സിദ്ദീഖ് ഹസന്‍: ആ മനുഷ്യന്‍ നീ  തന്നെ...

പി.എ.എം ഹനീഫ് No image

പെരുമ്പാവൂരില്‍ 'സ്വാതന്ത്ര്യ സമര സേനാനി'കള്‍ കൂട്ടുത്തരവാദിത്വത്തില്‍ ഇറക്കിയ സായാഹ്ന പത്രത്തില്‍ ഞാന്‍ എഡിറ്ററായി തൊഴിലെടുക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള കണ്ടന്തറയിലെ (പെരുമ്പാവൂര്‍) എം.കെ ഇബ്‌റാഹീം (അന്ന് കെ.പി.സി.സി അംഗം) ചില ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുമായി ഒരു ദിവസം എന്റെ കാബിനില്‍ വന്നു. അവര്‍ പരിചയപ്പെടുത്തി.
''ഹനീഫ സാഹിബിന്റെ സഹായം ഞങ്ങള്‍ക്കാവശ്യമുണ്ട്. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നിര്‍ദേശം അനുസരിച്ചാണ് ഞങ്ങള്‍ സാഹിബിനെ കാണുന്നത്. 'മാധ്യമം' പത്രം ഇറക്കാന്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്ക്കുന്ന ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ അമ്പത് കോപ്പി പത്രത്തിന് ഞങ്ങള്‍ ഓര്‍ഡര്‍ പിടിച്ചിട്ടുണ്ട്. 'സേനാനി' ജോലിക്കൊപ്പം 'മാധ്യമം' ലേഖകന്‍ എന്ന ജോലി കൂടി ഹനീഫ സാഹിബ് നിര്‍വഹിക്കണം.''
ഞാന്‍ അന്ന് കഠിന നക്‌സലൈറ്റ് ആശയക്കാരനാണ്. ഒറ്റപ്പൂരാടന്‍.... അറുത്തു മുറിച്ചു പറഞ്ഞു:
''സാധ്യമല്ല.. ഒന്നാമത്തെ കാരണം, ഇനിയൊരു പത്രം നടത്തിക്കിട്ടുക വിഷമം ആണ്....''
അവര്‍ക്ക് ഇടപെടാന്‍ അവസരം കൊടുക്കാതെ തീര്‍ത്തു പറഞ്ഞു.
''ജമാഅത്തെ ഇസ്‌ലാമി ഒരു ഇസ്‌ലാമിക സംഘടനയാണ്. എനിക്ക് മാനസികമായി അതില്‍ സഹകരിക്കാന്‍ വിഷമം ഉണ്ട്. എന്റെ മതം വേറെയാണ്...''
'സേനാനി' മാനേജിംഗ് പാര്‍ട്ണര്‍ കൂടിയായ എം.കെ ഇബ്‌റാഹീംക്ക ഗുണദോഷിച്ചു:
''ആലോചിക്ക്... അത് വളരാന്‍ സാധ്യത ഉള്ള പത്രമാണ്.... അവര്‍ ചില്ലറക്കാരല്ല...''
ഞാന്‍ ചെവിക്കൊണ്ടില്ല.
'മാധ്യമം' അച്ചടി തുടങ്ങി. പലേടത്തും ചുറ്റിത്തിരിഞ്ഞ് ഒരു പോസ്റ്റ് കവര്‍ റീഡയറക്ട് ആയി എനിക്കു വന്നു. പൊളിച്ചു.
കെ.എ കൊടുങ്ങല്ലൂരിന്റെ മനോഹര കൈപ്പടയില്‍...
ഞങ്ങള്‍ കൊടുങ്ങല്ലൂര്‍കാരായതിനാല്‍ ഏതോ പൂര്‍വ ജന്മബന്ധങ്ങളുടെ കെണിയിലും പെട്ടിരുന്നു.
കാസര്‍കോട് സാഹിത്യ പരിഷത്ത് കാലത്ത് കൊടുങ്ങല്ലൂര്‍ എന്റെ വീട്ടില്‍ വന്നതും ഉമ്മയുമായി തറവാട് ലൈനുകള്‍ സംസാരിച്ചതും കൊടുങ്ങല്ലൂരിനെ 'എടാ... എന്ന് ഉമ്മ വിളിക്കുന്നതും ഞാന്‍ അതിശയം കൂറി കണ്ടു.
''നിനക്ക് കെ.എ സിദ്ദീഖ് ഹസനെ അറിയുമോ? കോഴിക്കോട്ടുനിന്ന് 'മാധ്യമം' പത്രം ആരംഭിച്ചു. ആ മനുഷ്യനാണ് ഈ വേണ്ടാത്ത പണി തലയിലേറ്റിയിട്ടുള്ളത്. നമ്മുടെ ദേശത്ത് എറിയാട്ടാണ് അദ്ദേഹം. പത്രത്തിന് വീക്കെന്‍ഡ് എഡിഷനുണ്ട്. 'വാരാദ്യ മാധ്യമം' എന്നാണ് ഹെഡ്ഡിംഗ്. നീ സ്ഥിരമായി എന്തെങ്കിലും എഴുതി തരണം....''
ഞാന്‍ സമ്മതിച്ച് കത്തയച്ചു.
'വാരാദ്യ മാധ്യമ'ത്തില്‍ അച്ചടിച്ച എന്റെ ഐറ്റം 'തൊണ്ടി' എന്നൊരു ഫീച്ചര്‍ സമാന കഥ.
എഴുത്ത് തുടര്‍ച്ചയായി ഉണ്ടായി.
'സേനാനി' പൂട്ടി. ഞാന്‍ പ്രയാണങ്ങളിലായി. കോഴിക്കോട് തമ്പടിച്ചാല്‍ വെള്ളിമാടുകുന്നില്‍, കൊടുങ്ങല്ലൂരിന്റെ മാഴ്‌സ് കോട്ടേജില്‍ ഒക്കെ തങ്ങും. അന്ന് 'മാധ്യമ'ത്തില്‍നിന്നും പിശുക്കിപിശുക്കിയാണ് റമ്യൂണറേഷന്‍ ലഭിക്കുക. പത്രം മുഖ്യധാരയിലേക്ക് കാല്‍കുത്തുന്നതും ഞാന്‍ കണ്ടു. നല്ല സ്റ്റോറികള്‍... വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഒക്കെ എന്നെ ആകര്‍ഷിച്ചു.
പ്രയാണങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് കോവൂരില്‍ ഞാന്‍ തമ്പ് കണ്ടെത്തി. കെ.എസ് ശറഫുദ്ദീന്‍, അനീസ് എന്നീ വിദ്യാര്‍ഥികളെ കോവൂരില്‍ പരിചയമായി.
