വേദന കടിച്ചമര്‍ത്തിയ കബ്ശ

സഈദ് മുത്തനൂര്‍ No image

'ഉമ്മു സഅ്ദ്! നിങ്ങള്‍ സന്തോഷിക്കുക. നിങ്ങളുടെ കുടുംബവും. എല്ലാ രക്തസാക്ഷികളും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടപ്പെടും. നിങ്ങളുടെ കുടുംബത്തിന് വേണ്ടി അവര്‍ ശിപാര്‍ശ ചെയ്യും. അത് സ്വീകരിക്കപ്പെടും' - നബി(സ)യാണ് ഉമ്മു സഅ്ദ് എന്ന സ്വഹാബി വനിതയോട് ഇങ്ങനെ പറഞ്ഞത്. ഉമ്മു സഅ്ദിനെ കൂടാതെയുള്ളവരുടെ കരച്ചില്‍ മിഥ്യയാണ് എന്നും നബി (സ) മറ്റൊരിക്കല്‍ അഭിപ്രായപ്പെട്ടു. ധീരയായ ഒരു സ്വഹാബിവനിതയുടെ ചരിത്രമാണ് ഇവിടെ ഇതള്‍ വിരിയുന്നത്.
കബ്ശ ബിന്‍തു റാഫിഉല്‍ അന്‍സാരിയ്യയാണ് ആ മഹതി. പ്രമുഖ സ്വഹാബിവര്യന്‍ സഅ്ദുബ്‌നു മുആദിന്റെ മാതാവ്.
ഇവര്‍ ആദ്യകാല ഇസ്‌ലാമിക വനിതകളില്‍ പെടുന്നു. കബ്ശയുടെ വിവാഹം മുആദുബ്‌നു നുഅ്മാനി അല്‍ അശ്ഹലിയുമായി നടന്നു. ആ ദാമ്പത്യത്തില്‍ സഅ്ദ്, അംറ്, ഇയാസ്, ഔസ്, അഖ്‌റബ്, ഉമ്മു ഹറാം എന്നീ മക്കള്‍ പിറന്നു. ഇവരില്‍ അംറ് ഉഹുദിലും സഅ്ദ് ഖന്‍ദഖിലും രക്തസാക്ഷികളായി. 
മഹാനായ ഇബ്‌നു ഹജര്‍ എഴുതുന്നു: 'നബിയുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ട പ്രഥമ വനിതകളില്‍ ഉമ്മുസഅ്ദ് (കബ്ശ) ഉമ്മു ആമിര്‍ കൂടാതെ ലൈല ബിന്‍തു ഖതീം എന്നിവര്‍ ഉള്‍പ്പെടുന്നു' (അല്‍ ഇസാബ: 4/254).
'താങ്കളുടെ വീട് മുഴുവന്‍ അന്‍സാരി വീടുകളുടെ നന്മയും അനുഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന കേന്ദ്രമത്രെ' എന്ന് നബി(സ) പറഞ്ഞപ്പോള്‍ മഹതി കബ്ശ എത്ര ആനന്ദതരളിതയായിട്ടുണ്ടാവും!
ബദ്ര്‍ യുദ്ധവേളയില്‍ ഉമ്മു സഅ്ദിന്റെ രണ്ടു മക്കളായ സഅ്ദ്, അംറ് എന്നിവര്‍ മുന്‍നിരയിലുണ്ടായിരുന്നു. ബദ്‌റില്‍ സഅ്ദിന്റെ പോരാട്ടം നബിയെ ഏറെ ആനന്ദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. വീരശൂര പരാക്രമം കൊണ്ട് അദ്ദേഹം രണഭൂമിയില്‍ അത്ഭുതങ്ങള്‍ കൊയ്തു. ഉഹുദ് യുദ്ധഭൂമിയിലും ചരിത്രവനിതയുടെ ഈ രണ്ടു മക്കള്‍ മുന്‍നിരയില്‍ ധീരമായി നിലകൊണ്ടിരുന്നു. ഈ യുദ്ധത്തില്‍ അംറ് രക്തസാക്ഷിയായി. ഈ വിവരം മദീനയിലെത്തിയപ്പോള്‍ നബിതിരുമേനി(സ)യുടെ സ്ഥിതി അറിയാനുള്ള വെപ്രാളത്തില്‍ ബനൂ അശ്ഹല്‍ കുടുംബത്തിലെ സ്ത്രീകളെല്ലാം മദീനക്ക് പുറത്ത് വന്നു. ഉമ്മു സഅ്ദും ഓടിക്കിതച്ചെത്തി. അപ്പോള്‍ തിരുമേനി (സ) ഒട്ടകപ്പുറത്തുണ്ട്. സഅ്ദ്(റ) തിരുനബിയുടെ ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച് നില്‍ക്കുന്നു! സഅ്ദ് പറഞ്ഞു. 'തിരുദൂതരേ! എന്റെ പ്രിയ മാതാവ് വന്നിട്ടുണ്ട്. 'നബി തിരുമേനി: 'സ്വാഗതം!'
