റ്റാറ്റയുടെ സ്വന്തം ഫാബി

ശശികുമാര്‍ ചേളന്നൂര്‍ No image

``എല്ലാം ഞങ്ങള്‍ നിങ്ങളില്‍ സമര്‍പ്പിച്ചിരിക്കുകയാണ്‌. നിങ്ങള്‍ക്കുള്ളതാണകിലവും. നിങ്ങള്‍ തന്നെയാണഖിലവും. പോകുക? ഉജ്ജ്വല ഗംഭീരങ്ങളായ സംഗ്രാമഗീതങ്ങളാല്‍ പ്രപഞ്ചത്തെ ഞെട്ടിച്ചുണ്ണര്‍ത്തി കൊണ്ട്‌, അവസാനിക്കാത്ത ധീര പ്രവൃത്തികളാല്‍ ലോകത്തെ പുതുക്കിക്കൊണ്ട്‌ ആശയും ആവേശവും നിറഞ്ഞ യുവത്വമേ പോവുക! മുന്നോട്ട്‌!
വൈലാല്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മംഗളാശംസകള്‍ മനസ്സില്‍ അലയടിക്കുകയായിരുന്നു.
മുസ്‌ലിംകള്‍ വിദ്യാഭ്യാസം ചെയ്‌താല്‍ കാഫിറായിപ്പോകുമെന്ന്‌ പ്രസംഗിച്ചും വിദ്യാഭ്യാസത്തിന്‌ പോകുന്നവരെ കുറ്റപ്പെടുത്തിയും വിലസുന്ന കാലം. ബഷീറിനെ ബാപ്പ ആദ്യം തലയോലപ്പറമ്പ്‌ മുഹമ്മദന്‍ സ്‌കൂളിലും പിന്നീട്‌ വെക്കം ഇംഗ്ലീഷ്‌ ഹൈസ്‌കൂളിലും ചേര്‍ത്തു പഠിപ്പിച്ചു.
ബഷീര്‍ ഫിഫ്‌ത്ത്‌ ഫോമില്‍ പഠിക്കുമ്പോഴായിരുന്നു വൈക്കം സത്യാഗ്രഹം. ഉപ്പുസത്യാഗ്രഹത്തില്‍ സമരഭടനായി പോലീസ്‌ മര്‍ദ്ദനത്തിനിരയായി. കോഴിക്കോട്‌ കണ്ണൂര്‍ ജയിലുകളിലും കിടന്നു.
ജയില്‍ മോചിതരായവരെ ഗവണ്‍മെന്റ്‌ പിന്നേയും വേട്ടയാടാന്‍ ആരംഭിച്ചപ്പോള്‍ ബഷീര്‍ പിടികൊടുക്കാതെ നാടു വിട്ടു. ഇത്തവണയും കാളവണ്ടി തന്നെയാണ്‌ കയറിയത്‌. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. അറേബ്യയിലും ആഫ്രിക്കയുടെ തീരങ്ങളിലും എത്തി. പല ജോലികളും ചെയ്‌തു. പല ഭാഷകള്‍, പല തരക്കാരും പല വര്‍ഗക്കാരുമായ ജനങ്ങള്‍. വിചിത്രമായ അനുഭവങ്ങള്‍. ബഷീറിലെ എഴുത്തുകാരനെ ഗൃഹപാഠം മുഴുവന്‍ പഠിപ്പിച്ചത്‌ ഈ യാത്രകളാണ്‌.
ബഷീറിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങി.
