ഹുദൈബിയാ സന്ധി ഒപ്പുവെച്ചു എന്നു കേട്ടപ്പോള്‍ മക്കയില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളുയര്‍ന്നു. ചില വീടുകളില്‍ അത് വലിയ ആഹ്ലാദാരവങ്ങള്‍ തന്നെ ഉയര്‍ത്തി. ആ വീടുകളില്‍ നിന്നുള്ള സഹോദരങ്ങളോ മക്കളോ പിതാക്കളോ മുഹമ്മദിന്റെ അനുയായികളായി മദീനയിലുണ്ട്. യുദ്ധമുണ്ടായാല്‍ ഈ വീടുകളിലെ സഹോദരങ്ങളും മക്കളും ഒക്കെ ആയിരിക്കുമല്ലോ പരസ്പരം പടവെട്ടുന്നത്. ഹുദൈബിയാ സന്ധി നിലനില്‍ക്കുവോളം ആ തമ്മില്‍പോര് ഒഴിഞ്ഞുകിട്ടി. മക്കയില്‍ രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചവരുമുണ്ട്. അവര്‍ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. അവര്‍ക്കും ആശ്വാസമായിരുന്നു ഈ സമാധാന സന്ധി. പിന്നെ ഏറ്റവുമധികം ആഹ്ലാദം കച്ചവടക്കാര്‍ക്കാണ്. ഇനി സിറിയന്‍ ഭാഗങ്ങളിലേക്ക് പേടികൂടാതെ കച്ചവടച്ചരക്കുകളുമായി പോവുകയും അവിടെനിന്ന് തിരിച്ചുവരികയും ചെയ്യാമല്ലോ. ഇത് കമ്പോളങ്ങള്‍ക്ക് ഉണര്‍വ് നല്‍കും. വലിയ കച്ചവടക്കാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും വരെ അത് പ്രയോജനപ്പെടും.
പക്ഷേ, ചില അസൂയാലുക്കളുണ്ട്. അവര്‍ വലിയ ദുഃഖത്തിലും സങ്കടത്തിലുമാണ്. ഈ സന്ധികൊണ്ട് നേട്ടം മുഹമ്മദിന് തന്നെ എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമൊന്നുമില്ല. മുഹമ്മദിനെയും കൂട്ടരെയും തുല്യശക്തിയായി കണ്ടുകൊണ്ടാണല്ലോ ഖുറൈശികള്‍ ഇത് ഒപ്പ് വെച്ചത്. ഇതുകൊണ്ടൊക്കെ കാര്യങ്ങള്‍ വേണ്ട രീതിയില്‍ നീക്കാന്‍ മുഹമ്മദിന് സാവകാശം കൊടുക്കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും മുഹമ്മദിന്റെ അനുയായികള്‍ കൂടും. അണികളെ അത് ശക്തിപ്പെടുത്തും. ഏതായാലും ഈ അസൂയാലുക്കള്‍ക്ക് ഒരു സ്വസ്ഥതയുമില്ല. പക്ഷേ, മക്കയിലെ പൊതു മനോഭാവം ആശ്വാസത്തിന്റെതായിരുന്നു. പുതിയ ചുറ്റുപാടുകളോട് ഇണങ്ങാന്‍ മക്ക പാകപ്പെടുകയായിരുന്നു.
