അധ്വാനിച്ച് ജീവിക്കുക

ഹൈദറലി ശാന്തപുരം No image

മനുഷ്യന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കിക്കൊണ്ടാണ് ഓരോ മനുഷ്യനെയും അല്ലാഹു ഭൂമിയിലേക്കയച്ചത്. മനുഷ്യര്‍ക്കാവശ്യമായ സകല വസ്തുക്കളും ഭൂമിയിലുണ്ടെങ്കിലും അവയില്‍ തനിക്കാവശ്യമുള്ളത് ഏതാണെന്നു കണ്ടെത്തി ഉപയോഗിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.
അല്ലാഹു പറയുന്നു: ''അവന്‍ (അല്ലാഹു) ആണ് ഭൂമിയെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ വിഭവങ്ങളില്‍നിന്ന് ഭക്ഷിക്കുകയും ചെയ്യുക'' (അല്‍മുല്‍ക്: 15).
വെള്ളിയാഴ്ച നമസ്‌കാരത്തിന് ബാങ്ക് വിളിച്ചാല്‍ ധൃതിയില്‍ പള്ളിയില്‍ പോയി ആരാധന നിര്‍വഹിക്കാന്‍ കല്‍പിച്ച അല്ലാഹു തന്നെ പ്രാര്‍ഥന കഴിഞ്ഞാല്‍ ഭൂമിയില്‍ വിഹരിച്ച് തന്റെ ജീവിതോപാധിക്ക് ആവശ്യമുള്ളവ തേടാന്‍ ഉപദേശിക്കുന്നു: ''സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിവരികയും കൊള്ളക്കൊടുക്കലുകള്‍ ഉപേക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്, നിങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍. അങ്ങനെ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (അല്‍ജുമുഅ: 9, 10).
ജീവിത വിഭവ സമ്പാദനത്തിന് വിവിധങ്ങളായ മാര്‍ഗങ്ങളുണ്ട്. അതിലധികവും നിയമവിധേയമാണെങ്കിലും ചിലത് നിയമവിരുദ്ധമാണ്.
അന്യരെ ആശ്രയിക്കാതെ അധ്വാനിച്ച് ജീവിത വിഭവങ്ങള്‍ കണ്ടെത്തുന്നതിനെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. നബി(സ) വിവിധ രൂപേണ ഈ വസ്തുത വിശദീകരിച്ചിട്ടുണ്ട്. പ്രവാചകശിഷ്യനായ അനസ് (റ) ഒരു സംഭവം വിവരിക്കുന്നു: അന്‍സ്വാരികളില്‍പെട്ട ഒരാള്‍ യാചിച്ചുകൊണ്ട് നബി(സ)യുടെ അടുത്ത് ചെന്നു. അപ്പോള്‍ നബി തിരുമേനി ചോദിച്ചു: 'താങ്കളുടെ വീട്ടില്‍ വല്ലതുമുണ്ടോ?' അയാള്‍ പറഞ്ഞു: 'ഉണ്ട്. ഒരു പുതപ്പും ഒരു പാത്രവും. പുതപ്പിന്റെ ഒരു ഭാഗം ഞങ്ങള്‍ വിരിക്കുകയും