``ചെറുപ്പകാലം മുതല്‍ എഴുതാനുള്ള പ്രേരണ ഉണ്ടായിരുന്നു എന്നാണെനിക്കു തോന്നുന്നത്‌. അന്നൊരിക്കല്‍ ഞാന്‍ വായിച്ച കഥകളിലെ നീച കഥാപാത്രങ്ങളെല്ലാം മുസ്‌ലിംകളായിരുന്നു. കള്ളന്മാര്‍, കൊലപാതകികള്‍, ആഭാസന്മാര്‍, പിടിച്ചുപറിക്കാര്‍, എല്ലാം പാവം മുസ്‌ലിംകള്‍. പരിശുദ്ധനായ എനിക്കു വിഷമം തോന്നി. വലുതാവുമ്പം മുസ്‌ലിംകളെ നല്ലവരാക്കി ചിത്രീകരിച്ചുകൊണ്ട്‌ എഴുതണമെന്ന്‌ വിചാരിച്ചു. അങ്ങനെയാണ്‌ എഴുതിത്തുടങ്ങിയത്‌. എഴുത്തുകാരനായത്‌.''
ഞാന്‍ ബഷീറിന്റെ വീട്ടുപടിക്കലെത്തി. റോഡില്‍ നിന്നിറങ്ങി ഭൂമിയുടെ അവകാശികള്‍ സ്വഛന്ദം വിഹരിക്കുന്ന ഇടവഴിയിലെ, തലേന്ന്‌ പെയ്‌ത മഴ നിറച്ചുവെച്ച ചെളിവെള്ളത്തിലൂടെ നടക്കുമ്പോള്‍ എന്റെ കാതുകളില്‍ മുഴങ്ങിയത്‌, ബേപ്പൂര്‍ സുല്‍ത്താന്റെ ശബ്ദമല്ലോ? അപ്പോള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്റെ സാന്നിധ്യം ഇപ്പോഴും ഇവിടെയെല്ലാമുണ്ട്‌. ഞാന്‍ ഗെയ്‌റ്റ്‌ തുറന്ന്‌ മുറ്റത്തെത്തിയപ്പോള്‍ ബഷീറിന്റെ പ്രിയതമ ഫാബി ബഷീര്‍ കയറിയിരിക്കാന്‍ പറഞ്ഞു.
പതുക്കെ നടന്ന്‌ വന്ന്‌ അവര്‍ എനിക്കെതിരെയുള്ള കസേരയിലിരുന്നു.
``കാലിന്‌ ചെറിയ വേദനയുണ്ട്‌. അതുകൊണ്ട്‌ നടക്കാന്‍ പ്രയാസമുണ്ട്‌. അതാ ഇങ്ങനെ...''
സ്വന്തം കാലുകള്‍ തടവിക്കൊണ്ടവര്‍ പറഞ്ഞു. ശാരീരിക പ്രായാസങ്ങള്‍ അലട്ടുമ്പോഴും ഫാബീബഷീറിന്റെ മുഖം പ്രസന്നമായിരുന്നു.
``റ്റാറ്റായുടെ കൃതികള്‍ ഇനി കണ്ണ്‌ കാണാത്തവര്‍ക്കും വായിക്കാന്‍ വേണ്ടി ബ്രെയ്‌ന്‍ ലിപിയിലാക്കാന്‍ പോവുകയാണ്‌. മീഞ്ചന്ത ഗവണ്‍മെന്റ്‌ വെക്കേഷണല്‍ ഹയര്‍ സെകന്ററി സ്‌കൂളിലെ അധ്യാപകന്‍ വി.ടി മുസ്‌തഫയും സഹപ്രവര്‍ത്തകരുമാണ്‌ അത്‌ ചെയ്യുന്നത്‌. അവരെല്ലാവരും ഇതാ ഇപ്പോ പോയതെയുള്ളൂ. മാഷുമാരും കുട്ട്യോളും പത്രക്കാരും എല്ലാം കൂടി കുറെ ആളുകളുണ്ടായിരുന്നു. ഇത്‌ കേട്ടപ്പം റ്റാറ്റായുടെ ചങ്ങാതി നടന്‍ മാമുക്കോയയുമെത്തി.''
അല്‍പനേരം നിശബ്ദമായശേഷം ഫാബി ബഷീര്‍ തുടര്‍ന്നു.
