ഖുര്‍ആനിലെ മറിയമിന്  മാതൃകാ വനിതകളില്‍ ഒന്നാം സ്ഥാനം

ഡോ. ഇ.എം സക്കീർ ഹുസൈൻ
December 2021
മറിയമും യേശുവും ദൈവത്തിന്റെ  ദൃഷ്ടാന്തമായിരുന്നു. ദൃഷ്ടാന്തം കണ്ട് പാഠമുള്‍ക്കൊള്ളണം എന്നാണ് ദൈവിക പാഠം. എന്നാല്‍ ആ ദൃഷ്ടാന്തങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്തതിനനുസരിച്ചാണ് ഇന്ന് ലോക ജനതയുടെ വിഭജനം തന്നെയും നില്‍ക്കുന്നത്.

ജനനം കൊണ്ട് തന്നെ അമാനുഷിക ദൃഷ്ടാന്തമായവരാണ് പ്രവാചകനായ ഈസാ(അ)ഉം അദ്ദേഹത്തിന്റെ മാതാവായ മറിയമും. ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ മഹതിയാണ് മറിയം ബീവി. മര്‍യമിന് വഹിക്കാനുണ്ടായിരുന്ന ദൗത്യം സ്വന്തം വ്യക്തിത്വത്തെപ്പോലും വെല്ലുവിളിക്കുന്നതായിരുന്നു (ഖുര്‍ആന്‍ 19:28). പിതാവില്ലാത്ത ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്ന ദൈവിക തീരുമാനത്തിന് സര്‍വാത്മനാ കീഴ്‌പ്പെടുകയായിരുന്നു മറിയം. ത്യാഗപൂര്‍ണമായ ആ ജീവിതം വിശ്വാസി സമൂഹത്തിന് പ്രചോദനമാണ്.
ഒരു പ്രവാചകനു നേരെ വരുന്ന അപവാദങ്ങള്‍, കവി, മാരണക്കാരന്‍, ഭ്രാന്തന്‍ തുടങ്ങിയവയിലൊതുങ്ങുമെങ്കില്‍ അതിനേക്കാള്‍ ഗുരുതരമായ ആക്ഷേപങ്ങളാണ് മറിയം നേരിടേണ്ടി വന്നത്. ഖുര്‍ആ
നില്‍ പ്രവാചകനോടൊപ്പം അദ്ദേഹത്തിന്റെ മാതാവിനെ കൂടി പറഞ്ഞത് മറിയം ബീവിയെ കുറിച്ച് മാത്രമാണ്.
അവള്‍ കൊണ്ട വെയിലും അവള്‍ കൊണ്ട മുള്ളും അവളേറ്റ വ്യഥയും അവളനുഭവിച്ച ദുഃഖവും അവള്‍ കേട്ട ദുരാരോപണങ്ങളും അവള്‍ അല്ലാഹുവിനു സമര്‍പ്പിച്ച ജീവിതവും ലോകാന്ത്യം വരെയും അതിനപ്പുറവും വിലമതിക്കത്തക്കതാക്കി. വിശുദ്ധ ഖുര്‍ആന്‍ അവളെ വാഴ്ത്തിക്കൊ് സംസാരിച്ചു. ആ സംഭാഷണങ്ങള്‍ക്ക് അവളുടെ നാമം തന്നെ നല്‍കി, സൂറത്തു മറിയം.
ഇനിയൊരു പെണ്ണും കടന്നു പോകാനിടയില്ലാത്ത തീക്കടലിലൂടെയാണ് അവള്‍ നടന്നത്. ഇനിയൊരു മാതാവും അനുഭവിക്കാന്‍ ഇടയില്ലാത്ത തീ മഴയാണ് അവള്‍ നനഞ്ഞത്. ഏതൊരു തീക്കടലിലും സാന്ത്വനമായി അല്ലാഹുവിന്റെ തോണി വരാനുണ്ടെന്ന സമാശ്വാസം ഏതു വിശ്വാസിയെയാണ് സമാധാനിപ്പിക്കാതിരിക്കുക. ഏതൊരു തീ മഴയിലും ചൂടുവാനുള്ള അല്ലാഹുവിന്റെ കുട ഉടന്‍ പ്രത്യക്ഷമാകുമെന്ന ശുഭ പ്രതീക്ഷയാണ് മറിയമിന്റെ ജീവിതം.
