ബോധവല്‍ക്കരണം പുരുഷന്മാരിലും വേണം

കെ.കെ ഫാത്വിമ സുഹ്‌റ No image

'മാതൃദേവോ ഭവ.' സ്ത്രീയെ ദേവതക്ക് തുല്യമായി കാണണം എന്നാണല്ലോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്. എന്നാല്‍ സതി എന്ന ദുരാചാരം തൊട്ട് സ്ത്രീ എന്നും എപ്പോഴും സഹിക്കേണ്ടവളാണ് എന്ന്  മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ഈ ധാരണയാണ് നമ്മുടെ സമൂഹത്തില്‍ ശക്തിപ്പെടുന്നത്. പാമ്പുകടി ഏല്‍പ്പിച്ചും ഷാളില്‍ കെട്ടിത്തൂക്കിയും മണ്ണെണ്ണ ഒഴിച്ചും ഗ്യാസ് പൊട്ടിത്തെറിച്ചും ഉള്ള സ്ത്രീപീഡനങ്ങള്‍ ഇന്നൊരു പുത്തരിയല്ല. ഏതെങ്കിലും ഒരു സ്ത്രീപീഡന സംഭവം അരങ്ങേറുമ്പോള്‍ അതിനെ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടക്കും. ചര്‍ച്ചയുടെ ചൂടാറും മുമ്പേ പ്രതികള്‍ ചുളിവില്‍ രക്ഷപ്പെടും.. സ്ത്രീപീഡന, സ്ത്രീധനപീഡന കഥകള്‍ തുടര്‍ക്കഥയായി തന്നെ അരങ്ങേറുന്നു. മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയും വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന കേരളവും ഇന്ന് ഇത്തരം ക്രൂരമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ കേവലം ചില പൊടിക്കൈകള്‍ കൊണ്ടോ  ഉപരിപ്ലവമായ ചില വായാടിത്തങ്ങള്‍ കൊണ്ടോ പരിഹരിക്കാവുന്നതല്ല ഈ വിഷയം., സമൂഹത്തിലെ എല്ലാ തലങ്ങളിലും ശക്തമായ അവബോധ പരിപാടികളും നിതാന്ത ജാഗ്രതയും ഉണ്ടാവണം. ഇതില്‍ സമൂഹവും രക്ഷിതാക്കളും കുട്ടികളും ഒരുപോലെ ജാഗ്രത പുലര്‍ത്തിയേ തീരൂ.
ഒടുവിലുണ്ടായ വിസ്മയ എന്ന പെണ്‍കുട്ടിയുടെ ദാരുണ സംഭവം ഞെട്ടിക്കുന്നതാണ്. വിസ്മയയുടെ ജീവന്‍ പൊലിഞ്ഞു. ആത്മഹത്യ ചെയ്തുവോ അതോ അവളെ കൊന്നു തൂക്കിയോ? എന്തായാലും ഇത്തരം പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടിയേ തീരൂ. ഇങ്ങനെ എത്രയെത്ര സ്ത്രീജീവിതങ്ങളാണ് അപ്രത്യക്ഷമാവുന്നത്! സ്ത്രീപീഡനങ്ങള്‍ നടക്കുമ്പോള്‍ അവക്കെതിരെ ശബ്ദിക്കുന്നതും പ്രതികരിക്കുന്നതും പ്രതിഷേധ പരിപാടികള്‍ നടത്തുന്നതും പലപ്പോഴും വനിതാസംഘടനകളും പ്രതിനിധികളുമായിരിക്കും. ഇരകള്‍ തങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് ആവലാതിപ്പെടുന്നു. ഇവിടെ 'ഇരകള്‍' എന്നു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.. സ്ത്രീയും പുരുഷനും ഇണതുണകള്‍ ആണല്ലോ. പക്ഷേ ഇന്ന് പലപ്പോഴും സ്ത്രീകള്‍ ഇരകളും പുരുഷന്മാര്‍ വേട്ടക്കാരും ആകുന്ന സാഹചര്യം ഉണ്ടാകുന്നു. അതിനാലാണ് ഇണകളെ ഇരകള്‍ എന്ന് വിശേഷിപ്പിച്ചത്. സാംസ്‌കാരിക നായകന്മാരും സാമൂഹികപ്രവര്‍ത്തകരുമടങ്ങുന്ന പുരുഷ സമൂഹത്തിന്റെ ഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍  ഉയര്‍ന്നുവരേണ്ടതുണ്ട്. ഇരകള്‍ തങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് ആക്രോശിച്ചതുകൊണ്ട് മാത്രം കാര്യമില്ല. വേട്ടക്കാരായ പുരുഷ വര്‍ഗത്തോട് അരുതെന്ന് പറയാനും അതില്‍നിന്നും അവരെ പിന്തിരിപ്പിക്കാനും സമൂഹം മുന്‍കൈയെടുക്കണം. സ്ത്രീകള്‍ക്കിടയില്‍ എന്നപോലെ പുരുഷന്മാര്‍ക്കിടയിലും ഇത്തരം വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടക്കണം. അപ്പോള്‍ മാത്രമേ സ്ത്രീകള്‍ കുടുംബത്തിനകത്ത് അനുഭവിക്കുന്ന ക്രൂരതകള്‍ക്ക് ചെറിയ അളവിലെങ്കിലും പരിഹാരം  കാണാനാവൂ.
ചില പ്രശ്‌നങ്ങളിലെല്ലാം സ്ത്രീധനമാണ് യഥാര്‍ഥ വില്ലനെങ്കിലും സ്ത്രീധന സമ്പ്രദായം മുസ്‌ലിംസമൂഹത്തില്‍ താരതമ്യേന കുറഞ്ഞതായി കാണുന്നുണ്ട്. ജോലിയുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നത് നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ സ്ത്രീധനമായി ഗണിക്കേതില്ല. എന്നാല്‍ വിവാഹസമയത്ത് ജോലിക്കോ മറ്റോ പണം ഈടാക്കുന്നത് സ്ത്രീധനമായി  ചിലരൊന്നും കരുതുന്നില്ല. വമ്പിച്ച ജീവിത ചെലവുള്ള ആധുനിക സാഹചര്യത്തില്‍ അതിനെ സ്ത്രീധനമായി കരുതേതില്ലെന്നും അതിനെ ആക്ഷേപിക്കാനും വയ്യ എന്നുമാണ് പറച്ചില്‍. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍നിന്ന് മാറിയേ തീരൂ. പെണ്ണിനെ സമൂഹത്തില്‍ പണത്തിന്റെ കനംവെച്ച് അടയാളപ്പെടുത്തുന്ന പ്രവണതയെ വിമര്‍ശിക്കാതിരിക്കാനാവില്ല. സ്ത്രീയില്‍നിന്നും പണം ഈടാക്കുന്നു എന്നതല്ല പ്രശ്‌നത്തിന്റെ മര്‍മം. സ്ത്രീക്ക് ഒരു വിലയും നിലയും ഇല്ലാത്ത വിധം അവളെ അംഗീകരിക്കാന്‍ സമൂഹമോ സംഘടനകളോ  സ്ഥാപനങ്ങളോ തയാറാവുന്നില്ല. അവളുടെ അസ്തിത്വം അംഗീകരിക്കാനും വ്യക്തിത്വം മാനിക്കാനും അവള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാനും എന്തുകൊണ്ട് സമൂഹം മടിക്കുന്നു? സ്വന്തം പരിശ്രമംകൊണ്ട് സ്ത്രീ എത്ര വളര്‍ന്നാലും അവളെ ഒരു തന്റേടിയായി ചിത്രീകരിക്കാനും അവളിലുള്ള കുറവുകള്‍ കണ്ടുപിടിക്കാനും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്ന സ്ത്രീയെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കോ മറ്റ് കഴിവുകള്‍ക്കോ അര്‍ഹിക്കുന്ന വില കല്‍പിക്കപ്പെടുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പെണ്‍കുട്ടി തന്നെ എല്ലാം സഹിക്കണം എന്നതല്ലാതെ അവളുടെ ഭര്‍ത്താവിനെ ശാസിക്കാന്‍ ഒരാളുമുണ്ടാകുന്നില്ല. വിഷയം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കുടുംബാംഗങ്ങളും മുന്നോട്ടുവരുന്നില്ല. 
