മലേഷ്യന്‍ സമൂഹവും സ്ത്രീ പദവിയും II

ഒ.വി സാജിദ No image

വിവാഹത്തിനു മുമ്പ് തന്നെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നിടത്ത് നിന്നും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. വിവാഹാനന്തരം സ്ത്രീ ഒതുക്കപ്പെടേണ്ടവളാണ് എന്ന ഒരു തെറ്റായ ധാരണയെ ഉറപ്പിക്കുംവിധമാണ് നമ്മുടെ വിവാഹ കര്‍മങ്ങള്‍ പോലും സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വിവാഹത്തിലെ ഏറ്റവും പരിശുദ്ധ കര്‍മമായ നികാഹ്. വിവാഹ കര്‍മത്തിന് സാക്ഷിയാവാനോ അത് സംബന്ധമായ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായം പറയാനോ ആരും സ്ത്രീകളെ അനുവദിക്കാറില്ല. എന്നാല്‍ മലേഷ്യയിലെ അവസ്ഥ നേരത്തെ സൂചിപ്പിച്ച സ്തീകളെ കുറിച്ച വ്യത്യസ്ത വായനകളെ ശരിവെക്കുംവിധം വ്യത്യസ്തമാണ്. വരനും വധുവും അവരുടെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന കുടുംബാംഗങ്ങളും പള്ളിയില്‍ അല്ലെങ്കില്‍ നിശ്ചിത സ്ഥലത്ത് ഒരുമിച്ച് ചേര്‍ന്നാണ് എല്ലായ്പ്പാഴും നികാഹ് കര്‍മം നടക്കാറുള്ളത്. പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം തന്റെ നികാഹ് നടക്കുന്ന ആ അനര്‍ഘ മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം ചെയ്യുന്ന ഭര്‍ത്താവിന്റെ തൊട്ടുമുമ്പില്‍ ഇരുന്ന് നേര്‍കണ്ണ് കൊണ്ട് തന്റെ വിവാഹത്തിന് സാക്ഷിയാവാനുള്ള അവകാശമാണ് ഇതിലൂടെ സാധ്യമാവുന്നത്. മനുഷ്യരെന്ന നിലക്ക് ഈ അര്‍ഥങ്ങളിലെല്ലാം തന്നെ തുല്യ അവകാശം ലഭിക്കേണ്ടവരും തുല്യ രൂപത്തില്‍ ബഹുമാനിക്കപ്പെടേണ്ടവരുമാണ് സ്ത്രീ എന്ന് സമ്മതിക്കുന്ന ഒരു രീതിയാണ് ഇതില്‍ പ്രകടമാവുന്നത്. ഈ ഒരു തലത്തില്‍ നിന്ന് കൊണ്ട് നാം നമ്മുടെ സമൂഹത്തിലെ പെണ്‍കുട്ടികളുടെ നികാഹ് സന്ദര്‍ഭത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അതെല്ലാം മറ്റാരോ അവര്‍ക്ക് വേണ്ടി ചെയ്തുകൊടുക്കുന്ന ഒരു ഏര്‍പാടാണ് എന്ന പരിഗണന മാത്രമാണ് കാണാനാവുന്നത്. തന്റെ ഉപ്പയില്‍ നിന്ന് താങ്കളുടെ മകളെ ഞാന്‍ ഇതാ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു എന്നു പ്രസ്താവിക്കുന്ന ഭര്‍ത്താവിന്റെ മുഖം പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും കാണാന്‍ നമ്മുടെ നാട്ടിലെ എത്ര പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്/സാധിച്ചിട്ടുണ്ട്? ഉപ്പയും ആങ്ങളമാരും അമ്മാവന്മാരും നാട്ടു പ്രമാണിമാരോടൊപ്പം പോയി ഏതെങ്കിലും പള്ളിയില്‍ വെച്ചോ അതല്ലെങ്കില്‍ വരന്റെ വീട്ടില്‍ വെച്ചോ നികാഹ് നടത്തി ഭര്‍ത്താവ് കൊടുത്ത മഹര്‍ ഉപ്പ മകള്‍ക്ക് കൈമാറുന്നതാണ് നമ്മുടെ നാട്ടിലെ ഏതാണ്ടെല്ലാ നികാഹിന്റെയും അവസ്ഥ. പെണ്‍കുട്ടികള്‍ക്ക് സ്വന്തം നികാഹില്‍ പങ്കുചേരാനുള്ള അവകാശം ഉറപ്പുവരുത്തി വിവാഹം സംഘടിപ്പിക്കണമെന്ന ഒരു ചെറിയ ചിന്ത പോലും നമ്മുടെ വിവാഹ രംഗത്ത് നിലനില്‍ക്കാത്തത് തന്നെ സ്ത്രീക്ക് വിവാഹത്തില്‍ സ്വന്തമായ ഒരു നിലപാടും അനുവദിച്ച് കൊടുക്കാത്ത നമ്മുടെ സാമൂഹിക രീതിയുടെ പ്രതിഫലനമാണ്. വിവാഹം സുദൃഢമായ ഒരു ഉടമ്പടിയാണ് എന്നിരിക്കെ, തന്നെ ബാധിക്കുന്ന ഒരു ഉടമ്പടിയില്‍ ഒപ്പ് വെക്കുമ്പോള്‍ വധുവും അവിടെ സന്നിഹിതയാവുക എന്നത് തികച്ചും ന്യായമായ ഒരവകാശമല്ലേ? ഇതൊന്നും മതം അനുവദിക്കാത്തത് കൊണ്ട് സംഭവിച്ചതല്ല. സ്ത്രീകളെ കുറിച്ച നമ്മുടെ പൊതുബോധം അത്രമാത്രം അവളെ പരിഗണിക്കാന്‍ വിസമ്മതിക്കുന്നത് കൊണ്ട് സംഭവിച്ചതാണ്. 

ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് വിവാഹസദ്യ മുതല്‍ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്ന എല്ലാതരം പൊതുസല്‍കാരങ്ങളും. പുരുഷന്മാര്‍ക്ക് ശേഷം മാത്രം സ്ത്രീകള്‍ ഭക്ഷണം കഴിക്കുക എന്ന വിവേചനപരമായ നമ്മുടെ രീതിക്ക് പകരം ഇരുകൂട്ടര്‍ക്കും ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുംവിധമാണ് സല്‍കാര സദസ്സുകള്‍ പൊതുവെ മലേഷ്യയില്‍ സംവിധാനിക്കാറുള്ളത്. ഓരോരുത്തരും കുടുംബസമേതമാണ് വരുന്നതെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റുന്ന സംവിധാനം കൂടിയാണിത്. വീടുകളില്‍ അതിഥികള്‍ എത്തുമ്പോഴും പുരുഷന്മാര്‍ കഴിച്ചതിന് ശേഷം ബാക്കിയുണ്ടെങ്കില്‍ മാത്രം സ്ത്രീകള്‍ക്ക് ആഹരിക്കാം എന്ന രീതികളൊന്നും നമുക്ക് മലേഷ്യയില്‍ അനുഭവപ്പെടില്ല. ഭക്ഷണം വിതരണം ചെയ്യുന്നതിലെ ഈ വിവേചന സമീപനം വളരെ ആദരവര്‍ഹിക്കുന്ന ഒരു ആതിഥ്യ മര്യാദ എന്ന പേരില്‍ നമ്മുടെ വീടുകളിലെല്ലാം നിലനില്‍ക്കുന്നുണ്ട്. ഇതും സ്ത്രീകള്‍ക്ക് നമ്മുടെ സമൂഹം വകവെച്ച് കൊടുക്കുന്ന ആദരവിന്റെ വലുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു അളവുകോല്‍ തന്നെയാണ്.

