പൗരാണിക അറബി സാഹിത്യകാരന്‍മാരില്‍ പുകള്‍പെറ്റ ജാഹിള് ഒരു സംഭവം
പൗരാണിക അറബി സാഹിത്യകാരന്‍മാരില്‍ പുകള്‍പെറ്റ ജാഹിള് ഒരു സംഭവം വിവരിക്കുന്നുണ്ട്. ഉഖ്ബതുല്‍ അസ്ദിയെക്കുറിച്ച് ജാഹിളിന് ലഭിച്ചതാണ് ഈ വിവരം. നേരത്തെ വിവാഹ ഉടമ്പടി കഴിഞ്ഞ ഒരു ചെറുപ്പക്കാരിയെ ഭര്‍തൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന സമയമായപ്പോള്‍ അവളുടെ വീട്ടുകാര്‍ അതിനുളള ഒരുക്കങ്ങളൊക്കെ നടത്തി അവളെ പറഞ്ഞയക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രസ്തുത രാവില്‍ അവളതാ കുഴഞ്ഞു വീഴുന്നു.
വിവരമറിഞ്ഞ ഉഖ്ബ പറഞ്ഞു: ഞാനവളുമായി ഒറ്റക്കൊന്ന് സംസാരിച്ചു നോക്കട്ടെ, അങ്ങനെ അദ്ദേഹം അവളോട് സംസാരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'നിന്റെ കാര്യമെന്തെന്ന് സത്യം പറ, നിന്നെ രക്ഷപ്പെടുത്തുന്ന കാര്യം ഞാനേറ്റു.'
എനിക്ക് ഒരു കാമുകനുണ്ടായിരുന്നു, ഇപ്പോള്‍ എന്റെ വീട്ടുകാരിതാ എന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചിരിക്കുന്നു. കന്യാചര്‍മം ഛേദിക്കപ്പെട്ട ഞാന്‍ വഷളാവുമോ എന്ന ഭീതി കാരണം അഭിനയിച്ചതാണ് . എനിക്ക് രക്ഷപ്പെടാന്‍ പറ്റിയ വല്ല കൗശലവും പറഞ്ഞുതരാന്‍ താങ്കള്‍ക്ക് കഴിയുമോ? അവള്‍ ചോദിച്ചു. ഓ, അതു ഞാനേറ്റു. ഉഖ്ബ പ്രതിവചിച്ചു. അങ്ങനെ ഉഖ്ബ അവളുടെ വീട്ടുകാരോട് പറഞ്ഞു:
അവളില്‍ ഒരു ജിന്ന് കയറിക്കൂടിയിട്ടുണ്ട്, ഇപ്പോള്‍ അവന്‍ ഇറങ്ങിപ്പോകാമെന്ന് ഏറ്റിട്ടുണ്ട്. പക്ഷെ അവന്‍ ഏത് മാര്‍ഗത്തിലൂടെയാണോ പുറത്ത് പോകുന്നത് ആ വഴി തകരാറാകും. പുറത്ത് പോകുന്നത് കണ്ണിലൂടെയാണെങ്കില്‍ കാഴ്ച നഷ്ടപെടും, ചെവിയിലൂടെയാണെങ്കില്‍ ബധിരയാകും, വായിലൂടെയാണെങ്കില്‍ മൂകയാകും, ഗുഹ്യഭാഗത്തു കൂടിയാണെങ്കില്‍ കന്യാചര്‍മത്തിന് ക്ഷതം സംഭവിക്കും. അതിനാല്‍ ഏത് വഴിക്ക് പുറത്തു പോകണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചാലും. ഉഖ്ബ പറഞ്ഞു. ത്രിശങ്കുവിലായ വീട്ടുകാര്‍ താരതമ്യേന ദോഷം കുറഞ്ഞ വഴി ഒടുവില്‍ പറഞ്ഞ ഗുഹ്യഭാഗമാണെന്ന് മനസ്സിലാക്കി അത് തെരഞ്ഞെടുത്തു.
