ഒമാനിലെ പെരുന്നാളൊരുക്കങ്ങള്‍

അസ്ഹാര്‍ അഹ്മദ് No image

(ഒമാനിലെ പെ രുന്നാള്‍ ആഘോഷത്തിന്റെ ബാല്യകാല സ്മരണകള്‍ ഒമാനി നോവലിസ്റ്റും വിവര്‍ത്തകയുമായ അസ്ഹാര്‍ അഹ്മദ്  വായനക്കാരുമായി പങ്കു വെക്കുന്നു).

ഒമാനിലെ പെരുന്നാളൊരുക്കങ്ങള്‍ 'ഹബ്ത്വ'യുടെ രണ്ട് ദിവസം മുമ്പ് ആരംഭിക്കും. പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന ചന്തക്കാണ് ഒമാനില്‍ ഹബ്ത്വ എന്ന് പറയുന്നത്. ഹല്‍ഖ, ജലബ് എന്നിങ്ങനെയും അതിന് പ്രാദേശിക ഭേദങ്ങളുണ്ട്. ഹബത്വ എന്ന അറബി വാക്കിന് ഇറങ്ങുക എന്നാണ് അര്‍ഥം. ഒരു നിശ്ചിത സ്ഥലം ലാക്കാക്കി പല ഭാഗത്തുനിന്നും ആളുകള്‍ ഇറങ്ങിവരുന്നതിനാലാണ് അതിന് ഹബ്ത്വ എന്ന പേര് ലഭിച്ചത്.
സാധാരണയായി പെരുന്നാളിന് മൂന്ന് ദിവസം മുമ്പാണ് ഹബ്ത്വ തുടങ്ങുക. എന്നാല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത സമയങ്ങളിലായും നടക്കാറുണ്ട്. ചിലയിടങ്ങളില്‍ പത്ത് ദിവസം മുമ്പ്, അഥവാ റമദാന്റെ അവസാന പത്തിന്റെ ആരംഭത്തിലും നടക്കാറുണ്ട്.
വൃത്തം എന്നാണ് ഹല്‍ഖയുടെ അര്‍ഥം. വില്‍പനക്കാരുടെ ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതാണ് ആ നാമകരണത്തിന്റെ പശ്ചാത്തലം.
ജല്‍ബ് എന്നാല്‍ കൊണ്ടു വരിക എന്നര്‍ഥം. ചരക്കുകള്‍ കൊണ്ടുവരുന്നതിനാലാണ് അങ്ങനെയൊരു പ്രയോഗം വന്നത്. ഒമാനിലെ വടക്കു കിഴക്കന്‍ ഗവര്‍ണറേറ്റിലും തെക്കു കിഴക്കന്‍ ഗവര്‍ണറേറ്റിലുമാണ് ഈ പേര് വ്യാപകമായിട്ടുള്ളത്. സല്‍ത്വനത്തിന്റെ മിക്ക ഭാഗങ്ങളിലും റമദാന്‍ 24-ന് ഹബ്ത്വ തുടങ്ങും. 29-ന് അവസാനിക്കുകയും ചെയ്യും. ബലിപെരുന്നാളിനാണെങ്കില്‍ ദുല്‍ഹജ്ജ് ഒമ്പതിന് തുടങ്ങും. ഈദുല്‍ ഫിത്വ്‌റിലെ ഹബ്ത്വ ഓരോ ഗവര്‍ണറേറ്റിലും ഓരോ വ്യത്യസ്ത ദിവസങ്ങളിലായാണ് നടക്കുക. സൂര്യോദയം തൊട്ട് പകല്‍ പതിനൊന്നു മണി വരെയാണ് ഈ ചന്തയുടെ സമയം. ചിലപ്പോള്‍ ളുഹ്ര്‍ വരെ നീളും.
ഒമാനികളുടെ പൈതൃക ബോധത്തിന്റെ അടയാളമാണ് ഹബ്ത്വ. പലതരം ചരക്കുകളുടെ കൈമാറ്റം മാത്രമല്ല, പരമ്പരാഗതമായ കലാപ്രകടനങ്ങള്‍ക്കും ഹബ്ത്വകള്‍ വേദിയാകാറുണ്ട്. കുതിരച്ചാട്ടം, ഒട്ടകച്ചാട്ടം പോലുള്ള മത്സര പ്രദര്‍ശനങ്ങള്‍ക്കും ഇടമു്.
