നിങ്ങള്‍ ഓര്‍ക്കാറുണ്ടോ, നമുക്ക് ചുറ്റുമുള്ള മുഹാജിറുകളെ

ഹുസ്‌ന മുംതാസ് No image

'പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി നേടുക എന്നതല്ലാതെ. വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്'.

ഈ ദൈവവചനങ്ങളുടെ പശ്ചാത്തലത്തില്‍ ത്യാഗത്തിന്റെയും സന്നദ്ധതയുടെയും പ്രഭ ചൊരിയുന്ന പ്രോജ്വലമായ ഒരു ഏടുണ്ട്. ഉള്ള് പിടിച്ചുലക്കുന്ന മൂന്ന് രംഗങ്ങള്‍.

രംഗം 1: കൂരിരുട്ടില്‍ ആരും കാണാതെ അബൂബക്കര്‍ ഉമയ്യത്തിന്റെ അടിമപ്പാളയത്തിലേക്ക് നടന്നുവരുന്നു. അവിടെയൊരാള്‍ അബൂബക്കറിന്റെ കാലൊച്ചയും കാതോര്‍ത്ത് കിടക്കുന്നുണ്ട്, ബിലാല്‍. അവന്റെ മനസ്സില്‍ സത്യദീന്‍ വെളിച്ചം പരത്താന്‍ തുടങ്ങിയിട്ട് നാളുകളല്‍പ്പമായി. പതിഞ്ഞ സ്വരത്തില്‍ അബൂബക്കര്‍ വിളിച്ചപ്പോള്‍ ബിലാല്‍ പുറത്തേക്ക് വന്നു. 'തീരുമാനത്തില്‍ വല്ല മാറ്റവുമുണ്ടോ, ബിലാല്‍? നിന്റെ മനസ്സ് പാകമാണോ?' അബൂബക്കര്‍ ചോദിച്ചു. ഒട്ടും പതറാതെ ഗംഭീര സ്വരത്തില്‍ ബിലാലിന്റെ മറുപടി. 'ഞാന്‍ സത്യത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തീരുമാനത്തില്‍ നിന്ന് ഇനി ഒരടി പോലും പിന്നോട്ട് പോവില്ല'.

രംഗം 2: അല്ലാഹു ഏകനായ ആരാധ്യനെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും പ്രഖ്യാപിച്ചതിന്റെ പേരില്‍ ബിലാല്‍ നരകിക്കുകയാണ്. ചുട്ടുപഴുത്ത മണലില്‍ കിടത്തി നെഞ്ചില്‍ പാറക്കല്ല് കയറ്റി ചാട്ടവാറുകൊണ്ട് ബിലാലിനെ പ്രഹരിക്കുകയാണ് ഉമയ്യ. ചുറ്റും മക്കയിലെ പ്രമാണിമാരായ ഉമയ്യത്തിന്റെ സുഹൃത്തുക്കള്‍ നില്‍ക്കുന്നു. ഉച്ചത്തില്‍ അവര്‍ ഉമയ്യത്തിനെ പ്രോത്സാഹിപ്പിക്കുകയാണ്. ബിലാലിന്റെ നാവ് ഇടക്കിടെ 'അഹദ്' എന്നുരുവിട്ടുകൊണ്ടിരിക്കുന്നു. സ്വയം തളര്‍ന്നപ്പോള്‍ ഉമയ്യ ബിലാലിന്റെ കാതില്‍ മന്ത്രിച്ചു. 'എന്റെ കൂട്ടുകാരെല്ലാം നോക്കിനില്‍ക്കുന്നത് നീ കാണുന്നില്ലേ, ബിലാല്‍. എന്നെ അപമാനിക്കരുത്. ഒരു പ്രാവശ്യമെങ്കിലും നീ നിന്റെ മതത്തെ തള്ളിപ്പറയൂ.' അടിമയോട് യാചിക്കുന്ന യജമാനന്‍. പക്ഷെ ബിലാലിന്റെ തീരുമാനം ഉറച്ചതായിരുന്നു.