``റ്റാറ്റാ പോയിട്ട്‌ കൊല്ലങ്ങളായെങ്കിലും ഈ അന്വേഷണങ്ങളും ആള്‍ത്തിരക്കും കാണുമ്പോള്‍ ഇപ്പോഴും റ്റാറ്റ ഇവിടെയൊക്കെ ഉളതുപോലെയാണ്‌ തോന്നുന്നത്‌.''
റ്റാറ്റാ. എന്തുകൊണ്ടാണ്‌ ഭ്യാര്യയും മക്കളും മലയാളത്തിന്റെ എഴുത്തുകാരനെ ഇങ്ങനെ വിളിക്കുന്നതെന്ന ചോദ്യം എന്റെ മനസ്സിലുദിച്ചിട്ട്‌ കാലമേറെയായിരുന്നു. ചിരിച്ചുകൊണ്ടായിരുന്നു ഫാബീ ബഷീര്‍ അതിന്‌ മറുപടി പറഞ്ഞത്‌.
``മകള്‍ ഷാഹിന ജനിച്ചപ്പോള്‍ കോഴിക്കോടു നിന്ന്‌ വൈക്കത്തേക്ക്‌ താമസം മാറ്റി. അപ്പോഴേക്കും അദ്ദേഹം എഴുത്തുകാരനായി അറിയപ്പെട്ടിരുന്നു. അതുകൊണ്ട്‌ തന്നെ ബഷീറിന്റെ കുഞ്ഞിനെ കാണാനെന്നു പറഞ്ഞ്‌ ധാരാളം പേര്‍ വീട്ടില്‍ വരും. അവരെയെല്ലാം സല്‍ക്കരിച്ച്‌ യാത്രയയക്കാന്‍ നേരം മകളെ ചുമലിലിരുത്തിക്കൊണ്ട്‌ റ്റാറ്റാ കൊടുക്കാന്‍ പറയും. കുഞ്ഞ്‌ അതേറ്റ്‌ പറഞ്ഞ്‌ പറഞ്ഞ്‌ ഉപ്പയെ അവള്‍ റ്റാറ്റായെന്നു വിളിച്ചു.
``ഉപ്പ എന്നതിനു പകരം റ്റാറ്റായെന്നു വിളിക്കുന്നതുകേട്ട പലരും ഞങ്ങളെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ റ്റാറ്റാ എന്ന വാക്കില്‍ മംഗളമെന്നും താതനെന്ന ധ്വനിയുണ്ടെന്നും മനസ്സിലാക്കിയതോടെ അദ്ദേഹം മകളെ തിരുത്തിയില്ല. കുട്ടികളുടെ സ്‌നേഹ വായ്‌പോടുള്ള റ്റാറ്റാ എന്ന വിളിയായിരുന്നു അദ്ദേഹത്തിനിഷ്ടം.
ജീവിതം ആനന്ദവും ആഹ്ലാദവും മാത്രമല്ല സമ്മാനിക്കുന്നത്‌. ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും തീക്ഷ്‌ണമായ വേനല്‍ചൂടും വാരിവിതറാറുണ്ട്‌. അങ്ങനെ ഒരു വേനല്‍ക്കാലത്താണ്‌ അദ്ദേഹത്തിന്‌ മാനസിക അസ്വാസ്ഥ്യമുണ്ടായത്‌. മനസ്സ്‌ അസ്വസ്ഥമായിരിക്കുന്ന സമയത്താണ്‌ വീടിനടുത്തുള്ള പള്ളിയരക്കല്‍ ക്ഷേത്രത്തിലെ കുട്ടിച്ചാത്തന്‍ തിറ ചെണ്ട മേളങ്ങളോടെ വീടിന്‌ മുന്നിലൂടെ പോയത്‌. അതോടെ അദ്ദേഹത്തിന്റെ മനോനില തെറ്റി. കിടക്കക്കടിയില്‍ ചെകുത്താനുണ്ടെന്ന്‌ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം.
