"ആരാമത്തിലെ 'മൊട്ടുകള്‍' ഓരോ ലക്കത്തിലും കൂടുതല്‍ വിരിഞ്ഞ് പരിമളം പരത്തുന്നു."

വിശപ്പും വിശ്വാസികളും
ആരാമം ലക്കം 7 ല്‍ ടി.കെ. യുസുഫ് എഴുതിയ വിശപ്പും വിശ്വാസികളും എന്ന ലേഖനം പഠനാര്‍ഹവും ചിന്തോദ്ധീപകവുമായിരുന്നു. വിശപ്പില്ലായ്മ ഒരസുഖമായി മാറിയ ആധുനിക യുഗത്തില്‍ ലേഖനം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ച ലേഖനത്തിന്റെ കൂടെ നല്‍കിയ ചിത്രം അതിന്റെ ഉള്ളടക്കത്തോടും തലവാചകത്തോടും ഒട്ടും നീതി പുലര്‍ത്താത്തതായിപ്പോയി. ഭക്ഷണവും വിശപ്പുമായി ബന്ധപ്പെട്ട ഒട്ടനേകം ചിത്രങ്ങള്‍ ലഭിക്കുമെന്നിരിക്കെ ആ ഫോട്ടോ ഒഴിവാക്കാമായിരുന്നു. അതായിരുന്നു ആരാമത്തിന്റെ സംസ്‌കാരത്തിനും, ധാര്‍മികതക്കും കൂടുതല്‍ കരണീയം. പത്രപ്രസിദ്ധീകരണങ്ങളില്‍ നിലനില്‍പ്പിനു വേണ്ടി പരസ്യങ്ങളിലും മറ്റും അല്‍പസ്വല്‍പം വിട്ടുവീഴ്ചക്ക് നിര്‍ബന്ധിതരാവുമ്പോള്‍ ഒട്ടും നിര്‍ബന്ധമല്ലാത്ത ഇത്തരം ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ആരാമത്തിനെങ്കിലും സാധിക്കേണ്ടതില്ലേ...? ഭക്ഷണത്തോടുള്ള വിശ്വാസിയുടെ നിലപാടിനെ മനസ്സില്‍ തട്ടുംവിധം വരച്ചു കാണിച്ച ലേഖകനും ആരാമത്തിനും അഭിനന്ദനങ്ങള്‍
സബിതാ അനീസുദ്ധീന്‍
ഷാര്‍ജ

