നാല്‍പത്‌ കോടിയുടെ ആരാധനാലയം

ഇന്‍സാഫ്‌

ആരാധനാലയങ്ങള്‍ ഏതു മതസ്ഥരുടേതാണെങ്കിലും അവയുടെ ലക്ഷ്യം വിശ്വാസികള്‍ക്ക്‌ മനസ്സാന്നിധ്യത്തോടെയും സ്വകാര്യമായും ദൈവത്തോട്‌ പ്രാര്‍ഥിക്കാനും ആത്‌മീയ നിര്‍വൃതിക്കാവശ്യമായ കര്‍മങ്ങള്‍ ചെയ്യാനും വേദികളായി വര്‍ത്തിക്കുകയാണ്‌. ആരാധനാരീതികളനുസരിച്ച്‌ അവയുടെ വലിപ്പവും ആകൃതിയും വ്യത്യാസപ്പെടാം. ഒരേയവസരത്തില്‍ നിരവധി ഭക്‌തര്‍ സമ്മേളിക്കുന്ന ഇടങ്ങളാണെങ്കില്‍ സ്വാഭാവികമായും ദേവാലയങ്ങള്‍ വലുതായിരിക്കും. ഇല്ലെങ്കില്‍ ചെറുത്‌ മതി. അതുപോലെ ആത്‌മീയതയുടെയും ഭക്‌തിയുടെയും ചൈതന്യം താല്‍പര്യപ്പെടുന്നത്‌ ആരാധനാലയങ്ങള്‍ പരമാവധി ലളിതവും അനാര്‍ഭാടവും ആയിരിക്കണമെന്നാണ്‌. `മസ്‌ജിദുകള്‍ ആര്‍ഭാടപൂര്‍ണമാക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല' എന്ന്‌ പ്രവാചകന്‍ പറഞ്ഞത്‌ അക്കാര്യം മനസ്സില്‍വെച്ചുകൊണ്ടാണ്‌. പണക്കൊഴുപ്പും ധൂര്‍ത്തും പൊങ്ങച്ചവും മാത്സര്യവും പ്രകടിപ്പിക്കാനുള്ള വേദികളായി ആരാധനാലയങ്ങള്‍ മാറുമ്പോള്‍ അവയുടെ ലക്ഷ്യം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. മദീനയില്‍ പ്രവാചകന്‍െറ ശ്രേഷ്‌ഠ മസ്‌ജിദ്‌ മണ്ണുകൊണ്ടുള്ള ഇഷ്ടികയും ഈത്തപ്പനത്തടിയും ഓലയും കൊണ്ടാണ്‌ നിര്‍മിതമായിരുന്നതെന്ന്‌ ചരിത്രം പറയുന്നു. നാല്‌ പ്രവാചകശിഷ്യന്മാരുടെ കാലത്തും ആര്‍ഭാടപൂര്‍വം പുതുക്കിപ്പണിയാന്‍ ശ്രമങ്ങളൊന്നും ഉണ്ടായില്ല. പില്‍ക്കാലത്ത്‌ രാജഭരണകാലത്താണ്‌ പള്ളികള്‍ ഗംഭീര സൗധങ്ങളായി പണിയുന്ന സംസ്‌കാരം ഉടലെടുത്തത്‌. സ്വര്‍ണവും വെള്ളിയും മാര്‍ബിളും വിലയേറിയ മറ്റു സാമഗ്രികളും ഉപയോഗിച്ചു. ശില്‍പകലയുടെ വിശ്വോത്തര മാതൃകകളാക്കി ദേവാലയങ്ങള്‍ നിര്‍മിക്കുന്ന ജ്വരം പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ തുടങ്ങുന്നത്‌. മറ്റു മതസ്ഥരുമായുള്ള മത്സരങ്ങളില്‍ ജയിക്കണമെന്ന വികാരം ഇതിനൊരു പ്രധാന കാരണമായിരുന്നിരിക്കണം. ക്രൈസ്‌തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളുമൊക്കെ കാലത്തെ അതിജീവിക്കുന്ന അതിഗംഭീര നിര്‍മിതികളായി ഉയരുമ്പോള്‍ നാം മാത്രം മോശക്കാരാവരുതെന്ന്‌ മുസ്‌ലിം ഭരണാധികാരികള്‍ക്കും ജനസാമാന്യത്തിനും തോന്നിയിരിക്കണം. അങ്ങനെയാണ്‌ മഹാനായ ഇബ്‌റാഹീമും പുത്രന്‍ ഇസ്‌മാഈലും വെറും കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ കഅ്‌ബാലയത്തിന്‍െറ കവാടം നൂറ്റാണ്ടുകള്‍ക്കു ശേഷം കനകനിര്‍മിതിയായി പരിവര്‍ത്തിക്കപ്പെടുന്നത്‌. അമൂല്യമായ പട്ടുവസ്‌ത്രങ്ങള്‍കൊണ്ട്‌ അത്‌ ആണ്ടുതോറും പൊതിയുന്നതും പ്രവാചകമാതൃകയല്ല.