അല്‍പം കഴിഞ്ഞ് അബൂബക്കര്‍ ധൃതിയില്‍ കടന്നുവന്നു. കൈയില്‍ ദിനാറുകള്‍ നിറച്ച കിഴി. അബൂബക്കര്‍ ചോദിച്ചു. 'ബിലാലിനെ വിട്ടുകിട്ടാന്‍ ഞാന്‍ നിനക്ക് എത്ര ദീനാര്‍ തരണം?' ഉമയ്യ മാര്‍ക്കറ്റിലില്ലാത്ത വില പറഞ്ഞു. സസന്തോഷം അബൂബക്കര്‍ അത് മുഴുവന്‍ നല്‍കി. അത്ഭുതത്തോടെ ജനങ്ങള്‍ അബൂബക്കറിനോട് ചോദിച്ചു. 'താങ്കളൊരു സമര്‍ഥനായ കച്ചവടക്കാരനായിരുന്നല്ലോ. ഇസ്‌ലാം തലക്ക് പിടിച്ച് താങ്കള്‍ കച്ചവടവും മറന്നുപോയോ?' ഒന്നുമുരിയാടാതെ പുഞ്ചിരിയോടെ ബിലാലിന്റെ കൈപിടിച്ച് അബൂബക്കര്‍ നടന്നകന്നു.

രംഗം 3: ബിലാലുമൊന്നിച്ച് അബൂബക്കര്‍ വീട്ടിലേക്ക് ചെന്നുകയറി. പൂമുഖത്ത് പിതാവ് അബൂഖുഹാഫ ഇരിക്കുന്നു. ബിലാലിനെ തുറിച്ച് നോക്കി അദ്ദേഹം മകനോട് ചോദിച്ചു. 'നീ കാശുകൊടുത്താണോ ഇവനെ വാങ്ങിച്ചത്. എങ്കില്‍ നിനക്ക് അല്‍പം കരുത്തുള്ള ഒന്നിനെ വാങ്ങാമായിരുന്നില്ലേ. ക്ഷീണിച്ച് പരവശനായ ഇവനെക്കൊണ്ട് നിനക്കെന്താണ് ലാഭം?' അബൂബക്കര്‍ മറുപടി പറഞ്ഞു. 'പിതാവേ, ഞാനൊരു ലാഭവും ആഗ്രഹിച്ചിട്ടില്ല, ദൈവപ്രീതിയല്ലാതെ.'

ഈ കഥയില്‍ രണ്ട് പാഠങ്ങളുണ്ട്. ഒന്ന് സത്യത്തെ തിരിച്ചറിഞ്ഞപ്പോള്‍ എല്ലാ പീഢനങ്ങളും സഹിച്ച് അതിനെ നെഞ്ചേറ്റിയ ബിലാല്‍ എന്ന പുതുമുസ്‌ലിം നല്‍കുന്ന പാഠം. രണ്ട്, ദൈവപ്രീതി മാത്രമുദ്ദേശിച്ച് ദീനിന്റെ വെളിച്ചം ലഭിച്ച ഒരു മനുഷ്യനെ പുനരധിവസിപ്പിക്കാനായി സര്‍വം സമര്‍പ്പിച്ച അബൂബക്കര്‍ നല്‍കുന്ന പാഠം.

ഇന്ന് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ഒരു നവവിശ്വാസിയുടെ അവസ്ഥയെന്താണ്? ബിലാല്‍ ഇസ്‌ലാമിന്റെ പാത പുണര്‍ന്നപ്പോള്‍ സ്വീകരിക്കാന്‍ ഒരു അബൂബക്കറുണ്ടായിരുന്നു. ഇന്ന് പുതുമുസ്‌ലിംകളെ മുസ്‌ലിം സമൂഹം തന്നെ ഒറ്റപ്പെടുത്തുന്ന തലതിരിഞ്ഞ അവസ്ഥാവിശേഷമാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇസ്‌ലാമിന്റെ ചരിത്രം ഇത്തരം ത്യാഗത്തിന്റെയും സന്നദ്ധതയുടെയും പാഠങ്ങള്‍ പറഞ്ഞുതരുമ്പോള്‍ നിസ്സഹായരായ വിശ്വാസികളെ കണ്ടില്ലെന്ന് നടിക്കാനും അവരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കാതിരിക്കാനും എവിടെയാണ് നമുക്ക് പഴുതുള്ളത്.?