അവര്‍ പറഞ്ഞതനുസരിച്ച് ജിന്നിനെ ആ വഴിക്കു തന്നെ പുറത്ത് ചാടിച്ചതായി ഉഖ്ബ വരുത്തിത്തീര്‍ത്തു. തുടര്‍ന്ന് യാതൊരു പ്രശ്‌നവുമില്ലാതെ, ലളിത സുന്ദരമായി അവള്‍ തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍കൂടലിന് ശുഭപരിസമാപ്തി കുറിച്ചു. ഏതൊരു മനഷ്യന്റെയും ഐശ്വര്യത്തിന്റയും, ശാന്തിയുടെയും സമധാനത്തിന്റെയും മുഖ്യ ഘടകം അവന്റെ വിശ്വാസവും ആദര്‍ശവുമാണ്. തികഞ്ഞ നാസ്തികനും നിരീശ്വരവാദിയുമായവര്‍ക്ക് പോലും അങ്ങനെയാണ്. അവര്‍ക്കുമുണ്ട് അവരവരുടേതായ വിശ്വാസവും ആദര്‍ശവും.
ഈ വിശ്വാസവും ആദര്‍ശവുമാണ് മനുഷ്യനെ നിയന്ത്രിക്കുന്നതും പ്രചോദിപ്പിക്കുന്നതും. മറ്റു ഭൗതിക ഘടകങ്ങളെല്ലാം തന്നെ ഒരു ചെറിയ ശതമാനം മാത്രമേ ഇവിടെ സ്വാധീനിക്കുന്നുളളൂ .
ഇവിടെയാണ് പടച്ച തമ്പുരാന്‍ തന്റെ പടപ്പുകളില്‍ ആദരിച്ച സൃഷ്ടികളായ മനുഷ്യര്‍ക്ക് ഇഹപര ഐശ്വര്യം സാക്ഷാല്‍ക്കരിക്കാനുതകുന്ന യഥാര്‍ഥ വിശ്വാസം (ഈമാന്‍) പ്രദാനം ചെയ്തിട്ടുളളത്. ഇത് പഠിപ്പിക്കാനായി വേദ ഗ്രന്ഥങ്ങളും അതിന്റെ പ്രയോഗക്ഷമതയും വിജയവും ബോധ്യപ്പെടുത്തുന്നതിനായി പ്രവാചകന്മാാരെ സവിശേഷം തെരെഞ്ഞെടുത്ത് നിശ്ചയിച്ചിട്ടുളളതും. ഐശ്വര്യം കൊതിക്കുന്ന മനുഷ്യന് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഘടകമായ വിശ്വാസം ലഭിച്ചിട്ടില്ലെങ്കില്‍ അവന്‍ അന്ധവിശ്വാസങ്ങളില്‍ തന്റെ ശമനം കണ്ടെത്താന്‍ നിര്‍ബന്ധിതനാവും.
ബുദ്ധിയും വിവേകവും വിദ്യാഭ്യാസവുമുളളവര്‍ പോലും ചെന്നുപെടുന്ന ചതിക്കുഴികള്‍ വെളിച്ചത്ത് വരുമ്പോള്‍, എങ്ങനെ ഇവരൊക്കെ ഇതില്‍ ചെന്നുചാടി എന്ന് അതിശയപ്പെടുന്നതില്‍ കാര്യമില്ലെന്ന് പറയാനാണ് ഇത്രയും വിശദീകരിച്ചത്. സിദ്ധന്‍മാരും ജോത്സ്യന്‍മാരും വ്യാജ സന്യാസിമാരും കപട സൂഫികളുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും കൊലപാതകങ്ങളും ദിനേനയെന്നോണം ദൃശ്യ-ശ്രാവ്യ മാധ്യങ്ങളിലൂടെയും, സോഷ്യല്‍ മീഡിയകളിലുടെയും, വെളിച്ചത്തു വന്നുകൊണ്ടിരുന്നിട്ടും, അതൊന്നും പൊതുജനങ്ങളില്‍ ഒട്ടും ഏശുന്നില്ലെന്ന് മാത്രമല്ല ഇത്തരം കൊളള സംഘങ്ങളും വ്യക്തികളും ചൂഷണ കേന്ദ്രങ്ങളും വര്‍ധിച്ചു കൊണ്ടേയിരിക്കുന്നതാണ് നാം കാണുന്നത്.
