മിച്ചം വെച്ചിട്ടുമതി ചെലവാക്കല്‍

വി.കെ.എം അശ്ഫാഖ് No image


ചെലവ് കഴിച്ച് ബാക്കി വരുന്ന തുക സമ്പാദിക്കുന്ന പതിവ് ശീലത്തിനു പകരം, വരുമാനത്തില്‍ നിന്നും കരുതിവെപ്പായി മാറ്റിവെക്കേണ്ട സംഖ്യ ആദ്യം തീരുമാനിച്ച്, ബാക്കി ചെലവഴിക്കുക.


 

കൊറോണക്ക് മുമ്പും ശേഷവും എന്നത് ജീവിതത്തിലെ രണ്ട് ഘട്ടങ്ങളാണ്. ജീവിതത്തെ കുറിച്ച് നേരത്തെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ മാറ്റാന്‍ നമ്മെ നിര്‍ബന്ധിച്ച ഘട്ടം. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ചികിത്സ, കച്ചവടം, വിവാഹം, മരണം തുടങ്ങി എല്ലാം മാറി.
പൂര്‍വ്വ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ (Back to Normal) മാറുന്നതിന് പകരം പുതിയ സ്ഥിതിയിലേ (New Normal)ക്കാണ് നാം മാറിയത്. ഈ സാഹചര്യത്തില്‍ നാം അനുഭവിക്കുന്ന പൊതുവായ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ നില്‍ക്കുന്നുണ്ട്. അതിലൊന്നാണ് വിലക്കയറ്റം. കേരളീയ സാഹചര്യത്തില്‍ കുടുംബ ജീവിതത്തിന്റെ മുന്നോട്ട് പോക്ക് ഏറെ പ്രതിസന്ധിയിലായിരിക്കുന്നു. തൊഴില്‍ നഷ്ട്ടം, കച്ചവടങ്ങളുടെ തകര്‍ച്ച, സാമ്പത്തിക മാന്ദ്യം എന്നിവയോടൊപ്പം വിലക്കയറ്റവും കയറി വന്നിരിക്കുന്നു.