ഹുദൈബിയാ സന്ധി കഴിഞ്ഞ് ഒരുമാസം ആവുന്നേയുള്ളൂ. അപ്പോഴാണ് ഖൈബറില്‍നിന്ന് ഏറ്റുമുട്ടലിന്റെ വാര്‍ത്ത വരുന്നത്. ജൂതന്മാരും മുഹമ്മദിന്റെ അനുയായികളുമാണ് മുഖാമുഖം. വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കി. ക്ലബ്ബുകളിലും രാക്കഥകള്‍ ഉരുക്കഴിക്കുന്ന മജ്‌ലിസുകളിലും അതുതന്നെ വര്‍ത്തമാനം. ബനുന്നളീര്‍, ബനൂഖുറൈള സംഭവങ്ങള്‍ക്ക് ഇത്രയേറെ വാര്‍ത്താ പ്രാധാന്യം കിട്ടിയിരുന്നില്ല. ഖൈബറിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. മികച്ച സൈനിക ശക്തിയാണവര്‍. സമര്‍ഥരും ബുദ്ധിമാന്മാരുമായ പടനായകരും പടയാളികളും. ഇഷ്ടംപോലെ പണം, ആയുധങ്ങള്‍. പിന്നെ ഇത് അറേബ്യന്‍ ഉപദ്വീപിലെ ജൂതഗോത്രങ്ങളുടെ അവസാന തുരുത്തുമാണല്ലോ. പ്രതീക്ഷ വെക്കാന്‍ അവര്‍ക്ക് മറ്റൊരിടമില്ല. ഖുറൈള, ഖൈനുഖാഅ്, നളീര്‍ ഗോത്രഭൂമികളില്‍നിന്ന് ഓടിപ്പോന്നവരും ഖൈബര്‍കാര്‍ക്കൊപ്പമുണ്ട്. സ്വയംകൃതാനര്‍ഥങ്ങള്‍ കാരണം നിന്ദ്യതയുടെയും പരാജയത്തിന്റെയും കയ്പ്പുനീര്‍ കുടിച്ചവരാണ് ഈ മൂന്ന് ജൂതഗോത്രക്കാരും. എന്നിട്ടും അവര്‍ അതില്‍ നിന്നൊന്നും യാതൊരു പാഠവും പഠിച്ചില്ല. ഈ മുന്‍കാല ദുരന്തങ്ങള്‍ അവരുടെ മനസ്സുകളില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും തീ ആളിക്കത്തിക്കുക മാത്രമാണ് ചെയ്തത്. മുസ്‌ലിംകളാല്‍ വധിക്കപ്പെട്ട ഖുറൈള ഗോത്രപ്രമുഖന്‍ ഹുയയ്യുബ്‌നു അഖ്തബിന്റെ കുടുംബം അവിടെയുണ്ട്. ഖൈബറിന്റെ ശ്രദ്ധേയനായ പടനായകന്‍ കിനാനത്തുബ്‌നു റബീഇന്റെ ഭാര്യയാണല്ലോ ഹുയയ്യിന്റെ മകള്‍ സ്വഫിയ്യ.
പാട്ടും പാനോത്സവവും നടക്കുന്ന മക്കയിലെ ഒരു മജ്‌ലിസ്. ബഹളമൊന്ന് അടങ്ങിയപ്പോള്‍ അബൂജഹ് ലിന്റെ പുത്രന്‍ ഇക് രിമ, വലീദിന്റെ പുത്രന്‍ ഖാലിദിന്റെ നേരെ ചാഞ്ഞു.
''ഖാലിദുബ്‌നുല്‍ വലീദ്, താങ്കളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ; ഹുദൈബിയാ സന്ധി നമുക്കേല്‍ക്കുന്ന വലിയ അടിയായിരിക്കുമെന്ന്?''
ഖാലിദ് ചോദിച്ചു:
''അതെങ്ങനെ?''
''നമ്മളുമായി മുഹമ്മദ് സ്വുല്‍ഹ് ഉണ്ടാക്കിയത് നാളെ യഹൂദികളെ അടിക്കാനാണ്. കണ്ടില്ലേ, ഖൈബറില്‍ യുദ്ധം നടക്കുകയാണ്. മുഹമ്മദ് പൂര്‍ണ സുരക്ഷിതന്‍. ആരും പിന്നില്‍നിന്ന് ആക്രമിക്കില്ല. ആ യുദ്ധത്തിലെങ്ങാനും മുഹമ്മദ് ജയിച്ചാല്‍ നമുക്കത് വലിയ തോല്‍വിയായിത്തീരും.''