ആതുരാലയങ്ങള്‍ എന്തിന് വേണ്ടി?
നവംബര്‍ ലക്കം ആരാമത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ അനുഭവം എഴുതണമെന്ന് തോന്നി. പ്രസവാവശ്യങ്ങള്‍ക്കല്ലാതെ മരുന്നും ഡോക്ടറേയും ആശ്രയിക്കാതെ പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ച എനിക്ക് ആറു വര്‍ഷം മുമ്പ് നെഞ്ചുവേദന വന്നു. മക്കള്‍ നിര്‍ബന്ധിച്ചതിനാല്‍ ഡോക്ടറെ കാണിച്ചു. ആശുപത്രിയിലെത്തിയ ഉടനെ ഇ.സി.ജി എടുത്തു. ഇനി തീരെ നടക്കരുതെന്നു പറഞ്ഞ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ടെസ്റ്റും മറ്റുമായി ഒരാഴ്ച റൂമിലും ഐ.സി.യുവിലുമായി കഴിച്ചു. ഹാര്‍ട്ട് ബ്ലോക്കാവുന്നുണ്ടെന്നും കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും പറഞ്ഞതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ ഏറ്റവും നല്ല ഹോസ്പിറ്റലില്‍ എത്തി. ഇവിടുത്തെ റിക്കാര്‍ഡുകള്‍ പരിശോധിച്ച ശേഷം ഈ പരിശോധനകളൊന്നും വേണ്ട, വീണ്ടും ഇ.സി.ജിയും എന്‍ജിയോഗ്രാമും ചെയ്യണമെന്നും പറഞ്ഞു. എന്‍ജിയോഗ്രാം ചെയ്തതിന് ശേഷം എന്‍ജിയോ പ്ലാസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. കൂട്ടത്തില്‍, പണം കെട്ടിവെച്ചാല്‍ ഒരാഴ്ചകൊണ്ട് തന്നെ റിസള്‍ട്ട് കിട്ടുമെന്നും.
ഓപ്പറേഷന് സമ്മതിക്കുകയില്ലെന്നും ടെസ്റ്റിനു മാത്രമാണ് വന്നതെന്നും എനിക്ക് രോഗമില്ലെന്നും ഞാന്‍ ശഠിച്ചപ്പോള്‍ എന്‍ജിയോഗ്രാം മാത്രം ചെയ്തു. മൂന്ന് ദിവസം ജയില്‍ പുള്ളിയെ പോലെ അവരുടെ വസ്ത്രവും ഭക്ഷണവുമായി അവിടെ തങ്ങി. എന്‍ജിയോഗ്രാമിന് ശേഷം പ്രധാന ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചു. എന്‍ജിയോപ്ലാസ്റ്റ് വേഗം നടത്തണമെന്നും അല്ലെങ്കില്‍ ആജീവനാന്തം മരുന്നു കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. 3000 രൂപക്ക് പത്തു ദിവസത്തെ മരുന്നു വാങ്ങി ഞാന്‍ നാട്ടിലേക്ക് മടങ്ങി. എല്ലാ ജോലികളും ചെയ്യുകയും പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഞാന്‍ സ്വന്തം കാര്യങ്ങള്‍ക്ക് കൂടി മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വന്നു. മരുന്ന് എന്നെ വല്ലാതെ തളര്‍ത്തി. മരുന്നിന്റെ ഡോസ് കുറച്ച് കഴിച്ചപ്പോള്‍ ക്ഷീണം മാറുന്നതായി തോന്നി. മക്കളുടെയും കുടുംബാംഗങ്ങളുടെയും എതിര്‍പ്പുണ്ടായിട്ടും എല്ലാം പടച്ചവനില്‍ ഭരമേല്‍പ്പിച്ച് കൊണ്ട് പിന്നീട് മരുന്നൊന്നും കഴിച്ചില്ല. ദിവസങ്ങള്‍ കൊണ്ട് എനിക്ക് ആരാധനകള്‍ നിര്‍വഹിക്കാനും ജോലി ചെയ്യാനും കഴിഞ്ഞു. എന്റെ ഹൃദയത്തിന്റെ ബ്ലോക്കുകള്‍ അവിടെതന്നെ ഉണ്ടോ? എന്തോ എനിക്കറിയില്ല. മരണത്തെ മുമ്പില്‍ കാണുന്നുണ്ടെങ്കിലും ഒരു കാര്യവും നാളത്തേക്ക് നീട്ടിവെക്കാതെ ചെയ്യുവാന്‍ സാധിക്കുന്നു. ആറുവര്‍ഷത്തിനു ള്ളില്‍ കാര്യമായ അസുഖമൊന്നും ഉണ്ടായിട്ടില്ല. വ്യായാമം കുറയുമ്പോള്‍ ഒരു അസ്വസ്ഥതമാത്രം. എന്റെ കൂടെ രോഗിയായ ഒരു ബന്ധു ഓപ്പറേഷന്‍ നടത്തി മുഴുസമയം മരുന്നും വിശ്രമ ജീവിതവുമായി കഴിയുന്നു. എന്റെ അനുഭവം വെച്ചുനോക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് സംശയം വരികയാണ്. രോഗമാണോ നമ്മെ നശിപ്പിക്കുന്നത് അതല്ലെങ്കില്‍ മരുന്നോ? ആശുപത്രികളും മെഷീനുകളും കോടിക്കണക്കിന് രൂപ മുടക്കിയുണ്ടാക്കുമ്പോള്‍ അതിലൊരു ഉപകരണം മാത്രമാവുകയാണോ മനുഷ്യന്‍? അവരവരുടെ ശരീരത്തെ മനസ്സിലാക്കി ഡോക്ടറെ പൂര്‍ണമായും ഭരമേല്‍പ്പിക്കാതെ പടച്ചവനില്‍ ഭരമേല്‍പ്പിക്കുകയും അവന്റെ കരങ്ങള്‍ ഡോക്ടറില്‍ പ്രവര്‍ത്തിക്കേണമേ എന്ന പ്രാര്‍ഥനയോടെ ചികിത്സ സ്വീകരിക്കുകയും വേണം.
ആമിന മൊയ്തു
തലശ്ശേരി

വീട് നിര്‍മിക്കുമ്പോള്‍
വീട് നിര്‍മിക്കുമ്പോള്‍ എന്ന കുറിപ്പ് വളരെ നന്നായി. എ.എം. ഖദീജയുടെ പ്ലാനിംഗ് വളരെ പ്രയോജനപ്പെടുന്നവയാണ്. എവിടെ സ്ഥലം തെരഞ്ഞെടുക്കണം, വീടുവെക്കണം തുടങ്ങി അതില്‍ അടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഒരു വീടിനാവശ്യമായ എല്ലാ ചുറ്റുപാടും വിവരിച്ച എ.എം ഖദീജക്കും ആരാമത്തിനും ഒരുപാട് അഭിനന്ദനങ്ങള്‍.
റഹീം കെ
പറവണ്ണൂര്‍