അവര്‍ അടുത്ത് വന്നു. തിരുമേനിയെ തന്നെ ശ്രദ്ധിച്ചു നോക്കി. അവര്‍ പറഞ്ഞു: 'താങ്കളെ സുരക്ഷിതമായി കണ്ടതോടെ എല്ലാ ദുഃഖങ്ങളും പറന്നകന്നു.' എന്നാല്‍ തിരുമേനി (സ) രണഭൂമിയില്‍ ശഹീദായ അവരുടെ പുത്രനെ അനുസ്മരിച്ചു. ദുഃഖം രേഖപ്പെടുത്തി. 'അല്ലയോ ഉമ്മു സഅ്ദ് സന്തോഷിച്ചാലും! സന്തോഷം വീട്ടുകാരുമായി പങ്കു വെച്ചാലും എല്ലാ രക്തസാക്ഷികളും സ്വര്‍ഗത്തില്‍ ഒരുമിച്ചുചേര്‍ക്കപ്പെടും. അവരുടെ ശിപാര്‍ശ വീട്ടുകാരുടെ മേല്‍ സ്വീകരിക്കപ്പെടും.'
ഉമ്മു സഅ്ദിന്റെ നയനങ്ങളില്‍ സന്തോഷാശ്രുക്കള്‍! 'പ്രിയദൂതരേ, മതി. ഇനിയും അവനെയോര്‍ത്ത് എന്തിനു കരയണം? പ്രവാചകരെ എനിക്കൊരു അപേക്ഷയുണ്ട്. അവശേഷിച്ചവര്‍ക്കുവേണ്ടി താങ്കള്‍ പ്രാര്‍ഥിച്ചാലും!' അപ്പോള്‍ പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: 'നാഥാ ഇവരുടെ ദുഃഖങ്ങളും വിഷമങ്ങളും ദൂരീകരിച്ചാലും! ഇവരുടെ പിന്‍ഗാമികളുടെ അവസ്ഥകളെ നന്നാക്കിയാലും!' എന്നാല്‍ ചരിത്രവനിത ഇതിനോട് പ്രതികരിച്ചത് ക്രിയാത്മകമായാണ്. തന്റെ പുത്രന്റെ രക്തസാക്ഷിത്വമല്ല അവര്‍ പരിഗണിച്ചത്. മഹതി അന്‍സാരി വനിതകളുടെ കൂടെ തിരുമേനി (സ)യുടെ വീട്ടിലേക്ക് പോയി. ഉഹുദില്‍ ശഹീദായ നബിയുടെ പിതൃവ്യന്‍ ഹംസ(റ)യുടെ വേര്‍പാട് തിരുമേനിയെ ഏറെ വ്യാകുലപ്പെടുത്തുന്നുണ്ടായിരുന്നു. അതില്‍ അനുശോചനമറിയിക്കാനാണവര്‍ വന്നത്.
നബി തിരുമേനി അവരോട് വീടുകളിലേക്ക് മടങ്ങാന്‍ ആംഗ്യം കാണിച്ചു. തുടര്‍ന്ന് പറഞ്ഞു: 'വന്നവരോടെല്ലാം വീടുകളിലേക്ക് മടങ്ങാന്‍ പറയുക. ഈ ഗണത്തില്‍ മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടിയും ഇന്ന് മുതല്‍ കരയരുത്' (ഇബ്‌നുമാജ).
ഈ ആജ്ഞ കേട്ട പാടേ ഉമ്മു സഅ്ദും കൂടെ വന്ന ബനൂ അശ്ഹല്‍ കുടുംബക്കാരായ സ്ത്രീകളും തിരിച്ചു വീടുകളിലേക്ക് പോയി. ഈ മഹത്തായ മുഹൂര്‍ത്തത്തില്‍ പ്രകടിപ്പിച്ച സഹജമായ ക്ഷമയും സഹനവും അല്ലാഹുവിന്റെയും തിരുദൂതരുടെയും അംഗീകാരത്തിനും ആശീര്‍വാദത്തിനും ഇടയായി.
ഖന്‍ദഖ് യുദ്ധത്തില്‍ രക്തസാക്ഷിയായ സഅ്ദി(റ)ന്റെ ഖബ്‌റടക്കസമയത്ത് അദ്ദേഹത്തിന്റെ പ്രിയമാതാവ് ഉമ്മു സഅ്ദ് ജന്നത്തുല്‍ ബഖീഇല്‍ എത്തി മകന്റെ മൃതശരീരം കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ നബിയുടെ അനുചരന്മാര്‍ അവരെ തടഞ്ഞു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന നബി(സ) ഇടപെട്ടു. ഉമ്മു സഅ്ദിനോട് മുന്നോട്ടു വരാന്‍ ആവശ്യപ്പെട്ടു. അവര്‍ ഖബ്‌റടക്ക ചടങ്ങില്‍ പങ്കെടുത്തു. ലഹദില്‍ (ഖബ്‌റില്‍) ഇറങ്ങി പുത്രന്റെ മുഖം കണ്ടു. ഇഷ്ടികകള്‍ പാകി മൂന്ന് പിടി മണ്ണിട്ടു മടങ്ങി. തുടര്‍ന്ന് അവര്‍ ആത്മഗതം ചെയ്തു. 'പ്രിയ മകനേ, നിന്നെ ഞാന്‍ അല്ലാഹുവിനെ ഏല്‍പിക്കുന്നു.' പ്രവാചകന്‍ (സ) അനുശോചന വാക്കുകള്‍ മൊഴിഞ്ഞു. പിന്നീട് തിരുമേനി (സ) ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: 'താങ്കളുടെ പുത്രന്‍ സഅ്ദിനെ കൊണ്ട് അല്ലാഹു സന്തോഷിക്കുന്നു. ആ സന്തോഷത്തില്‍ അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങുന്നു!'