പലപ്പോഴും ഇതെല്ലാം നാം വളര്‍ത്തിയ മഹത്തായ ഒരു രീതിയായാണ് നമ്മുടെയെല്ലാം കുടുംബങ്ങളിലെ മുതിര്‍ന്ന സ്ത്രീകള്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല. സ്ത്രീകള്‍ അതിഥികള്‍ക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും വേണ്ടി നിര്‍വഹിക്കുന്ന ത്യാഗങ്ങളെ പ്രശ്‌നവല്‍കരിക്കാന്‍ അല്ല ഇവിടെ ശ്രമിക്കുന്നത്. അത്തരം ത്യാഗങ്ങളും അഡ്ജസ്റ്റ്‌മെന്റുകളും കുടുംബ ഘടനയില്‍ പലപ്പോഴും ആവശ്യമായും വരും. ഇത്തരം സ്വാഭാവികമായ തിരിച്ചറിവുകളെ ഒരു അപരാധമായി വിലയിരുത്താനുള്ള ശ്രമം അല്ല ഇത്. സ്ത്രീകളോടുള്ള നമ്മുടെ ആദരവില്‍ പലപ്പോഴും നാം മറക്കാറുള്ള ഒരു ചെറിയ പ്രശ്‌നം എത്ര വ്യത്യസ്തമായാണ് മലേഷ്യന്‍ ജീവിതത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു എന്ന് മാത്രം. കുടുംബനാഥനുള്ളത് പോലുള്ള പരിഗണന കുടുംബിനിക്കും ലഭിക്കുന്നു എന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ലല്ലോ. ഈ പരിഗണന സ്ത്രീകള്‍ക്ക് കൊടുക്കുന്ന ആത്മവിശ്വാസവും സന്തോഷവും വളരെ വലുതായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. 

പ്രായം ഒരു ദൗര്‍ബല്യമോ?

 സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രായത്തെ വല്ലാത്ത ഒരു ദൗര്‍ബല്യവും അക്കാരണത്താല്‍ തന്നെ തങ്ങളെ കുറിച്ച എല്ലാ സ്വപ്നങ്ങളും നിര്‍ത്തിവെക്കേണ്ട കാലവും ആയി പരിഗണിക്കുന്ന ഒരു സാഹചര്യമാണ് പൊതുവെ നമ്മുടെ നാട്ടിലേത്. സ്ത്രീകളെയാണ് ഈ സമീപനം ഏറ്റവും നന്നായി ബാധിച്ചിരിക്കുന്നത്. ഒരു പ്രത്യേക പ്രായം കഴിയുന്നതോടെ പിന്നെ മക്കളെയും പേരക്കുട്ടികളെയും നോക്കി നടത്തേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്ത പൊതുവെയുണ്ട്, ഒരു ഭാഗത്ത്. മറുഭാഗത്ത് ഈ സമീപനം ഒരു അവസരമായി ഉപയോഗിച്ചാണ് പല കുടുംബങ്ങളിലും നേരത്തെ സൂചിപ്പിച്ചത് പോലെ എല്ലാ ഉത്തരവാദിത്വങ്ങളും മകന്റെ വധുവായി കടന്നുവരുന്ന പെണ്‍കുട്ടികളില്‍ കെട്ടിയേല്‍പിക്കുന്ന പ്രവണത ശക്തിപ്പെടുന്നത്. അല്‍പം പ്രായം കൂടുന്നതോടെ സ്ത്രീകള്‍ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കരുത് എന്ന ഈ സമീപനത്തെ നിരാകരിക്കുന്ന ഒരു സ്ത്രീ സങ്കല്‍പമാണ് പൊതുവെ മലേഷ്യയില്‍ ഉള്ളത്. വാര്‍ധക്യത്തെ ഒരു ദൗര്‍ബല്യമായോ സാമൂഹിക ഇടപെടലുകളില്‍ നിന്ന് അകറ്റി മാറ്റപ്പെടുന്ന ഒരു തടസ്സമായോ കാണാന്‍ ഇവര്‍ തയാറല്ല. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ രംഗം, കച്ചവടം, സെക്യുരിറ്റി വര്‍ക്ക്, ക്ലീനിംഗ് ജോലികള്‍, ബസ് ഡ്രൈവിഗും കണ്ടക്ടര്‍ ജോലിയും തുടങ്ങി എല്ലാ മേഖലകളിലും പ്രായം കൂടിയ മുസ്‌ലിം സ്ത്രീകള്‍ യുവ സ്ത്രീ സമൂഹത്തെ പോലെ ചുറുചുറുക്കോടെ അവര്‍ക്ക് സാധ്യമാവുന്ന വിധം ആവേശപൂര്‍വം ജോലി ചെയ്യുന്നത് കാണാം. ഇതിന്റെ അര്‍ഥം ഇത്തരം അധിക ചുമതലകള്‍ അവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നില്ല എന്നല്ല. പ്രയാസത്തെക്കാള്‍ ആത്മവിശ്വാസത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരു സമീപനമാണ് ഇതില്‍ മുഴച്ചുനില്‍ക്കുന്നത്. 

