ആശുപത്രിക്കുറിപ്പടികള്‍

കെ.വൈ.എ No image

ആശുപത്രി രസമാണ്‌- നിങ്ങളല്ല രോഗിയെങ്കില്‍. രോഗിയെ മുന്നില്‍ നിര്‍ത്തി ഒരുങ്ങുമ്പോഴേ ഒരു വിനോദയാത്ര മണക്കും. മൂന്നു മാസത്തിലൊരിക്കലെങ്കിലും അത്യാവശ്യം വസ്‌ത്രങ്ങളും മറ്റുമെടുത്ത്‌ ഒടുവില്‍ വീണ്ടുവിചാരമെന്നോണം രോഗിയെ കൂടി കാറില്‍ പിടിച്ചു കയറ്റി ഒരു പോക്കാണ്‌.
വിനോദ -പഠനയാത്രക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം വേണ്ടി വരും. നല്ല ആസൂത്രണം അത്യാവശ്യം. വീട്ടില്‍ തല്‍ക്കാലം കാവല്‍ നില്‍ക്കാന്‍ ആളുവേണം. ആശുപത്രിയിലും തൊട്ടടുത്തുമായി അനുബന്ധ താമസ സൗകര്യങ്ങള്‍ ബുക്ക്‌ ചെയ്യണം. പാചകത്തിനാവശ്യമായ ഉരുപ്പടികള്‍ വാങ്ങി ഭദ്രമായി ഭരണികളിലും സഞ്ചികളിലും പാക്ക്‌ ചെയ്യണം. ഈ വസ്‌തുക്കളെപ്പോ ലെത്തന്നെ മൊത്തം യാത്രാ- താമസപരിപാടിക്ക്‌ അത്യാവശ്യഘടകമായതിനാല്‍ രോഗിയെ കൂട്ടാന്‍ മറക്കുകയുമരുത്‌.
ആശുപത്രിയില്‍ ചരിത്ര പ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശി ക്കാനുണ്ടാകും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള യൂറിനല്‍, വിവിധതരം അപൂര്‍വ ഷഡ്‌പദങ്ങളുടെ ശേഖരമുള്ള കാന്റീന്‍, പഴന്തുണിയും പ്ലാസ്റ്റിക്കും പഴകിയ അഴുക്കുജലവുമെല്ലാം മുറികള്‍ക്കു പുറത്ത്‌ ഭദ്രമായി സൂക്ഷിച്ചു വെച്ച നിഗൂഢ അറകള്‍...
എല്ലാം രസമാണ്‌, രോഗികള്‍ക്കൊഴിച്ച്‌. പക്ഷേ രോഗികളുടെ കൂട്ടായ്‌മയും ഉണ്ടെന്ന്‌ കുഞ്ഞൂട്ടി കണ്ടെത്തി. ടെസ്റ്റ്‌ലാബിലും വാര്‍ഡിലും മറ്റുമായി അവര്‍ സ്വന്തം നേട്ടങ്ങള്‍ പങ്കുവെക്കും.
ആഴ്‌ചയില്‍ നാലാം തവണയും ഡോക്ടര്‍ രക്തപരിശോധനക്ക്‌ കുറിച്ചപ്പോള്‍ ഉള്ളിലൊതുക്കിയ കൃതജ്ഞതയോടെ കുഞ്ഞൂട്ടി ഒന്നു ചിരിച്ചു. ഓരോ തവണയും നീണ്ട സിറിഞ്ചില്‍ അവര്‍ ഊറ്റിയെടുത്ത രക്തത്തിന്‌ കണക്കില്ല. ആശുപത്രിക്കാര്‍ക്ക്‌ രക്തബാങ്കിനു പുറമെ സ്വിസ്‌ അക്കൗണ്ടും കാണും.
രക്തം എത്രയുമെടുക്കുന്നതില്‍ എതിപ്പില്ല. ഒരു നിബന്ധനയുണ്ട്‌. കിടക്കയില്‍ വെച്ചാവരുത്‌. ലാബിലേക്ക്‌ കൊണ്ടു പോകണം.
യൂനിഫോമിട്ട ജീവനക്കാര്‍ വരും. ചക്രക്കസേരയില്‍ അവരങ്ങനെ ഉന്തിക്കൊണ്ടു പോകും. പലതരം ക്യൂകള്‍ക്കിടയിലൂടെ അതിലിരുന്നങ്ങനെ പോകുന്നത്‌ ഒരു ഗമയാണ്‌.