എന്തുകൊണ്ട് കുടുംബവും സമൂഹവും സ്ത്രീക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല? അതിന് എന്താണ് തടസ്സം? അതുകൊണ്ട് സമൂഹത്തിനും കുടുംബത്തിനും എന്ത് നഷ്ടം വരാന്‍? അവള്‍ സുരക്ഷിതയായി സ്വന്തം വീട്ടില്‍ വളര്‍ന്നവളാണ്. മറ്റൊരു വീട്ടിലേക്ക് ഒരുപാട് സ്വപ്‌നങ്ങളുമായാണ് ചെന്ന് കയറുന്നത്. തന്റെ കൂട്ടിന് സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ഒരു ഇണ, സ്‌നേഹിക്കാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും കുടുംബവും... ഇതൊക്കെയാണ് അവള്‍ കാണുന്ന സ്വപ്‌നങ്ങള്‍. അവയെല്ലാം തകിടം മറിയുന്നു എന്നറിയുമ്പോള്‍ ജീവിതത്തെ വെറുക്കുകയോ എല്ലാം നിശബ്ദമായി സഹിക്കുകയോ അല്ല സ്ത്രീകള്‍ ചെയ്യേണ്ടത്.  ശക്തമാായി പ്രതികരിക്കണം. അതിനുള്ള ആര്‍ജവം പെണ്‍കുട്ടികള്‍ക്ക് കുടുംബത്തിനകത്തുനിന്ന് പകര്‍ന്നു കൊടുക്കണം. വിവാഹം കുരുക്കാവുകയാണെങ്കില്‍ പരിഹാരമാര്‍ഗങ്ങള്‍ക്ക് സാധ്യമായ ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. അതിന് വീട്ടുകാരും തടസ്സം നില്‍ക്കരുത്. 
ഓരോ പെണ്‍കുട്ടിയും അവരവര്‍ക്കു വേണ്ടി ജീവിക്കുക, അവരവരുടെ ജീവിതം അനുഭവിക്കുക. കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും പെരുമാറ്റം അത്രയും അസഹ്യമാണെന്ന് ആദ്യമേ മനസ്സിലാക്കിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങളും പ്രാരാബ്ദങ്ങളും ആകുന്നതിനു മുമ്പുതന്നെ ആ വിവാഹം ഉപേക്ഷിച്ചു പോരുന്നതാണ് ബുദ്ധി. ഇവിടെയൊക്കെയാണ് വിവാഹമോചനം അനിവാര്യമാകുന്നത്. ഇസ്‌ലാം നിര്‍ദേശിച്ച സാധ്യമായ രഞ്ജിപ്പിന്റെ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നിടത്ത് നമുക്ക് പാളിച്ച പറ്റുന്നുണ്ട്. അത് ഇരു കുടുംബാംഗങ്ങളും ചേര്‍ന്നാണ് സാധ്യമാക്കേണ്ടത്. എല്ലാം അറിഞ്ഞ് ഇടപെടുന്ന ഒരവസ്ഥ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാവുകയാണെങ്കില്‍ പീഡനങ്ങള്‍ നടക്കാനുള്ള സാധ്യത കുറയുന്നു.
ഉദ്ബുദ്ധമെന്ന് പറയുന്ന കേരളമടക്കം ഇന്ത്യയില്‍ മാത്രമേ ഇത്രയധികം സ്ത്രീപീഡനങ്ങള്‍ നടക്കുന്നുള്ളൂ. അറബ് നാടുകളിലും മറ്റും സ്ത്രീകള്‍ക്ക് വലിയ നിലയും വിലയും ആണുള്ളത്. ശക്തമായ ബോധവല്‍ക്കരണം എല്ലാതലത്തിലും ഉണ്ടാകുമ്പോഴേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്  പരിഹാരമുണ്ടാകൂ. അല്ലാത്ത കാലത്തോളം സ്ത്രീസുരക്ഷക്കുള്ള എല്ലാ നിയമങ്ങളും ഏട്ടിലെ പശുവായി അവശേഷിക്കും. നിയമത്തിന്റെ പിന്‍ബലം കുറവായതുകൊണ്ട് മാത്രമല്ല, സ്ത്രീക്ക് നേരെയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത്. നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ 
പാളിച്ചകള്‍ കൊുകൂടിയാണ്. കായിക ബലം പുരുഷനാണ് കൂടുതല്‍ എന്ന ഒറ്റക്കാരണത്താല്‍ സ്ത്രീയെ അബലയായി കാണുകയും മുതലെടുക്കുകയും ചെയ്യുന്നത് ഒട്ടും ന്യായമല്ല. 
