മനഃസമാധാനം മരീചികയല്ല

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട് No image

മാനസിക പ്രശ്‌നങ്ങളുമായി ഒരാഴ്ചക്കുള്ളില്‍ തന്നെ സമീപിച്ച ഒമ്പതു പേരെക്കുറിച്ച് സുഹൃത്തായ സൈക്യാട്രിസ്റ്റ് സൗഹൃദ സംഭാഷണത്തിനിടയില്‍ പറയുകയുണ്ടായി. ആദ്യത്തെയാള്‍ക്ക് ഇഷ്ടംപോലെ സ്വത്തുണ്ട്. രണ്ട് പെണ്‍മക്കളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കല്യാണം കഴിച്ചിരിക്കുന്നത്. ആണ്‍മക്കളില്‍ ഒരാള്‍ ഡോക്ടറും മറ്റെയാള്‍ അമേരിക്കയിലുമാണ്. പക്ഷേ, ഇദ്ദേഹത്തിന്റെ പ്രശ്‌നം മനഃസമാധാനമില്ലായ്മയാണ്. രണ്ടാമത്തെ വ്യക്തി രാഷ്ട്രീയ നേതാവാണ്. പാര്‍ട്ടിയില്‍ നല്ല സ്ഥാനമാനങ്ങളുണ്ട്. പക്ഷേ മനഃസമാധാനമില്ല. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. മൂന്നാമത്തേത് അധ്യാപികയാണ്. ജീവിതാനുഭവങ്ങളിലെല്ലാം മനഃസമാധാനമില്ലായ്മ. ഓണ്‍ലൈന്‍ പഠനം സൃഷ്ടിക്കുന്ന സമാധാനക്കുറവ് വേറെയും. ഈ ഒമ്പതു പേരില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുമുണ്ട്. മനസ്സാകെ പേടി തോന്നുന്നതാണ് വിദ്യാര്‍ഥിയുടെ പ്രശ്‌നം. ഇപ്രകാരം മനഃസമാധാനമില്ലാത്തവരുടെ കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതായിട്ടാണ് സൈക്യാട്രിസ്റ്റ് വിശദീകരിച്ചത്. ഇവരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ സംഭവം മാത്രം ഒരു പഠനത്തിന് വിധേയമാക്കാന്‍ ഞാനൊന്ന് ശ്രമിച്ചുനോക്കി. വീട്ടില്‍ മാതാപിതാക്കള്‍ തമ്മില്‍ എപ്പോഴും ശണ്ഠകൂടലാണ് പതിവ്. പരസ്പരം അസഭ്യവര്‍ഷവും. കുട്ടിക്ക് ഇതൊരു വിധത്തിലും സഹിക്കാന്‍ കഴിയുന്നില്ല. സ്‌കൂളില്‍ സഹപാഠികള്‍ അവരുടെ മാതാപിതാക്കളുടെ സന്തോഷകരമായ പെരുമാറ്റരീതികളെപ്പറ്റി പറഞ്ഞു കേള്‍ക്കുമ്പോള്‍ കുട്ടിക്ക് ഇതൊക്കെ തനിക്ക് നിഷേധിക്കപ്പെട്ടല്ലോ എന്ന തോന്നല്‍. ക്രമേണ ഉള്‍വലിയല്‍ മനഃസ്ഥിതിയിലേക്ക് കുട്ടി എത്തിച്ചേര്‍ന്നു.
