിയും സാധനങ്ങളും വാങ്ങിച്ചോണ്ട് വാ. ഇന്ന് രാത്രി എന്റെ മക്കള്‍ക്ക് വയറു നിറച്ചു ചോറ് തിന്നാമല്ലോ'.
ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അടി കിട്ടാത്തതിന്റെ സന്തോഷം മാത്രമല്ല, വിദേശ ധനസഹായം കൊണ്ടാണെങ്കിലും ഒരു അഭ്യന്തര പ്രശ്‌നം പരിഹരിച്ചതിന്റെ സന്തോഷമായിരുന്നു എനിക്ക്.
എന്നാല്‍ സഞ്ചിയുമായി കടയിലേക്ക് ഓടാന്‍ തുടങ്ങിയ എന്നെ ഉമ്മ പിടിച്ചുനിര്‍ത്തി. 'പക്ഷെ ഇനി ഒരിക്കലും അപരിചിതരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങരുത്'
ഞാന്‍ തല കുലുക്കിക്കൊണ്ട് നടക്കാന്‍ തുടങ്ങിയപ്പോള്‍, പിന്നില്‍ നിന്ന് ഉമ്മ പറയുന്നത് കേട്ടു 'പടേച്ചാനാണ് ഈ പൈസ എത്തിച്ചു തന്നത്. രണ്ട് ദിവസമായി പട്ടിണി കിടക്കുന്ന എന്റെ കുട്ടികള്‍ക്ക് ഇന്ന് വയറു നിറച്ചുണ്ണാമല്ലോ!'.
ഈ സംഭവവും എന്റെ ബാല്യകാല സ്മൃതികളില്‍ മായാതെ കിടക്കാന്‍ കാരണം, പിന്നീട് കുറേകൂടി വളര്‍ന്നപ്പോള്‍, എനിക്ക് ആ സംഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നാണക്കേടും അപകര്‍ഷതാ ബോധവും ഒക്കെ തോന്നിയതു കൊണ്ടാണ്. പില്‍ക്കാലത്ത്, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠന ശേഷം, സിനിമയില്‍ അവസരങ്ങള്‍ കാത്ത് മദിരാശിയില്‍ കഴിയുമ്പോള്‍, പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പട്ടിണി രണ്ട് ദിവസത്തില്‍ കൂടുതല്‍ നീണ്ടു പോകാറില്ല. അപ്പോഴേക്കും എവിടെനിന്നെങ്കിലും ആഹാരത്തിനുള്ള വക പടച്ചവന്‍ എത്തിച്ചു തരും. അതുപോലെ ബാല്യത്തിലെ ആ ദിനവും, അന്നത്തിനുള്ള വക അല്ലാഹു എത്തിച്ചു തന്നതാണ് എന്ന് വിശ്വസിച്ചു ആശ്വസിക്കുകയാണ് ഞാന്‍.