മദ്യം ഈ നൂറ്റാണ്ടിന്റെ ശാപം
ആരാമം ഡിസംബര്‍ ലക്കം വായിച്ചു. പകല്‍ മുഴുവന്‍ എല്ല് മുറിയെ പണിയെടുക്കുന്നവന്‍ വൈകുന്നേരം എല്ലാ കാശും കള്ള് കുടിച്ച് തീര്‍ത്ത് മതിമറന്നാനന്ദിക്കുന്നു. രാത്രി കുടിച്ച് വന്ന് ഭാര്യയെയും മക്കളെയും ശല്യം ചെയ്യുന്നു. ഇത് പുരുഷന്മാര്‍ക്കൊരാനന്ദമാകുമ്പോള്‍ സ്ത്രീകള്‍ പാവം ഇതെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവളാകുന്നു. മദ്യാസക്തിയില്‍ ഞരമ്പിന് ചൂടുപിടിച്ച് സ്വന്തം മക്കളെ പോലും തിരിച്ചറിയാത്ത അവസ്ഥയാകുന്നു. പ്രായം ചെന്ന പെണ്‍കുട്ടിയെ അച്ഛന്റെ സാന്നിധ്യത്തിലാക്കി പുറത്തുപോകാന്‍ അമ്മമാര്‍ക്ക് ഭയമാണ്. ഇത്തരം സാമൂഹിക പ്രശ്‌നങ്ങളുമായി വായനക്കാരിലേക്കെത്തുന്ന ആരാമം കൂടുതല്‍ അഭിനന്ദനമര്‍ഹിക്കുന്നു.
മുഹമ്മദ് ഷബീര്‍
വാടാനപ്പള്ളി

വിവാഹ ധൂര്‍ത്ത്
എല്ലാവരും മനസ്സുവെക്കണം
അടുത്തകാലത്തായി ആരാമത്തിലെ 'മൊട്ടുകള്‍' ഓരോ ലക്കത്തിലും കൂടുതല്‍ വിരിഞ്ഞ് പരിമളം പരത്തുന്നു.
ഡിസംബര്‍ ലക്കത്തിലെ ഓര്‍മയുടെ ഓളങ്ങളില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'വിവാഹാഘോഷം ഇങ്ങനെയുമായിക്കൂടെ' എന്ന ലേഖനം വായിച്ചപ്പോഴാണ് ഇതെഴുതാന്‍ പ്രചോദനമായത്. വിവാഹത്തലേന്ന് ഒരു മിനി കല്യാണം (പലയിടത്തും പിറ്റേതില്‍ നിന്നും മോശമല്ലാത്ത രീതിയില്‍) നടത്തുന്ന രീതി നമ്മുടെ നാട്ടില്‍ സര്‍വസാധാരമായിരിക്കുകയാണ്.
എന്റെ മകളുടെ വിവാഹത്തലേന്ന് ഞങ്ങളുടെ വീട്ടില്‍ എന്നുമുണ്ടാകുന്ന അഞ്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ സഹോദരങ്ങള്‍ അടുത്ത ബന്ധുക്കള്‍ നാട്ടുകാര്‍ എന്നിവരോടെല്ലാം തലേന്നത്തെ മൈലാഞ്ചികല്യാണം നടത്തുന്നില്ലെന്നറിയിച്ചു.
ഞങ്ങളുടെ പിശുക്ക് കൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു. അത്യാവശ്യം ഞങ്ങള്‍ വിളിക്കേണ്ടുന്ന ആള്‍ക്കാരെ വിളിച്ച് പരിപാടി നടത്തുകയാണെങ്കില്‍ വരാവുന്ന ചിലവ് (ഏകദേശം അന്നത്തെ മൂന്നു പവന്‍ സ്വര്‍ണത്തിന്റെ വില) ഒരു അനാഥയുവതിയുടെ വിവാഹാവശ്യത്തിന് നല്‍കാന്‍ അള്ളാഹു ഞങ്ങളെ സഹായിച്ചു.
വൈകാതെ യുവതിയുടെ വിവാഹം നടന്നു അന്നത്തെ ദിവസം ഞങ്ങള്‍ക്ക് എന്തുമാത്രം, സന്തോഷവും സമാധാനവും തോന്നി എന്നത് പറഞ്ഞറിയിക്കാന്‍ സാധ്യമല്ല.
യുവതിയുടെ മാതാവിന് എന്തുമാത്രം ആശ്വാസം തോന്നിയിട്ടുണ്ടാവും. നമ്മില്‍ പലരും ഇങ്ങനെ ചിന്തിക്കുകയാണെങ്കില്‍ എത്ര പാവങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് നാം ഗൗരവമായി കണക്കിലെടുക്കേണ്ടിയിരിക്കുന്നു.
ബീഫാത്തിമ വാഴക്കാടിന്റെ യാത്രാനുഭവങ്ങള്‍, വായിക്കുമ്പോള്‍ നമ്മള്‍ അവരോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതിയാണുണ്ടാവുന്നത്.
ജസീന ഓര്‍ക്കേട്ടേരിയുടെ 'വലയപ്പം' എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതായിരുന്നു.
ഒരു സഹോദരി

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top