  'അഞ്ച് വര്‍ഷം വില കൂടില്ല'എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആദ്യഘട്ട മുദ്രാവാക്യത്തിന് വിപരീതമാണ് ഇപ്പോഴത്തെ അനുഭവം. യുദ്ധവും സാമ്പത്തികമായ മറ്റു പ്രതിസന്ധികളും കാരണമായി ക്രൂഡ് ഓയിലിന്റെ വില വര്‍ധനവും പെട്രോള്‍, ഡീസല്‍ വിലയിലും അനുബന്ധ വാണിജ്യ വ്യാപാര മേഖലകളിലും ഉണ്ടായ വര്‍ധനവും ചരക്ക് സേവനങ്ങളുടെ അവസാന ഉപഭോക്താവായ പൊതു ജനം അനുഭവിക്കുകയാണ്. വിലക്കയറ്റം ഓരോ വീടകങ്ങളിലെയും സാധാരണ ജീവിതത്തെ പിടിച്ചുലക്കുന്നു. കുടുംബ ബജറ്റില്‍ ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. കൊറോണയെ തുടര്‍ന്നുണ്ടായ ലോകവ്യാപക അടച്ചിടല്‍ കൊണ്ട് തകര്‍ന്ന സാമ്പത്തിക മേഖല തിരിച്ചുവരുന്ന ലക്ഷണങ്ങള്‍ കാണിക്കുന്ന സന്ദര്‍ഭത്തിലാണ് വില വര്‍ധനവ്. സാമ്പത്തിക മേഖലയില്‍ ആസൂത്രിതമായ ഉത്തേജന പാക്കേജുകള്‍ കൊണ്ടും ആവശ്യമായ ഇടവേളകളില്‍ വിപണിയെ നിയന്ത്രിച്ചും നടപ്പില്‍ വരുത്തേണ്ട മുന്‍കരുതലുകള്‍ വേണ്ട വിധം ആയിട്ടില്ല എന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റ വില മാസങ്ങളായി 1000 രൂപക്ക് മുകളിലാണ്.  അഞ്ച് വര്‍ഷം മുമ്പുള്ള വിലയേക്കാള്‍ 100 ശതമാനം വര്‍ധനവ്. സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കിയിരുന്നുവെങ്കിലും അതിപ്പോള്‍ നിര്‍ത്തിയ അവസ്ഥയിലാണ്. പരിമിതമായി ലഭിച്ചിരുന്ന മണ്ണെണ്ണയുടെ വിലയും ഇരട്ടിയിലധികമായി. പെട്രോള്‍, ഡീസല്‍ വില രണ്ട് വര്‍ഷം മുമ്പുള്ള വിലയേക്കാള്‍ 50 ശതമാനത്തിലധികമാണ്.
സര്‍ക്കാറുകളുടെ നയപരമായ വിഷയങ്ങള്‍ വേറെയുമുണ്ട്. റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ എടുത്തവര്‍ക്ക് തിരിച്ചടക്കേണ്ട തുക വര്‍ധിക്കും. ഡോളറുമായുള്ള രൂപയുടെ മൂല്യം കുറയുക വഴിയും വിലക്കയറ്റം രൂക്ഷമാവുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതു വിപണിയിലെ സര്‍ക്കാര്‍ ഇടപെടാറുണ്ട്.  കുറഞ്ഞ വിഭാഗമാളുകള്‍ ആശ്രയിക്കുന്ന സപ്ലൈകോ/മാവേലി സ്റ്റോറുകളില്‍ വില നിശ്ചയിച്ചു ഉല്‍പന്നങ്ങള്‍ കൊടുക്കുന്നതിലപ്പുറം, ബഹുഭൂരിഭാഗം ആശ്രയിക്കുന്ന പൊതുവിപണിയിലെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ അവശ്യ വസ്തുക്കളുടെ കാര്യത്തിലെങ്കിലും സര്‍ക്കാര്‍ കൈകൊള്ളണം.
    കേന്ദ്ര സര്‍ക്കാറിന്റെ 2022 ആഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിലക്കയറ്റ തോത് ഏഴ് ശതമാനമാണ്. കേരളത്തില്‍ ഇത് 5.73 ശതമാനവും. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റ തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. വിലക്കയറ്റ തോതില്‍  ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് എന്ന് ആശ്വസിക്കാമെങ്കിലും വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല. പെട്രോള്‍ ഡീസല്‍ വിലയില്‍ സംസ്ഥാന നികുതിയില്‍ അയവ് വരുത്തിയാല്‍ അത് വിപണിക്ക് ഊര്‍ജമാവും. ഓരോ മലയാളി കുടുംബത്തിനും ആശ്വാസകരമായ നടപടിയുമാവും. കുടുംബ ബജറ്റില്‍ യാത്ര കൂലി മുതല്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വരെയുള്ള നിലവിലെ അധിക ചിലവുകള്‍ കുറക്കാനും സഹായകമാവും. ജന ജീവിതത്തെ ദുസ്സഹമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തേയും സംസ്ഥാനം കേന്ദ്രത്തെയും മാറി മാറി പഴി ചാരുന്നത് നിര്‍ത്തി ക്രിയാത്മക പരിഹാരാന്വേഷണമാണ് യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത്.