ഒരു പ്രത്യേക പ്രായം കൂടി ആകുന്നതോടെ പൊതുവെ അബലയായ സ്ത്രീ കൂടുതല്‍ ദുര്‍ബലയാവുകയാണെന്നും അതിനാല്‍ എല്ലാ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനിന്ന് രക്ഷപ്പെടലാണ് പരിഹാരമെന്നുമുള്ള നമ്മുടെ നടപ്പുശീലങ്ങള്‍ ഒരര്‍ഥത്തിലും സ്ത്രീകള്‍ക്ക് ആത്മധൈര്യം പകരാന്‍ ഉപകരിക്കുന്നതല്ല. മലേഷ്യയില്‍ ഇത്തരം ആത്മധൈര്യം ചോര്‍ന്നുപോയ അവസ്ഥ സ്ത്രീ സമൂഹത്തില്‍ കാണാനാവില്ല. ഒരു പ്രത്യേക പ്രായത്തില്‍ ഉത്തരവാദിത്വങ്ങളും പിന്നീട് ഫ്രീ ആവലും എന്ന സങ്കല്‍പം തന്നെ മലേഷ്യയിലെ സ്ത്രീകള്‍ക്ക് അപരിചിതമാണ് എന്ന് പറയലായിരിക്കും ശരി. കുടുംബത്തിന്റെ സാമ്പത്തിക നിലവാരം കാരണമോ മറ്റ് കാരണങ്ങളാലോ ആദ്യം മുതല്‍ തന്നെ ഒരു ജോലിയും ചെയ്യാത്ത സ്ത്രീകളാണെങ്കിലും ഇനി പ്രായക്കൂടുതല്‍ കാരണം വീട്ടില്‍ കഴിയുന്നവരാണെങ്കിലും ഏകാന്തത അനുഭവിക്കുന്നവരായി മലേഷ്യയില്‍ കാണാന്‍ പറ്റില്ല. ഫ്രീ പകരുന്ന ഏകാന്തതയില്‍ ജീവിതം തള്ളിനീക്കുന്നതിന് പകരം ഭാഷാ പഠനം, കുടുംബ കുടില്‍ വ്യവസായം, ഭക്ഷണം തയാറാക്കി സൗകര്യമുള്ള സ്ഥലം കണ്ടെത്തി വില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് വിരസത മാറ്റാനും ശ്രമിക്കും. കുടുംബത്തിന് ഒരു വരുമാനം ഒന്നും ആവശ്യമില്ലെങ്കിലും സ്വന്തത്തെ ഏതെങ്കിലും സാധ്യമായ പ്രവര്‍ത്തനങ്ങളില്‍ എന്‍ഗേജ് ചെയ്യിക്കുക എന്ന നിലപാടാണ് ഇതില്‍ മുഴച്ചുനില്‍ക്കുന്നത്. ആരെയും അവലംബിക്കാതെ ജീവിക്കാനുമുള്ള മാര്‍ഗം എപ്പോഴും ഉണ്ടായിരിക്കണം എന്ന നിലപാടും ചില സ്ത്രീകള്‍ക്ക് ഉണ്ട്. മക്കളും