അന്‍പതു ശതമാനം വനിതാ സംവരണം നിലവില്‍ വന്ന 2010-ല്‍ ജനകീയ വികസന മുന്നണിയുടെ സ്ഥാനാര്‍ഥിയായി കന്നിയങ്കം
വികസനത്തുടര്‍ച്ചയാണ് റംല ഉസ്മാന്‍
അന്‍പതു ശതമാനം വനിതാ സംവരണം നിലവില്‍ വന്ന 2010-ല്‍ ജനകീയ വികസന മുന്നണിയുടെ സ്ഥാനാര്‍ഥിയായി കന്നിയങ്കം തുടങ്ങിയ പഞ്ചായത്തംഗമാണ് ആലത്തൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ റംല ഉസ്മാന്‍. അന്ന് വനിതാ സംവരണ വാര്‍ഡായിരുന്നു ടൗണ്‍ വാര്‍ഡ് എന്നറിയപ്പെട്ട 16-ാം വാര്‍ഡ്. 74 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്നു ലഭിച്ചത്. എല്‍.ഡി.എഫ് എട്ട്, യു.ഡി.എഫ് ഏഴ്, വികസന മുന്നണി ഒന്ന് എന്നതായിരുന്നു കക്ഷിനില. നിര്‍ണായകമായിരുന്ന റംല ഉസ്മാന്റെ പിന്തുണ എല്‍.ഡി.എഫിനായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായതു മുതല്‍ മികച്ച പദ്ധതികള്‍ക്കാണ് വാര്‍ഡ് സാക്ഷ്യം വഹിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമത്താല്‍ പ്രദേശവാസികള്‍ വലഞ്ഞ സന്ദര്‍ഭം. റംലയുടെ പ്രഥമ പരിഗണന ദാഹനീര്‍ ലഭ്യമാക്കുന്നതിനായിരുന്നു. കെ.ഇ ഇസ്മാഈലിന്റെ എംപി. ഫണ്ടില്‍നിന്ന് ഒന്‍പതുലക്ഷം ലഭ്യമാക്കുകയും കുടിവെള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്തതിലൂടെ വാര്‍ഡിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. ഇരുപതോളം റോഡുകള്‍ കോണ്‍ക്രീറ്റും റീടാറിംഗും ചെയ്തതോടൊപ്പം ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍ വീതികൂട്ടുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
അങ്കണവാടികളുടെ പശ്ചാത്തല വികസന സൗകര്യങ്ങള്‍, വെള്ളം, വെളിച്ചം, ചുറ്റുമതില്‍ എന്നിവയും റംല ഉസ്മാന്‍ പൂര്‍ത്തിയാക്കി. മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന ആലത്തൂര്‍ ഗവ. മാപ്പിള സ്‌കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാലയത്തിന്റെ വികസനത്തിനാവശ്യമായ ഫണ്ടുകള്‍ ലഭിക്കുന്നതിന് ഇത് തടസ്സമായി. നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്‌കൂളിന്റെ പരിതാപകരമായ ഈ അവസ്ഥയെ അഭിമുഖീകരിച്ചത് സ്വന്തം കുടുംബസ്വത്തായ 30 സെന്റ് സ്‌കൂളിന് ദാനം ചെയ്തുകൊണ്ടായിരുന്നു. തലമുറകളുടെ വിദ്യാഭ്യാസ സ്വപ്‌നത്തെ അനന്തരമെടുത്ത ഈ മാതൃകാ പ്രവര്‍ത്തനം തന്നെ വാര്‍ഡിനെ നെഞ്ചേറ്റുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ്. പി.കെ ബിജുവിന്റെ എം.പി ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപയോളം ചെലവഴിച്ച് പുതിയ സ്‌കൂള്‍ കെട്ടിടം പണിയുന്നതിന് ചുക്കാന്‍ പിടിച്ചുകൊണ്ടിരിക്കെയാണ് ഭരണകാലാവധിയായ അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ച് പുതിയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിടയായത്. ഒരേസമയം ആലത്തൂര്‍ ടൗണില്‍നിന്നുള്ള മലിനജലത്തിന്റെ ഭീഷണിയില്‍നിന്ന് പുഴയുടെ (ഗായത്രി പുഴ) സംരക്ഷണവും ശുദ്ധജല ലഭ്യതയും സാധ്യമാക്കുന്ന വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണം ലക്ഷ്യമാക്കി സ്വന്തം ഭൂമിയില്‍നിന്നുള്ള അഞ്ചു സെന്റ് വിട്ടുനല്‍കിയിട്ട് ഒന്‍പതുവര്‍ഷം കഴിഞ്ഞെങ്കിലും പദ്ധതിയുടെ അനുമതിക്ക് നിക്ഷിപ്ത കക്ഷിതാല്‍പര്യങ്ങള്‍ തടസ്സം നില്‍ക്കുകയാണ്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായ പരിശ്രമവും പോരാട്ടവും കൂടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ നടത്തിക്കൊണ്ടിരിക്കുകയാണ്.