മക്കയിലെ സര്‍വ്വതും ഉപേക്ഷിച്ച് ദീനിനെ മാത്രം കൈമുതലാക്കി മദീനയിലേക്ക് ഹിജ്‌റ ചെയ്‌തെത്തിയ മുഹാജിറുകളെ അന്‍സ്വാറുകള്‍ എങ്ങനെ സ്വാഗതം ചെയ്തുവെന്ന് ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ മുഹാജിറിനേയും റസൂല്‍ ഓരോ അന്‍സ്വാറിന് സഹോദരനായി നിശ്ചയിച്ചുകൊടുത്തു. തങ്ങളുടെ ധനവും ഭൂമിയും കച്ചവട മുതലുമെല്ലാം അവര്‍ പപ്പാതിയായി ഓഹരിവെച്ചു. അത്രത്തോളം അവര്‍ സന്നദ്ധരായിരുന്നു.

ഇസ്‌ലാം സ്വീകരിക്കുക എന്നത് ഒരു ഹിജ്‌റയാണ്. തെറ്റില്‍നിന്നും ശരിയിലേക്കുള്ള പലായനം. അതോടെ ആ വ്യക്തിയുടെ ബന്ധങ്ങളും ഇടപാടുകളും സാഹചര്യങ്ങളുമെല്ലാം മാറുന്നു. എന്നാല്‍ ഇക്കാലത്തെ പുതുവിശ്വാസികളാവുന്ന മുഹാജിറുകളെ സ്വീകരിക്കാന്‍ നമുക്കിടയില്‍ അന്‍സ്വാറുകളില്ല. അന്‍സ്വാറുകളാവേണ്ട മുസ്‌ലിം സമൂഹം അത് തിരിച്ചറിയുന്നില്ല. മുഹാജിറുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. എന്നാല്‍ അന്‍സ്വാറുകളുടെ അഭാവം അവരുടെ ഹിജ്‌റയെ അര്‍ഥശൂന്യമാക്കിക്കളയുന്നു. ഹിജ്‌റ അര്‍ഥപൂര്‍ണമാവണമെങ്കില്‍ ഒപ്പം നുസ്‌റയുമുണ്ടാവണം. ഹിജ്‌റയും നുസ്‌റയും സന്തുലിതമായി ചലിക്കുമ്പോഴാണ് സത്യദീന്‍ പ്രചരിക്കാനുള്ള സാധ്യതകളുണ്ടാവുന്നത്.

പുതുവിശ്വാസികളെ ഏറ്റെടുക്കുന്നതില്‍ മുസ്‌ലിംകള്‍ വീഴ്ച വരുത്തുന്നത് നിലപാടുകളിലും കാഴ്ചപ്പാടുകളിലുമുള്ള വൈകല്യം കാരണമാണ്. അവരെ രണ്ടാംകിടക്കാരായി കാണുന്ന സ്വഭാവം യാഥാസ്ഥിതിക മുസ്‌ലിം സമൂഹത്തിനുണ്ട്. പുതുവിശ്വാസികള്‍ മറ്റൊരു മതത്തില്‍ നിന്നു ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം (ഇീി്‌ലൃശെീി) ചെയ്യപ്പെട്ടവര്‍ ആണെന്നാണ് പൊതുധാരണ. യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് പരിവര്‍ത്തനമല്ല. മറിച്ച് ഇസ്‌ലാം സ്വീകരിക്കുന്നതോടെ ആ വ്യക്തി താന്‍ സൃഷ്ടിക്കപ്പെട്ട ശുദ്ധപ്രകൃതിയിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.

