മനുഷ്യാവകാശം:  പുനപരിശോധന അനിവാര്യം

എ. റഹ്മത്തുന്നിസ No image

1948-ന് ഐക്യരാഷ്ട്ര പൊതുസഭ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം (ഡഉഒഞ) അംഗീകരിച്ച  ദിവസത്തിന്റെ സ്മരണക്കായി 1950 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചുവരുന്നു. വിവേചനങ്ങളൊന്നുമില്ലാതെ എല്ലാ മനുഷ്യര്‍ക്കും 30 അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും ആ പ്രമാണത്തില്‍ എടുത്ത് പറയുന്നു. നന്നായി ചിന്തിച്ച് ചര്‍ച്ചചെയ്ത് തയാറാക്കിയ ഇതിലെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഭൂമി എല്ലാവര്‍ക്കും സമാധാനപരമായ വാസസ്ഥലം ആകുമെന്നതില്‍ സംശയമില്ല. 'സകല മനുഷ്യര്‍ക്കും രാഷ്ട്രങ്ങള്‍ക്കും നേട്ടങ്ങളുടെ ഒരു  പൊതു മാനദണ്ഡമായി' ഇത് അംഗീകരിക്കപ്പെടുന്നു. ഡഉഒഞന്റെ ശുപാര്‍ശകള്‍ പാലിച്ച് മിക്കവാറും എല്ലാ രാജ്യങ്ങളും നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ലോകത്ത് മനുഷ്യാവകാശലംഘനങ്ങള്‍ കുറക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടോ? അടിമത്തം നിര്‍ത്തലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്, സ്ത്രീകളെ അവരുടെ വീടുകളില്‍നിന്ന് പുറത്തു കൊണ്ടുവരാന്‍  സാധിച്ചിട്ടുണ്ട്, കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടു് എന്നിങ്ങനെ അവകാശവാദങ്ങള്‍ മിക്ക രാജ്യങ്ങള്‍ക്കും നിരത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍, പഴയകാലത്തെ പല മനുഷ്യാവകാശ ധ്വംസനങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും കൂടുതല്‍ മാരകമായി ലോകത്ത് നിലനില്‍ക്കുകയാണ്.
മനുഷ്യക്കടത്ത്, ഗാര്‍ഹിക പീഡനങ്ങള്‍, ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, മതത്തിന്റെയും പ്രാദേശികതയുടെയും വര്‍ണ്ണത്തിന്റെയും ഭാഷയുടെയും പേരിലുള്ള വംശീയ ഉന്മൂലനങ്ങള്‍ ഇതൊക്കെ സാര്‍വത്രികമാണ്. സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ വിദ്വേഷ പ്രചാരണങ്ങള്‍ വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്തുന്നു. ആളുകള്‍ക്ക് ജീവഹാനി, മാനഹാനി, ധനനഷ്ടം, തൊഴില്‍ നഷ്ടം എന്നിവ സംഭവിക്കുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഗ്വാണ്ടനാമോ പോലെ 
പീഡന കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇവിടെയൊക്കെ, ഐക്യരാഷ്ട്രസഭ കാഴ്ചക്കാരന്‍ മാത്രമാണ്.
ലക്ഷ്യം കൈവരിക്കാത്തതിന്റെ കാരണങ്ങള്‍
മനുഷ്യാവകാശങ്ങളെ നാം എങ്ങനെ കാണുന്നു എന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ ഒരു പുരുഷനാണെങ്കില്‍ ഒരു സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച്, സ്ത്രീയാണെങ്കില്‍ പുരുഷന്റെ അവകാശങ്ങളെ കുറിച്ച്, ഒരു രക്ഷിതാവാണെങ്കില്‍ കുട്ടികളുടെ അവകാശങ്ങളെ നിങ്ങള്‍ പരിഗണിക്കാറുണ്ടോ? മകനോ മകളോ ആണെങ്കില്‍ മാതാപിതാക്കളുടെ അവകാശങ്ങളെക്കുറിച്ച്, ഭരണാധികാരി ആണെങ്കില്‍ നിങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ എത്രമാത്രം ആശങ്കയുണ്ട്?  തന്നെക്കാള്‍ പദവി കുറഞ്ഞ ആളുകളെ കുറിച്ച് ചിന്തിക്കുകയും അവരുടെ അടിസ്ഥാന അവകാശങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയുകയും ചെയ്യുന്ന എത്ര പേര്‍ നമുക്കിടയിലുണ്ട്? വ്യത്യസ്ത ആശയങ്ങളും ചിന്തകളും ഉള്ള സഹജീവികളുമായി ഇടപെടുമ്പോള്‍  ആളുകള്‍ അവരുടെ മനസ്സില്‍ തുരുത്തുകള്‍ (ഏവലേേീ)െ സൃഷ്ടിക്കുന്നു. ജനാധിപത്യ രാഷ്ട്രങ്ങളിലും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും പോലും വോട്ടുബാങ്ക് സുരക്ഷിതമാക്കാന്‍ ഗെറ്റോകള്‍ ഉറപ്പിച്ചുനിര്‍ത്താനും അവയ്ക്കിടയിലെ വിടവുകള്‍ വര്‍ധിപ്പിക്കാനും പരമാവധി ശ്രമിക്കുന്നു. 