*** *** ***
ഒരു രാത്രിയില്‍ എനിക്കൊരു ഫോണ്‍ കോള്‍കിട്ടുന്നു. ബഷീറിന്‌ വീണ്ടും സുഖമില്ല. ആളുകള്‍ വീടിനു ചുറ്റും നില്‍ക്കുന്നുണ്ട.്‌ കഠാരയെടുത്ത്‌ അവരെ വിരട്ടിയോടിച്ചു. ബഷീറിന്റെ അടുത്തേക്ക്‌ ആര്‍ക്കും അടുക്കാന്‍ വയ്യ.
ഞാന്‍ പട്ടത്തുവിള കരുണാകരനെ അറിയിച്ചു. ഞങ്ങളൊക്കെ ബാലേട്ടനെന്നു വിളിക്കുന്ന പുതുക്കുടി ബാലകൃഷ്‌ണനെ വിളിച്ചു. കരുണാകരനും ഞാനും അദ്ദേഹത്തിന്റെ കാറില്‍ ബേപ്പൂരില്‍ എത്തിയപ്പോഴേക്കും ശാരീരികമായി ബഷീറിനെ നിയന്ത്രിക്കാന്‍ കരുത്തുള്ള ഒരാളെ തേടി ആദ്യം പുറപ്പെട്ട ബാലേട്ടന്‍, ആ കക്ഷി ഒഴിഞ്ഞു മാറിയെന്നറിയിച്ചുകൊണ്ട്‌ പിന്നില്‍ വന്നിറങ്ങി.
മുന്‍വശത്തും മുറ്റത്തും വെളിച്ചം. ഇടവഴിയിലും വേലിക്കു പുറത്തുമായി ജനം. ഗ്രാമീണ ധീരന്മാര്‍ കൈത്തണ്ടക്ക്‌ ഇരുമ്പുവടിക്കൊണ്ടടിച്ച്‌ കത്തി തെറിപ്പിച്ച്‌ പിടിച്ചു കെട്ടേണ്ട വിധം വേലിക്കടുത്ത്‌ നിന്ന്‌ ആസൂത്രണം ചെയ്യുന്നു.
``അടുത്തു പോകേണ്ട. എന്തും സംഭവിക്കും''
ആരെക്കെയോ ഞങ്ങളെ വിലക്കി.
``ഒന്നും സംഭവിക്കാത്തത്‌ പോലെ നമുക്ക്‌ കയറാം.'' കരുണാകരന്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും ശാരീരികമായി വളരെ ദുര്‍ബലരാണ്‌. പക്ഷേ, ഭയമുണ്ടായിരുന്നില്ല. മഴുത്താഴയും മുളവടിയും തേടുകയും തന്ത്രങ്ങളാലോചിക്കുകയും ചെയ്യുന്ന സ്ഥലത്തെ പ്രാധാന ധീരന്മാര്‍ക്ക്‌ ഈ മനുഷ്യനെ വിട്ടു കൊടുത്താല്‍ എന്തും സംഭവിക്കും. ഞങ്ങള്‍ നെഞ്ചിടിപ്പോടെ, പക്ഷേ, ഒരുതരം ധാര്‍മിക ശക്തിയുടെ പിന്തുണയോടെ, വളരെ അടുത്തു ചെന്നു. ഞാന്‍ എന്നും ചെയ്യാറുള്ള പോലെ ശകാരസ്വരത്തില്‍ ചോദിച്ചു.
``ഗുരു എന്താ ഈ കാട്ടുന്നത്‌? പാതിരയ്‌ക്ക്‌ മനുഷ്യനെ പേടിപ്പിക്കാനാണോ ഈ കത്തിയും കഠാരയുമായി നില്‍ക്കുന്നത്‌?''
പുനലൂര്‍ രാജന്‍ മാത്രമാണ്‌ വീട്ടിലുള്ളത്‌. അടുക്കാതെ തടത്തില്‍ നില്‍ക്കുകയാണ്‌ അസ്വസ്ഥനായ രാജന്‍.
കരുണാകരനും നേരത്തെ നിശ്ചയിച്ച പോലെ സ്‌നേഹത്തോടെ ശകാരിച്ചു.
