ഒരു പുറപ്പെടല്‍

തോട്ടത്തില്‍ മുഹമ്മദലി No image


വെന്റിലേറ്റര്‍ 14
ഒരു പുറപ്പെടല്‍

മുഹമ്മദ് കാസിം എം.ഡിയുടെ വളരെ ഗൗരവത്തോടെയുള്ള വരവ് കാണുമ്പോള്‍ തന്നെ എല്ലാവരും അവരറിയാതെ നിന്നുപോയി. ഭയംകൊണ്ടായിരിക്കാം; ബഹുമാനം കൊണ്ടല്ല, ഉറപ്പ്. ഓഫീസില്‍ കയറിയ ഉടന്‍ ലതികയെ വിളിച്ചു;
''ലതേ.... ആ മാനേജറെ വിളിക്കൂ.''
ലതികക്ക് ആകെ ഒരമ്പരപ്പ്. സാധാരണ അദ്ദേഹം നേരിട്ടാണ് സുബൈറിനെ വിളിക്കാറ്. ലതിക സുബൈറിനെ വിവരമറിയിച്ചു. ഉടനെ സുബൈര്‍ എം.ഡിയുടെ മുറിയിലെത്തി. സുബൈറിനെ കണ്ടയുടന്‍ വന്യമൃഗത്തെപ്പോലെ എം.ഡി കാസിം, സുബൈറിന്റെ നേരെ ഗര്‍ജിച്ചു:
''നീയാരെടാ... ഈ ആശുപത്രിയില്‍, ചക്കാത്തിന് ചികിത്സിക്കാന്‍?''
സുബൈറൊന്ന് ഞെട്ടി. കാസിംച്ച അത്യാസന്ന ഘട്ടത്തില്‍ അര്‍ഹതയുള്ള ഒരു രോഗിയെ ചികിത്സിക്കുന്നതില്‍ അനുകൂലമായിരിക്കുമെന്ന് കരുതി. അശോകന്‍ ചെവിയില്‍ ശകുനി തന്ത്രം മൂളിയിരിക്കാം.
''പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട, എക്കാമയൊന്നുമില്ലാത്ത ഒരു സാധു രോഗി. വേറെ ആശുപത്രിയില്‍ പോകാന്‍ പറ്റില്ലല്ലോ!''
''അതിന് നമ്മള്‍ ചക്കാത്തിനാണോ ചികിത്സിക്കേണ്ടത്? ഇത് ജനങ്ങളെ സേവിക്കാനുള്ള ആശുപത്രിയല്ല. നാല് കാശുണ്ടാക്കാനാണ് ഇത് നടത്തുന്നത്. നീയൊക്കെ വെറുതെ ജോലി ചെയ്യ്വോ? മാസാമാസം എണ്ണിത്തരണ്ടേ? ഫൂള്‍സ്...''
സുബൈര്‍ സ്തബ്ധനായി. മറുപടി പറയാന്‍ വാക്കുകളുണ്ടായില്ല. അവന്‍ ഒന്നും മിണ്ടാതെ മൗനിയായി.
''എന്താടാ നിനക്ക് നാവനങ്ങുന്നില്ലേ...?''
വളരെ അവശനായി വന്ന ഒരു ജീവന്‍ ആരും ശ്രദ്ധിക്കാതെ, എവിടെയും പോകാന്‍ പറ്റാത്ത ജീവന്‍. മരിക്കാന്‍ കിടന്ന ആ മനുഷ്യജീവനെ രക്ഷപ്പെടുത്താമെന്ന് വിചാരിച്ചു. അയാള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നെങ്കില്‍... വേറെ വല്ല ആശുപത്രിയിലേക്കും അയക്കുമായിരുന്നു.
''എടോ, നിനക്കറിയാമോ, പതിനായിരം ദീനാര്‍ ചാര്‍ജ് ചെയ്യേണ്ട ഓപ്പറേഷനാണ് ഒരു ഫില്‍സ് പോലും അടക്കാതെ! അവന്‍ അതാ.... അവിടെ സുഖമായി കിടക്കുന്നു.''
ഡോക്ടര്‍മാരുടെ കലക്ഷന്‍ കാണുന്ന പേജില്‍ ക്ലിക്ക് ചെയ്ത്  കഷണ്ടിത്തല തടവി കാസിം ചോദിച്ചു:
''നീ എന്തിനാണ് അശോകനെ തല്ലിയത്?''
''അവന്‍ ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് വേണ്ടാത്തത് പറഞ്ഞു.''
''അതിന് തല്ലണോ?''
