കുട്ടികളെ പരിപാലിക്കുക എന്നത് ഒരു തലമുറ മുമ്പു വരെ വലിയ വിഷയമുള്ള കാര്യമായിരുന്നില്ല. തലമുറകളില്‍ നിന്ന് പകര്‍ന്നുകിട്ടുന്ന അറിവുകള്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും പക്വമാക്കാന്‍ പോകുന്നതായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. നിരവധി പഠനങ്ങളും കണ്ടെത്തലുകളും ഒരു കുഞ്ഞ് ജനിക്കുന്നത് മുതല്‍ അവരുടെ വളര്‍ച്ചയും വികസനവും വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ട്. കുട്ടിക്കാലം എന്നത് സാമൂഹികമായും ജൈവികമായും നിര്‍മിക്കപ്പെടുന്ന ഒരു ഘട്ടമാണ്. ഇതിലെ ജൈവികതയെ ഒരുപക്ഷെ നമ്മളെല്ലാം തന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അറിയുന്നതാണ്. എന്നാല്‍ സാമൂഹികമായി ഒരു കുഞ്ഞിന് ചുറ്റും വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ പലപ്പോഴും നാം കണ്ടില്ലെന്ന് നടിക്കാറുണ്ട്. പലപ്പോഴും ഈ സാഹചര്യങ്ങളാവട്ടെ, രക്ഷിതാക്കളില്‍ നിന്ന് വളരെ കുറഞ്ഞ തോതില്‍ കിട്ടുന്നതും മറ്റു പല മാധ്യമങ്ങളില്‍ നിന്ന് കൂടുതലായും സ്വാധീനിക്കപ്പെടുന്നതുമാണ്. കുഞ്ഞുങ്ങളിലെ പെരുമാറ്റ രൂപീകരണത്തെ വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതുമായ ഘടകങ്ങള്‍ കുഞ്ഞിന്റെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ചുറ്റുമുള്ള ലോകത്തോട് കൂടുതല്‍ ഫലപ്രദമായി സംവദിക്കാന്‍ അത് അവരെ സഹായിക്കുന്നു.
വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലയളവാണ് ഒരു കുഞ്ഞ് ജനിച്ചത് മുതല്‍ ആറ് വയസ്സ് വരെയുള്ള പ്രായം. ഈ വളര്‍ച്ചാ ഘട്ടത്തില്‍ നമ്മള്‍ മുതിര്‍ന്നവരെ അത്ഭുതപ്പെടുത്തുംവിധം അവര്‍ പല കാര്യത്തിലും പ്രതികരിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ വിധത്തിലുള്ള പ്രതികരണങ്ങള്‍ക്കനുസരിച്ച് ചിന്തിക്കാനും വളരാനുമുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുവാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാറില്ല. അവിടെയാണ് പ്രീപ്രൈമറി എജ്യുക്കേഷന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ ഒരു കുട്ടി രണ്ട് പ്രക്രിയകളിലൂടെയാണ് കടന്നുപോകുന്നത്. ഒന്ന്, സ്വന്തത്തെ വിലയിരുത്താന്‍ പഠിക്കുന്നു. രണ്ട്, സ്വന്തം ലോകത്തോടൊപ്പം പുറം ലോകത്തെപ്പറ്റി അറിയുകയും പഠിക്കുകയും ചെയ്യുന്നു. പ്രീപ്രൈമറി എജ്യുക്കേഷന്‍ മൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് നല്‍കുന്നതും ഇതാണ്. അവരുടെ മാനസിക വികാസത്തിന് ആവശ്യമായ സാഹചര്യങ്ങളില്‍ അവരെ ക്രിയാത്മകമായി ഉള്‍ക്കൊള്ളിക്കുകയാണ് ഈ ഒരു വിദ്യഭ്യാസരീതി കൊണ്ടുദ്ദേശിക്കുന്നത്. പരമാവധി കൃത്രിമത്വം കൂടാതെ എങ്ങനെയാണ് അത്‌പോലെയുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളത് വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണുതാനും.