ഇവിടെയാണ് തൗഹീദ് അഥവാ ഏക ദൈവ വിശ്വാസത്തിന്റെയും മനുഷ്യന്റെ ചെയ്തികളെ സംബന്ധിച്ച കണിശവും കൃത്യവുമായ വിചാരണയും തക്കതായ രക്ഷാ ശിക്ഷകള്‍ നിര്‍ണയിക്കപ്പെടുകയും അതിന്റെ തിക്തഫലങ്ങള്‍ വ്യക്തമായി വിശദീകരിക്കുകയും ചെയ്യുന്ന പരലോക വിശ്വാസത്തിന്റെയും മനുഷ്യബുദ്ധിക്ക് ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വിശദീകരിക്കാന്‍ അല്ലാഹു തന്നെ സംവിധാനിച്ച പ്രവാചകത്വത്തിലും ജഗനിയന്താവായ അല്ലാഹുവിന്റെ വിധിയും തീരുമാനവുമില്ലാതെ ഈയുലകത്തില്‍ ഒന്നും സംഭവിക്കുകയില്ലെന്നും, അവന്‍ സംഭവിക്കണമെന്ന് കണക്കാക്കിയത് തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നുള്ള വിധി വിശ്വാസത്തിന്റെ പ്രാധാന്യം എന്തുമാത്രമെന്ന് ബോധ്യപ്പെടുക. വിശ്വാസത്തിന്റെ ഈയൊരു പ്രാധാന്യവും ഗൗരവവും കണക്കിലെടുത്തത് കൊണ്ടാണ് നബി (സ) പ്രബോധനമാരംഭിച്ചത് മുതല്‍ നീണ്ട 15 വര്‍ഷം ആ സമൂഹത്തിലെ ഓരോ വ്യക്തിയിലും വിശ്വാസവും ആദര്‍ശവും അരക്കിട്ടുറപ്പിക്കാന്‍ വിനിയോഗിച്ചത്. ഒരു പ്രതിസന്ധിയിലും പതറാത്ത, ഒരു പരീക്ഷണത്തിലും തളരാത്ത ശക്തരും ധീരരുമായ ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചത് അതിന്റെ ഫലമായിരുന്നു.
ഈയൊരു മുന്‍ഗണനാക്രമം തെറ്റിപ്പോയതാണ് ആധുനിക മുസ്‌ലിം സമുദായം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂടാരമായി തീരാന്‍ കാരണം. ജോല്‍സ്യം, പക്ഷിശാസ്ത്രം, രേഖാശാസ്ത്രം, ശകുനം നോക്കല്‍, പ്രശ്‌നം വെക്കല്‍, മാരണം, കൂടോത്രം, തുടങ്ങി സകലതിനും എതിരെ ശക്തമായ താക്കീതുകളിലൂടെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത് ഖുര്‍ആനിലും സുന്നത്തിലും നിറഞ്ഞു കിടപ്പാണ്.
ആരെങ്കിലും അത്ഭുതം പ്രകടിപ്പിക്കുമ്പോഴേക്ക് സത്യവും അസത്യവും തിരിച്ചറിയാതെ അപകടത്തില്‍ ചാടുന്നത് വിശ്വാസ ദൗര്‍ബല്യമണ്. ഇബ്നു മസ്ഊദ്(റ) ല്‍ നിന്ന്: നബി(സ) പറഞ്ഞു: ''ആരെങ്കിലും ജോത്സ്യന്റെയോ മാരണം ചെയ്യുന്നവന്റെയോ അടുക്കല്‍ ചെല്ലുകയും എന്നിട്ട് അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ നിശ്ചയം അവന്‍ മുഹമ്മദ് നബി(സ)ക്ക് ഇറക്കിയതില്‍ (ഖുര്‍ആനില്‍) അവിശ്വസിച്ചു'' (ബസാര്‍).
വിശ്വാസ ദാര്‍ഢ്യത പരീക്ഷിക്കുവാനുള്ള അല്ലാഹുവിന്റെ തീരുമാനം വിവേചിച്ചറിയുവാനുള്ള അടിമയുടെ വിവേകശക്തി നഷ്ടപ്പെടുമ്പോഴാണ് അവന്‍ പിശാചിന്റെ വലയില്‍ പെടുന്നത്. ഇസ്ലാം വിരോധിച്ചത് പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ ജീവിത കാലയളവില്‍ ചെയ്തുവെച്ച മുഴുവന്‍ സുകൃതങ്ങളും ഒറ്റയടിക്ക് പാഴായിപ്പോകാനുള്ള സാധ്യതയുണ്ട്.