ഒരു റമദാന്‍. കോവൂരുള്ള അവരുടെ വീട്ടിലേക്ക് എന്നെ നോമ്പുതുറക്കാന്‍ ക്ഷണിച്ചു. ഞാന്‍ നോമ്പ് അനുഷ്ഠിക്കാത്ത, നമസ്‌കാരം നിലനിര്‍ത്താത്ത കാലം... എന്നെക്കണ്ടതും ഒരു മെലിഞ്ഞ മനുഷ്യന്‍ നേരെ വന്നു. കൈനീട്ടി. പൂര്‍വ ജന്മത്തിലെ നഷ്ടപ്പെട്ട കണ്ണികളിലൊന്ന് വലിച്ചടുപ്പിക്കും പോലെ... എനിക്ക് നിര്‍വൃതി ഉണ്ടായി. നനുനനുത്ത വിരല്‍പ്പാടുകള്‍.... കെ.എ സിദ്ദീഖ് ഹസന്‍ എന്ന മനുഷ്യന്‍ എന്റെ കാഴ്ചപ്പാടുകള്‍ തിരുത്തുന്നത് ഒരു നോമ്പുതുറയിലൂടെ....
''ഞാന്‍ ഷംസുദ്ദീന്‍ മൗലവിയുടെ പേരക്കുട്ടികളില്‍ ഒരാള്‍...''
ആ ബന്ധം വളര്‍ന്നു. അന്ന് ഞാന്‍ നാടകം കളിച്ചു നടക്കുന്ന കാലം. ഒരു ദിവസം മക്കളിലൊരാള്‍ എന്റെ കുടുസ്സു മുറിയില്‍ വന്നു. 250 ക. എനിക്കു നീട്ടി.
''വാപ്പച്ചി തന്നതാണ്....''
സത്യം! രണ്ടു ദിവസമായി ഞാന്‍ കീറിയ കീശയുമായി നടക്കുകയാണ്. മുക്കാല്‍ പവന്റെ ഒരു പവിത്ര മോതിരം സൂക്ഷിപ്പുണ്ട്. അത് കോവൂര്‍ സഹകരണ ബാങ്കില്‍ പണയം വെക്കാന്‍ ആലോചിക്കുമ്പോഴാണ് ഈ യാദൃശ്ചിക 250 ക.
ഒരുനാള്‍ 'മാധ്യമ'ത്തില്‍ എഴുതിയതെന്തോ നല്‍കാന്‍ പോകുമ്പോള്‍ ഡസ്‌കില്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. പരിചയപ്പെട്ടു.
''ഹനീഫാ സാഹിബെ, ശാന്തപുരത്ത് നമ്മുടെ സ്ഥാപനത്തിന്റെ ജൂബിലി... താങ്കള്‍ നാടകം, മറ്റു കലാപരിപാടികള്‍ ഒരുക്കണം....''
ഞാന്‍ പിന്നീടറിഞ്ഞു; 'ഇങ്ങനെ ഒരാളുണ്ട്; നമ്മള്‍ പ്രയോജനപ്പെടുത്തണം' എന്ന് ശൈഖ് അടക്കം പലരെയും സിദ്ദീഖ് ഹസന്‍ അറിയിച്ചതാണ്.
ഞാന്‍ തീരുമാനം എടുത്തു. ഹാജി സാഹിബ് എന്ന വി.പി മുഹമ്മദലിയെ കേന്ദ്ര കഥാപാത്രമാക്കി ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രം നാടകരൂപത്തിലാക്കുക.
ആദ്യയാത്ര, അന്വേഷണവുമായി പഴയങ്ങാടിക്ക് ആയിരുന്നു. കോവൂരിലെ വീട്ടില്‍ ഞാന്‍ ചെന്നു. അബ്ദുല്‍ അഹദ് തങ്ങള്‍ വരാന്തയിലുണ്ട്. എന്നെ പരിചയപ്പെടുത്തി.
നാടക രചനക്ക് മുന്നോടിയായ ആത്മസംഘര്‍ങ്ങള്‍ മൂലമാവാം കലശലായ പനി എന്നെ പിടികൂടി. മെഡിക്കല്‍ കോളേജിലെ ചികിത്സ. സിദ്ദീഖ് ഹസന്റെ വീട്ടില്‍നിന്ന് ഭാര്യ സുബൈദ കൊടുത്തയക്കുന്ന കഞ്ഞി... അച്ചാര്‍.... ചുട്ട പപ്പടം....
ഞാന്‍ ആരോഗ്യം വീണ്ടെടുത്തു.
ശാന്തപുരത്ത് എ.കെ അബ്ദുല്‍ഖാദിര്‍ മൗലവിയെ ഇന്റര്‍വ്യൂ ചെയ്യണം. യാത്രക്ക് മുമ്പ് സിദ്ദീഖ് ഹസന്‍ ചില വിവരങ്ങള്‍ തന്നു.
സിദ്ദീഖ് ഹസനില്‍ ആഴങ്ങളേറെയുള്ള ജേര്‍ണലിസ്റ്റുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയ ദിനങ്ങള്‍.
ഒരു ചരിത്രഗ്രന്ഥം എഴുതാന്‍ പാകത്തില്‍ ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രം, ജനകീയ അടിത്തറ എല്ലാം പഠിച്ചു. നാലു രാവും പകലും ആ നാടകം തീര്‍ക്കാന്‍ ഞാന്‍ ഉറക്കമിളച്ചു. എന്റെ കീശ കീറി എന്നത് സിദ്ദീഖ് ഹസന്‍ മണത്തറിയും.
നിരവധി 250 ക. കവറുകള്‍ കോവൂരിലെ എന്റെ മുറിയില്‍ വന്നു, വീണു. ശാന്തപുരത്തേക്ക് ഞാന്‍ പറിച്ചുനടപ്പെട്ടു.
അവിസ്മരണീയങ്ങളായ ഒട്ടേറെ അനുഭവങ്ങള്‍ 'ഹാജിസാഹിബ്' നാടകം നല്‍കി. നാടകത്തിനു പേരു വിളിച്ചതും സിദ്ദീഖ് ഹസന്‍...
നാടകം കഴിഞ്ഞ് വന്ന ഒരിടവേളയില്‍ 'സിറാജ്' ദിനപത്രത്തിലേക്ക് ഒരു ക്ഷണം വന്നു. പോകാന്‍ ഒരുങ്ങും മുമ്പ്, ഐ.പി.എച്ച് 'ഇസ്‌ലാമിക വിജ്ഞാനകോശം' എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് സ്റ്റാഫായി വിളിച്ചു. വൈകീട്ട്, ഡ്യൂട്ടി കഴിഞ്ഞ് കോവൂരെത്തുമ്പോള്‍ വീട്ടില്‍ ഞാന്‍ ചെല്ലും. ജോലിയുടെ സ്വഭാവം, അവിടത്തെ ബന്ധങ്ങള്‍ ഒക്കെ സംസാരിക്കും.