മറ്റേഭാഗം കൊണ്ട് പുതക്കുകയും ചെയ്യും. പാത്രം ഞങ്ങള്‍ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതാണ്.' തിരുമേനി പറഞ്ഞു: 'അത് രണ്ടും കൊണ്ടുവരിക.' അത് കൊണ്ടുവന്നപ്പോള്‍ റസൂല്‍ (സ) രണ്ടും കൈയിലെടുത്തുകൊണ്ട് ചോദിച്ചു: 'ആരുണ്ട് ഇത് രണ്ടും വാങ്ങാന്‍?' അപ്പോള്‍ ഒരാള്‍ പറഞ്ഞു: 'ഞാനത് രണ്ടും ഒരു ദിര്‍ഹം വിലയ്ക്ക് വാങ്ങാം.' റസൂല്‍ (സ) തുടര്‍ന്ന് ചോദിച്ചു: 'ഒരു ദിര്‍ഹമിനേക്കാള്‍ കൂടുതല്‍ ആര്‍ നല്‍കും?' രണ്ടോ മൂന്നോ പ്രാവശ്യം തിരുമേനി ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒരാള്‍ പറഞ്ഞു: 'രണ്ട് ദിര്‍ഹമിന് ഞാനവ വാങ്ങാം.' അപ്പോള്‍ നബി(സ) അത് രണ്ടും അദ്ദേഹത്തിന് നല്‍കുകയും രണ്ട് ദിര്‍ഹം വാങ്ങി അന്‍സ്വാരിക്ക് കൊടുക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: 'താങ്കള്‍ ഒരു ദിര്‍ഹമിന് ഭക്ഷണസാധനങ്ങള്‍ വാങ്ങി കുടുംബത്തിന് കൊണ്ടുപോയി കൊടുക്കുക. മറ്റേ ദിര്‍ഹം കൊണ്ട് ഒരു മഴു വാങ്ങി എന്റെയടുത്ത് കൊണ്ടുവരിക.' അദ്ദേഹം അത് വാങ്ങി വന്നു. നബി തിരുമേനി തന്റെ കൈകൊണ്ട് അതിന് മരത്തിന്റെ പിടിവെച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: 'താങ്കള്‍ ഇതു കൊണ്ടുപോയി വിറക് ശേഖരിച്ച് വില്‍ക്കുക. പതിനഞ്ച് ദിവസത്തിനു ശേഷമല്ലാതെ ഞാന്‍ താങ്കളെ കാണരുത്.' അദ്ദേഹം അങ്ങനെ ചെയ്തു. പിന്നീട് പ്രവാചകന്റെ അടുത്ത് അദ്ദേഹം വന്നപ്പോള്‍ അദ്ദേഹത്തിന് പത്തു ദിര്‍ഹം ലഭിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഭക്ഷണവും വസ്ത്രവും വാങ്ങി. റസൂല്‍ (സ) അദ്ദേഹത്തോട് പറഞ്ഞു: 'യാചിച്ചു നടക്കുന്നതിനേക്കാള്‍ ഇതാണ് താങ്കള്‍ക്ക് ഉത്തമം. യാചന പുനരുത്ഥാനനാളില്‍ മുഖത്ത് ഒരു പുള്ളിയാവും. മൂന്നു പേര്‍ക്കല്ലാതെ യാചന അനുവദനീയമല്ല. കഠിനമായ ദാരിദ്ര്യത്തിലകപ്പെട്ട ആള്‍ക്ക്, കഠിനമായ കടബാധ്യതയുള്ള ആള്‍ക്ക്, ഗുരുതരമായ നഷ്ടപരിഹാര ബാധ്യതയുള്ള ആള്‍ക്ക്' (അബൂദാവൂദ്).