ഞങ്ങളെ തിരിച്ചറിഞ്ഞു. ഓരോരുത്തരെയായി പേരുവിളിച്ചു. പിന്നെ പറഞ്ഞു.
``അവന്‍ പല രൂപത്തിലും വരും!''
താളം തെറ്റിയ മനസ്സാണ്‌ പറയുന്നത്‌.
ഞങ്ങള്‍ സംസാരിച്ചു. ചുറ്റുമായി ഇരുന്നു. ബഷീറും ഇരുന്നു.
``ദാഹിക്കുന്നു.''
രാജന്‍ ഇളനീര്‍ കൊണ്ടു വരാന്‍ ഇരുട്ടില്‍ മറഞ്ഞു.
അപ്പോള്‍ ഞങ്ങളെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രസ്‌താവന.
``ചിലപ്പോള്‍ അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും!''
എന്റെ ശ്രദ്ധ മുഴുവന്‍ ആ വലിയ കഠാരിയിലായിരുന്നു. ഒരു നിമിഷം അതു സൂത്രത്തില്‍ തട്ടിയെടുക്കണമെന്നുള്ള മോഹത്തില്‍ കൈനീട്ടിയപ്പോള്‍ കത്തി വായുവില്‍ ഉയര്‍ന്നു താണു. പൊടുന്നനെ കൈ പിന്‍വലിച്ച ഞാന്‍ അരിശവും രോഷവും ദുഃഖവും കലര്‍ന്ന്‌ ചോദിച്ചു.
``എന്താ ഈ ചെയ്‌തത്‌? ഇത്‌ ഞാനെല്ലേ, വാസുവല്ലേ?''
എന്നെ നോക്കി കുറെ നേരം അനങ്ങാതിരുന്ന ശേഷം പറഞ്ഞു.
``വാസു എന്നെ തൊടരുത്‌. ചിലപ്പോള്‍ ഞാനെന്തെങ്കിലും ചെയ്‌തു പോകും. അവന്‍ പല രൂപത്തിലും വരും.''
ഞങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു.
``എനിക്ക്‌ വയ്യ. തലയോലപ്പറമ്പില്‍ പോണം''
``പോകാലോ. ഷര്‍ട്ടെടുത്തിടൂ.''
കരുണാകന്‍ ഉടനെ പോകാമെന്ന്‌ സമ്മതിച്ചു. രാജന്‍ ഇളനീര്‍ കൊണ്ടു വന്നപ്പോള്‍ അകലെ വെക്കാന്‍ കല്‍പ്പിച്ചു. ``വരൂ ഷര്‍ട്ടെടുത്തിടൂ. പോകാം. നേരമൊരുപാടായി'' ഞങ്ങള്‍ പ്രേരിപ്പിച്ചു.
``അല്ലാഹുവിന്റെ ഖജനാവില്‍ സമയത്തിന്‌ ലോഭമില്ല. അന്തമായ സമയം.''
ഞങ്ങള്‍ ഒന്നും സംഭവിക്കാത്തത്‌ പോലെ തമാശ പറയാന്‍ ശ്രമിച്ചു. ആത്മവിശ്വാസം വളര്‍ത്താന്‍ ഓട്ടുപാത്രങ്ങള്‍ പോലെ കലമ്പല്‍ കൂട്ടി.
അവസാനം ബഷീര്‍ ഷര്‍ട്ടെടുത്ത്‌ ചുമലിലിട്ടു. ``എന്തിനാ ഈ കഠാരി? അതു താഴെയിടൂ.''
സമ്മതിച്ചില്ല. ഞങ്ങള്‍ സാവധാനത്തില്‍ ഇടവഴിയിലേക്കിറങ്ങി. വേലിക്കടുത്തു നിന്ന്‌ ഒരു നേര്‍ത്ത സ്‌ത്രീ ശബ്ദം എന്റെ പേര്‍ വിളിച്ചു. ശ്രീമതി ഫാബി ബഷീറാണ്‌.'' (എം.ടി വാസുദേവന്‍ നായര്‍)
****
ഇന്നലകളിലെ പൊള്ളുന്ന ഓര്‍മകള്‍ ഫാബി ബഷീറിന്റെ മുഖത്ത്‌ മിന്നി മറഞ്ഞു. വിഷയം മാറ്റാന്‍ ഞാന്‍ ചോദിച്ചു. ``നോമ്പ്‌, പെരുന്നാള്‍, ആഘോഷങ്ങള്‍ എല്ലാം എങ്ങനെയാണ്‌ റ്റാറ്റ നോക്കിക്കണ്ടത്‌?''