അറബി, ഉര്‍ദു പരിജ്ഞാനമില്ലായ്ക 'വിജ്ഞാനകോശ'ത്തില്‍ സ്ഥിരജോലി അസാധ്യമാക്കി. എനിക്ക് ശ്വാസം മുട്ടല്‍...
ഒരുനാള്‍ സ്റ്റേഡിയം വ്യൂ ജമാഅത്ത് ഓഫീസിലേക്ക് ഞാന്‍ വിളിക്കപ്പെട്ടു. ജമാഅത്ത് സെക്രട്ടറി എന്റെ പത്രപ്രവര്‍ത്തന പരിചയം ചോദിച്ചറിഞ്ഞു. പുറത്തിറങ്ങുമ്പോള്‍ 'അമീറിനെ കാണണം' എന്ന് സെക്രട്ടറി ആവശ്യപ്പെട്ടു.
അമീര്‍ കെ.എ സിദ്ദീഖ് ഹസന്‍....
''ഇനി, ആരാമം മാസികയുടെ ചുമതല നിര്‍വഹിക്കുക. സലാം വാണിയമ്പലം നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.''
ഐ.പി.എച്ചില്‍നിന്ന് 'ആരാമം' മാസികയിലേക്ക്. മുമ്പ് നടത്തിയവരെ ഞാന്‍ സന്ദര്‍ശിച്ചു. 
ഏറ്റെടുത്ത പ്രഥമലക്കം തന്നെ സിദ്ദീഖ് ഹസന്റെ അംഗീകാരം നേടിത്തന്നു....
''കൂടിയാലോചിച്ചു മാത്രം കാര്യങ്ങള്‍ നിര്‍വഹിക്കുക...''
വലിയ വാക്കുകളില്ല, ഉപദേശനിര്‍ദേശങ്ങളില്ല; തമാശകള്‍ അപൂര്‍വം.
എനിക്ക് ആ മനുഷ്യനെ അതിരറ്റ ആദരവോടെയേ സമീപിക്കാനാവുന്നുള്ളൂ. ഉള്ളുകൊണ്ട് ഒരകലം ഞാന്‍ പാലിച്ചു. 'ആരാമ'ത്തിന്റെ വാര്‍ഷിക പതിപ്പുകള്‍ ഏറെ കമനീയമാക്കി.
പ്രസ് കോപ്പി കിട്ടിയാലുടന്‍ കോവൂരില്‍ വീട്ടില്‍ ഞാന്‍ എത്തിക്കും. ഒറ്റാന്തടി, മുച്ചാണ്‍ വയര്‍ ജീവിതം ശരിയല്ലെന്നും പെണ്ണുകെട്ടി സ്വസ്ഥം കുടുംബജീവിതം വേണമെന്നും ഒരുനാള്‍ എന്നോടു പറയാതെ പറഞ്ഞു.
ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ വഴി വിവാഹം. കൊടുവള്ളിയില്‍ സമൂഹ വിവാഹമായിരുന്നു.
കുളിച്ച് പുതുവസ്ത്രം ധരിച്ച് കൊടുവള്ളിയിലേക്ക് 'പുത്യാപ്ല' പോയത് സിദ്ദീഖ് ഹസന്റെ കോവൂരിലെ വീട്ടില്‍നിന്ന്.
കോഴിക്കോട്ടെ പെണ്‍വീട്ടില്‍ താമസിക്കാന്‍ ഞാന്‍ സന്നദ്ധനായിരുന്നില്ല...
വിവാഹത്തലേന്ന് 'ചരിത്രപ്രസിദ്ധമായ' ആ വലിയ സ്യൂട്ട്‌കേസ് തുറന്ന് 5000 ക. എന്നെ സിദ്ദീഖ് ഹസന്‍ ഏല്‍പ്പിച്ചു. ചൂടാറാത്ത കറന്‍സി...
ആ തുക നല്‍കി, സിദ്ദീഖ് ഹസന്‍ കുടുംബസഹിതം വാടകക്ക് മുമ്പ് താമസിച്ച വീട് ഞാന്‍ അറ്റകുറ്റപ്പണി തീര്‍ത്ത് വാസയോഗ്യമാക്കി. കോവൂരില്‍ തന്നെ.
എനിക്ക് മക്കള്‍ ജനിക്കുന്നു.
ഈ സന്ദര്‍ഭങ്ങളിലെല്ലാം സിദ്ദീഖ് ഹസന്‍ ആശുപത്രിയിലും വാടക വീട്ടിലും വരുന്നത് എനിക്ക് അതിശയിക്കാന്‍ പാകത്തിലായിരുന്നു. സുബൈദ ഉണ്ട് കൂടെ. ഒരു ഹോര്‍ലിക്‌സ് ബോട്ടിലോ മറ്റെന്തെങ്കിലും പ്രകൃതിദത്ത ഫുഡോ സുബൈദ കരുതും...
സിദ്ദീഖ് ഹസന്‍ വളരെ 'പ്രാചീന' കാലം തൊട്ടേ 'യോഗ' അനുഷ്ഠിക്കുകയും പ്രകൃതിദത്ത ഭക്ഷണം ശീലമാക്കുകയും ചെയ്ത ആളാണ്. ശീര്‍ഷാസന ശീലം പരക്കെ പ്രസിദ്ധമാണ്...
കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ ഐതിഹാസികം എന്നു പറയാവുന്ന 'ഹിറാ' സമ്മേളനം അനൗണ്‍സ് ചെയ്യുന്നു. ബന്ധപ്പെട്ട എല്ലാ സുപ്രധാന യോഗങ്ങളിലും എനിക്ക് ക്ഷണം ഉണ്ടായി.
എക്‌സിബിഷന്‍, സ്റ്റാളുകള്‍, മീഡിയാ കമ്മിറ്റികളില്‍ ഞാന്‍ അംഗമായിരുന്നു. ഹിറാ നഗരിയിലെ എക്‌സിബിഷന്‍ പ്രധാന കവാടത്തിന്റെ നിര്‍മാണം എന്റെ സംവിധാനത്തിലായിരുന്നു. സിനിമാ മേഖലയിലെ കലാ സംവിധായകരെക്കൊണ്ടുവന്നു.
'ആരാമ'ത്തിന്റെ കമനീയമായ സ്റ്റാള്‍ ഹിറ നഗരിയിലെ വലിയ ആകര്‍ഷണമായിരുന്നു.
സിദ്ദീഖ് ഹസന്‍ തിരക്കുകള്‍ക്കിടയില്‍ സ്റ്റാള്‍ കാണാന്‍ വന്നു... സംതൃപ്തി രേഖപ്പെടുത്തി.