ഖബീസ്വത്തുബ്‌നു മുഖാരിഖുല്‍ ഹിലാലി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഞാനൊരു സാമ്പത്തിക ബാധ്യത ഏറ്റെടുത്തു. അത് നിറവേറ്റുന്നതിന് സഹായം ചോദിച്ചുകൊണ്ട് ഞാന്‍ റസൂലുല്ലാഹി(സ)യുടെ അടുത്ത് ചെന്നു. അപ്പോള്‍ തിരുമേനി എന്നോട് പറഞ്ഞു: 'നമ്മുടെയടുത്ത് സകാത്തിന്റെ ധനം എത്തുന്നതു വരെ താങ്കള്‍ സാവകാശം കൈക്കൊള്ളുക. അത് വന്നാല്‍ അതില്‍നിന്ന് താങ്കളുടെ ആവശ്യത്തിന് നല്‍കാന്‍ പറയാം.' പിന്നീട് പറഞ്ഞു: ഖബീസ്വാ, മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ യാചന അനുവദനീയമാകൂ. ഏതെങ്കിലും സാമ്പത്തിക ബാധ്യത ഏറ്റെടുത്ത ആള്‍ക്ക്. അവനത് പൂര്‍ത്തിയാക്കുന്നതുവരെ യാചന അനുവദനീയമാകുന്നു. പിന്നീടത് അവസാനിപ്പിക്കണം. രണ്ടാമത്തെ ആള്‍ എന്തെങ്കിലും വിപത്ത് വന്ന് ധനം മുഴുവന്‍ നശിച്ചുപോയവനാകുന്നു. അവന്ന് ജീവിതാടിത്തറ ലഭ്യമാകുന്നതുവരെ യാചന അനുവദനീയമാണ്. മൂന്നാമത്തെ ആള്‍ കഠിനമായ ദാരിദ്ര്യം ബാധിച്ച വ്യക്തിയാകുന്നു. അയാളുടെ ജനതയിലെ ബുദ്ധിമാന്മാരായ മൂന്നു പേര്‍ അയാള്‍ക്ക് ദാരിദ്ര്യം ബാധിച്ചിരിക്കുന്നുവെന്ന് സാക്ഷ്യം വഹിക്കുകയാണെങ്കില്‍ അയാള്‍ക്ക് ജീവിതാടിത്തറ ലഭിക്കുന്നതുവരെ യാചന അനുവദനീയമാണ്. ഖബീസ്വാ, അതല്ലാത്ത എല്ലാ യാചനയും നിഷിദ്ധമാകുന്നു. അങ്ങനെ യാചിച്ചു കിട്ടിയത് ഭക്ഷിക്കുന്നവന്‍ നിഷിദ്ധമാണ് ഭക്ഷിക്കുന്നത്'' (മുസ്‌ലിം).
യാചനയുടെ ഗൗരവം വിവരിക്കുന്ന വേറെയും ഹദീസുകള്‍ വന്നിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ) പറഞ്ഞു: 'നിങ്ങളിലൊരാള്‍ യാചന നടത്തിക്കൊണ്ടിരിക്കും, അവന്റെ മുഖത്ത് അല്‍പം പോലും മാംസമില്ലാത്ത അവസ്ഥയില്‍ അവന്‍ അല്ലാഹുവെ കണ്ടുമുട്ടുന്നതുവരെ' (ബുഖാരി, മുസ്‌ലിം).
സൗബാന്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''റസൂലുല്ലാഹി (സ) പ്രസ്താവിച്ചു: 'ജനങ്ങളോട് ഒന്നും ചോദിക്കുകയില്ലെന്ന് എനിക്ക് ഉറപ്പു തരാന്‍ ആരുണ്ട്? എങ്കില്‍ ഞാനവന് സ്വര്‍ഗം ലഭിക്കുമെന്ന് ഉറപ്പു തരുന്നു.' അപ്പോള്‍ സൗബാന്‍ പറഞ്ഞു: 'ഞാന്‍.' പിന്നീടദ്ദേഹം ആരോടും ഒന്നും ചോദിക്കാറുണ്ടായിരുന്നില്ല'' (അബൂദാവൂദ്).
സ്വയം അധ്വാനിച്ച് ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ പ്രാധാന്യം വിവരിക്കുന്ന ധാരാളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പ്രസ്താവിച്ചു: 'ഒരാള്‍ക്ക് സ്വകരം കൊണ്ട് അധ്വാനിച്ച് ലഭിക്കുന്നതും പുണ്യം നിറഞ്ഞ കച്ചവടവുമാണ് ഏറ്റവും നല്ല സമ്പാദ്യം' (ത്വബറാനി).
മിഖ്ദാദുബ്‌നു മഅ്ദി കരിബ് (റ) നിവേദനം ചെയ്യുന്നു: 'സ്വകരം കൊണ്ട് അധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ആരും ഭക്ഷിച്ചിട്ടില്ല. അല്ലാഹുവിന്റെ പ്രവാചകനായ ദാവൂദ് സ്വകരം കൊണ്ട് അധ്വാനിച്ചായിരുന്നു ഭക്ഷിച്ചിരുന്നത്' (ബുഖാരി).
