ഓര്‍മച്ചെപ്പ്
അറിവുകൊണ്ടും കഴിവുകൊണ്ടും അനുഗൃഹീതരായ, തട്ടമിട്ട പെണ്‍കുട്ടികള്‍ സമുദായത്തിന് ഇന്നൊരു അലങ്കാരമാണ്.
അറിവുകൊണ്ടും കഴിവുകൊണ്ടും അനുഗൃഹീതരായ, തട്ടമിട്ട പെണ്‍കുട്ടികള്‍ സമുദായത്തിന് ഇന്നൊരു അലങ്കാരമാണ്.
ഉന്നത കലാലയങ്ങളിലും ഉയര്‍ന്ന സ്ഥാനങ്ങളിലും ആത്മധൈര്യത്തോടെയും, വിശ്വാസത്തെ വെളിപ്പെടുത്തുന്ന വേഷത്തോടെയും നിലപാടുകളിലൂടെയും അതിശയിപ്പിക്കും വിധത്തില്‍ അവര്‍ മുന്നേറുന്നുണ്ട്. ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടിടത്ത് ഉച്ചത്തില്‍ ചോദിച്ചും അവകാശങ്ങള്‍ നിഷേധിക്കുന്നിടത്ത് പോരാടിയും മുന്നോട്ടുനീങ്ങാനുള്ള ആര്‍ജവം നേടിയെടുത്തിട്ടുണ്ട്. ചങ്കൂറ്റമുള്ള ഈ പെണ്‍കൂട്ടം 'അപകടകരം' ആണെന്ന് ഫാഷിസം പോലും ഭയക്കുന്നു.
കാലത്തോടും കാര്യത്തോടും വ്യവസ്ഥിതിയോടും പ്രതികരിക്കുന്ന ഈ തലമുറ വെറുതെ ഉണ്ടായതല്ല. ദൈവികതയുടെ സന്ദേശത്തെ നെഞ്ചേറ്റിയവരുടെ കഠിനാധ്വാനം കൊണ്ടാണത് സാധിച്ചത്. കേരളീയ സാമൂഹിക പരിസരം സ്ത്രീ ശാക്തീകരണത്തിന് പാകപ്പെടാത്ത കാലത്ത് അതിനവര്‍ക്ക് ധൈര്യം നല്‍കിയത്, ആധുനികത മുന്നോട്ടുവെക്കുന്ന മനുഷ്യാവകാശ പ്രഖ്യാപനങ്ങളെക്കാള്‍, ഇസ്്‌ലാമിലെ സ്ത്രീ അനുഭവിക്കേണ്ട അവകാശങ്ങള്‍ അവള്‍ക്ക് ലഭിക്കുന്നില്ല എന്ന തിരിച്ചറിവായിരുന്നു.
സ്ത്രീയുടെ തട്ടകം അടുക്കളയാണെന്നും അടുപ്പും അലക്കുകല്ലുമാണവളുടെ ആയുധമെന്നും വിധിയെഴുതിയ കാലത്ത്, 'വായിക്കുക' എന്ന ആദ്യ ദൈവിക വെളിപാട് ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണെന്നവര്‍ പ്രഖ്യാപിച്ചു, പെണ്ണിനായി നാടൊട്ടുക്കും പള്ളിക്കൂടം പണിതു. അന്ധവിശ്വാസത്തിലും അനാചാരത്തിലും പൊന്നിലും വെളുപ്പിലും അഭിരമിച്ച പെണ്‍കൂട്ടത്തിന് ദൈവികതയുടെ സന്ദേശവും സ്വയം തിരിച്ചറിവും നല്‍കുന്ന വായന സമ്മാനിക്കുന്ന മാസികക്കു അവർ വിത്തിട്ടു. ദൈവികതയുടെ പ്രത്യയശാസ്ത്ര പിന്‍ബലമായിരുന്നു അവരുടെ വഴികാട്ടി. ദൈവികത പ്രചരിപ്പിച്ച ആ പ്രസ്ഥാനം ഇന്ന്, സാമൂഹിക-സാംസ്‌കാരിക രംഗത്ത് വേരുകളാഴ്ത്തി ഏഴര പതിറ്റാണ്ട് പിന്നിടുകയാണ്.
ആ പ്രസ്ഥാനത്തണലില്‍ വളര്‍ന്ന്, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പടര്‍ന്നു കയറിയവരില്‍ മുന്നേ നടന്നവര്‍, ഓര്‍മവഴികളിലൂടെ യാത്ര നടത്തുകയാണ്. ധന്യമായ ആ ജീവിതപരിസരത്തെയാണ് പ്രസ്ഥാനം നട്ടുനനച്ചു വളര്‍ത്തിയ ആരാമത്തിലൂടെ ഈ ലക്കം വായനക്കായി സമര്‍പ്പിക്കുന്നത്.