''നമ്മള്‍ ഇതില്‍ കക്ഷിയല്ലല്ലോ.''
''ഇപ്പോഴത്തെ സ്ഥിതി വെച്ച് പറഞ്ഞാല്‍, താങ്കള്‍ പറഞ്ഞതാണ് ശരി. സന്ധിയുടെ കാലാവധി കഴിയുമ്പോഴേക്ക് മുഹമ്മദിന്റെ മുമ്പില്‍ നമ്മളല്ലാതെ ശത്രുക്കളായി മറ്റാരും ഉണ്ടാവില്ല. നമ്മള്‍ ഹുദൈബിയാ സന്ധി ഉണ്ടാക്കിയപ്പോള്‍ ജൂതന്മാരെ പിറകില്‍നിന്ന് കുത്തുകയുമാണ് ചെയ്തത്. പക്ഷേ....''
ഖാലിദ് ചെവികൂര്‍പ്പിച്ച് ശ്രദ്ധിക്കാന്‍ തുടങ്ങി.
''പക്ഷേ.... പറഞ്ഞ് മുഴുവനാക്കൂ.''
''ഞാന്‍ പറഞ്ഞത്ര എളുപ്പമല്ല കാര്യങ്ങള്‍. അതായത്, ഖൈബര്‍ തോല്‍ക്കില്ല.''
''കാരണം?''
''ഖൈബര്‍ ഭദ്രമായ കോട്ടയാണ്. എന്തെല്ലാം സംവിധാനങ്ങളാണ് അതിനകത്ത്.''
''എനിക്കറിയാം.''
''അതിനാല്‍ മുഹമ്മദിനും കൂട്ടര്‍ക്കും തോല്‍വി സമ്മതിക്കുകയല്ലാതെ നിവൃത്തിയുണ്ടാവില്ല.''
''അവര്‍ തോല്‍ക്കുകയോ? സംശയമാണ്.''
''ഒരു പടനായകന്‍ എന്ന നിലക്കാണോ താങ്കള്‍ സംസാരിക്കുന്നത്?''
''അതെ.''
''ഒരു കാര്യം ഉറപ്പിച്ച് പറയാം. ഖൈബര്‍ കോട്ടകളുടെ ഭിത്തികള്‍ ഭേദിച്ച് കടക്കാനൊന്നും മുസ്‌ലിംകള്‍ക്ക് കഴിയില്ല. അങ്ങോട്ട് കടക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മരണം അവരുടെ മേല്‍ പെയ്തിറങ്ങും. എത്ര കാലമെന്നറിയാത്ത ഉപരോധം നീട്ടിക്കൊണ്ടു പോകാന്‍ മുഹമ്മദിന് കഴിയില്ല.''
മറ്റെന്തിലേക്കോ ശ്രദ്ധ തെറ്റിയിട്ടെന്ന പോലെ ഖാലിദ് പറഞ്ഞു:
''എനിക്കറിയാവുന്ന മുഹമ്മദ് എല്ലാം വളരെ സൂക്ഷിച്ചേ ചെയ്യൂ. വലിയ അപകടങ്ങളിലേക്കൊന്നും അദ്ദേഹത്തിന്റെ ആളുകള്‍ എടുത്തുചാടാന്‍ പോകുന്നില്ല.''
''എന്തായാലും ഒരു കാര്യവുമില്ലാതെ കുറെ മുസ്‌ലിംകളുടെ ജീവന്‍ പോയിക്കിട്ടും.''