സ്വഫിയ്യഃ(റ) യില്‍ നിന്ന് : നബി(സ) അരുളി: ''ആരെങ്കിലും ഒരു ഗണിതക്കാരനെ സമീപിച്ച് എന്തെങ്കിലും ചോദിച്ചാല്‍ (അവന്‍ പറഞ്ഞതില്‍ വിശ്വസിക്കുകയും ചെയ്താല്‍) അവന്റെ നാല്‍പത് ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല''(മുസ്ലിം).
രോഗങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ജീവിതം മുസ്ലിമിന് അചിന്തനീയമാണ്. ''ഐഹിക ലോകം വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ പൂന്തോപ്പുമാണ''(ഹദീസ്). രോഗം നല്‍കിയ തമ്പുരാന് അത് സുഖപ്പെടുത്താനും അറിയാം. വിശ്വാസിയുടെ ക്ഷമ പരീക്ഷിക്കുകയെന്നത് അല്ലാഹുവിന്റെ പരിധിയില്‍ പെട്ടതാണ്.
നബി(സ) പറഞ്ഞു: ''അല്ലാഹു ഒരു രോഗവും അതിന് ശമനം കണ്ടെത്തിയിട്ടല്ലാതെ ഇറക്കിയിട്ടില്ല''(ബുഖാരി). സംശയവും കലര്‍പ്പുമില്ലാത്ത ഹൃദയത്തോടെ അല്ലാഹുവും അവന്റെ ദൂതരും നിര്‍ദ്ദേശിച്ച മാര്‍ഗത്തിലൂടെ ചികിത്സ നടത്തുക. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ജോത്സ്യനെയും മാരണക്കാരനെയും സമീപിക്കുന്നവര്‍ അവരുടെ പാരത്രിക മോക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. വാസിലഃ (റ)യില്‍നിന്ന്: ''ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും ശേഷം എന്തെങ്കിലും ചോദിക്കുകയും ചെയ്താല്‍ അവന്റെ നാല്‍പത് ദിവസത്തെ തൗബഃ തടയപ്പെടുന്നതാണ്. ജോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ചാല്‍ അവന്‍ അവിശ്വാസിയായി'' (ത്വബ്റാനി).
ഖേദകരമെന്ന് പറയട്ടെ, ഇതൊക്കെ പറഞ്ഞും പഠിപ്പിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട പണ്ഡിതന്മാരും പുരോഹിതന്‍മാരും അക്ഷന്തവ്യമായ വീഴ്ചയാണ് ഈ രംഗത്ത് കാണിച്ചുകൊണ്ടിരിക്കുന്നത്. അദൃശ്യസൃഷ്ടികളായ ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് അവരുടെ ബുദ്ധിയെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുമെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന കാലഘട്ടമാണിത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെയും ചിന്തയെയും കര്‍മശേഷിയെയും ജിന്ന് അവതാളത്തിലാക്കുമെന്ന് ഇവര്‍ ജല്‍പിക്കുന്നു. ജിന്ന് മനുഷ്യരെ വിവാഹം കഴിക്കുമെന്നു പ്രചരിപ്പിക്കുന്നു!
