മഞ്ഞിലും മഴയിലും ഒരാഴ്ച്ച

അസ്മാ ബഷീര്‍, കാരശ്ശേരി

ടുത്തിടെ സിക്കിമിലുണ്ടായ ഭൂകമ്പത്തെ കുറിച്ച വാര്‍ത്തകളും ദൃശ്യങ്ങളും ടി.വിയില്‍ കണ്ടപ്പോള്‍ അവിടം സന്ദര്‍ശിച്ച യാത്രാനുഭവങ്ങള്‍ മനസ്സിലേക്ക് ഓടി വരികയാണ്.
റമദാന്‍ 29-നായിരുന്നു യാത്രയുടെ തുടക്കം. പിറ്റേന്ന് രാവിലെ ചെന്നൈയില്‍ നിന്ന് ട്രെയിന്‍ നീങ്ങവെ തക്ബീര്‍ ധ്വനി കേട്ടപ്പോഴാണ് ഇന്ന് പെരുന്നാളാണെന്നറിഞ്ഞത്. അതിനാല്‍ കൂടെയുള്ള എന്‍.സി.സി കേഡറ്റുകള്‍ക്ക് യൂണിഫോമിന് പകരം പുതുവസ്ത്രങ്ങള്‍ അണിയാന്‍ അനുവാദം ലഭിച്ചു.
സിലിഗുരിയിലും ഗാങ്‌ടോക്കിലുമായി നടക്കുന്ന എന്‍.സി.സി ക്യാമ്പിലും ട്രക്കിംഗിലും പങ്കെടുക്കുകയായിരുന്നു യാത്രോദ്ദേശ്യം. കോഴിക്കോട് ജില്ലയിലെ കോളേജ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളായി 24 പേരും മൂന്ന് എന്‍.സി.സി ഓഫീസര്‍മാരും രണ്ട് പട്ടാള ഓഫീസര്‍മാരുമാണ് കൂടെ. സംഘത്തില്‍ 'എക്‌സ് സിവിലിയന്‍' എന്‍.സി.സി ഓഫീസറുടെ ഭാര്യയായി ഞാന്‍ മാത്രമാണുള്ളത്.
ട്രെയിനില്‍ വെച്ചുതന്നെയാണ് പെരുന്നാള്‍ നമസ്‌കരിച്ചത്. സഹയാത്രികര്‍ കൗതുകത്തോടെ നോക്കിനിന്നു. ഏറെ രസകരമായിരുന്നു ട്രെയിന്‍ യാത്ര. കുട്ടികള്‍ പാട്ടുപാടിയും തമാശ പറഞ്ഞും സമയം പോയതറിഞ്ഞില്ല. വിജയവാഡയിലെത്തുമ്പോള്‍ ചരിത്ര പാഠപുസ്തകത്തില്‍ പഠിച്ച കൃഷ്ണാ നദിയും അതിന് കുറുകെ നിര്‍മിച്ച ഏറെ നീളമുള്ള റെയില്‍, റോഡ,് പാലങ്ങളും കണ്ടു. ദൂരെ മീന്‍പിടിത്തക്കാരുടെ തോണികളും കൊച്ചു ബോട്ടുകളും നല്ല കാഴ്ചാനുഭവങ്ങളായി.
പിറ്റേന്ന് രാവിലെ പത്ത് മണിയോടെയാണ് ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലെത്തിയത്. അവിടെ ഒരു ദിവസം തങ്ങിയിരുന്നെങ്കില്‍ എന്നാശിച്ചെങ്കിലും അല്‍പനേരം മാത്രമേ ചെലവഴിക്കാനായുള്ളൂ. തൊട്ടടുത്ത് തന്നെ ഹൗറ തൂക്കുപാലം കാണാമായിരുന്നു. സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത, തൂണുകളില്ലാത്ത പാലത്തിന്റെ ഗാംഭീര്യവും സൗന്ദര്യവും പറഞ്ഞറിയിക്കാനാവില്ല.