ആ സമാശ്വാസമായിട്ടായിരുന്നു ഈസാ നബിയുടെ തൊട്ടിലിലുള്ള സംസാരം. ഏതു മാതാവിന്റെ കരളാണ് ആ സംഭവത്തില്‍ ആനന്ദ പുളകിതമാവാത്തത്! ലോകം മുഴുവന്‍ എതിരായിരിക്കെ, തന്റെ നിഷ്‌കളങ്കതയും നിരപരാധിത്വവും താന്‍ പെറ്റിട്ട കുഞ്ഞ് അപ്പോള്‍ തന്നെ സംസാരിച്ച് തെളിയിച്ച് കൊടുക്കുക. ഒരു സംശയത്തിന്റെ നിഴല്‍ പോലും പിന്നീടേക്ക് വെയ്ക്കാതിരിക്കുക. സംശയരോഗികള്‍ ഉത്തരം മുട്ടി മടങ്ങുക; ഇതൊക്കെ ആ ഒരൊറ്റ സംഭാഷണത്തിലൂടെ നടന്നു. മറിയമിന്റെ പവിത്രതയെ ലോകത്തിനു മുന്നില്‍ കാണിക്കുകയാണ് ഖുര്‍ആന്‍.
'പിന്നെ അവര്‍ ആ കുഞ്ഞിനെയും കൊ് തന്റെ ജനത്തിന്റെയടുക്കലേക്ക് ചെന്നു. അവര്‍ പറഞ്ഞു തുടങ്ങി. 'മറിയമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്. ഹാറൂന്റെ സോദരീ, നിന്റെ പിതാവ് ദുര്‍വൃത്തനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളായിരുന്നില്ല.' അപ്പോള്‍ തന്റെ കുഞ്ഞിനു നേരെ അവര്‍ വിരല്‍ ചൂണ്ടി. ജനം ചോദിച്ചു: തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും? കുഞ്ഞ് പറഞ്ഞു: ''ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേറെ പുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു.''
മറിയമും യേശുവും ദൈവത്തിന്റെ ദൃഷ്ടാന്തമായിരുന്നു. ദൃഷ്ടാന്തം കണ്ട് പാഠമുള്‍ക്കൊള്ളണം എന്നാണ് ദൈവിക പാഠം. എന്നാല്‍ ആ ദൃഷ്ടാന്തങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്തതിനനുസരിച്ചാണ് ഇന്ന് ലോക ജനതയുടെ വിഭജനം തന്നെയും നില്‍ക്കുന്നത്. ആ ദൃഷ്ടാന്തത്തെ തള്ളിയവരാണ് ലോക ജനതയില്‍ ഒരു വിഭാഗം. അതിനെ സ്വീകരിച്ചവരെയും രണ്ടായി തിരിക്കാം; അതിരു കവിഞ്ഞവരും മിതത്വം പാലിച്ചവരും. അതിരു കവിഞ്ഞപ്പോള്‍ മറിയമിനെ ദൈവത്തിന്റെ മാതാവെന്നും മറിയമിന്റെ കുഞ്ഞിനെ ദൈവമെന്നും വിളിച്ച് അവരുടെ ധിക്കാരം സമ്പൂര്‍ണമാക്കി. അവരെ താക്കീതു ചെയ്തുകൊണ്ടുകൂടിയാണ് ഖുര്‍ആന്റെ അവതരണം. 'അല്ലാഹുവിന് ഒരു ആണ്‍കുട്ടിയുണ്ടെന്ന് വാദിക്കുന്നവരെ താക്കീത് ചെയ്യാനുള്ളതുമാണ് ഈ വേദഗ്രന്ഥം' (ഖുര്‍ആന്‍: 18:4).