എക്‌സിബിഷന്‍ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ പ്രതിസന്ധി. ടിക്കറ്റെടുത്ത് പ്രവേശിക്കുന്നവര്‍ക്കായി വലിയ വിഭവങ്ങളൊന്നുമില്ല.
ഞാന്‍ സിദ്ദീഖ് ഹസനെ കണ്ടു. ഒരു അഭ്യര്‍ഥന നടത്തി;
''ഒരു പകല്‍ കൂടി തരണം... ഈ അവസ്ഥയില്‍ എക്‌സിബിഷന്‍ സ്റ്റാള്‍ തുറന്നാല്‍ ടിക്കറ്റെടുത്ത് കയറുന്നവര്‍ക്ക് നിരാശ തോന്നും...''
സിദ്ദീഖ് ഹസന്‍ ഇത്തിരി രൂക്ഷമായി എന്നെ നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം ഞാന്‍ ഗ്രഹിച്ചു.
''ഉള്ള പ്രദര്‍ശനം ഒക്കെ മതി... ജനത്തിന് പ്രവേശനം നല്‍കൂ...''
ഞാന്‍ ശിരസ്സു കുനിച്ച് മടങ്ങി.
പ്രസ്തുത സമ്മേളന കാലത്താണ് പിന്നീട് ചില ഇടതുപക്ഷ സംഘടനകള്‍ ഏറ്റെടുത്ത 'ഒരു മരം, ഒരു തൈ' പദ്ധതി ആവിഷ്‌കരിക്കുന്നത്.
പബ്ലിസിറ്റി യോഗത്തില്‍ ഈ വിഷയം ഞാന്‍ അവതരിപ്പിച്ചു.
''ആയിരം ജോലി പ്രവര്‍ത്തകര്‍ക്കുണ്ടാവും.... അതിനിടയില്‍ മരം നടലും വെള്ളം ഒഴിക്കലും പ്രായോഗികമല്ല....''
ഒരു 'മര' വിരോധി എന്റെ ആശയമാണത് എന്ന വിശ്വാസത്തില്‍ എതിര്‍ത്തു. 'അമീറിന്റെ നിര്‍ദേശമാണെ'ന്ന് അറിയിച്ചപ്പോള്‍ പത്തി മടങ്ങി.
ഇന്നും കേരളത്തില്‍ പല പ്രദേശങ്ങളിലും പടര്‍ന്നു പന്തലിച്ച 'ഹിറാ' വൃക്ഷങ്ങളുണ്ട്. ആശയം സിദ്ദീഖ് ഹസന്റേതായിരുന്നു.
വെള്ളിമാടുകുന്ന് ഐ.എസ്.ടിയില്‍ ശൂറ ചേരുന്ന കാലം. അഖിലേന്ത്യാ അമീര്‍ മൗലാനാ സിറാജുല്‍ ഹസന്റെ സാന്നിധ്യം ഉണ്ട്. സെക്രട്ടറി പി.എ അബ്ദുല്‍ ഹകീം 'ആരാമം' ഡസ്‌കില്‍ വന്നു.
''ഹനീഫ് സാഹിബിനെ അമീര്‍ കാണാന്‍ പറഞ്ഞു.''
ഞാന്‍ പരിഭ്രമിച്ചു. എല്ലാ ശൂറാ അംഗങ്ങളുമുണ്ട്. തൊഴിലിടം മാറുമോ...?
ഞാന്‍ കൂടി മുന്‍കൈയെടുത്താണ് ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്തേക്കുള്ള പ്രഥമ ചുവടുവെപ്പായി 'ധര്‍മധാര' ആരംഭിക്കുന്നത്. ടി. ആരിഫലി സാഹിബിനായിരുന്നു ചുമതല. ആദ്യം മൂന്നു കാസറ്റുകള്‍. ഇന്ന് നമുക്ക് സങ്കല്‍പിക്കാന്‍ ആവാത്ത ആ പഴയ റിബ്ബണ്‍ കാസറ്റ്....
മൂന്നു കാസറ്റുകള്‍ എനിക്കു തന്ന് അഖിലേന്ത്യാ അമീര്‍ പ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന അമീര്‍ എന്നെ പരിചയപ്പെടുത്തി.
''പണ്ട് നക്‌സലൈറ്റ് ആയിരുന്നു... ഇപ്പോള്‍ നമ്മുടെ കൂടെയാണ്....'' മനോഹരമാണ് സിറാജുല്‍ ഹസന്റെ ചിരി..
''നമുക്ക് അത്തരം ആളുകള്‍ വേണം.....''
'തനിമ' പുനഃസംഘടിപ്പിക്കാന്‍ തീരുമാനം ആയി. എന്നെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ.എ സിദ്ദീഖ് ഹസന്‍ നോമിനേറ്റ് ചെയ്തു. 25 വര്‍ഷം 'തനിമ'യില്‍ ഞാന്‍ വിവിധ കസേരകളില്‍ ഇരുന്നു.
സി.പി.ഐ(എം) കൈരളി ചാനല്‍ ആരംഭിച്ച നാളുകള്‍. ദൃശ്യകലാ വിഭാഗം, കെ.ആര്‍ മോഹനന്റെ ചുമതലയിലാണ്. ആത്മസുഹൃത്താണ് മോഹനേട്ടന്‍...
മോഹനേട്ടനോട് ഞാന്‍ ചോദിച്ചു:
''ഇന്നോളം മലയാളം ചാനലില്‍ 'ബിസ്മില്ലാഹി' എഴുതി ഒരു പരിപാടി സംപ്രേഷണം ചെയ്തിട്ടില്ല.... ഞാന്‍ ഒരു കൊച്ചു സിനിമ തരട്ടെ....''
''തീര്‍ച്ചയായും....''
മോഹനേട്ടന്‍ എന്റെ വളര്‍ച്ചയിലെ വലിയൊരു നാഴികക്കല്ലായിരുന്നു.
കുറഞ്ഞത് 50,000 രൂപ ചെലവു വരും. ഞാന്‍ കെ.എ സിദ്ദീഖ് ഹസനെ കണ്ടു.
''അമീര്‍ അനുവദിക്കണം....''
''പരസ്യം ശേഖരിക്കാമോ...''
''എനിക്കാ രംഗം പരിചയമില്ല....''
ഏതായാലും അമീര്‍ കൈരളിയില്‍ 'ധര്‍മധാര'യുടെ പ്രോഗ്രാം പെരുന്നാള്‍ ദിനം അവതരിപ്പിക്കാന്‍ അനുമതി തന്നു.
പലരും ഇടപെട്ടു.