ജനറല്‍ വാര്‍ഡായി മാറിയ 16-ാംവാര്‍ഡില്‍നിന്നുതന്നെയാണ് 2015-ലും ജനവിധി തേടിയത്. വികസന മുരടിപ്പിന്റെ മൂന്നു പതിറ്റാണ്ടുകളില്‍ തങ്ങളുടെ കുത്തക വാര്‍ഡാക്കിയ പ്രമുഖ രാഷ്ട്രീയ കക്ഷി, വാര്‍ഡിനെ തിരിച്ചുപിടിക്കാനായി കരുത്തനായ ജില്ലാ നേതാവിനെതന്നെ രംഗത്തിറക്കുകയും വ്യാപകമായ എതിര്‍പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ക്ഷേമ വാര്‍ഡാക്കി മാറ്റാന്‍ ആത്മസമര്‍പ്പണത്തിന്റെ പാത സ്വീകരിച്ച റംലയെ ആലത്തൂര്‍ ടൗണിലെ വോട്ടര്‍മാര്‍ കൈവെടിയാന്‍ ഒരുക്കമല്ലായിരുന്നു. വെള്ളമായും വെളിച്ചമായും ക്ഷേമ പദ്ധതികളായും ജനമനസ്സില്‍ ഇടംനേടിയ, സമഗ്ര വികസനം കാഴ്ചവെച്ച സമര്‍പ്പിത നായികയെ അവര്‍ 2015-ല്‍ വീണ്ടും തെരഞ്ഞെടുത്തു. പുരുഷ കേസരികളെ അതിജയിച്ചത് 54 വോട്ടിനാണെങ്കിലും, പരാജയ ശ്രമങ്ങളെ അതിജീവിച്ച് ജനറല്‍ വാര്‍ഡ് കരസ്ഥമാക്കിയ ജൈത്രയാത്ര, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും പൂര്‍വോപരിയായ 179 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആവര്‍ത്തിച്ചു. ഇരു മുന്നണികളും സ്ഥാനാര്‍ഥികളും റംലയെ തോല്‍പിക്കാന്‍ ശക്തമായ പ്രചാരവേലകളുമായി രംഗത്തിറങ്ങി. റംല ഉസ്മാനെയും അവര്‍ മുന്നോട്ടുവെക്കുന്ന ക്ഷേമ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായ നുണ പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് വാര്‍ഡിലെ ജനങ്ങള്‍ തന്നെയാണ്. ജനപക്ഷ രാഷ്ട്രീയത്തിന്റെ അനുഭവസാക്ഷ്യത്തെയും വിശ്വാസത്തെയും ദുരാരോപണങ്ങളും വ്യാജ വര്‍ത്തമാനങ്ങളും കൊണ്ട് ഇല്ലാതാക്കാനാവില്ല എന്ന തെരഞ്ഞെടുപ്പു പാഠമാണ് റംല ഉസ്മാനെപ്പോലുള്ള ജനനായകര്‍ പകര്‍ന്നുനല്‍കുന്നത്.