വ്യത്യസ്ത സാമൂഹിക സംവാദത്തിലൂടെ ഒരു സാംസ്‌കാരിക വിനിമയത്തിന് വിധേയമാവുന്ന കുഞ്ഞുങ്ങളില്‍ വളര്‍ന്ന് വരുന്ന സാമൂഹിക അവബോധത്തെ വളരെ കാര്യക്ഷമമായി വിലയിരുത്തുന്ന ഒരു ഘട്ടം കൂടിയാണ് പ്രീപ്രൈമറി പിരീയഡ്. അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങള്‍ക്ക് നല്‍കപ്പെടുന്ന സാമൂഹിക സാഹചര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കളിയിലൂടെയും നിറങ്ങളിലൂടെയും ലോകത്തെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ കുഞ്ഞുമനസ്സുകളില്‍ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും വളര്‍ന്ന് വരുന്നുണ്ട്. അവരുടെ ചോദ്യങ്ങളും നിലപാടുകളും നമ്മളില്‍ കൗതുകമുണര്‍ത്തുന്നതും അതിലൂടെയാണ്.
കുഞ്ഞുങ്ങള്‍ ഒരിക്കലും നിര്‍ജീവരായ സ്വീകര്‍ത്താക്കളല്ല. ഒന്നും അവരില്‍ നിശ്ചലമായി നില്‍ക്കാറില്ല. പലവിധത്തിലുള്ള ജീവിത സാഹചര്യങ്ങൡലൂടെ കടന്ന് പോവുമ്പോഴൊക്കെ അവര്‍ വളരുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നു. പ്രയാസമേറിയ സാഹചര്യങ്ങളിലാണ് അവര്‍ കൂടുതല്‍ വളരുന്നത്. വീടുകളിലെ സുഖസൗകര്യങ്ങളില്‍ നിന്ന് മാറി ഒരു സ്‌കൂളിലേക്ക് എത്തുമ്പോള്‍ തന്നെ ഒരു കുഞ്ഞ് വ്യത്യസ്തമായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്. അതുവരെ എല്ലാവരുടെയും കേന്ദ്രകഥാപാത്രമായി ആവശ്യത്തിന് ശ്രദ്ധയും ലാളനയും ലഭിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് തന്റെ അതേ പ്രായമുള്ളവരുടെ കൂട്ടത്തില്‍ എത്തുകയും അവരോടൊപ്പം തന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുക എന്നത് കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു പരീക്ഷണം തന്നെയാണ്. അവിടെ വച്ച് അവര്‍ ജീവിത പാഠങ്ങള്‍ പഠിച്ചുതുടങ്ങുന്നുണ്ട്. ഇതുപോലെ ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിലൂടെ ബൗദ്ധിക വളര്‍ച്ചയുണ്ടാക്കാനും ഈ ഒരു വിദ്യാഭ്യാസ സമ്പ്രദായം സഹായിക്കുന്നു.
രണ്ടാംഘട്ട വളര്‍ച്ചയുടെ ഭാഗമായാണ് പ്രീപ്രൈമറി എജ്യുക്കേഷന്‍ നല്‍കുന്നത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഭാഷാ വികസനത്തിനും ഈ ഘട്ടം സഹായിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ പഠനങ്ങളും ഈ ഒരു ഘട്ടത്തെ വളരെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്.
ഇപ്പോള്‍ കേരളത്തില്‍ ഒരുപാട് തരത്തിലുള്ള പ്രീപ്രൈമറി കരിക്കുലം വിദ്യഭ്യാസരീതിയുടെ ഭാഗമായി നിലകൊള്ളുന്നുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് മോണ്ടിസോറി എജ്യുക്കേഷന്‍. ഇറ്റാലിയന്‍ ഫിസിഷനും എജ്യുക്കേറ്ററുമായ മരിയ മോണ്ടിസോറി ആണ് ഈ ഒരു വിദ്യഭ്യാസ സമീപനവുമായി രംഗത്തെത്തിയത്. അധ്യാപിക നിര്‍ദ്ദേശിക്കുകയും വിദ്യാര്‍ഥി അത് ഏറ്റുപറയുകയും ചെയ്യുക എന്ന പൊതുരീതിയില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ പഠനവസ്തുക്കളിലൂടെ ഒരു സാഹചര്യത്തെ മനസ്സിലാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുട്ടികളെ കൂടുതല്‍ ആകൃഷ്ടരാക്കുകയും കൂടുതല്‍ രസങ്ങൡലൂടെ പഠനത്തില്‍ അവരുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ഒരു രീതിയുടെ ലക്ഷ്യം. ഇതിന് വേണ്ടി പ്രത്യേക വിദ്യഭ്യാസ മാധ്യമം മരിയ മോണ്ടിസോറിയും സംഘവും കണ്ടെത്തിയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ മുഴുവന്‍ സ്വാതന്ത്ര്യത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ കുട്ടികളെ അനുവദിച്ചാല്‍ അത് അവരുടെ സമുചിതമായ വികസനത്തിന് സഹായിക്കും എന്ന് മോണ്ടിസോറി വിശ്വസിച്ചു. അതുകൊണ്ട് തന്നെ മോണ്ടിസോറി സ്‌കൂളുകളില്‍ നാം കാണുന്നത് കുട്ടികളുടെ ഭാവനകളെയാണ്. ഒപ്പം ഓരോ പ്രവര്‍ത്തിയിലൂടെയും കുട്ടുകളെ നിരന്തരം നിരീക്ഷിച്ചുകൊണ്ട് അവരുടെ വികസനത്തെ വിലയിരുത്തുന്ന അധ്യാപകരെയും.