'ധര്‍മധാര' ഒരു ട്രസ്റ്റാണ്. ട്രസ്റ്റ് കമ്മിറ്റിയില്‍ ആലോചിക്കാതെ ഹനീഫ് സാഹിബ് അമീറിനെ ഒറ്റക്കു കണ്ട് അനുമതി വാങ്ങിയത് നല്ല രീതിയല്ല...
ഞാന്‍ ട്രസ്റ്റിനു വഴങ്ങി. യോഗങ്ങളുടെ ഘോഷയാത്ര... സമ്പൂര്‍ണ അനുമതി ആയി.
കവി പി.ടി അബ്ദുര്‍റഹ്മാന്‍ (ഗാനം), പ്രശസ്ത നടന്മാരായ ഇബ്‌റാഹീം വെങ്ങര, പി.കെ രാഘവന്‍ (പെരളശ്ശേരി), മൈമൂന (വടക്കേക്കാട്) അടക്കം നല്ലൊരു ക്രൂ.
മലയാള സിനിമയിലെ അതുല്യ ഛായാഗ്രഹകന്‍ കെ.ജി ജയന്റെ ക്യാമറ. സലാം ചിറ്റാരിപ്പിലാക്കല്‍ എന്ന എക്‌സിക്യൂട്ടീവ്. സകാത്ത് വിതരണത്തിന്റെ ജനകീയ പ്രാധാന്യവും, വര്‍ഷങ്ങള്‍ക്കു ശേഷം പെരുന്നാള്‍ ദിനത്തില്‍ യാദൃഛികമായി കടന്നുവരുന്ന ഭര്‍ത്താവും. മുസ്‌ലിം പെണ്ണിന്റെ ദൈന്യതകള്‍....
നല്ലൊരു ത്രഡായിരുന്നു.
ആദ്യമായി 'അല്ലാഹുവിന്റെ നാമത്തില്‍' എന്ന് ആലേഖനം ചെയ്ത് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഒരു കൊച്ചു സിനിമ.... 'പെരുന്നാള്‍ പൂച്ചെണ്ട്...'
ഉച്ച ഒരു മണിക്കായിരുന്നു കൈരളിയില്‍ സംപ്രേഷണം.
ആദ്യത്തെ ടെലിഫോണ്‍ കോള്‍...
''സിദ്ദീഖ് ഹസനാണ്. പൂച്ചെണ്ട് കണ്ടു. സന്തോഷം....''
എത്രയോ പ്രതിബന്ധങ്ങളെ കീറിമുറിച്ചാണ് ഞാനത് തയാറാക്കിയത്. സിദ്ദീഖ് ഹസന്റെ ഫോണ്‍ സന്ദേശം സത്യത്തില്‍ എന്നെ കരയിച്ചു.
ഒരു ജൂലൈ മാസം 27.
മകന്‍ അബ്ദുല്ല ഹനീഫിന് ഒന്നര വയസ്സ്. രാത്രിയില്‍ അവന്‍ ഉറങ്ങാന്‍ 'മല്ലയുദ്ധം' വേണം. ഉമ്മയുടെ നെഞ്ചത്ത് നൃത്തം.
''ഈ പന്ത്രണ്ട് മണി നേരം, ഏതെങ്കിലും കുട്ടി ഉണ്ടാവുമോ മോനെ ഉറങ്ങാതെ...''
എന്റെ ചോദ്യം കേട്ട അവന്‍ കൈയില്‍ കിട്ടിയ പൗഡര്‍ ടിന്നെടുത്ത് എന്നെ എറിഞ്ഞു.
ഭാര്യ എഴുന്നേറ്റു.
''എനിക്കു വല്ലാത്ത കുളിര്...''
ഞാന്‍ കരിമ്പടം എടുത്തു പുതപ്പിച്ചു.
നിര്‍ത്താതെ ചുമ.
വേഗം ജീപ്പു വരുത്തി.
അന്ന് മെഡിക്കല്‍ കോളേജിലേക്ക് യാത്ര ഇക്കാലത്തെ പോലെ സുഗമമല്ല.... ടാറിടാത്ത പ്രാകൃത റോഡുകള്‍...
കാഷ്വാലിറ്റിയില്‍ എത്തി. എനിക്കു ഏതോ വഴി പരിചയമുള്ള ഹൗസ് സര്‍ജന്‍ ഡ്യൂട്ടിയിലുണ്ട്. അവര്‍ പരമാവധി ശ്രമിച്ചു. ഹൃദയം തകര്‍ന്ന് ഭാര്യ മരിച്ചു. പരിചയക്കാരന്‍ ഡോക്ടര്‍ ഉപദേശിച്ചു:
''ബന്ധുക്കളാരുമില്ലേ...''
ഒപ്പം വന്ന അയല്‍വാസി അതിദ്രുതം കോവൂരിലേക്ക് പറന്നു. സിദ്ദീഖ് ഹസനും മകന്‍ ഷറഫുദ്ദീനും ഝടുതിയില്‍ വന്നു.
ഒന്നര വയസ്സുകാരന്‍ ഉമ്മച്ചി മരിച്ചതറിയാതെ കാഷ്വാലിറ്റിയില്‍ ഓടിക്കളിക്കുകയാണ്.... സിദ്ദീഖ് ഹസന്‍ വന്നതും മോനെ കോരിയെടുത്തു. തുരുതുരെ ഉമ്മ നല്‍കി.
ആകെ തകര്‍ന്ന എന്റെ മുന്നിലേക്ക് രണ്ടു കൈകള്‍ നീണ്ടു. ഒരു പ്ലാസ്റ്റിക് കവറില്‍ സ്‌ട്രോ ഇട്ട് എന്തോ ഒരു പഴം ജ്യൂസ്. പ്രപഞ്ചത്തെ മുഴുവന്‍ കുടിച്ചു വറ്റിക്കാന്‍ മാത്രം എനിക്ക് തൊണ്ട ദാഹിച്ചിരുന്നു. ഞാന്‍ മുഖം ഉയര്‍ത്തി. കരുണനിറഞ്ഞ മുഖത്തോടെ സിദ്ദീഖ് ഹസന്റെ രണ്ടാമത്തെ മകന്‍ ഷറഫുദ്ദീന്‍ ആണ്. ആ കരുണയുമായി ഇന്നും അവന്‍ എന്റെ പ്രതിസന്ധികളില്‍ ഒപ്പമുണ്ട്.
മെഡിക്കല്‍ കോളേജില്‍നിന്ന് മയ്യിത്ത് വീട്ടിലെത്തിച്ചു. എല്ലാറ്റിനും സിദ്ദീഖ് ഹസന്റെ അതി ചടുലമായ നേതൃത്വം ഉണ്ടായി.
''ഇത് പോക്കറ്റില്‍ വെക്കൂ...''
ഖബ്‌റടക്കത്തിനു മുമ്പ് പണം എന്റെ പോക്കറ്റിലിട്ടു.