നിഷേധത്തിന്റെയും അതിരുകവിയലിന്റെയും മധ്യേ മധ്യമനിലപാടുമായി ഇസ്‌ലാം മറിയമിനെ ഏറ്റവും ഉത്കൃഷ്ടയും വിശുദ്ധയുമായി പ്രഖ്യാപിക്കുന്നു. മനുഷ്യരില്‍ നിന്നല്ല, ദൈവത്തില്‍ നിന്നാണ് ആ വാഴ്ത്തല്‍. അതിനാല്‍ മറ്റു യാതൊരു സാക്ഷ്യത്തിന്റെയും തെളിവിന്റെയും ആവശ്യമില്ലാതെ മുസ്‌ലിം ലോകം ഒന്നടങ്കം മറിയമിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
''അല്ലാഹു പറഞ്ഞ സന്ദര്‍ഭം. മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി. എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളോടെ ഇസ്രയേല്‍ മക്കളുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍ 'ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെ'ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു.' (വി. ഖുര്‍ആന്‍ 5:110).
ഈ ഖുര്‍ആന്‍ വാക്യം യേശുവിന് അല്ലാഹു നല്‍കിയ മുഅ്ജിസത്തുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ജിബ്‌രീലിനെക്കൊണ്ട് ശക്തിപ്പെടുത്തി എന്നതാണ് ഒന്നാമത്തെ അനുഗ്രഹം. ശക്തമായ റോമാ സാമ്രാജ്യത്തോടും അതിശക്തരായ യഹൂദ പുരോഹിതന്മാരോടും എതിരിട്ടു മാത്രമേ ദൈവരാജ്യത്തിന്റെ പണിക്കായി മുന്നിട്ടിറങ്ങുവാന്‍ യേശുവിനും അനുയായികള്‍ക്കും കഴിയുമായിരുന്നുള്ളൂ. ആ പ്രവൃത്തിയില്‍ പരിശുദ്ധാത്മാവ് എന്ന പേരിലറിയപ്പെടുന്ന മലക്ക് ജിബ്‌രീലിന്റെ പിന്‍ബലം യേശുവിനു മാത്രമല്ല യേശുവിന്റെ ശിഷ്യന്മാര്‍ക്കും ഉണ്ടായിരുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
''എല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറമുള്ളവര്‍ ആയിത്തീര്‍ന്നു. പരിശുദ്ധാത്മാവ് അവര്‍ക്കു ദാനം ചെയ്ത പ്രകാരം, വിവിധ ഭാഷകളില്‍ അവര്‍ സംസാരിച്ചു തുടങ്ങി'' (അ. പ്ര. 2:4).
ദൈവരാജ്യത്തില്‍, നടപ്പിലാക്കേണ്ടത് ദൈവത്തിന്റെ നിയമങ്ങളാണ്. ദൈവിക നിയമങ്ങളുള്ളത്, തൗറാത്തിലാണ്. അതിനാലാണ് യേശുവിന് ഇഞ്ചീലിനൊപ്പം മൂസാ നബിയുടെ തൗറാത്ത് കൂടി അഭ്യസിപ്പിക്കപ്പെട്ടത്. മൂസവീ ശരീഅത്താണ് ഈസാനബി നടപ്പാക്കേണ്ടിയിരുന്ന ന്യായപ്രമാണം.