മക്കളുടെ മക്കളും വലുതായിട്ടും ഇഷ്ടം പോലെ സമ്പാദിക്കുന്നവരായിട്ടും വീട്ടില്‍ അടഞ്ഞ് ഒതുങ്ങി കഴിയാതെ നിസ്സാര ശമ്പളം ലഭിക്കുന്ന ജോലികളിലോ മാര്‍ക്കറ്റുകളില്‍ കുടിലില്‍ നിര്‍മിക്കുന്ന പലഹാരങ്ങള്‍ വിതരണം ചെയ്യുന്നവരായോ ആയി ജീവിക്കുന്ന സ്ത്രീകളുണ്ട്. പ്രായക്കൂടുതലിന്റെ വിരസത മാറ്റാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട് എന്നര്‍ഥം. വൃദ്ധരായി എന്ന കാരണത്താല്‍ കണ്ടും കേട്ടും അനുഭവിച്ചും ജീവിതം ആസ്വദിക്കുന്നതില്‍ നിന്നും ആരും തടയപ്പെടുന്നില്ല. ആരും സ്വയം പിന്മാറാന്‍ ഒരുക്കമല്ല എന്ന് പറയലായിരിക്കും കൂടുതല്‍ ശരി. എന്തിനധികം വൃദ്ധരായ തങ്ങളുടെ സുഹൃത്തുകള്‍ക്കും സഹപാഠികള്‍ക്കും ഒപ്പം സംഘമായി വിദേശ രാജ്യങ്ങളില്‍ വിനോദ യാത്ര വരെ അവര്‍ നടത്താറുണ്ട്. ആനന്ദവും ആസ്വാദനവും എല്ലാം വൃദ്ധര്‍ക്ക് പ്രത്യേകിച്ച് വാര്‍ധക്യം ബാധിച്ച സ്ത്രീകള്‍ക്ക് അനുഭവിച്ച് കൂടെന്നല്ല ഞങ്ങള്‍ തന്നെ പരസഹായം കൂടാതെ അത് നിര്‍വഹിക്കും എന്ന രീതിയിലാണ് അവരുടെ സംസാരം. ഞങ്ങള്‍ ഓടി നടക്കും വീണ് പോകുന്നത് വരെ; വീഴുമ്പോള്‍ ആരെങ്കിലും ഒന്ന് താങ്ങിയാല്‍ മതി എന്ന കാഴ്ചപ്പാടാണ് അവരുടേത്. ഏത് തണുപ്പും മഴയും ഉള്ളപ്പോഴും സുബ്ഹി നമസ്‌കാരത്തിന് വരെ സൈക്കിളിലും ബൈക്കിലുമായി പള്ളിയിലെത്തുന്ന ഗ്രാമങ്ങളിലെ ഉമ്മമാര്‍ ഒരാവേശം തന്നെയാണ്. ഇതെല്ലാം തന്നെ അവര്‍ അവരെ കുറിച്ച് വച്ചുപുലര്‍ത്തുന്ന ആത്മബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിലുപരി ദൃഢ നിശ്ചയത്തിന്റെയും അടയാളങ്ങളാണ്. 