``ഓര്‍മവെച്ച നാള്‍ മുതല്‍ നോമ്പെടുക്കുന്ന ആളാണ്‌ ഞാന്‍. പാരമ്പര്യമായി എന്റെ കുടുംബാംഗങ്ങളെല്ലാം വിശ്വാസമുള്ളവരാണ്‌. ഇസ്‌ലാമിക ജീവിതം പാലിക്കുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത.്‌ എല്ലാ ഇസ്‌ലാമിക കാര്യങ്ങളും മക്കള്‍ പഠിക്കണമെന്ന്‌ റ്റാറ്റക്ക്‌ നിര്‍ബന്ധമായിരുന്നു. വര്‍ഗീയ ചിന്താഗതിക്കതീതമായി ചിന്തിക്കുന്ന മനസ്സായിരുന്നു റ്റാറ്റയുടേത്‌. ജീവിതത്തിന്‌ ചിട്ട വേണമെന്ന്‌ അദ്ദേഹം പറയുമായിരുന്നു.
ഒരു നോമ്പു കാലം. സെന്റ്‌ജോസഫ്‌ സ്‌കൂളില്‍ മകന്‍ അനീസ്‌ പഠിക്കുന്ന സമയം. കുട്ടിയായതിനാല്‍ നോമ്പ്‌ അവനില്‍ ക്ഷീണവും തലചുറ്റലുമുണ്ടാക്കും. അപ്പോഴെല്ലാം അവന്‍ വന്ന്‌ കിടക്കുകയും ചെയ്യും. ഒരു ദിവസം വൈകിട്ട്‌ സ്‌കൂളില്‍ നിന്ന്‌ ക്ഷീണിതനായി വന്ന മകനോട്‌ റ്റാറ്റ ചോദിച്ചു.
``എന്താ മോനെ സുഖമില്ലേ?''
ഉമ്മറത്തിരുന്ന്‌ മകന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. റ്റാറ്റ ഉടനെ എന്നെ വിളിച്ചു.
``എടിയേ... മോന്‌ സുഖമില്ല. വേഗം വെള്ളം കൊണ്ട്‌ വാ അവന്റെ വായയും മുഖവും കഴുകി കുടിക്കാന്‍ വെള്ളം കൊടുക്ക്‌.''
ഞാന്‍ വെള്ളവുമായി വരുമ്പോള്‍ റ്റാറ്റ മോന്റെ പുറം സാവധാനം തടവുന്നതാണ്‌ കണ്ടത്‌. ഞാന്‍ വെള്ളം കൊടുത്തെങ്കിലും നോമ്പ്‌ മുറിക്കാന്‍ അനീസ്‌ തയ്യാറായില്ല.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം റ്റാറ്റക്ക്‌ പലപ്പോഴും നോമ്പെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നോമ്പുതുറക്ക്‌ അടുത്ത സുഹൃത്തുക്കളുടെ വീട്ടില്‍ പോകും. വൈലാലില്‍ വീട്ടിലെ നോമ്പു തുറക്ക്‌ എല്ലാ വിഭാഗക്കാരെയും ക്ഷണിക്കുകയും ചെയ്യും. എം.ടി വാസുദേവന്‍ നായരെയും ഭാര്യയെയും അങ്ങനെ പലരേയും നോമ്പുതുറക്ക്‌ ക്ഷണിക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമുള്ള കാര്യമായിരുന്നു.