ജയപരാജയങ്ങളുടെയും സുഖദുഃഖങ്ങളുടെയും കാരണം ഓരോരുത്തരും വെച്ചുപുലര്‍ത്തുന്ന ജീവിത വീക്ഷണങ്ങളാണ്. വീക്ഷണങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുന്നത് മാനസികാവസ്ഥകളാണ്. അറിവും അനുഭവങ്ങളും മാനസികാവസ്ഥയെ സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. മനോഭാവങ്ങള്‍ക്കനുസരിച്ചാണ് ഓരോ വ്യക്തിയും പ്രശ്‌നങ്ങളെ വിലയിരുത്തുന്നത്. സമീപന രീതികളും അതിനനുസൃതമായിരിക്കും. നമ്മുടെയൊക്കെ മനസ്സുകളില്‍ പലതരം ചിന്തകളും വിശ്വാസങ്ങളും രൂഢമൂലമായി കിടക്കുന്നുണ്ടാവും. മദ്‌റസയിലെ ഉസ്താദ് എപ്പോഴും അടിക്കുന്ന ഒരാളാണെന്ന് പറഞ്ഞുകേട്ട ഒരു കുട്ടിക്ക് പിന്നീട് മദ്‌റസയില്‍ പോകാന്‍ തന്നെ പേടിയായി. ഉസ്താദ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു വിഭ്രാന്തി. ഉസ്താദിനെപ്പറ്റിയുള്ള ഈ ചിന്ത കുട്ടിയെ വല്ലാതെ ബാധിച്ചു. സ്‌കൂളില്‍ എട്ടാം ക്ലാസില്‍ എത്തിയിട്ടും കുട്ടി മദ്‌റസയില്‍ പോകാന്‍ കൂട്ടാക്കിയില്ല എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. മനസ്സില്‍ ഉറച്ചുപോയ ചിന്തകളിലും വീക്ഷണങ്ങളിലും മാറ്റം വരുത്തുക വളരെ ശ്രമകരമാണ്. പിരിമുറുക്കത്തോടു കൂടിയ ജീവിതം എപ്പോഴും ദുഷ്‌കരമാണ്. മനഃസമാധാനം നേടാനുള്ള പോരാട്ടം തുടരേണ്ടത് ചിന്തകളെ നവീകരിക്കാനുള്ള പരിശ്രമത്തിലൂടെയാണ്. ഇവിടെയാണ് ദൈവിക കല്‍പനകളുടെ ഔചിത്യം തെളിയുന്നത്. സമാധാന പൂര്‍ണമായ മനസ്സ് ദൈവത്തിന്റെ വരദാനമാണ്. ഈ വരദാനം സ്വീകരിക്കാന്‍ പക്വമായ അവസ്ഥയിലേക്ക് മനസ്സിനെ പാകപ്പെടുത്തിയെടുക്കണം.
അബ്രഹാം ലിങ്കന്റെ ഒരു വാചകം പ്രസക്തമാണ്: ''റോസാ ചെടികള്‍ക്ക് മുള്ളുകള്‍ ഉണ്ടെന്ന് പറഞ്ഞ് നമുക്ക് കുറ്റം പറഞ്ഞിരിക്കാം. അതേസമയം മുള്‍ചെടികളില്‍നിന്നാണ് റോസാപുഷ്പം ഉണ്ടാകുന്നതെന്നോര്‍ത്ത് നമുക്ക് സന്തോഷിക്കുകയും ചെയ്യാം.''
പ്രശ്‌നങ്ങളോടുള്ള സമീപനമാണ് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഉറവിടമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. സന്തോഷം നുകര്‍ന്നെടുക്കാനുള്ള അഭിനിവേശവും നിഷേധ ചിന്തകളില്ലാതെ മനസ്സിനെ സര്‍ഗാത്മകമാക്കാനുള്ള ഉള്‍ബലവുമാണ് നമുക്കുണ്ടാകേണ്ടത്. പരമ്പരാഗത ചിന്താഗതികളില്‍ കാലാനുസൃതമായ മാറ്റം വരുത്തുകയും പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടു കൂടി അര്‍പ്പണ ബോധത്തോടെ മുന്നേറുകയും വേണം.
''വിശ്വാസികളേ! നമിക്കുകയും പ്രണമിക്കുകയും ചെയ്യുവിന്‍. അതുവഴി നിങ്ങള്‍ക്ക് വിജയ സൗഭാഗ്യം പ്രതീക്ഷിക്കാം'' (ഖുര്‍ആന്‍ 22:77).
ഭയം, വിദ്വേഷം, കുറ്റബോധം, അസൂയ, ചതി, വഞ്ചന തുടങ്ങിയ ദുഷ്ടവിചാരങ്ങള്‍ മനസ്സമാധാനം നഷ്ടപ്പെടുത്തും. സ്വാഭാവികമായും മനസ്സ് ജീവിത ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുകയും പിശാചിന്റെ മേച്ചില്‍സ്ഥലമായി മാറുകയും ചെയ്യും. 'വിശ്വാസവും ദൃഢനിശ്ചയവുമാണ് ജീവിതത്തെ മാറ്റിമറിക്കുന്ന രണ്ട് പരിവര്‍ത്തന ചക്രങ്ങള്‍' എന്ന എ.പി.ജെ അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളും അപ്രതീക്ഷിത സംഭവങ്ങളും മനസ്സില്‍ ചാഞ്ചല്യവും അസമാധാനവും സൃഷ്ടിക്കാനിടവരുത്തും. ഇത്തരം ഘട്ടങ്ങളെ ധീരമായി തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ സമാധാനത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടും. മനസ്സില്‍ അടിഞ്ഞുകൂടുന്ന അസ്വസ്ഥ ചിന്തകളെയും ഭയത്തെയും ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗം അനാവശ്യ ചിന്തകളെ മനസ്സില്‍നിന്ന് പിഴുതെറിയുകയാണ്. ഇതു സാധിക്കണമെങ്കില്‍ മനസ്സ് തുറക്കാന്‍ കഴിയണം. ഉറ്റവരും സുഹൃത്തുക്കളുമായി ഉള്ളുതുറന്ന് സംസാരിച്ചുനോക്കൂ. മനസ്സിന്റെ ഭാരം കുറയുകയും ആശ്വാസം തോന്നുകയും ചെയ്യും. 