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പറയുന്നു: പിശാചിന് ആദം സന്തതികളോടുള്ള ശത്രുത, ദുര്‍ബോധനത്തിന്റെയും വഞ്ചനയുടെയും അപ്പുറത്തേക്കു കടക്കുന്നില്ല എന്നതാണ് ഖുര്‍ആന്റെ വിശദീകരണം. ഈ വചനം അതിലേക്കു വിരല്‍ ചൂണ്ടുന്നു: അവരില്‍നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. (ഇസ്റാഅ് 64)
പ്രത്യക്ഷത്തില്‍ പിശാച് മനുഷ്യനോടു അക്രമം ചെയ്യുമെന്നല്ല ഈ വചനം വ്യക്തമാക്കുന്നത്. അശ്രദ്ധരായി ജീവിക്കുന്നവരുടെ ചിന്തയെ കീഴ്പ്പെടുത്താന്‍ പിശാചിനു കഴിയുമെന്നാണ് ഇതിന്റെ ധ്വനി. മനുഷ്യനെ ശാരീരികമായി കീഴ്പ്പെടുത്താന്‍ പിശാചിനാകില്ലെന്ന സത്യം മറ്റു ചില വചനങ്ങളില്‍ വ്യക്തമാണ്: ''കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദത്തം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. (ഇബ്റാഹീം 22)
തീര്‍ച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്‌ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. അവന് (ഇബ്‌ലീസിന്) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. (സബഅ് 20,21)
പിശാചിന്റെ അധികാരം മനുഷ്യഹൃദയത്തിലെ ദുര്‍ബോധനത്തിലും വഞ്ചനയിലും പരിമിതമാണെന്നു ഈ വചനങ്ങളെല്ലാം ബോധ്യപ്പെടുത്തുന്നു. പള്ളിയിലേക്കു പടികയറുന്നവന്റെ പിറകില്‍ പിടിച്ചുവലിക്കാന്‍ പിശാചിനാവില്ല. ലഹരി ബാധിതനെ ഏതെങ്കിലും മദ്യഷോപ്പില്‍ കൊണ്ടുപോയി മദ്യപിപ്പിക്കാനും പിശാച് അശക്തനാണ്. തന്ത്രവും അതിലൂടെ വഞ്ചനയുമാണ് മനുഷ്യനെ വശീകരിക്കാനുള്ള പിശാചിന്റെ ആയുധം. അതിലപ്പുറം ജിന്നുവര്‍ഗത്തില്‍ പെട്ട പിശാചിന് യാതൊരു കഴിവുമില്ല.
ജിന്ന് മനുഷ്യരില്‍ പ്രവേശിച്ച് അവരെ ഉപദ്രവിക്കുമെന്ന് പൂര്‍വകാലഘട്ടങ്ങളിലെ മുസ്‌ലിം പണ്ഡിതരൊന്നും വാദിച്ചിരുന്നില്ല. പിശാച് ബാധിച്ചതായി അവകാശപ്പെടുന്നവര്‍ ചികിത്സക്കായി ദജ്ജാലുകളെ സമീപിക്കു ന്നതിനു പകരം ഭിഷഗ്വരന്‍മാരെ സന്ദര്‍ശിക്കുക യാണു വേണ്ടതെന്നു വ്യക്തം.
ദുര്‍മന്ത്രണം അതിജീവിക്കല്‍
ഒരു മുസ്‌ലിമിന്റെ ശരീരത്തില്‍ ജിന്നു പ്രവേശിക്കുകയോ അധികാരം ചെലുത്തുകയോ ചെയ്യുന്നില്ല. അവന്റെ അധീശത്വം ദുര്‍മന്ത്രണ ത്തിലും വഴികേടിലാക്കലിലും മാത്രമാണ്. അപ്പോള്‍ പൈശാചിക മന്ത്രണത്തില്‍ നിന്നും നമ്മുടെ മനസ്സിനെ എപ്രകാരമാണു സംരക്ഷിക്കുക?
ഈജിപ്തിലെ മുന്‍ മുഫ്തി ഡോ. ഫരീദ് ഇതിനു മറുപടി നല്‍കുന്നു. മതത്തിന്റെ നിര്‍ബന്ധ കാര്യങ്ങള്‍ ഇഖ്ലാസോടെ നിര്‍വഹിക്കുന്നവരില്‍ പിശാചിനു യാതൊ രു ഭ്രംശവും ഉണ്ടാക്കാന്‍ സാധ്യമല്ല. അല്ലാഹുവിലുള്ള വിശ്വാസം സുദൃഢവും യാഥാര്‍ഥ്യവുമായിരിക്കണം. ചിലര്‍ ഇറക്കുമതി ചെയ്യുന്ന കെട്ടുകഥകള്‍ സ്പര്‍ശിക്കാത്ത സ്വതന്ത്രചിന്ത വേണം എന്നുമാത്രം. അല്ലാഹുവിന്റെ ഔദാര്യത്തിലും അപാരമായ അനുഗ്രഹങ്ങളിലും പെട്ടതാണ് ആരാധനയിലും അനുസരണയിലും ആത്മാര്‍ഥത പുലര്‍ത്തുക എന്നത്. ഭക്തിയോടും സദാചാരത്തോടും കൂടി ബാധ്യതകള്‍ നിര്‍വഹിക്കുന്നുവെങ്കില്‍ പൈശാചികത പിറവിയെടുക്കില്ല സൂറത്തു ഹിജ്റിലെ 39 മുതല്‍ 42 വരെയുള്ള വചനങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്‌കളങ്കരായ ദാസന്‍മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്. തീര്‍ച്ചയായും എന്റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.