ഇക്കാലഘട്ടത്തില്‍ ഇസ്‌ലാമിക ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് സംഘടനാ പക്ഷപാതിത്വം. മുസ്‌ലിംകളുടെ പരസ്പര ഐക്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളുടെ നിലപാടുകളാണ് ശരി എന്ന് വാദിച്ച് പരസ്പരം പോരടിക്കുകയാണ് സംഘടനകള്‍. ഇസ്‌ലാമിന്റെ സത്തയെ തന്നെ അവഹേളിക്കുന്ന രീതിയില്‍ കടിച്ചു കീറാനെന്നവണ്ണം പോര്‍വിളി മുഴക്കി ഇസ്‌ലാമിന് വേണ്ടി വാദിക്കുകയെന്നാല്‍ എത്ര വിരോധാഭാസമാണ്! ദീനില്‍ അഭിപ്രായവ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. വിവിധ മദ്ഹബുകള്‍ അതിന് ഉദാഹരണങ്ങളാണല്ലോ. ഇസ്‌ലാമിക സംഘടനകളുടെയെല്ലാം അടിസ്ഥാനം 'ലാ ഇലാഹ ഇല്ലള്ളാഹ്' എന്ന് തന്നെയാണ്. കേവലം ചില കര്‍മശാസ്ത്ര ഭിന്നതകളെ മാത്രം കണ്ട് ഒന്നിക്കാനുള്ള ആയിരം കാരണങ്ങളെ നാം മറന്നുപോവുന്നു. മുആദ് ബിന്‍ ജബല്‍(റ)വിനേയും അബൂമൂസല്‍ അശ്അരിയേയും യമനിലേക്ക് പ്രബോധനത്തിനായി പറഞ്ഞയച്ചപ്പോള്‍ റസൂല്‍ അവരെ ഉപദേശിച്ചിട്ടുണ്ട്. 'പരസ്പരം സഹകരിക്കുക, ഭിന്നിക്കരുത്' എന്ന്. ഇസ്‌ലാമിന്റെ നന്മയില്‍ ആകൃഷ്ടരായി സത്യത്തിലേക്ക് കടന്നുവരുന്ന ഒരു പുതുവിശ്വാസിയില്‍, സംഘടനകളുടെ തമ്മില്‍തല്ല് ഉളവാക്കുന്ന പ്രതികൂല  സ്വാധീനം എത്രയെന്ന് സമുദായനേതൃത്വം ഗൗരവമായി തന്നെ ചിന്തിക്കേണ്ടതുണ്ട്.

മലയാള മണ്ണിന്റെ യശ്ശസ്സായ എഴുത്തുകാരിയും ചിന്തകയുമായിരുന്നല്ലോ കമലാസുറയ്യ. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവരനുഭവിച്ച പ്രശ്‌നവും വിഭിന്നമായിരുന്നില്ല. സുറയ്യ ഇസ്‌ലാം സ്വീകരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ വ്യത്യസ്ത മതസംഘടനകള്‍ പൊള്ളയായ വാദങ്ങളുമായി രംഗത്തെത്തി. ആദ്യമെല്ലാം ഉപദേശങ്ങളായിരുന്നു. ഉപദേശങ്ങള്‍ ക്രമേണ നിര്‍ബന്ധങ്ങളായി മാറി. നിര്‍ബന്ധങ്ങള്‍ ഭീഷണികളായെന്ന് ഒടുവില്‍ എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നടന്ന ഒരു സാംസ്‌കാരികവേദിയില്‍ അവര്‍ക്ക് പറയേണ്ടി വന്നു; ഇസ്‌ലാമിലും ജാതിവ്യവസ്ഥയുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത് എന്ന്. ലോകം മുഴുവന്‍ പ്രസിദ്ധിയാര്‍ജിച്ച വനിതയായിരുന്നു സുറയ്യ. കയ്ക്കുന്ന അനുഭവങ്ങള്‍ അവര്‍ പോലും രുചിച്ചുവെങ്കില്‍ ഇസ്‌ലാം സ്വീകരിക്കുന്ന ഒരു സാധാരണക്കാരന്‍ പേറേണ്ട യാതനകളെത്ര?