''എനിക്ക് അവനെപ്പോലെ; അത്ര പരസ്യമായി ചീത്ത വിളിക്കാന്‍ അറിയില്ല.''
''അതുകൊണ്ട്?''
''അതെ, അതുകൊണ്ട് വളരെ മാന്യമായി അബൂജാസിമിന്റെ റൂമില്‍ കൊണ്ടുപോയി രണ്ട് കൊടുത്തു.''
''സുബൈറേ, നീയൊന്ന്  മനസ്സിലാക്കണം. ഇത് നാടല്ല, വല്ല കാരണത്താലും അകത്തായാല്‍ പിന്നെ പുറത്ത് വരാന്‍ പറ്റില്ല.''
' ഇതുപോലെയാണെങ്കില്‍ ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ല; ഇന്നുതന്നെ പതിനായിരം ദീനാറിന്റെ നഷ്ടമാണ് നീ ഹോസ്പിറ്റലിന് ഉണ്ടാക്കിയത്.''
കാസിം വളരെ ദേഷ്യത്തോടെ സീറ്റില്‍ നിന്ന് എഴുന്നേറ്റു. കുറച്ചുകൂടി ശബ്ദമുയര്‍ത്തി:
''ഇനി നീ ഇവിടെ ജോലി ചെയ്യേണ്ട.'' ഇതും പറഞ്ഞ് കാസിം പോയി. സുബൈര്‍ അവിടെ നിന്നിറങ്ങി. റൂമില്‍ കയറി കതകടച്ചു കിടന്നു. അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. മുഖം കഴുകി ആശുപത്രിയില്‍ പോയി ക്യാബിനില്‍ ഇരുന്നു. അലമാരകളും മേശവലിപ്പും പൂട്ടി ലളിതയെ വിളിച്ചു താക്കോലുകള്‍ അവളെ ഏല്‍പ്പിച്ച്, അക്കൗണ്ടന്റിന് കൊടുക്കാന്‍ പറഞ്ഞു. ആരോടും ഒന്നും പറയാതെ അവനിറങ്ങി നടന്നു. ഫ്‌ളാറ്റില്‍ എത്തി വസ്ത്രം പോലും മാറാതെ കിടന്നു. സുബൈറിന്റെ മനസ്സ് ഉരുകി. അഞ്ച് വര്‍ഷം ഈ കുവൈത്തിലെ ജീവിതംകൊണ്ട് കാര്യമായി ഒന്നും നേടാന്‍ പറ്റിയില്ല. അമ്മാവന്മാരുടെ ധൂര്‍ത്തടിച്ചുള്ള ജീവിതം കാരണം ഉള്ളതൊക്കെ വിറ്റു. കടങ്ങളൊക്കെ കൊടുത്തുതീര്‍ത്തു. പുരയില്‍ ഒന്നും ചെയ്യാതെ അവര്‍ കഴിയുന്നു. അവരെ തീറ്റിപ്പോറ്റാന്‍ ഒരുപാട് പണം വേണ്ടിവന്നു. ഉപ്പാക്ക് വയസ്സായി. ജോലിക്ക് പോകാന്‍ പ്രയാസമാണ്. പ്രഭക്ക് ഫോണ്‍ ചെയ്ത് വിവരങ്ങളൊക്കെ പറഞ്ഞു. പലവിധ ചിന്തകളാല്‍ ഒരപ്പൂപ്പന്‍താടിപോലെ നിദ്രയുടെ കയങ്ങളില്‍ പാറിവീണു.
കോളിംഗ്‌ബെല്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ തുറന്നപ്പോ പ്രഭാകരന്‍, റഷീദ്, ഇബ്രാഹീം, ഡ്രൈവര്‍ ആസിഫ്....
അവര്‍ അകത്ത് കയറി. ആസിഫ് അടുക്കളയിലേക്ക് നടന്നു. ഇബ്രാഹീം സുബൈറിന്റെ അരികിലിരുന്നു.
''എന്ത് പറ്റീ സുബൈറേ? പ്രഭ പറഞ്ഞിട്ടാണ് ഞങ്ങള്‍ വിവരമറിഞ്ഞത്.'' പ്രഭാകരന്‍ അവരുടെയടുത്ത് വന്നു.
''ഇതൊക്കെ ഗള്‍ഫില്‍ സാധാരണയല്ലേ?''
സുബൈര്‍ സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു. ടെലിഫോണ്‍ ശബ്ദിച്ചതും സുബൈര്‍ റിസീവര്‍ എടുത്തു.
''ഹലോ.... അതെ.... അതൊക്കെ നേരിട്ട് പറയാം. ടിക്കറ്റിന്റെ കാശ് കൈയിലുണ്ട്. ഓ.കെ എന്നാല്‍ നേരിട്ട് കാണാം.''