കളിമണ്ണാണ് മനുഷ്യന്റെ അടിസ്ഥാനം. കളിമണ്ണുകൊണ്ട് യേശു പക്ഷിയെ രൂപപ്പെടുത്തുകയും ദൈവം അതിന് ജീവന്‍ നല്‍കുകയും ചെയ്തു. മോശൈക ന്യായപ്രമാണം എന്ന ഘടന, നഷ്ടമായ ഇസ്രയേല്‍ ജനം തന്നെയാണ് കളിമണ്ണ്. ആ കളിമണ്ണിന് ഘടന വീണ്ടെടുത്ത് അവരെ ദൈവജനം എന്ന പദവിയിലേക്ക് ഉയിരുനല്‍കുകയാണ് യേശുവിന്റെ യഥാര്‍ഥ ലക്ഷ്യം. ദൈവപ്രീതിയിലേക്ക് പറന്നുയരുന്ന ഒരു പക്ഷിയെപ്പോലെ.
എന്നാല്‍ കുരുടന്മാര്‍ ആ ലക്ഷ്യത്തിനെതിരുനിന്നു. ദൈവികമായ കാഴ്ചപ്പാടില്ലാത്ത എന്നാല്‍ തോറയുടെ പുരോഹിതര്‍ എന്നറിയപ്പെട്ട പരീശന്മാരായിരുന്നു ആ കുരുടന്മാര്‍. പ്രതീകാത്മകമായി യേശു പിറവിക്കു കുരുടന്മാര്‍ക്കു കാഴ്ച നല്‍കി. എന്നാല്‍, പുരോഹിതന്മാരുടെ അകക്കണ്ണ് അപ്പോഴും അടഞ്ഞുതന്നെ കിടന്നു. അവരായിരുന്നു ദൈവരാജ്യത്തിന്റെ പണിക്കാരുടെ കഠിന ശത്രുക്കള്‍. വെള്ളപ്പാണ്ടുകാരന്റെയും കുഷ്ഠരോഗികളുടെയും രോഗം തൊലിപ്പുറമെയാണ്. യേശു അവ സുഖപ്പെടുത്തി. അകമേയുള്ള വ്രണങ്ങളും പാടുകളും സുഖപ്പെടുത്താന്‍ ദൈവവചനം തന്നെ വേണം. ഇഞ്ചീല്‍ ആയിരുന്നു അത്. നാട്യക്കാരായ സദൂക്യന്മാര്‍, പരലോക നിഷേധികളും ആയിരുന്നു. അവരുടെ ഉള്ളിലുള്ള ആത്മീയ രോഗങ്ങള്‍ക്ക് യേശു എന്ന മഹാവൈദ്യന്‍ ചികിത്സ നിര്‍ദേശിച്ചുവെങ്കിലും അവരുടെ ധിക്കാരം ആ ചികിത്സകള്‍ സ്വീകരിക്കാന്‍ അവരെ സമ്മതിച്ചില്ല.
ലാസറിനെ മരണത്തില്‍ നിന്നുയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് ദൈവസഹായത്താല്‍ യേശുവിന് എളുപ്പമുള്ള കാര്യമായിരുന്നു. എന്നാല്‍ ചത്തുകിടക്കുന്ന സമൂഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നതു സാഹസമേറിയ ഒരു പ്രവൃത്തി തന്നെ. സാമ്രാജ്യങ്ങളും പൗരോഹിത്യവും മരിച്ചു കിടക്കുന്ന ജനതയെ ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ ഒരിക്കലും സമ്മതിക്കുകയില്ല. യേശുവിന്റെ കാര്യത്തിലും അതു തന്നെയാണ് നടന്നത്.
സമൂഹത്തിന് ജീവന്‍ നല്‍കാന്‍ വന്ന യേശുവിന്റെ ജീവനെടുക്കുവാന്‍ റോമും പുരോഹിതന്മാരും ഗൂഢാലോചന നടത്തി. ഇബ്രാഹീമിനെ (അ) തീയില്‍നിന്നും മൂസാനബി(അ)നെ ചെങ്കടലില്‍നിന്നും രക്ഷപ്പെടുത്തിയ അല്ലാഹു ഈസാ നബിയെ കുരിശില്‍നിന്നും രക്ഷപ്പെടുത്തി.