തന്റെ വഴി തെറ്റായിപ്പോയോ എന്ന് ഏത് പുതുവിശ്വാസിയും സംശയിച്ച് പോവും. അത്ര അപകടകരമാണ് ഇന്ന് ഇസ്‌ലാമിക സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പക്ഷപാതിത്വം. മകന്‍ മരിച്ചാലും മരുമോളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന നയം. ഒടുവില്‍ ഒരു സംഘടനയുടെയും ഭാഗവാക്കാവേണ്ട എന്ന് വിശ്വാസി തീരുമാനിക്കുന്നതോടെ അയാളുടെ പതനം തുടങ്ങുന്നു. സംഘടനയില്‍ നിന്ന് ലഭിക്കേണ്ട ശരിയായ ദിശാബോധം നഷ്ടപ്പെടുന്നു. ഇസ്‌ലാമിന്റെ അടിത്തറകളെ കുറിച്ച് തെറ്റായ ധാരണ രൂപപ്പെടുന്നു. 

കേരള സാഹചര്യത്തില്‍ ഒരു വ്യക്തി ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ ആദ്യമന്വേഷിക്കുക പൊന്നാനിയെക്കുറിച്ചാണ്. പല സാഹചര്യങ്ങളില്‍ നിന്നും അവിടേക്ക് ആളുകളെത്തുന്നു. ചിലരുടെയെങ്കിലും ഇസ്‌ലാം സ്വീകരണത്തിന് കാരണം വിവാഹവും സ്വത്ത് തര്‍ക്കവുമൊക്കെയാണ്. അതുപോലെ തന്നെ ഇസ്‌ലാമിനെ ഉള്ളറിഞ്ഞ് പഠിച്ച്, സ്‌നേഹിച്ച് അതിനെ പുണരാനായി എത്തുന്ന നിഷ്‌കളങ്കരായ വിശ്വാസികളും ഉണ്ട്. എന്നാല്‍ തികച്ചും പ്രാകൃതമായ സമീപന രീതികളാണ് അവിടുത്തെ അധികൃതര്‍ക്കുള്ളത്. ഇപ്പോഴും ഇസ്‌ലാം സ്വീകരിക്കാനായി അവിടെ എത്തുന്നവരെല്ലാം തലമൊട്ടയടിക്കണം. ഇസ്‌ലാമെന്ന പേരില്‍ ഇസ്‌ലാമിലില്ലാത്ത മാമൂലുകള്‍ അവരെ പരിശീലിപ്പിക്കുന്നു. ഭൗതികനേട്ടങ്ങളില്‍ കണ്ണ് നട്ട് ഇസ്‌ലാമിനെ കവചമാക്കാനായി എത്തിയവര്‍ക്ക് അതൊരു പ്രശ്‌നമല്ലായിരിക്കാം. എന്നാല്‍ ദൈവികമതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അതിനെ സ്വീകരിക്കാനെത്തിയവരുടെ നിശ്ചയദാര്‍ഢ്യത്തിന് അത് വലിയ ക്ഷതമേല്‍പ്പിക്കുന്നു.

പുതുമുസ്‌ലിംകളുടെ പുനരധിവാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതും തീരുമാനമെടുക്കേണ്ടതും ഏതെങ്കിലും വ്യക്തിയോ സംഘടനയോ അല്ല. മറിച്ച് മുസ്‌ലിം സമുദായ നേതൃത്വമാണ്. പുതുമുസ്‌ലിംകള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവര്‍ ഭൗതികമായി തീര്‍ത്തും നിസ്സഹായരുമാണ്. അതിനാല്‍ സമഗ്രവും വിശാലവുമായ ഒരു പുനരധിവാസ പാക്കേജ് അവര്‍ക്ക് വേണ്ടി രൂപപ്പെടുത്തേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങളാണ് പാക്കേജില്‍ പ്രാധാന്യപൂര്‍വ്വം ഉള്‍പ്പെടുത്തേണ്ടത്.