പാപങ്ങളെ അലങ്കാരമാക്കി പ്രലോഭിപ്പിച്ചു മനുഷ്യനെ കുടുക്കാനുള്ള പിശാചിന്റെ നിതാന്ത ശ്രമം ആത്മാര്‍ഥതയോടെ ആരാധനകള്‍ നിര്‍വഹിക്കുന്ന വിശ്വാസികളില്‍ വിലപ്പോകില്ല. എന്റെ നീതി, ആധിപത്യം, കാരുണ്യം എന്നിവ നിറഞ്ഞുനില്‍ക്കുന്ന നേരായ പന്ഥാവ് പിന്‍തുടരുകയാണ് അഭികാമ്യമെന്ന് അല്ലാഹു പിശാചിനുള്ള മറുപടിയിലൂടെ സ്ഥിരപ്പെടുത്തുന്നു. പിശാചിനെ പിന്‍പറ്റുന്നവര്‍ക്ക് മാത്രമാണ് വഴികേടും അതിലൂടെ നരകവും ലഭിക്കുക.
മനുഷ്യനില്‍ മാര്‍ഗഭ്രംശം വരുത്താനും ആശയക്കുഴപ്പമുണ്ടാക്കാനും ജിന്നുകളിലും മനുഷ്യരിലും ഉള്‍പ്പെട്ട പിശാചുക്കള്‍ എല്ലാ സ്ഥലങ്ങളിലും വിഹരിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുകയാണു പ്രഥമ പടി. പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ ഉരുവിട്ടു രക്ഷതേടുകയാണ് വിശ്വാസികള്‍ക്ക് അഭികാമ്യം. യാതൊരു അടിസ്ഥാനവുമില്ലാത്ത കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും അഭിരമിക്കുന്നതിനു പകരം സുരക്ഷിതത്വം നല്‍കുന്ന നേരായ മാര്‍ഗം അനുധാവനം ചെയ്യുകയാണ് വേണ്ടത്.
ഒരു കാലത്ത് ഭൗതിക ചികിത്സ പരാജയപ്പെട്ട പല രോഗങ്ങള്‍ക്കും പില്‍ക്കാ ലത്ത്മരുന്നു കണ്ടുപിടിക്കുകയും രോഗകാ രണം അജ്ഞാതമായ പല രോഗങ്ങ ളുടെയും രോഗകാരണങ്ങള്‍ ശാസ്ത്രം കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പല രോഗങ്ങള്‍ക്കും ശാസ്ത്രം മരുന്നു കണ്ടുപിടിച്ചിട്ടില്ല. രോഗ കാരണം അജ്ഞാത മായ കാലം വരെ ആ രോഗം ഉണ്ടാക്കിയതു പിശാചാണ്. രോഗകാരണം മനസ്സിലാക്കിയാല്‍ പിശാച് ഉണ്ടാക്കിയതുമല്ല. നബി(സ)യുടെ കാലത്ത് ഭൗതിക ചികിത്സ കണ്ടുപിടിക്കാത്ത പല രോഗങ്ങള്‍ക്കും ഇന്ന് ഭൗതിക ചികിത്സ കണ്ടുപിടിച്ചു. അപ്പോള്‍ പ്രസ്തുത രോഗങ്ങള്‍ നബി(സ)യുടെ കാലത്ത് ജിന്ന് ബാധമൂലവും ഇന്ന് ജിന്ന്ബാധ മൂലവുമല്ലാതായിത്തീരുന്നു1