ഉമര്‍ (റ) പറഞ്ഞു: 'നിങ്ങളിലാരും ജീവിത വിഭവങ്ങള്‍ അന്വേഷിക്കാതെ, അല്ലാഹുവേ നീ എനിക്ക് ആഹാരം നല്‍കേണമേ എന്ന് പറയരുത്. ആകാശം സ്വര്‍ണവും വെള്ളിയും വര്‍ഷിപ്പിക്കുകയില്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.'
ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) ഒരിക്കല്‍ യമന്‍കാരായ ഒരു സംഘം ആളുകളെ കണ്ടു. അദ്ദേഹം അവരോട് ചോദിച്ചു: 'നിങ്ങളാരാണ്?' അവര്‍ മറുപടി പറഞ്ഞു: 'ഞങ്ങള്‍ മുതവക്കിലുകള്‍ (അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍) ആകുന്നു.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ല. നിങ്ങള്‍ മുതഅക്കിലുകള്‍ (തിന്നു തീര്‍ക്കുന്നവര്‍) ആകുന്നു. ഭൂമിയില്‍ വിത്തിട്ടതിനുശേഷം അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുന്നവനാണ് മുതവക്കില്‍.'
പ്രവാചകന്മാരില്‍ അധികപേരും എന്തെങ്കിലും തൊഴിലെടുക്കുന്നവരായിരുന്നു. സകരിയ്യ നബി (അ) മരപ്പണിക്കാരന്‍ ആയിരുന്നുവെന്ന് നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ)യില്‍നിന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു. ആദം (അ) കര്‍ഷകനും നൂഹ് (അ) മരപ്പണിക്കാരനും ഇദ്‌രീസ് (അ) തുന്നല്‍ക്കാരനും ഇബ്‌റാഹീമും (അ) ലൂത്വും(അ) കര്‍ഷകരും സ്വാലിഹ് (അ) കച്ചവടക്കാരനും ദാവൂദ് (അ) പടയങ്കി നിര്‍മാതാവും മൂസാ (അ), ശുഐബ് (അ), മുഹമ്മദ് (സ) എന്നിവര്‍ കാലികളെ മേയ്ക്കുന്നവരുമായിരുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: യൂസുഫ് (അ) ഈജിപ്തിലെ പ്രഭുവിന്റെ കൊട്ടാരത്തിലെ സേവകനായതിനു പുറമെ ഈജിപ്തിലെ സാമ്പത്തികാസൂത്രണ വിദഗ്ധനുമായിരുന്നുവെന്നും, മൂസാ (അ) എട്ടോ പത്തോ വര്‍ഷം മദ്‌യനില്‍ ആട്ടിടയനായി സേവനമനുഷ്ഠിച്ചുവെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
മുഹമ്മദ് നബി(സ) ആട്ടിടയന്റെ ജോലി ചെയ്തതിനു പുറമെ ഖദീജ(റ)യുടെ കച്ചവടത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നു.