ഇരട്ട നിലപാടാണ്  മനുഷ്യാവകാശ ലംഘനങ്ങളെ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ ലോക നേതാക്കള്‍ക്ക്. സ്വന്തം ആളുകളെ ബാധിക്കുന്നതാണെങ്കില്‍ പെട്ടെന്ന് ദുഃഖവും രോഷവും പ്രകടിപ്പിക്കുന്നു. നടപടിയെടുക്കുന്നു. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ നിശബ്ദരാവുകയോ പ്രതികരണങ്ങളില്‍ കാലതാമസം വരുത്തുകയോ ചെയ്യുന്നു. പലപ്പോഴും പീഡിതരായ ആളുകള്‍ തന്നെയാണ് കുറ്റവാളികള്‍ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് കേള്‍ക്കാനാവുക. മനുഷ്യാവകാശ പ്രവര്‍ത്തകര്‍പോലും ഇത്തരം തന്ത്രപരമായ ബാലന്‍സിംഗ് നിലപാടുകളാണ് സ്വീകരിക്കുന്നത്. മതം, പ്രദേശം, ജാതി, പ്രത്യയശാസ്ത്രം, വംശം, ഭാഷ, ലിംഗം തുടങ്ങിയ പരിഗണനകള്‍ അക്രമത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക്  പൊതുസമൂഹത്തില്‍ നിന്ന് പിന്തുണയും നീതിയും ലഭിക്കുന്നത് തടയുന്നു. കോടതി നടപടികളിലെ കാലതാമസം, നടപടിക്രമം, താങ്ങാനാവാത്ത പണച്ചെലവ്,  തുടര്‍ പീഡനങ്ങള്‍ എന്നിവ ഭയന്ന് പീഡിതര്‍ ഹരജികള്‍ നല്‍കാന്‍ പോലും ധൈര്യപ്പെടുന്നില്ല. 
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്നവരെ തീവ്രവാദികളും ദേശവിരുദ്ധരും ആയി മുദ്രകുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമായി കാണുന്ന രാജ്യങ്ങളില്‍ പോലും നീതി നിഷേധിക്കപ്പെടുന്നു. 
അവകാശങ്ങളെക്കുറിച്ച് എല്ലാവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍, ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി വര്‍ഷത്തില്‍ ഒരു ദിവസം ആചരിക്കപ്പെടുന്നുണ്ട് എന്ന് പോലും അറിയില്ല. അവരെ അവകാശ ബോധമുള്ളവരാക്കി മാറ്റുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജന്മംകൊണ്ട് തന്നെ തങ്ങള്‍ തരംതാഴ്ന്നവരാണെന്നാണ് ചരിത്രത്തിലുടനീളം ഇത്തരം സമൂഹങ്ങളെ വിശ്വസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ ജാതി വ്യവസ്ഥയും പുരോഗമന രാഷ്ട്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിലെ വര്‍ണ്ണ ബോധവും ഇതിന് ഉദാഹരണങ്ങളാണ്.
സ്ത്രീകളെ കുറഞ്ഞ ഉല്‍പാദനക്ഷമത ഉള്ളവരായി കണക്കാക്കുന്നത് സേവന വേതന വ്യവസ്ഥകളിലെ ലിംഗപരമായ വിവേചനങ്ങള്‍ക്ക് ഇടയാക്കുന്നു. വിവാഹം, കുടുംബം, സന്താനോല്‍പാദനം പരിപാലനം എന്നിവക്കുള്ള അവകാശം പോലും ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഈ മേഖലയിലെ എല്ലാ ലിബറല്‍ വാദങ്ങളും കേവലം അധര വ്യായാമങ്ങള്‍ മാത്രമാണ്.
ഇന്ത്യയിലെ സ്ഥിതി
നമ്മുടെ രാജ്യത്ത് മുസ്‌ലിംകള്‍, ദളിതര്‍, മറ്റു പിന്നാക്ക കീഴാള സമുദായങ്ങള്‍ എന്നിവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ വരെ നിഷേധിക്കപ്പെടുകയാണ്. പൊതുസ്ഥലത്ത് അവര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മൃഗങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനപോലും രാജ്യത്തെ ചില സമുദായങ്ങളിലെ മനുഷ്യര്‍ക്ക് ലഭിക്കുന്നില്ല. 
 സ്ത്രീകള്‍ക്ക് ഇവിടെ നിര്‍ഭയമായ അസ്തിത്വമില്ല. ദല്‍ഹി തന്നെയാണ് സ്ത്രീപീഡനങ്ങളില്‍ ലോകത്ത് ഏറ്റവും മുന്നില്‍. പെണ്‍ഹത്യ തടയാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ പരിശോധന നിരോധിച്ച നാടാണിത്. അത് നിര്‍ബാധം നടക്കുന്നു. കുറ്റവാളികളെ കയറൂരി വിടുന്നതും ഇരകള്‍ വീണ്ടും വീണ്ടും നിയമപാലകരാല്‍ പീഡിപ്പിക്കപ്പെടുന്നതും രാജ്യത്ത് പതിവു സംഭവമായി. എതിര്‍  ശബ്ദങ്ങളെ വേരില്‍ തന്നെ പിഴുതെറിയുന്നു. പ്രത്യേക ആളുകള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ എന്നതാണ് ഭൂരിഭാഗം മനുഷ്യാവകാശ നിര്‍വഹണ സ്ഥാപനങ്ങളിലെയും അനുഭവം.