ആലത്തൂര്‍ ക്രസന്റ് ഹോസ്പിറ്റലില്‍ മാനേജിങ് ഡയറക്ടറായ പ്രിയതമന്‍ ഉസ്മാന്‍, റിയാസ് ഉസ്മാന്‍ (ഇന്‍ഫോസിസ്, ഹൈദറാബാദ്), ഷറീന (ഒമാന്‍), റമീസ് ഉസ്മാന്‍ (കമ്പനി സെക്രട്ടറി, ചെന്നൈ), ഷഹനാസ് (സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി) എന്നീ നാലു സന്തതികളും. നഫി റിയാസ് (മൈക്രോ ബയോളജിസ്റ്റ്), റഫീഖ്, ഡോ. മവദ്ദ എന്നീ മരുമക്കളും, ഏഴു പേരമക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നായിക കൂടിയാണ് റംല ഉസ്മാന്‍.
താഹിറ ഇസ്മാഈല്‍: വിജയാവര്‍ത്തനത്തിന്റെ പെണ്‍കരുത്ത്
മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ മത്സരിച്ചു ജയിച്ച താഹിറ ഇസ്മാഈലിനിത് രണ്ടാം ഊഴമാണ്. 2015-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സര രംഗത്തേക്കിറങ്ങിയത്. രണ്ട് പതിറ്റാണ്ടിലധികമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ അധീനത്തിലായിരുന്ന വാര്‍ഡുകള്‍ താഹിറ ഇസ്മാഈലിന്റെ കഴിവുറ്റ സ്ഥാനാര്‍ഥിത്വവും ജനകീയമായ ഐക്യവും ചേര്‍ന്നാണ് ജനകീയാസൂത്രണത്തിന്റെ ഫലങ്ങളെ തൊട്ടറിയുന്ന ക്ഷേമ വാര്‍ഡെന്ന സങ്കല്‍പത്തിലേക്ക് പതിനേഴാം വാര്‍ഡിനെ പരിവര്‍ത്തിപ്പിച്ചത്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വികസനത്തെക്കുറിച്ച സമഗ്രമായ കാഴ്ചപ്പാടാണ് താഹിറക്കുള്ളത്. വാര്‍ഡിലെ 95 ശതമാനം വീടുകളിലേക്കും അര്‍ഹമായ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും എത്തിക്കുന്നതിലുള്ള പരിപൂര്‍ണ വിജയമാണ് വീണ്ടും താഹിറയെതന്നെ വാര്‍ഡിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു കാരണമായത്. ഗ്രാമസഭകള്‍ കൃത്യസമയത്തുതന്നെ വിളിച്ചുകൂട്ടി ഗ്രാമനിവാസികളുമായി സംവദിക്കുകയും ഗൃഹ സന്ദര്‍ശനങ്ങളിലൂടെയും മറ്റും ജനങ്ങളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതില്‍ വീഴ്ച വരുത്താത്ത ജനപ്രതിനിധിയാണ് താഹിറ. റോഡുകള്‍, അംഗനവാടികള്‍ തുടങ്ങിയവയുടെ നിര്‍മാണ ഫണ്ട് മാത്രമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ആവശ്യമായ ഭൂമിയുടെ ലഭ്യതയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഉദാരമനസ്‌കരായ വ്യക്തികള്‍ കനിഞ്ഞെങ്കില്‍ മാത്രമേ സ്ഥലം ലഭ്യമാകൂ എന്ന സ്ഥിതിവിശേഷമുണ്ട്. അംഗനവാടിക്കായി കുടുംബസ്വത്തില്‍നിന്നുള്ള സ്ഥലമാണ് പഞ്ചായത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു അംഗനവാടി വാര്‍ഡിന് സമര്‍പ്പിക്കും എന്ന വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണ പാതയിലാണ് താഹിറ. ഇതോടെ വാര്‍ഡില്‍ ഒരു പൊതുസ്ഥാപനം എന്ന സ്വപ്‌നമാണ് സാക്ഷാല്‍കരിക്കപ്പെടുന്നത്. കുടുംബശ്രീ സംവിധാനം ഒട്ടും ഇല്ലാതിരുന്ന വാര്‍ഡില്‍ 12 കുടുംബശ്രീ യൂനിറ്റുകള്‍ പ്രാഥമികമായി രൂപീകരിക്കുകയുണ്ടായി. സ്വയം സംരംഭം