നബി(സ)ക്കു ശേഷം ഇസ്‌ലാമിക സമൂഹത്തിന് നായകത്വം വഹിച്ച ഖുലഫാഉര്‍റാശിദുകളും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടവരായിരുന്നു. അബൂബക്ര്‍(റ) ജാഹിലിയ്യാ കാലത്ത് ഒരു നല്ല കച്ചവടക്കാരനും ഖുറൈശികളിലെ സമ്പന്നരില്‍ ഒരാളുമായിരുന്നു. ഇസ്‌ലാമിനു ശേഷവും അദ്ദേഹം കച്ചവടത്തില്‍ വ്യാപൃതനായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ സമ്പത്തിന്റെ സിംഹഭാഗവും ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തിലും ഇസ്‌ലാം ആശ്ലേഷിച്ച അടിമകളുടെ മോചനത്തിലും വിനിയോഗിക്കുകയാണ് ചെയ്തത്. അദ്ദേഹം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വില്‍പനക്കുള്ള തുണിത്തരങ്ങളുമായി മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് ഉമറുല്‍ ഫാറൂഖും (റ) അബൂഹുറയ്‌റയും (റ) അദ്ദേഹത്തെക്കണ്ട് ചോദിച്ചു: 'പ്രവാചകന്റെ ഖലീഫാ, താങ്കളെങ്ങോട്ടാണ് പോകുന്നത്?' അദ്ദേഹം പറഞ്ഞു: 'മാര്‍ക്കറ്റിലേക്ക്.' അവര്‍ ചോദിച്ചു: 'എന്തിന്? താങ്കള്‍ മുസ്‌ലിംകളുടെ ചുമതല ഏല്‍പിക്കപ്പെട്ടിരിക്കുകയാണല്ലോ.' അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തിന് ആഹാരം നല്‍കുക എവിടെ നിന്നാണ്?' അവര്‍ പറഞ്ഞു: 'താങ്കള്‍ വരിക. ഞങ്ങള്‍ താങ്കള്‍ക്ക് എന്തെങ്കിലും നിശ്ചയിച്ചുതരാം.' അങ്ങനെ അദ്ദേഹത്തിന് മുസ്‌ലിംകളുടെ കാര്യങ്ങള്‍ക്കു വേണ്ടി മുഴുസമയവും വിനിയോഗിക്കാന്‍ സൗകര്യം ലഭിക്കാന്‍ അവര്‍ അദ്ദേഹത്തിന് ബൈത്തുല്‍മാലില്‍നിന്ന് ഒരു സംഖ്യ നിശ്ചയിച്ചുകൊടുത്തു.
ഉമറുല്‍ ഫാറൂഖും (റ) ഒരു കച്ചവടക്കാരനായിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: 'മാര്‍ക്കറ്റുകളിലെ കച്ചവടം നബി(സ)യുടെ ഹദീസുകള്‍ കേള്‍ക്കുന്നതിന് എനിക്ക് തടസ്സമായിരുന്നു.' അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞു: 'ഞാന്‍ എന്റെ കുടുംബത്തിനുവേണ്ടി കൊള്ളക്കൊടുക്കകള്‍ നടത്തുന്ന  എന്റെ നാട്ടിനേക്കാള്‍, എനിക്ക് മരണം പിടിപെടുന്നത് ഇഷ്ടകരമായ ഒരു സ്ഥലവുമില്ല.' അദ്ദേഹം പറയാറുണ്ടായിരുന്നു: 'ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമൂഹമേ, നിങ്ങള്‍ ജീവിതവിഭവങ്ങള്‍ തേടുക. നിങ്ങള്‍ ജനങ്ങളെ ആശ്രയിക്കുന്നവരാകരുത്.' തൊഴിലെടുക്കാതെ ചടഞ്ഞിരിക്കുന്നവരോട് അദ്ദേഹം പറഞ്ഞു: 'ആകാശം നിങ്ങള്‍ക്ക് സ്വര്‍ണമോ വെള്ളിയോ വര്‍ഷിപ്പിച്ചുതരികയില്ല.'
ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിലും സമര്‍ഥനായ ഒരു വസ്ത്രവ്യാപാരിയായിരുന്നു. തബൂക്ക് യുദ്ധവേളയില്‍ മുസ്‌ലിം സൈന്യത്തിന്റെ മൂന്നിലൊരു ഭാഗം ചെലവു വഹിച്ചത് അദ്ദേഹമായിരുന്നു. അന്ന് നബി(സ) പ്രസ്താവിച്ചു: 'ഇന്നത്തെക്കഴിഞ്ഞ് ഉസ്മാന്‍ എന്ത് ചെയ്താലും അദ്ദേഹത്തിന് ദോഷമാവുകയില്ല. അല്ലാഹുവേ, നീ ഉസ്മാന്റെ കാര്യത്തില്‍ സംതൃപ്തനാവേണമേ, ഞാന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ സംതൃപ്തനായിരിക്കുന്നു.' ഉസ്മാന് (റ) കച്ചവടത്തില്‍ ലഭിക്കുന്ന ലാഭത്തില്‍ വലിയൊരു വിഹിതം അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സല്‍കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാറായിരുന്നു പതിവ്.