''നോക്കൂ ഇക് രിമാ, മുഹമ്മദിന്റെത് ചിലപ്പോള്‍ ഒളിപ്പോരായിരിക്കും. ചിലപ്പോള്‍ ദീര്‍ഘകാല യുദ്ധത്തിന് ഒരുങ്ങിയിട്ടാവും വരവ്. ഓരോ സന്ദര്‍ഭത്തിലും അതിന് പറ്റിയ യുദ്ധക്കുപ്പായമാണ് ഇടുക. ബനൂഖുറൈള, ബനുന്നളീര്‍ സംഭവങ്ങളില്‍നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. വലിയ കോട്ടകൊത്തളങ്ങളോ ആയുധപ്പുരകളോ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും മഹാശേഖരമോ ഒന്നും ആ നീക്കത്തിന് തടസ്സമാവുകയില്ല.''
ഇക് രിമ സ്വരം കടുപ്പിച്ചു.
''ഞാന്‍ സത്യം ചെയ്യുന്നു, ഖൈബറുകാര്‍ മുസ്‌ലിംകളെ തോല്‍പിച്ചിരിക്കും.''
''എന്റെ നോട്ടം താങ്കളുടെ നോട്ടത്തില്‍നിന്ന് വ്യത്യസ്തമാണ്, ഇക് രിമാ.''
''ഞാന്‍ വെറുതെ പറയുന്നതല്ല, തെളിവുകള്‍ വെച്ച് പറയുകയാണ്.''
''നമുക്ക് രാവിലെ വരെ കാത്തിരുന്നാല്‍ എന്താ...?''
ഇക് രിമ കൂടുതല്‍ ആവേശഭരിതനാവുകയാണ്.
''ഗത്വഫാന്‍കാരും ഖൈബറിനെ സഹായിക്കാനുണ്ട്.''
''പ്രതീക്ഷിക്കപ്പെടുന്ന ഫലത്തെ അതൊന്നും മാറ്റിത്തിരുത്തില്ല.''
''പുറത്തെടുക്കാത്ത അടവുകളും കുതന്ത്രങ്ങളും ഇനിയും ജൂതന്മാരുടെ കൈയില്‍ ബാക്കിയാണ്.''
''ഇക് രിമാ, അതിനേക്കാള്‍ അപ്പുറമാണ് കാര്യങ്ങള്‍.''
''എങ്ങനെ?''
''മുസ്‌ലിംകളുമായി പലതവണ പോരടിച്ചിട്ടുള്ളവനാണ് ഞാന്‍. താങ്കള്‍ക്കറിയാമല്ലോ, ഉഹുദിലെയും മറ്റും കാര്യങ്ങള്‍. താങ്കള്‍ മനസ്സിലാക്കണം, ആസ്വദിച്ച് യുദ്ധം ചെയ്യുന്നവരാണ് മുസ്‌ലിംകള്‍. പൊരുതുമ്പോഴും വെട്ടും കുത്തുമേറ്റ് വീഴുമ്പോഴും അവരത് ആസ്വദിക്കുന്നതായാണ് കണ്ടിട്ടുള്ളത്. നമ്മള്‍ യുദ്ധത്തില്‍ വലിയ അങ്കലാപ്പോടെയല്ലേ നീങ്ങുക. ഒരാള്‍ വെട്ടേറ്റ് വീണാല്‍ അയാളെ മരണഭീതി പൊതിയുകയായി. കോട്ടകൊത്തളങ്ങള്‍ക്കും ആയുധപ്പുരകള്‍ക്കും കുതന്ത്രങ്ങള്‍ക്കുമപ്പുറം മറ്റൊന്നുണ്ട്. ആ അത്ഭുതകരമായ ജീവിതപ്രതിഭാസം നമുക്ക് കാണിച്ചുതരികയാണ് യസ് രിബില്‍ നിന്നെത്തിയ ഈ മനുഷ്യര്‍.''
ഇക് രിമ നിരാശനായി.
''ഖാലിദേ, താങ്കള്‍ മുഹമ്മദിന്റെ ആളുകളിലും അവരുടെ തത്ത്വങ്ങളിലും വീണുപോയിരിക്കുന്നു.''