തുടങ്ങാനുള്ള സംവിധാനങ്ങളും തദാവശ്യാര്‍ഥം യൂനിറ്റുകള്‍ വിപുലപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയും വാഗ്ദാനങ്ങള്‍ക്കു പുറമെയുള്ളവ നിറവേറ്റുന്നതിലുമാണ് സംതൃപ്തി. പല വ്യക്തികളെയും നേരില്‍ സമീപിച്ച് വഴിയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളില്‍ റോഡ് സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റായി മാറിയെങ്കിലും സ്വന്തം വാര്‍ഡായ പതിനേഴില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍തന്നെ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും വിമത സ്ഥാനാര്‍ഥിയുടെ രംഗപ്രവേശം വളരെയധികം പ്രതിസന്ധികളും സമ്മര്‍ദങ്ങളും ലക്ഷ്യമാക്കിയുള്ളതായിരുന്നു. ദുരാരോപണങ്ങളടങ്ങിയ ലഘുലേഖകള്‍ വീടുവീടാന്തരം വിതരണം ചെയ്യപ്പെട്ടു. എന്നാല്‍ നല്ലവരായ വാര്‍ഡുനിവാസികള്‍ വീണ്ടും ജനപക്ഷ നന്മയെ ചേര്‍ത്തുപിടിച്ചു.
സംവരണേതര സീറ്റില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥി എന്ന നിലയിലും സമ്മര്‍ദങ്ങളുണ്ടായി. ശക്തമായ ത്രികോണ മത്സരം ജനറല്‍ സീറ്റിന്റെ സമ്മര്‍ദ സാഹചര്യത്തില്‍ നേരിടേണ്ടിവന്നിട്ടും എല്ലാ പ്രതിലോമതകളെയും അതിജീവിച്ച വാര്‍ഡിന്റെ സ്വന്തം സാരഥിയാണ് താഹിറ. വിജയം സുനിശ്ചിതമാണെന്ന തികഞ്ഞ ആത്മവിശ്വാസം കൈമുതലായിരുന്നെന്ന് താഹിറ പറയുന്നുണ്ട്. എന്നിരുന്നാലും വിജയം നല്‍കിയ ആഹ്ലാദവും അമ്പരപ്പും ഇനിയും വിട്ടുമാറിയിട്ടില്ല.
ജീവല്‍പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുന്ന സര്‍ക്കാര്‍തല സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചു എന്നതാണ് പ്രസ്താവ്യനേട്ടമായി താഹിറ ഊന്നിപ്പറയുന്നത്. നിസ്സാരമെന്ന് തോന്നിയേക്കാമെങ്കിലും വാര്‍ഡ് ഉണരുകയും അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരാവുകയും ചെയ്തു. ഇത് നീതിനിഷേധത്തെക്കുറിച്ച അറിവുകളിലേക്ക് നയിച്ചു. പ്രവര്‍ത്തനങ്ങള്‍ സുതാര്യമാവുകയും ജനകീയമാവുകയും ചെയ്തതോടെ വാര്‍ഡ് അംഗവും വാര്‍ഡ്‌നിവാസികളും തമ്മിലെ ബന്ധം ഊഷ്മളമാണ്. പഞ്ചായത്തിനെക്കുറിച്ച രാഷ്ട്രീയ സാക്ഷരതക്ക് പതിനേഴാം വാര്‍ഡിലെ കൂടുതല്‍ പേരും കടപ്പെട്ടിരിക്കുന്നത് താഹിറ ഇസ്മാഈല്‍ എന്ന വാര്‍ഡ് മെമ്പറോടാണ്. ജീവിതാവശ്യങ്ങളുമായി നേരിട്ട് ഇടപെടുന്ന സ്ത്രീകളുടെ മനംകവരാന്‍ തക്ക സാന്ത്വനമായി വര്‍ത്തിക്കാന്‍ താഹിറക്കായിട്ടുണ്ട്. പുറം മോടികള്‍ക്കുള്ളിലും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ തിരിച്ചറിയാന്‍ തക്ക ആത്മബന്ധം ഓരോ വീടുമായും കാത്തുസൂക്ഷിക്കുന്നു. അഞ്ചുവര്‍ഷം മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച അനുഭവത്തില്‍നിന്നാണ് പറപ്പൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് വീണ്ടും താഹിറയിലൂടെ വിജയംകൊയ്തത്.