അലിയ്യുബ്‌നു അബീത്വാലിബ് (റ) തൊഴിലെടുത്തായിരുന്നു ഉപജീവനം കഴിച്ചിരുന്നത്. മണ്ണ് കുഴക്കുന്നതിനു വേണ്ടി കിണറ്റില്‍നിന്ന് വെള്ളം കോരിക്കൊടുക്കുകയും ഈത്തപ്പനനാരു കൊണ്ടുള്ള കയര്‍ വലിച്ചതു കാരണം കൈകള്‍ക്ക് തഴമ്പു പിടിക്കുകയും ചെയ്തിരുന്നു. ഈത്തപ്പഴമായിരുന്നു കൂലിയായി ലഭിച്ചിരുന്നത്.
നാല് ഖലീഫമാര്‍ക്കു പുറമെ മുഹാജിറുകളും അന്‍സ്വാരികളുമായ പല സ്വഹാബിമാരും വിവിധ തരത്തിലുള്ള തൊഴിലുകള്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ) ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ ശേഷം അദ്ദേഹത്തെയും അന്‍സ്വാരിയായ സഅ്ദുബ്‌നു റബീഇ(റ)നെയും പരസ്പരം സഹോദരങ്ങളായി നബി(സ) പ്രഖ്യാപിച്ചു. അതനുസരിച്ച് സഅ്ദുബ്‌നു റബീഅ് (റ) അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)നോട് പറഞ്ഞു: 'അന്‍സ്വാരികളില്‍ കൂടുതല്‍ സാമ്പത്തിക ശേഷിയുള്ള ആളാണ് ഞാന്‍. ഞാനെന്റെ സമ്പത്ത് രണ്ടായി ഭാഗിച്ച് പകുതി ഭാഗം താങ്കള്‍ക്ക് നല്‍കാം. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരില്‍ ആരെയാണ് താങ്കള്‍ക്ക് ഇഷ്ടപ്പെട്ടതെങ്കില്‍ അവളുടെ പേര് പറഞ്ഞാല്‍ അവളെ ഞാന്‍ വിവാഹമോചനം ചെയ്യാം. അവളുടെ 'ഇദ്ദ'(ദീക്ഷ)യുടെ കാലം കഴിഞ്ഞാല്‍ താങ്കള്‍ അവളെ വിവാഹം ചെയ്തുകൊള്ളുക.'' അപ്പോള്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ) പറഞ്ഞു: ''താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ! നിങ്ങളുടെ മാര്‍ക്കറ്റ് എവിടെയാണെന്ന് കാണിച്ചുതന്നാല്‍ മതി.'' അങ്ങനെ അദ്ദേഹത്തിന് ബനൂ ഖൈനുഖാഅ് മാര്‍ക്കറ്റ് കാണിച്ചുകൊടുത്തു. അദ്ദേഹം അവിടെ ചെന്ന് കച്ചവടം ചെയ്തു. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) മരണമടയുമ്പോള്‍ ഒരു വലിയ സമ്പത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കച്ചവടത്തിലൂടെ സമ്പാദിച്ചതായിരുന്നു അത്.
സഅ്ദുബ്‌നു അബീവഖ്ഖാസ് (റ) അസ്ത്ര നിര്‍മാതാവും ഖബ്ബാബുബ്‌നുല്‍ അറത്ത് (റ) കൊല്ലപ്പണിക്കാരനും സുബൈറുബ്‌നുല്‍ അവ്വാം (റ) തുന്നല്‍ക്കാരനും അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഇടയനും ബര്‍റാഉബ്‌നു ആസിബ്(റ), സൈദുബ്‌നുല്‍ അര്‍ഖം(റ) എന്നിവര്‍ കച്ചവടക്കാരും ബിലാലും(റ)അമ്മാറും(റ) ഭൃത്യന്മാരുമായിരുന്നു. അന്‍സ്വാരികളില്‍ അധികപേരും കര്‍ഷകരും തോട്ടക്കാരുമായിരുന്നു.