1. വിവാഹം

മതപരിവര്‍ത്തനം ചെയ്യുന്ന വ്യക്തി തന്റെ ഭാവി ജീവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നാണ് വിവാഹം. മുസ്‌ലിമാവുമ്പോഴും അങ്ങനെ തന്നെ. 'പുതുമുസ്‌ലിംകളേയും പരിഗണിക്കും' എന്ന വിവാഹപരസ്യങ്ങളിലെ വാചകം മറ്റൊരു നിവൃത്തിയുമില്ലെങ്കില്‍ അവരെയും പരിഗണിക്കാം എന്നാണ് നമ്മോട് പറയാതെ പറയുന്നത്. പ്രവാചക ചരിത്രത്തില്‍ ഇതിനും വ്യക്തമായ മാതൃകകളുണ്ട്. സാമ്പത്തികമായി വളരെ പിന്നാക്കമുള്ള പുതുമുസ്‌ലിംകള്‍ക്ക് സമ്പന്നരുടെ പെണ്‍മക്കളെ പ്രവാചകന്‍ വിവാഹം ചെയ്ത് കൊടുത്തിരുന്നു. ഇത് ഏറ്റവും യുക്തമായ ഒരു പരിഹാരമാണ്. ഇതിലൂടെ ഒന്നിലധികം ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നു. ഇസ്‌ലാമിലേക്ക് കടന്നുവരുന്ന വ്യക്തിക്ക് കുടുംബ ജീവിതവും, സാമ്പത്തിക സുസ്ഥിതിയും ഒപ്പം ദീനീവളര്‍ച്ചയും ഇതിലൂടെ സാധ്യമാവുന്നു.

2. സാമൂഹിക സംരക്ഷണം

പുതുവിശ്വാസികള്‍ക്ക് ഭൗതികവും ആത്മീയവുമായ സുരക്ഷിതത്വവും നിര്‍ഭയത്വത്തോടെ ജീവിക്കാനുള്ള സാഹചര്യവും ലഭിക്കേണ്ടതുണ്ട്. മതേതരത്വത്തിന്റെ ശീതളഛായയിലും ഇന്ത്യാ രാജ്യത്ത് പടര്‍ന്ന പിടിച്ചിരിക്കുന്ന ഇസ്‌ലാം വിരുദ്ധത നമുക്ക് മേല്‍ ഭീക്ഷണിയാണ്. മുസ്‌ലിമാവുന്ന ചെറുപ്പക്കാരെല്ലാം ലൗജിഹാദിനിരകളാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഒരു തിരുത്ത് അനിവാര്യമാണ്. അതല്‍പ്പം പ്രയാസമാണ് താനും. 

ഇത് എങ്ങനെ സാധ്യമാക്കാം എന്ന സമസ്യ സമുദായം ഗൗരവമായി ചര്‍ച്ച ചെയ്തിട്ടില്ല. പരിഹാരമാര്‍ഗങ്ങള്‍ വൈകിമാത്രം ഫലം ചെയ്യുന്നതാണ് താനും. ഇസ്‌ലാമിന്റെ മാനവിക മുഖം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നത് തന്നെയാണ് ഒന്നാം പോംവഴി. മതമൈത്രി ഇസ്‌ലാമിന്റെ സംസ്‌കാരമാണെന്ന ശരിയായ ധാരണ സമൂഹത്തില്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്. ഇസ്‌ലാം ഒരു കാര്യത്തിലും ആരെയും നിര്‍ബന്ധിക്കുന്നില്ല എന്ന തിരിച്ചറിവ് തന്നെ മതി, സാമാന്യ ജനത്തിന്റെ തെറ്റിദ്ധാരണ നീങ്ങാന്‍.

തീവ്രതയുടെയും ജീര്‍ണതയുടേയും മധ്യേയാവണം മുസ്‌ലിം സമൂഹത്തിന്റെ നിലപാടുകള്‍. സാമൂഹികരംഗത്ത് കൂടുതല്‍ ഇടപെടലുകള്‍ നടത്തുകയും വേണം. ഇസ്‌ലാം സ്വീകരിച്ചവര്‍ എന്തുകൊണ്ടാണ് അതിന് മുതിര്‍ന്നതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ചാല്‍ വളരെ അനുകൂലമായ അനന്തരഫലങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകളുണ്ട്. നാം ചെയ്യേണ്ടത്, ഇന്ത്യന്‍ സാഹചര്യത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ ബുദ്ധിപരമായി ചെറുക്കുകയും ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങളെ സമീപിക്കുകയുമാണ്.