ദല്‍ഹിയില്‍ മുഗള്‍ രാജാക്കന്മാര്‍ നിര്‍മിച്ച ജുമാമസ്‌ജിദിനെയും ഇന്ത്യയിലെ മറ്റേതു പള്ളിയെയും വെല്ലുന്നവിധം നാല്‍പതു കോടിയുടെ പള്ളി കോഴിക്കോട്ടും എന്തുകൊണ്ടായിക്കൂടാ എന്ന്‌ ഒരുകൂട്ടര്‍ ചിന്തിച്ചതാണ്‌ ഈ പട്ടികയിലെ ഒടുവിലത്തെ വിശേഷം. തങ്ങളുടെ കൈവശമുണ്ടെന്നവകാശപ്പെടുന്ന പ്രവാചകകേശത്തിന്‍െറ നിലവറ കൂടിയാവും നിര്‍ദിഷ്ട പള്ളിയെന്ന പ്രചാരണത്തോടെ, വിശ്വാസികളുടെ ഭക്‌തിപാരവശ്യം മുഴുക്കെ ഊറ്റിയെടുക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. വിഷയത്തെപ്പറ്റി ഇപ്പോള്‍ നടക്കുന്ന സംവാദം മുഴുക്കെ മുടിയുടെ ആധികാരികതയെ ചുറ്റിപ്പറ്റിയാണ്‌. പ്രവാചകേശം ലോകത്താരുടെയോ കൈവശമുണ്ട്‌ അഥവാ, അങ്ങനെ അവകാശപ്പെടുന്ന രോമം പ്രവാചകന്‍േറതാണ്‌ എന്ന്‌ സങ്കല്‍പിച്ചാല്‍ തന്നെ അത്‌ സൂക്ഷിക്കാന്‍ പള്ളി പണിയേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അത്‌ നാല്‍പതു കോടിയുടേതുതന്നെ വേണമോ എന്നീ ചോദ്യങ്ങളൊക്കെ അപ്രസക്തം. ഇതിനായി സംഘടിപ്പിക്കപ്പെടുന്ന മതോപദേശ മഹാമഹങ്ങള്‍ക്കും അച്ചടിക്കുന്ന നോട്ടീസുകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും സ്‌ഥാപിക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്കും ചെലവഴിക്കുന്ന തുകകൊണ്ടുതന്നെ ഒന്നോ രണ്ടോ പള്ളികള്‍ പണിയാമെന്നതും വേറെ കാര്യം. തിരുവനന്തപുരത്തെ ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളും കലവറകളും തുറന്നപ്പോള്‍ കണ്ടെടുത്ത സ്വര്‍ണമാലകളും രത്‌നഹാരങ്ങളും വിഗ്രഹങ്ങളും മറ്റു വസ്‌തുക്കളുമൊക്കെ ലക്ഷം കോടിയോളം വിലമതിക്കാവുന്നവയാണത്രെ. ഇനിയിപ്പോള്‍ നമ്മുടെ `ശഅ്‌റെ മുബാറക്‌' മസ്‌ജിദിലും അതിനെ വെല്ലുന്ന അമൂല്യ രത്‌നശേഖരങ്ങളില്ലെങ്കില്‍ കുറച്ചിലല്ലേ? അതുകൊണ്ട്‌ വൈകാതെ `ഇഷ്‌കെ റസൂലി'ന്‍െറ പേരില്‍ സ്വര്‍ണ രത്‌ന സമാഹരണയത്‌നവും പ്രതീക്ഷിക്കാം. അറബികളുടെ അന്തഃപുരങ്ങള്‍ കനിഞ്ഞാല്‍ അതൊന്നും അത്ര പ്രയാസമുള്ള കാര്യവുമല്ല. മുസ്‌ലിം സമുദായത്തിന്‍െറ ചിന്താശൂന്യതയില്‍ രോഷാകുലനായ ഒരു ബുദ്ധിജീവി പറഞ്ഞകഥ സാന്ദര്‍ഭികമായി ഉദ്ധരിച്ച്‌ ഈ കുറിപ്പ്‌ നിര്‍ത്താം. മിക്കവാറും മനുഷ്യാവയവങ്ങളൊക്കെ മാറ്റിവെക്കാം എന്ന വൈദ്യശാസ്‌ത്രത്തിന്‍െറ കണ്ടുപിടിത്തം പുരോഗമിച്ചപ്പോള്‍ തലച്ചോറും മാറ്റിവെക്കാമെന്ന്‌ കണ്ടെത്തി. സ്വാഭാവികമായും അമേരിക്കയിലാണ്‌ ആദ്യമായത്‌ പ്രയോഗത്തില്‍ വന്നത്‌. മാര്‍ക്കറ്റില്‍ മരിച്ചുപോയ മനുഷ്യാത്‌മാക്കളുടെ ധാരാളം മസ്‌തിഷ്‌കങ്ങള്‍ വില്‍പനക്ക്‌ വെച്ചിരിക്കുന്നു. പക്ഷേ, വാങ്ങാനെത്തിയ ഉപഭോക്‌താക്കള്‍ക്കൊക്കെ വേണ്ടത്‌ മുസ്‌ലിം തലച്ചോറുകളാണ്‌. കാരണമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി: ഉപയോഗം നന്നെ കുറഞ്ഞതായ തലച്ചോറുകള്‍ അത്‌ മാത്രമായിരിക്കും. അല്ലെങ്കിലും തലക്ക്‌ പുറമേക്ക്‌ വളരുന്ന രോമങ്ങളിലാണല്ലോ പണ്ടേ സമുദായത്തിന്‍െറ ശ്രദ്ധ. തലക്കകത്ത്‌ വല്ലതും വേണമെന്ന കാര്യത്തില്‍ വലിയ നിര്‍ബന്ധമൊന്നും ഇല്ല.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top