മതവും മത മൂല്യങ്ങളുടെ ആവിഷ്‌കാരവും 

പലപ്പോഴും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ചിലതരം വിവേചനങ്ങള്‍ക്കെങ്കിലും ഇസ്‌ലാമിനെയാണ് നമ്മില്‍ പലരും കൂട്ട് പിടിക്കാറുള്ളത്. സ്ത്രീകള്‍ക്ക് അത്രയൊന്നും പരിഗണനയും സ്ഥാനവും നല്‍കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ല എന്ന ഒരു അവബോധ മനസ്സ് സമൂഹത്തിലെ പലര്‍ക്കും ഉണ്ട്. സ്ത്രീകള്‍ക്ക് അവരുടെ സൗകര്യം മുന്‍നിര്‍ത്തി പ്രവാചകന്‍ നല്‍കിയ ചില ഇളവുകള്‍ പോലും വിവേചനത്തെ സ്ഥാപിക്കാന്‍ ചിലര്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ദുഃഖകരം. അതിനാല്‍ തന്നെ നമ്മുടെ മത സദസ്സുകളിലും മതപരമായ പൊതു ഇടങ്ങളിലും സ്ത്രീകളെ പരിഗണിക്കുന്ന ഒരു സമീപനം കാണാന്‍ സാധിക്കില്ല. സ്ത്രീ പുരുഷ ഇടകലരല്‍ അതിരു കവിയാതിരിക്കാനും മാന്യമായി നിലനില്‍ക്കാനും പ്രവാചകന്‍ പഠിപ്പിച്ച നിര്‍ദേശങ്ങള്‍ വരെ സ്ത്രീകളെ അത്രയൊന്നും പരിഗണിക്കാതിരിക്കാനുള്ള ന്യായമായി ഉപയോഗപ്പെടുത്തുന്ന പ്രവണതയുണ്ട്. അതിന്റെ ഉദാഹരണമാണ് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന നമ്മുടെ പള്ളികള്‍. ലക്ഷങ്ങള്‍ ചെലവഴിച്ചു ബഹുവിശാലമായ പള്ളികള്‍ നിര്‍മിക്കപ്പെടുമ്പോഴും സ്ത്രീകളുടെ നമസ്‌കാരസ്ഥലങ്ങള്‍ ഇപ്പോഴും ഇടുങ്ങിയതായിത്തന്നെ നില്‍ക്കപ്പെടുന്നു. ഇത്രയേ ഉള്ളൂ അല്ലാഹുവിന്റെ ഭവനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യം. അതി നിപുണരായ എഞ്ചിനീയര്‍മാരാലും വശ്യമനോഹരമായ സൗന്ദര്യബോധത്തോടെയും നിര്‍മിക്കപ്പെട്ട ഭീമാകാരമായ പ്രവേശനകവാടങ്ങളുള്ള പള്ളികളില്‍ പോലും സ്തീകളുടെ പ്രവേശന കവാടം ഇപ്പോഴും ചുറ്റിവളഞ്ഞുപോയി പിന്നാമ്പുറത്ത് എത്തിയാല്‍ മാത്രമേ നമുക്കു കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. മൂത്രപ്പുരയുടെ ദുര്‍ഗന്ധം ശ്വസിച്ചുകൊണ്ടു തന്നെ നമസ്‌കാരം നിര്‍വഹിക്കേണ്ട ദുരവസ്ഥതന്നെയാണു മിക്ക പള്ളികളിലും സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് അത്രയൊക്കെ മതി എന്ന സമൂഹത്തിന്റെ മനോഭവവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്ര മതിയാക്കലുകളെ കുറിച്ച അറിവില്ലയ്മയോ അലോസരപ്പെടുത്തലോ ഇല്ലാത്തതും കൂടിയാണ് ഇത്തരം ദുരവസ്ഥകള്‍ക്കുള്ള കാരണം. 

ഇത്തരം അവസ്ഥകളില്‍ നിന്നു വ്യത്യസ്തമായ കഴ്ചയാണ് മലേഷ്യയില്‍ കാണുന്നത്. ആരാധനാലയങ്ങളിലും ആ തരത്തിലുള്ള അന്യവല്‍ക്കരണമോ അരികുവല്‍ക്കരിക്കപ്പെടലോ ഇവര്‍ അനുഭവിക്കുന്നില്ല. പൂര്‍ണമായും ശാഫി മദ്ഹബ് പിന്‍പറ്റുന്ന സമൂഹമായ മലേഷ്യയിലെ മുസ്‌ലിം സമൂഹം ഏതാണ്ടെല്ലാ പള്ളികളിലും സ്ത്രീകളും പുരുഷന്മാരും ഒരേ പ്രവേശന കവാടങ്ങള്‍ പങ്കിടുകയും ഇസ്‌ലാമിന്റെ ആരംഭഘട്ടത്തില്‍ മുസ്‌ലിംകള്‍ നമസ്‌കരിച്ചിരുന്നതു പോലെ, മുന്‍നിരയില്‍ പുരുഷന്മാര്‍, പിന്നെ കുട്ടികള്‍, അവരുടെ പിന്നില്‍ സ്ത്രീകള്‍ എന്ന രീതിയില്‍, സ്ത്രീകളെ വേര്‍തിരിക്കുന്ന പ്രത്യേക മറയോ കര്‍ട്ടണോ ഇല്ലാതെ എല്ലാവരും ഒരുമിച്ചു തന്നെയാണു നമസ്‌കരിക്കുന്നത്. ഒരര്‍ഥത്തില്‍ കൂടുതല്‍ സുരക്ഷിതത്വത്തിനും സൗകര്യത്തിനും ഉപകരിക്കുന്ന ഈ രീതി തന്നെയാണ് മത സദസ്സുകളിലും കൂട്ടായ്മകളിലും എല്ലാം നമുക്ക് കാണാനാവുക. 

