ഖലീലുല്ലാഹിയുടെ പ്രാര്‍ഥനകള്‍

സി.ടി സുഹൈബ് No image

ഖലിലുല്ലാഹി ഇബ്‌റാഹീം നബി(അ)യെ 'ഉമ്മത്ത്' എന്ന് പരിചയപ്പെടുത്തുന്നുണ്ട് ഖുര്‍ആന്‍. ഒരു വലിയ സമൂഹം ഒന്നിച്ചു ചെയ്യേണ്ട ദൗത്യം ഒറ്റക്ക് നിര്‍വഹിച്ചതുകൊണ്ടാവാം അങ്ങനെ വിശേഷിപ്പിച്ചത്. ആ വിശേഷണത്തിന് തൊട്ടുശേഷം പറയുന്നത് അദ്ദേഹം ഖാനിത് ആയിരുന്നു എന്നാണ്. 'ഖാനിത്' എന്നാല്‍ വിനയമുള്ളവന്‍ വിധേയപ്പെടുന്നവന്‍ എന്നര്‍ഥം. ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചപ്പോഴും പരീക്ഷണങ്ങളില്‍ വിജയം നേടിയപ്പോഴും തന്റെ കഴിവും പ്രാപ്തിയും ഈമാനുമെല്ലാം അല്ലാഹു അംഗീകരിച്ച് പ്രശംസിച്ചപ്പോള്‍ യാതൊരു തലക്കനവുമില്ലാതെ വിനയവും താഴ്മയും പ്രകടിപ്പിച്ച മാതൃകാ മനുഷ്യന്‍. അല്ലാഹുവിനു മുന്നില്‍ പ്രാര്‍ഥനയോടെ കൈനീട്ടുന്നത് വിനയത്തിന്റെ അടയാളമാണ്. പ്രാര്‍ഥിക്കാതിരിക്കല്‍ അഹംഭാവത്തിന്റെ ലക്ഷണമാണെന്ന് പറയുന്നുണ്ട് ഖുര്‍ആന്‍ (40:60). ഖുര്‍ആന്‍ വിവിധ ഇടങ്ങളിലായി വിവരിച്ച ഇബ്‌റാഹീം നബിയുടെ ചരിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നുണ്ട് അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥനകളിലൂടെ അദ്ദേഹത്തിന്റെ ഉന്നതമായ സാമൂഹിക കാഴ്ചപ്പാട് കൃത്യമായി വായിച്ചെടുക്കാന്‍ നമുക്ക് കഴിയും.
ഇബ്‌റാഹീം (അ) അദ്ദേഹത്തിനു വേണ്ടി നടത്തുന്ന പ്രാര്‍ഥന ഇങ്ങനെയാണ്: ''നാഥാ, നീ എനിക്ക് യുക്തിജ്ഞാനം നല്‍കുകയും സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ. പിന്‍ഗാമികളില്‍ എനിക്ക് നീ സല്‍കീര്‍ത്തിയുണ്ടാക്കേണമേ. എന്നെ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തേണമേ'' (26:83-85).
വിജ്ഞാനമാണ് വിശ്വാസത്തിന്റെയും നേര്‍മാര്‍ഗത്തിന്റെയും അടിത്തറ. ആ അടിത്തറയില്‍നിന്നുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ച് അല്ലാഹുവിന് പ്രിയങ്കരമായിത്തീര്‍ന്നവരില്‍ ഉള്‍പ്പെടുത്താനുള്ള പ്രാര്‍ഥന ഓരോ വിശ്വാസിയിലും എപ്പോഴും നിറഞ്ഞു നില്‍ക്കണം. സൂറത്തുല്‍ ഫാത്വിഹ പാരായണം ചെയ്യുമ്പോള്‍ അത്തരമൊരു പ്രാര്‍ഥനയിലൂടെ നമ്മളോരോരുത്തരും കടന്നുപോകുന്നുണ്ട്.