സകാത്ത്‌ കൊടുക്കുന്നത്‌ റ്റാറ്റാക്ക്‌ നിര്‍ബന്ധമായിരുന്നു. എഴുത്തിലൂടെ കിട്ടുന്ന റോയല്‍റ്റിയില്‍ പറമ്പിലെ വരവില്‍ നിന്നും സകാത്തിനായി മാറ്റിവെക്കും. അതിനായി പ്രത്യേക പെട്ടി തന്നെ സൂക്ഷിച്ചിരുന്നു. പാവപ്പെട്ടവര്‍ക്കും കഷ്ടപ്പെടുന്ന സ്‌ത്രീകള്‍ക്കും മറ്റും ജാതിമത ഭേദമന്യേ ദാനം ചെയ്യും. ഇല്ലാത്തവരെ സഹായിക്കാന്‍ റ്റാറ്റ എന്നും പറയുമായിരുന്നു.അതിപ്പോള്‍ മകനും പിന്തുടരുന്നുണ്ട്‌.
പെരുന്നാള്‍ വലിയ ആഘോഷമായി കഴിക്കുന്നതായിരുന്നു റ്റാറ്റാക്ക്‌ ഇഷ്ടം. കാരണം കുടുംബങ്ങളെല്ലാം വൈലാലില്‍ ഒത്തുകൂടുന്നത്‌ അപ്പോഴാണ്‌. വീടു നിറയെ ആളുകളെ കാണുമ്പോള്‍ റ്റാറ്റാക്ക്‌ അതിയായ സന്തോഷമാണ്‌. ധാരാളം പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ എന്നോട്‌ പറയും. പലഹാരങ്ങള്‍ കഴിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അതിന്റെ മണം ആസ്വദിക്കാനാണ്‌. അയല്‍ വാസികള്‍ക്കും മറ്റും കൊടുക്കാന്‍ പറയും. എല്ലാവരുടേയും സന്തോഷമാണ്‌ റ്റാറ്റയുടെയും സന്തോഷം.
ഇനിയും പറയാന്‍ ഏറെയുണ്ട്‌. ഫാബി ബഷീര്‍ ക്ഷിണിതയായതായി എനിക്കു തോന്നി. അവര്‍ നിശബ്ദയായി മുന്നിലെ പത്രത്താളുകളില്‍ കണ്ണോടിക്കുകയാണ്‌. പെട്ടെന്നെന്നോട്‌ പറഞ്ഞു: ``ഇതെന്താണ? വായിച്ചു നോക്കൂ... രണ്ട്‌ കുട്ടികളുടെ ക്രൂരകൃത്യങ്ങള്‍. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു സിനിമയില്‍ വന്ന ദൃശ്യങ്ങള്‍ അനുകരിച്ച്‌ നടത്തിയ മോഷണം. കലാസൃഷ്ടികള്‍ സമൂഹനന്മക്കോ അതോ ദോഷത്തിനോ? ചോദ്യം മനസ്സില്‍ അലയടിക്കുമ്പോള്‍ ഫാബി ബഷീര്‍ ദുഃഖത്തോടെ ചോദിച്ചു: ``നമ്മുടെ കുട്ടികളെ നേര്‍വഴിക്ക്‌ നയിക്കാനാരുമില്ലേ?''
ഉത്തരം പറയാനാവാതെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍, മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വെച്ചുപിടിപ്പിച്ച ചെമ്പരത്തിയിലെ പൂക്കള്‍ എന്നോട്‌ തലയാട്ടി. ഭൂമിയുടെ അവകാശികളായ അണ്ണാനും ഓന്തും കിളികളും പറമ്പില്‍ സൈ്വരവിഹാരം നടത്തുന്നുണ്ട്‌. മാങ്കോസ്റ്റിന്‍ മരത്തെ തഴുകിയെത്തിയ മന്ദമാരുതന്‍ കാഥികന്റെ ശബ്ദത്തില്‍ പറഞ്ഞു. ``സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക്‌ അനുവദിച്ചു തന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെയില്ല. അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്‌. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ സമയം.''
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top