കണ്ണംപറമ്പ് ഖബ്ര്‍സ്താനില്‍ വി. മൂസ മൗലവിയാണ് മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
ജമാഅത്ത് ശൂറാ അംഗമാണ് അന്ന് മൂസ മൗലവി.
മൂന്നും ഒന്നരയും പ്രായമുള്ള കുട്ടികള്‍ എനിക്ക് കണ്ണീരായി.
''മൂന്നു മാസം ഭാര്യാവീട്ടില്‍ കുട്ടികളുമായി നില്‍ക്കൂ... അത് അവര്‍ക്കും ഒരു ആശ്വാസമാവും....''
ഞാന്‍ നിന്നു.
മൂന്നാം മാസം പുനര്‍വിവാഹം, കൊച്ചിയില്‍നിന്ന്.
ആദ്യ വിവാഹത്തിന് തോണി തുഴഞ്ഞ ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ തന്നെ മഹ്‌റും സാമ്പത്തിക വിഹിതവും നല്‍കി രണ്ടാം വിവാഹത്തിന് തോണി തുഴഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി പി.എ അബ്ദുല്‍ഹകീം നികാഹിന് സാക്ഷ്യം വഹിച്ചു. കുടുംബാംഗങ്ങളടക്കം നൂറോളം പേര്‍ സംബന്ധിച്ച ലളിത വിവാഹം.
***    ****    ****

എനിക്കൊരു വീട്....
ഇന്നു ഞാന്‍ പാര്‍ക്കുന്ന ഇടം....
ഒരു ദിവസം ഐ.എസ്.ടി (വെള്ളിമാടുകുന്ന്) നമസ്‌കാര ഹാളില്‍ വെച്ച് സിദ്ദീഖ് ഹസന്‍ രഹസ്യം പറയുംപോലെ മൊഴിഞ്ഞു:
''ഒരു ഹൗസിംഗ് പ്രോജക്ട് പദ്ധതിയില്‍ നിങ്ങളെ ഉള്‍പ്പെടുത്താന്‍ പറഞ്ഞിട്ടുണ്ട്.... ഇല്ലു ഹാജിയെ കാണണം.....''
കണ്ടു. ഇല്ലു ഹാജിയും പാലാഴിയിലെ സി. മുഹമ്മദ് കോയയും കൊച്ചുവീടും നാല് സെന്റ് സ്ഥലവും എന്റെ പേരില്‍ തന്നു. സിദ്ദീഖ് ഹസനാണ് വഴിതെളിച്ചത്....
***    ****    ****

ആരാമത്തിന് പെണ്‍കൂട്ടായ്മ മാത്രം ഉപയോഗിച്ച് ഒരു വാര്‍ഷിക പതിപ്പ് പ്ലാന്‍ ചെയ്തു. 
പ്രകാശനം 'ഹിറാ' സെന്ററില്‍...
ബംഗാളില്‍നിന്ന് ചിത്രകാരന്‍ പ്രഭാകരന്റെ സഹയാത്രികയായി കബിത മുഖര്‍ജി കോഴിക്കോട്ട് എത്തിയ ആദ്യ നാളുകള്‍... ചിന്ത രവീന്ദ്രന്റെ അനുജന്‍ പ്രഭാകരന്‍..
നല്ലൊരു ചടങ്ങായിരുന്നു.
കബിതയെയും പ്രഭാകരനെയും ഞാന്‍ സെക്രട്ടറിയുടെ അനുമതിയോടെ അമീറിന്റെ കാബിനില്‍ ആനയിച്ചു. ഏറെ നേരം അവരുമായി അമീര്‍ സംസാരിച്ചു.
എന്നെ വിളിച്ച് ചെറിയൊരു തുണ്ടു കടലാസ് തന്നു.
''ഇത് കാഷ്യര്‍ അബ്ദു സാഹിബിനു കൊടുക്കൂ...''
ഞാനത് വാങ്ങി. കാഷ്യര്‍ തന്ന പണം അമീര്‍ ആ നിര്‍ധന ചിത്രകലാ കുടുംബത്തിനു നല്‍കി.
ആരും പറഞ്ഞതല്ല... അവര്‍ ആവശ്യപ്പെട്ടതല്ല...
കണ്ണുകളില്‍ നോക്കി അവശത മനസ്സിലാക്കുന്ന സിദ്ദീഖ് ഹസനു മാത്രം വശമായ പരസഹായ വൈദഗ്ധ്യം...
ലോക്ക് ഡൗണിനു മുമ്പ്, പ്രഭാകരന്‍ രോഗാവസ്ഥയിലായ നാളുകളില്‍ എന്നോടു സംസാരിച്ചു: സിദ്ദീഖ് ഹസന്റെ രോഗവിവരം ഞാന്‍ അറിയിച്ചു.
''അയാള്‍ ദൈവമാണ്...
പ്രഭാകരന്‍ മരിച്ചു.
***    ****    ****
'ധര്‍മധാര' വേരുപിടിച്ചുവരുന്ന സമയം. ഒരിക്കല്‍ ഹിറാ സെന്ററില്‍ വെച്ച് സിദ്ദീഖ് ഹസന്‍, ഒരു ദൗത്യം ഏല്‍പിക്കുന്നു എന്ന് ഭാരപ്പെടുത്താതെ അനായാസം പറഞ്ഞു:
''ബഷീറിന്റെ ആശയപ്രധാനമായ കഥയാണ് 'തേന്മാവ്...' അതൊന്ന് നമുക്ക് പ്രയോജനപ്പെടുത്താന്‍ പറ്റുമോന്ന് ഹനീഫ സാഹിബ് ആലോചിക്കൂ....''
''ആ കഥ നല്ലൊരു ശ്രാവ്യ കാസറ്റായി ഞാന്‍ സംവിധാനം ചെയ്യട്ടെ....''
ഹൃദ്യമായ ചിരി ആയിരുന്നു മറുപടി.
വിഷയം 'ധര്‍മധാരാ' യോഗത്തില്‍ വെച്ചു. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ട് വിശദീകരിച്ചു.
യോഗങ്ങള്‍ അധികമുണ്ടായില്ല. മലയാള നാടക വേദിയിലെ അതുല്യരായ കോന്നിയൂര്‍ നരേന്ദ്രനാഥ്, പി.എന്‍.എം ആലിക്കോയ, വിക്രമന്‍ നായര്‍ എന്നിവരെ നടന്മാരായും എന്‍.സി സുകുമാരനെ നടിയായും ഞാന്‍ 'ശ്രാവ്യഭാഗം' തയാറാക്കി. വൈലാലില്‍ പോയി ഫാബി ബഷീറിനോട് അനുവാദം വാങ്ങി.