മകന്റെ വേര്‍പാടിന്റെ ദുഃഖം കടിച്ചമര്‍ത്തിയ ഉമ്മു സഅ്ദ് ഒരു കവിത ഉരുവിട്ടു: 
'കണ്ണീര്‍ ദുഃഖത്തിന് അല്‍പം ആശ്വാസമേകും
ദുഃഖക്കടല്‍ കണ്ണീരിലലിയുന്നു...'
കബ്ശ ബിന്‍ത് റാഫിഉല്‍ അന്‍സാരിയ്യയെ കുറിച്ച് ചരിത്രം എവിടെ പരതിയാലും ഉമ്മു സഅ്ദ് എന്ന ഓമനനാമത്തിലാണ് അഭിസംബോധന കാണുക. കവിതകളിലും നബിവചനത്തിലും അതെ. ഉദാഹരണം: 'ഉമ്മു സഅ്ദിന്റേതല്ലാത്ത എല്ലാ കരച്ചിലുകളും വെറുതെ.' പ്രിയപുത്രന്‍ ശഹീദായതില്‍ പിന്നെ മഹതി തന്റെ മകനെയോര്‍ത്ത് വിലപിച്ചപ്പോള്‍ നബി(സ) പറഞ്ഞതത്രെ മേല്‍വചനം.
ഉമ്മു സഅ്ദ് ഇസ്‌ലാമിന്റെ ഓരത്തും ചാരത്തും അരുപറ്റി നില്‍ക്കാതെ എവിടെയാണോ കഠിനമായ സേവനം ആവശ്യമുള്ളത് അത്തരം ഇടങ്ങളില്‍ മുന്‍നിരയില്‍ തന്നെ നിലയുറപ്പിക്കുകയാണ് ചെയ്തിരുന്നത്. നേരത്തേ പുത്രന്‍ സഅ്ദിന്റെ ഖബ്‌റടക്കവേളയില്‍ കാണിച്ച ധൈര്യം നാം കണ്ടു. സാമൂഹികമായ ഇടപെടലിന്റെ ഒരു ഉദാഹരണം ഇങ്ങനെ: ആഇശ(റ)യുമായി ബന്ധപ്പെട്ട 'ഹദീസുല്‍ ഇഫ്ക്' സംഭവമുണ്ടായപ്പോള്‍ കപടവിശ്വാസികളെയും കാഫിറുകളെയും അവര്‍ ധീരമായി നേരിട്ടു. അന്നാ സംഭവത്തിന് ചൂരും ചുണയും നിറവും മണവും പകരാന്‍ ശത്രുപക്ഷം കിണഞ്ഞു പരിശ്രമിച്ചിരുന്നല്ലോ. അല്ലാഹു അന്ന് ശത്രുപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് സത്യം വെളിപ്പെടുത്തി(24:19). ഉമ്മു സഅ്ദ് ആഇശയെ ഒറ്റപ്പെടുത്തുകയോ സംശയിക്കുകയോ ചെയ്തില്ല. ആഇശയുടെ നിരപരാധിത്വം തുറന്നുകാട്ടുന്നതിന് മുന്നില്‍ നിന്നു. അവര്‍ കവിതയിലൂടെ എതിരാളികളെ നേരിട്ടു (മജ്മഉസ്സവാഇദ് 9/235).
അവരുടെ ക്ഷമയും സ്ഥൈര്യവും ഏറെ ശ്ലാഘിക്കപ്പെട്ടു. ഖുര്‍ആന്‍ പുകഴ്ത്തിയ പോലെ അല്ലാഹു അവരെയും അവര്‍ അല്ലാഹുവിനെയും ഇഷ്ടപ്പെട്ടു (98:8). ദാനധര്‍മങ്ങളിലൂടെയും ഉദാരതയിലൂടെയും അവര്‍ അല്ലാഹുവിന്റെ സാമീപ്യം നേടാന്‍ പരിശ്രമിച്ചു. ക്ഷമയിലും സമര്‍പ്പണത്തിലും ഉമ്മു സഅ്ദ് എന്ന കബ്ശ ബിന്‍തു റാഫിഉല്‍ അന്‍സാരിയ്യ നമുക്കൊരു മാതൃകയായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top