സ്ത്രീ വിഷയത്തില്‍ പലപ്പോഴും ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നമ്മുടെ നാട്ടില്‍ പ്രതിയോഗികള്‍ ഉപയോഗിക്കാറുള്ള കാര്യങ്ങളാണ് വിവാഹ മോചനവും ബഹുഭാര്യത്വവും. ഏതാണ്ടെല്ലാ സമൂഹങ്ങളിലെയും പോലെ മലേഷ്യയും ഈ രണ്ട് പ്രശ്‌നങ്ങളില്‍ നിന്നും മുക്തമല്ല. എന്നാല്‍ നിയമങ്ങള്‍ എല്ലായ്‌പ്പോഴും സ്ത്രീകള്‍ക്ക് അനുകൂലമാണ് എന്ന പ്രത്യേകത ഉണ്ട്. ദമ്പതിമാരില്‍ ഒരാള്‍ സംതൃപ്തനല്ലെങ്കില്‍ എളുപ്പം വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ ഇരു കൂട്ടരുടെയും സമ്മതമില്ലാതെ നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ ഏകപക്ഷീയമായി ഭര്‍ത്താവിന് മാത്രം വിവാഹ മോചനം തീരുമാനിക്കാനാവില്ല. പ്രശ്‌നങ്ങള്‍ രണ്ട് കൂട്ടരും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ വിവാഹ മോചനം അത്ര എളുപ്പമല്ല. അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകുന്ന വിവാഹ മോചന കേസുകളിലെ ജീവനാംശ വിധികള്‍ വളരെ ശ്രദ്ധേയമാണ്. പലപ്പോഴും ഭര്‍ത്താവിന്റെ സമ്പത്തിന്റെ നല്ലൊരു വിഹിതം വരെ നല്‍കിക്കൊണ്ട് മാത്രമേ അത് സെറ്റില്‍ ചെയ്യാനാവൂ. വിവാഹത്തോടെ തനിക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഇന്ന ഇന്ന ജോലികള്‍ വേണ്ടെന്ന് വെച്ചത് കുടുംബ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും അതിനാല്‍ ആ ജോലി ചെയ്തിരുന്നുവെങ്കില്‍ ഇത്രയും വര്‍ഷം കൊണ്ട് ഇത്ര ശമ്പളം ലഭിക്കുമായിരുന്നു എന്നുമുള്ള വാദങ്ങള്‍ മുഖവിലക്കെടുത്ത് അത്രയും ശമ്പളത്തിന് തുല്യമായ സമ്പത്ത് വിവാഹ മോചിതക്ക് കൊടുക്കണമെന്ന് വിധിച്ച കേസുകളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വിവാഹ കാലയളവിനുള്ളില്‍ ഭര്‍ത്താവ് സമ്പാദിച്ചതിന്റെ പകുതിയാണ് സെറ്റില്‍മെന്റ് എന്ന അര്‍ഥത്തില്‍ നല്‍കപ്പെടാറുള്ളത്. ഭാര്യയുടെ പുനര്‍വിവാഹം തടയുക എന്ന ഉദ്ദേശ്യത്തോടെ അവരെ വിവാഹ മോചനം ചെയ്യാതിരിക്കുകയും എന്നാല്‍ യാതൊരു ബന്ധവും നിലനിര്‍ത്താതിരിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ രീതികളും മലേഷ്യയില്‍ സാധ്യമല്ല. കാരണം ഭാര്യ കോടതിയെ സമീപിക്കുന്നതോടെ അവര്‍ തമ്മിലെ അകല്‍ച്ച പരിഗണിച്ച് രണ്ടാലൊന്ന് തീരുമാനിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനാവും. വിവാഹ മോചനമാണ് ഭാര്യ താല്‍പര്യപ്പെടുന്നതെങ്കില്‍ അതിന്ന് അനുകൂലമായിരിക്കും പലപ്പോഴും കോടതി തീരുമാനം. ബഹുഭാര്യത്വം സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങളും അടുത്ത കാലത്തായി പല കുടുംബ ചുറ്റുപാടുകളെയും പ്രശ്‌നകലുഷമാക്കുന്നുണ്ട്. എന്നാല്‍ ഈ രംഗത്തും പലപ്പോഴും നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമാണ്. ഒരാളുടെ രണ്ടാം വിവാഹം ഔദ്യോഗികമായി ഇസ്‌ലാമിക രീതിയില്‍ രജിസ്റ്റര്‍ ചെയ്ത് നടക്കണമെങ്കില്‍ ആദ്യ ഭാര്യയുടെ സമ്മതം അതോറിറ്റിയെ ബോധ്യപ്പെടുത്തണം എന്ന നിയമം ഉദാഹരണം. 

സമാപനം 

ഈ ലേഖനത്തിലൂടെ മലേഷ്യയിലെ മുസ്‌ലിം സ്ത്രീ പ്രതിനിധാനം ചര്‍ച്ച ചെയ്യാനുള്ള കാരണം തന്നെ മത വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന മലേഷ്യയിലെ സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രത്യക്ഷമായ വിവേചനം അനുഭവിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടാനാണ്. ഇതിന്റെ അര്‍ഥം സ്ത്രീകള്‍ എല്ലാ അര്‍ഥത്തിലും സൗകര്യം അനുഭവിക്കുന്നു എന്നോ ഒരര്‍ഥത്തിലുമുള്ള പ്രയാസം അവര്‍ അനുഭവിക്കുന്നില്ല എന്നോ അല്ല. ഏതാണ്ടെല്ലാ സമൂഹങ്ങളിലും കാണുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ മലേഷ്യയിലെ സ്ത്രീകളും അനുഭവിക്കുന്നുണ്ട്. പക്ഷെ അതിന് മതത്തെ കൂട്ടു പിടിക്കുന്നില്ല എന്ന് മാത്രം. കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കില്‍ മതത്തെ വിവേചനത്തിനുള്ള ഒരു കാരണമായി ഉപയോഗപ്പെടുത്തുന്നില്ല എന്നര്‍ഥം. ചില പ്രശ്‌നങ്ങള്‍ സ്ത്രീ വിഷയകമായി ഇവിടെയും ഉണ്ട് എന്ന വസ്തുത അംഗീകരിച്ചാല്‍ തന്നെ വല്ല വിവേചനവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണമായി ഇസ്‌ലാമിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ സാധിക്കാത്ത വിധം മുസ്‌ലിം സ്ത്രീകള്‍ സുരക്ഷിതരാണ് മലേഷ്യയില്‍ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ സ്ത്രീകളോടുള്ള നമ്മുടെ സമീപനത്തിലാണ് മാറ്റം വേണ്ടത്. അത്തരം ഒരു മാറ്റം സമീപനത്തില്‍ നമുക്ക് അനുഭവപ്പെടുന്ന ഒരു സമൂഹമാണ് മലേഷ്യ എന്ന് നിസ്സംശയം പറയാം.

 (ജി.ഐ.ഒ കോഴിക്കോട് സംഘടിപ്പിച്ച കൊളോക്കിയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ അവസാന ഭാഗം) 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top