മനസ്സിലാക്കിയ സത്യവും യാഥാര്‍ഥ്യവും ആദ്യമായി പങ്കുവെച്ചു തുടങ്ങുന്നത് ഉപ്പയോടാണ്. ബിംബാരാധനയുടെ നിരര്‍ഥകത ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം പക്ഷേ, പിതാവിന്റെ പാരമ്പര്യവാദത്തിന്റെ ദുശ്ശാഠ്യത്തിനു മുന്നില്‍ പരാജയപ്പെട്ടു. ആവര്‍ത്തിച്ചുള്ള ഉപദേശങ്ങളില്‍ കുപിതനായി വീട്ടില്‍നിന്ന് ഇറക്കിവിടുമ്പോള്‍ യാതൊരു പരിഭവങ്ങളുമില്ലാതെ പിതാവിനു വേണ്ടി പ്രാര്‍ഥിക്കുന്ന ഇബ്‌റാഹീമി(അ)നെ കാണാം: ''താങ്കള്‍ക്ക് സമാധാനമുണ്ടാവട്ടെ, താങ്കള്‍ക്കു വേണ്ടി ഞാന്‍ എന്റെ നാഥനോട് പാപമോചനം തേടും. അവനെന്നോട് ഏറെ കനിവുറ്റവനാണ്'' (19:47).
ഒരിടത്ത് 'ഹലീം' എന്ന് വിശേഷിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍. വാത്സല്യമുള്ളവന്‍ എന്നര്‍ഥമുണ്ടതിന്. പിതാവിനോട് സ്‌നേഹമുള്ള മകനായും മക്കളോട് വാത്സല്യമുള്ള ഉപ്പയായും ഇണയോട് പ്രണയവും കാരുണ്യവുമുള്ള തുണയായും അദ്ദേഹത്തെ കാണാനാകും. പരീക്ഷണങ്ങളെ അതിജീവിച്ച ഈമാനിക കരുത്തും രാജാവിനെയും സമൂഹത്തെയും നേരിട്ട ധീരതയുമുള്ള വ്യക്തിത്വമായി അടയാളപ്പെടുത്തുമ്പോള്‍ വിട്ടുപോകാറുള്ള സവിശേഷതയാണ് അദ്ദേഹത്തിന്റെ വാത്സല്യം. അത് സമുദായത്തിനോടും സമൂഹത്തിനോടുമൊക്കെയായി വികസിക്കുന്നത് അദ്ദേഹത്തിന്റെ പ്രാര്‍ഥനകളില്‍ കണ്ടെത്താനാകും.
മക്കള്‍ ആദര്‍ശവഴിയില്‍ വളര്‍ന്നു വരണമെന്ന മോഹം അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകളില്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാം:
''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ചെയ്യേണമേ...'' (2:128).
''എന്റെ നാഥാ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍പെട്ടവരെയും. നാഥാ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ..'' (14:40).
അല്ലാഹുവിന്റെ കല്‍പനപ്രകാരം ഹാജറിനെയും കുഞ്ഞിനെയും വിജനമായിടത്ത് താമസിപ്പിച്ച് തിരിച്ചു പോരുമ്പോള്‍ അവര്‍ക്കായി മനമുരുകി പ്രാര്‍ഥിക്കുന്ന ഒരു കുടുംബനാഥനെ കാണാം:
''നാഥാ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ) കൃഷിയൊന്നുമില്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, അവര്‍ മുറപ്രകാരം നമസ്‌കാരം നിര്‍വഹിക്കുന്നവരാകണം. അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ'' (14:37).
തനിക്കു ശേഷം വരാനിരിക്കുന്ന ഉമ്മത്തിനെ കുറിച്ച തികഞ്ഞ പ്രതീക്ഷ അദ്ദേഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. അവര്‍ ആദര്‍ശപാതയില്‍ മുന്നോട്ടു പോകണമെന്നും അവരെ മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു പ്രവാചകനെയും അവര്‍ക്ക് നേര്‍വഴി കാണിക്കാനായി ഒരു വേദഗ്രന്ഥവും അവതരിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ വിശ്വാസികളോടുള്ള ഗുണകാംക്ഷയും സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്നുണ്ട്.
''ഞങ്ങളുടെ നാഥാ, അവര്‍ക്ക് നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ.''
നിര്‍ഭയമായ നാടും സുഭിക്ഷതയുള്ള ജനതയുമാണ് ഈ ലോകത്ത് ഇസ്‌ലാം വിഭാവന ചെയ്യുന്ന സമൂഹം. അത്തരമൊരു നാടിനും സമൂഹത്തിനുമായി ഇബ്‌റാഹീം (അ) നടത്തുന്ന പ്രാര്‍ഥനയില്‍ ഒരുവേള വിശ്വാസികള്‍ക്ക് മാത്രമായിപ്പോകുന്ന അര്‍ഥനയെ അല്ലാഹു ഇടപെട്ട് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണെന്ന് പറയുന്നുണ്ട്:
''എന്റെ നാഥാ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവനും (ഞാന്‍ ആഹാരം നല്‍കുന്നതാണ്)'' (2:126).