മുന്നോട്ടുള്ള പാത
കര്‍ശനവും നിഷ്പക്ഷവുമായ നീതി നടപ്പാക്കലാണ് പരിഹാരം. സകല അധികാര ശക്തികള്‍ക്കും മുകളില്‍ ഒരു ശക്തി ഉണ്ട്. അവന്‍ മനുഷ്യരാശിയെ മുഴുവനായും സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ്. അവന്റെ അധികാരപരിധിയില്‍ പെടാത്ത ഒന്നും ഇല്ല. നന്മ തിന്മകള്‍ തീര്‍ച്ചയായും സൂക്ഷ്മമായി വിലയിരുത്തി പ്രതിഫലം ലഭ്യമാകുന്ന ഒരു ലോകം വരാനുണ്ട്. ഈ വിശ്വാസമാണ് ഏറ്റവും പ്രധാനം. എല്ലാ മനുഷ്യരും ഒരേ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നും ഒരേ മാതാവിന്റെയും പിതാവിന്റെയും സന്തതികളാണെന്നുമുള്ള വിശ്വാസം സാര്‍വത്രിക സാഹോദര്യ ബോധം ഉാക്കും. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ സംവദിച്ചത് ഇപ്രകാരമാണ്: ''ഹേ മനുഷ്യ സമൂഹമേ! തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിക്കുകയും നിങ്ങള്‍ പരസ്പരം അറിയാന്‍ വേണ്ടി നിങ്ങളെ നാം സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠര്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠയുള്ളവരാകുന്നു.'' (43:19)
വര്‍ഗം, ദേശീയത, നിറം, ഭാഷ എന്നിവ അടിസ്ഥാനമാക്കിയുള്ള ശ്രേഷ്ഠതയുടെ എല്ലാ തെറ്റായ മാനദണ്ഡങ്ങളെയും ഖുര്‍ആന്‍ നിരാകരിക്കുന്നു. സ്രഷ്ടാവിന്റെ ദൃഷ്ടിയില്‍ നീതിയും നല്ല പെരുമാറ്റവും മാത്രമാണ് ശ്രേഷ്ഠതയുടെ അടയാളം. ഖുര്‍ആനിക അധ്യാപനങ്ങളുടെ അന്തസ്സത്ത മനുഷ്യരുടെ അവകാശങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. അവ എങ്ങനെ നേടിയെടുക്കാം എന്നതിന് വ്യക്തമായ നിര്‍ദേശങ്ങള്‍ ഖുര്‍ആനില്‍ കാണാം. 
ഉദാഹരണത്തിന് അഭിമാനവും സ്വകാര്യതയും സംരക്ഷിക്കാനുള്ള അവകാശം (49:11,12), സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം (4:148), ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനുള്ള അവകാശം (51:19), മറ്റുള്ളവരുമായി സഹകരിക്കാനും സഹകരിക്കാതിരിക്കാനുമുള്ള അവകാശം (5:2), ജനിക്കാനുള്ള അവകാശം (5:32, 6:151). പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്നവര്‍ പോലും സ്വന്തം ആളുകളുടെ ജനിക്കാനുള്ള അവകാശത്തെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അതുകൊണ്ടാണ് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളുടെ ജനസംഖ്യാ വര്‍ധന ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കുന്നത്.
മിക്ക മനുഷ്യാവകാശ നിയമങ്ങളും പ്രഖ്യാപനങ്ങളും പരാജയപ്പെടാന്‍ കാരണം  അവ പ്രഖ്യാപിച്ചവരും രൂപപ്പെടുത്തിയവരും അവ പാലിക്കാത്തതാണ്. എന്നാല്‍ പ്രവാചകന്‍ മുഹമ്മദിന്റെ (സ) വിടവാങ്ങല്‍ പ്രസംഗം തികച്ചും വ്യത്യസ്തമായ മാതൃകയാണ്. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ രേഖയായി അത് കണക്കാക്കപ്പെടുന്നു. കേവലം പ്രസ്താവനകള്‍ മാത്രമല്ല  പ്രവാചകത്വത്തിന്റെ 23 വര്‍ഷക്കാലയളവില്‍ പരീക്ഷിക്കപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ നീതിയുടെ  സൂത്രവാക്യങ്ങളാണവ. അസമത്വങ്ങളുടെയും അതിക്രമങ്ങളുടെയും മൂലകാരണങ്ങളായ വംശം, ലിംഗം, സമ്പത്ത്, ഭാഷ, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ സമീപനങ്ങളെയും വേര്‍തിരിവുകളെയും ഇത് ചോദ്യം ചെയ്യുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top