ദൂരദര്‍ശന്‍ എഞ്ചിനീയറായ അബ്ബാസ് ഭര്‍ത്താവാണ്. ഡോ. നസീഹ തഹ്‌സീം, ഫാര്‍മസി ബിരുദധാരി നസ്‌ന തഹ്‌സീന്‍, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥി അഹ്മദ് നിഹാല്‍, പ്ലസ് വണ്ണുകാരനായ നവീദ് എന്നീ നാലു മക്കള്‍. മമ്പാട് എം.ഇ.എസ് കോളേജില്‍നിന്ന് റിട്ടയറായ പ്രഫസര്‍ കെ. മുഹമ്മദ് പിതാവാണ്.
മരുതിമല നായികയാകുന്ന എം.എം റജീന
തിരുവനന്തപുരം ജില്ലയിലെ വാമനാപുരം ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളില്‍ ഒന്നായ പാങ്ങോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ വലിയ വയലില്‍നിന്ന് 105 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാരഥിയാണ് എം.എം റജീന. അഞ്ചു വര്‍ഷത്തെ വാര്‍ഡിന്റെ വികസനപ്രവര്‍ത്തനങ്ങളും നിസ്വാര്‍ഥമായ സമര്‍പ്പണ- സേവന സപര്യയുമാണ് റജീനയെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പത്തിലൂന്നിയ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെയും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് പ്രേരകമായത്. ആറാം വാര്‍ഡില്‍നിന്നുള്ള റജീന ബി.ജെ.പിയുടെ സിറ്റിംഗ് വാര്‍ഡാണ് ഈ ജനാധിപത്യ തിരിച്ചറിവിലൂടെ പിടിച്ചെടുത്തത്. സാഹസികമായിരുന്നു മത്സരം. യുവാവായ സ്വതന്ത്രനുള്‍പ്പെടെ നാലു കരുത്തരായ എതിരാളികളെ ജനവിധിയിലൂടെ നേരിട്ട് വിജയ സോപാനത്തിലേറിയ സാരഥിയാണ് റജീന. ജനറല്‍ സീറ്റിലെ നാല് പുരുഷ ശക്തികളെ തോല്‍പിച്ചാണ് തലസ്ഥാനത്ത് നവരാഷ്ട്രീയ മൂല്യത്തിന്റെ പതാക പറപ്പിച്ചത്. ദുരാരോപണങ്ങളും തീവ്രവാദ മുദ്രകളും അപവാദ പ്രചാരണങ്ങളും പ്രചാരണായുധമാക്കിയ വന്‍കക്ഷികള്‍ക്കിടയില്‍നിന്ന് വിജയ വീഥിയിലേക്കുള്ള സഞ്ചാരം അതീവ ദുഷ്‌കരമായിരുന്നു. ജനാധിപത്യ അപചയത്തിന്റെ ആനുകൂല്യങ്ങള്‍ കൊയ്‌തെടുക്കാന്‍ അവസരം നല്‍കാത്തത്രയും സൂക്ഷ്മവും ജാഗ്രത്തായതുമായ പ്രവര്‍ത്തനങ്ങളാണ് മത്സര രംഗത്തും കാഴ്ച വെച്ചത്. അങ്ങനെയാണ് ആറാം വാര്‍ഡായ മൂലപ്പേഴി വാര്‍ഡ് ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയത്തിന് വഴങ്ങിയത്.