#പലിശയെന്ന ചൂഷണം #
   പലിശയെ ചൂഷണ ഉപാധിയായിട്ടാണ് എല്ലാ വേദഗ്രന്ഥങ്ങളും പരാമര്‍ശിച്ചിട്ടുള്ളത്. ഇസ്ലാം അത് നിഷിദ്ധമാക്കുകയും ചെയ്തു. വിലക്കയറ്റത്തിന്റെ മൂല കാരണങ്ങളില്‍ പ്രധാനം പലിശയാണ്. നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും വിപണിയെ നിയന്ത്രിക്കാനും വിലക്കയറ്റം, പണപ്പെരുപ്പം, പണച്ചുരുക്കം (Inflation & Deflation) എന്നിവ ഉണ്ടാവുമ്പോള്‍ കേന്ദ്രബാങ്കുകള്‍ പലിശ കൂട്ടുകയും കുറക്കുകയും ചെയ്യാറുണ്ട്. റിസര്‍വ് ബാങ്ക് പണ നയം പ്രഖ്യാപിക്കുമ്പോള്‍ ഇത് കാണാം.  റിസര്‍വ്വ് ബാങ്കിന് കീഴിലുള്ള ബാങ്കുകളും റിസര്‍വ് ബാങ്കും തമ്മില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉണ്ടാവുന്ന പലിശയിലെ ഏറ്റകുറച്ചിലുകള്‍ ആണ് ഇതിന്റെ കാരണം.
    കോവിഡ് കാരണമായി വന്ന ആഗോള ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്കുകള്‍ രണ്ട് തവണയായി വായ്പ ഇളവ് (Moratorium) പ്രഖ്യാപിച്ചിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തേക്കു സാവകാശം കിട്ടി. അഥവാ മുതലും പലിശയും ഈ കാലയളവില്‍ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ പലിശക്ക് ഈ ഇളവ് ലഭിക്കില്ല. അതായത് ആ കാലയളവില്‍ നിങ്ങളുടെ വായ്പ പലിശ കൂടിക്കൊണ്ടിരിക്കും. ഫലത്തില്‍ ഇത് ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഗുണം ചെയ്യുക. വായ്പ ഇളവ് തെരഞ്ഞെടുത്താല്‍ തിരിച്ചടയ്‌ക്കേണ്ട കാലയളവും പലിശയും ക്രമാതീതമായി കൂടും. പിഴ പലിശ ഒഴിവാകും എന്നതില്‍ കവിഞ്ഞ് കാര്യമായൊന്നും ലഭിക്കില്ല.
    നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വായ്പകള്‍ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ വായ്പാ ഇളവുകള്‍ക്ക് ശേഷവും പ്രയാസത്തിലാണ്. ഈ സന്ദര്‍ഭത്തിലാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ക്ക് ഈടായി വാങ്ങിയ സ്വര്‍ണം, ഭൂമി, വീട്, ഇതര സ്ഥാവര ജംഗമ വസ്തുക്കള്‍ എന്നിവ ലേലം നടത്തി ജപ്തി നടപടികളിലേക്ക് നീങ്ങുന്നത്. പല ആത്മഹത്യകള്‍ക്കും കാരണം ഇത്തരം നടപടികളായിരുന്നു. ഇത് ഇനിയും പുതിയ വാര്‍ത്തകളായി നമ്മളിലേക്ക് എത്തും. അനേകം കുടുംബങ്ങള്‍ ഇക്കാരണത്താല്‍ വഴിയാധാരമാക്കപ്പെടും. 

#വരുമാനം - നീക്കിയിരുപ്പ് = ചിലവുകള്‍ #

   വരവിനനുസരിച്ച് ചെലവുകള്‍ ക്രമീകരിക്കണം എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ വരവിനേക്കാള്‍ ചിലവുകള്‍ വര്‍ധിക്കുന്നു എന്നതാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. കാണം വിറ്റും ഓണം ഉണ്ണണം എന്നിടത്ത്, ഉള്ളത് കൊണ്ട് ഓണം പോലെ എന്ന നയമാണിപ്പോള്‍ പ്രസക്തം. വരുമാനത്തെ മറികടക്കാതെ ചെലവുകള്‍ ചുരുക്കി ബാക്കി വരുന്നത് നീക്കിയിരിപ്പായി കരുതിവെക്കുന്നതാണ് നമ്മുടെ പതിവ്. അതില്‍ നിന്ന് ഭിന്നമായി വരുമാനത്തില്‍ നിന്ന് കരുതിവെപ്പായി മാറ്റിവെക്കേണ്ട സംഖ്യ ആദ്യം തീരുമാനിച്ച്, ബാക്കി വരുന്നത് നിത്യ ചെലവുകള്‍ക്ക് കാണുന്ന സമീപനം സ്വീകരിക്കേണ്ട സന്ദര്‍ഭമാണിത്. നിത്യ ജീവിതത്തില്‍ ചികിത്സ പോലെയുള്ള ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് ഇതൊരു സ്ഥായിയായ നയമായി മാറേണ്ടതുണ്ട്. 


 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top