കുതിച്ചോടിയ ഗുഹാവത്തി എക്‌സ്പ്രസ് രാത്രി പത്ത് മണിക്ക് തന്നെ സിലിഗുരിയിലെത്തി. പ്രഭാത ഭക്ഷണം കഴിച്ച് എല്ലാവരും സിക്കിമിലേക്ക് യാത്രയായി. അല്‍പനേരം കഴിഞ്ഞു സിക്കിം ബോര്‍ഡറിലെത്തി. ഈ നേരത്തും നല്ല തണുപ്പ്. നല്ല ആഴമുള്ളതെന്ന് തോന്നിക്കുന്ന കുത്തിയൊഴുകുന്ന പുഴയാണ് കാഴ്ചയില്‍. അതിന്റെ ആരവം കേള്‍ക്കാമായിരുന്നു. വളരെ ആനന്ദകരമായ കാഴ്ച. ഉയരത്തില്‍ ഇടുങ്ങിയ റോഡിലൂടെ യാത്ര തുടരുമ്പോള്‍ പുറത്തേക്ക് നോക്കാന്‍ പോലും പേടി തോന്നി. അവിടെ നിന്നും പോയത് സിക്കിമിലെ സിംഗ്ടാമിയിലേക്കാണ്. ചെറിയ പട്ടണം. എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ അനുഗൃഹീതമായ സ്ഥലം. നട്ടുച്ചക്കും നല്ല തണുപ്പ്. ക്യാമ്പിലെത്തി രണ്ടു മണിക്ക് ഭക്ഷണത്തിനിരുന്നു. ചപ്പാത്തിയും ചോറുമാണ് വിഭവങ്ങള്‍. വേവിക്കാത്ത ഫ്രൂട്‌സ് കറിയും വേവിച്ച ഉലുവക്കറിയും ചമ്മന്തിയും കൂട്ടാനുണ്ട്. വിശപ്പുകൊണ്ടാവാം എല്ലാറ്റിനും നല്ല രുചി.
താമസിക്കുന്ന റൂമുകള്‍ക്കടുത്തുള്ള ചെറിയ ഹാളില്‍ നടന്ന മീറ്റിംഗില്‍ ലഭിച്ച ചായക്കൊപ്പം സിക്കിമിന്റെ ദേശീയ പലഹാരമായ 'കമ്മു' കഴിച്ചു. മൈദപ്പത്തിരിയില്‍ കാബേജും അണ്ടിപ്പരിപ്പും ഇഞ്ചിയും വെളുത്തുള്ളി നീരും ഉപ്പും ചേര്‍ത്തു അടരൂപത്തില്‍ പൊതിഞ്ഞ് ഇഡ്ഢലി ചെമ്പില്‍ വേവിച്ചെടുത്തതാണ് ഏറെ രുചിയുള്ള കമ്മു.
യു.പി, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കേഡറ്റുകളും വന്നു ചേര്‍ന്നതോടെ സംഘത്തില്‍ മുന്നൂറോളം കേഡറ്റുകളും കുറെ ഓഫീസര്‍മാരുമായി. ഇപ്പോഴും ഞാന്‍ മാത്രമാണ് സിവിലിയന്‍ വേഷത്തിലുള്ളത്. തണുപ്പിനെ നേരിടാനുള്ള വൂളന്‍ മേല്‍വസ്ത്രവും യൂണിഫോമുമായിരുന്നതുകൊണ്ട് എന്നെ പെട്ടെന്ന് തിരിച്ചറിയാനായിരുന്നില്ല. ക്യാമ്പിലും ട്രക്കിംഗിലുമൊക്കെ ഞാനും സജീവമായിരുന്നതിനാല്‍ വിശേഷിച്ചും.
രാത്രി കലാപരിപാടി നടന്നു. കേരള കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു കൈയടി വാങ്ങി. പാട്ടും തിരുവാതിരക്കളിയും ഒപ്പനയുമൊക്കെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നന്നായി ബോധിച്ചു.