ഈദാഘോഷവുമായി ബന്ധപ്പെട്ട ചരക്കുകളാണ് ഹബ്ത്വകളില്‍ വില്‍പനക്കുണ്ടാവുക. ഈദിന് അറുക്കാനുള്ള ആടുമാടുകളുടെ ലേലംവിളി ഇതിലൊരു ഇനമാണ്. ഈദിന്റെ ഒരു പ്രധാന വിഭവമാണ് അരീസ (അലീസ). അതിനാവശ്യമായ നാടന്‍ പശുവിന്‍നെയ്യ് ഹബ്ത്വയില്‍നിന്നാണ് ഒമാനികള്‍ ശേഖരിക്കാറുള്ളത്. അതുപോലെ മാംസം ചുട്ടെടുക്കാനാവശ്യമായ ഉണക്ക വാഴയിലകളും വിറകു കെട്ടുകളും ഈ ചന്തയില്‍ ലഭിക്കും. ഒമാനികള്‍ പരമ്പരാഗതമായി അരയില്‍ തൂക്കിയിടാറുള്ള അലങ്കാരപ്പണികളോടു കൂടിയ കഠാര(ഖിന്‍ജര്‍)കള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, പുതുവസ്ത്രങ്ങള്‍, വാക്കിംഗ് സ്റ്റിക്കുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി പലതും ഹബ്ത്വയില്‍ വില്‍പനക്ക് വെച്ചിട്ടുണ്ടാകും.
ഹബ്ത്വ തുടങ്ങുന്നതിന് മുമ്പേ തുടങ്ങും, വീട്ടില്‍ ഈദിന്റെ മുന്നൊരുക്കങ്ങള്‍. കുട്ടിക്കാലത്തെ പെരുന്നാള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ഉമ്മ ഞങ്ങളുടെ കൈക്കും കാലിനുമൊക്കെ ഉറങ്ങുംമുമ്പേ മൈലാഞ്ചിയിടും. മൈലാഞ്ചിയിടുമ്പോള്‍ കാലില്‍ ഇക്കിളിയാകും. എനിക്ക് ഈ ഏര്‍പ്പാടിനോട് ഇപ്പോഴും വലിയ ഇഷ്ടമൊന്നുമില്ല. ദേഹത്തൊരിടത്തും വരഞ്ഞുകൂട്ടുകയോ തേച്ചുപിടിപ്പിക്കുകയോ ചെയ്യുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല. ഉള്ളംകാലില്‍ മൈലാഞ്ചിയിടുന്നതാണ് ഏറ്റവും അസഹ്യം. അപ്പോള്‍ വല്ലാതെ ഇക്കിളിയാകും. ഞാന്‍ കരഞ്ഞും ചിരിച്ചും കാല് കുടയും. അപ്പോള്‍ ഉമ്മാക്ക് ദേഷ്യം വരും. അവര്‍ എന്നെ തടഞ്ഞുവെക്കും. എനിക്കു വേണ്ടി കുനിഞ്ഞിരുന്ന് അവരുടെ പുറം വേദനിക്കുന്നുണ്ടാവും. ഞാന്‍ ഊരിച്ചാടി പോകുമെന്ന് ഉറപ്പുള്ളതിനാല്‍ മറ്റുള്ളവരുടേതൊക്കെ കഴിഞ്ഞ് ഒടുവിലാകും എന്റെ ഊഴം.
ഉമ്മ ഉറങ്ങി എന്നു കണ്ടാല്‍ ഞാന്‍ അവരെ പറ്റിക്കാന്‍ കുളിമുറിയിലേക്ക് നിരങ്ങി നീങ്ങും. നില്‍ക്കാനും നടക്കാനുമൊക്കെ ഞാന്‍ ഏറെ പ്രയാസപ്പെടും. കാരണം മൈലാഞ്ചി ഇളകിപ്പോകാതിരിക്കാന്‍ പാദങ്ങള്‍ രണ്ടും പ്ലാസ്റ്റിക് സഞ്ചിയില്‍ ബന്ധിതമാണ്. സിമന്റ് തറയിലൂടെ നിരങ്ങിയിട്ടാണ് കുളിമുറിയിലേക്കുള്ള സഞ്ചാരം. മൈലാഞ്ചി ഇട്ടത് മുതല്‍ക്കേ അതില്‍നിന്ന് ഊരിപ്പോരുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത. അതങ്ങ് നീങ്ങിക്കിട്ടിയാല്‍ പിന്നെ അടയാളമൊന്നും ബാക്കിയാകില്ല എന്ന് ഞാന്‍ സമാധാനിച്ചു.