''പത്തു കാസറ്റ് ഞങ്ങള്‍ക്ക് തരണം...'' ഫാബി പറഞ്ഞു.
ഈ വിവരം സിദ്ദീഖ് ഹസനെ ഞാന്‍ അറിയിച്ചു.
''കാസറ്റ് മാത്രം പോരാ, ചെറിയൊരു റെമ്യൂണറേഷനും നല്‍കണം...''
മലബാറിലെ മൗലിക പ്രതിഭയുള്ള സംഗീതജ്ഞരിലൊരാളായ മുഹ്‌സിന്‍ കുരിക്കള്‍, പ്രശസ്ത കവി പി.ടി അബ്ദുര്‍റഹ്മാന്‍, ചിത്രകാരന്‍ സഗീര്‍, ഗായകന്‍ മധു ബാലകൃഷ്ണന്‍, സിതാര എന്നിവരെ ഉള്‍പ്പെടുത്തി 'തേന്മാവ്' റിലീസ് ചെയ്തു.
കോവൂരിലെ വീട്ടില്‍ ടേപ്പ് റിക്കാര്‍ഡറുമായി ചെന്നു. സിദ്ദീഖ് ഹസനെ കേള്‍പ്പിച്ചു.
എല്ലാം കേട്ടുകഴിഞ്ഞ് ഒരു ഹസ്തദാനവും മറ്റൊരു നിര്‍ദേശവും;
''ഇത് വില്‍പ്പനക്ക് വെക്കും മുമ്പ് കുറ്റിയാടിയില്‍ ടി.കെ അബ്ദുല്ല സാഹിബിനെ കേള്‍പ്പിക്കണം...''
കേള്‍പ്പിച്ചു.
ഇന്നും 'ധര്‍മധാര'യുടെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ 'തേന്മാവ്' ഉണ്ട്.
***    ****    ****
'ആരാമം' ചുമതലകളില്‍നിന്ന് ഒഴിവാകുന്ന വിവരം ഒരുനാള്‍ കോവൂര്‍ വീട്ടിലെത്തി സിദ്ദീഖ് ഹസനെ അറിയിച്ചു.
''ശൈഖിനോടു പറയാം... എന്തെങ്കിലും ചെയ്ത് കൂടിക്കോ...''
അതിനിടയില്‍ ദല്‍ഹിയിലേക്ക് മാറി. വല്ലപ്പോഴും നാട്ടിലെത്തിയാല്‍ ചില്ലറ കുശലാന്വേഷണങ്ങളില്‍ ഒതുങ്ങി. 
പിന്നീട് രോഗബാധിതന്‍. അമേരിക്കന്‍ ചികിത്സാ യാത്ര.... മക്കളുടെ ഭവനങ്ങളില്‍ മാറിമാറി വിശ്രമം.
ജീവിതത്തിന്റെ മധ്യകാലഘട്ടത്തില്‍ എല്ലാ നിര്‍ണായക സന്ധികളിലും ആ ഹൃദ്യമായ ചിരിയും നീണ്ടു മെലിഞ്ഞ വിരലുകളും എന്റെ ജീവിതത്തെ ഇന്നത്തെ 'ആരോഗ്യകരമായ' അവസ്ഥയില്‍ കരുപ്പിടിപ്പിക്കാന്‍ പരസഹായം ഇല്ലാതെ തന്നെ നീട്ടിയിട്ടുണ്ട്.

--------------------------------------------------------------------------------------------------------------

 

പ്രാര്‍ഥനയോടെ

-കെ.കെ ഫാത്വിമ സുഹ്‌റ-


മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബുമായി ബന്ധപ്പെടുന്ന ആര്‍ക്കും അദ്ദേഹത്തിന് തന്നോടാണ് ഏറ്റവും കൂടുതല്‍ സ്‌നേഹം എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എല്ലാവരെയും പരിഗണിക്കാനും സ്‌നേഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുകയും ആ സ്വപ്‌ന സാക്ഷാത്കാരത്തിന് അണികളെ സജ്ജരാക്കുന്നതില്‍ വിജയം വരിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. അദ്ദേഹമായിരുന്നു പ്രസ്ഥാനത്തിന് കീഴിലുള്ള ഒട്ടേറെ മഹല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അവയെ മുന്നോട്ടു നയിക്കുകയും ചെയ്തത്, അദ്ദേഹത്തിന്റെ കൈയൊപ്പ് ചാര്‍ത്താത്ത ഒരു സംരംഭവും പ്രസ്ഥാനത്തില്‍ ഇന്നില്ല. പ്രസ്ഥാനത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം നിസ്സീമമായ പങ്കുവഹിച്ചു. പ്രത്യേകിച്ച്, വിഷന്‍ 2016, ഐ.ആര്‍.ഡബ്ലിയു തുടങ്ങിയ പ്രവര്‍ത്തനമേഖലകള്‍ പ്രസ്ഥാനത്തിന് നേടിക്കൊടുത്ത ഇമേജ് ചെറുതല്ല.
വനിതകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. പ്രസ്ഥാനം രൂപീകരിക്കപ്പെട്ട നാള്‍ മുതല്‍ തന്നെ വനിതകള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ നിലനിന്നിരുന്നു. പുരുഷ ഹല്‍ഖകള്‍ക്ക് സമാന്തരമായി തന്നെ കേരളത്തില്‍ വനിതാ ഹല്‍ഖകളും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് നിലവിലുള്ള ഏരിയകള്‍ക്ക് സമാനമായ ഫര്‍ക്കകള്‍ ആയിരുന്നു അന്നത്തെ പ്രവര്‍ത്തന പരിധി. വനിതകളെക്കൊണ്ട് സ്റ്റേജില്‍ പ്രസംഗിപ്പിക്കുക, വലിയ പരിപാടികള്‍ നടത്തിക്കുക തുടങ്ങിയവയൊക്കെ സമുദായത്തില്‍ തുടങ്ങിവെച്ചത് ഇസ്‌ലാമിക പ്രസ്ഥാനം ആയിരുന്നു. ദഅ്‌വത്ത് നഗറില്‍ നടത്തപ്പെട്ട സംസ്ഥാന സമ്മേളനത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു വനിതാ സമ്മേളനം സംഘടിപ്പിച്ചതും അതില്‍ സ്ത്രീകള്‍ പ്രസംഗിച്ചതും സമുദായത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചാവിഷയമായത് ഇപ്പോഴും മധുരിക്കുന്ന ഓര്‍മയാണ്. ഇതെല്ലാം പ്രസ്ഥാനത്തിന്റെ മുന്‍ സാരഥികളുടെ വനിതകളോടുള്ള ഇസ്‌ലാമിക കാഴ്ചപ്പാടിന്റെ ഫലമായിരുന്നു. എന്നാല്‍ വനിതാ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും കൂടുതല്‍ സജീവമാക്കുകയും ചെയ്തത് സിദ്ദീഖ് ഹസന്‍ സാഹിബിനു കീഴിലായിരുന്നു. 