ഉയരം കൂടിയ കുന്നിന്‍മുകളില്‍ ഒരു സ്‌കൂളിലാണ് റാണിപോള്‍ ക്യാമ്പ്. സംഘാംഗത്തിലെ ഒരു കുട്ടിക്ക് ബൂട്ട്‌സിന്റെ റിയാക്ഷന്‍ മൂലം നടക്കാന്‍ പറ്റാതായി. ഞാനും രണ്ടു സ്റ്റാഫും ചേര്‍ന്ന് അവളെ പതിമൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു. ഇഞ്ചക്ഷനും മരുന്നും വാങ്ങി വൈകീട്ട് തിരിച്ച് ക്യാമ്പിലെത്തി. ഉടനെ മറ്റ് കുട്ടികള്‍ക്കൊപ്പം കൂടാന്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ചെന്നു. പിറ്റേന്ന് നേരത്തേ തന്നെ അടുത്ത ക്യാമ്പ് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ആറു കിലോമീറ്റര്‍ കുത്തനെ കയറണം. എഞ്ചെയില്‍ എന്ന സ്ഥലത്താണ് ക്യാമ്പ്. നല്ല തണുപ്പായതുകൊണ്ട് നടക്കുന്നതിന്റെ ക്ഷീണം ഒട്ടും അനുഭവപ്പെട്ടില്ല. കാടും മലയുമാണ് വഴിയിലുടനീളം. പക്ഷി മൃഗാദികളുടെ ശബ്ദം മാത്രം കേള്‍ക്കാം. മഞ്ഞണിഞ്ഞ മലകള്‍ വെണ്‍മേഘങ്ങള്‍ പോലെ തോന്നിച്ചു. രാത്രി പുറത്ത് വിറക് കത്തിച്ച് തീ കാഞ്ഞ് സൊറ പറഞ്ഞിരുന്നു. പട്ടാള ഓഫീസര്‍മാര്‍ക്ക് ഇത്തരം അവസരങ്ങള്‍ അപൂര്‍വമായി മാത്രം ലഭിക്കുന്നതു കൊണ്ടാവാം അവര്‍ വാചാലമായി ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരുന്നു.
രാവിലെ കേഡറ്റുകള്‍ക്ക് പരിശീലനമുള്ളതിനാല്‍ ഞാന്‍ രണ്ട് ടീച്ചര്‍മാരുടെയും ഭര്‍ത്താവിന്റെയും കൂടെ ചൈന ബോര്‍ഡറിലുള്ള 'നത്തുള' എന്ന് പേരായ കൊച്ചു പട്ടണത്തിലേക്ക് പോയി. സെമോഗ് തടാകവും കാഞ്ചന്‍ ജംഗാ മലയും മലക്കുമുകളിലെ ബാബാമന്ദിറും ഹഠാദാകര്‍ഷിച്ചു. ജീവിതത്തിലേറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതെന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ ഞാന്‍ പറയും 'നത്തുള' എന്ന്.
കാഞ്ചന്‍ജംഗ കയറുന്നതിനു മുമ്പ് അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ താഴെ ഒരു മണിക്കൂര്‍ പ്രത്യേക പരിശീലനപരിപാടിയുണ്ട്. തണുപ്പിനെ പ്രതിരോധിക്കാന്‍ മുഖമൊഴികെ മറ്റു ഭാഗങ്ങള്‍ മൂടി മലകയറ്റം ആരംഭിച്ചു. പാതിവഴിയില്‍ ശ്വാസതടസ്സമനുഭവപ്പെട്ടു. കുറെനേരം അവിടെ നിന്നും താഴെനിന്ന് പഠിച്ച യോഗ നടത്തിനോക്കി. വെറും തോന്നലാണെന്നു പറഞ്ഞ് മൂന്നാലുപേര്‍ മാത്രമാണ് പിന്നെയും മുന്നോട്ട് പോയത്.
എങ്ങും മഞ്ഞിന്റെ ശുഭ്രവര്‍ണം മാത്രം. ഒരു കുറ്റിച്ചെടി പോലും കാണാനാവില്ല. ആകാശവും ഭൂമിയും ഒരുപോലെ തോന്നിക്കുന്ന അത്യപൂര്‍വ കാഴ്ച. തിരിച്ചുവന്ന് 'ചൈനാ ടൗണ്‍' എന്ന ചെറിയ അങ്ങാടിയില്‍ ഷോപ്പിംഗിന് പോയി. യാക്കിന്‍ മേലുള്ള സവാരിയാണ് അവിടുത്തെ ഏറ്റവും വലിയ വിശേഷം. അഞ്ചോ പത്തോ രൂപ കൊടുത്താല്‍ യാക്കിന്റെ പുറത്ത് സവാരി നടത്താം. ഫോട്ടോ എടുക്കാം. കണ്ടാല്‍ പേടി തോന്നുമെങ്കിലും പുറത്ത് കയറിയപ്പോള്‍ അനുസരണയോടെ അത് നടക്കാന്‍ തുടങ്ങി. വല്ലാത്തൊരനുഭവമായിരുന്നു ആ യാത്ര.
