കുട്ടികളും പഠന വൈകല്യങ്ങളും

ഡോ. ജൗഹറ ശറഫ് No image

കുട്ടികളില്‍ പല തരത്തിലുള്ള പഠനപ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ബുദ്ധിശക്തിയില്‍ ഉള്ള പ്രശ്നങ്ങള്‍ കൊണ്ടോ മറ്റേതെങ്കിലും വൈകല്യങ്ങള്‍ കൊണ്ടോ സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ടോ ആവാം ഇത്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് പഠനവൈകല്യം അഥവാ ലേണിംഗ് ഡിസെബിലിറ്റി. പഠനവൈകല്യം കണ്ടുവരുന്ന കുട്ടികളുടെ ബുദ്ധിശക്തി ശരാശരിയോ അതില്‍ കൂടുതലോ ചിലപ്പോള്‍ വളരെ ഉയര്‍ന്നോ ആയിരിക്കും. മാത്രമല്ല, പഠനകാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ കുട്ടികള്‍ മറ്റു മേഖലകളില്‍ (ഉദാഹരണം കലകള്‍, ചിത്രരചന തുടങ്ങിയവ) വളരെയേറെ കഴിവുള്ളവരായിരിക്കും.

പഠനവൈകല്യം
കുട്ടികള്‍ക്ക് അവരുടെ പാഠഭാഗങ്ങള്‍ ശരിയായ രീതിയില്‍ വായിക്കാന്‍ സാധിക്കാതെ വരിക, വായിച്ച പാഠഭാഗങ്ങള്‍ ശരിയായ രീതിയില്‍ അപഗ്രഥിച്ച് ആശയം മനസ്സിലാക്കാന്‍ കഴിയാതിരിക്കുക, എഴുതുമ്പോള്‍ അക്ഷരങ്ങള്‍ തിരിഞ്ഞു പോവുക, ശരിയായ രീതിയിലും വേഗത്തിലും എഴുതാന്‍ സാധിക്കാതിരിക്കുക, വളരെ അവ്യക്തമായി എഴുതുക, ഗണിതത്തിലെ കൂട്ടല്‍-കുറക്കല്‍-ഗുണിക്കല്‍-ഹരിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, ഇവയുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് എല്ലാംകൂടെ പൊതുവായി പറയുന്ന പേരാണ് പഠനവൈകല്യം. വാക്കാലുള്ളതോ അല്ലാത്തതോ ആയ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്‌കരിക്കാനും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അയക്കാനുള്ള തലച്ചോറിന്റെ ശേഷിയെ ബാധിക്കുന്ന നാഡീസംബന്ധമായ അവസ്ഥയാണിത്.
പ്രധാനമായും വായന, എഴുത്ത്, ഗണിതം തുടങ്ങിയവയിലാണ് പഠനപ്രശ്നങ്ങള്‍ കണ്ടുവരുന്നത്. വായനയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ വരുന്നത് എങ്കില്‍ അതിനെ ഡിസ്ലെക്സിയ (Dyslexia) എന്നും എഴുത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണെങ്കില്‍ അതിനെ ഡിസ്ഗ്രാഫിയ (Dysgraphia) എന്നും ഗണിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണെങ്കില്‍ അതിനെ ഡിസ്‌കാല്‍ക്കുലിയ (Dyscalculia)  എന്നും പറയുന്നു. ഇതുകൂടാതെ പേശീചാലക നാഡിയുടെ ഏകോപനത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ഉണ്ടാകുന്ന പഠന പ്രശ്നമാണ് ഡിസ്പ്രാക്സിയ (Dyspraxia). Spelling-മായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ നേരിടുന്ന പഠനപ്രശ്നമാണ് ഡിസ്ഓര്‍ത്തോഗ്രാഫിയ (Dysorthographia).. ഇതു കൂടാതെ മറ്റു പഠനപ്രശ്നങ്ങളും കുട്ടികളില്‍ കണ്ടുവരാറുണ്ട്.
 
ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍ ചെറിയ പ്രായത്തില്‍ തന്നെ കണ്ടുവരാരുണ്ടെങ്കിലും പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല, തിരിച്ചറിഞ്ഞാലും പഠനവൈകല്യത്തിന്റെ മുന്നോടിയായുള്ള ലക്ഷണങ്ങളായി പരിഗണിക്കാറില്ല. ഇങ്ങനെ കണ്ടുവരുന്ന ലക്ഷണങ്ങള്‍ കുട്ടികളില്‍ 7-8 വയസ്സിനു ശേഷവും പ്രകടമായി കാണപ്പെടുമ്പോള്‍ അത് തീവ്രമായ പഠനപ്രശ്നങ്ങളായി മാറുന്നു.

പ്രീ-സ്‌കൂള്‍ പ്രായം (3-5 വയസ്സു വരെ)
- വാക്കുകള്‍ തെറ്റായി ഉച്ചരിക്കുക.
- ഒരേ ഉച്ചാരണത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുക.
- ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങളുടെ പേരും അവയുടെ ശബ്ദങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുക.
- അക്കങ്ങള്‍, നിറങ്ങള്‍, ആകൃതികള്‍, വലിപ്പവ്യത്യാസം ഇവ തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ട്.
- ക്രയോണ്‍, പെന്‍സില്‍ ഇവ കൃത്യമായി ഉപയോഗിക്കാന്‍ പറ്റാതിരിക്കുക.
- ബട്ടണ്‍ ഇടാനും അഴിക്കാനും ഷൂ ലേസ് കെട്ടാനുമൊക്കെ ബുദ്ധിമുട്ടുണ്ടാവുക.
മേല്‍പ്പറഞ്ഞവയൊക്കെ പ്രീ-സ്‌കൂള്‍ കുട്ടികളില്‍ കണ്ടേക്കാവുന്ന പഠനവൈകല്യത്തിന്റെ ചില ലക്ഷണങ്ങളാണ്.