ഇണക്കുരുവികളെ വേട്ടയാടാന്‍ പോകുന്ന വേട്ടക്കാരനെ കണ്ടപ്പോള്‍ കവി പാടിയ 'മാനിഷാദ' ഈ അര്‍ഥത്തിലാണ് പ്രസക്തമാകുന്നത്. ഇണയുടെ സൈ്വര ജീവിതത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെയും അത്തരം ചിന്തകള്‍ക്കെതിരെയും മാനിഷാദ പാടാന്‍ സമൂഹം തയാറാവണം. സാമൂഹികപ്രവര്‍ത്തകരും സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും സ്ത്രീ അര്‍ഹിക്കുന്ന ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനുവേണ്ടി ബോധപൂര്‍വം എന്ന് ശ്രമം നടത്തുന്നുവോ അന്നു മാത്രമേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുടുംബത്തിനകത്തും പുറത്തും ഇല്ലാതാവൂ. അല്ലാത്ത കാലത്തോളം സ്ത്രീജന്മം ശാപമായി തന്നെ അവശേഷിക്കും, തീര്‍ച്ച.
സ്ത്രീ സംഘടനകള്‍ പ്രതികരണത്തില്‍ മാത്രം ഒതുക്കാതെ സമൂഹത്തിന്റെ അടിത്തട്ടില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടതുണ്ട്. പ്രത്യേകിച്ചും കുടുംബങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളെ തടയിടാന്‍ മുന്നിട്ടിറങ്ങണം. വീട്ടിലേക്ക് കയറിവരുന്ന മരുമകളെ സ്വന്തം മകളായി കാണാനുള്ള മാനസികാവസ്ഥ വീടകങ്ങളില്‍ സൃഷ്ടിച്ചെടുക്കാനാവണം.
നമ്മുടെ നാട്ടില്‍ വിവാഹനിശ്ചയ വേളയില്‍ സ്ത്രീധനത്തുക പേശിപ്പറയുന്ന സമ്പ്രദായം കുറഞ്ഞുപോയതിന്റെ പ്രധാന കാരണം  സ്ത്രീസംഘടനകള്‍ വ്യാപകമായി ബോധവല്‍ക്കരണ ശ്രമങ്ങള്‍ നടത്തിയതുകൊണ്ടുതന്നെയാണ്. അത് നടക്കട്ടെ. എന്നാല്‍ ഉപരിതലത്തില്‍ ശ്രദ്ധേയമായ പരിപാടികള്‍ പുരുഷന്മാരുടെ ഭാഗത്തുനിന്നും ഉണ്ടായാലേ ഇതിനൊക്കെ ഫലം കാണൂ.
സ്ത്രീജന്മം അനുഗ്രഹമാണ്. അവളുടെ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാണ് തലമുറകള്‍ ജന്മമെടുക്കുന്നതും വളര്‍ന്നുവരുന്നതും. അവള്‍ വേദന സഹിച്ചാണ് പ്രസവിക്കുന്നത്. അവള്‍ പുരുഷന്മാരുടെ ഇണകളാണ്, സഹോദരിമാരാണ്. അവള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണം. ഭൂമിയില്‍ അവളുടെ രക്തം ചിന്തപ്പെടരുത്. കണ്ണുനീരൊഴുക്കപ്പെടരുത്. അവള്‍ ഭൂമിയില്‍ സ്വസ്ഥമായി ജീവിക്കട്ടെ എന്നായിരിക്കണം നമ്മുടെ കുടുംബത്തിനകത്ത് രൂപപ്പെട്ടുവരുന്ന ചിന്ത. ഓര്‍ക്കുക, മര്‍ദിതന്റെ പ്രാര്‍ഥനകളും ദൈവത്തിനുമിടയില്‍ മറയില്ല.
''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'' (4:1).
മനുഷ്യരെന്ന നിലയില്‍ ആണും പെണ്ണും തുല്യരാണ് എന്ന് ഈ ദിവ്യസൂക്തം പഠിപ്പിക്കുന്നു. സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവന്‍ ആണായാലും പെണ്ണായാലും പ്രതിഫലത്തില്‍ തുല്യരാണെന്നും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ദൈവസൃഷ്ടികള്‍ എന്ന നിലക്ക് ആണിനെയും പെണ്ണിനെയും തുല്യരായി കാണാന്‍ സമൂഹം തയാറാവണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top