3. സാമ്പത്തിക സുരക്ഷിതത്വം

മതംമാറുന്നതോടെ വ്യക്തി തന്റെ കുടുംബത്തില്‍ നിന്നും സ്വാഭാവികമായും അകലും. ഏത് മതവും സ്വീകരിക്കുവാനുള്ള മൗലികാവകാശം ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത്രത്തോളം വിശാലമല്ല നമ്മുടെ കുടുംബ വ്യവസ്ഥിതി. സ്വകുടുംബത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യത അവര്‍ക്ക് മുന്നില്‍ അടഞ്ഞുകഴിഞ്ഞു. പിതാവില്‍ നിന്ന് അവകാശമുള്ള അനന്തരസ്വത്ത് അയാള്‍ക്ക് ലഭിക്കുകയില്ല. മുസ്‌ലിംകളല്ലാത്തവരില്‍ നിന്ന് അനന്തരം സ്വീകരിക്കരുതെന്ന് ശരീഅത്ത് അനുശാസിക്കുന്നുണ്ടല്ലോ. അതിനാല്‍ സകാത്തില്‍ നിന്ന് ഒരു വിഹിതം അവര്‍ക്ക് നല്‍കണം. ഫഖീര്‍ എന്നോ മിസ്‌കീന്‍ എന്നോ ഉള്ള വിഭാഗത്തില്‍ അവരെ ഉള്‍പ്പെടുത്താം. തൊഴിലില്ലെങ്കില്‍ ഇസ്‌ലാമിക മുറകളനുസരിച്ച് മുന്നോട്ട് പോവാന്‍ പറ്റുന്ന ഒരു ഉപജീവനമാര്‍ഗം അവര്‍ക്കായി കണ്ടെത്തി നല്‍കുകയും വേണം.

വിദ്യാഭ്യാസം

ഇസ്‌ലാം സ്വീകരിച്ചവ്യക്തി ഏത് പ്രായക്കാരനാണെങ്കിലും ഇസ്‌ലാമിക വിദ്യാഭ്യാസം നേടുക അനിവാര്യമാണല്ലോ. ഇതിനായി വിവിധ സംഘടനകള്‍ക്ക് കീഴില്‍ വ്യത്യസ്ത സ്ഥാപനങ്ങള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ വളരെ ചെറിയ ശതമാനം മാത്രമാണ് ഇത്തരം സ്ഥാപനങ്ങളുടെ ഫലമനുഭവിക്കുന്നത്. നേരത്തെ പ്രസ്താവിച്ചത് പോലെ ഏറിയ പങ്കും എത്തിപ്പെടുന്ന പൊന്നാനിയിലെല്ലാം പ്രാകൃതമായ രീതികളാണ് ഇന്നും സ്വീകരിച്ചുപോരുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക നീതിയെ  മനസ്സിലാക്കാന്‍ ഇത്തരം രീതികളിലൂടെ കഴിയില്ല. തന്‍മൂലം ഇസ്‌ലാമിന്റെ വിശാലമായ കാഴ്ചപ്പാടുകളേയും സമഗ്രതയേയും അവര്‍ തിരിച്ചറിയാതെ പോവുന്നു. ഇതിന് ഒരു ബദല്‍ സംവിധാനം കണ്ടെത്തേണ്ടത് അനിവാര്യമാണ്. വിദ്യഭ്യാസരീതിയെ ആധുനികവത്കരിക്കുകയും ഈ ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇതുപോലുള്ള അടിസ്ഥാന പ്രശ്‌നങ്ങളും പ്രതിവിധികളുമാണ് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവും. അതിനെല്ലാം പരിഹാരങ്ങളുമുണ്ട്. നമ്മുടെ അനാസ്ഥയില്‍ ആരില്‍ നിന്നും സത്യത്തിന്റെ ദിവ്യവെളിച്ചം അന്യം നിന്നുപോവരുത്. അവര്‍ നമ്മുടെ അതിഥികളാണ്. അതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടേതുമായിരിക്കണം. അന്‍സ്വാറുകളേ, തയ്യാറെടുക്കുവിന്‍. നമുക്ക് മുഹാജിറുകളെ വരവേല്‍ക്കേണ്ടതുണ്ട്!


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top