''താങ്കള്‍ എന്ത് കരുതിയാലും കുഴപ്പമില്ല. പക്ഷേ, ഏതൊരു ശത്രുവിനെയും അവന്റെ യഥാര്‍ഥ നിലയില്‍ തന്നെ മനസ്സിലാക്കണം. എങ്ങനെ ചിന്തിക്കുന്നു, ഒരുക്കങ്ങള്‍ നടത്തുന്നു, യുദ്ധനീക്കത്തിന് പ്രേരകമായ കാര്യങ്ങള്‍ എന്തൊക്കെ.... ശത്രുവിനെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുമ്പോഴേ, ചെറുക്കാനും ആ തന്ത്രങ്ങള്‍ തകര്‍ക്കാനുമുള്ള വഴികള്‍ നമുക്ക് തെളിഞ്ഞു കിട്ടുകയുള്ളൂ.''
അപ്പോഴേക്കും ഇക് രിമയുടെ കൈയിലിരിക്കുന്ന മദ്യക്കോപ്പ വിറക്കാന്‍ തുടങ്ങിയിരുന്നു.
''ഖൈബര്‍ ജയിക്കും.''
''ജൂതര്‍ തോല്‍ക്കും.''
''ഉറപ്പാണോ ഖാലിദേ?''
''ഉറപ്പാണ്.''
''പന്തയത്തിനുണ്ടോ?''
''ഉണ്ട്.''
''അമ്പത് ഒട്ടകങ്ങള്‍, സമ്മതിച്ചോ?''
''സമ്മതിച്ചു.''
ഇങ്ങനെയായിരുന്നു മക്കയുടെ സ്ഥിതി. ഒടുങ്ങാത്ത ചര്‍ച്ചകള്‍. പന്തയം വെപ്പുകള്‍. വടക്ക് എന്തു സംഭവിക്കുമെന്ന ആകാംക്ഷ. വൈകുന്നേരവും രാവിലെയും മക്കക്കാര്‍ മക്കയുടെ അതിര്‍ത്തിയോളം ചെല്ലും. വിദൂരങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരുണ്ടെങ്കില്‍ അവരോട് ഖൈബര്‍ വിവരങ്ങള്‍ തിരക്കും.
അബൂസുഫ് യാന്‍ കിടക്കാന്‍ നേരത്ത് ഭാര്യ ഹിന്ദിനോട് പറഞ്ഞു: ''എന്തത്ഭുതം! അറബ് മനസ്സുകളില്‍ ഇപ്പോള്‍ തീ പടര്‍ത്തുന്നത് മുഹമ്മദിന്റെ കഥകളും പോരാട്ടദിനങ്ങളും ചിന്തകളുമൊക്കെയാണ്. ഖൈബര്‍ ചര്‍ച്ചയാക്കാത്ത ഒരു വീടുപോലുമില്ല മക്കയില്‍.''
ഹിന്ദ് കത്തുന്ന ഒരു നോട്ടം നോക്കി.
''എല്ലാറ്റിനും കാരണം നമ്മുടെ മണ്ടത്തരങ്ങളാണ്.''
''നീ കരുതുന്നത് പോലല്ല കാര്യങ്ങള്‍. മുഹമ്മദിനെ ഒതുക്കാനുള്ള ഒരു അവസരവും നാം പാഴാക്കിയിട്ടില്ല.''
''മുഹമ്മദിനെ തൃപ്തിപ്പെടുത്താനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല എന്ന് തിരുത്തിപ്പറയൂ. കണ്ടില്ലേ, ഹുദൈബിയാ സന്ധി! നാണമില്ലല്ലോ!''