കാര്‍ഷിക വൃത്തി പ്രതിഫലാര്‍ഹമായ ഒരു സല്‍ക്കര്‍മമാണെന്നും മനുഷ്യരോ ഇതര ജീവജാലങ്ങളോ ഭക്ഷിക്കുന്ന ഓരോ കാര്‍ഷിക വിഭവത്തിനും അത് കൃഷി ചെയ്തുണ്ടാക്കിയ ആള്‍ക്ക് പ്രതിഫലം ലഭിക്കുമെന്നും പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്:
'ഒരു മുസ്‌ലിം ഒരു ചെടി നടുകയാണെങ്കില്‍ അതില്‍നിന്ന് ഭക്ഷിക്കപ്പെടുന്നത് പുണ്യകര്‍മമാണ്. അതില്‍നിന്ന് മോഷ്ടിക്കപ്പെടുന്നത് പുണ്യകര്‍മമാണ്. അതില്‍നിന്ന് ആര്‍ ഉപയോഗിക്കുകയാണെങ്കിലും അന്ത്യനാള്‍ വരെ അത് പുണ്യകര്‍മമാണ്' (മുസ്‌ലിം).
വ്യാപാര വൃത്തിയെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചതായി ഖുര്‍ആനില്‍നിന്നും മനസ്സിലാക്കാം. പക്ഷേ വഞ്ചന, കളവ്, കള്ളസത്യം, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, പൂഴ്ത്തിവെപ്പ് മുതലായ ദൂഷ്യങ്ങളില്‍നിന്ന് മുക്തമായിരിക്കണം. നബി(സ) പ്രസ്താവിച്ചു: 'സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ അന്ത്യനാളില്‍ പ്രവാചകന്മാരുടെയും സിദ്ദീഖുകളുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും' (തിര്‍മിദി).
നബി(സ) ഒരു ദിവസം 'മുസ്വല്ല'(ഈദ്ഗാഹ്)യിലേക്ക് പുറപ്പെട്ടു. അപ്പോള്‍ ആളുകള്‍ സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതു കണ്ടു. അവരെ വിളിച്ചുകൊണ്ട് നബി(സ) പറഞ്ഞു: 'അല്ലാഹുവെ സൂക്ഷിക്കുകയും നന്മ ചെയ്യുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്നവരല്ലാത്ത കച്ചവടക്കാര്‍ പുനരുത്ഥാന നാളില്‍ അധര്‍മികളായിട്ടാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക' (തിര്‍മിദി).
ഉദ്യോഗമോ തൊഴിലോ സ്വീകരിച്ചവര്‍ തങ്ങളുടെ ബാധ്യതകള്‍ പൂര്‍ണമായും സത്യസന്ധമായും നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാകുന്നു. നബി(സ) പറഞ്ഞു: 'നിങ്ങളിലൊരാള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അത് നന്നാക്കി ചെയ്യാന്‍ അല്ലാഹു ഇഷ്ടപ്പെടുന്നു' (ബൈഹഖി).
നബി(സ) പ്രസ്താവിച്ചതായി ബുറൈദ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നാം ഒരാളെ ഒരു ജോലിക്ക് നിയമിക്കുകയും അവന് വേതനം നിശ്ചയിച്ചുകൊടുക്കുകയും ചെയ്ത ശേഷം അവന്‍ കൂടുതലായി എന്തെങ്കിലും എടുക്കുകയാണെങ്കില്‍ അത് വഞ്ചനയാണ്' (അബൂദാവൂദ്). 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top