വെറും രക്തത്തിന്‌ പലതരം ഇംഗ്ലീഷ്‌ പേര്‌ കൊടുത്ത്‌ തറവാടിത്തം പകരുന്ന സ്ഥലമാണ്‌ ലാബ്‌. ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട്‌ നോക്കൂ; അതില്‍ രക്തം എന്ന വാക്ക്‌ ഉണ്ടാവില്ല. ഇത്ര ശതമാനം ആല്‍ബുമിന്‍, ഇത്ര ശതമാനം എറിത്രോസൈറ്റുകള്‍, ഇത്ര ലൂക്കോ സൈറ്റുകള്‍, ഡെക്‌ട്രോസ്‌ എന്നൊക്കെ അതു പറഞ്ഞു തരും. രക്തം ആരുടെതായാലും അതിനൊരു ആഗോളനിലവാരമുണ്ടെന്ന്‌ മനസ്സിലാവുക അപ്പോഴാണ്‌.
രോഗികള്‍ക്ക്‌ രസം തോന്നുന്ന ഒരു സ്ഥലം ആശുപത്രി ലാബാണ്‌. ഇരകളുടെ സംഗമ വേദിയാണത്‌. രോഗികള്‍ അവിടെ വീല്‍ ചെയറിലും രക്തമൂറ്റ്‌ സീറ്റിലുമൊക്കെ ഇരുന്നങ്ങനെ കുശലങ്ങള്‍ കൈമാറും.
``എന്റെ കേസ്‌ കോംപ്ലിക്കേറ്റഡാണത്രെ''- ലക്ഷ്‌മി അല്‍പം അഭിമാനത്തോടെ പറയും. ``മൂന്ന്‌ ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടും മനസ്സിലായിട്ടില്ല.''
``ഓ അത്രക്കൊന്നും ഇല്ല. പനിയൊന്നുമില്ലല്ലോ?'' ശാരദക്കുട്ടി വിട്ടുകൊടുക്കില്ല. ``എനിക്കിന്നലെ 106 ഡിഗ്രിയായി. വാര്‍ഡിലെ റെക്കോഡാണത്രെ.''
ലാബ്‌ പരിശോധയില്‍ ``നോര്‍മല്‍'' റിസള്‍ട്ട്‌ കിട്ടിയവര്‍ക്ക്‌ പൊതുവെ നിരാശയാണ്‌. ആശുപത്രിയിലെ ജാതിവിവേചനം തന്നെ കാരണം. ഒരു രോഗവുമില്ലെന്നെങ്ങാനും തെളിഞ്ഞാല്‍ അയാള്‍ അയിത്ത ജാതിയാകും. അയാളോട്‌ വിശേഷം പറയാന്‍ മറ്റുള്ളവര്‍ അറക്കും. മറിച്ച്‌ ബാക്കി ഡെര്‍മിയയും ഹൈപര്‍പൈറക്‌സിയയും ഒപ്പം ഹാര്‍ട്ട്‌ ത്രോംബോസിസും കൂടെ ശ്വാസകോശത്തിന്‌ ഹിസ്റ്റോപ്ലാസ്‌മോസിസുമൊക്കെയായി എത്തിയാള്‍ക്ക്‌ രാജകീയ സ്വീകരണമാണ്‌ കിട്ടിയത്‌. പലരും ആ തീയതി ഡയറിയില്‍ കുറിച്ചു വെക്കുന്നുണ്ടായിരുന്നു.
ലാബില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ കിട്ടുമ്പോഴേ ഹൈപര്‍ ടെന്‍ഷന്‍കാരന്‍ ഇടത്തും വെസിക്കുലര്‍ എംഫിസീമിയക്കാരന്‍ വലത്തും ഹൈപോഗ്ലൈസീമിയക്കാരന്‍ മുന്നിലുമായി കൂട്ടം കൂടി നിന്ന്‌ റിസള്‍ട്ട്‌ ഷീറ്റ്‌ പിടിച്ചു വാങ്ങും. ``നോര്‍മല്‍'' വാക്കെങ്ങാനും കണ്ടാല്‍ അവരുടെ ചുണ്ടില്‍ പുച്ഛം നിറഞ്ഞ നേരിയ ചിരി വിടരും. ഒരു വരട്ടുചൊറി പോലുമില്ലേ എന്ന്‌. ആ ചിരി ചോദിക്കും.
അപ്പോള്‍ നിങ്ങള്‍ക്കും തോന്നും, ടെസ്റ്റിനു കൊടുത്ത മുന്നൂറു രൂപ വെറുതെയായല്ലോ, എന്ന്‌.