ഉമ്മക്കാണെങ്കില്‍ എന്റെ കൈകാലുകള്‍ കടുകട്ടിയില്‍ ചുവന്നുകാണണം. എന്റെ പീഡന രാവിന് അറുതിയില്ലെന്നര്‍ഥം! ഹബ്ത്വ രാത്രിക്ക് മുമ്പ് പിന്നെയും ഉമ്മ മൈലാഞ്ചിയുമായി വരും. നോക്കണേ, എന്റെ ഒരു തൊന്തരവ്. ഞാന്‍ ഒച്ചവെക്കും. മൈലാഞ്ചിയെയും മൈലാഞ്ചിച്ചെടിയെയുമൊക്കെ ശപിച്ചുകൊണ്ടിരിക്കും. എന്റെ വിസമ്മതമുണ്ടോ, ഉമ്മ കൂട്ടാക്കുന്നു! അവര്‍ കാലില്‍ മൈലാഞ്ചി തേക്കുമ്പോള്‍ ഞാന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമെങ്കിലും വിജയിക്കില്ല. അപ്പോള്‍ എനിക്ക് ചിരിവരും. എന്നെ പ്രകോപിപ്പിക്കാനായി അവരും ചിരിക്കും. ഞാന്‍ ചിരിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്. അവര്‍ ചിരിക്കുന്നതാകട്ടെ മുത്തുപോലെ തിളങ്ങുന്ന എന്റെ കൊച്ചരിപ്പല്ലു കാണുമ്പോഴുള്ള കൗതുകം കൊണ്ടും. അങ്ങനെയാണ് അവര്‍ പറയാറ്.
ഹബ്ത്വയുടെ തലേന്ന് രാത്രി ഉമ്മ എന്റെ തലമുടി നന്നായി കഴുകിത്തരും. ഉണക്കിപ്പൊടിച്ച കൊളുന്ത് സുഗന്ധച്ചപ്പ് വെള്ളത്തില്‍ കലര്‍ത്തി അവര്‍ തലയില്‍ തേച്ചു പിടിപ്പിക്കും. ഈദ് കേശാലങ്കാരത്തിന്റെ ഭാഗമായി മുടി പലതായി മെടഞ്ഞ് മുകള്‍ഭാഗത്ത് ചതുരാകൃതിയില്‍ ചുറ്റി അവിടെ സ്വര്‍ണപ്പതക്കം വെക്കും. അതില്‍ ഖുര്‍ആനിലെ 'ആയത്തുല്‍ കുര്‍സി' മുദ്രണം ചെയ്തിട്ടുണ്ടാകും. അതിന്റെ വെള്ളി ഞാത്തുകള്‍ താഴോട്ടു തൂങ്ങിക്കിടക്കും. ഞാത്തിന്റെ ഒരറ്റം നെറ്റിയിലേക്ക് താഴ്ന്നിരിക്കും.
എന്റെ ഇളയ സഹോദരിക്ക് നിബിഢമായ മുടിയുണ്ട്. അതിനാല്‍ ധാരാളം മെടച്ചലുകള്‍ നടത്താനാകും. അവയൊക്കെ അവസാനം ഒരു വൃത്തമാക്കി കറുത്ത ചരടു കൊണ്ട് കെട്ടിവെക്കും. വെള്ളി ഞാത്തുകള്‍ പുറകില്‍ തൂങ്ങിനില്‍ക്കും. നടക്കുമ്പോള്‍ അവ സംഗീതം പൊഴിക്കും.
ഈ കേശാലങ്കാരം പെരുന്നാള്‍ ദിനങ്ങള്‍ ഉടനീളം, അതായത് അഞ്ചു ദിവസത്തോളം അപ്പടി നില്‍ക്കും. പിന്നെയാണ് മഹാപീഡനത്തിന്റെ വരവ്. മെടഞ്ഞിട്ട മുടിയൊക്കെ അഴിച്ചെടുക്കാന്‍ പൈപ്പ് വെള്ളം മതിയാകില്ല. വാപ്പയുടെ തോട്ടത്തിലെ ഫലജുകള്‍ (വലിയ നീര്‍ച്ചാലുകള്‍) തന്നെ വേണ്ടിവരും. ആ പ്രക്രിയ രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കും. ഞങ്ങള്‍ കരച്ചിലും പിഴിച്ചിലുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കും. ഉമ്മ ഞങ്ങളെ കാലുകള്‍ക്കിടയില്‍ പിടിച്ചുവെച്ച് മുടി കഴുകാന്‍ തുടങ്ങും. ശരിക്കും കഴുകി വൃത്തിയാക്കാന്‍ ഷാംപൂവൊന്നും മതിയാകില്ല എന്നാണ് അവരുടെ വിശ്വാസം. പഴയ മട്ടില്‍ തേച്ചുകുളിപ്പിച്ചാലേ അവര്‍ക്ക് തൃപ്തിയാകൂ. അതൊരു കാലം.

(വിവര്‍ത്തനം: ഷഹ്‌നാസ് ബീഗം)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top