''മുഹമ്മദിന് സൗകര്യം ചെയ്തുകൊടുത്തതല്ല അത്. ആ സന്ധി നമ്മുടെ ആവശ്യമായിരുന്നു. ശാമിലേക്ക് കച്ചവടസംഘത്തെ അയക്കാന്‍ കഴിയാതിരുന്നാല്‍ മക്കയില്‍ പട്ടിണി പടരും. ജനങ്ങള്‍ പരാതി പറഞ്ഞ് നമ്മെ ബുദ്ധിമുട്ടിക്കും. കുറെയാളുകള്‍ മുഹമ്മദിന്റെ പക്ഷത്തേക്ക് പോകാനും മതി. ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് നമ്മുടെ നീക്കങ്ങള്‍. അത് മുഹമ്മദിനുള്ള കീഴ്‌പ്പെടലല്ല. നമ്മുടെ അനിവാര്യതകളാണ്. അത് നാം ചെയ്യുന്നത് നമ്മുടെ നാട്ടുകാര്‍ക്ക് വേണ്ടിയാണ്.''
''ഹാ.... എന്ത് പറയാന്‍! ആ മനുഷ്യന്‍ നിങ്ങളെയിട്ട് കളിപ്പിക്കുകയാണ്. നിങ്ങളുടെ തലക്കനങ്ങളെ തച്ചുടക്കുകയാണ്. നിങ്ങളെ അറേബ്യയിലുടനീളം പരിഹാസ പാത്രങ്ങളാക്കുകയാണ്. എന്തൊരു മുസീബത്ത്. അയാളിപ്പോള്‍ ജൂതരെ തിന്നും. എന്നിട്ട് നിങ്ങള്‍ക്ക് നേരെ പാഞ്ഞുവരും.''
അബൂസുഫ് യാന്‍ അസ്വസ്ഥനായി.
''ഖൈബറില്‍നിന്ന് വിവരങ്ങള്‍ വരട്ടെ. അതുവരെ നീ കാക്ക്. ഖൈബര്‍ അങ്ങനെ പാഞ്ഞു കേറാന്‍ പറ്റുന്ന ശത്രുവല്ല.''
അബൂസുഫ് യാനോട് ചേര്‍ന്നുനിന്ന് ഹിന്ദ് ചോദിച്ചു.
''സത്യത്തില്‍ ജൂതര്‍ വിജയിക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? പല കാര്യങ്ങളും നിങ്ങള്‍ പ്രവചിക്കുന്നതു പോലെ സംഭവിക്കാറുണ്ടല്ലോ.''
''ഇക്കാര്യത്തില്‍ പ്രവചനം എളുപ്പമല്ല. ജൂതന്മാരെ തോല്‍പിക്കലും എളുപ്പമല്ല.''
''അപ്പോള്‍ മുഹമ്മദോ?''
''അദ്ദേഹത്തിന് ജയിക്കലും എളുപ്പമല്ല.''
''വട്ടം ചുറ്റാതെ കൃത്യമായി പറയൂ. മുഹമ്മദ് ജയിക്കുമോ തോല്‍ക്കുമോ?''
''പറഞ്ഞില്ലേ, പ്രവചനം അസാധ്യമാണ്.''
അവള്‍ കാലിട്ടടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് നടന്നു.
''ഒറ്റയെണ്ണത്തിനും അടിയുറപ്പില്ല. കിടന്ന് വിറക്കുകയാണ്. ഒരു തീരുമാനമെടുക്കാന്‍ ഇവിടെ ആരാണുള്ളത്! അതാണ് യഥാര്‍ഥ പ്രശ്‌നം. ഈ നാടിന്റെ കാര്യം എനിക്കേല്‍പിച്ച് തന്നാല്‍ കാണാമായിരുന്നു.''
അബൂസുഫ് യാന്‍ കളിയാക്കി ചോദിച്ചു:
''എന്ത് കാണാമായിരുന്നു?''
ഹിന്ദിന്റെ കണ്ണില്‍ വെറുപ്പിന്റെ വന്യത നിറഞ്ഞു.