''ആരാ സുബൈറേ?''
പ്രഭാകരന്‍ ആകാംക്ഷയോടെ ആരാഞ്ഞു.
'ബേങ്കില്‍നിന്ന്, അബ്ബാസ്.''
''അത്യാസന്ന നിലയില്‍ ഒരു രോഗി, അയാള്‍ക്കാണെങ്കില്‍ പാസ്‌പോര്‍ട്ടില്ല, എക്കാമയുമില്ല, പിന്നെയെവിടെ അയക്കാനാണ്, ഞാന്‍ നീതി പ്രവര്‍ത്തിച്ചു.''
''നീ ചെയ്തത് വളരെ നന്നായി, ഒരാളെ ജീവന്‍ രക്ഷിച്ചാല്‍, ഒരു സമൂഹത്തെ രക്ഷിച്ച പോലെ. ഒരാളുടെ ജീവനെടുത്താലോ, ഒരു സമൂഹത്തെ മുഴുവന്‍ വധിച്ചപോലെ; അതിന്റെ പുണ്യവും ശിക്ഷയും വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.''
റഷീദ് പറഞ്ഞുനിര്‍ത്തി.
''കുറേ നാളുകളായി, അശോകന് രണ്ട് പൊട്ടിക്കണമെന്ന് വിചാരിക്കുന്നു. ഈ പൊസിഷനില്‍ നിന്നുകൊണ്ട് എങ്ങനെയാണ് ചെയ്യുക.  അങ്ങനെ ചെയര്‍മാന്റെ റൂം നമ്പര്‍ ഒന്നില്‍ കൊണ്ടുപോയി രണ്ട് കൊടുത്തു. അപ്പോഴാണ് അല്‍പ്പം സമാധാനമുണ്ടായത്.''
അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ആസിഫ് ചായ കൊണ്ടുവന്ന് എല്ലാവര്‍ക്കും കൊടുത്തു. ചായ കിട്ടിയതില്‍ സന്തുഷ്ടനായ സുബൈര്‍ സ്‌നേഹപൂര്‍വം പറഞ്ഞു.
''നന്നായി ആസിഫ്... ഒരു ചായ കുടിക്കണമെന്നുണ്ടായിരുന്നു. വളരെ നന്ദി.''
ആസിഫ് സുബൈറിനെ നോക്കി ചിരിച്ചു. അവന്‍ ദൂരെ മാറിനിന്നു. ഏത് സമയത്തും ആസിഫ് കൂടെയുള്ളത് സുബൈറിന് ഉപകാരമായിരുന്നു. കാസര്‍കോട്ടുകാരന്‍ ആസിഫിനെ സുബൈറിന് വളരെ ഇഷ്ടമായിരുന്നു. സുബൈര്‍ തുടര്‍ന്നു:
ഇവിടെനിന്ന് വേറെ ജോലിക്ക് പോവുകയെന്നത് അസാധ്യമാണ്. കാരണം, കാസിംച്ച ഒരിക്കലും റിലീസ് തരില്ല.''
സുബൈറിന്റെ മുഖത്ത് നിഴലിച്ചിരുന്ന വിഷാദം കണ്ട ഇബ്രാഹീം:
''സുബൈര്‍ ഒന്നുകൊണ്ടും നിരാശനാവരുത്. കാസിംച്ചാനെ മാത്രം ആശ്രയിച്ചാണോ നമ്മളെ ദൈവം തമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്നത്? അയാളോട് പോകാന്‍ പറ.... റിലീസ് തന്നാലും വാങ്ങരുത്, ഇവിടെ ഞങ്ങളൊക്കെയില്ലേ.... ധൈര്യമായി നീ നാട്ടില്‍ പോ.... വിസ ഞങ്ങള്‍ അയച്ചുതരും. സാമ്പത്തികം ആവശ്യമുണ്ടെങ്കില്‍ മടിക്കേണ്ട, ചോദിച്ചോളൂ...''
''നിങ്ങളുടെയൊക്കെ സ്‌നേഹവും സന്മനസ്സും കാണുമ്പോള്‍ എനിക്ക് ഇവിടെനിന്ന് പോകാന്‍ തന്നെ വിഷമമാണ്.'' സുബൈര്‍ വിമ്മിട്ടപ്പെട്ടു.
''അതൊന്നും സാരമില്ല സുബൈറേ, ഇവിടെ ഞങ്ങളുണ്ട്.''