വന്‍ പ്രതീക്ഷകളോടെ എത്തിയ കേശവന്‍ അപമാനിതനായതും ലാബില്‍ വെച്ചു തന്നെ. സഹരോഗികള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കെ ലാബ്‌ നഴ്‌സ്‌ കൗണ്ടറില്‍ വന്ന്‌ പറഞ്ഞു; ``മുണ്ടി നീരാണ്‌''
കേട്ടുനിന്നവര്‍ക്കിടയില്‍ ഒരു പരിഹാസച്ചിരി തത്തിക്കളിച്ചു നടന്നു. മുണ്ടിനീര്‌! ഹ!
ഒന്നു പൊരുതി നോക്കാന്‍ തോന്നി കേശവന്‌. ``മംപ്‌സല്ലേ?'' അയാള്‍ ദീനമായി ചോദിച്ചു.
- അതു തന്നെ; പക്ഷേ മലയാളത്തില്‍ മുണ്ടി നീരെന്ന്‌ പറയുമെന്ന്‌ നഴസ.്‌്‌ ഇംഗ്ലീഷിലും പറയാമല്ലോ എന്ന്‌ അയാള്‍. ഇംഗ്ലീഷില്‍ പറഞ്ഞാലും മുണ്ടിനീര്‌ മുണ്ടിനീര്‌ തന്നെയെന്നവര്‍. മംപ്‌സ്‌ എന്ന പേരറിയാത്ത ലാബ്‌ എന്തു ലാബാണെന്ന്‌ അയാള്‍. മുണ്ടി നീരുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ ദേഷ്യം വരുമെന്നും അത്‌ മുണ്ടിനീരിന്റെ കുഴപ്പമാണെന്നും മുണ്ടിനീര്‌ മാറിയാല്‍ ശരിയാകുമെന്നും അവര്‍.
വിജ്ഞാനപ്രദമായ ഒരു ആരോഗ്യസിമ്പോസിയം. രോഗത്തിലെന്ന പോലെ ടെസ്റ്റിലുമുണ്ട്‌ ജാതിപക്ഷഭേദം. സ്റ്റെത്തും പള്‍സ്‌ നോട്‌സുമെവിടെ, എന്‍ഡോസ്‌കോപ്പിയും ഹോള്‍ ബോഡീ സ്‌കാനിങ്ങുമെവിടെ!
ഈ മുന്തിയ തരം പരീക്ഷണങ്ങള്‍ക്ക്‌ ഫലമുണ്ട്‌. പണ്ടൊക്കെ പനിപിടിച്ച്‌ ഡോക്ടറെ കണ്ടാല്‍ ന്യുമോണിയക്ക്‌ ചികിത്സിക്കും; രോഗി മഞ്ഞപ്പിത്തം കൊണ്ട്‌ മരിക്കും. ടെസ്റ്റുകള്‍ വന്നതോടെ ന്യുമോണിയക്ക്‌ ചികിത്സിച്ചാല്‍ അതുകൊണ്ടു തന്നെ മരിക്കും. തെറ്റുകള്‍ വളരെ കുറഞ്ഞെന്നു സാരം.
സ്‌പെഷ്യലൈസേഷനാണ്‌ മറ്റൊരു മുന്നേറ്റം. നിങ്ങള്‍ ചെറിയ പല്ലുവേദനയുമായി ദന്തഡോക്ടറെ കാണാന്‍ ചെല്ലുന്നു. ഇടത്ത്‌ മുകളിലെ അണപ്പല്ലിന്റെ വിദഗ്‌ധനും വലത്ത്‌ ചുവട്ടിലെ ഉളിപ്പല്ലിന്റെ വിദഗ്‌ധനും മറ്റും വട്ടം കൂടിനിന്ന്‌ ചര്‍ച്ച ചെയ്യും.
എന്താണ്‌ ഡയഗ്‌നോസിസ്‌ എന്നറിയാന്‍ നിങ്ങള്‍ അടുത്തേക്ക്‌ ചെന്ന്‌ ഒളിച്ചു ശ്രദ്ധിക്കും.
``കുറെക്കൂടി ശ്രദ്ധിക്കണം നമ്മള്‍'' എന്ന്‌ ഒരാള്‍ പറയുന്നു. ``അടുത്ത മാസമാണ്‌ അസോസിയേഷന്റെ വാര്‍ഷികം. സ്‌പോണ്‍സറെ കിട്ടിയിട്ടില്ല...''
കാത്തിരിപ്പ്‌ വെറുതെയായെന്ന്‌ നിങ്ങളപ്പോള്‍ കരുതേണ്ടതില്ല. ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ രോഗത്തിന്റെ പേരാണ്‌ നിങ്ങളാ കേട്ടത്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top