പിശാചിന്റെ എല്ലാതരം ബാധയും അല്ലാഹു എന്ന ചിന്തയുണ്ടായാല്‍ വിട്ടുമാറുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പ്രസ്താവിക്കുന്നു (ഉദാ: അഅ്റാഫ് 201) ഈ സൂക്തങ്ങളുടെ മുന്നില്‍ പിശാചിനെ ഇറക്കുവാന്‍ വേണ്ടി ചെയ്യുന്ന റുഖ്യ ശറഇയ്യക്ക് എന്ത് പ്രസക്തിയാണുള്ളത്? തല്ലിയാല്‍ ഇറങ്ങുന്ന സാധനമാണോ പിശാച്? ഇത് ഏത് ഹദീസിലാണ് പ്രസ്താവിച്ചത്? ബാങ്കിന്റെ ശബ്ദം കേട്ടാല്‍ പിശാച് ഓടിയൊളിക്കുമെന്ന് നബി(സ) പറയുന്നു (ബുഖാരി). അപ്പോള്‍ റുഖ്യ ശറഇയ്യ എന്ന നിലക്ക് രോഗിയുടെ അടുത്തുവെച്ച് ബാങ്ക് വിളിക്കുകയല്ലേ ചെയ്യേണ്ടത്? ഇതും ചികിത്സയുടെ ഇനമായി ഇവര്‍ അംഗീകരിച്ചിട്ടുണ്ടോ? വസൂരിക്കെതിരെ പണ്ട് കൂട്ടബാങ്ക് വിളിച്ചിരുന്നല്ലോ. ആ വിവരക്കേട് പുനരുജ്ജീവിപ്പിക്കുകയാണോ?
ജിന്നിറക്കല്‍ എന്ന പേരില്‍ ഏതാനും ചില വ്യക്തികള്‍ ചെയ്യുന്ന ചികിത്സ വഞ്ചനയും ചതിയുമാണെന്നും അതില്‍ യാഥാര്‍ഥ്യമില്ലെന്നും അവരുടെ തന്നെ മനസ്സാക്ഷി പറയുന്നില്ലേ? ജിന്നുവാദികള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചാല്‍ ഈ ചികിത്സകൊണ്ട് മതിയാക്കുമോ? ജിന്നിറക്കല്‍ ചികിത്സയുടെ കൂടെ ഭൗതിക ചികിത്സയും ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടോ? നബി(സ)യേക്കാള്‍ ജിന്നിറക്കല്‍ ചികിത്സ അറിയുന്നവര്‍ ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നു എന്നതാണ് മറുപടിയെങ്കില്‍ ജിന്നിറക്കല്‍ ചികിത്സ ഭൗതികമായ വിഷയമാണോ? അതല്ല മതപരമായ വിഷയമോ?
നബി(സ)യേക്കാള്‍ മതവിഷയം മറ്റുള്ളവര്‍ അറിഞ്ഞിരുന്നുവോ? നബി(സ) മറ്റുള്ളവരെക്കൊണ്ട് തനിക്ക് കൊമ്പ് വെപ്പിക്കുകയും കൊമ്പ് വെച്ചവന് കൂലി കൊടുക്കുകയും ചെയ്തത് ഹദീസുകളില്‍ കാണുന്നു. എന്നാല്‍ ജിന്നിറക്കല്‍ ചികിത്സ മറ്റുള്ളവരെ കൊണ്ട് നബി(സ) തനിക്കോ ഭാര്യമാര്‍ക്കോ ചെയ്യിപ്പിച്ചത് ഹദീസിലുണ്ടോ? രോഗമായാല്‍ ചികിത്സിക്കാനും അല്ലാഹുവിനോടു രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കാനും നബി(സ) നിര്‍ദേശിക്കുന്നു. ഈ പ്രാര്‍ഥനയില്‍ നിന്ന് എങ്ങനെയാണു ജിന്നിറക്കല്‍ ചികിത്സ കണ്ടുപിടിച്ചത്? പിശാച് ബാധ മുഖേന ഉണ്ടായ രോഗത്തിന് മാത്രമാണോ ജിന്ന് ചികിത്സ നടത്തേണ്ടത്? മറ്റു രോഗങ്ങള്‍ക്ക് ഇത് ഉണ്ടോ? നബി(സ) പറഞ്ഞിട്ടുണ്ടോ ജിന്ന് ചികിത്സ നടത്തേണ്ടത് പിശാച് കൂടിയ രോഗത്തിനാണെന്ന്? ഭൗതികരോഗത്തിന് നബി(സ) റുഖ്യ ശറഇയ്യാ നടത്തിയിട്ടുണ്ടോ?