പ്രഭ സുബൈറിന്റെ തോളില്‍ തട്ടി.  സുബൈര്‍ വളരെ വിഷമത്തോടെ പറഞ്ഞു:
''ആശുപത്രിയിലും ഒരുപാട് പ്രശ്‌നങ്ങള്‍... പുതിയ കമ്പനികളിലേക്കുള്ള ഇന്‍ഷൂറന്‍സ് പേപ്പറുകള്‍ ശരിയാക്കേണ്ടതുണ്ട്, അത് പുട്ടപ്പ് ചെയ്യണം.  എക്കാമ ടെസ്റ്റിന് വേണ്ടി ഉത്സാഹിക്കുകയാണ്, അബൂ ജാസിം. മിനിസ്ട്രി ചെക്കപ്പിന് സമയമായി. ഏത് സമയത്തും പരിശോധനക്ക് വരാം, വല്ല അപാകതകളും കണ്ടാല്‍ ആശുപത്രി അടച്ച് സീല്‍ വെക്കും.''
''അതിന് നിനക്കെന്താടാ, ആശുപത്രിയടച്ച് പൂട്ടട്ടെ. എന്നാലെങ്കിലും കാസിം പഠിക്കും.'' പ്രഭാകരന്‍ പറഞ്ഞു.
''അതൊക്കെ കാസിം ശരിയാക്കും. അയാളാരാ മോന്‍... തരികിടയല്ലേ....!''
''ഞാന്‍ ട്രാവല്‍ ഏജന്‍സിയെ വിളിക്കട്ടെ.''
 ''നാളത്തേക്ക് സീറ്റു കിട്ടുകയാണെങ്കില്‍ നാളെത്തന്നെ പുറപ്പെടാം.''
സുബൈറിന്റെ ധൃതി കണ്ട് ഇഷ്ടപ്പെടാതെ ഇബ്രാഹീം ശബ്ദം കൂട്ടി സുബൈറിനെ ഉപദേശിച്ചു:
''എന്തിനാണ് സുബൈറേ നീ ഇത്ര ധൃതി കാണിക്കുന്നത്? നീ ആ ഫോണ്‍ കട്ട് ചെയ്യൂ.... സംഭവം കഴിഞ്ഞിട്ട് മണിക്കൂറുകളേ ആയുള്ളൂ.... കുറച്ച് വെയിറ്റ് ചെയ്യൂ.
സുബൈര്‍ ഫോണ്‍ സംഭാഷണം മുഴുമിക്കാതെ റിസീവര്‍ യഥാസ്ഥാനത്ത് വെച്ചു.
സുബൈര്‍ ആകെ തളര്‍ന്നു. ഇനി എന്ത് ചെയ്യണം? ഇത്തരം പരീക്ഷണങ്ങളെ എങ്ങനെ നേരിടാനാണ്‍
ആ മുറിയാകെ നിശ്ശബ്ദത ഘനീഭവിച്ചു. ആരും ഒന്നും പറയുന്നില്ല. നീണ്ട മൗനത്തെ ഭഞ്ജിച്ച് ഇബ്രാഹീം പറഞ്ഞു:
''നമ്മള്‍ ഒന്നിനും ധൃതി കാണിക്കേണ്ട, എല്ലാം അറിയുന്ന റബ്ബിനെ ഭരമേല്‍പ്പിക്കാം.'' ഇബ്രാഹീം എഴുന്നേഴുന്നേറ്റ് സുബൈറിന്റെ കൈ പിടിച്ചു.
''സുബൈറേ, നീ പതറരുത്, തളരരുത്.... ഞങ്ങളുടെ വിഷമ ഘട്ടത്തിലൊക്കെ ശക്തി പകര്‍ന്നുതന്നത് നീയാണ്... ഒട്ടും വിഷമിക്കരുത്... സര്‍വശക്തന്‍, ലോക നിയന്താവ്, സര്‍വജ്ഞന്‍ നല്ലതിനു വേണ്ടിയായിരിക്കാം ഇതൊക്കെ വരുത്തിയത്, നീ ധൈര്യമായിരിക്ക്, ഞങ്ങള്‍ പോയിട്ട് നാളെ വരാം.''
''ഓ.കെ. ഇബ്രാഹീംച്ച; അബ്ബാസ് രാത്രി വരുമെന്ന് പറഞ്ഞിട്ടുണ്ട്. അതാ.... അശോകന്‍ പാസ്‌പോര്‍ട്ടുമായി വരുന്നു.'' അശോകന്‍ ഇത്തിരി ചിരി കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു:
''എക്‌സിറ്റ് അടിച്ചു; നാളെ രാത്രി പത്ത് മണിക്ക് എയര്‍ ഇന്ത്യയുണ്ട്.''