പിറ്റേന്ന് രാവിലെ ഏഴ് മണിക്കാണ് തലസ്ഥാനനഗരിയായ ഗാങ്‌ടോക്കിലേക്ക് പുറപ്പെട്ടത്. എല്ലാവര്‍ക്കുമായി ക്യാമ്പില്‍ ഒരു ഹാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ ഇരുപതോളം കുട്ടികള്‍ക്ക് പനി ബാധിച്ചു. ചിലര്‍ ഛര്‍ദിക്കാനും തുടങ്ങി. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു. ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും മടി. അല്‍പം കഞ്ഞിവെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചു. ഞാന്‍ സ്റ്റീല്‍ ബക്കറ്റുമായി കുന്നിറങ്ങി കാന്റീനില്‍ ചെന്ന് കഞ്ഞിവെള്ളം കണ്ട് ചൂണ്ടിക്കാണിക്കാമെന്നാണ് കരുതിയത്.
'ക്യാ ചാഹിയെ' എന്ന് ചോദിക്കുന്നു അവിടുത്തെ പണിക്കാര്‍. ഞാന്‍ ചുറ്റും നോക്കുകയാണ്. പെട്ടെന്ന് ഓര്‍മയില്‍വന്നു. 'റൈസ് വാട്ടര്‍ ഹെ?' എന്റെ ചോദ്യം കേട്ട് അവര്‍ പരസ്പരം നോക്കി. പിന്നെ എന്നോട് 'ക്യാ ക്യാ' എന്ന് ചോദിച്ചു. ഞാനതിന്റെ ഹിന്ദി വാക്ക് ഓര്‍ത്തെടുത്തു. 'ചാവല്‍ പാനീ ചാഹിയെ?' അവര്‍ ചെമ്പില്‍ കുറച്ച് കഞ്ഞിവെള്ളം ഒഴിച്ചുവെച്ചത് കാണിച്ചു തന്നപ്പോള്‍ ഞാന്‍ വിജയിച്ച സന്തോഷത്തോടെ പറഞ്ഞു: 'സാള്‍ട് ഭി.' അവരുടെ ഭാഷയിലെ 'നമക്' ഇഷ്ടംപോലെ ഉണ്ടെങ്കിലും 'സാള്‍ട്ട് നഹീഹെ' എന്നാണ് മറുപടി. എനിക്കുറപ്പാണ് അവിടെ ഉപ്പുണ്ടാകുമെന്ന്. 'ആപ്‌കെ നമക് ചാഹിയെ നാ' എന്ന് ചോദിച്ചുകൊണ്ട് അവര്‍ അതെടുത്ത് തന്നു. കഞ്ഞിവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ബക്കറ്റിലാക്കി ഞാന്‍ കുന്നുകയറി. അത് കഴിച്ചതോടെ കുട്ടികള്‍ ഉഷാറായി. കിടക്കയില്‍ നിന്ന് എണീറ്റു. നിങ്ങള്‍ എന്ത് വെള്ളമാണ് കൊടുത്തത്? ഡോക്ടര്‍ ചോദിച്ചു. ഞാനൊരു ഗ്ലാസ് അദ്ദേഹത്തിന് കൊടുത്തു. ഞങ്ങളുടെ നാട്ടിലെ 'നാടന്‍ ഹോര്‍ലിക്‌സ്'. അദ്ദേഹം വാങ്ങിക്കുടിച്ചുകൊണ്ട് പറഞ്ഞു: ഇങ്ങനെ എന്നും ഒരു ഗ്ലാസ് ഞാനും കുടിക്കും. നല്ല ഉന്മേഷദായകമാണിത്.