''മദീനയുമായുണ്ടാക്കിയ കരാര്‍ ചീന്തിയെറിയും. എന്നിട്ട് മദീനക്ക് നേരെ കുതിക്കും. മുഴുവന്‍ അറബിഗോത്രങ്ങളെയും കൂട്ടും. യസ് രിബിന്റെ പ്രാന്തങ്ങളില്‍ ചോരസല്‍ക്കാരമൊരുക്കും.''
അബൂസുഫ് യാന്‍ ചെറുചിരിയോടെ തലയാട്ടി.
''രാഷ്ട്രീയ ചാതുരി, കവികളേ പെണ്ണുങ്ങളേ, അത് നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.''
ഹിന്ദിനോടായി വീണ്ടും അബൂസുഫ് യാന്‍:
''തോല്‍പിക്കപ്പെട്ടാല്‍ പിന്നെ എന്ത് സംഭവിക്കും എന്ന് നീ ആലോചിച്ചിട്ടുണ്ടോ? നീ വിജയം മാത്രമാണ് സ്വപ്‌നം കാണുന്നത്. മണല്‍പ്പരപ്പുകളില്‍ ഉപേക്ഷിക്കപ്പെടുന്ന മൃതദേഹങ്ങള്‍, അവയെ കൊത്തിവലിക്കുന്ന കഴുകന്മാര്‍. ആലോചിച്ചു നോക്ക്.''
ഹിന്ദും വിട്ടുകൊടുത്തില്ല:
''ഇങ്ങനെ നാണം കെടുന്നതിനേക്കാള്‍ നല്ലത് മരണമാണ്.''
''പെണ്ണേ, എന്ത് നാണക്കേട്? നമ്മള്‍ നമ്മുടെ നാട്ടില്‍ സ്വതന്ത്രരല്ലേ? നമ്മള്‍ പറഞ്ഞ വ്യവസ്ഥകളെല്ലാം ഹുദൈബിയയില്‍ അവര്‍ അംഗീകരിച്ചില്ലേ?''
''എന്നിട്ട് അതെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത്, 'മുഹമ്മദേ, വ്യക്തമായ വിജയം ഇതാ നാം താങ്കള്‍ക്ക് നല്‍കിയിരിക്കുന്നു' എന്നല്ലേ?''
''ശരിയാണ്. അവര്‍ സന്ധിയെ അവരുടെ വിജയമായി കാണുന്നു.''
''നമ്മളോ?''
''എനിക്കറിയില്ല, ഏതാണ് ശരിയെന്ന്.''
ഒടുവില്‍ അവളിലെ കൊടുങ്കാറ്റ് ഒടുങ്ങി.
''ഖൈബര്‍ തന്നെയായിരിക്കും ജയിക്കുന്നത്.''
''നിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവട്ടെ.''
''ബെറ്റ് വെക്കാനുണ്ടോ? നൂറ് ഒട്ടകം.''
അബൂസുഫ് യാന്‍ ചിരിച്ചൊഴിഞ്ഞു.
''എനിക്കുള്ളത് മുഴുവന്‍ നീ എടുത്തോ. ഞാനൊന്ന് നടുനിവര്‍ത്തട്ടെ.''
അവള്‍ പിറുപിറുക്കാന്‍ തുടങ്ങി.
''നിങ്ങള്‍ കണ്ണുംപൂട്ടി ഉറങ്ങുന്നു. ഞാനിവിടെ കണ്ണ് തുറന്ന് മേലോട്ട് നോക്കി കിടക്കുന്നു. പല പല സ്വപ്‌നങ്ങള്‍ നെയ്യുന്നു. അങ്ങനെ ഉറക്കം എന്റെ കണ്ണുകളെ തലോടുന്നു.''
അബൂസുഫ് യാന്‍ നിസ്സംഗതയോടെ പറഞ്ഞു:
''നിനക്ക് ഭ്രാന്ത് പിടിക്കും.''
അവള്‍ അയാളുടെ നെഞ്ചിലൊരു തള്ള് വെച്ചുകൊടുത്തു. പിന്നെ എണീറ്റു പോയി.
(തുടരും)