ജനറല്‍ വാര്‍ഡ്, ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് എന്നീ വിശേഷണങ്ങള്‍ കൊണ്ടുതന്നെ ആറാം വാര്‍ഡിലെ 99 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ റജീനയുടെ വിജയത്തിന് പത്തര മാറ്റാണ്. സ്വതന്ത്രനും മൂന്നു പ്രമുഖ കക്ഷികളും ഒറ്റക്കെട്ടായി നാലുപാടുനിന്നും അഴിച്ചുവിട്ട കനത്ത പ്രചാരണാക്രമണങ്ങളാണ് വ്യക്തിപരമായും പാര്‍ട്ടിപരമായും നേരിടേണ്ടി വന്നത്. ആര്‍ജവവും ആത്മവിശ്വാസവും കൈമുതലാക്കിയപ്പോള്‍ വികസന മുരടിപ്പിന്റെ രക്തസാക്ഷിയായ മൂലപ്പേഴിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന വിപ്ലവത്തെക്കുറിച്ച്, ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റജീന അത്യുത്സാഹത്തോടെയാണ് വാചാലയാകുന്നത്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന വാക്കുകളാണവ. മണ്‍പാതകള്‍ കുമിഞ്ഞുകൂടിയ വാര്‍ഡില്‍ സഞ്ചാരയോഗ്യമായ നടപ്പാതകള്‍, കുടിവെള്ളം, തൊഴില്‍ ലഭ്യത, ദാരിദ്ര്യ-രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വെല്ലുവിളികള്‍ നേരിടുന്ന വാര്‍ഡിന്റെ വിമോചനം കോടികളുടെ ഫണ്ടുകളിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുന്നത് വലിയവയല്‍ വാര്‍ഡില്‍നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ജനനന്മയുടെ രാഷ്ട്രീയത്തെയും ജനപ്രതിനിധിയെയും ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതിനെ അടയാളപ്പെടുത്തുന്നതുകൂടിയാണ് ഈ വിജയം. അവാസ്തവും അബദ്ധജടിലവുമായ ദുരാരോപണങ്ങളെ പുറംകാലുകൊണ്ട് വകഞ്ഞുമാറ്റുന്ന ജനങ്ങളെ സൃഷ്ടിക്കണമെങ്കില്‍ അനുഭവസാക്ഷ്യത്തിന്റെ ആള്‍സഞ്ചാരങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട് എന്ന ഓര്‍പ്പെടുത്തലുകളാണ് ഇത്തരം വിജയങ്ങള്‍. കാലം കാത്തിരുന്ന നിയോഗങ്ങളാണവ. ജനുവരി അവസാനമാകുമ്പോഴേക്കും രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍പെട്ടുഴലുന്ന മരുതിമലനിവാസികള്‍ തങ്ങള്‍ക്കാവശ്യമായ ജലം ശേഖരിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടുന്ന അവസ്ഥയിലാണുള്ളത്. തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനമായി നല്‍കിയ സ്വപ്‌ന പദ്ധതിയാണിത്. സത്യപ്രതിജ്ഞ ചെയ്ത പ്രഥമ ഘട്ടത്തില്‍തന്നെ അനേകരുടെ ദാഹനീരും ജീവനോപാധിയുമായ മരുതിമല പദ്ധതി അധികം വൈകാതെത്തന്നെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണെന്നും നാടിനും വ്യക്തികള്‍ക്കും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള അഹോരാത്ര യത്‌നത്തിലാണെന്നും പാങ്ങോട് പഞ്ചായത്തിന്റെ, മൂലപ്പേഴിയുടെ പ്രിയപ്പെട്ട മെമ്പര്‍ പറഞ്ഞുവെക്കുന്നു. ഫ്‌ളവര്‍ മില്ലും ടാപ്പിംഗ് ജോലിയും ചെയ്യുന്ന നൗഷാദ് എ.എസ്സാണ് റജീനയുടെ ഭര്‍ത്താവ്. അജ്മല്‍ ഖാന്‍, ആസിയ ബീവി, അഫ്ദല്‍ ഖാന്‍ എന്നിവര്‍ മക്കളാണ്.