ഈ സംഭവ വിവരണത്തിന്റെ രത്‌നച്ചുരുക്കമാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്: ''സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല; ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലകപ്പെടുകയാണുണ്ടായത്.'' (വി. ഖുര്‍ആന്‍ 4:157).

മറിയമിന്റെ മഹിമ
'മാലാഖമാര്‍ മറിയമിനോടു പറഞ്ഞ സന്ദര്‍ഭം ഓര്‍മിക്കുക. 'അല്ലയോ, മറിയം നിശ്ചയമായും അല്ലാഹു നിന്നെ തെരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ലോകത്തുള്ള സകല സ്ത്രീകളെക്കാളും ശ്രേഷ്ഠയായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.' (വി. ഖുര്‍ആന്‍ 3:42).
പുണ്യവാളര്‍ക്കിടയില്‍ അധിക വണക്കത്തിന് യോഗ്യയായവള്‍ എന്ന സ്ഥാനവും (Hyperdulia) ദൈവത്തിന്റെ അമ്മ (Theotkos) എന്ന സ്ഥാനവുമാണ് മിക്ക പാരമ്പര്യ സഭകളും മറിയമിന് നല്‍കിയിരിക്കുന്നത്.
അതിരുകവിഞ്ഞ വാദങ്ങള്‍ യേശുവിന്റെയും മറിയമിന്റെയും കാര്യത്തില്‍ ക്രിസ്ത്യാനികള്‍ ഉയര്‍ത്തിയതായി കാണാം. ഈ അതിരുകവിച്ചിലിനെ കൂടി ചോദ്യം ചെയ്താണ് പ്രൊട്ടസ്റ്റന്റുകാര്‍ ഉദയം ചെയ്തത്. അവരുടെ ചോദ്യം ചെയ്യല്‍ മറിയമിലൊതുങ്ങി എന്നുമാത്രം. മറിയം പൂജയെ 'അധാര്‍മികമായ വിഗ്രഹാരാധന' എന്നാണ് ലൂഥര്‍ വിശേഷിപ്പിച്ചത്. ഈ ആരാധനയിലൂടെ മറിയത്തെ സ്തുതിക്കുകയല്ല, അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്' എന്ന് ലൂഥര്‍ പറഞ്ഞു.' (പേ. 47, മധുരം നിന്റെ ജീവിതം).
യഹൂദന്മാരുടെ ശകാരങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ക്രിസ്ത്യാനികളുടെ അമിതാരാധനക്കും തീവ്രഭക്തിക്കും നടുവിലാണ് ഇസ്‌ലാം മറിയമിന് സ്ഥാനം നല്‍കിയത്; ജീര്‍ണതകള്‍ക്കും തീവ്രതകള്‍ക്കും മധ്യേയുള്ള ഇസ്‌ലാമിന്റെ സന്തുലിതമായ നിലപാടാണത്.
കെ.പി അപ്പന്‍ ആ നിലപാടിനെ ഇങ്ങനെ രേഖപ്പെടുത്തി. 'മറിയത്തിന്റെ മഹിമയെ ഉഷസ്സിന്റെ ചിറകുകള്‍ ധരിച്ച വാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്നത് വിശുദ്ധ ഖുര്‍ആനാണ്. സ്ത്രീകള്‍ക്ക് മാതൃകയായി മറിയത്തെ ഖുര്‍ആന്‍ സ്തുതിക്കുന്നു. മറിയത്തെ ഉത്കൃഷ്ടയായി തെരഞ്ഞെടുക്കുകയും പരിശുദ്ധയായി കല്‍പിക്കുകയും ചെയ്ത മഹാ പാരമ്പര്യമാണ് ഖുര്‍ആന്റേത്.