ഇതുപോലെ ഒരുപാട് വ്യത്യസ്ത രീതികളിലൂടെ ഇന്ന് Early Child Education എന്ന പേരില്‍ പ്രീപ്രൈമറി എജ്യുക്കേഷന്‍ വിഭാവന ചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്തമായ സങ്കല്‍പങ്ങളിലൂടെ എല്ലാ സമുദായവും ഇതിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. മൂല്യങ്ങളെ ശീലമാക്കി മാറ്റാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി ഇസ്‌ലാമിക തത്വത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായവും ഈ ഒരു വിദ്യഭ്യാസരീതി അംഗീകരിച്ചുകൊണ്ട് നിലകൊള്ളുന്നുണ്ട്.
അറബി ഭാഷയില്‍ മികവ് കൈവരിക്കാന്‍ ഖുര്‍ആന്‍ പാരായണത്തിലൂടെ അടിസ്ഥാനങ്ങള്‍ ശരിപ്പെടുത്തി പഠിക്കുന്ന രീതിയാണ് ഏറ്റവും ഉത്തമം എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന 'അല്‍ ഫിത്വ്‌റ' പ്രീപ്രൈമറി സ്‌കൂള്‍ ഇതിന് ഉദാഹരണമാണ്. ഭാഷാ നൈപുണ്യത്തിനും മനഃപാഠമാക്കലിനും ഏറ്റവും ഉത്തമമായ പ്രായം കൂടിയായ മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള കാലയളവില്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കി വിദ്യാഭ്യാസം നേടാന്‍ സാധിക്കുക എന്നത് ഒരു വെല്ലുവിളിയോടൊപ്പം വളരെ അനുഗൃഹീതമായ ഒരു കഴിവാണ്. കുഞ്ഞുങ്ങളിലെ ധാര്‍മിക വികസനത്തെ അടിയുറപ്പിക്കാന്‍ ഇതുപോലുള്ള വിദ്യഭ്യാസരീതിക്ക് സാധിക്കും.
ഇങ്ങനെ ആഗോള തലത്തിലുള്ള വ്യത്യസ്ത രീതികളെ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിനനുസരിച്ച് ക്രമപ്പെടുത്തിയ ഒരുപാട് കരിക്കുലം പ്രീപ്രൈമറി എജ്യുക്കേഷന്റെ ഭാഗമായി നിലവിലുണ്ട്. കുഞ്ഞുമനസ്സുകളിലെ കൗതുകങ്ങളെയും ചോദ്യങ്ങളെയും നിലനിര്‍ത്തികൊണ്ടുള്ള വിദ്യഭ്യാസരീതികളിലൂടെ അവരുടെ ബൗദ്ധിക വളര്‍ച്ചക്കും മാനസിക വികസനത്തിനും സഹായിക്കും വിധമാണ് മിക്ക പ്രീപ്രൈമറി വിദ്യാഭ്യാസ സമ്പ്രദായവും നിലകൊള്ളുന്നത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് തന്നെയാണ് ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തില്‍ പ്രീപ്രൈമറി സ്‌കൂള്‍ സമ്പ്രദായത്തിന് പ്രത്യേകമായ പരിഗണന നല്‍കിയതും.