ഒരു നാട്ടില്‍ ഇസ്‌ലാമിക വ്യവസ്ഥിതി നിലവില്‍ വരുന്നതിലൂടെ ആ നാട്ടിലും മുഴുവന്‍ ആളുകള്‍ക്കും വിശ്വാസഭേദമന്യേ നീതിയും സുരക്ഷിതത്വവും സുഭിക്ഷതയും ലഭിക്കുക എന്ന ഉദ്ദേശ്യത്തെ ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയിലൂടെ അല്ലാഹു വരച്ചുകാണിക്കുന്നുണ്ട്. അത്തരമൊരു നാഗരികതയും സംസ്‌കാരവും നിലവില്‍ വരുമ്പോള്‍ അതിന്റെ സദ്ഫലങ്ങളനുഭവിക്കുന്ന ജനങ്ങള്‍ സ്വാഭാവികമായും ശരിയായ വിശ്വാസത്തിന്റെ വഴിയിലേക്ക് വന്നെത്തും. ഈ നിര്‍ഭയത്വവും സുഭിക്ഷതയും നല്‍കിയ സാമൂഹിക ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങാന്‍ മക്കയിലെ ബഹുദൈവാരാധകരോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
''അവര്‍ക്ക് വിശപ്പുണ്ടാകുമ്പോള്‍ ആഹാരം നല്‍കുകയും ഭയത്തെ മാറ്റി നിര്‍ഭയത്വം നല്‍കുകയും ചെയ്ത ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ'' (106:3,4).
ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍ ഓരോന്നായി പുലരുന്നതിന് ചരിത്രം സാക്ഷ്യം വഹിച്ചു; ആരോരുമില്ലാത്ത മരുഭൂമിയില്‍ കഅ്ബാലയം അതിന്റെ അടിത്തറകളില്‍നിന്ന് പടുത്തുയര്‍ത്തിയ ശേഷം അവിടേക്കൊഴുകിയെത്തിയ ജനസഞ്ചയത്തിലൂടെ, മക്കളായ ഇസ്മാഈലും ഇസ്ഹാഖും പ്രവാചകത്വത്തിന്റെ പിന്തുടര്‍ച്ചക്കാരായതിലൂടെ, ഹാജറിന്റെ കാല്‍പാടുകളില്‍ ചരിത്രം പിറവിയെടുത്തതിലൂടെ, മക്ക നിര്‍ഭയത്വമുള്ള നാടായതിലൂടെ, ആ നാട്ടില്‍ അവസാന ദൂതനായി മുഹമ്മദ് നബി(സ) ആഗതനായതിലൂടെ ആ പ്രാര്‍ഥനകള്‍ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.
നമ്മുടെ പ്രാര്‍ഥനകളുടെ സ്വഭാവങ്ങളെയും ഉള്ളടക്കങ്ങളെയും കുറിച്ച ആലോചനകള്‍ക്ക് ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍ വഴിയൊരുക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും മാത്രമിടമുള്ള പ്രാര്‍ഥനകള്‍ക്കപ്പുറം മുസ്‌ലിം സമുദായത്തിനും നിര്‍ഭയത്വമുള്ള നാടിനും വരാനിരിക്കുന്ന തലമുറകളിലേക്ക് കൂടി അത് വികസിക്കണം.
നമ്മുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പദ്ധതികളുമൊക്കെയാണല്ലോ പ്രാര്‍ഥനകളായി മാറുന്നത്. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകളിലൂടെ കടന്നുപോകുമ്പോള്‍ കഠിനമായ പ്രതിസന്ധികള്‍ക്കും പരീക്ഷണങ്ങള്‍ക്കുമിടയിലും എത്ര വിശാലമായ സ്വപ്‌നങ്ങളും പദ്ധതികളുമാണ് അദ്ദേഹം കൊണ്ടുനടന്നിരുന്നതെന്ന തിരിച്ചറിവ് നമ്മെ ആ പാതയില്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ടു നടക്കാന്‍ പ്രചോദിപ്പിക്കുന്നതാണ്.
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കേണ്ട വിധത്തില്‍ നിങ്ങള്‍ പരിശ്രമിക്കുവിന്‍. അവന്‍ നിങ്ങളെ ഉത്കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. ദീനില്‍ യാതൊരു മാര്‍ഗതടസ്സവുമുണ്ടാക്കിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമത്രെ അത്...'' (22:78).
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top