യേശു ദൈവപുത്രനാണെന്ന സങ്കല്‍പത്തോട് ഖുര്‍ആന്‍ യോജിക്കുന്നില്ല. ഭൂമിയിലുള്ളതെല്ലാം ഈശ്വരനുള്ളതായിരിക്കെ അവന്‍ എന്തിന് ഒരു സന്താനത്തെ വരിക്കണം? ഖുര്‍ആന്‍ ചോദിക്കുന്നു. അല്ലാഹു ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ ഉണ്ടാവുക എന്ന് അതിനോട് പറയുക മാത്രമാണ് ചെയ്യുക. അപ്പോള്‍ അത് ഉണ്ടാകും. അതിനാല്‍ ക്രിസ്തുവിനെ ദൈവപുത്രനായിട്ടല്ല, ദൈവദൂതനായി അദ്ദേഹത്തെ ഖുര്‍ആന്‍ പ്രവാചക പാരമ്പര്യത്തില്‍ മാത്രം നിര്‍ത്തുന്നു. എന്നാല്‍ ക്രിസ്തുവിനും മറിയത്തിനും ഖുര്‍ആന്‍ നല്‍കുന്ന സ്ഥാനം ആ വിശുദ്ധ ഗ്രന്ഥത്തിന്റെ ഉദാരമായ സൗന്ദര്യത്തെയും ദാര്‍ശനിക വിശാലതയെയുമാണ് കാണിക്കുന്നത്. രത്‌നങ്ങളേക്കാള്‍ മൂല്യമുള്ള വാക്കുകള്‍ കൊണ്ടുള്ള സ്തുതിയാണ് മറിയത്തിന്റെ പവിത്ര ചിത്രങ്ങള്‍ക്ക് ഖുര്‍ആന്‍ നല്‍കിയിട്ടുള്ളത്. ഖുര്‍ആന്‍ മുഴുവന്‍ പരിശോധിച്ചാലും മുഹമ്മദ് നബി എന്ന പുണ്യതിരുമേനിക്കോ അദ്ദേഹത്തിന്റെ അമ്മയായ ആമിനാബീവിക്കോ ഇത്രയും സ്തുതി കിട്ടുന്നില്ല എന്ന പണ്ഡിതനായ സി.എന്‍ അഹ്മദ് മൗലവിയുടെ നിരീക്ഷണം ഭൂമിയുടെയും ഉന്നതങ്ങളായ ആകാശങ്ങളുടെയും വിശാലതയെ തേടുന്ന മതസൗഹാര്‍ദത്തിന്റെ നിലപാട് വിശുദ്ധ ഖുര്‍ആന് ഉണ്ടെന്ന് വ്യക്തമാക്കുന്നു.' (മധുരം നിന്റെ ജീവിതം, പേ. 26-29).
ദൈവത്തിനു മുമ്പില്‍ സമ്പൂര്‍ണ സമര്‍പ്പിതയാണവള്‍. ദൈവസ്മരണയില്‍ നിരന്തരം മുഴുകിയവള്‍. ദൈവേഛക്ക് നിരക്കാത്ത സകലതില്‍നിന്നും അകന്ന്, ദൈവസാമീപ്യമുള്ളവളായും ദൈവേഛയാല്‍ തന്റെ താമസസ്ഥലത്ത് അത്ഭുതകരമായി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നവളായുമാണ് വിശുദ്ധ ഖുര്‍ആന്‍ മറിയമിനെ പരിചയപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആനിലെ മറിയം എന്ന അധ്യായം ആ വിശുദ്ധ ജീവിതത്തിനുള്ള സാക്ഷ്യപത്രമാണ്. അതിനാല്‍ തന്നെയാണ് മുസ്‌ലിം ലോകമൊന്നടങ്കം മാതൃകാ വനിതകളില്‍ ഒന്നാം സ്ഥാനം മറിയം ബീവിക്ക് നല്‍കുന്നത്.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media