5-9 വയസ്സ് വരെ
അക്ഷരങ്ങള്‍ കൂട്ടിയിണക്കി വാക്കുകള്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക.
വായിക്കുമ്പോള്‍ വാക്കുകള്‍ തിരിഞ്ഞുപോവുക. മിക്കപ്പോഴും അക്ഷരത്തെറ്റ് വരുത്തുക.
ഗണിതത്തിലെ അടിസ്ഥാനപരമായ ആശയങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയാതിരിക്കുക.
സമയം, രൂപം, ആപേക്ഷിക വലിപ്പം എന്നിങ്ങനെയുള്ള ആശയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതിരിക്കുക.
പഠനകാര്യങ്ങളില്‍ ഏകാഗ്രതയില്ലായ്മ, ദുര്‍ബലമായ ഓര്‍മശക്തി.
സ്‌കൂള്‍ തലത്തിലുള്ള കുട്ടികളില്‍ കണ്ടുവരുന്ന പഠനവൈകല്യത്തിന്റെ ചില പ്രധാന ലക്ഷണങ്ങളാണിത്.
മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടാണ് കുട്ടികള്‍ സമ്പൂര്‍ണ പഠനവൈകല്യത്തില്‍ എത്തിച്ചേരുന്നത്:
 1. Difficulty in Learning and Related Activities
പഠനത്തിലും അനുബന്ധ കാര്യങ്ങളിലും പ്രയാസം അനുഭവപ്പെടുന്ന ഈ ഘട്ടത്തില്‍ പഠനവൈകല്യം പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. ഈ ഘട്ടത്തില്‍ തിരിച്ചറിയുകയും കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കാന്‍ സാധിക്കുകയും ചെയ്താല്‍ കുട്ടിയില്‍ ഫലപ്രദമായ മാറ്റങ്ങള്‍ എളുപ്പത്തില്‍ സാധ്യമായിത്തീരും.
2. Physical, Psychological, Behavioural, Emotional Disorders
ഈ ഘട്ടത്തിലാണ് പലപ്പോഴും അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പഠനവൈകല്യങ്ങള്‍ തിരിച്ചറിയുന്നത്. കുട്ടികള്‍ പഠനകാര്യങ്ങളിലും സ്‌കൂളില്‍ പോകാനും മടി കാണിക്കുക, അസുഖ ലക്ഷണങ്ങള്‍ (വയറുവേദന, തലവേദന) തുടങ്ങിയവ പോലുള്ളവ പ്രകടിപ്പിച്ചുകൊണ്ട് പഠനത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക, അനാവശ്യമായ ദേഷ്യം, വാശി, കരച്ചില്‍, വഴക്കിടല്‍, ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോക്ക് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക, അധ്യാപകര്‍ പറയുന്ന നിര്‍ദേശങ്ങള്‍ ഒട്ടും അനുസരിക്കാതിരിക്കുക തുടങ്ങിയവയും കണ്ടുവരാറുണ്ട്. ഈ ഘട്ടത്തില്‍ പഠനവൈകല്യം തിരിച്ചറിഞ്ഞ് വേണ്ട പരിഹാരങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ അപകടകരമായ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും.

പരിഹാര മാര്‍ഗങ്ങള്‍
പഠനാരംഭകാലം മുതല്‍ക്കേ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതും പഠനം വലിയൊരു ഭാരമായി അനുഭവപ്പെടുന്നതും ആയ പഠനവൈകല്യങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് വേണ്ട പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതിനെ മറികടക്കാനുള്ള പ്രധാന മാര്‍ഗം.
കുട്ടിക്ക് പഠനവൈകല്യം ആണെന്ന് ഉറപ്പിക്കുന്നതിനു മുമ്പ് കാഴ്ചക്കോ കേള്‍വിക്കോ ബുദ്ധിക്കോ പ്രശ്നമല്ലെന്ന് തിരിച്ചറിയണം.
പഠനവൈകല്യം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരവസ്ഥയല്ല. മാത്രമല്ല, ഇത് ജീവിതകാലം മുഴുവന്‍ കാണുകയും ചെയ്യും. ഓരോ കുട്ടിയും മറ്റു കുട്ടികളില്‍നിന്നും വ്യത്യസ്തനാണെന്നു തിരിച്ചറിഞ്ഞ് ആവശ്യമായ പരിഗണന നല്‍കുകയാണ് വേണ്ടത്. ഓരോ പഠനപ്രശ്നത്തിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകളും നല്‍കാവുന്നതാണ്.
രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ചും രോഗിയുടെ മാനസികവും ശാരീരികവുമായുള്ള പ്രത്യേകതകളും മറ്റും വിലയിരുത്തിയും ഹോമിയോ മരുന്നുകളുടെ ഉപയോഗത്തിലൂടെ പഠനവൈകല്യമുള്ള കുട്ടികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. 
കുട്ടിക്ക് അനുയോജ്യമായ പരിശീലന സാഹചര്യങ്ങളും പരിഹാരമാര്‍ഗങ്ങളും നല്‍കുകയാണെങ്കില്‍ അവരെ വിജയകരമായ ജീവിതം നയിക്കാനും നല്ല തൊഴില്‍ സാഹചര്യങ്ങളില്‍ എത്തിക്കാനും സാധിക്കുന്നതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top