1984-ല്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി അമീര്‍ ആയിരുന്നപ്പോഴാണ് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നിലവില്‍വന്നത്. ഇതോടെയാണ് വിദ്യാര്‍ഥിനികള്‍ക്കും യുവതികള്‍ക്കും ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപവും മാനവും കൈവരുന്നത്. 1985-ല്‍ ആരാമം വനിതാ മാസിക ആരംഭിച്ചതും ധാരാളമായി വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലേക്കുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആയിരുന്നു. കെ സി അബ്ദുല്ല മൗലവിക്കൊപ്പം ഇതിന്റെയെല്ലാം ചാലകശക്തിയായി മര്‍ഹൂം കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബും സിദ്ദീഖ് ഹസന്‍ സാഹിബും ഉണ്ടായിരുന്നു. 
ജി.ഐ.ഒയുടെ പ്രഥമ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തത് സിദ്ദീഖ് ഹസന്‍ സാഹിബ് ആയിരുന്നു. ആത്മീയതയിലൂന്നിയ കര്‍മാവേശം പകര്‍ന്നുനല്‍കുന്ന പ്രഭാഷണം നടത്തിയത് ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. അദ്ദേഹം അന്ന് നടത്തിയ ആ പ്രഭാഷണത്തിന്റെ പകര്‍പ്പ് കോപ്പി ഈ അടുത്ത കാലം വരെ എന്റെ കൈവശം ഉണ്ടായിരുന്നു. ഒട്ടേറെ ജി.ഐ.ഒ സദസ്സുകളില്‍ അണികള്‍ക്ക് ആവേശം പകരാന്‍ ആ പ്രസംഗം ജി.ഐ.ഒവിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഞാന്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. സൂറത്തു ഫുസ്സ്വിലത്തിലെ മുപ്പതാം സൂക്തം പാരായണം ചെയ്തുകൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ അത്യാകര്‍ഷകമായ ആ പ്രഭാഷണത്തില്‍ സ്ഥൈര്യത്തോടെ സന്മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് അല്ലാഹുവില്‍നിന്നുള്ള സല്‍ക്കാരം സ്വര്‍ഗം ആയിരിക്കുമെന്നും അതിന് അര്‍ഹരാകാനും നിങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള പ്രബോധനമാണെന്നും അദ്ദേഹം ഉണര്‍ത്തുകയുണ്ടായി. ഈ ദൗത്യനിര്‍വഹണത്തിനുള്ള ശക്തി സംഭരിക്കാന്‍ സൂറത്ത് അന്‍ഫാല്‍ അറുപതാം സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്‍ക്ക് പ്രതിഫലം പൂര്‍ണമായും ലഭിക്കും. നിങ്ങളോട് അവന്‍ ഒട്ടും അനീതി കാണിക്കുകയില്ല. വിജ്ഞാനത്തിന്റെ പടച്ചട്ട ഇല്ലാതെ ധര്‍മസമരത്തില്‍ നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനോ വിജയം വരിക്കാനോ സാധ്യമല്ല. എന്നല്ല, നിങ്ങള്‍ ഈ മേഖലയില്‍ മുന്നോട്ട് പോകാനാകാതെ പരാജയപ്പെട്ടു പിന്തിരിയേണ്ടിവരും. ദീനീ വിജ്ഞാനത്തോടൊപ്പം തെളിമയാര്‍ന്ന ജീവിതവിശുദ്ധിയും കറകളഞ്ഞ ഈമാനും നിങ്ങള്‍ക്കുള്ള ആയുധമായി സംഭരിക്കണം. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുന്നത് ശ്രദ്ധിക്കണം. ഇങ്ങനെ നിങ്ങള്‍ ഇറങ്ങിത്തിരിച്ചാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സഹായവും വിജയവും ഉറപ്പായും ഉണ്ടാകും. ഈ പ്രഭാഷണം കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വല്ലാത്തൊരു ആത്മധൈര്യവും കര്‍മാവേശവും പകര്‍ന്നു നല്‍കി. 
 ജി.ഐ.ഒ രൂപീകരിക്കപ്പെട്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതത്വം കൈവന്ന ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും അദ്ദേഹം ഹല്‍ഖാ അമീര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ജി.ഐ.ഒയെ പോലെ തന്നെ വനിതാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും വ്യവസ്ഥാപിതമാക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. 
വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏരിയാ തലത്തിനപ്പുറം അന്ന് ഒരു ഘടന ഇല്ലാത്തതിനാല്‍ ജി.ഐ.ഒവിന്റെ പരിപാടികളില്‍ സഹകരിക്കുകയായിരുന്നു വനിതാവിഭാഗം ചെയ്തിരുന്നത്. വനിതാ വകുപ്പ് സ്വതന്ത്രമായി രൂപീകരിക്കപ്പെട്ടതോടെ വനിതാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആണെങ്കിലും ജി.ഐ.ഒ സ്വതന്ത്രമായി വിദ്യാര്‍ഥിനികളിലും, വനിതാവിഭാഗം സ്ത്രീകള്‍ക്കിടയിലും വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വനിതാ വിഭാഗത്തിന് സ്റ്റേറ്റ്, ജില്ലാ, ഏരിയാ സമിതികള്‍ നിലവില്‍ വന്നത് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായകമായി. പുരുഷന്മാരില്‍നിന്നും വേറിട്ട ഒരു സ്വതന്ത്ര സംവിധാനമായി വനിതാ വിഭാഗത്തെ മാറ്റുകയും സ്റ്റേറ്റ്, ജില്ലാ, ഏരിയാ തലങ്ങളില്‍ എല്ലാം വനിതാ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ വനിതാ പ്രവര്‍ത്തനങ്ങള്‍ വനിതകള്‍ തന്നെ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്വതന്ത്ര വനിതാ വകുപ്പ് 1993 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നു. വനിതാ വിഭാഗത്തിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഫാത്വിമ മൂസ സാഹിബ ആയിരുന്നു ഇതിന്റെയെല്ലാം ആസൂത്രണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ അമീറായിരുന്ന സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ചിന്തകളാണ്. പ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തി അവരെ വളര്‍ത്തിയെടുത്തു പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ നേതൃ നിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 
ആരാമം മാസികയുടെ വളര്‍ച്ചയിലും അദ്ദേഹം ശ്രദ്ധിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വനിതാ വിഭാഗത്തിനും ആരാമം മാസികക്കും അദ്ദേഹം നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ ഈ അവസരത്തില്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. എല്ലാം അല്ലാഹു സ്വീകരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top