പ്രാര്‍ഥനയിലൂടെയും തുറന്നു പറച്ചിലിലൂടെയും ശുദ്ധമാക്കപ്പെടുന്ന മനസ്സില്‍ വീണ്ടും അശുഭ ചിന്തകള്‍ കടന്നുകൂടാതിരിക്കാന്‍ ശ്രദ്ധ വേണം. സാമൂഹിക ഇടപെടലുകളും മനസ്സിന് ആശ്വാസം പകരുന്ന മാര്‍ഗങ്ങളാണ്. സന്തോഷകരമായ അനുഭവങ്ങളെയും സുന്ദര ദൃശ്യങ്ങളെയും അനുസ്യൂതമായി പ്രവഹിക്കാന്‍ സാധിക്കുംവിധം മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടണം. സുന്ദര സ്മരണകള്‍ മനസ്സിന് ഉത്തേജനം നല്‍കുന്ന ഘടകമാണ്. ഏകാന്തതയിലെ പരമാനന്ദമെന്നാണ് (Bliss of Solitude) ഈ അവസ്ഥാ വിശേഷത്തെ പ്രശസ്ത ആംഗലേയ കവി വില്യം വേഡ്‌സ്‌വര്‍ത്ത് 'ഡാഫോഡില്‍സ്' എന്ന കവിതയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ദൈവസ്മരണ പുതുക്കുന്ന സ്തുതിഗീതങ്ങളും വാക്കുകളും മനസ്സിന് അവാച്യമായ സമാധാനം പകരുന്നതായി പല ചിന്തകരുടെയും ജീവചരിത്രത്തില്‍നിന്ന് മനസ്സിലാക്കിയെടുക്കാന്‍ കഴിയും.
മനസ്സമാധാനം കൈവരിക്കുന്നതില്‍ വിനിമയ ശൈലിക്കും വലിയ പങ്കുണ്ട്. ക്ഷമയും സഹനവും സന്തോഷവും പ്രതിഫലിക്കുന്ന രീതിയിലാകണം മറ്റുള്ളവരോട് ആശയവിനിമയം നടത്തേണ്ടത്. ഇത് പറയുന്നവരിലും കേള്‍ക്കുന്നവരിലും സന്തോഷം സൃഷ്ടിക്കും. സംസാരത്തില്‍ അവലംബിക്കുന്ന സ്‌നേഹോഷ്മളതയും പോസിറ്റിവിറ്റിയും മനുഷ്യബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കാന്‍ ഇടയാക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ അനാവശ്യമായി ഇടപെടുക, അവരെക്കുറിച്ച് ദുഷ്ട ചിന്തകള്‍ വെച്ചുപുലര്‍ത്തുക, കുറ്റങ്ങള്‍ ചികഞ്ഞെടുക്കുക, നിന്ദിക്കുക, ആരോപണങ്ങള്‍ നടത്തുക തുടങ്ങിയവയൊക്കെ സമാധാനഭംഗം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. വിട്ടുവീഴ്ചാ മനോഭാവം സമാധാനത്തിന്റെ താക്കോലാണെന്ന് മനസ്സിലാക്കണം. ഒത്തുതീര്‍പ്പുകളും അനുരജ്ഞനങ്ങളുമാണ് ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപാധികള്‍. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് പ്രതികരിക്കുമ്പോള്‍ മാത്രമേ നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താനും ഊഷ്മളത കൈവരുത്താനും സാധിക്കുകയുള്ളൂ. ഇതിനായി ചിലപ്പോഴൊക്കെ നമ്മുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ബലികഴിക്കാനും തയാറാകേണ്ടി വരും. ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാന്‍ കഴിയാത്തതിനെച്ചൊല്ലി മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ ധാരാളമായി കാണാം. ഇതിനാണ് പ്രശ്‌ന പരിഹാര നൈപുണി ജീവിതത്തില്‍ ആര്‍ജിച്ചെടുക്കണമെന്ന് മനശ്ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top