അശോകനെ കണ്ട ഇബ്രാഹീമും സുഹൃത്തുക്കളും മടങ്ങിവന്നു. സുബൈര്‍ പാസ്‌പോര്‍ട്ട് വാങ്ങാന്‍  കൈ നീട്ടി. അശോകന്‍ സംസാരം തുടര്‍ന്നു:
''കൈ നീട്ടണ്ട, ഇത് നിന്റെ കൈയില്‍ ഇപ്പോള്‍ തരില്ല, എയര്‍പോര്‍ട്ടില്‍ വെച്ച് ഞാന്‍ എന്റെ കൈകൊണ്ട്തന്നെ തരും. ഞാനാണല്ലോ ആദ്യം നിന്നെ കൊണ്ടുവന്നത്. എന്നോട് കളിച്ചതിന്റെ ഫലം കണ്ടില്ലേ...?'' ക്ഷമയറ്റ സുബൈര്‍ അവന്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു. രണ്ടാമതും അടിക്കാന്‍ അശോകന്റെ മുഖത്തേക്ക് കൈവീഴും മുമ്പ് ഇബ്രാഹീം സുബൈറിന്റെ കൈ പിടിച്ചു.
''സുബൈറേ, ഇതെങ്ങാനും അവന്റെ ദേഹത്ത് കൊണ്ടിരുന്നെങ്കില്‍, അവന്റെ കാറ്റ് പോയേനെ. നീ തല്‍ക്കാലം ക്ഷമിക്ക്.''
റഷീദ് പറഞ്ഞു: ''ഇനിയൊന്നും ആലോചിക്കാനില്ല. നമുക്ക് ചില്ലറ പര്‍ച്ചേസ് ചെയ്തിട്ട് വരാം.''  ഇബ്രാഹീം അതിനോട് യോജിച്ചു:
''ശരി അങ്ങനെ ചെയ്യാം.''  
അശോകന്‍ ഒന്നും പറയാതെ രോഷം വിഴുങ്ങി ഇറങ്ങി നടന്നു. സുബൈര്‍, പ്രഭാകരന്‍, ഇബ്രാഹീം, റഷീദ്.... ഇവരെല്ലാം കുവൈത്ത് സിറ്റി ലക്ഷ്യമാക്കി നീങ്ങി. ഇബ്രാഹീം ഡ്രൈവ് ചെയ്തു.
വളരെ വൈകിയായിരുന്നു സുബൈര്‍ ഫ്‌ളാറ്റില്‍ എത്തിയത്. ഏകാഗ്രത ലഭിക്കാത്തതിനാല്‍ ടി.വി ക്ലോസ് ചെയ്തു. സാധനങ്ങളൊക്കെ മുറിയില്‍ നിരന്നുകിടന്നു. കട്ടിലില്‍ കിടന്നു ഉറക്കം ലഭിക്കാത്തതിനാല്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. പെട്ടെന്നുള്ള തിരിച്ചുവരവിനോട് ഉപ്പ എങ്ങനെ പ്രതികരിക്കും. നാട്ടുകാരും സുഹൃത്തുക്കളും എന്താണ് വിചാരിക്കുക. ഉറക്കംവരാത്ത സുബൈര്‍ എഴുന്നേറ്റ് വരാന്തയില്‍ ഇരുന്നു.  വിജനമായ വീഥികള്‍. വിശാലമായി പരന്നുകിടക്കുന്ന മരുഭൂമി. വൈദ്യുത ദീപങ്ങളാല്‍ നിറഞ്ഞുകിടക്കുന്ന വീഥികളില്‍ വളരെ ദുര്‍ലഭമായി കാണുന്ന വണ്ടികള്‍... പടിഞ്ഞാറേ ചക്രവാളത്തില്‍ നേരിയൊരു പ്രകാശം.... സുബൈര്‍ കുറേ സമയം മേഘങ്ങളുടെ ചലനത്തെ നോക്കിയിരുന്നു. ദിവസേന ആശുപത്രിയിലേക്ക് പോകുന്ന റോഡുകള്‍... ഇനി നാളത്തെ സന്ധ്യ കഴിഞ്ഞാല്‍ കാണുമോ... അവന്‍ ചുറ്റുപാടും മതിയാവോളം നോക്കി. മനസ്സുകൊണ്ട് യാത്ര പറഞ്ഞ് കട്ടിലില്‍ കയറിക്കിടന്നു.  ഓര്‍മകളെ തട്ടിമാറ്റി സുബൈര്‍ നിദ്രയില്‍ ലയിച്ചു.
(തുടരും)


 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top