വീട്ടില്‍ കൊണ്ടുപൊക്കോ
കുടുംബക്കാരെ അറിയിച്ചോ
ഏറിയാലും കുറഞ്ഞാലും
എട്ടോ പത്തോ
ദിവസമെന്ന്
ഡോക്ടര്‍ പറഞ്ഞതിന്
ശേഷമാണ്
അയാള്‍
ദിക്റും ചൊല്ലി ഉമ്മറത്ത്
കിടപ്പ്
തുടങ്ങിയത്
അതിന് ശേഷമാണ്
വല്യമ്മായി
വീടും പരിസരവും
തൂത്തും വാരിയും
വെടിപ്പാക്കിയും
മലക്കുല് മൗത്തിനെ
സ്വീകരിക്കാന്‍ ഇരുന്നത്
അതിന് ശേഷമാണ്
ഭാര്യ കോരിത്തരണ
തെളിനീരിന്
കണ്ണീരിന്റെ ഉപ്പും ചേര്‍ന്ന്
തൊണ്ട പൊള്ളിക്കണ
രുചിയായത്
അതിന് ശേഷമാണ്
പെങ്ങമ്മാര് വന്നതും
അളിയന്മാര് വന്നതും
കുട്ടിയും കൂളിയുമടക്കം
വീട് നിറഞ്ഞതും
അടുക്കളയില്‍ ചിക്കന്‍
വെന്തതും
ചിക്കന്‍ കടിച്ചു വലിക്കുമ്പോ
ഇക്കാക്കനേ ഓര്‍ത്ത്
അളിയന്മാര് നെടുവീര്‍പ്പിട്ടതും
അതിന് ശേഷമാണ്
വലിയപള്ളീന്ന്
ഉസ്താദ് വന്നതും
ദുആ ചൊല്ലിയതും
നാട്ടാരും
കൂട്ടരും
സ്വന്തക്കാരും
ബന്ധുക്കാരും
മൂലക്ക് മൂലക്ക്
കസേരയിട്ടതും
കട്ടന്‍ ഊതിക്കുടിച്ച്
ദുഃഖം പങ്കിട്ടതും
എട്ടും പത്തും
പതിനാലും
കഴിഞ്ഞിട്ടും
മലക്കുല് മൗത്ത്
വരാണ്ടായതിന് ശേഷമാണ്
അയാള്‍ എഴുന്നേറ്റ് ഇരുന്നതും
പെങ്ങന്മാരേം കൂട്ടി
അളിയന്മാര് പോയതും
വല്യമ്മായി ചൂല്
താഴെയിട്ടതും
ഭാര്യ തരണ തെളിനീരിന്
ഉപ്പ് കുറഞ്ഞതും
മൂലക്ക്
ചേര്‍ന്നിരുന്ന കസേരകള്‍
ഒഴിഞ്ഞതും
എല്ലാരും ഒഴിഞ്ഞെന്ന്
ഉറപ്പ് വരുത്തിയതിന്
ശേഷമാണ്
മലക്കുല് മൗത്ത് വന്നതും
സലാം പറഞ്ഞതും
സന്തോഷത്തോടെ
സക്കറാത്ത് അടുത്തതും
അയാള്‍ ദിക്ക്ര് ചൊല്ലിയതും
റൂഹ് പിരിഞ്ഞതും...........