പിറ്റേന്നാണ് സിക്കിമിന്റെ തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് കിലോമീറ്റര്‍ നടക്കാന്‍ തണുത്ത വെളുപ്പാന്‍ കാലത്ത് ഒട്ടും പ്രയാസം തോന്നിയില്ല. റോപ്‌വേയില്‍ കയറി ഗാങ്‌ടോക്ക് ടൗണിന്റെ ആകാശക്കാഴ്ച കണ്ടു. അവിടെ കണ്ട ബുദ്ധക്ഷേത്രം ഏറ്റവും ആകര്‍ഷകമായി തോന്നി. ക്ഷേത്രത്തിനകം മറ്റൊരു ലോകമാണ്. ചെറിയ കുട്ടികളടക്കം എല്ലാവരും സന്യാസി വേഷത്തില്‍ തല മുണ്ഡനം ചെയ്ത് കാവി വസ്ത്രം കഴുത്തിലൂടെ ചുറ്റിയെടുത്ത് വിവിധ ജോലികളില്‍ മുഴുകിയിരിക്കുന്നു. ക്ഷേത്രകവാടത്തിനപ്പുറം വലിയ തത്തക്കൂടുപോലെ ഒന്നുണ്ട്. അതില്‍ ഒന്നു മുതല്‍ നൂറുവരെ തെറ്റാതെ കറക്കിയാല്‍ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്നാണ് വിശ്വാസം. അകത്ത് നിരവധി ഹാളുകള്‍; അതിലൊക്കെയും കീര്‍ത്തനങ്ങളും പൂജകളും നടക്കുന്നു. ആര്‍ക്കും പ്രവേശിക്കാമെന്നതാണ് നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ബുദ്ധന്റെയും തീര്‍ഥങ്കരന്മാരുടെയും വിഗ്രഹങ്ങളാണ് എവിടെയും. മന്ത്രോച്ചാരണത്താല്‍ മുഖരിതമെങ്കിലും പ്രശാന്തമായ അന്തരീക്ഷം.
രാത്രി കലാപരിപാടികള്‍ കഴിഞ്ഞ് ഉറങ്ങി. രാവിലെ അയല്‍രാജ്യമായ നേപ്പാള്‍ കാണാന്‍ ടാക്‌സി വിളിച്ചു. ഞങ്ങള്‍ അധ്യാപികമാരും ഓഫീസര്‍മാരുമായി ആറുപേര്‍ മാത്രമാണ് നേപ്പാളിലെ അതിര്‍ത്തിപട്ടണമായ ദന്തക്കിലേക്ക് പോയത്. ഹിമാലയ താഴ്‌വരയിലെ ഈ കൊച്ചുപട്ടണം പ്രകൃതിരമണീയമാണ്. മഞ്ഞുടുത്ത മലകളാണ് നാലുഭാഗത്തും. മൂക്ക് പതിഞ്ഞ യുവതി യുവാക്കള്‍ രോമവസ്ത്രങ്ങളും വെല്‍വെറ്റ് ബെഡ്ഷീറ്റുകളുമുണ്ടാക്കി വില്‍ക്കുന്നു.
അന്ന് രാത്രി നടന്ന അവസാനത്തെ കള്‍ചറല്‍ പ്രോഗ്രാം അന്തര്‍ സംസ്ഥാന മത്സരമായിരുന്നു. യു.പി, ഗുജറാത്ത്, തമിഴ്‌നാട്, കേരള സംസ്ഥാന കേഡറ്റുകള്‍ മാറ്റുരച്ചു. മൂല്യനിര്‍ണയം നടത്തിയപ്പോള്‍ കേരളത്തിനായിരുന്നു ഒന്നാം സ്ഥാനം. രാത്രി കലാപരിപാടി കഴിഞ്ഞ് നന്നായി ഉറങ്ങി. രാവിലെ സിലിഗുരിയിലേക്ക് തിരിക്കുകയാണ്. സിക്കിമിനോടും നേപ്പാളിനോടും വിട പറഞ്ഞു. ഒരിക്കലും കാണാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും കരുതാത്ത സ്ഥലങ്ങള്‍ കണ്ടത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഹിമാലയ സാനുക്കളിലെ പ്രകൃതി സൗന്ദര്യം ദൈവത്തിന്റെ മഹത്വത്തിന്റെ നിദര്‍ശനമാണെന്ന് ഉറപ്പിച്ച് പറയാനാവും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top